Friday, December 9, 2011

രുക്മിണിയുടെ വിശേഷങ്ങള്‍ .. നിനവുകള്‍ കനവുകള്‍ .

രുക്മിണിയുടെ വിശേഷങ്ങള്‍ ..  നിനവുകള്‍ കനവുകള്‍ .
കഥ ..
ടി.സി.വി. സതീശന്‍
.


ഒന്ന്
ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്താന്‍ പത്തുപന്ത്രണ്ടു മണിക്കൂര്‍ യാത്ര വേണം . ബസ്സില്‍ തിരക്ക് കുറവായിരുന്നു. ഇനിയും അരമണിക്കൂര്‍ കഴിഞ്ഞു മാത്രമേ പുറപ്പെടുകയുള്ളു. രുക്മിണി ഏതാണ്ട് മധ്യഭാഗത്തുള്ള, വിന്‍ഡോ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. തന്റെ ബാഗ്‌ തൊട്ടടുത്ത സീറ്റില്‍ വെച്ച ശേഷം ജനല്‍ കമ്പികള്‍ പിടിച്ചു പുറത്തേക്ക് നോക്കി.
സുപ്പര്‍ ഫാസ്റ്റായതിനാല്‍ ആളുകള്‍ കുറവായിരുന്നു. ബസ്സിനകത്തേക്ക് കയറിവരുന്ന ആളുകളെ അവള്‍ സശ്രദ്ധം വീക്ഷിച്ചു. തന്റെ തൊട്ടടുത്ത സീറ്റിലേക്ക് പറ്റിയൊരാളെ അവളുടെ കണ്ണുകള്‍ പരതുകയാണ് ..കാണാന്‍ സ്മാര്‍ട്ടായ ,നന്നായി ബീഹേവ് ചെയ്യൂന്ന ഒരു ഇരുപത്തിഞ്ചു ഇരുപത്തിയെട്ടുകാരനെ ആ മനസ്സ് കൊതിച്ചു. ബോറടിപ്പിക്കില്ലെന്നു ഉറപ്പുണ്ടെങ്കില്‍ ജീവിത യാത്രയിലങ്ങോളം അവനെ കൊണ്ടു നടക്കാമായിരുന്നു. കഴിഞ്ഞ കുറെനാളുകളായി മനസ്സ് തേടുന്ന സഹയാത്രികന്‍ ഒരുപക്ഷെ ഇന്ന് വരുമായിരിക്കാം. ഉള്ളിലാരോ പറയുന്നത് പോലെ.അവള്‍ക്കു തോന്നി .
രണ്ടു ടിക്കറ്റെടുത്തു ...ഒന്നവള്‍ക്കും മറ്റേത് അവനും. സൂപ്പര്‍ ഫാസ്റ്റല്ലാതെ മൂന്നോ നാലോ ബസ്സുകള്‍ മാറിക്കയറിയും വേണമെങ്കില്‍ നഗരത്തിലെത്താം. വര്‍ണ്ണങ്ങളും ശ്ലഥ ചിത്രങ്ങളും കൊണ്ട് കൊളാഷ് തീര്‍ത്ത യവ്വനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അവള്‍ക്കും ഇഷ്ടം അത്തരം യാത്രകളായിരുന്നു. മാറി മാറി വരുന്ന സഹയാത്രികര്‍ ഇടത്താവളങ്ങളില്‍ നിന്ന് കയറുകയും ഇടത്താവളങ്ങളില്‍ ഇറങ്ങുകയും ചെയ്യുന്ന അവരുടെ ചാപല്യങ്ങള്‍ .ആദ്യമൊക്കെ കൌതുകത്തോടെയാണെങ്കിലും പിന്നെ പിന്നെ അവള്‍ക്കുമത് രസകരമായിരുന്നു.
എന്നാല്‍ ഇന്നങ്ങിനെയല്ല. .. ജീവിത സായാഹ്നം വരെ കൂടിരിക്കാന്‍ ഒരു സ്ഥിരം സഹയാത്രികനെ അവളാഗ്രഹിക്കുന്നു..നേരിന്റെ മുള്‍മുനയില്‍ തുലനം ചെയ്യുന്ന ഒരു തുലാസ്സായി ജീവിതത്തെ കാണാന്‍ അവള്‍ക്കു വയ്യ. തെറ്റു ശരികളുടെ ആഴവും പരപ്പുമറിഞ്ഞുകൊണ്ട് തുഴയാനറിയുന്ന നല്ല ഒരു തുഴക്കാരനെ.... അവളുടെ മനസ്സ് പരതുകയാണ്‌ .
ആകാശത്തു മേഘങ്ങള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള തേരുകളില്‍ ആയിരം കുതിരകളെ പൂട്ടി .......മനസ്സ് പായുകയാണ്. മിത്തിനും യാഥാര്‍ത്യത്തിനും ഇടയിലൂടെ . ഗ്രാമത്തെ പോലെ അവള്‍ക്കു ഇന്ന് നഗരത്തെയും ഇഷ്ടമാണ് .സ്വപ്നങ്ങള്‍ കൊണ്ടവള്‍ ഫാന്റസ്സി തീര്‍ക്കുകയാണ്. ഒരു വെളിപാട് പോലെ ..വെളുക്കെ ചിരിച്ച്‌, യാഥാര്‍ത്യത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും . ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തുമ്പോള്‍ അവള്‍ ആകാംക്ഷയോടെ കഴുത്തു പുറത്തേക്കിട്ടു നോക്കും. അവന്‍ ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയോടെ .

