നോവല്‍
ടി.സി.വി.സതീശന്‍
മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും സൂര്യനുദിച്ചു . വെയില്‍ പരന്നു . കഥ തുടങ്ങുന്നത് സ്ഥലത്തിന്റെ ചരിത്രം മിത്തും യാഥാര്‍ത്യവുമായി കൂട്ടിക്കുഴച്ച് വേണമെന്ന് ശിഖയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചരിത്രമെന്നാല്‍ നാള്‍ കീറിയുള്ള കണക്കെടുപ്പല്ല . അവിടുത്തെ ജീവിതത്തിന്റെ പച്ചപ്പ് പൊടിപ്പും തൊങ്ങലും വെച്ച് അവരുടെ ആംഗ്യങ്ങളിലൂടെ, മുദ്രകളിലൂടെ ,വാക്കുകളിലൂടെ ..അവരുടെ ഭാഷയില്‍ ,ആ നാക്കുകളില്‍ നിന്നും പുറത്തേക്ക് വരുന്ന മണിമുത്തുകള്‍ ഒരു രസച്ചരടില്‍ കോര്‍ക്കുക . അതില്‍ സത്യത്തിന്റെ അംശം അളന്നു തൂക്കി കുറിക്കേണ്ടതില്ല , നേരും പതിരും എല്ലാം കലര്‍ന്ന ഒരു സാങ്കല്‍പ്പിക ഗ്രാമം . അല്ലെങ്കിലത് എല്ലാ ഗ്രാമങ്ങളുടെയും ഒരു കൂട്ടല്‍കിഴിക്കല്‍ ,അത്രമാത്രം .
അവള്‍ പെരുമാള്‍പുരത്തിന്റെ പാടങ്ങളിലൂടെ നടന്നു. വയല്‍വരമ്പിലൂടെ നടന്ന് കുളക്കടവുകള്‍ പിന്നിട്ട് പെരുമാള്‍പുരം അങ്ങാടിയിലെത്തി. ടൈലര്‍ രാമകൃഷ്ണനെ കണ്ടു , ബാര്‍ബര്‍ ഷണ്മുഖനെ കണ്ടു , റേഷന്‍ കടക്കാരന്‍ കുഞ്ഞിക്കണ്ണനെ കണ്ടു . അവര്‍ പറഞ്ഞ തുണ്ടുവാക്കുകള്‍ നോട്ടുബുക്കില്‍ കുറിച്ചെടുത്തു. ചിരുതേയിയെ കാണാന്‍ അവളോട് പറഞ്ഞത് സ്രാപ്പ് ബാലനാണ് . കുഞ്ഞിരാമപ്പൊതുവാള്‍ ഇല്ലാത്ത പെരുമാള്‍പുരം ചരിത്രപരമായി ശരിയാവില്ല . കുഞ്ഞിരാമപ്പൊതുവാളിനെ കുറിച്ച് മാത്രമല്ല പെരുമാള്‍പുരത്തെ ഓരോ ആളിനെകുറിച്ചും ആധികാരികമായി പറയാന്‍ പറ്റുന്ന ആള്‍ ചിരുതേയി ആണ്. ചിരുതേയി പൊതുവാളിന്റെ ഭാര്യയല്ല. പെരുമാള്‍പുരത്തിന്റെ പൊതുസ്വത്താണ് , അവള്‍ക്കെല്ലാം അറിയാം.
അമ്പലമണികള്‍ മുഴങ്ങി . നേരം പുലരുന്നേയുള്ളൂ , പെണ്ണുങ്ങളുടെ കുളക്കടവ് സജീവം . ഇരെഴതോര്‍ത്ത് മാത്രമുടുത്ത് അവര്‍ പരസ്പരം പുറം തേച്ചു കൊടുത്തു . കഴിഞ്ഞ രാത്രിയിലെ പരാക്രമങ്ങള്‍ പറഞ്ഞു ചിരിച്ചു. അതിന്റെ രസം ആസ്വദിച്ച് കുളത്തിലെ മീനുകള്‍ അവര്‍ക്ക് ചുറ്റും കൂടി.. അവരുപേക്ഷിച്ച അജീര്‍ണ്ണങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു . വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് നീട്ടിതുപ്പി ചിരുതേയി തന്റെ നിവര്‍ത്തിവെച്ച കാലുകളില്‍ തടവാന്‍ ശിഖയോടു പറഞ്ഞു . മോളേ .., വല്യമ്മച്ചിക്കു വയ്യാണ്ടായി. അമര്‍ത്തി തടവു ..
പെരുമാള്‍പുരത്തിന്റെ ചരിത്രം ആ നാവില്‍ നിന്നെടുക്കണം , ശിഖ അമ്മച്ചിയുടെ കാലില്‍ അമര്‍ത്തി തടവി. ചരിത്രം ഉപേക്ഷിച്ചു പോകുന്ന കറുത്തപാടുകള്‍ പോലെ വെരിക്കോസിസ് ആ കാലുകളില്‍ ഉണ്ടാക്കിയ കറുത്തപുള്ളികള്‍ അവളില്‍ അറപ്പുണ്ടാക്കി .സിന്ധു സമുദ്രത്തില്‍ പരശുരാമന്‍ എറിഞ്ഞ മഴു കേരളക്കരയെ ഉണ്ടാക്കി. അങ്ങിനെ ഉണ്ടായ ഈ കരക്കും കടല്‍ വെള്ളത്തിന്റെയും പാടത്തെ ചേറിന്റെയും ഉപ്പുരസം ഉണ്ട് . മധ്യാഹ്നങ്ങളില്‍ വീശുന്ന കാറ്റിലെ ഉപ്പുരസം പലരുടെയും മനസ്സിലെ മുറിവുകളെ ഉണക്കിയതായി ചിരുതേയി പറഞ്ഞു. ദ്വയാര്‍ത്ഥമുള്ള ആ പ്രയോഗം ശിഖയ്ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല , എങ്കിലും അവള്‍ തലകുലുക്കി .
അറ്റം നുള്ളിയ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് പുകയിലക്കഷണവും കിളിരടക്കയും വെച്ച് ചുറ്റി അവള്‍ ചിരുതേയിയുടെ വായില്‍ വെച്ചുകൊടുത്തു. കാതു കൂര്‍പ്പിച്ചു , പെരുമാള്പുരത്തിന്റെ ചരിത്രത്തിനായി .. ആധിയും വ്യഥയും ഇല്ലാതെ തങ്ങളുടെ ഭാരിച്ച മുലകളും ചന്തിയും കുലുക്കി പെരുമാള്പുരത്തെ പെണ്ണുങ്ങള്‍ ചിരുതേയിയുടെ ഭാഷയില്‍ ആഘോഷത്തോടെ ജീവിച്ചു. പടിഞ്ഞാറ് പാടിപ്പുഴയില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി . അകക്കൊലായിയില്‍ ഞണ്ടുകള്‍ താവളമുറപ്പിച്ചു . മുറുക്കിന്റെ ഉമിനീരുകള്‍ ചിരുതേയിയെ ഉന്മാദിനിയാക്കി . അവള്‍ തന്റെ ചുളിവുകള്‍ വീണ തുടകളില്‍ താളം പിടിച്ചു. തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് നീട്ടിപാടി. വരളുന്ന തൊണ്ടയിലേക്ക് ശിഖ വെള്ളം പോര്‍ന്നുകൊടുത്തു .
ശിഖ ചിരുതേയിയുടെ താടിയില്‍ തട്ടി ,കവിളില്‍ ഉമ്മ വെച്ചു. പെരുമാള്‍പുരത്തിന്റെ നാള്‍വഴികള്‍ക്കായി വീണ്ടും വെറ്റിലകൂട്ടിയുള്ള മുറുക്ക് അവരുടെ വായില്‍ തിരുകി വെച്ചു. ഷണ്മുഖവിലാസം ക്ലബ്ബിനെ കുറിച്ച് . കുഞ്ഞിരാമാപോതുവാള്‍ കൊണ്ഗ്രസ്സും , സോഷ്യലിസ്റ്റും , കമ്മ്യുണിസ്റ്റുമായ കഥ പിന്നെ അതൊന്നുമല്ലാതായി തീര്‍ന്നതിന്റെ പിന്നിലെ കഥകള്‍ അങ്ങിനെ എല്ലാമറിയണം . ഒറ്റുകാരനായ അധികാരിയെകുറിച്ച് , അടിയോടിയെ കുറിച്ച് ചിരുതേയിയുടെ തിരുനാക്കില്‍ നിന്നും എല്ലാം വരണം . ഒരു നാടിന്റെ തീര്‍ന്നുപോയ സ്പന്ദനങ്ങള്‍ അവള്‍ തന്റെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തു.
കുഞ്ഞിരാമ പൊതുവാളുടെ തറവാട്ടു പറമ്പിലെ കളപ്പുര ഷണ്മുഖവിലാസം ക്ലബ്ബായി . ഓലമേഞ്ഞ , മണ്‍കട്ട കൊണ്ടുണ്ടാക്കിയ ആ ഒറ്റമുറി പൊതുവാളും അനുചരന്മാരും കൂടി അടിച്ചു വൃത്തിയാക്കി . എലികളും പെരുച്ചാഴികളും അവര്‍ക്കുവേണ്ടി താവളമുപെക്ഷിച്ചു . മണ്ണെണ്ണവിളക്കില്‍ തെളിഞ്ഞ പ്രകാശം അവിടുത്തെ രാത്രികളിലെ ഇരുട്ടിനെ ഇല്ലാതാക്കി . ചെറുമംഗലത്തെയും കാളക്കോവ്വലിലെയും മുശാരിമാര്‍ ഊതിയുരുക്കിയുണ്ടാക്കിയ വെള്ളോട്ട് കിണ്ടിയും ലക്ഷ്മി വിളക്കുകളും അന്യദേശത്തും പ്രസിദ്ധമായി . കുഞ്ഞിരാമപൊതുവാള്‍ ഇടനിലക്കാരനായി . അവരുടെ ആലകളില്‍ നിന്നും അത് മൊത്തമായി എടുത്ത് വിദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് അയാളുടെ തൊഴില്‍ . നീണ്ട യാത്രയിലെന്നോ വടകരയിലെ കേളുക്കുറുപ്പില്‍ നിന്നോ മറ്റോ ആണ് അയാള്‍ ഗാന്ധിജിയെയും കൊണ്ഗ്രസ്സിനെയും പറ്റി കേട്ടത് . പൊതുവാള്‍ കൊണ്ഗ്രസ്സായി , ഷണ്മുഖവിലാസം ക്ലബ്ബ് കൊണ്ഗ്രസ്സോപ്പീസായി .
എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാ
ഭൂമിലോകത്തിതാ കീഞ്ഞേ
ചിരുതേയി നീട്ടിപ്പാടി . ശിഖയുടെ വിരലുകള്‍ താളം പിടിച്ചു. അവര്‍ രണ്ടുപേരും ആവേശം മൂത്ത് കൈകള്‍ കോര്‍ത്തുപിടിച്ച് ചുവടുകള്‍ വെച്ചു .
