Thursday, December 8, 2011

അവസ്ഥാന്തരം

അവസ്ഥാന്തരം

കഥ ..

ടി.സി.വി. സതീശന്‍


കനം കുറഞ്ഞ മടിശ്ശീലയില്‍ കൈവിരലുകള്‍ അമര്‍ത്തികൊണ്ട് അയാള്‍ ഒരു നിമിഷം ഇരുന്നു . തുഴ നഷ്ടപ്പെട്ട് കാണാക്കയത്തില്‍ അകപ്പെട്ടുപോയവന്റെ നൊമ്പരം , കത്തിയെരിയുന്ന ജീവിതത്തിന്റെ മുന്നിലെ നീണ്ട പകപ്പ് ...തന്റെ കെട്ട ജീവിതത്തില്‍ അയാള്‍ക്ക്‌ മനസ്താപമുണ്ട് . ഒരു ലാര്‍ജു കൂടി .. അയാള്‍ ബെയററോട്‌ വിളിച്ചു പറഞ്ഞു . കത്തിയെരിയുന്ന സിഗാറിന്റെ ചാരം അയാള്‍ മുന്നിലെ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ തട്ടി. അകലങ്ങളിലേക്ക് പ്രകാശം പരത്തുവാന്‍ കഴിയാത്തതില്‍ ആത്മപീഡ അനുഭവിക്കുന്ന മെഴുകുതിരി . മുന്നില്‍ അത് സ്വയം ഉരുകിയില്ലാതാവുന്നു . സിഗാറില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകള്‍ വൃത്തങ്ങളും ഗോളങ്ങളും ആയിത്തീരുന്നു. പിന്നീട് അതൊന്നുമല്ലാതായി വായുവില്‍ അലിഞ്ഞു ചേരുന്നു .
ഓര്‍ത്തുവെയ്ക്കേണ്ടതോ കൊട്ടിഘോഷിക്കെണ്ടാതോ ആയ ഒരു ബാല്യമോ കൌമാരമോ അയാള്‍ക്കില്ല . സാധാരണ ചുറ്റുപാടില്‍ വളരെ സാധാരണം മാത്രമായ ഒരു ജീവിത ചക്രം . പകലുകളില്‍ സൂര്യനുദിക്കുകയും രാത്രിയില്‍ ഇരുള് പടരുകയും ചെയ്യുന്ന സ്വഭാവികതകള്‍ നിറഞ്ഞ ജീവിതം . കൌമാരത്തില്‍ വിശാലമായ തൊടികളില്‍ ഒരു തൊട്ടാവാടിയായി അയാള്‍ സ്വയം ഉള്‍വലിഞ്ഞു . ഏകാന്തതയുടെ പുറംതോടുകള്‍ക്കുള്ളില്‍ തേഞ്ഞുപോയ ഒരു കുറ്റിപ്പെന്സില്‍ ആയിതീര്‍ന്നു ബാല്യം . പിന്നിപ്പോയ ഷര്‍ട്ടിന്റെ അടര്‍ന്നുവീണ ബട്ടനുകളില്‍ ഉടക്കിനിന്ന ബാല്യത്തെ കുറിച്ച് അയാള്‍ എന്ത് ഓര്‍ത്തുവെയ്ക്കാനാ
പ്രണയവര്‍ണ്ണങ്ങളില്‍ തീര്‍ത്ത ഒരു യവ്വനം ആയിരുന്നില്ല അയാളുടേത്. ആര്‍ത്തിയുടെ കണ്ണുകള്‍ പുസ്തകങ്ങളെ തേടി നടന്നു . അയാളുടെ കാമനകള്‍ക്ക്‌ നിറം കൊടുത്തത് പുസ്തകങ്ങളായിരുന്നു. പ്രണയവും ഭോഗവും വായനയുടെ പരന്ന കടല്‍പ്പുറങ്ങളായി . അയാളുടെ ആകാശത്തു നക്ഷത്രങ്ങള്‍ പൂത്തതേയില്ല .