ജനല്‍ ഗ്ലാസ്സിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വീശി. മനസ്സില്‍ കുളിരു കോരിയിടുന്നു. ജോലി സ്ഥലത്ത് വെച്ചും മറ്റും ഒരുപാടു പേരുമായി പരിചയപ്പെട്ടിട്ടും ഇടപഴകിയിട്ടും ഉണ്ട് അവള്‍. അവരില്‍ തന്നെ ഒരുപാട് പേര്‍ വിവാഹാലോചനകളുമായി നേരിട്ടും അല്ലാതെയും വന്നിട്ടും ഉണ്ട് .
ചൊവ്വ ദോഷമെന്ന് അമ്മ പറയും . അതില്‍ അവള്‍ക്കു വലിയ വിശ്വാസം പോരാ . എന്തിനാണ് ഗ്രഹങ്ങള്‍ ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതത്തിനു മേല്‍ ഇത്രയേറെ പാപങ്ങള്‍ ചൊരിയുന്നത് ? അതിനു മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി താനൊന്നും ചെയ്തില്ലാലോ .ചൊവ്വയ്ക്കല്ല പ്രശ്നം ,അതു സമൂഹ മനസ്സില്‍ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങളും ആകുലതകളും ആശങ്കകളും ആണ്‌ നമ്മെ തളര്‍ത്തുന്നത്‌ , അങ്ങിനെ വിശ്വസിക്കാനാണ് രുക്കുവിന് ഇഷ്ടം .
ഒന്നും മനസ്സിന് തൃപ്തി തരുന്നില്ല ,അല്ലാതെന്തു പറയാന്‍ ...
ബസ്സ്‌ ചെറിയ ഒരു ടൌണില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തി. കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു ..അരമണിക്കൂറുണ്ട് .
വായ്ക്കു ഒരു രുചിയും തോന്നുന്നില്ല. തലയിലൂടെ ഷാള്‍ പുതച്ചു കൊണ്ട് അവള്‍ പുറത്തേക്ക് കഴുത്തു നീട്ടി .
ഉണ്ടാകും .. ഈ കൂട്ടത്തില്‍ ഉറപ്പായും.
കണ്ണുകള്‍ ഓരോ ചെറുപ്പക്കാരനെയും വട്ടമിട്ടു പറന്നു... അവരുടെ ഓരോ ചലനങ്ങളെയും മനസ്സിലെക്കാവാഹിച്ചു രുക്മിണി ഇരുന്നു.
വരും.. വരുമെന്ന പ്രതീക്ഷയോടെ .
രണ്ട്
പ്രോണ്‍ ചെയ്ത വിവിധ നിറങ്ങളിലുള്ള ബോഗന്‍ വില്ലകള്‍ അതിരുകളിട്ട മനോഹരമായ പുല്‍ത്തകിട് .റോസുകളും കുറ്റിമുല്ലകളും അങ്ങിങ്ങായി പൂവിട്ടു നില്‍ക്കുന്നു.അസ്തമയ സൂര്യന്‍ വിതറിയ പോന്നുരാശികളിള്‍ തട്ടി സ്പ്രിന്‍ഗ്ലറില്‍ നിന്നുമുതിരുന്ന സ്വര്‍ണവര്‍ണ്ണത്തിലുള്ള നേര്‍ത്ത ജലകകണികകള്‍ ചുറ്റും . സിമന്റു ബഞ്ചിലിരുന്നു രുക്മിണി തന്റെ തുവാല മടിയില്‍ വിരിച്ചു . പൊട്ടിയ വളക്കഷണങ്ങളും മയില്‍‌പീലി തുണ്ടുകളും അതിലേക്കു ചൊരിഞ്ഞു .പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പുമായി കുപ്പിവളക്കഷണങ്ങള്‍ ...കൌമാരത്തെ തിരികെ കൊണ്ടു വരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു . മടിയില്‍ നിരത്തി വെച്ച വളക്കഷണങ്ങളില്‍ മനസ്സിലെ ഗന്ധര്‍വ്വന്റെ മുഖം തെളിഞ്ഞു വന്നു . മയില്‍‌പ്പീലി തുണ്ടുകളെടുത്തു അവള്‍ അവനു കിരീടമണിയിച്ചു.
ഇറുകിയ ജീന്‍സില്‍ നല്ല പൊക്കമുള്ള സുസ്മേര വദനന്‍ ... പൂച്ചക്കണ്ണന്‍ . തന്റെ സ്വപ്നങ്ങള്‍ ചോര്‍ത്തിയെടുത്ത കൊച്ചുകള്ളന്‍ . ഉള്ളില്‍ നിന്നും ഊറിവന്ന ചിരി അവളുടെ വദനങ്ങളെ സമ്പന്നമാക്കി .
വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു വെച്ച കത്തുകള്‍ ഓരോന്നായി എടുത്തുകൊണ്ടവള്‍ ചുണ്ടോടു ചേര്‍ത്തു ..
ഇമകള്‍ പൂട്ടിയല്പനേരം പ്രാര്‍ഥിച്ചു. തന്റെ ഗന്ധര്‍വ്വനായി .യവ്വനത്തിന്റെ ആസക്തിയെ , ആതുരതയെ മനസ്സിലെക്കാവാഹിച്ചു .
പ്രതീക്ഷകളോടെ കത്തുകളോരോന്നും തുറന്നു നോക്കി . പ്രണയത്തിന്റെ ആകുലതകള്‍ കണ്ട്‌ കോരിത്തരിച്ചു.
ഓര്‍മകളെ കോര്‍ത്തിണക്കുമ്പോള്‍ അവളാശിച്ചു ... ഇതിലേതിലെങ്കിലും തന്റെ രാജകുമാരന്‍ ഉണ്ടായിരിക്കുമെന്ന് .
ഇരുള്‍ പെയ്യുന്ന ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഓരോന്നായി തെളിയാന്‍ തുടങ്ങി .കത്തുകളിലെ വാക്കുകളും വാചകങ്ങളും അവള്‍ ഹൃദിസ്ഥമാക്കി .അതിലെ അര്‍ത്ഥ വിശേഷണങ്ങള്‍ തലങ്ങും വിലങ്ങും വിചാരണ നടത്തി . ഹൃദയത്തിന്റെ അളവുകോലില്‍ അവളവരുടെ ആത്മാര്‍പ്പണത്തെ നെഞ്ചോടടുപ്പിച്ചു . പ്രതീക്ഷകള്‍ക്ക് കനം വെയ്ക്കുകയാണ് . ചുണ്ടിലെ നേരിയ ചിരി ഹൃദയത്തില്‍ തട്ടി അത് അവളറിയാതെ മുഴുത്ത ചിരിയായി മാറി.
മുല്ലയും പാരിജാതവും പൊഴിക്കുന്ന സുഗന്ധം അവളുടെ കാമനകളെ തൊട്ടുണര്‍ത്തി . ആസക്തി നിറഞ്ഞു കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂത്തു നിന്നു.നുണക്കുഴികള്‍ കവിളിനെ കുടുതല്‍ ചുവപ്പിച്ചു . വിറയാര്‍ന്ന വിരിഞ്ഞ ചുണ്ടുകള്‍ കൊടും താപത്തെയേറ്റുവാങ്ങി. മൂന്ന്
ഭക്ഷണം കഴിഞ്ഞ് ആളുകളോരോരുത്തരായി ബസ്സിലേക്ക് മടങ്ങി . പുറത്തു മെര്‍‍ക്യുറി ലൈറ്റിന്റെ പ്രഭയില്‍ ചെറു പട്ടണത്തിനു തലക്കനം വെച്ചപോലെ .. വിളക്കുകാലിനു ചുറ്റും പൂക്കച്ചവടക്കാരനും കപ്പലണ്ടിക്കാരനും തൊണ്ട പൊട്ടിച്ചു.അവര്‍‍ക്ക് ചുറ്റും ചെറിയ ചെറിയ ആള്‍‍ക്കൂട്ടം. വിലപേശലുകളും അവരുടെ ചെറു വാഗ്വാദങ്ങളും .
പണി കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങി പോകുന്ന സാധാരണക്കാരായിരിക്കാം ഒരുപക്ഷെ അതില്‍‍ കൂടുതലും .
ഒരു മുഴം മുല്ലപ്പൂ അല്ലെങ്കില്‍ ഒരു കൊട്ട കപ്പലണ്ടി . മുതുകൊടിഞ്ഞ അവരുടെ ഭാര്യമാര്‍ക്ക് ഇത്തിരി സന്തോഷം കൊടുക്കാനായി ഇതിലെന്തെങ്കിലും വാങ്ങിക്കുന്നതായിരിക്കണം അവര്‍ .
ബസ്സില്‍ ആളുകള്‍ നിറഞ്ഞു . നീണ്ടു സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അവളുടെ അടുത്തേക്ക്‌ വന്നു , അനുവാദത്തിനായി അവന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.
സന്തോഷം അവളുടെ മനസ്സില്‍ താളം കൊട്ടി. ഇവനാവാം അല്ലേ ..?
സമ്മതത്തിനു കാത്തു നില്‍ക്കാതെ തന്നെ അവന്‍ അവളുടെ അടുത്ത സീറ്റിലിരുന്നു . മുക്കില്‍ അരിച്ചു കേറുന്ന ഏതോ തരം സ്പ്രേ അവന്റെ ശരീരത്തില്‍ നിന്നും ഒഴുകിയെത്തി. ജാസ്മിനായിരിക്കണം എന്ന് തോന്നുന്നു. അതവളുടെ ഉള്ളിലെ മൃദുല ഭാവങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ചു . ഉള്ളിലൂറി കിടന്നിരുന്ന അവളിലെ രതിയെ അതുണര്‍ത്തിവിട്ടു .
അല്പം കൂടി അവനരികിലേക്ക്‌ നീങ്ങിയിരുന്നു കൊണ്ടവള്‍ കുശലങ്ങള്‍ അന്വേഷിച്ചു. അറിയാതെയെന്നോണം അവള്‍ തന്റെ തല അവന്റെ മുതുകിലേക്കു ചായ്ചു.. സുഗന്ധം പരത്തുന്ന അവന്റെ മണം മൂക്കിലേക്ക് വലിച്ചു കയറ്റി . ഒരര്‍ഥത്തില്‍ അവനെ ആസ്വദിക്കുകയായിരുന്നു അവള്‍. പാതി സ്വപ്നത്തിലും പാതി യാഥാര്‍ത്യത്തിലുമായി അവളുയരങ്ങളെ ലക്ഷ്യമാക്കി പറന്നു..
അവന്റെ വിരലുകള്‍ അവളെ അറിയുകയായിരുന്നു. പുറത്തു നിലാവ് പെയ്യുന്നു. കരിമ്പിന്‍ തോട്ടങ്ങള്‍ ആ വെള്ളിവെളിച്ചത്തില്‍ , പാല്‍ പുഞ്ചിരിയോടെ അതിന്റെ ഇലകളെ സാവകാശം താളത്തില്‍ ചലിപ്പിച്ചു . അതവള്‍ക്ക്‌ കൂടുതല്‍ പ്രോത്സാഹനമായി അവള്‍ തന്‍റെ കൈകള്‍ എടുത്തു അവന്റെ മടിയില്‍ വെച്ചു.. അവളുടെ ചെറിയ സ്തനങ്ങളില്‍ ഉഷ്ണപ്രവാഹമുണ്ടായി. അതിന്റെ ഞെട്ടുകള്‍ മേല്പോട്ട് ഉയര്‍ന്നു നിന്നു ..
കര്‍ക്കടക രാശിയില്‍ തെളിഞ്ഞു നിന്ന സൂര്യനെപ്പോലെ .. അവളാനന്ദം കൊണ്ടു . ബസ്സ്‌ നഗരത്തെ ലക്ഷ്യമാക്കി അതിന്റെ പ്രയാണം തുടര്‍ന്നു ..
താഴ്വാരങ്ങളിറങ്ങി ബസ്സ് വിശാലമായ പാടപ്പരപ്പിലേക്ക് .. കിഴക്ക് ആകാശത്തു വെള്ളകീറി സൂര്യന്‍ ഭൂമിയിലേക്കെത്തി നോക്കി . ഇളം കുളിരുമായി ചെറുതെന്നല്‍...ഒരു താരാട്ട് പോലെ കണ്ണുകളെ ഉറക്കത്തിലെക്കാനയിച്ചു . സ്വപ്നങ്ങളില്‍ നിന്നും താഴോട്ടിറങ്ങി വന്നപ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടക്കുകയായിരുന്നു . അടിത്തട്ടില്‍ നിന്നും വന്ന ഒരു സന്തോഷത്തില്‍ അവളാഹ്ലാദിച്ചു ... ജീവിതാവസാനം വരെ ഈ മടിത്തട്ടിലിങ്ങിനെ.. ലാളനകളേറ്റ് .
ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ അവന്റെ കയ്യുകള്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു. ആ കണ്ണുകളിലേക്കു നോക്കി .
അവന്റെ കൈകള്‍ തണുത്തിരിക്കുന്നു . ആ കണ്ണുകളിലെ നിര്‍വ്വികാരത അവളെ ഭയപ്പെടുത്തി. നഗരത്തിലെത്താനുള്ള അവന്റെ തിടുക്കം .. മനസ്സ് കുഴഞ്ഞു മറിയുകയാണ് .
നേരം പുലരുന്നതേയുള്ളു . റിക്ഷക്കാരും ടാക്സിക്കാരും അത്യാവശ്യം ചില പിമ്പുമാരും ...