രണ്ട്
പെരുമാള്‍പുരത്തെ അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് നാലായി തിരിക്കാം .. പുഞ്ചവയലുകളുടെ വടക്കേപ്പാടം, ഹൈവേ കടന്നു പോകുന്ന കിഴക്കേക്കര തെങ്ങുകളും പാടങ്ങളും കൊണ്ടുനിറഞ്ഞ തെക്കേക്കര പിന്നെ കൈപ്പാടുകളും ചുള്ളികളും ഉള്ള പടിഞ്ഞാറേക്കര . പെരുമാള്പുരത്തിന്റെ മധ്യഭാഗത്തായി മയില്‍ വാഹനന്‍ സാക്ഷാല്‍ ശ്രീ .സുബ്രമണ്യന്റെ അമ്പലം. ശിഖ കടലാസ്സില്‍ വെറുതെ വരച്ചു നോക്കി.പെരുമാള്‍പുരത്തിന്റെ ജ്യാമിതി , അളവുകള്‍ കൃത്യമായി കൂട്ടിയെടുക്കാന്‍ അവള്‍ക്കായില്ല . അല്ലെങ്കില്‍ തന്നെ ഭൂമി (ജ്യാ) യുടെ അളവെടുക്കാന്‍ (മിതി) താനാരാ ? അവള്‍ ശ്രമം ഉപേക്ഷിച്ചു .അമ്പലത്തെ കൂടാതെ രണ്ടു കാവുകളും ഏതാണ്ട് പത്തോളം തറവാട്ടു ക്ഷേത്രങ്ങളും രണ്ട് മുണ്ട്യകളും ചേര്‍ന്നതാണ് പെരുമാള്‍പുരം . ആറോളം തന്നീര്‍പ്പന്തലുകളും ചുമടുതാങ്ങികളും വേറെ .
പാടിപ്പുഴ അതിരുകളിട്ട പടിഞ്ഞാറെക്കരയിലേക്ക് ശിഖയെ ചിരുതേയി കൂട്ടികൊണ്ടുപോയി . വിശാലമായ ചതുപ്പുനിലങ്ങള്‍. അറ്റം കൂര്‍മ്പിച്ചു വളര്‍ന്നു നില്‍ക്കുന്ന പോട്ടപ്പുല്ലുകള്‍ . കൈലിയും ബ്ലൌസുമിട്ടു അരിഞ്ഞ പുല്ലുകള്‍ അട്ടിവെയ്ക്കുന്ന നാട്ടുപെണ്ണുങ്ങള്‍ . അങ്ങിങ്ങായി മേയുന്ന പശുക്കള്‍. മണല്‍ തിട്ടകളുണ്ടാക്കി വരിവരിയായി നട്ടുപിടിപ്പിച്ച തെങ്ങുകള്‍. പടര്‍ന്നു പന്തലിച്ച കണ്ടല്‍ ചെടികളുടെ പച്ചപ്പ്. അതിന്റെ ആഴ്ന്നിറങ്ങിയ വേരുകളില്‍ കുരുങ്ങിക്കിടക്കുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും പിടിക്കാന്‍ ആയാസപ്പെടുന്ന ചെറുമികള്‍ .
ചെറു ഓളങ്ങളുയര്‍ത്തികൊണ്ട് , ആഴങ്ങളും പരപ്പുകളും അറിയിക്കാതെ, ദൈന്യതകള്‍ ഉള്ളിലൊതുക്കി ശാന്തയായൊഴുകുന്ന പുഴ. പഴയതെങ്കിലും ഒരുപാട് ചരിത്രങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കടത്തുവള്ളം . ദശാസന്ധികളില്‍ കൈത്തിരിയായി നിന്നിരുന്ന വട്ട്യന്‍ രാമനെന്ന കടത്തുകാരന്‍ . തുഴകളുടെ താളത്തിനൊത്ത് അയാളുടെ വയറും നൃത്തമാടും . ഭയങ്കര രസമുള്ള കാഴ്ച തന്നെയാണത് . കുടിച്ചു തീര്‍ത്ത കള്ളിന്റെയോ രുചിച്ചു നോക്കിയ ചാക്കണയുടെതോ ആവാം ആ വയറ് . . പോയകാല സ്മരണകള്‍ അയവിറക്കി അയാള്‍ നീട്ടിയൊന്നു കൂവി...ഊഹേയ്. അതിന്റെ പ്രത്ധ്വനികള്‍ നീണ്ടുകിടക്കുന്ന പുഴയിലൂടെ പരന്നു കണ്ടല്‍ ചെടികളില്‍ തട്ടി പ്രതിവചിച്ചു...ഊഹേയ് .
ഓലയും മുളയും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂര. മുന്നിലിട്ടിരിക്കുന്ന കാലൊടിഞ്ഞ ബഞ്ചിലിരുന്നു വട്ട്യന്‍ രാമന്‍ രണ്ടു കുപ്പി കള്ളിനു വിളിച്ചു പറഞ്ഞു. പിന്നെയൊരു കോപ്പ കാളയിറച്ചിക്കും . ചത്തുവീണ ഈച്ചകളെ എടുത്തു മാറ്റി മുന്നിലെ കള്ള് അയാള്‍ ഒറ്റയിറക്കിനു മോന്തി . ഇടതു കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഴക്കോലും കൊട്ടുവടിയും വീതുളിയും അല്ലറചില്ലറ മറ്റു സാധനങ്ങളുമായി കേളുവാശാരി എന്ന കേരളവര്‍മ്മന്‍. മുഷിഞ്ഞ ഒറ്റമുണ്ടും അരക്കയ്യന്‍ ജുബ്ബയുമാണ് വേഷം . ചെവിക്കിറുക്കിയ കുറ്റിപെന്‍സില്‍ , ഭൂലോകത്തിന്റെ എല്ലാ കണക്കുകളും കുറിക്കുന്നത് തന്റെ ഈ കുറ്റിപെന്‍സില്‍ ആണെന്ന ഭാവമാണയാള്‍ക്ക് . കൂട്ടയില്‍ മീന്‍ ചുമന്നു വില്‍ക്കുന്ന ഉമ്പായി. തേങ്ങയും നെല്ലും പാട്ടത്തിനെടുത്ത് വില്‍ക്കുന്ന പ്രമാണി ഗോപാലന്‍. തന്റെ കുടവയറിനുമീതെ തൂങ്ങുന്ന സ്വര്‍ണചെയിന്‍ , അതായിരിക്കണം ഒരുപക്ഷെ ഗോപാലന് പ്രമാണിയെന്ന പേര് വീഴാന്‍ കാരണമായത്. കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പിലെ സ്ഥിരം കുറ്റികള്‍ ഇവരൊക്കെയാണ്.
ഇവരോത്തുകൂടിയാല്‍ പടിഞ്ഞാറേകരയിലൊരുത്സവമായി . പാട്ടായി ,കൂത്തായി .. പിന്നെ ഉടുമുണ്ടുരിയലും വക്കാണവുമായി . ഇതിനു കൊഴുപ്പേകാന്‍ മാധവി എന്ന മാതു കറിപാത്രവുമായി മുന്നില്‍ തന്നെയുണ്ടാകും . അവളുടെ വയറില്‍ വീണ മടക്കുകളുടെ എണ്ണം , അതില്‍ വിടര്‍ന്ന പോക്കിള്‍ക്കുഴി . ബ്ലൌസിന്റെ ബട്ടണുകള്‍ കടന്നു പുറത്തേക്ക് വിതുമ്പുന്ന മുഴുത്ത മാറിടം. അന്തിക്കള്ളിനെ ചൂടുപിടിപ്പിക്കാന്‍ മാതുവിന്റെ മാദകത്വം . അങ്ങിനെ അരവങ്ങളുയര്‍ത്തി കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പ് അസ്തമയസൂര്യനെ കൂടുതല്‍ ചുവപ്പിച്ചു. നിലാവ് പെയ്യുന്ന രാത്രിവരെ അതു നീണ്ടു നിന്നു . ഭൂമിയിലുള്ള സകലമാന വിഷയങ്ങളും അവര്‍ എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്തു. അവരോരുത്തരെയും മുട്ടിയുരുമ്മി മാധവി പ്രോത്സാഹിപ്പിച്ചു. .ഇനി നമുക്ക് തെക്കേക്കരയിലേക്ക് പോകാം ചിരുതേയി പറഞ്ഞു . പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. അങ്ങിങ്ങ് ചെറിയ തുരുത്തുകള്‍ പോലെ തെങ്ങിന്കൂട്ടങ്ങള്‍ . അതിന്റെ നടുവില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞതോ ഓടു മേഞ്ഞതോ ആയ ചെറിയ വീടുകള്‍. ഓടു മേഞ്ഞവ നാട്ടിലെ പ്രമാണിമാരുടെതാണ് . മുറ്റത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ക്കറ്റകള്‍ക്കിടയില്‍ നിന്ന് വിയര്‍ക്കുന്ന കുഞ്ഞികണ്ണന്‍ അടിയോടി . പെണ്ണുങ്ങള്‍ കെട്ടിയ പതംകറ്റകളില്‍ നിന്ന് അയാള്‍ ശക്തമായി വലിച്ചുതിര്ക്കുന്ന നെന്മണികള്‍. അവരുടെ ശാപവാക്കുകളെ ഒഴിവാക്കി കൊണ്ടയാള്‍ നിര്‍ബാധം അതില്‍ തന്നെ ശ്രദ്ധയൂന്നി
നെല്ല് മൂരുന്ന പെണ്ണുങ്ങള്‍ അവരുടെ കൂലിക്കായി അമര്‍ത്തിക്കെട്ടുന്നതാണ് പതംകറ്റകള്‍.. ജാനു തന്റെ തോളില്‍ കിടന്ന തോര്‍ത്ത് മുണ്ടെടുത്ത് വിയര്‍പ്പുതുടച്ചു, ഒന്ന് ആവിയിട്ടതിനു ശേഷം കൈലിമുണ്ട് അഴിച്ചുടുത്തു... അരക്കെട്ടിനല്പം താഴെയായി. പിന്നെ ബ്ലൌസിന്റെ മേല്‍ കുടുക്കഴിച്ചു മാറ് തുടച്ചു . കുനിഞ്ഞുനിന്നു അവള്‍ കറ്റകള്‍ എടുത്തു അടിയോടിയുടെ കയ്യില്‍ കൊടുത്തു. ഒന്ന് കുഴഞ്ഞവള്‍ പറഞ്ഞു . അടിയോടിശ്ശ .. , അത്രക്കങ്ങട് വലിക്കാതെ.. ഈ പാവങ്ങള്‍ടേ അടുപ്പും പൊകയെണ്ടേ ..? അടിയോടിയുടെ നോട്ടം അവളുടെ നിറഞ്ഞ മാറിടത്തില്‍ തറച്ചു നിന്നു. എന്നിട്ടവളെ നോക്കിയൊന്നു ചിരിച്ചു. കൈക്കൂമ്പിളിലെ നെല്‍കറ്റയുടെ പിടിയില്‍ അല്പം അയവ് വന്നു. അവരുടെ കണ്‍കോണുകള്‍ തമ്മിലിടഞ്ഞു .. ജാനു ബ്ലൌസിന്റെ ബട്ടനുകള്‍ ഒന്നുകൂടി അഴിച്ചു തോര്‍ത്തു കൊണ്ട് വീശി വിയര്‍പ്പകറ്റി .
