Sunday, December 18, 2011

സ്മാര്‍ത്ത വിചാരം

സ്മാര്‍ത്ത വിചാരം
കഥ..
ടി.സി.വി.സതീശന്‍
                   
                 സൈറബാനു സ്മാര്‍ത്തയാണ് . കുറുനരികളും കാക്കകളും കഴുകന്മാരും വസിക്കുന്ന തെരുവിലെ പാതി വെന്ത ജീവിതങ്ങളായ സ്മാര്‍ത്തകളുടെ ശ്മശാനപറമ്പ്‌ ,അവിടെ അവള്‍ ഏകയായി . മധ്യവര്‍ഗ്ഗത്തിന്റെ വരേണ്യ ബ്രാഹ്മണ്യം അവള്‍ക്ക് സമൂഹ വിലക്ക് കല്‍പ്പിച്ചു . അഹമ്മദ് കുട്ടി സാഹേബിന്റെ പഴയ കൊപ്രാക്കളം ഔട്ടുഹൌസ്സായി , പിന്നെയത് ഗസ്റ്റ് ഹൌസ്സായി . മധ്യവര്‍ഗ്ഗത്തിന്റെ പുതിയ ബ്രാഹ്മണ്യം സ്മ്യാര്‍ത്ത വിചാരത്തിനായി ശീതികരിച്ച മുറിയില്‍ നിന്നും പുറത്തേക്ക് കടന്നു . അതില്‍ രുദ്രാക്ഷമണിഞ്ഞ്‌ കാവിയുടുത്തവരും നിസ്കാര തഴമ്പുള്ളവരും കുരിശു ചുമക്കുന്നവരും ചുവന്ന കൌപീനമുടുത്തവരും എല്ലാമുണ്ടായിരുന്നു . അവര്‍ പുതിയ മധ്യവര്‍ഗ്ഗ സെക്യൂലറിസം വാഴ്ത്തി പാടി . പരിവാരങ്ങള്‍ പുറത്തു അനുസരണശീലമുള്ള പടക്കുറുപ്പുമാരായി .
ഉള്ളംകയ്യില്‍ വെച്ച വെറ്റിലയുടെ അറ്റം നുള്ളി നൂറുതേച്ചു ചുരുട്ടി വായിലേക്കെറിഞ്ഞു . ഉമിനീരിന്റെ ചോവച്ച വെള്ളം അവരുടെ കവിളുകളിലൂടെ നിലത്തേക്കിറങ്ങി . അകത്തു നിറഞ്ഞ അശ്ലീല പദങ്ങള്‍ അവര്‍ ചൊല്ലിയാടി . സൈറ വിസ്തരിക്കപ്പെട്ടില്ല . പര്‍ദ്ദയുടെ കിളിവാതില്‍ അവള്‍ തുറന്നതേയില്ല . അകത്തമ്മമാരുടെ മുന്നില്‍ ചുളിഞ്ഞു നിന്ന നാക്കുകളില്‍ വയാഗ്ര പുരട്ടി മണിപ്രവാളത്തില്‍ മത സൗഹാര്ദ്ധത്തിന്റെ പുതിയ ശൈലികള്‍ അവര്‍ രചിച്ചെടുത്തു . നല്ല നാടന്‍ പോര്‍ണോകള്‍ സൈറയുടെ കാതുകളില്‍ കരീയം ഉരുക്കിയൊഴിച്ചു .