ഉറക്കമില്ലാത്ത അവര്‍ കോട്ടുവായിട്ടു നഗരത്തെ സജീവമാക്കി . തിരക്കു പിടിച്ച വഴികളിലെവിടെയോ അവന്‍ നടന്നു മറഞ്ഞു . ആശകളുടെ തിരകളെണ്ണി തീര്‍ക്കാമെന്ന വ്യാമോഹത്തോടെ അവളുടെ കണ്ണുകള്‍ അവനു പിന്നാലെ പാഞ്ഞു. അവനില്ലാതാവുന്നതു വരെ ....
നാല്
കനകംബാള്‍ ഇടുങ്ങിയ ഫ്ലാറ്റില്‍ അഗ്രഹാരം പുന:ക്രമീകരിക്കാനുള്ള തത്രപ്പാടിലാണ് . തന്റെ മഞ്ഞച്ചേല മടക്കിക്കുത്തി അവള്‍ നിലത്തു കോലം വരയ്ക്കുകയാണ് . കര്‍ണാടക സംഗീതത്തിലെന്ന പോലെ കോലം വരയ്ക്കലിലും അവളുടെ നൈപുണ്യം അപാരം . ഭജനകളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കൃഷ്ണ ഭജനകളാണ് .
സുബ്ബു എന്ന സുബ്ബരായന്‍ ചാരുകസെരയിലിരുന്നു നീട്ടി വിളിച്ചു .
കനകം ..അവള്‍ എന്തെങ്കിലും പറഞ്ഞിരുന്നുവോ തന്നോട് ?
നീരജ ദള നയന .....നന്ദ നന്ദ നന്ദന
നീല മേഘവര്‍ണ്ണാ ..... ശ്രീകൃഷ്ണാ ...