അവള്‍ പാവമാണ്. അവളെ പിണക്കിക്കൂടാ . ഇരുളടഞ്ഞ പത്തായപ്പുരയില്‍ എത്രയോ തവണ അവളുടെ മടിക്കുത്തുകള്‍ തനിക്കായി അഴിഞ്ഞുവീണിട്ടുണ്ട് . ആ വിയര്‍പ്പുകള്‍ താന്‍ ആസ്വദിച്ചിട്ടുണ്ട് .പിന്നെ അവളുടെ കുട്ടികള്‍ക്കായുള്ള അടുപ്പുകള്‍ പുകയെണ്ടത് തന്റെ കൂടി ആവശ്യമല്ലേ. തന്റെ ചോരയും കാണില്ലേ അവിടെ. അടിയോടി മഹാമനസ്കനായി.
മൂന്ന്
നേരം വൈകുന്നേരമായി , ഇരുള് പടരുന്നതിന് മുമ്പ് വീട്ടിലെത്തണം . ശിഖ കടലാസ്സുതുണ്ടുകള്‍ മടക്കി തന്റെ തുണിസഞ്ചിയില്‍ വെച്ചു. പഴ്സില്‍ നിന്നും അഞ്ചു നൂറിന്റെ നോട്ടുകള്‍ എടുത്ത് ചിരുതേയിയുടെ കയ്യില്‍ തിരുകിവെച്ചു . പോട്ടേ , വല്യമ്മച്ചീ .. നാളെ കാലത്തു വരാം . പെരുമാള്‍പുരത്തിന്റെ ഓരോ വിശേഷങ്ങളും എനിക്ക് പറഞ്ഞു തരണം . ശിഖ യാത്ര പറഞ്ഞിറങ്ങി.
ഉറക്കപ്പായില്‍ ശിഖ എഴുന്നേറ്റിരുന്നു. മനസ്സ് ഞെരിപിരി കൊള്ളുകയാണ്. പെരുമാള്‍പുരം അവളുടെ ഉറക്കത്തെ ഇല്ലാതാക്കി. ലൈറ്റ് തെളിച്ച് അവള്‍ കടലാസ്സുകള്‍ക്കായി പരതി . പെരുമാള്‍പുരത്തെ ഓരോ മുഖങ്ങളും മനസ്സില്‍ തെളിയുകയാണ് . ആജാനുബാഹുവായ കുഞ്ഞിരാമ പൊതുവാള്‍ , അടിയോടി , വട്ട്യന്‍ രാമന്‍ , മാധവി ,ജാനു - അങ്ങിനെ ഓരോരുത്തരും . താനിതുവരെ കണ്ടിട്ടില്ലാത്ത അവര്‍ക്കൊക്കെ അവള്‍ ഓരോ മുഖങ്ങള്‍ നല്‍കി , അനുസൃതമായ ഓരോ രൂപവും .
തോരാതെ പോയ മഴ ..വാര്‍ധക്യം , പെയ്തൊഴിയാന്‍ മറന്നുപോയ ആകാശത്തിന്റെ വിങ്ങലുകളാണ് .പീളകെട്ടിയ തന്റെ കണ്ണുകള്‍ തിരുമ്മി ശിഖയ്കായി ചിരുതേയി ചുറ്റും പരതി . മുറ്റത്തെ ഇളമാവിന്റെ കൊമ്പില്‍നിന്നും പഴുത്തിലകള്‍ ചിരിച്ചു. കടപുഴകാനായ വന്മരത്തിന്റെ വരാനിരിക്കുന്ന വീഴ്ചയെ ഓര്‍ത്ത് അവര്‍ സഹതാപം കൊണ്ടു .പഴുത്തിലകള്‍ തങ്ങളുടെ ഗതിയും ഇതുതന്നെയെന്ന് അറിയാത്തതുപോലെ വീണ്ടും വീണ്ടും ചിരിച്ചു .
ഒരു കണം വാസനാ പൊകേലയും രണ്ടുകെട്ട് സേലം വെറ്റിലയും ശിഖ ചിരുതേയിയുടെ മടിയില്‍ വെച്ചു . അടക്ക കൊണ്ടാന്നില്ലേ മോളേ..?ചിരുതേയി ചോദിച്ചു .ചുണ്ണാമ്പുതേച്ച് നാലും കൂട്ടിയുള്ള മുറുക്ക് ചിരുതേയിയെ ആവേശത്തിലാക്കി . അവള്‍ കഥ തുടര്‍ന്നു , അന്നെനിക്ക് പതിമ്മൂന്നോ പതിനാലോ വയസ്സ് പ്രായം. കണ്ണെഴുതി നെറ്റിയില്‍ വലിയ പൊട്ടു തൊട്ടു പറന്നു നടക്കുന്ന കാലം . നേരിയ ചീട്ടിത്തുണി കൊണ്ടുള്ള ബ്ലൌസ്സില്‍നിന്നും മാറ് പുറത്തേക്ക് തുളുമ്പി . അധികാരീന്റേം അടിയോടീന്റേം കണ്ണില്‍ പെടാതെ നോക്കണം , കണ്ടാല്‍ അവരുടെ മോറു മാറില്‍ തറച്ചുനില്‍ക്കും . കണ്ണുകള്‍ ഓന്തിനെ പോലെ സത്ത് ഊറ്റിയെടുക്കും .കേട്ടറിഞ്ഞതാണ് , എങ്കിലും പറയാം .. ചിരുതേയി തുടര്ന്നു . കുഞ്ഞിരാമ പൊതുവാളിന്റെ അമ്മ കുഞ്ഞിപാര്‍വ്വതീന്റെ കഥ. അമ്മ്യാര് കല്യാണം കഴിച്ച് കെട്ട്യോന്റെ വീട്ടില്‍ പോയി രണ്ടീസം കഴിഞ്ഞു തിരിച്ചു വന്നു ,മടങ്ങി പോകുമ്പോള്‍ ബ്ലൌസ്സിട്ടൂത്രേ .. അത് പുകിലായി , നാട്ടാര് ഇളകി. അന്നൊക്കെ പെണ്ണുങ്ങള് മാറില്‍ ഒരു നേര്യതു ഇട്ടുമറക്കുക മാത്രേ ചെയ്തിരുന്നുള്ളൂ. കെട്ട്യോനും ബന്ധുക്കളും കുശുകുശുത്തു . മുന്നാംപക്കം കുഞ്ഞിപ്പാര്‍വ്വതിയെ കെട്ട്യോനൊഴിഞ്ഞു . അത്യാവശ്യം തരത്തിലുള്ള കുടുംബം ആയതോണ്ട് അധികം വൈകാതെ കുഞ്ഞിപ്പാര്‍വ്വതീന്റെ രണ്ടാംകെട്ട് നടന്നു. അതില്‍ പതിനൊന്നു മക്കള്‍ ,എഴാമത്തവന്‍ കുഞ്ഞിരാമന്‍. ഓറിന്റെ മാറിന്റെ വീതി കണ്ടാല്‍ ഏത് പെണ്ണാ നോക്കാത്തെ .ഈ ചിരുതേയിക്കും ഒത്തിരി ആശയുണ്ടാരുന്നു ഓറിന്റെ മേല് .
കോറോം അംശം ദേശത്ത് കുഞ്ഞികൃഷ്ണപൊതുവാളായിരുന്നു കുഞ്ഞിപ്പാര്‍വ്വതിയുടെ ആദ്യ ഭര്‍ത്താവ് . അഞ്ചാറെക്കര്‍ കൃഷിനിലം , വയലില്‍ കന്നുപൂട്ടിയും കൃഷിപ്പണിയുമായി കഴിച്ചു കൂട്ടുന്നു. മൂര്ന്നിട്ട നെല്ക്കറ്റകള്ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്ന അയാളുടെ ചെവിരോമങ്ങള്‍ . കാളകളുമായുള്ള നിരന്തര സമ്പര്‍ക്കമായിരിക്കണം ശബ്ദത്തിന് ഒരു മുരള്‍ച്ച .പെരുമാള്‍പുരം അങ്ങാടിയിലൂടെ കുഞ്ഞിപ്പാര്‍വ്വതി ബ്ലൌസ്സിട്ട് വാല്യക്കാരികളുമായി നടന്നത് കോറോം ദേശത്തെ ഞെട്ടിച്ചു . അവരെത്തുന്നതിനു മുമ്പേ ദേശത്ത് പ്രമാണിമാര്‍ സംഘം ചേര്‍ന്നു . ഒരുപക്ഷെ പെരുമാള്‍പുരത്തെ ആദ്യത്തെ കൊണ്ഗ്രസ്സും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും കുഞ്ഞിപ്പാര്‍വ്വതി അമ്മയായിരിക്കണം , ശിഖയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു .
കുഞ്ഞിപ്പര്‍വ്വതിയുടെ കയ്യും പിടിച്ചു കാര്‍ന്നോമ്മാരും നാട്ടുപടയും പെരുമാള്‍പുരത്തേക്ക് വെച്ചുപിടിച്ചു . . ഒരു വിചാരണക്കുള്ള തയ്യാറെടുപ്പുകളുമായി പത്തിരുപതുപേര്‍ പെട്രോമാക്സും ഓലചൂട്ടും പിടിച്ചു ജാഥയായിപെരുമാള്‍പുരത്തെത്തി . ആരവം കേട്ട് കുഞ്ഞിപ്പാര്‍വ്വതിയുടെ അച്ഛന്‍ വല്യ രാമപ്പൊതുവാള്‍ മുറ്റത്തേക്കിറങ്ങി. അയാളുടെ കണ്ണുകളില്‍ തീപ്പാറി , ശബ്ദം പെരുമാള്‍പുരം ആകെ വിറപ്പിച്ചു . ആ പ്രമാണിത്വത്തിനു മുന്നില്‍ നാട്ടുപട നിന്ന് വിയര്‍ത്തു. അതായിരുന്നുവത്രേ പെരുമാള്പുരത്തിന്റെ ആദ്യവിപ്ലവം . കുഞ്ഞിപ്പാര്‍വ്വതിയമ്മ ബാക്കിവെച്ചുപോയ പെരുമാള്‍പുരത്തിന്റെ ചരിത്രമായ മാറുമറയ്ക്കല്‍ പ്രക്ഷോഭം വാര്‍ത്തയായി . ശിഖയ്ക്ക് കുഞ്ഞിപ്പാര്‍വതിയമ്മയോടു ബഹുമാനം തോന്നി. കാതില്‍ ഓലത്തോടയണിഞ്ഞ അവരുടെ മുഖം അവള്‍ മനസ്സില്‍ കുറിച്ചെടുത്തു .