മദ്യം രക്തത്തില്‍ കലര്‍ന്നു .. സിരകള്‍ വഴി അത് തലച്ചോറിനെ കീഴടക്കിയെന്നു തോന്നുന്നു. കാമുവും കാഫ്കയും അയാളുടെ ചിന്തയില്‍ മാറിമാറി തെളിഞ്ഞു . ചെവികള്‍ക്ക് നീളം വയ്ക്കുന്നതായി അയാള്‍ക്ക്‌ തോന്നി. നീണ്ട കഴുതചെവികള്‍ക്കിടയില്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന തന്റെ ചെറിയ തല .... കുതിരയുടെ വംശാവലിയില്‍ പെട്ട കഴുതകളെ അയാള്‍ക്കിഷ്ടമാണ് . ചെസ്സ് പലകയിലെ അടഞ്ഞ സഞ്ചാരത്തിലെ കുതിരകള്‍ ശാപമേറ്റുവാങ്ങി കഴുതകളായി തീര്ന്നതാണോ ? പാളിപ്പോയ പ്രതിരോധത്തിന്റെ പിന്നിലെ നിസ്സംഗതയായിരിക്കണം ഒരുപക്ഷെ കഴുതകളുടെ മുഖത്തെ ഈ ദൈന്യത . ചരിത്രത്തിന്റെ നാള്‍വഴികളില്‍ എന്നും കഴുതയുണ്ടായിരുന്നു . അനുസരണയോടെ ആജ്ഞകള്‍ യജമാനന്മാര്‍ക്ക്‌ എന്നും കഴുതകളെ ആവശ്യമായിരുന്നു . ദശാസന്ധികളില്‍ പടുത്തുയര്‍ത്തപ്പെട്ട സാമ്രാജ്യങ്ങളില്‍ എന്നും കഴുതകളുടെ വിയര്‍പ്പും കണ്ണീരുമുണ്ടായിരുന്നു . അയാളുടെ ചിന്തകള്‍ മുറിഞ്ഞുപോയി .
തകര്‍ന്നുകൊണ്ടിരുന്ന സാമ്രാജ്യത്തില്‍ ജനിച്ച് ചെക്ക് ഭാഷ സംസാരിക്കുന്ന സമൂഹത്തില്‍ ജര്‍മ്മന്‍ സസാരിക്കുന്നവനും, ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനും, സ്വാര്‍ത്ഥനും സ്വേച്ഛാപ്രേമിയുമായ പിതാവ് അടക്കി വാണിരുന്ന കുടുംബത്തില്‍ ഏകാകിയും ആയി ജീവിച്ച കാഫ്ക അയാളുടെ മനസ്സില്‍ മിന്നിമായുന്ന ചിത്രമായി . മെറ്റമോര്ഫോസിസ്സിലെ ഗ്രിഗര്‍ സംസായെ പോലെ ജീവിതത്തില്‍ അയാളും ഒരു സെയില്‍സ് റപ്രസെന്റെറ്റിവ് ആയിരുന്നു . അമുക്കുരുവും ജാതിപത്രയും നായ്ക്കുരുണയും അറിയാത്ത മറ്റു ചേരുവകളും ചേര്ത്തുണ്ടാക്കിയ ലേപനം . അയാളുടെ കമ്പനി അയാളെ ഏല്‍പ്പിച്ചത് അതായിരുന്നു . ചുളിഞൊതുങ്ങിയ ലിംഗങ്ങളില്‍ ലേപനം പുരട്ടി. കഴിഞ്ഞുപോയ യവ്വനത്തെ തിരിച്ചുപിടിക്കാന്‍ വ്യാമോഹപെടുന്ന നര ബാധിച്ച സമൂഹം ..അതിന്റെ നിരര്‍ത്ഥകതയോര്‍ത്തു അയാള്‍ ഉള്ളില്‍ ചിരിച്ചു . കാമലീലകളില്‍ ചത്തുവീഴുന്ന അവരുടെ ലിംഗങ്ങള്‍ അയാളില്‍ വെറുപ്പുണ്ടാക്കി .
വളര്‍ന്നു വരുന്ന ചെവികള്‍ അയാളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയില്ല .. ആധിയും ആര്‍ത്തിയും പൂണ്ട വലിയ തലകളെക്കാള്‍ ഭേദമായി വളരുന്ന ചെവികളെ അയാള്‍ കണ്ടു . കുന്തിരിക്കത്തിന്റെ പുക പടര്‍ന്ന ബാറില്‍ മരണത്തിന്റെ മുഖം അയാള്‍ ദര്‍ശിച്ചു . പുകഞ്ഞില്ലാതവുന്ന ശരീരം , കരിഞ്ഞ പച്ചമാംസത്തിന് കുന്തിരിക്കത്തിന്റെ മണം .
അനാര്‍ക്കിസത്തിന്റെ ബോഹിമീയന്‍ യവ്വനത്തിന്റെ ഇടവേളകളിലെപ്പോഴോ അയാള്‍ ചുറ്റുപാടുകളുടെ പകിട്ടില്‍ ആകൃഷ്ടനായി . തന്നെക്കാള്‍ ഒരുപാട് ചെറുപ്പമുള്ള ഭാര്യ .. അവളുടെ പ്രകാശവേഗത്തില്‍ അയാളുടെ ഉട്ടോപ്പ്യന്‍ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു, ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ അയാളുടെ ബോഹിമീയന്‍ മുഖം പകച്ചു നിന്നു . ചടുലമായ താളങ്ങളിലുള്ള പകലുകളെ അയാള്‍ വെറുത്തു.