അവള്‍ മൂളുകയാണ്. സുബ്ബുവിന്റെ വാക്കുകള്‍ കേട്ടില്ലെന്നു തോന്നുന്നു .
കനകം ... രുക്കു തന്നോടെന്തെങ്കിലും പറഞ്ഞിരുന്നുവോ ?
ഇല്ല്യാ ... ഒന്നുമേ പെശര്‍തില്ല്യാ. ഒന്നും അറിയാത്തതു പോലെ അവള്‍ കോലം വരയ്ക്കല്‍ തുടര്‍ന്നു .
മാര കോടി സുന്ദരാംഗ ജാര ചോര ..
നീരധ യമുനാ തീര വിഹാര ...
ഹരേ ഗോപാല ...നീരജ ദള നയനാ ..
യമുനാ തീരത്ത്‌ ഗോപികമാരോടോത്തു ഉല്ലസിക്കുന്ന കൃഷ്ണന്‍. മഞ്ഞ ചോലയുടുത്തൊരു ഗോപികയായി അവള്‍ .
പണ്ടെന്നോ കണ്ടുമറന്ന തമിഴ് ചിത്രം അവളുടെ മനസ്സില്‍ തെളിഞ്ഞു .
രുക്മിണി ... സുബ്ബുവിന്റെയും കനകംബാളിന്റെയും ഏകസന്തതി . ആണായും പെണ്ണായും . ഒരുപാട് പ്രാര്‍ഥനകളുടെയും വഴിപാടുകളുടെയും ഫലമായി , വൈകിയാണെങ്കിലും ഭഗവാന്‍ കൃഷ്ണന്‍ കൊടുത്ത വരദാനം .
കനകം അങ്ങിനെ വിശ്വസിച്ചുപോന്നു .
സുബ്ബു അതൊട്ട്‌ തിരുത്താന്‍ മിനക്കെട്ടതുമില്ല .
വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നും രുക്കുവിനെ കനകം കൃഷ്ണന്റെ അപദാനങ്ങള്‍ എണ്ണിയെണ്ണി പഠിപ്പിച്ചു .
എന്തിനു പേര് പോലും അവളുടെ നിര്‍ബന്ധമായിരുന്നു . പാട്ടിയുടെ പേര് വിളിക്കണമെന്ന് സുബ്ബുവിനു വലിയ ആഗ്രഹമുണ്ടായിരുന്നു . പക്ഷെ കനകത്തിനുമേല്‍ അത് സ്ഥാപിച്ചെടുക്കാന്‍ അയാള്‍ക്കായില്ല .
ഈ വരുന്ന വൈശാഖത്തില്‍ രുക്കുവിന് ഇരുപത്തിനാല് വയസ്സ് തികയും . കണ്ണടയുന്നതിനു മുമ്പ് അവളെ നല്ല ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടണം ..അതിനു രുക്കു എന്തെങ്കിലും സമ്മതം മൂളണ്ടേ ? ദേഷ്യം മൂക്കിന്‍ കൊടിവരെ എത്തുമെങ്കിലും..
അപ്പാ ..എനിക്ക് സ്വയംവരമാണ് വേണ്ടത് എന്നു വിളിച്ചു അവള്‍ ചിണുങ്ങുമ്പോള്‍ , അതുരുകി വെള്ളമായി തീരുകയാണ് പതിവ്.
സ്വയംവരമെന്നയീ ചിന്ത തന്നെ കനകത്തിന്റെ അമിതമായ കൃഷ്ണ ഭക്തിയില്‍ നിന്നുമാവണം രുക്കുവിന് കിട്ടിയത് .
പീതാംബര ധര വംശീ ധര ...
പീതാംഭുതവര വനമാല ധര ..
വാസുദേവ ദേവനാഥാ നാഥരൂപാ
താപസ കരുണ മാനസ വാസു ...
ഹരേ ഗോപാലാ .... നീരജ ദള നയന ...
കനകം നീട്ടി നീട്ടി പാടുകയാണ് . അവളുടെ കണ്ണുകള്‍ യമുനാ തീരത്ത്‌ കൃഷ്ണനെ തേടുകയാണപ്പോള്‍ .
അകത്തു ദേഷ്യം കൂടി കൂടി വരുന്നുണ്ടെങ്കിലും സുബ്ബു ഒന്നും മിണ്ടിയില്ല . എന്തെങ്കിലും പറഞ്ഞാല്‍ അതുമതി ഒരാഴ്ചത്തേക്ക് .അവളെ പിണക്കുന്നത് അയാള്‍ക്കും ഇഷ്ടമല്ല . അവള്‍ വന്നതിനു ശേഷമാണ് അഗ്രഹാരത്തില്‍ സ്ഥിരമായി അടുപ്പ് പുകഞ്ഞത് .വറുതിയുടെ നാളുകള്‍ക്കു പകരം ഐശ്വര്യവുമായി വന്ന മഹാലക്ഷ്മിയാണവള്‍ . അതു സമ്മതിക്കുന്നതില്‍ സുബ്ബുവിനു ഒട്ടും മടിയില്ല . പലപ്പോഴും പലരോടായി അയാളത് പറഞ്ഞിട്ടുമുണ്ട് ..
അഞ്ച്
ഷാമ്പു ചെയ്തു ,പാറിക്കളിക്കുന്ന സ്ട്രെയിറ്റായ മുടി . തുടുത്തു റോസ് നിറമുള്ള മുഖം . നെറ്റിയില്‍ ബ്രൌണ്‍ നിറത്തിലുള്ള ചെറിയ പൊട്ട് . ചായം തേച്ച വലിയ ചുണ്ടുകള്‍ . ഐഷേയിഡു ഭംഗി കൂട്ടിയ കണ്ണുകള്‍ . പ്രിയംവദാ മേനോന്‍ മൃദുലമായ തന്റെ കാല്‍പാദം ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി . നഗരത്തിന്റെ തിരക്കില്‍ സ്വിഫ്ട്‌ ഡിസ്സെയറര്‍ അതിവേഗം മുന്നോട്ടു കുതിച്ചു . ജെന്നിഫെര്‍ ലോപെസിന്റെ മാസ്മരിക വീചികള്‍ അവളെ ആവേശത്തിലാക്കി . നെയില്‍ പോളിഷു ചെയ്ത , നീണ്ട വിരലുകള്‍ കൊണ്ടവള്‍ സ്റ്റിയറിങ്ങിനുമേല്‍ മൃദുലമായി താളം പിടിച്ചു.
Something in the dark shot glasses,
you know Something that you can lean to
Something that you can ride to
Something that you can step to You know .

ചുണ്ടുകളുടെ, വിരലുകളുടെ ദ്രുത താളം ...ലോപെസ് ആയി തീരുകയാണവള്‍ .

രുക്മിണിക്കത് അരോചകമായി തോന്നി. സ്റ്റീരിയോ ഓഫ്‌ ചെയ്തു അവള്‍ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു .

പ്രിയംവദ കാര്‍ സൈഡിലേക്ക് മാറ്റി ബ്രെയിക്ക് ചെയ്തു നിര്‍ത്തി .
രുക്കു തനിക്കെന്താ പറ്റ്യേ ? ഞാന്‍ നേരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .. മുഖത്തൊരു വാട്ടം . ഒരു മൂഡ്‌ ഓഫ്‌ .... പറയെടോ ? ഹൃദയത്തിന് അധികം കനം വെയ്പ്പിക്കാതെ .അത് പൊട്ടിപ്പോകും . അവളുടെ നീണ്ട വിലുകള്‍ രുക്കുവിന്റെ താടിയില്‍ തട്ടി ..
പ്രണയം...?
രുക്കുവിന്റെ മനസ്സിനകത്തെ യുദ്ധം ഒഴിവാക്കാനായി അവള്‍ ചോദിച്ചു .
പ്രണയത്തിന്റെ ആസുരതകളെ കുറിച്ച് തന്റെ അഭിപ്രായമെന്താ ?
രുക്കു എന്ത് പറയാനാ .. ആസുരതകളും ആസക്തികളും നിറഞ്ഞ ഒരുപാട് പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും അവളും കണ്ടും കേട്ടും അറിഞ്ഞുവെന്നല്ലാതെ. ആധികാരികമായി പറയാന്‍ അവളുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല .
പൊസ്സസ്സിവ് ആകുന്നതാണ് പ്രണയത്തിന്റെ ആദ്യ തെറ്റ് .
പ്രിയ അവളുടെ അപാര പാണ്ഡിത്യം വിളമ്പി. ചെറുപ്പം മുതലേ അവളങ്ങിനെയാ. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതാണ്‌ ശെരിയെന്നു സമര്‍ഥിച്ചെടുത്തെ അവളടങ്ങൂ .
ഭക്തിപോലെ പ്രണയവും സമര്‍പ്പണമാണെന്ന ഒരു ധാരണ പഠിക്കുന്ന കാലത്ത് രുക്കുവിനുണ്ടായിരുന്നു. കാലങ്ങള്‍ വരുത്തിയ മാറ്റങ്ങളാവണം മറിച്ചൊരു ചിന്ത മനസ്സില്‍ രൂപപ്പെടാനിടയാക്കിയത് .