അടുത്ത ഫ്ലാറ്റിലെ ആളെ സുഹൃത്തായി കിട്ടണമെങ്കില്‍ ഓര്‍ക്കൂട്ടും ഫെയ്സ്ബൂക്കും സെര്‍ച്ച് ചെയ്യേണ്ടിവരുന്ന ഈ കാലത്ത് പോയവസന്തങ്ങളെ ഓര്‍ത്ത് അവള്‍ അസൂയപ്പെട്ടു . ഒരു പ്രണയത്തിനുപോലും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ നടക്കാത്ത അസുരകാലത്ത് ചിരുതേയിയില്‍ നിന്നും വീഴുന്ന മണിമുത്തുകളുടെ ജൈവത അവളെ അമ്പരപ്പിച്ചു . നൂറ്തേച്ചു ഒരു വെറ്റില കൂടിചുരുട്ടി അവരുടെ വായിലേക്ക് തിരുകി ശിഖ തന്റെ സന്തോഷം പ്രകടിപ്പിച്ചു .
നാല്
അകംകളിക്കാരും പുറംകളിക്കാരും അങ്ങിനെ രണ്ടുതരം കളിക്കാര്‍ ,ചിലപ്പോള്‍ അവര്‍ സ്ഥാനം മാറിക്കളിക്കും . കോര്‍ക്കല്‍ എന്ന് വേണമെങ്കില്‍ ഇതിനു പറയാം . ഓരോ കളിക്കും ഓരോ താളമാണ്. കളിക്കാര്‍ വായ്ത്താരിതാളം കൂടി പഠിച്ചിരിക്കണം . കാലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാല്‍ മാത്രമേ കളി ശരിയാവുകയുള്ളൂ , നല്ല കളിക്കാരന് വേണ്ട ഗുണങ്ങളെ കുറിച്ച് കുഞ്ഞിക്കോമകുറുപ്പ് പറഞ്ഞു . അറുപതു തരം കളികള്‍ , ഓരോന്നിനും അതിന്റേതായ പാട്ടും താളവും . മനസ്സും ശരീരവും താളനിബദ്ധമായി മെരുക്കിയെടുക്കണം . ആല്‍ത്തറയ്ക്ക് ചുറ്റും നിന്ന ചെറുപ്പക്കാര്‍ വൃത്തത്തില്‍ നിന്നു . മണികെട്ടിയ മരക്കമ്പുകള്‍ ഭക്ത്യാദരം കയ്യിലെടുത്തു. കുഞ്ഞിക്കോമകുറുപ്പ് ദ്രോണനായി . പെരുമാള്‍പുരത്തെ ചെറുപ്പക്കാര്‍ കൌരവരായി. ശിഖയ്ക്ക് ഒരു സംശയം ബാക്കിനിന്നു , അവര്‍ പാണ്ടാവരല്ലേ ആകേണ്ടത് ? വായിച്ചുപഠിച്ചതും കേട്ടുപഠിച്ചതും നന്മയുടെ , ധര്‍മ്മത്തിന്റെ അപ്പോസ്തലന്മാര്‍ പാണ്ടാവരാണെന്നാണ് . കൌരവര്‍ അത്രയ്ക്ക് നല്ലവരായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല .
ശിഖ തന്റെ ബാഗില്‍ നിന്നും ചീര്‍പ്പെടുത്ത് ചിരുതേയിയുടെ മുടി കോതിയൊതുക്കി , ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി വെച്ചു . മുഖത്തു പൌഡര്‍ തേച്ചു . നെറ്റിയില്‍ ചുവന്ന വലിയ പൊട്ടു കുത്തി. കയ്യിലെ വാല്‍ക്കണ്ണാടിയില്‍ അവരുടെ മുഖം കാണിച്ചുകൊടുത്തു. വല്യമ്മച്ചീ ഇപ്പോഴും ചുന്ദരി തന്യേ . അവള്‍ ഒരു കമന്റ്റ് എറിഞ്ഞുകൊടുത്തു. ചിരുതേയിയുടെ മുഖത്തു വീണ നാണം അവളുടെ കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. കയ്യില്‍ കരുതിയ പ്ലാസ്റ്റിക്ക് കൂടില്‍ നിന്നും കസവ് നേര്യതും ചുവന്ന ബ്ലൌസും അവര്‍ക്ക് നേരെ നീട്ടി. പോയി ഉടുത്തുവാ .. ഇത്തിരി നാണത്തോടെ അതുമെടുത്ത് ചിരുതേയി അകമുറിയിലേക്ക് പോയി . ശിഖ മനസ്സില്‍ കൂട്ടി വല്യമ്മച്ചിയെ പതിനഞ്ചു - ഇരുപത് പ്രായത്തിലേക്ക് കൊണ്ടുവരണം. യവ്വനത്തിന്റെ ആ പ്രസരിപ്പില്‍ പെരുമാള്‍പുരത്തെ കുറിച്ച് കൂടുതല്‍ അറിയണം ,അവരുടെ ഓര്‍മ്മകളെ മടക്കി കൊണ്ടുവരണം .
അല്‍പനേരം കഴിഞ്ഞ് ചിരുതേയി പുറത്തേക്ക് വന്നു. . ശിഖ അവരുടെ കവിളില്‍ ഒരുമ്മ കൊടുത്തു . ഇപ്പൊ കണ്ടാ വല്യമ്മച്ചിയെ ആരെങ്കിലും കൊത്തികൊണ്ടോവ്വല്ലോ , അത്രക്കങ്ങട് സുന്ദരിയായിരിക്കുന്നു. അവളുടെ നമ്പര്‍ ഏറ്റൂന്ന തോന്നണ് , ചിരുതേയി ശിഖയുടെ കവിളില്‍ തിരിച്ച് ചുംബിച്ചു .ഒന്നല്ല ഒരോമ്പത് പ്രാവശ്യം , വെറ്റിലപ്പാക്കിന്റെയും ഉമിനീരിന്റെയും സമ്മിശ്ര ഗന്ധം അവളില്‍ ഒക്കാനമുണ്ടാക്കി . വളരെ പ്രയാസപ്പെട്ടു ശിഖ അത് തടഞ്ഞു നിര്‍ത്തി. വല്യമ്മച്ചിയ്ക്ക് മുഷിച്ചില്‍ വരാതെ നോക്കണം .അതവളുടെ ആവശ്യമാണ് .
പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സ് , ഒരു ദിവസം ഉച്ചയ്ക്ക് അടിയോടിയുടെ കളത്തില്‍ നെല്ല് മെതിയ്ക്കാന്‍ പോയതായിരുന്നു.. ആ കൈക്കരുത്തില്‍ അവള്‍ പിടഞ്ഞുവീണു. അങ്ങിനെ ചിരുതേയിയുടെ ശ്രീകോവിലില്‍ ആദ്യമായി കള്ളന്‍ കയറി , അടിയോടി ശാന്തിക്കാരനായി .ഉച്ചപ്പൂജയില്‍ അവള്‍ തളര്‍ന്നുറങ്ങി. ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു . മാറില്‍ പല്ലുകള്‍ അടയാളങ്ങള്‍ ബാക്കിയാക്കി . പൂജയില്‍ ചില്ലറ വീഴ്ചകള്‍ ഉണ്ടായെങ്കിലും അടിയോടിയുടെ പരാക്രമത്തില്‍ പറ്റിയ ചില്ലറ പരിക്കുകള്‍ അവളെ വേദനിപ്പിച്ചില്ല .. നാണത്തോടെ ചിരുതേയി മുഖം കുനിച്ചു .
കളപ്പുരയിലെ ഒറ്റമുറി കെട്ടിടത്തിനു മുന്നില്‍ ഓലചൂട്ടുകള്‍ കേട്ടണഞ്ഞു . പുലരും വരെ മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. കുഞ്ഞിരാമ പൊതുവാളിന്റെ ചില സുഹൃത്തുക്കള്‍ രാത്രിയുടെ മറവില്‍ വന്നും പോയും കൊണ്ടിരുന്നു. കാര്യങ്ങള്‍ അധികാരിയുടെ ചെവിയിലെത്തി കരംപിരിക്കുകയും കരംപിടിക്കുകയും ചെയ്തുനടന്ന അധികാരി മാനവും കാര്‍ന്നെടുക്കാന്‍ തുടങ്ങി ,,
അധികാരി വിളിപ്പിച്ചു .അടിയോടി വിളിച്ചു . ചിരുതേയി അടിയോടിയുടെ വീട്ടിന്റെ ഉമ്മറമുറ്റത്ത് ഒച്ചാനിച്ചു നിന്നു . അടിയന്‍ ..? നില്‍പ്പിന്റെ പകപ്പ് കണ്ട് അധികാരി വന്നു കൈപിടിച്ചു . ഇന്ന് പത്തായപ്പുരയല്ല ,കിടപ്പുമുറിയിലേക്ക് ചിരുതേയിയെ അടിയോടി പിടിച്ചുവലിച്ചു .വെപ്രാളം കൊണ്ട് പരവശയായ എനിക്കവര്‍ നെല്ലുവാറ്റിയ റാക്ക് തന്നു . കൊടലുകത്തുന്നത് നിക്കാന്‍ കോഴിയിറച്ചി തന്നു . മാറ് വളര്‍ന്നു വലുതായി . അരക്കെട്ടില്‍ അമര്‍ത്തിയ അധികാരിയുടെ കൈകള്‍ . ഉടുത്തിരുന്ന പോളിസ്റ്റര്‍ കൈലി താനേ അഴിഞ്ഞുവീണു . അടിയോടി കാഴ്ചക്കാരനായി നിന്നതേയുള്ളൂ പൂജയ്ക്കുള്ള തെച്ചിയും തുളസിയും ഒരുക്കി നിസ്സഹായതയോടെ അടിയോടി കയ്യാളനായി നിന്നു.
മാറില്‍ മലയമര്‍ന്നു . മുലകള്‍ ഉടഞ്ഞില്ലാതാവുന്നത് പോലെ . ചിരുതേയി വിയര്‍ത്തു . അധികാരി വിയര്‍ത്തു . അനന്തരം ചെത്തിയ ചെന്തെങ്ങിന്റെ കരിക്ക് അധികാരിക്ക് കുടിക്കാന്‍ അടിയോടി കൊടുത്തു . കൈലിയും ബ്ലൌസും പരതിയെടുക്കുന്നതിനിടെ അധികാരി ചെവിക്കു പിടിച്ചു . അടിയോടി പറഞ്ഞു .. ചിരുതേ .. കുഞ്ഞിരാമന്റെ പൊരേല് നെന്റെ ഒരു കണ്ണ് വേണം എപ്പോഴും . അവിടെ ആരൊക്കെയോ കൂട്ടം കൂടുന്നുണ്ടാത്രേ . ഓരോ നാളും നീയത് നോക്കി ഇവിടെ വന്നു പറയണം .. നെനക്ക് വേണ്ടത് എന്താന്നു വെച്ച്വാല്‍ അടിയോടീന്റെ അടുതൂന്നും വാങ്ങിച്ചോ . എന്നാ നീ ഇപ്പൊ പൊയ്ക്കോ . അധികാരിന്റെ മുന്നില്‍ പത്തി ഉയര്‍ത്താന്‍ പറ്റാത്തതിലുള്ള സങ്കടം അടിയോടിക്കുണ്ട് . ഉമ്മറമുറ്റം വരെ അയാള്‍ തന്നെ പിന്തുടര്‍ന്നു . പിന്‍ഭാഗം തോണ്ടിപറഞ്ഞു. ചിരുതേ നീ പോയി വാ പെണ്ണേ .. ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു .
