Sunday, December 11, 2011

വാസനാവികൃതി.. മലയാളത്തിന്റെ ആദ്യകഥ ,എന്റെ വായനയില്‍..

വാസനാവികൃതി.. മലയാളത്തിന്റെ ആദ്യകഥ ,എന്റെ വായനയില്‍..


"രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല ..
എന്നെക്കാള്‍ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ വിഡ്‌ഢിത്തം പ്രവര്‍ത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍  ചുരുക്കമായിരിക്കും.
" മലയാള ചെറുകഥയുടെ ശിരോലിഖിതമായി തീര്‍ന്ന വരികളാണിത് . നൂറ്റി ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1891 ല്‍  വിദ്യാവിനോദിനി മാസികയില്‍ മലയാളത്തിന്റെ ആദ്യ കഥയായി പ്രസിദ്ധീകൃതമായ ശ്രീ. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതിയിലെ ആദ്യ വരികളാണ് മേല്‍ചൊന്നത്. ഇന്നത്തെ രാക്ഷ്ട്രീയ , സാമൂഹ്യ പരിസരത്തു വെച്ച് നാമിത് പുനര്‍ വായിക്കുമ്പോള്‍ വെളിവാകുന്നത് ഇന്നും പ്രസക്തിയേറെയുള്ള ആക്ഷേപഹാസ്യ പ്രയോഗം തന്നെയെന്നത് കേവലമായ പരമാര്‍ത്ഥത്തിലേക്കാണ്  .
രാജശിക്ഷ ( ഭരണവര്‍ഗ്ഗ നീതി ), എന്നെപ്പോലെ ( ഞാന്‍ എന്ന് ദ്യോതിപ്പിക്കുന്നത്) , ഭാഗ്യഹീനന്‍ ( നിസ്സഹായതയെ ശപിക്കുന്നത് ) എന്നീ വാക്കുകളുടെ കാലികമായ പ്രസക്തി അതിന്റെ പ്രയോഗപരമായ സൗന്ദര്യം ഇവ നാം മനസ്സിരുത്തി വായിക്കെണ്ടതില്ലേ .
ഒരു തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍  വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാല്‍ നിറഭേദമുള്ളത് ദേഹത്തിനല്ല മര്യാദക്കാണ്
, ഇക്കണ്ടക്കുറുപ്പിന്റെ ഈ പ്രസ്താവം നോക്കുക . ഇത് ഫ്യൂഡല്‍ സംസ്കൃതികളുടെ നടുമുറ്റത്തിരുന്നു  മുറുക്കി ചുവപ്പിച്ചു കോളാമ്പിയിലേക്ക് നീട്ടിത്തുപ്പുന്ന ഒരു നായനാരുടെ സരസ ഫലിതമായി  കുറച്ചുകാണാനാവില്ല . അടിയ - ഉടയ ബന്ധങ്ങളുടെ നേര്‍ പരിഛെദമായി വേണം ഇതിനെ വായിച്ചെടുക്കാന്‍ . കട്ടെടുത്ത മുതലുകള്‍ തന്റെ കാമിനി കല്യ്യാണിക്ക് കൊടുക്കുന്നതും ഒരു രാത്രി പൂവെച്ച മോതിരം തന്റെ ഇടത്തെകയ്യിലെ മോതിര വിരലില്‍ അണിയിച്ചു തരുന്നതും പറയുന്ന ഇക്കണ്ടക്കുറുപ്പ് കാല്‍പ്പനികതയുടെ ഏറ്റവും നല്ല പ്രണയപാരവശ്യമല്ലാതെ മറ്റെന്താണ് . വിദ്യാഭ്യാസത്തിന്റെ നവ , സാമൂഹിക അസംതൃപ്തിയെ ജന്മി - നാടുവാഴിത്വത്തിന്റെ ഇരുമ്പു നൈതികതക്കുള്ളില്‍ നിന്നുകൊണ്ട് അവരിലൊരാള്‍ പുലര്‍ത്തുന്ന സമത്വത്തിന്റെതായ ഒരു സാമൂഹ്യ വീക്ഷണം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അത് ശ്ലാഘനീയമാണ്. സാമൂഹ്യപരവും വ്യക്തിപരവുമായ ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി സര്‍ഗ്ഗാത്മകതയെ അതിന്റെ പാട്ടിനു വിടുകയാണ് അദ്ദേഹം ചെയ്തത് . പരിണാമ പ്രക്രിയയില്‍ പുതിയ പല എഴുത്തുകാര്‍ക്കും കഴിയാതെ പോവുന്ന ,അല്ലെങ്കില്‍ അവര്‍ അരച്ച് നിക്കുന്ന വര്‍ത്തമാനാവസ്ഥയില്‍  ഇത് എടുത്തു പറയേണ്ടുന്ന ഒരു കാര്യവും . കാല്പനികവും നൈതികവുമായ ഒരു വീക്ഷണ കോണിലൂടെ നാമീ കഥയെ സമീപിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ആ അര്‍ത്ഥത്തില്‍ ഞാനീ കഥയെ നെഞ്ചോട്‌ ചേര്‍ക്കുന്നു.  ഇത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ നൂറ്റിയമ്പതാം ജന്മ വാര്‍ഷികമാണ് എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു .

No comments:

Post a Comment