ഭക്തിയും കാമവും തമ്മിലുള്ള സാദൃശ്യത്തിലെക്കാണ് അവളുടെ മനസ്സ് കൂടുതലും വിരല്‍ ചൂണ്ടിയത്. ഭക്തിയില്‍ കാണിക്കുന്ന അമിതാവേശം ഒരു തരത്തില്‍ രതിയനുഭവിക്കലു തന്നെയല്ലേ ? അഭിനിവേശത്തിനോടുവില്‍ കിട്ടുന്ന സാഫല്യ സുഖം സുരതത്തിന്റെത് തന്നെയല്ലേ .. കുറെ നാളുകളായി മനസ്സിനെ അലട്ടുന്ന ചോദ്യങ്ങളായി അത് രുക്കുവിനെ അസ്വസ്ഥമാക്കുന്നു .
പക്ഷെ അവളൊന്നും പറഞ്ഞില്ല. പ്രിയയോടു തര്‍ക്കിക്കാന്‍ പറ്റിയ മൂഡിലായിരുന്നില്ല അവള്‍ എന്നത് തന്നെ കാരണം .
ആസ്വദിക്കാനാണ് ജീവിതം. വിരസമാകുന്നതെന്തും ഒഴിവാക്കപ്പെടണം .. പ്രിയ തുടര്‍ന്നു . വിരസമായ പ്രണയവും സംശയത്തിന്റെ മുള്‍മുനയിലെ ദാമ്പത്യവും ഒരുപോലെ അരോചകമാണ്.
വിരക്തിയുടെതും വേര്‍പാടിന്റെതും പഴയ കഥ . ക്രൈസിസുകള്‍ വരുമ്പോള്‍ അത് മാനേജു ചെയ്യുവാനുള്ള ആര്‍ജവമാണ് വേണ്ടത്. ഒരുപാട് അനുഭവങ്ങളുള്ള ത്രികാലജ്ഞാനിയെ പോലെ പ്രിയംവദാ മേനോന്‍ ആവേശം കൊണ്ടു .
എന്തുപറയണം എന്നറിയാതെ രുക്മിണി അവളെ തന്നെ നോക്കിയിരുന്നു. വാക്കുകളേക്കാള്‍ അവളുടെ അംഗചലനങ്ങളിലുള്ള ഭംഗി ആസ്വദിച്ച്‌.....
ആറ്
കൃഷ്ണ വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിടി വെട്ടി .മിന്നലിന്റെ വെട്ടത്തില്‍ തെങ്ങോലകള്‍ തിളങ്ങി നിന്നു.
മഴക്കോളുണ്ട് .കറന്റു പോയി ..
തീപ്പെട്ടി തപ്പിയെടുത്തു രുക്മിണി മണ്ണെണ്ണ വിളക്കു കത്തിച്ചു .മഴപ്പാറ്റകള്‍ വിളക്കിനു ചുറ്റും വട്ടം കറങ്ങി.
ആവേശത്തോടെ വെളിച്ചം കുടിക്കാനെത്തിയവര്‍ അതിലും ആവേശത്തോടെ ചത്തൊടുങ്ങി. ചത്തു വീണ കാമിനിമാരെ വകഞ്ഞുമാറ്റി അവള്‍ പുസ്തകം തുറന്നു വെച്ചു . ഹോം വര്‍ക്ക് ചെയ്തു തീര്‍ക്കണം .. ഇല്ലെങ്കില്‍ നാളെ ടീച്ചറുടെ കയ്യില്‍ നിന്നും അടി മേണിക്കേണ്ടി വരും .
പാറ്റകള്‍ കൂടി കൂടി വരുന്നതെയുള്ളു. പുസ്തക താളില്‍ മലര്‍ന്നു വീണ പാറ്റകളെ എടുത്തു മാറ്റി , അവള്‍ ദേഷ്യപ്പെട്ടു.
ഇവറ്റകളെന്താ ഇങ്ങിനെ. ... ചാവേറുകളാകാന്‍ വിധിക്കപ്പെട്ടപോലെ .
പിന്നെയവള്‍ക്ക് സങ്കടം വന്നു .. പാവങ്ങള്‍ . വെളിച്ചത്തില്‍ നിന്നും അവരനഭാവിക്കുന്ന സുഖം എന്തായിരിക്കണം .. അതിന്റെ പ്രകാശമോ അതിലെ ചൂടോ ?
മുഖത്തേക്ക് ഊര്‍ന്നു വീണ മുടി പുറകിലേക്ക് മാറ്റി .. കയ്യണക്കും കറ്റാര്‍വാഴയും തുളസിയും കലര്‍ത്തി കാച്ചിയ വെളിച്ചെണ്ണയുടെ മണം മുറിയിലാകെ പരന്നു . തന്റെ സമൃദ്ധമായ മുടിയുടെ രഹസ്യമതായിരിക്കണം . അല്ല എണ്ണ തയ്യാറാക്കുന്നതില്‍ ഉള്ള അമ്മയുടെ കൈപുണ്യമോ.. മുടിയുടെ ധാരളിത്വത്തില്‍ അവള്‍ക്കു അഭിമാനവും അഹങ്കാരവും ഉണ്ടായിരുന്നു, കണങ്കാല് വരെ നീണ്ട തന്റെ മുടിയെ കുറിച്ചു കൂട്ടുകാരിലും അവരുടെ അമ്മമാരുടെ ഇടയിലും നടക്കുന്ന ചര്‍ച്ചകളില്‍ അവള്‍ക്കു താര പരിവേഷമായിരുന്നു.
വൈകി പിറന്നത്‌ കൊണ്ടോ അഗ്രഹാരത്തിലെ അടുക്കളയില്‍ വേവുന്ന പച്ചക്കറികളുടെയോ , കറിക്കൂട്ടുകളുടെയോ പോഷണ ഗുണം ആവാം , എന്താണെന്നറിയില്ല ഒരു എട്ടാം ക്ലാസ്സുകാരിയുടെ ശാരീരിക വളര്‍ച്ചക്കപ്പുറം അവളുടെ അവയവങ്ങള്‍ക്ക് മുഴപ്പുണ്ടായിരുന്നു ..
രുക്കൂ ... നിയെന്തെടുക്കുവാ അവിടെ , പടിക്കാനൊന്നുമില്ലേയ് നിനക്ക് ? കമലം അടുക്കളയില്‍ നിന്നും വിളിച്ചു ചോദിച്ചു .
പുറത്തു ശക്തമായ മഴ.
ധാര മുറിയാതെ പെയ്യുന്ന മഴയ്ക്ക്‌ ഓങ്കാര ശബ്ദമായിരുന്നു . അമ്പലത്തില്‍ കൃഷ്ണ വിഗ്രത്തില്‍ പൂജ ചെയ്യുന്ന മേല്‍ശാന്തിയുടെ വായില്‍ നിന്നും ഉതിരുന്ന മന്ത്രധ്വനികള്‍ പോലെ അത് അന്തരീക്ഷത്തില്‍ കലര്‍ന്നു .
ഗോപി കൃഷ്ണന്‍ തന്റെ രണ്ടു ക്ലാസ്സ് മേലെയായിരുന്നു. സ്കൂളിലെ ഗ്ലാമര്‍ താരം . അവന്റെ കയ്യിലില്ലാത്തതായി ഒന്നുമില്ല. അവനെ പ്രേമിക്കാന്‍ പെണ്‍കുട്ടികളുടെ നീണ്ട പട തന്നെ സ്കൂളിലുണ്ട്. ആ ക്യൂവില്‍ അവളും സജീവമായി മുന്നില്‍ തന്നെയുണ്ട് ..
അടക്കം പറച്ചിലില്‍ , ചില ടീച്ചര്‍മാര്‍ക്കും അവന്റെ മേല്‍ കണ്ണുണ്ടെന്നു ചില കുട്ടികള്‍ പറഞ്ഞു പരത്തുന്നുണ്ട് . അതിലെത്രമാത്രം ശരിയുണ്ടെന്നത് അവള്‍ക്കു വലിയ തിട്ടമില്ല.
ഏതായാലും ഒരുകാര്യം ഉറപ്പുണ്ട് . തന്റെ കുപ്പിവളകള്‍ ആദ്യമായി പൊട്ടിച്ചതവനാണ് . അത് മനസ്സിലുണ്ടാക്കിയ ഇളക്കങ്ങള്‍ .. അന്ന് തൊട്ടാണ് സ്വപ്നങ്ങള്‍ നെയ്യാന്‍ അവള്‍ പഠിച്ചത് . അത് പകല്‍ പോലെ കിടക്കുന്ന ഒരു യാഥാര്‍ത്ഥ്യം മാത്രം .
ആഞ്ഞു വീശിയ കാറ്റില്‍ അരയാലിലകള്‍ ആടിയുലഞ്ഞു .
അതിന്റെ മര്‍മ്മര ശബ്ദം അവളില്‍ കുളിരു കോരിയിട്ടു . കാറ്റ് മഴയെ വിഴുങ്ങി .
ഗോപികൃഷ്ണന്‍ മനസ്സില്‍ അരയാല്‍ പോലെ പന്തലിച്ചു. കാറ്റിലവന്റെ കരങ്ങള്‍ അവളെ പുണര്‍ന്നു . ഇളകിയാടുന്ന അരയാലിലകള്‍ കവിളുകളില്‍ മുത്തമിട്ടു. സീല്‍ക്കാര ശബ്ദത്തോടെ കാറ്റ് അവളുടെ മുടികള്‍ മേല്‍പ്പോട്ടു പറത്തി . നെറ്റിയില്‍ ഉതിര്‍ന്ന വിയര്‍പ്പുകണങ്ങളെ സാക്ഷിയാക്കി അവള്‍ സ്വപ്നത്തിലേക്ക് വഴുതി വീണു...
തുളസ്സിത്തറയില്‍ വിളക്ക് വെച്ച് അവള്‍ സന്ധ്യാനാമം ചൊല്ലി. മുടിയില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളം അവളുടുത്തിരുന്ന വസ്ത്രങ്ങളെ നനച്ചു .
മുറ്റത്തു ചാഞ്ഞു കിടക്കുന്ന ആര്യവേപ്പിന്റെ കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന ചെക്കാലിക്കൂട് , അവയുടെ നീണ്ട മുരള്‍ച്ച അവളില്‍ ചെറിയ ഭയമുണ്ടാക്കി . മനസ്സില്‍ ഭീതിയുടെ വിത്ത്‌ വിതച്ചു.
ഏഴ്