ചിരുതേയി ഒറ്റമുറി കൊണ്ഗ്രസ്സാപ്പീസിലെത്തി , തഞ്ചത്തില്‍ കുഞ്ഞിരാമ പൊതുവാളിന്റെ അടുത്തുകൂടി. നിലം അടിച്ചുതൂത്ത് വൃത്തിയാക്കി , ഒടിഞ്ഞ മരബഞ്ചുകളിലെ പൊടി ഉടുത്തിരുന്ന കൈലികൊണ്ട് തുടച്ചു . അബദ്ധത്താല്‍ എന്നവണ്ണം ചില കൈകാല്‍ കണ്ണ് പ്രയോഗങ്ങള്‍ നടത്തിനോക്കി. ഒറ് വീഴുന്നില്ല . വിവരങ്ങള്‍ ശേഖരിക്കണം ,അടിയോടിന്റെ അടുത്തു കൊണ്ടുകൊടുക്കണം . അവള്‍ ബ്ലൌസിന്റെ കുടുക്കഴിച്ചു , മാറ് വലുതാക്കി .. ഒറ്റുകാരിയെന്നതിലപ്പുറം ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നുതന്നെ കൂട്ടിക്കോ , ഓറെ ഇഷ്ടാ , ആ നെഞ്ചും അതില്‍ പടര്‍ന്ന രോമങ്ങളും ഒരു നേരത്തേക്കെങ്കിലും സ്വന്തമാക്കണമെന്ന് അവള്‍ ആശിച്ചു. കുഞ്ഞിരാമപൊതുവാള്‍ വീണില്ല .. കോഴിക്കോട്ടു നിന്നും വന്ന കുറുകിയ ആളുടെ ആംഗ്യങ്ങള്‍ കാട്ടിയുള്ള പ്രസംഗം ചിരുതേയിക്കിഷ്ടായി . കുഞ്ഞിരാമനോടുള്ള ഇഷ്ടം ചിരുതയെ കൊണ്ഗ്രസ്സിലെക്കടുപ്പിച്ചു .അധികാരിക്ക് ഉദ്ദേശിച്ച വിവരങ്ങള്‍ ചിരുതയില്‍ കിട്ടിയില്ല .അധികാരിന്റെ മുന്നില്‍ അടിടിയുടെ മുഖം വീര്‍ത്തു.
ശിഖ കര്ചീഫെടുത്തു മുഖം തുടച്ചു. കുഞ്ഞിക്കോമകുറുപ്പിനെ കുറിച്ചറിയണം , കേളുസ്രാപ്പിനെ കുറിച്ചറിയണം . പിന്നെ കോഴിക്കോട്ടുനിന്നും വടകരയില്‍ നിന്നും വന്ന നേതാക്കളെ കുറിച്ചറിയണം . കൊണ്ഗ്രസ്സിനെയും പെരുമാള്‍പുരത്തെ കോല്‍ക്കളിയെയും കുറിച്ച് കൂടുതല്‍ അറിയണം .. ചിരുതേയിയുടെ മാംസളമായ വിവരണത്തില്‍ മാത്രം ഒരു നാടിനെ കുറിച്ച് പറയാനാവില്ല.
അഞ്ച്
ഒരു ബിന്ദു ... അനേകം ബിന്ദുക്കള്‍ ചേര്‍ന്നതൊരു രേഖയായി .പിന്നെയൊരു ത്രികോണം . ജ്യാമിതികളില്‍ ശിഖയ്ക്കുള്ള താത്പര്യം അവളതൊരു കടലാസ്സില്‍ വരച്ചു . ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവള്‍ ആലോചിച്ചു . പെരുമാള്‍പുരത്തെ ഒരു ത്രികോണമിതിയില്‍ തളച്ചിടാനാവുമോ , അവളുടെ ചിന്തകള്‍ ആ വഴിക്ക് നീങ്ങി . അവള്‍ ഹിപ്പാര്‍ക്കസ്സിനെ ധ്യാനിച്ചു . പെരുമാള്പുരത്തെ പരദൈവങ്ങളെ ധ്യാനിച്ചു ...മണ്മറഞ്ഞു പോയ കുഞ്ഞിപ്പാര്‍വ്വതിയെ , അധികാരിയെ , അടിയോടിയെ ,കുഞ്ഞിരാമ പൊതുവാളിനെ , കുഞ്ഞിക്കോമ കുറുപ്പിനെ,അങ്ങിനെ പരശ്ശതം പെരുമാള്‍പുരം വാസികളെ വന്ദിച്ചു .
മൂന്നു ഋജുരേഖാഖണ്ഡങ്ങള്‍ മാത്രം വശങ്ങളായി വരുന്ന ഒരു സംവൃതചിത്രമായി പെരുമാള്‍പുരത്തെ വരച്ചെടുക്കാന്‍ കഴിയില്ല .അതിന് കോണുകളും വശങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം .വൃത്തത്തിന്റെ ആരവും പരിധിയും അറിയണം . ചിരുതേയി അവിടെ ഒരു ബീജീയ സമവാക്യമായി മാറുന്നില്ല . കൂടുതല്‍ അന്വേഷണങ്ങള്‍ കൂടിയേതീരു . നിര്‍വ്വചിക്കപ്പെട്ട ത്രികോണമിതിയുടെ ഫലങ്ങള്‍ വെച്ച് വശങ്ങളും കോണുകളും ബീജീയമായി ബന്ധപ്പെടുത്തണം . ശിഖയുടെ രാത്രിയില്‍ ഹിപ്പാര്‍ക്കസ്സ് നിറഞ്ഞു നിന്നു .
പേരുകേട്ട റിയാലിറ്റി ഷോയില്‍ പാട്ട് പാടുക എന്നത് ജീവിതാഭിലാഷമായി കൊണ്ടു നടക്കുന്ന മെഡിക്കല്‍ റപ്രസെന്റെറ്റിവ് മുരളീമനോഹാര്‍ , ന്യു ജനറേഷന്‍ ബാങ്കിലെ ഉധ്യോഗസ്ഥ അപര്‍ണ്ണ ,പേരെടുത്ത ഒരു ജ്വല്ലറിയുടെ ഫ്ലോര്‍മനജേര്‍ വര്‍ഷ എന്നിവരാണ് ശിഖയുടെ പെരുമാള്‍പുരത്തെ കൂട്ട് . കഥയുടെ വിവിധ ഘട്ടങ്ങള്‍ ശിഖ അവരുമായി പങ്കു വെച്ചു .അല്‍പ്പമൊന്നു കുണുങ്ങി,തൊണ്ട ശരിയാക്കി മുരളിമനോഹര്‍ പറഞ്ഞു ഷണ്മുഖപ്രിയയില്‍ ഒരു കാച്ചു കാച്ചിയാലോ ? സംഗതികള്‍ ഉണ്ടാകണം ,അപര്‍ണ്ണ കളിയാക്കി .സ്വരസ്ഥായികള്‍ ശരിയാവണം, വര്‍ഷ പറഞ്ഞു. ശിഖ മിണ്ടാതിരുന്നതെയുള്ളൂ . ഷണ്മുഖപ്രീയ സുബ്രമണ്യനു പ്രീയപ്പെട്ട രാഗമാണ് . അവളുടെ മനസ്സ് പെരുമാള്‍പുരത്ത് അലയുകയാണ് .
ഇതിലെ ഗാന്ധാരം ,പഞ്ചമം ,ധൈവതം എന്നി സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്‌താല്‍ ശൂലിനി, ധേനുക ,ചിത്രാംബരി എന്നീ രാഗങ്ങള്‍ ജനിക്കും . ശിഖ ഒന്നുകൂടി മുന്നോട്ടഞ്ഞു മുരളിയുടെ വിരലുകളില്‍ തലോടി അവനെ പ്രോത്സാഹിപ്പിച്ചു .അവളുടെ അഴകാര്‍ന്ന കണ്ണുകളിലേക്ക് നോക്കി മുരളി തുടര്‍ന്നു .ജണ്‍ധസ്വരപ്രയോഗങ്ങളും ഗഗരിരിസസനിനി - ഷഡ്ജവര്‍ജ്യ പ്രയോഗങ്ങളും നിരി ഗിരി നിരി നിധ - പ്രത്യാഹതഗമകങ്ങളും രാഗത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ശിഖയുടെ കണ്ണുകള്‍ മുരളിയുടെ മുഖത്തു തറച്ചു നിന്നു . അവന്റെ വായില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന സംഗീതത്തിനായി അവള്‍ കാതുകള്‍ കൂര്ര്‍പ്പിച്ചു .
"ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ ..." അമ്പത്തിയാറാമത്തെ മേളരാഗമായ ഷണ്മുഖപ്രിയയില്‍ അവന്‍ പാടി തീര്‍ത്തപ്പോള്‍ ശിഖയുടെ മുന്നില്‍ മുരളി മാത്രമായി. അവള്‍ തെരുതെരെ അവന്റെ നെറ്റിയില്‍ , കവിളുകളില്‍ ഉമ്മ വെച്ചു .അപര്ണ്ണയും വര്‍ഷയും സ്തംഭിച്ചിരുന്നു .
വര്‍ഷ തന്റെ സല്‍വാറിന്റെ ഷാളെടുത്ത് മുരളിയുടെ കഴുത്തിലണിയിച്ചു . അപര്‍ണ്ണ തന്റെ ചുവന്ന ബിന്ദി അവന്റെ നെറ്റിയില്‍ ഒട്ടിച്ചു. കൈവിരലുകള്‍ ചേര്‍ത്തുപിടിച്ച് മുരളി ഓടക്കുഴലൂതി . അപര്ണ്ണയും ശിഖയും വര്‍ഷയും കൈകള്‍ കോര്‍ത്തുപിടിച്ച് അവനു ചുറ്റും വട്ടത്തില്‍ താളം ചവുട്ടി .അവന്‍ ഉണ്ണികൃഷ്‌ണനായി , അവര്‍ ഗോപികമാരും .