കോസ്മോ ഡര്‍മിറ്റോളജിയുടെ ഔദാര്യത്താല്‍ ചാളകളിലെ പഴയ കറുത്ത മുത്തുക്കള്‍ പൌര്‍ണ്ണമി ചന്ദ്രനെ പോലെ ഭൂമിയില്‍ തിളങ്ങി . താരകങ്ങള്‍ അവര്‍ക്ക് പിന്നാലെ ചുറ്റിത്തിരിഞ്ഞു . അവരുടെ നക്ഷത്രവിശേഷങ്ങള്‍ പാടിനടന്നു . കുറിയേടത്ത് താത്രിയെക്കുറിച്ച് ഒരുപക്ഷെ സൈറ ബാനുവെന്ന പാവം യുവതി കേട്ടു കാണില്ല . അഥവാ കേട്ടിരുന്നുവെങ്കില്‍ തന്നെ സൈറക്ക്‌ താത്രിക്കുട്ടിയാവാന്‍ പറ്റുമായിരുന്നില്ല . അവളുടെ ചാരു സൗന്ദര്യം ആസ്വദിക്കുകയും വക്ഷസ്സുകളില്‍ ചന്ദനലേപം പുരട്ടുകയും ചെയ്ത സ്മാര്‍ത്തരില്‍ എല്ലാ പ്രമാണിമാരും ഉണ്ടായിരുന്നു . അവരുടെ അകത്തമ്മമാര്‍ നേരും നെറിയും കെട്ടനേരത്ത് ഉടയാടകളില്ലാതെ വലിയ ക്ലബ്ബുകളില്‍ ഇരുന്നു വിശപ്പകറ്റുകയായിരിക്കും അപ്പോള്‍ .
സൈറയെ വിസ്തരിക്കാന്‍ മെനക്കെടാതെ വായില്‍ ഊര്ന്നിറങ്ങിയ വാടയില്‍ പ്രമാണിമാര്‍ സദാചാരത്തിന്റെ വയാഗ്രവിധി കല്‍പ്പിക്കുകയല്ലേ ചെയ്തത് . കഴുകന്മാര്‍ തെരുവില്‍ പിച്ചിചീന്തപ്പെട്ട അവളുടെ ശരീരത്തില്‍ നോട്ടമിട്ടു . ഉച്ചിഷ്ടങ്ങള്‍ ഭുജിക്കുവാനാണ് അവര്‍ക്ക് താല്‍പ്പര്യം .. കുറുനരികളും കാക്കകളും അത് പങ്കിട്ടെടുത്തു . സംപ്രീതരായ സ്മാര്‍ത്തരും താരകങ്ങളും കഴുകന്‍ കണ്ണുകളുമായി അടുത്ത ഇരയെ തേടി നാടുതെണ്ടി ..
സൈറ വിസ്മരിക്കപ്പെടെണ്ടതല്ലാത്ത ഒരു യാഥാര്‍ത്ഥ്യം . പുഴുക്കളരിക്കുന്ന സംസ്കാരത്തിന്റെ ബാക്കിപത്രം . വിലകൂടിയ വിദേശനിര്‍മ്മിത കാമറകളില്‍ അവളുടെ നേര്‍ചിത്രം വരയ്ക്കാന്‍ ആര്‍ത്തി കാട്ടുന്ന മാധ്യമപട , ആ നീസ്സഹായതയില്‍ സഹതപിക്കാന്‍ വരട്ടെ .
ശീതികരിച്ച മുറിയില്‍ നരബാധിച്ച വാര്‍ദ്ധക്യത്തിന്റെ ചത്തുപോയ ലിംഗങ്ങളെ  ഉണര്ത്താനവള്‍ക്കായില്ല . അടുക്കളയിലെ കുശിനി മരിയ ഫെര്‍ണ്ണാണ്ടസ്സിന്റെ പൌരുഷത്തെ അവള്‍ കാമിച്ചു . തന്റെ മുഴുത്ത മാറിടം മരിയയുടെ നെഞ്ചിലോളിപ്പിക്കാന്‍ കൊതിച്ചു . ആ കരവലയങ്ങള്‍ക്കുള്ളില്‍ നെടുനിശ്വാസം ഉതിര്‍ക്കുവാന്‍ സൈറ ആഗ്രഹിച്ചു   