നാളെ അസ്സൈന്‍മെന്റ് കൊടുക്കണം .
പിന്നെ ജോലി റിസൈന്‍ ചെയ്യണം. നാട്ടിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനത്തിലേക്ക് അവള്‍ ഏതാണ്ട് നടന്നടുത്തിരുന്നു.
അപ്പാവിനോടും അമ്മയോടും പറയണം. അവരത് കേട്ടാല്‍ ഏറെ സന്തോഷിക്കുമെന്നു അവള്‍ക്കുറപ്പുണ്ട് .നേരിട്ടൊന്നും പറയാറില്ലെങ്കിലും തന്റെയീ പോക്കില്‍ അപ്പാവിനു വിഷമമുണ്ട്. അയാളുടെ വാക്കുകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ അത് മനസ്സിലാകും. തന്നോടുള്ള വാത്സല്യം കാരണം ഒന്നും പുറത്തു പറയുന്നില്ല എന്നേയുള്ളു.
അമ്മ അങ്ങിനെയല്ല . എവിടെയായാലും കൃഷ്ണന്‍ കൂടെയുള്ളതിനാല്‍ വലിയ കുഴപ്പമില്ല എന്ന മട്ടാണ്.
കാറ്റും കോളുമൊഴിഞ്ഞു ശാന്തമായ മനസ്സോടെ രുക്മിണി വായനാ മുറിയിലേക്ക് കടന്നു .

എഴുതി തീര്‍ന്ന പേപ്പറുകള്‍ അടുക്കിവെച്ചു. ഒരു ഫൈനല്‍ ടച്ച് അപ്പ്‌ കൂടി വേണം.
ജീവിതത്തില്‍ ഒരു കാണ്ഡം കൂടി തീരുന്നതിലുള്ള സന്തോഷത്തോടെ അവള്‍ മനസ്സ് തുറന്നു ചിരിച്ചു . പ്രിയംവദയോട് യാത്ര പറയണം , നഗരത്തിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരിയാണവള്‍ . തീരുമാനങ്ങള്‍ എടുക്കാനാനാതെ പതറിപ്പോയ നിമിഷങ്ങളില്‍ തന്റെ കൂടെ നിന്നിരുന്ന അവളെ മറന്നുകൂടാ . പിന്നെ ഇന്ന് രാത്രി തന്നെ ശിവഗംഗയെ വിളിച്ചു പറയണം. നിന്റെ രുക്കു നാട്ടിലേക്ക് വരുന്നൂന്ന് . .
രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും പ്രണയത്തിന്റെ കെമിസ്ട്രിയില്‍ അവള്‍ക്കു ശരാശരിയിലും കുറവ് മാര്‍ക്ക് മാത്രമേ നേടാനായുള്ളൂ .

ഉള്ളില്‍ വന്ന ചിരിയടക്കി കൊണ്ടവള്‍ ഓര്‍ത്തു . എത്ര നന്നായി പ്രിപ്പെയര്‍ ചെയ്താലും അവള്‍ക്കു അതിനുമുകളില്‍ പോകാനാവുന്നില്ല .നല്ല ഒരു കെമിക്കല്‍ അനലിസ്റ്റായി ശോഭിക്കാന്‍ തനിക്കാവുമെന്നു അവള്‍ക്കുറപ്പുണ്ട് .. പക്ഷെ ജീവിതമതല്ലല്ലോ..
ഗോപികൃഷ്ണനെ കണ്ടു പിടിക്കണം .വെറുതെ...അവനെന്തു ചെയ്യുകയാണെന്ന് ഒരു പിടിയുമില്ല.

അവനെഴുതിയ കത്തുകള്‍ .. അതിലെ വരികള്‍ വീണ്ടും വായിച്ചപ്പോള്‍ . മനസ്സില്‍ നിലാവ് പെയ്യുന്നു . തിളക്കമാര്‍ന്ന നക്ഷത്രമായി അവന്‍ നിറഞ്ഞു നില്‍ക്കുന്നു.
അഗ്രഹാരത്തിനടുത്തു ഏതെങ്കിലും ഒരു സ്കൂളില്‍ ടീച്ചറാവണം .. ഇനിയുള്ള കാലമെങ്കിലും ഒരു അടുക്കും ചിട്ടയോടും ജീവിക്കണം .

നിറഞൊഴുകുന്ന നിളയെപ്പോലെ ആഹ്ലാദത്തിലാണ് അവള്‍ .. ശരികളിലേക്കുള്ള ദൂരം താണ്ടി തൂതപ്പുഴയുടെ ഓരങ്ങളിലൂടെ മനസ്സ് പാറി നടന്നു.
എട്ട്
അമ്പല മണികളുടെ നാദത്തില്‍ അലിഞ്ഞു ചേര്‍ന്ന മന്ത്രധ്വനികള്‍ . ദീപം ചൊരിയുന്ന നെയ്‌ വിളക്കുകള്‍ ..
രുക്മിണി അകമഴിഞ്ഞ് പ്രാര്‍ഥിച്ചു . വരാനിരിക്കുന്ന സൗഭാഗ്യങ്ങല്‍ക്കായി .
കൃഷ്ണാ.. കാപ്പാത്തണേ. പ്രസാദം വാങ്ങി , കളഭം നെറ്റിയില്‍ തൊട്ടു .തുളസ്സിനാമ്പ് മുടിയില്‍ തിരുകി.
കിഴക്ക് കോട മൂടപ്പെട്ടു അവ്യക്തമായ മലനിരകള്‍ക്കിടയില്‍ അഗസ്ത്യന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. എല്ലാം അറിഞ്ഞവനെപ്പോലെ ..ഒരു കള്ള ചിരിയുമായി .