ദേശീയ സ്വാതന്ത്ര സമരം കൊടുമ്പിരി കൊള്ളുകയാണ് . യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിക്ക് പിന്നില്‍ അണിനിരന്നു , സ്വാഭാവിക പ്രതികരണങ്ങള്‍ പെരുമാള്‍പുരത്തും ഉണ്ടായി . കുഞ്ഞിരാമപൊതുവാളിന്റെ ഒറ്റമുറി കെട്ടിടം സജീവമായി. അബ്ദുള്ള മാഷ് അവിടേക്ക് വീണ്ടും വീണ്ടും വന്നു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക .. അതില്‍ കുറഞ്ഞ ഒന്നിനും ആ ചെറുപ്പക്കാര്‍ തയ്യാറായിരുന്നില്ല . അധികാരിയുടെ കുറുക്കന്‍ കണ്ണുകള്‍ പരാജയപ്പെട്ടു . പാതിരാനേരങ്ങളില്‍ പുറത്ത് അടുപ്പ് കൂട്ടി ചിരുതേയി വെല്ലക്കാപ്പിയും കപ്പ പുഴുങ്ങിയതും കോണ്ഗ്രസ്സാപ്പിസിലെത്തിച്ചു കൊടുത്തു . നാടന്‍ ശീലുകളില്‍ അവരുടെ പാട്ടുകള്‍ അവള്‍ക്കറിയാവുന്ന രീതിയില്‍ പാടി രസിപ്പിച്ചു .
അബ്ദുള്ള മാഷുടെ കണ്ണുകളില്‍ തീപ്പാറി . കടുത്ത തീരുമാനങ്ങള്‍ വേണം. സാമ്രാജ്വത്വം തുലയട്ടെ ..! കൂടി നിന്നവര്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ചൂ . ഒന്നും മനസ്സിലായില്ലെങ്കിലും ചിരുതേയിയും അതുതന്നെ വിളിച്ചു . പോലീസ്സ് സ്റ്റേഷനിലെ ഫ്ലാഗ് പോസ്റ്റില്‍ കയറി യുനിയന്‍ ജാക്ക് വലിച്ചു താഴെയിടണം , മൂവര്‍ണ്ണ കൊടി പറത്തണം . ആരാ പറ്റ്യാള് അബ്ദുള്ള മാഷ് ആര്‍ത്തു . കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഏകസ്വരത്തില്‍ പറഞ്ഞു .. ഞങ്ങളത് ചെയ്യും ...
പൂവന്‍കോഴികള്‍ കൂവിയില്ല , കൂരാക്കൂരിരുട്ട് . പെരുമാള്‍പുരം അങ്ങാടിയെത്തുന്നതിനു മുമ്പേ കുഞ്ഞമ്പു തന്റെ കയ്യിലുള്ള ഓലചൂട്ട് മുന്നില്‍കണ്ട മൈല്‍കുറ്റിയില്‍ ഉരച്ചു കെടുത്തി . അങ്ങാടിയില്‍ നിന്നും അര ഫര്‍ലോങ്ങുകൂടി പോണം പോലീസ്സ് സ്റ്റേഷനിലെത്താന്‍ . കൈലി മുറുക്കിയുടുത്ത് അവര്‍ വേഗത്തില്‍ നടന്നു. കുഞ്ഞിക്കണ്ണന്‍ പോസ്റ്റില്‍ കയറണം മറ്റു രണ്ടുപേര്‍ കാവലിനായി കുറച്ചു മാറി നില്‍ക്കുക .. സെന്ട്രി അറിഞ്ഞാല്‍ അവന്റെ ശ്രദ്ധ മാറ്റുക ,ആ ദൌത്യം കേളു ഏറ്റെടുത്തു. ദേഹമാസകലം കരി പുരട്ടിയിരുന്നു. ഇരുട്ടാണെങ്കിലും പിടിക്കപ്പെടാതെ പോകണമല്ലോ .
നേരിയ മകരത്തണുപ്പ് പാറാവുകാരനെ ഉറക്കത്തിലേക്ക് കൊണ്ടുപോയി . കുഞ്ഞിക്കണ്ണന്‍ ഫളാഗ്പോസ്റ്റില്‍ കയറി . മറ്റു രണ്ടുപേരും കാവല്‍ നിന്നു . യുനിയന്‍ ജാക്ക് അവന്‍ കൈവെള്ളയിലിട്ടു ഞെരിച്ചു . വെറുപ്പ് തലയോട്ടില്‍ കയറി . മനസ്സില്‍ മൂന്നു പ്രാവശ്യം ഭാരത് മാതാ കീ ജയ് വിളിച്ചു . അരയില്‍ തിരുകിയ മൂവര്‍ണ്ണകൊടി ഉയര്‍ത്തി കെട്ടി .മൂന്നുപേരും പാടിപ്പുഴ ലക്ഷ്യമാക്കി നടന്നു. പുഴവക്കത്തെ തെങ്ങില്‍ നിന്നും കരിക്കുകള്‍ ചെത്തികുടിച്ചു . ഒഴുകുന്ന പാടിപ്പുഴയില്‍ യുനിയന്‍ജാക്ക് മീനുകള്‍ കൊത്തിപ്പറിച്ചു. അങ്ങിനെ അവരും സാമ്രാജ്വത്വ വിരുദ്ധവികാരം പ്രകടിപ്പിച്ചു. ക്യിറ്റ് ഇന്ത്യ .. സാമ്രാജ്വത്വം തുലയട്ടെ അവര്‍ മൂവരും ചേര്‍ന്ന് വിളിച്ചു. കൈപ്പാടുകളില്‍ നിലയുറപ്പിച്ച കാലന്കോഴികള്‍ അതേറ്റു വിളിച്ചു.
നേരം പുലര്‍ന്നു . പതിവിലേറെചുവന്ന സൂര്യന്‍ കിഴക്കുദിച്ചു . പോലീസ് സ്റ്റേഷനില്‍ മൂവര്‍ണ്ണക്കൊടി പാറുന്നു . ചായക്കടയില്‍ പണിക്കു പോയ കമ്മാരന്‍ അത് കണ്ടു . മറ്റുള്ളോരോട് പറഞ്ഞു . വാര്‍ത്ത നാട്ടില്‍ പരന്നു . അധികാരി കിടക്കപ്പായില്‍ മൂത്രമൊഴിച്ചു . അടിയോടീന്റെ ചങ്ക് പൊട്ടി . തൊപ്പിയും നിക്കറുമിട്ട ബ്രിട്ടീഷ് കാവല്‍ നായ്ക്കള്‍ നാടുനിരങ്ങി . കണ്ണില്‍ കണ്ടതെല്ലാം വെട്ടിയിട്ടു , കയ്യില്‍കിട്ടിയവനെ തല്ലിയുടച്ചു . അന്യനാട്ടില്‍ നിന്നും വലിയ കാക്കിക്കാര്‍ വന്നു . അവര്‍ അവരുടെതായ പുതിയമുറകള്‍ പരീക്ഷിച്ചു .
ഒറ്റമുറി കെട്ടിടം തീയിട്ടു. വെട്ടിയിട്ട കുലച്ച നേന്ത്ര വാഴകള്‍ കൌരവ പടപോലെ സങ്കടം കരഞ്ഞു തീര്‍ത്തു . കൊണ്ഗ്രസ്സുകാര്‍ ഒളിവില്‍ പോയി . പെണ്ണുങ്ങള്‍ ദിനകൃത്യങ്ങള്‍ക്കു പോലും പുറത്തു പോകാനാകാതെ കാര്യങ്ങള്‍ അടുക്കളകോലായില്‍ സാധിച്ചു . പഴുത്ത ചക്കയും മാങ്ങയും കൊത്തി തിന്നാന്‍ വരുന്ന അണ്ണാന്മാരുടെ വരവ് നിലച്ചു . കുഞ്ഞിരാമ പൊതുവാളെ ചിരുതേയി ഒളിപ്പിച്ചു. അബ്ദുള്ള മാഷ് പാടിപ്പുഴ കടന്നു. കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അധികാരി കരം പിരിവു നിര്‍ത്തി പെണ്ണുങ്ങളുടെ മാനം പറിച്ചെടുത്തു . അടിയോടി വീണ്ടും കയ്യാളനായി ..
ആറ്
സുബ്രമണ്യവിലാസം ഹോട്ടലിലെ മസാലദോശ പെരുമാള്‍പുരത്തിന്റെ പെരുമകളില്‍ ബാക്കിവെച്ച ഒന്നാണ് . മസാലകളുടെ ചേരുവയും നെയ്യും ചേര്‍ന്ന് ആവിപാറുന്ന മണം . വെയിറ്റര്‍ ക്ലാവുപിടിച്ച ഓട്ടു ടംബ്ലറില്‍ ചൂട് വെള്ളം കൊണ്ടുവന്ന് മുന്നില്‍ വെച്ചു . അപര്‍ണ്ണ നാല് മസാലദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തു . ശിഖാ കഥയെങ്ങിനെ മുന്നോട്ടു കൊണ്ടുപോകാനാണ് തന്റെ ഉദ്ദേശം ? വര്‍ഷ ചോദിച്ചു. മുരളി വെറുതെ ഇരുന്നതെയുള്ളൂ . പെരുമാള്‍പുരത്തെ നാല് തലമുറ .. അതാണ് ലക്ഷ്യമിടുന്നത് ശിഖ മറുപടി കൊടുത്തു . ഏഴു ദശവത്സരങ്ങള്‍ രസച്ചരട് മുറിയാതെ ഒരു നൂലില്‍ കോര്‍ക്കുക .
അപര്‍ണ്ണ ചാനല്‍ അവതാരികയെ പോലെ കാല്‍പാദത്തില്‍ മറ്റേ കാല്‍കയറ്റി വെച്ച് ,ഒന്ന് കുണുങ്ങി മുരളിയുടെ താടിയില്‍ തട്ടി . മലയാളം കലര്‍ന്ന ഇംഗ്ലീഷില്‍ മൊഴിഞ്ഞു 'വാം അപ്പ് ' ഒന്ന് ഉഷാറാവഡോ ? അതിനു ഉഷാറാവണമെങ്കില്‍ അപര്‍ണ്ണ ആയമ്മയെപ്പോലെ മിനി സ്കര്ട്ടോ , ഫ്രോക്കോ അല്ലല്ലോ ഇട്ടിരിക്കുന്നത് .. വര്‍ഷയുടെ കമന്റു വന്നു .
ബാര്‍ബര്‍ ഷണ്‍മുഖന്റെ പീടികയില്‍ മുടിമുറിക്കാന്‍ വന്ന അസ്സൈനാര്‍ ഹാജിയാണ് പറഞ്ഞത് .. പെരുമാള്‍പുരത്തെ ആരൊക്കെയോ പോലീസ്സ് പിടിച്ചു കൊണ്ടുപോയിട്ടുണ്ടാത്രേ , കൊയമ്പത്തൂരോ മറ്റോ ജയിലില്‍ അവരുടെ നാഭിയില്‍ പൊന്നീച്ച പാറിക്കുന്നുവെന്നും പറഞ്ഞുകേട്ടു . നേരമിരുട്ടിയ നേരത്ത് രണ്ടു പോലീസ്സുകാര്‍ ചിരുതേയിയെ തേടി അവളുടെ കുടിയിലെത്തി. കുഞ്ഞിരാമാനെവിടെ ഡീ , താനെവിടെയോളിപ്പിച്ചാലും തങ്ങളവനെ പൊക്കും , കലിപൂണ്ട പോലീസ്സുകാരന്‍ അവളുടെ മടിക്കുത്തില്‍ അമര്‍ത്തിപ്പിടിച്ചു . ഉലഞ്ഞുപോയ തന്റെ കൈലിമുണ്ട് എടുക്കാന്‍ അവള്‍ ശ്രമിച്ചു . പോലിസ്സുകാരന്റെ കൈക്കരുത്തില്‍ അവളുടെ അരക്കെട്ട് ഉടഞ്ഞു. ഉള്ളില്‍ പരദേവത കനിഞ്ഞു. അടുപ്പില്‍ പുകയുന്ന തീക്കൊള്ളി എടുത്തുകൊണ്ടവള്‍ ആ പോലീസ്സുകാരന് ലിംഗഹോമം നടത്തി. ആവിയായി പോകുന്ന പച്ചമാംസത്തിന്റെ മണം ആസ്വദിച്ചു. നല്ല നാടന്‍ പോര്‍ണോവില്‍ നാല് പച്ചത്തെറി കാച്ചി . കുടിച്ചിരുന്ന മുലപ്പാല് ഓര്‍ത്ത് കൂടെവന്ന പോലീസ്സുകാരന്‍ ഓക്കാനിച്ചു .