പൊട്ടിയ അവളുടെ വൃണങ്ങള്‍ കൊത്തി വലിക്കുന്ന കഴുകന്മാര്‍ . ചുറ്റും വട്ടം കൂടിയ കാക്കകളില്‍ ഒന്നിന് അവളോടിത്തിരി സഹതാപം . മോളേ.., പുഴുവായി തീരാതെ , ശലഭമാകുക നീയ് . താത്രിക്കുട്ടിയുടെ കഥ ആ കാക്കയായിരിക്കണം അവളോട്‌ പറഞ്ഞത് . കല്പകശ്ശെരി ഇല്ലത്തെ കുറിയേടത്തു താത്രി എന്ന താത്രിക്കുട്ടി ... പുരുഷന്റെ മൃഗീയതയ്ക്ക് വഴങ്ങിയതിന് സ്മാര്‍ത്ത വിചാരമെന്ന ഏകപക്ഷീയ കുറ്റവിചാരണയ്ക്ക് മുന്നില്‍ അടിപതറാതെ സ്മാര്‍ത്തനെ വെള്ളം കുടിപ്പിച്ച അന്തര്‍ജനം. സൈറ തീരുമാനിച്ചു , താനുമായി ബന്ധപ്പെട്ട പുരുഷന്‍‌മാരുടെ പേരുകള്‍ വെളിപ്പെടുത്തണം . അവരുടെ കിടപ്പറകളില്‍ എന്നും ശൂന്യമായ രാവുകളെ സൃഷ്ടിക്കണം .. മരുഭൂമികളില്‍ ദാഹ ജലം കിട്ടാതെ അവരുടെ തൊണ്ടകള്‍ വരളണം . ശരീരത്തില്‍ പൊന്തിയ കുരിപ്പുകളാല്‍ അവര്‍ പിടയണം .