പാട വരമ്പത്ത് കൂടി അവള്‍ നടന്നു. കൂടെ ശിവഗംഗയും .അടുത്ത അഗ്രഹാരത്തിലെതാണ് ശിവ. തടിച്ചുരുണ്ട പ്രകൃതം. ഫുട്ബോളെന്നൊരു ചെല്ലപ്പേര് അവള്‍ക്കുണ്ട്. ആ വിളി കേള്‍ക്കുമ്പോള്‍ അവള്‍ക്കു അരിശം കയറും, കണ്ണുകള്‍ ചുവക്കും മൂക്കിന്‍ കൊടിയില്‍ വിയര്‍പ്പു പൊടിയും .. പിന്നെ പരവശയാകും അവള്‍. എങ്കിലും ഈ ഗുണ്ടുമണി ഒരുപാട് പാവമാണ് . മറ്റുള്ളവരുടെ വിഷമങ്ങള്‍ കാണുമ്പോള്‍ എളുപ്പത്തില്‍ സങ്കടം വരും.പിന്നെ കണ്ണ് പിഴച്ചിലായി. അത് ശരിയായി കിട്ടണമെങ്കില്‍ നേരമേറെയെടുക്കും .
ഗോപികൃഷ്ണനെ കൂടാതെ ബാലസുബ്രമണ്യനും രാമാനാഥനും ആണ് രുക്മിണിയുടെ ആണ്‍സുഹൃത്തുക്കള്‍ . ശിവയുടെ പരിഭവം അതാണ്‌ .. രുക്കു നിനക്ക് ആണ്‍കുട്ട്യോളെയാണ് ഏറ്റം ഇഷ്ടം . ശെരിക്കും നീ ആണാവെണ്ട്യതാ .. ഭഗവാന്റെ ഒരു കൈത്തെറ്റ്,
അല്ലാതെന്താ ? രുക്കു ചിരിച്ചു കൊണ്ട് തലകുലുക്കും, അല്ലെങ്കിലത്‌ മതി അവള്‍ക്കു കരയാന്‍.
കുപ്പിവളകള്‍ കുലുക്കി ചിരിച്ചു കൊണ്ട് തൂതപ്പുഴയൊഴുകുന്നു ..
ഇടയ്ക്കുയര്‍ന്നു നില്‍ക്കുന്ന ചെറുപാറകൂട്ടങ്ങളില്‍ തട്ടി കുപ്പിവളകള്‍ ഓരോന്നായി ഉടയുന്നു. പൊട്ടിയ വളക്കഷണങ്ങള്‍ ചേര്‍ത്തുവെച്ചു കൊണ്ടവള്‍ സ്വപ്നങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു . ഉറക്കത്തിന്റെ ഉയരങ്ങളിലെവിടെയോ അവള്‍ പൊട്ടിച്ചിരിച്ചു .
ഒന്‍പത്
രുക്കു .. നിനക്കെന്താ പറ്റിയേ .. അവള്‍ സ്വയം ചോദിച്ചു.
നാട്ടിലേക്കുള്ള മടക്കത്തിന്റെ ത്രില്ലിലാണവള്‍ ..
അടുക്കും ചിട്ടയോടെ , ബാല്യം , കൌമാരം... ഇന്നലെകള്‍ മനസ്സില്‍ ചിത്രങ്ങള്‍ നിറയ്ക്കുകയാണ് .
വൈകീട്ട് വന്നു സാധനങ്ങള്‍ പാക്ക് ചെയ്യണം . റിസൈന്‍ ചെയ്തതിന്റെ കണ്‍ഫോര്‍മേഷന്‍ കിട്ട്യാല്‍ എത്രയും വേഗം നാട് പിടിക്കണം.
ഐഷെയ്ഡും ലിപ്സ്റ്റിക്കും ജനലിലൂടെ അവള്‍ പുറത്തേക്കെറിഞ്ഞു.
ഇനി ചമയങ്ങളധികം വേണ്ട .. നാട്യങ്ങള്‍ ഏറെയില്ലാത്ത പച്ചയായ ഒരു ജീവിത ക്രമത്തിന്റെ റിഹേര്‍സല്‍ നടത്തുന്ന മൂഡിലായിരുന്നു .
മുകളിലെ വരാന്തയിലിരുന്നു സുബ്ബരായന്‍ മുടിയില്‍ ഡൈ ചെയ്യുകയാണ് . വെള്ളി നരകളെ ഓരോന്നായി വേര്തിരിച്ചെ ടുത്തു കറുത്ത ചായം തേച്ചു പിടിപ്പിക്കുകയാണ് വാര്‍ദ്ധക്യത്തിന് വിട്ടു കൊടുക്കാതെ അതീവ ശ്രദ്ധയോടെയാണ് തന്റെ ഓരോ ദിനചര്യയും അയാള്‍ നടത്തി കൊണ്ടു പോകുന്നത് . മാര്ദ്ധവമുള്ള തന്റെ തുടുത്ത കവിള്‍ത്തടങ്ങളിലൂടെ വെറുതേ വിരലൊടിച്ചു .എന്നിട്ടയാള്‍ കണ്ണാടിയില്‍ തന്റെ മുഖം നോക്കി.
യുദ്ധം ജയിച്ച ഒരു പടയാളിയുടെ മുഖമാണ് അവിടെ അയാള്‍ കണ്ടത്. തന്റെ ആരോഗ്യത്തില്‍ അഭിമാനം കൊണ്ടു. വാര്‍ദ്ധക്യത്തെ തളച്ച് യവ്വനം തിരിച്ചു പിടിച്ചതിലുള്ള സന്തോഷം അയാളുടെ മുഖത്തു തെളിഞ്ഞു നിന്നു .
തുശനിലയില്‍ തുമ്പപ്പൂ പോലെയുള്ള ഇഡ്ഡലിയെടുത്തു വെച്ചു . തനിക്കിഷ്ടപ്പെട്ട വെങ്കായ സാമ്പാര്‍ അതിലെക്കൊഴിച്ചു കൊണ്ടവള്‍ വിളിച്ചു പറഞ്ഞു
അപ്പാ .. നമുക്ക് തിരിച്ചു നാട്ടിലേക്ക് പോകാം .. എന്തോ നഗരം മടുപ്പുണ്ടാക്കുന്നു.
സുബ്ബു ഉള്ളില്‍ ചിരിച്ചു , മുഖത്തു അല്പം ഗൌരവം വരുത്തി ചോദിച്ചു .. മോള്‍ക്കിപ്പം അങ്ങിനെ തോന്നാന്‍.?
മടുത്തു അപ്പാ .. നമ്മടെ പുന്നെല്ലിന്റെ ചോറും പാവക്കാത്തോരനും കൊത്യാവുന്നു അപ്പാ... ഒരു ചെറു കൊഞ്ചലോടെ അവള്‍ മൊഴിഞ്ഞു.
കമലം .. ഇവളെന്ന്യ ശൊല്ലര്‍തെന്നു തെരിയുമോ നിനക്ക് , നാട്ടിലേക്ക് തിരുമ്പിപ്പോറാന്നു
നല്ല കാര്യം താനേ ..അവള്‍ വതില്‍ ശൊന്നു.
സുബ്ബുവിന്റെ മുഖത്തു സന്തോഷം അലതല്ലി. മുഖം അയാള്‍ തന്റെ ബനിയനില്‍ തുടച്ചു .. രുക്കുവിനോട് ചോദിച്ചു എപ്പോഴാ പോണേ ?
ശനിക്കിഴമേ ...അവള്‍ പറഞ്ഞു .
തിരിച്ചു പോകുന്ന കാര്യം പ്രിയയോടു പറഞ്ഞപ്പോള്‍ ആദ്യമവള്‍ക്ക് അരിശമാണ് വന്നത്. തനിക്കെന്തിന്റെ കേടാ ?

ശരി നിന്റ്യിഷ്ടം അതാണെങ്കില്‍ പിന്നെ എന്ത് പറയാനാ ? ഇല്ലേലും നിനക്ക് നല്ലത് ആ പട്ടിക്കാട് തന്നെ .
അപ്പാവും അമ്മാവും സാധനങ്ങള്‍ കെട്ടിപ്പെറുക്കി വയ്ക്കുന്ന തിരക്കിലാണ്.
നാളെ ഒരു ദിവസം മാത്രമേ തനീ നഗരത്തിലുണ്ടാവൂ. .. പിന്നെ...
മുന്നിലെ ഷോപ്പിംഗ്‌ മാളിലെ തിരക്ക് കൂടുകയാണ് .. ജനലിലൂടെ നോക്കിയാല്‍ മുന്നിലെ നാല് വരി പാതയും ഷോപ്പിംഗ്‌ മാളും പെട്രോള്‍ പമ്പും അവള്‍ക്കു വ്യക്തമായി കാണാം .
ആളുകള്‍ക്കെന്തു തിരക്കാണാവോ.. എല്ലാവരും സാധനങ്ങള്‍ വാരിക്കൂട്ടന്നത് പോലെ ..
നാളെ ലോകം അവസാനിക്കുകയാണോ ?
എന്തിനാണിവര്‍ ഇത്രേം സാധനങ്ങള്‍ ഒന്നിച്ചു വാങ്ങിക്കൂട്ടുന്നത്. ..
ഡീസലും പെട്രോളുമടിക്കുന്നതിനു വാഹനങ്ങളുടെ നീണ്ട നിര ..
എന്തോ ഒരത്യാഹിതം സംഭാവിക്കാനുള്ളത് പോലെ.. അവള്‍ക്കു തോന്നി.
മനസ്സില്‍ ആശങ്ക പടര്‍ന്നു. ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് അവളാശിച്ചു..
മാലിന്യങ്ങളെ ഇല്ലായ്മ ചെയ്തു ശുദ്ധമാക്കപ്പെട്ട ഭൂമിയെ കുറിച്ച് അവളോര്‍ത്തുപോയി .ദുരിതങ്ങളകന്ന് , ഊര്‍വ്വരമായ ഭൂമിയെക്കുറിച്ച്.
ഒരു കനത്ത മഴ കൂടിയേ തീരൂ .
വികലവും വിഫലയുമാക്കപ്പെട്ടയീ ഭൂവിന്റെ നഗ്നത മാറിയെ മതിയാവു...
പച്ചപ്പട്ടു കൊണ്ട് നഗ്നമേനി മറയ്ക്കാന്‍ ഒരു കനത്ത മഴയ്ക്കായി അവള്‍ സര്‍വേശ്വരനോട് അകമുരുകി പ്രാര്‍ഥിച്ചു .