ചെളിയും കയറും കൊണ്ടുകെട്ടിയ ബണ്ട് പൊളിച്ചു അടിയോടിയുടെ നെല്‍പ്പാടത്ത് ഓരുവെള്ളം കേറ്റി പെരുമാള്പുരത്തെ അടിയാന്മാര്‍ പ്രതിഷേധിച്ചു . വിളഞ്ഞുനില്‍ക്കുന്ന പാടത്ത് കതിര്‍മണികള്‍ ഉതിര്‍ന്നു വീണു . ജാനു സമരത്തിന്റെ നേതാവായി . അധികാരിയെ ചിരുതേയി തഞ്ചത്തില്‍ അവളുടെ കുടിയിലേക്ക് വരുത്തി. പെരുമാള്പുരത്തെ മറ്റു പെണ്ണുങ്ങള്‍ കത്തിച്ച ഓലചൂട്ടുകള്‍ ഉയര്‍ത്തികാട്ടി. ചിരുതേയി അധികാരിയുടെ ഉടുമുണ്ടഴിച്ചു... പിറന്നപടി നിര്‍ത്തി. നാട്ടുപെണ്ണുങ്ങള്‍ സന്തോഷത്തോടെ കുരവയിട്ടു. കാന്താരിമുളകരച്ചു വൃഷണത്തില്‍ തേച്ചു , അവര്‍ ചുറ്റും നിന്ന് താളത്തില്‍ നൃത്തം ചവുട്ടി ...
കോഴിക്കോട്ടു നിന്നും കെ.കേളപ്പന്‍ പെരുമാള്‍പുരത്തു വന്നു ക്യാമ്പ് ചെയ്തു. അങ്ങാടിമൈതാനത്ത് പണ്ഡിറ്റ് നെഹ്രു പ്രസംഗിച്ചു . നാടും നാട്ടാരും ആവേശത്തിലായി. അഞ്ചാംപത്തികള്‍ സ്വയംതീര്‍ത്ത മാളങ്ങളില്‍ ഒളിച്ചു. കുഞ്ഞിരാമപൊതുവാള്‍ മധുരയില്‍ നിന്നും ഇരുപത് ചര്ക്കകള്‍ കൊണ്ട് വന്നു. ചിരുതേയിയും ജാനുവും തങ്ങളുടെ പോളിസ്റ്റര്‍ കൈലികള്‍ ഉപേക്ഷിച്ചു . വാസുദേവ കാമത്ത് തന്റെ പീടികയിലെ തുണിത്തരങ്ങള്‍ നടുറോഡില്‍ കത്തിച്ചു. മാരാര്‍മാഷ് ഏകാദ്ധ്യാപക ഹിന്ദി വിദ്യാപീഠം തുറന്നു .അങ്ങിനെ പെരുമാള്‍പുരത്ത് ഹിന്ദിക്കും ഖാദിക്കും പ്രചാരം വന്നു .
ചര്ക്കകള്‍ തിരിഞ്ഞു ,അടുക്കളയിലും അകക്കോലായിലും നൂല്നൂല്പ്പിന്റെ മര്മ്മരശബ്ദങ്ങള്‍ അവരുടെ കുടുംബ ജീവിതത്തില്‍ ശാന്തതയുണ്ടാക്കി . കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പില്‍ പരുത്തി വസ്ത്രങ്ങള്‍ നെയ്തെടുക്കാനുള്ള തറികള്‍ നിരന്നു .ജീവിതത്തിനു പുതിയ ലക്ഷ്യബോധമുണ്ടായി .ദേശീയ നവോത്ഥാനത്തില്‍ പെരുമാള്‍പുരത്തിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. വഴിയോരത്തെ മരക്കൊമ്പുകളില്‍ കോണ്ഗ്രസ്സിന്റെ പതാക പാറിക്കളിച്ചു . ഉടുവഴികളില്‍ വള്ളത്തോളിന്റെ വരികള്‍ ചെറുപ്പക്കാര്‍ ഈണത്തില്‍ പാടി നടന്നു . എല്ലാറ്റിനും കുഞ്ഞിരാമപൊതുവാളും സഹായികളും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു .
ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ആഗസ്റ്റ് 15 , രാവിലെ സൂര്യനുണര്‍ന്നത് പുതിയ ആവേശത്തോടെയാണ് .കിളികള്‍ അതിരാവിലെ എഴുന്നേറ്റു . പൂവന്‍കോഴികള്‍ നേരത്തെ കൂവി. ഭാരതത്തിലെ മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും ആഘോഷങ്ങള്‍ തുടങ്ങി . പെരുമാള്‍പുരംഅങ്ങാടി തിരിയോലകള്‍കൊണ്ടും പൂക്കള്‍കൊണ്ടും അലങ്കരിച്ചു . ഖാദര്‍ ധരിച്ച പെരുമാള്‍പുരത്തുകാരെകൊണ്ട് അങ്ങാടി മൈതാനം നിറഞ്ഞു . കുഞ്ഞിരാമപൊതുവാളും കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഓടിയോടി കാര്യങ്ങള്‍ നടത്തി. അവര്‍ക്ക് പിന്നില്‍ ചിരുതേയിയും ജാനുവും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തു . മഹാത്മാ ഗന്ധീക്കീ ജയ് ... ഭാരത് മാതാക്കീ ജയ് ...പെരുമാള്‍പുരത്തെ ഓരോ മണല്‍ത്തരിയും അതേറ്റുവിളിച്ചു . ആയിരം കതിനാകള്‍ പൊട്ടി . വലിയവട്ടിളത്തില്‍ ശര്‍ക്കരപ്പായസം തിളച്ചുമറിഞ്ഞു .വലിയ വലിയ നേതാക്കന്മാര്‍ അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . ആരവങ്ങള്‍ക്കും വലിയവലിയ ആഘോഷങ്ങള്‍ക്കും ശേഷം ഏറെവൈകിയാണ് അന്ന് പെരുമാള്‍പുരത്ത് സൂര്യന്‍ അസ്തമിച്ചത് .
ഷണ്‍മുഖവിലാസം ക്ലബ്ബ് പെരുമാള്‍പുരം ദേശീയ കലാസമിതിയായായി പുനര്‍നാമകരണം ചെയ്യപ്പെട്ടു . അതിനോടടുത്ത് പുതുതായി ഉണ്ടാക്കിയ ഓലഷെഡ് ദേശീയ വായനശാലയും . കുഞ്ഞിരാമപൊതുവാള്‍ പ്രസിഡന്റും കുഞ്ഞമ്പു സെക്രട്ടറിയുമായി . നാടകങ്ങങ്ങളും കൊല്‍ക്കളിയുമായി ക്ലബ്ബ് പ്രവര്‍ത്തനം മുന്നോട്ടുപോയി . പെരുമാള്‍പുരത്തെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും വൈകുന്നെരമാകാന്‍ കാത്തിരുന്നു. ഖാദിയൊഴിച്ചുള്ള വസ്ത്രങ്ങള്‍ പെരുമാള്‍പുരത്തിന് അന്യമായി . ആയിടക്ക് കുഞ്ഞിരാമപൊതുവാളിന് ഉണ്ടായ ചില ബന്ധങ്ങള്‍ പെരുമാള്‍പുരത്തും കോണ്ഗ്രസ് സോഷ്യലിസം ഉണ്ടാക്കി. കോണ്ഗ്രസ്സിന്റെ തെറ്റായ പോക്കിനെതിരെ ഒരു തിരുത്തല്‍ശക്തിയായി അവര്‍ നിലകൊണ്ടു .
ഇ .എം. എസ് . അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . പുതിയ ചിന്താധാരകള്‍ പരീക്ഷണ നാടകങ്ങളായി ദേശീയ കലാസമിതി അവതരിപ്പിച്ചു. പെരുമാള്‍പുരത്തിന്റെ മനസ്സില്‍ ചില ആശങ്കള്‍ പിറന്നു . കുഞ്ഞിരാമനും കുഞ്ഞമ്പുവും കോണ്ഗ്രസ് സോഷ്യലിസ്റ്റായപ്പോള്‍ കേളുവും കോമക്കുറുപ്പും മറ്റും കൊണ്ഗ്രസ്സായി തന്നെ തുടര്‍ന്നു . രണ്ടുകൂട്ടരെയും വെറുപ്പിക്കാതെ ചിരുതേയിയും ജാനുവും നിന്നു . ഈ ചര്‍ച്ചകളില്‍ അവരുടെ മനസ്സ് നൊന്തു . കോല്‍ക്കളി ഗ്രൂപ്പ് കൊണ്ഗ്രസ്സിനെ പിന്തുണച്ചു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും അവരുടെ പ്രേതങ്ങള്‍ ഭാരതത്തിന്റെ തെരുവുകളില്‍ അവശേഷിക്കുന്നുവെന്നും , കോണ്ഗ്രസ് പുതിയ ദല്ലാള വര്‍ഗ്ഗമായി അധ:പതിച്ചുവെന്നും കുഞ്ഞിരാമനും കൂട്ടരും പ്രചരിപ്പിച്ചു. രാത്രികാലങ്ങളില്‍ അവര്‍ വെവ്വേറെ യോഗങ്ങള്‍ ചേരുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു .
ശിഖ പറഞ്ഞു ..., അപര്‍ണ്ണയ്ക്കും വര്‍ഷയ്ക്കും താല്‍പ്പര്യം കൂടി . എന്നിട്ട് ..? ബാക്കി കൂടി പറയെടോ ,അവര്‍ തിരക്ക് കൂട്ടി . ഏതോ സ്വപ്നലോകത്ത് മുരളിയും ഞെട്ടിയുണര്‍ന്നു. അവള്‍ പറഞ്ഞു ,നമുക്ക് പാടിപ്പുഴയുടെ തീരത്തേക്ക് പോകാം . ഈ സായാഹ്നം അസ്തമയസൂര്യനുമായി നമ്മള്‍ അവിടെ പങ്കിടുന്നു .. എന്തേ , സമ്മതമാണോ ? മൂവരും ശിഖയുടെ ചോദ്യത്തിന് തലകുലുക്കി.