കയ്യിലെ കടലാസ്സു പൊതി അഴിച്ചു അത് മുന്നിലെ ഗ്ലാസ്സിലേക്ക്‌ തട്ടി. തന്റെ കുറിപ്പുകളില്‍ പ്രകോപിതനായവന്റെ ഉള്ളിലെ തീ കത്തിച്ച അയാളുടെ ആദ്യപുസ്തകത്തിന്റെ ചാരം മദ്യത്തില്‍ ലയിച്ചു ചേര്‍ന്നു . തന്റെ ജീവിതത്തിന്റെ രാശികള്‍ അളന്നു തിട്ടപ്പെടുത്താന്‍ പാടുപെട്ട സര്‍വ്വകലാശാലകളുടെ ബിരുദങ്ങള്‍ തീപ്പെട്ടിക്കോലുകളില്‍ നിന്നുമുയര്‍ന്ന തീയില്‍ കത്തി വെണ്ണീറായി .. ലാഭനഷ്ടങ്ങളുടെ കൂട്ടല്‍കിഴിക്കലിനപ്പുറം ഒഴിഞ്ഞ മദ്യക്കുപ്പികളെ അയാള്‍ വിശ്വസിച്ചു . നിസ്സംഗതയുടെ ആ താടിയെല്ലിന് കൈകള്‍ താങ്ങായി .
മൂക്കിനു നീളം കൂടി വരുന്നതായി അയാള്‍ക്ക്‌ തോന്നി .. ചെറിയ കണ്ണുകളില്‍ ദൈന്യത പടര്‍ന്നു . വലിയ ചെവികള്‍ക്കുള്ളിലെ നീണ്ടുകൂര്‍ത്ത മുഖം .. വലിയ കോന്തന്‍പല്ലുകള്‍ .. നിഷ്കളങ്കമായ കഴുതയുടെ മുഖം . അയാള്‍ ആര്‍ത്തു കരഞ്ഞു. ബാറില്‍ കൂടിയിരുന്നവര്‍ അന്തം വിട്ടു . ഒച്ച കേട്ട സ്ഥലത്തെക്കവര്‍ വെച്ചുപിടിച്ചു .
മദ്യം തലയോട്ടില്‍ കയറുമ്പോള്‍ കഴുതക്കരച്ചില്‍ ബാറില്‍ പതിവാണ്. തീരാത്ത ദു:ഖങ്ങള്‍ കരഞ്ഞു തീര്‍ക്കുക അതല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലല്ലോ . ബെയറര്‍ പരിഭ്രാന്തനായി . ആയിരത്തിനാനൂറ്റി എണ്‍പതിന്റെ ബില്ല് ഇനി ആരു തീര്‍ക്കും ? ഗ്ലാസ് ട്രെയില്‍ നിന്നു ബെയറരെ നോക്കി ചിരിച്ചു . തലപ്പാവിനടിയില്‍ വിയര്‍പ്പുകള്‍ പൊടിഞ്ഞു. കൈകള്‍ തളര്‍ന്നു . ഇത് ആദ്യാനുഭവം ആണ്. കുടിച്ചു കൊണ്ടിരിക്കെ ഒരാള്‍ കഴുതയായി തീരുക .താന്‍ സര്‍വ്വ് ചെയ്തപ്പോഴോന്നും പരിണാമത്തിന്റെ ഈ രൂപമാറ്റം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ബെയറര്‍ സ്വയം പരിതപിച്ചു .
പുറത്തു തെരുവില്‍ വളര്‍ത്തു പന്നികള്‍ യാജമാനന്മാര്‍ക്കായി മുക്രയിട്ടു . അവരുടെ ഉച്ചിഷ്ടങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു .. ദൈന്യതയോടെ അലമുറയിടുന്ന മറ്റു കഴുതകള്‍ക്കൊപ്പം അയാളും നീട്ടിനീട്ടി കരഞ്ഞു. തെരുവ് കരഞ്ഞു തീര്‍ക്കുന്ന ആ ശബ്ദം കൂടി ഏറ്റുവാങ്ങി . വളര്‍ത്തു പന്നികള്‍ കഴുതകള്‍ക്ക് ചുറ്റും കൂടി . ഉച്ചത്തിലുള്ള അവയുടെ മുക്ര കഴുതകളെ ഭയപ്പെടുത്തി . അധിനിവേശത്തിനെതിരെ വളര്‍ത്തുപന്നികള്‍ കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു . അധികാരം നഷ്ടമാകുന്നത് അവര്‍ക്കും ചിന്തിക്കാനാവുന്നതല്ലല്ലോ ? ദല്ലാളന്മാരുടെ വശംകെടുത്തലുകളില്‍ ഭയന്ന കഴുത അനുസരണയോടെ ശിഷ്ടഭാരങ്ങള്‍ കൂടി പേറി ... സഹനത്തിന്റെ പുതുപുത്തന്‍ അദ്ധ്യായങ്ങള്‍ രചിച്ചു.

No comments:

Post a Comment