Friday, December 9, 2011

അപ്രീയ ചിത്രങ്ങള്‍

അപ്രീയ ചിത്രങ്ങള്‍

കഥ ..

ടി.സി.വി.സതീശന്‍


റിക്ടര്‍ സ്കെയിലില്‍ 6 കടന്നു . ഭൌമ ശാസ്ത്രഞ്ജരും ജിയോളജിക്കല്‍ സര്‍വ്വേയിലെ ഉദ്ധ്യോഗസ്തരും വന്‍ ഭൂചലനത്തിനുള്ള സാധ്യതകള്‍ പ്രവചിച്ചു .ജനം പരിഭ്രാന്തരരായി ... വെട്ടിപ്പിടിച്ച സര്‍വ്വമാന സ്വത്തുക്കളും കെട്ടിപിടിച്ചവര്‍ കരഞ്ഞു . വന്ന വഴികളിലെ നേരും നെറിയും പരിശോധിച്ചു . അതിലെ പതിരുകള്‍ നേരിനെ ഇല്ലാതാക്കി . നെറികേടിന്റെ ഒരു ജന്മം , അതവരുടെ മനസ്സിനെ അസ്വസ്ഥമാക്കി . ചതിവിന്റെ വഴിയിലൂടെ പടുത്ത ജീവിതത്തിന്റെ പകിട്ടുകള്‍ ഇല്ലാതാവുകയാണല്ലോ ?
വട്ടമിട്ടു പറക്കുന്ന ശവംതീനി പരുന്തുകള്‍ ആകാശത്ത്‌ മനുഷ്യമാംസത്തിന്റെ മണം ആസ്വദിക്കുകയാണ് . കുലംകുത്തിയോഴുകുന്ന പുഴ സംഹാരനൃത്തം ആടുന്നു. പിഷാരടി ബാലഗംഗാധരനോട് പറഞ്ഞു .. കെട്ടിപ്പടുത്തതെല്ലാം തകര്ന്നടിയുകയാണല്ലോ മാഷേ . എല്ലാം ഒരു കലങ്ങിത്തെളിയലിന്റെതായിരിക്കും അല്ലെ , ഒരു ജീവിതം മുഴുവന്‍ നേടിയത് നിമിഷം കൊണ്ടില്ലാതാവുന്നതിന്റെ വേദന അയാള്‍ മാഷുമായി പങ്കിട്ടു . സീസോ സ്കെയില് കള്ളം പറയില്ലെന്ന പൊതു ധാരണയില്‍ അയാള്‍ മരണത്തിന്റെ ഇരുണ്ട മുഖം കണ്ടു . വൃഥാവിലായ സന്തോഷങ്ങളെ നെഞ്ചിലോതുക്കി .