സൈറമാര്‍ ഇനി ജീവിച്ചുകൂടാ ,, പുനര്ജ്ജനിക്കേണ്ടത് താത്രിക്കുട്ടിയാണ് . കറുത്ത വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ പെരുമഴയായി തീരാന്‍ ആകാശത്ത് ഒരുക്കങ്ങള്‍ കൂട്ടുകയാണ്. ചോര കരുവാളിച്ച വൃണങ്ങളെ നോക്കി സൈറ ബാനു മനസ്സിലുറപ്പിച്ചു ... താത്രിയായി തീരുക , കുറിയേടത്ത് താത്രിക്കുട്ടി.
സൈറയുടെ കീറിപ്പറിഞ്ഞ കറുത്ത ശിരോവസ്ത്രങ്ങളില്‍ സ്മാര്‍ത്തര്‍ മുറുക്കി ചുവപ്പിച്ചു തുപ്പിയ വെറ്റിലക്കറയും കാക്കകള്‍ കാഷ്ടിച്ച വെളുത്ത പാടുകളും ഒരു തിരുശേഷിപ്പായി നിന്നു . തെരുവില്‍ വലിച്ചിഴക്കപ്പെട്ട അവളുടെ മാനം ആകാശത്ത് കറുത്ത മേഘങ്ങളേ സമ്മാനിച്ചു . ഉരുണ്ടു കൂടിയ മേഘങ്ങളില്‍ നീരാവിയായി ഘനീഭവിച്ച വേദനകള്‍ ഒരുനാള്‍ താത്രിക്കുട്ടിയായി വീണ്ടും പെയ്യുമെന്ന് അവള്‍ മനസ്സില്‍ കരുതി .
നിസ്ക്കാരത്തഴമ്പുകള്‍ തലോടി അഹമ്മദ് കുട്ടി സാഹേബ് തഹസില്‍ദാര്‍ രാമകൃഷ്ണനോട് പറഞ്ഞു ,അവള്‍ക്കു എന്താണ് വേണ്ടതെന്നു വെച്ചാല്‍ കൊടുക്കുക , പ്രശ്നം നാലാളറിയാതെ തീര്‍ക്കണം . പണം ഒരു പ്രശ്നമല്ല , എന്റെ കുടുംബം തകരരുത് . കൂടെ താടി വെച്ചവരും അല്ലാത്തവരും ആയ മറ്റു സ്മാര്‍ത്തന്മാരും അതെ സ്വരത്തില്‍ പറഞ്ഞു . പ്രമാണിമാരുടെ പുത്തന്‍ രാമകൃഷ്ണന്റെ കഷണ്ടി ത്തലയില്‍ ചാണക്യ തന്ത്രങ്ങള്‍ മെനയിപ്പിച്ചു . തഹസില്‍ദാര്‍ രാമകൃഷ്ണന്‍ അങ്ങിനെ ചാണക്യനായി . ചിന്തകള്‍ ആ മൊട്ടത്തലയില്‍ നൂറ്റൊന്ന് ആവര്‍ത്തിക്കപ്പെട്ടു . സ്പുടം ചെയ്തു വന്നത് സദാചാര പോലീസാണ്. പണമെറിഞ്ഞ് അയാള്‍ സദാചാര കൂട്ടങ്ങളെ ഉണ്ടാക്കി. സാഹേബിന്റെ കുശിനിക്കു പുറത്തെ അടിയാകൂട്ടം സദാചാര പോലിസ്സായി . സൈറ തുടരത്തുടരെ വിചാരണ ചെയ്യപ്പെട്ടു . അവളുടെ പിഞ്ഞിയ ഉടുവസ്ത്രം വീണ്ടും വീണ്ടും പിഞ്ഞികൊണ്ടേയിരുന്നു .
താത്രിയായി തീരുക , കുറിയേടത്ത് താത്രിക്കുട്ടി ... അതുമാത്രമായിരുന്നു സൈറാ ബാനുവിന്റെ മനസ്സില്‍ .. ഒരു കാര്യം ഉറപ്പ് ,കറുത്ത മേഘങ്ങള്‍ ഉരുണ്ടുകൂടുകയും വേദനകള്‍ പെരുമഴയായി തിമര്‍ക്കുകയും ചെയ്യും . അന്ന് , ആകാശത്ത് ഉദിച്ചുയരുന്ന ചോതി നക്ഷത്രമാകാന്‍ അവള്‍ മനസ്സിനെ പഠിപ്പിച്ചു .
പാടത്ത് ചേറില്‍ പൊതിഞ്ഞ കാലുകള്‍ ഉയര്‍ത്തി വെളുത്ത കൊറ്റികള്‍ ആകാശത്തെ ലക്ഷ്യമിട്ട് പറന്നു . അപ്രതീക്ഷിതമായി കൊറ്റികളുടെ വരവ് കഴുകന്മാരെ പരിഭ്രമിച്ചു ..  വെളുത്ത കൊറ്റികള്‍ കറുത്ത മേഘങ്ങളേ ആട്ടിയോടിച്ചു ,നീലവിതാനത്തു വെളുത്ത പുള്ളികള്‍ വിരിയിച്ചു . സൈറാ ബാനുവിന് സന്തോഷമായി .
സ്മാര്‍ത്തകള്‍ കീറിപ്പറിഞ്ഞ തങ്ങളുടെ ചേലകള്‍ വാരിച്ചുറ്റി . തങ്ങളുടെ വൃണങ്ങളില്‍ തൊട്ടാവാടി ചെടിയുടെ നീര് പിഴിഞ്ഞെടുത്തു തേച്ചു . അതിന്റെ നീറ്റലില്‍ താത്രിമാര്‍ കാലുകള്‍ മുന്നോട്ട് ആഞ്ഞുവെച്ചു .  കൊറ്റികള്‍ അവരെ ഉയരങ്ങളിലേക്ക് ആനയിച്ചു . വരേണ്യ ബ്രാഹ്മണ്യത്തിനു മുന്നില്‍ അവര്‍ ആര്‍പ്പുവിളിച്ചു . നരച്ച താടികളില്‍ കൊറ്റികള്‍ കാഷ്ടിച്ചു , വെളുത്ത പാടുകള്‍ അവരില്‍ അസ്വസ്ഥതയുണ്ടാക്കി . അവര്‍ കൊപ്രാക്കളത്തിലേക്ക്  പിന്‍വലിഞ്ഞു . സുരക്ഷിത മാളങ്ങളില്‍ വിള്ളലുകള്‍ വീണു .
മധ്യാഹ്ന സൂര്യന്‍ ഇതെല്ലാം നോക്കി ചിരിച്ചു . പിരിമുറുക്കങ്ങളില്ലാത്ത വൈകുന്നേരങ്ങള്‍ സ്മാര്‍ത്തകള്‍ക്കായി സൂര്യന്‍ കരുതിവെച്ചു . ആകാശം കയ്യടക്കിയതിന്റെ സന്തോഷത്താല്‍ കൊറ്റികള്‍ കലപില ശബ്ദങ്ങള്‍ ഉതിര്‍ത്തു . സ്മാര്‍ത്തകള്‍ നാട് കയ്യടക്കി .

No comments:

Post a Comment