ശവതാളം
(ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതുന്ന കൂടംകുളത്തെയും മുല്ലപ്പെരിയാറിലേയും
എന്റെ സഹജീവികള്‍ക്കായി ഈ കവിത സമര്‍പ്പിക്കുന്നു .)
സ്പന്ദമാപിനികള്‍ക്കന്യമീ ഹൃദയരോദനം
ഹൃദയരേണുക്കളില്‍ ഒതുങ്ങുന്നതല്ലീ
നെഞ്ചിടിപ്പിന്‍ ധ്രുതതാളം
പരസ്പരം പഴിചാരി തീര്‍ക്കേണ്ടതല്ലീ
ആവിയാകും നിശ്വാസങ്ങള്‍
ഉക്കത്തെ കുഞ്ഞിനെ നിലത്തുവെച്ചു
ഉറയുന്ന കോലങ്ങളെ മനസ്സില്‍ ധ്യാനിച്ചു
ഉറയിലെ വാള് കയ്യിലെടുത്ത്
ഉരിയാടാ പൈതങ്ങള്‍ ഉര ചെയ്തതിത്ര മാത്രം
ചോര്ച്ചകള്‍ തീര്‍ക്കുവാനിനി
കുമ്മായക്കൂട്ടുകള്‍ വേറെയില്ലെന്നത്
അറിയുക പ്രീയരെ ,കേവലമൊരു യാഥാര്‍ത്ഥ്യമതു
നീ പോലെ നിന്‍ പകല്‍ സത്യം
ഉയരുന്ന ജലനിരപ്പില്‍ ഉടയുന്ന മിടിപ്പുകള്‍
ശവതാളമായി തീരും ധ്രുത താളമിത്
ഊര്‍ജ്ജത്തിനായി സ്വയമുരുകും
മെഴുകുതിരിയല്ലിത് ഓര്‍ക്കുക നിങ്ങളും
ഇതെന്റെ ജീവന്റെ താളം പച്ചയായ നേരിന്റെ താളം
മരിക്കും വരെ ജീവിക്കണമെനിക്കു
മരിക്കാതെ മരിക്കുവാന്‍ വയ്യായെനിക്കു
എന്റെ നെഞ്ചിടിപ്പിന്‍ ധ്രുത താളം ശരവേഗത്തിലാകുന്നു
അതു നിന്റെ സ്പന്ദമാപിനികള്‍ക്കന്യം
ദാനമല്ലെന്റെ ജീവിതമെന്നതു
ഓര്‍ത്തീടുക നീയും നിന്റെ കൂട്ടരും
മരിക്കുമെങ്കില്‍ നമുക്കൊരുമിച്ചു മരിച്ചീടാം
കരുതുക , എന്റെ കൂടെയവസാന
യാത്രയില്‍ നീയുമുണ്ടെന്നതും മറന്നുകൂടാ
ഇരുകൈകള്‍ നെഞ്ചോട് ചേര്‍ത്തു
ഉള്ളമുരുകി കേഴുന്നു നിന്നോട് ഞാന്‍
സമര സഹന മുഖങ്ങളില്‍ വന്നിറങ്ങും
ശിഖണ്ഡിയാകാതെ പൊരുതുക നീ
പരസ്പരം കൈകള്‍ കോര്‍ത്തീടാം
നമുക്കു നമ്മെ കാത്തിടാം
വളര്‍ന്നിടുമീ ശവരാഗത്തില്‍
ചേര്‍ത്തിടാം നമുക്കിനിയവസാന ശ്വാസം
ഇല്ലാ .., മരണത്തിന്‍ പൂമുഖത്തു
നീയും ഞാനുമായി വ്യത്യാസമേതും .
അറിയുക , കരുതുക , പൊരുതുക
നമുക്കൊന്ന് ചേര്‍ന്ന് ഒന്നായി തീര്‍ന്നിടാം .
അറിയുക , കരുതുക , പൊരുതുക
നമുക്കൊന്ന് ചേര്‍ന്ന് ഒന്നായി തീര്‍ന്നിടാം .
No comments:
Post a Comment