തെളിഞ്ഞ നീര് ഒഴുക്കുന്ന പുഴയ്ക്ക് എന്തെങ്കിലും പറയാനുണ്ടാകും .ചുള്ളികള്‍ വകഞ്ഞു മാറ്റി ഒരു ഒഴിഞ്ഞ സ്ഥലത്ത് അവരിരുന്നു. വട്ട്യന്‍ രാമന്റെ പിന്മുറക്കാരനാരോ മറുകരയില്‍ നിന്നും നീട്ടിക്കൂവി ..ഓഹേയ്. അപര്‍ണ്ണ അല്പംകൂടി മിടുക്ക് കാണിച്ച് ഒരു തിരിച്ചുകൂവല്‍ കൊടുത്തു . ചെത്തിയ ചെന്തെങ്ങിന്‍ കരിക്കുകളും അഞ്ചാറു കുപ്പി അന്തിക്കള്ളൂമായി അയാള്‍ പുഴ നീന്തി. ചെത്തിയ കരിക്കുകളില്‍ അയാളത് മിക്സ് ചെയ്തു. പുതിയ കൊമ്പിനേഷന്‍ ഓര്‍ത്ത് വര്‍ഷയുടെ നാക്കില്‍ വെള്ളമൂറി. അപര്‍ണ്ണ അയാളുടെ കയ്യില്‍ നിന്നും അത് എത്തിപ്പിടിച്ചു .അയാളെ നടുക്കിരുത്തി അവര്‍ ചുറ്റുമിരുന്നു . കരിക്കുകള്‍ കാലിയായി .. നാടന്‍ ശീലില്‍ അയാള്‍ പാടി. അവര്‍ അത് ഏറ്റുപാടി. കലശം തൊണ്ടച്ചന്‍ ദൈവത്തിന്നും വേണം
കലശം മുത്തപ്പന്‍ ദൈവത്തിനും വേണം
കലശം പൊട്ടന്‍ ദൈവത്തിനും വേണം
കള്ളും പൊലിക കലശം പൊലിക -
ദൈവത്തിനും വേണം .........
ശിഖ തഞ്ചത്തില്‍ അയാളുടെ പേര് ചോദിച്ചു . കണാരന്‍ എന്നാണത്രേ പേര് . അപര്‍ണ്ണ അവളുടെ ഷാള് കാണാരന്റെ കഴുത്തിലേക്കെറിഞ്ഞു . ഒരു തുമ്പ് അപര്ണ്ണയും മറ്റേ തുമ്പ് വര്‍ഷയും പിടിച്ച് റോക്ക് ചെയ്തു . മുരളി ശീലുകളുടെ താളബോധത്തെ കുറിച്ച് വാചാലനായി. ശിഖ അടുത്ത കരിക്കിന് വേണ്ടി തിരച്ചില്‍ നടത്തി .
ഏഴ്
കതകിനുള്ള മുട്ട് കേട്ട് ശിഖ ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു . ഊണ് കഴിച്ചാല്‍ ഒരു ചെറിയ മയക്കം അവള്‍ക്കു പതിവുള്ളതാണ്. ആരാണ് ഈ നേരത്ത് ? തെല്ലൊരു വിമ്മിഷ്ടത്തോടെ അവള്‍ കതകു തുറന്നു .
അറുപതോടടുത്തു പ്രായമുള്ള ഒരാള്‍ സമ്മതം ചോദിക്കാതെ തന്നെ അകത്തേക്ക് കയറി . തന്റെ കാലന്‍ കുട മുറിയുടെ മൂലയില്‍ ചാരിവെച്ച് മുന്നിലെ കസേര വലിച്ച് അതിലമര്ന്നിരുന്നു .വേഷ്ടി കൊണ്ട് മുഖം തുടച്ചു .തലയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടച്ചു. ഞാന്‍ ശശാങ്കന്‍ നായര്‍ .. പുതിയേടത്ത് കിഴക്കേ വീട്ടില്‍ ശശാങ്കന്‍ നായരെന്ന പി.കെ .ശശാങ്കന്‍ നായര്‍ ..മുഖവുര കൂടാതെ അയാള്‍ തുറന്നടിച്ചു . ശിഖക്കൊന്നും മനസ്സിലായില്ല . ഉച്ചമയക്കം നഷ്ടപ്പെട്ട കെറുവ് അവളുടെ മുഖത്തു കാണാം. തന്നോട് ഇതെല്ലാം പറയാന്‍ ഇയാള്‍ ആരാണ് ?എന്താണ് ഈ വരവിന്റെ ഉദ്ദേശം ?ഒരെത്തും പിടിയും കിട്ടുന്നില്ല . ഓര്‍മ്മ ബാക്കിവെച്ച മുഖങ്ങളിലൊന്നും ഇയാളുടെ മുഖം മനസ്സില്‍ തെളിഞ്ഞില്ല .
വല്ലാത്ത ചൂട് .. സംഭാരം ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ. അയാളുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ശിഖ നിന്ന് പതറി. കാണില്ലായിരിക്കും ല്ലേ ? എങ്കില്‍ പോയി ഒരു ചായ ഉണ്ടാക്കി കൊണ്ടുവാ .. അല്‍പ്പം അമര്‍ഷത്തോടെ അവള്‍ അടുക്കളയിലേക്കു നീങ്ങി . അയാളുടെ നേര്‍ക്ക് നീട്ടിയ ചായ ഒറ്റയിറക്കിന് അകത്താക്കി കൊണ്ടു ഗ്ലാസ് ടീപ്പോയിയുടെ മുകളില്‍ വെച്ചു . അയാളുടെ മുഖത്തു നിഴലിച്ച ഗൌരവം ചെറിയ ഭയപ്പാടുകള്‍ അവളില്‍ ഉണ്ടാക്കി . വല്ലാത്ത ഒരു തീക്ഷ്ണത ആ കണ്ണുകള്‍ക്കുണ്ടായിരുന്നു . തീ പാറുന്ന നോട്ടത്തില്‍ അവളൊന്ന് ചുളിഞ്ഞു . അനുസരണയുള്ള ആട്ടിന്‍കുട്ടിയെ പോലെ ശിഖയുടെ കാതുകള്‍ അയാളുടെ വാക്കുകള്‍ക്കായി കാത്തു നിന്നു . ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ചത്ത കണ്ണുകള്‍ അയാളെ തന്നെ നോക്കി . തന്റെ തുണിസഞ്ചിയില്‍ നിന്നും നാലഞ്ചു പഴയ പത്രങ്ങള്‍ എടുത്തു അയാള്‍ എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു .
ശുംഭ .. ഒന്നും അറിയാത്തവളെ പോലെ മൃഷ്ടാഹ്നം ഭക്ഷണോം കഴിച്ചു കിടന്നുറങ്ങുകയായിരുന്നു അല്ലേ ? ആ മുഖത്തു നിന്നും അവള്‍ വായിച്ചെടുത്തത് അതായിരുന്നു . നിലത്തു വീണുകിടക്കുന്ന പത്രങ്ങള്‍ എടുക്കുവാന്‍ ഭയം അനുവദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ ശിഖ മിഴിച്ചു നിന്നു. അയാളുടെ വാക്കുകളിലെ പരിഹാസം , കണ്ണുകളിലെ തീപാറുന്ന നോട്ടം .. അതവളെ പരിഭ്രാന്തയാക്കി . കോടതി മുറിയില്‍ വിധി കാത്തുനിക്കുന്ന പ്രതിയുടെ മുഖത്തു കാണുന്ന അതേ ദൈന്യത അവളുടെ കണ്ണുകളില്‍ , അയാളുടെ ദയാവായ്പിനായി നോക്കി മൌനമായി അവള്‍ നിന്നു . ശിഖയുടെ കയ്യിലെ ഒരു മാപിനിക്കും അയാളുടെ ഉള്ളിലെ താപത്തെ അളക്കാന്‍ ആയില്ല . കലങ്ങിയ കണ്ണുകളിലെ രോഷം അഗ്നിയായി ,ശരീരത്തിന്റെ വിയര്‍പ്പായി പിന്നീടത് ആവിയി മുറിക്കുള്ളിലെ വായുവില്‍ അലിഞ്ഞില്ലാതായി .
പത്തു മിനുട്ടില്‍ കൂടുതലുള്ള ആ പ്രകടനത്തില്‍ അയാള്‍ തളര്‍ന്നു കാണണം . കസേരയിലേക്ക് ചാഞ്ഞമര്‍ന്നു , തന്റെ വേഷ്ടി വീശി അയാള്‍ വിയര്‍പ്പകറ്റി . ഉള്ളില്‍ പതഞ്ഞ സഹതാപം ഒരു ചായയാക്കി ശിഖ വീണ്ടും അയാള്‍ക്ക് കൊടുത്തു രണ്ടു പൂവന്‍ പഴവും . ആഹരിക്കുന്നതിലെ ആര്‍ത്തി കണ്ടപ്പോള്‍ ,വിശപ്പ് അയാളെ തിന്നിരുന്നു എന്നവള്‍ക്ക് തോന്നി.
ശശാങ്കന്‍ ചേട്ടന് വിശ്രമിക്കണോ , ഉള്ളിലെ ഭയം കനം കുറഞ്ഞ വാക്കുകളായി പുറത്തേക്ക് വന്നു . ഏതോ പ്രശ്നം അയാളെ അലട്ടുന്നുണ്ടായിരിക്കണം , അതിന്റെ ഉഷ്ണപ്രവാഹം പുറത്തേക്ക് വമിക്കാനുള്ള ആന്തലായിരിക്കണം കുറച്ചു മുമ്പ് കണ്ടത് . അവളുടെ ആകാംക്ഷ കൂടി കൂടി വന്നതേയുള്ളു . നിലത്തു കിടക്കുന്ന പത്രങ്ങളും കടലാസ്സുകളും അവള്‍ പെറുക്കിയെടുത്തു .
58 - 59 കാലഘട്ടം , അന്നെനിക്ക് മുപ്പതോ മുപ്പത്തിരണ്ടോ പ്രായം . വിനോബജീ കേരളത്തിലെത്തി ,സര്‍വ്വോദയ മണ്ഡലം നാട്ടില്‍ സജീവം .. ശശാങ്കേട്ടന്റെ നാക്കില്‍ നിന്നും ആയാസരഹിതമായി വാക്കുകള്‍ ഉതിര്‍ന്നു വീണു. റോഡിനെതിര്‍ വശത്ത് പണിതുയര്‍ത്തുന്ന ബഹുനില കെട്ടിടത്തിലേക്ക് ശിഖയുടെ കണ്ണുകള്‍ ചെന്ന് പെട്ടു . മറ്റൊരു താജ്മഹല്‍ രൂപപ്പെടുത്തുന്നതില്‍ ഒഴുകുന്ന വിയര്‍പ്പിനെ കുറിച്ച് അവള്‍ നോമ്പരപ്പെട്ടു .
(തുടരും )
No comments:
Post a Comment