പരന്നു കിടക്കുന്ന പുഞ്ചപ്പടങ്ങളിലൂടെ ചെറു മീനുകളെപ്പിടിച്ചും വരമ്പിരുമ്പുകളില്‍ വെള്ളം തേവിയും രുക്കു തന്റെ ബാല്യത്തെ തിരികെ കൊണ്ടുവന്നു.
പൂക്കളുടെ ആകാശത്തിനു കീഴെയുള്ള തന്റെ കൌമാരത്തെയും .
പത്ത്
അത്യാവശ്യങ്ങളുള്ളത് മാത്രമെടുക്കുക .അനാവശ്യമായി നഗരത്തെ ഗ്രാമത്തിന്റെ വിശുദ്ധിയുടെ മേല്‍ കേട്ടിയെല്‍പ്പിക്കരുത് . സാധനങ്ങള്‍ പാക്ക് ചെയ്യുമ്പോള്‍ രുക്മിണി മനസ്സിലുറപ്പിച്ചത് അതായിരുന്നു . അടുത്ത കാലത്തായി അവള്‍ ചെയ്ത പെയിന്റിങ്ങുകള്‍ നോക്കി ഒരു നിമിഷം അറച്ചുനിന്നു . വേണോ ?
ഈ വരകളില്‍ നഗരത്തിന്റെ ആത്മാവുണ്ട്. മറക്കാന്‍ ശ്രമിക്കുന്ന ഭൂതകാലത്തെ ഓര്‍മ്മയില്‍ കൊണ്ടുവരാന്‍ ഇത് ഇടയാക്കിയേക്കും .
വേണ്ട അല്ലേ...സ്വന്തം മനസ്സാക്ഷിക്കു മുന്നില്‍ അവളൊരു ചോദ്യമെറിഞ്ഞു കൊടുത്തു .
ഇപ്പോള്‍ താന്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ രതിയുടെ അംശം വളരെ കൂടുതലാണെന്ന അഭിപ്രായം അവള്‍ക്കു സ്വയമേവയുണ്ട് .
ആസ്വാദക പക്ഷത്തുനിന്നും സൌഹൃദ സംവാദങ്ങളില്‍ പ്രശംസ ഏറെ കിട്ടുന്നുണ്ടെങ്കിലും , വാസ്തവമായി ഇത് നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അവളുടെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി .
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ഒരുപാട് സമ്മാനങ്ങള്‍ തനിക്കു വാങ്ങിത്തന്ന ചിത്രം തന്നെയെടുക്കാം .
ഇന്ത്യന്‍ ഇങ്കിലുള്ള നാല് വരകള്‍ .. അതൊരു സ്ത്രീയുടെ അരക്കെട്ടാവുന്നു.നടുവിലൊരു കറുത്ത വൃത്തം .വൃത്തത്തിനു മുകളിലായി ചുവന്ന മഷിയില്‍ വലതു കൈപ്പത്തി മുക്കി തന്റെ അഞ്ചുവിരലുകള്‍.
നഗരത്തിലെ ബുദ്ധിജീവികള്‍ അതിനു നല്‍കിയ മാനങ്ങള്‍ .. ലോക തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടെണ്ടതാണെന്നു മൈക്കിന് മുന്നിലവര്‍ തൊണ്ട കാറിയപ്പോള്‍ ,കണ്ണുകളടച്ചു നിശബ്ദമായി ഉള്ളില്‍ ചിരിക്കുകയായിരുന്നു അവള്‍ .
അവളെ സംബന്ധിച്ചിടത്തോളം വിരസമായ ഏതോ സായാഹ്നത്തിലെ ഭ്രാന്തന്‍ ചിന്ത മാത്രമായിരുന്നു അത് .
പതിനൊന്ന്
രാത്രി ഏഴുമണിക്കാണ് ബസ്സ് .
സെക്കന്റുകള്‍ , മിനിറ്റുകള്‍.. അവ മണിക്കൂറുകളായി തീരുന്നത് അവള്‍ അക്ഷമയോടെ കാത്തിരുന്നു .
ശിശിരമൊഴിഞ്ഞു വസന്തം വരുന്നതിനുള്ള തയ്യാറെടുപ്പുകളുമായി .
ഗ്രാമത്തിലേക്കുള്ള ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്. അപ്പാവിനെയും അമ്മാവിനെയും കൂട്ടി രുക്കു ബസ്സിനകത്തേക്ക് കയറി .
വീക്കെന്റായത് കാരണം ആവാം ബസ്സില്‍ നല്ല തിരക്ക് .
അതല്ല എന്നെപ്പോലെ നഗരമുപേക്ഷിച്ചു പോകുന്നവരായിരിക്കുമോ ഇതില്‍ കൂടുതലും .. അങ്ങിനെയാവട്ടെയെന്നു മനസ്സ് പ്രാര്‍ഥിച്ചു .
വിന്‍ഡോ ഗ്ലാസ്സിലൂടെ നഗരത്തിന്റെ ബിംബങ്ങള്‍ ഓരോന്നായി പുറകോട്ടു പാഞ്ഞു .വിശാലമായ ഇരുള്‍പരപ്പില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഒറ്റപ്പെട്ട ഹെഡ് ലൈറ്റുകള്‍ നിരത്തില്‍ , വിജനതയെ മുറിച്ചു .
ചുരം കയറുമ്പോള്‍ ബസ്സ് ഞെരങ്ങുന്നത് കേള്‍ക്കുമ്പോള്‍ നഗരത്തിന്റെ അവസാന നിശ്വാസമായാണ് അവള്‍ക്കു തോന്നിയത്.
പുറത്തു നിന്നും അടിച്ചു കയറിയ കാറ്റ് അവളെ പാതി മയക്കത്തിലേക്ക് കൊണ്ടുപോയി . മെല്ലെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ..
മഞ്ഞുപാളികള്‍ക്കുള്ളിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യന്‍ .ഏതോ അമ്പലത്തില്‍ നിന്നും ഉയരുന്ന നാദധ്വനികള്‍ അവളെ ഉണര്‍ത്തി .
ഗ്രാമത്തോടു അടുക്കുകയാണ് .
ശുക്ലാംബരധര വിഷ്ണും ... ശശിവര്‍ണ്ണം ചതുര്‍ഭുജം ...
പ്രസന്നവദനം ധ്യായെ .. സര്‍വ്വ വിഘ്നോപശാന്തയെ ...
അവളുടെ കര്‍ണ്ണങ്ങളില്‍ ഒഴുകിയെത്തി. മനസ്സില്‍ അശാന്തി ഒഴിഞ്ഞത് പോലെ അവള്‍ക്കു തോന്നി. അവള്‍ സൂര്യനും പ്രപഞ്ചത്തിനും നന്ദി പറഞ്ഞു .

No comments:

Post a Comment