പറുക്കിയെടുക്കാനുള്ളതെല്ലാം എടുക്കുക .. വേഗമാകട്ടെ , ബാലഗംഗാധരന്‍ ഭാര്യയോടു പറഞ്ഞു . അപ്രീയമെങ്കിലും മരണം മുന്നിലൊരു പകല്‍ചിത്രമായി നിലകൊണ്ടു . എത്രയും വേഗം ഒഴിഞ്ഞു പോകുക , ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പുകള്‍ തുടരത്തുടരെ അനൌണ്സ് ചെയ്യപ്പെപ്പെട്ടു. ചെറിയ ഭാണ്‍ഠങ്ങളില്‍ ഒതുക്കിയ ജീവിതവര്‍ണ്ണങ്ങള്‍ തോളിലും തലയിലുമായി പേറി അയാള്‍ നടന്നു ..മലകളിറങ്ങണം കുന്നുകള്‍ താണ്ടണം. മലയിടിച്ചലിന്റെ ശബ്ദം അയാളുടെ കാതുകളില്‍ മുഴങ്ങി. വന്മരങ്ങള്‍ കടപുഴകുന്നു ..അയാള്‍ തന്റെ കുട്ടിയെ മാറോട് ചേര്‍ത്തു .അവള്‍ അയാളെ ചേര്‍ന്ന് നടന്നു .
ഭൂമിയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുന്നു .മലയിടിച്ചില്‍ ഘോരശബ്ദങ്ങളുണ്ടാക്കി ഉരുള്‍പൊട്ടലായി തീര്‍ന്നു . അസ്ഥിരമായ അടിത്തറകളില്‍ കെട്ടിപ്പടുത്ത വലിയ ആസ്തിബലമുള്ളവരുടെ മനസ്സിലെ കരിങ്കല്ലുകള്‍ ചിതറിത്തെറിച്ചു . അതിന്റെ ചീളുകള്‍ അടിവാരത്തെ ചെറുകുടിലുകള്‍ തകര്‍ത്തു . പലായനത്തിന്റെ വഴികളിലെവിടെയോ അയാള്‍ക്ക്‌ ഭാര്യയെ നഷ്ടപ്പെട്ടു . രക്ഷപ്പെടുക .. കാതുകളില്‍ മുഴങ്ങിയത് അത് മാത്രമായിരുന്നു . കുഞ്ഞിനെ മാറോട് ചേര്‍ത്തു ശക്തമായ പുഴയോഴുക്കില്‍ അയാള്‍ ആയാസത്തോടെ ദൂരങ്ങള്‍ നീന്തി . ആശ്വാസത്തിനായി കയ്യില്‍ കിട്ടിയ പൊള്ളമരത്തെ കെട്ടിപ്പിടിച്ചു .മരണത്തെ മറികടക്കാനുള്ള മനസ്സിന്റെ വെമ്പലില്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അയാള്‍ക്ക്‌ ചിന്തിക്കാനേ ആയില്ല .
സഹനങ്ങള്‍ക്കപ്പുറം തന്നെ വിവസ്ത്രയാക്കപ്പെട്ടതില്‍ മനുഷ്യകുലത്തോട് ഭൂമിക്കുള്ള രോഷം ഇങ്ങിനെ തീര്‍ക്കുകയായിരിക്കണം , ബാല ഗംഗാധാരന്റെ മനസ്സില്‍ തത്വജ്ഞാനം പൊന്തി .പിഷാരടി പറഞ്ഞതിലും കാര്യമില്ലേ ? എല്ലാം ഒരു കലങ്ങിത്തെളിയലിനായിരിക്കും ല്ലേ .. പുഴ കാരുണ്യം കാണിച്ചില്ല എതിരെ വന്ന ഒഴുക്കിലെപ്പോഴോ കരുതിവെച്ച ഭാണ്ഠങ്ങളും കുഞ്ഞും അയാള്‍ക്ക് നഷ്ടമായി.
കുലംകുത്തുന്ന നീരൊഴുക്കില്‍ പോയകാലത്തെ കുറിച്ചുള്ള ഓളങ്ങള്‍ അയാളില്‍ ശക്തമായി . പുഴ പ്രളയമായി .. അന്നുവരെ വിലപ്പെട്ടാതെന്നു കരുതിയതെല്ലാം കണ്മുന്നില്‍ ഒലിച്ചില്ലാതാവുകയാണ് .ജനറല്‍ ആശുപത്രിയിലെ ഇരുപത്തിമ്മൂന്നാം നമ്പര്‍ ബെഡ്ഡില്‍ പഴുത്തളിഞ്ഞ വൃണങ്ങളില്‍ ഈച്ചയാര്‍ത്തു ഞെരങ്ങുന്ന അച്ഛന്റെ മുഖം അപ്രീയചിത്രമായി അയാളുടെ മനസ്സില്‍ എത്തി . ഞെരക്കങ്ങളില്‍ മുഴങ്ങികേട്ട പാഴ്ജീവിതത്തിന്റെ ശൂന്യതകളെ മനസ്സിലാക്കാന്‍ അന്നയാള്‍ക്ക് കഴിഞ്ഞില്ല . സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു , വാമഭാഗത്തിന്റെ പ്രേരണയാല്‍ പുതിയ അസ്ത്രങ്ങള്‍ തൊടുക്കാനുള്ള വെമ്പലായിരുന്നു മനസ്സില്‍. വൃദ്ധസദനത്തിലെ ഓടുമേഞ്ഞ മേല്ക്കൂരകള്‍ക്കടിയില്‍ ശാപവാക്കുകള്‍ ചൊരിഞ്ഞ അമ്മയെ അയാള്‍ കണ്ടില്ല . യുദ്ധമുഖത്ത് താന്‍ ഗളഛെദം ചെയ്ത ഉരുളുന്ന തലകളെയും കണ്ടില്ല , ഒഴുകുന്ന നിണം നോമ്പരപ്പെടുത്തിയില്ല . വെട്ടിപ്പിടിക്കാനുള്ള വാശിയായിരുന്നു അയാള്‍ . അനന്തരം വന്നുപെട്ട ഈ ശുന്യത അയാളില്‍ ഭയാശങ്കകള്‍ വളര്‍ത്തി . സ്വാര്‍ത്ഥതയുടെ ആകാശത്തിലെ നിരര്‍ത്ഥകതയില്‍ പരിതപിച്ചു. മരണത്തിനു മുന്നില്‍ തകര്‍ന്നടിയുന്ന ഗോപുരങ്ങളെയോര്‍ത്തു വിലപിച്ചു .

മരണം പ്രകൃതി നിശ്ചയം...സത്യം അത് മാത്രമാണ് . ആടിത്തീര്‍ന്ന വേഷങ്ങളെ കുറിച്ച് പരിഭവിക്കേണ്ടതില്ല . നിയോഗം ജീവിച്ചു തീര്‍ത്തു എന്നയാള്‍ സമാധാനിച്ചു . സ്വച്ഛന്ദമായ നിദ്ര .. മറ്റൊന്നിനെക്കുറിച്ചും അയാള്‍ ചിന്തിച്ചതേയില്ല .സദ്‌ച്ചിദാന്ദമയമായ ആ അവസ്ഥയിലേക്ക് അയാള്‍ നടന്നടുക്കുകയാണ് . ആഴിയുടെ വിശാലമായ പരപ്പിലേക്ക് , അതിന്റെ ആഴങ്ങളിലേക്ക് ഭയങ്ങളും ഭയാശങ്കകളും ഇല്ലാതെ ഒരുതരം നിസ്സംഗതയോടെ , നിസ്സഹായതയോടെ അയാള്‍ അടുക്കുകയാണ് .ശവംതീനി പരുന്തുകള്‍ ആകാശത്ത്‌ വികൃത ശബ്ദങ്ങള്‍ ഉണ്ടാക്കി പാശ്ചാത്തല സംഗീതമൊരുക്കി . പ്രകൃതി അതിന്റെ അതിന്റെ താളത്തില്‍ ചിരിച്ചു .

No comments:

Post a Comment