Friday, December 16, 2011

കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍

ഗൂഗിളിന്റെ സര്‍ച്ച്‌ എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് . വിവിധങ്ങളായ സൈറ്റുകള്‍ അവളുടെ വിരല്‍തുമ്പിലൂടെ കടന്നു പോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനീല്‍ തെളിഞ്ഞില്ല , എല്ലാം കണ്ടു മടുത്തതും താല്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു. വിരസതയുടെ വേളയിലെപ്പോഴോ അവളുടെ വിരലുകള്‍ ഡേറ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ അവളുടെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാനായില്ല . 

അയാള്‍ അമ്മാനക്കയകള്‍ മുകളിലേക്കെറിയുകയും അത് താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി വീണ്ടും മുകളിലേക്കെറിയുകയും ചെയ്തു . ലോഹ ഗോളങ്ങളില്‍ നിന്നും ഉതിരുന്ന ഭസ്മം ചുറ്റും കൂടിയിരുന്ന പെണ്‍കുട്ടികളുടെ ദേഹത്ത് പതിച്ചു . രോഗ വിമുക്തിക്കായി അവരുടെ മനവും മനനവും കൊതിച്ചു . അയാള്‍ ആവേശത്തിലായി ,അവരും .

നിറയെ ദ്വാരങ്ങളുള്ള ലോഹ ഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അത് പുതിയ ചക്രവാളങ്ങളെ തീര്‍ത്തു .അല്‍പ്പ വസ്ത്രധാരികളായി അയാള്‍ക്ക്‌ ചുറ്റും റോക്ക് ചെയ്യുന്ന പെണ്‍കുട്ടികള്‍ . അവള്‍ ആ മായിക കാഴ്ച തന്നെ നോക്കി നിന്നു . മാസ്മരികത ആസ്വദിച്ചു .
കളിപ്പാട്ടങ്ങളെ അവള്‍ക്കു ചെറുപ്പം തൊട്ടേ ഇഷ്ടമാണ് . പക്ഷെ അത് സൂക്ഷിച്ചു വെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കുവാനോ ഒരിക്കലും അവള്‍ തയ്യാറായിരുന്നില്ല . പുതിയത് കിട്ടുമ്പോള്‍ പഴയതിനെ മറക്കും ,അത്ര തന്നെ .

വൈകി ഉണരുന്ന സൂര്യന്‍ അവള്‍ക്കൊരു പ്രശ്നമേ അല്ല , നിലാവ് പെയ്യുന്ന ആകാശം മാത്രമേ അവള്‍ കണ്ടുള്ളൂ . വൈകി ഉറങ്ങുന്ന രാത്രികളെ കാമിച്ചു., ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള്‍ കല്‍പ്പിച്ചു . അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും അന്വേഷിച്ചില്ല . ഉപേക്ഷിച്ചു പോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളുടെ മനസ്സിനെ നോമ്പരപ്പെടുത്തിയില്ല .

അടുത്തടുത്തിരിക്കുന്ന രണ്ടു ഈര്‍ക്കില്‍ കഷണങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു പിടിച്ചു തിരിക്കുമ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം കാതുകളില്‍ മുഴങ്ങി . പച്ച ഈര്‍ക്കില്‍ കുത്തി നോവിച്ച മച്ചിങ്ങയുടെ ദീന വിലാപമായിരിക്കണമത് , ആവേശത്തോടെ അവള്‍ ഇര്ക്കിലുകള്‍ ചേര്‍ത്തുപിടിച്ച് ലോകത്തെ നോക്കി വീണ്ടും വട്ടം കറക്കി . കടകടാ ശബ്ദം അവളെ വട്ടുപിടിപ്പിച്ചു .

വീക്കെന്‍ഡിലെ ഷോപ്പിംഗ്‌ അവള്‍ക്കു നിര്‍ബന്ധമാണ്‌ . നഗരത്തിലെ വലിയ ഷോപ്പിംഗ്‌ മാളില്‍ അവള്‍ കളിപ്പാട്ടങ്ങള്‍ തിരയുകയായിരുന്നു . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്ക്കരിക്കുകയും ചെയ്യുന്ന ആണ്‍ പാവ. അവളതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്ത് അതില്‍ ആനന്ദം കണ്ടെത്തുകയാണ്. ദൂരെ മാറി നിന്ന് ഒരു ചെറുപ്പക്കാരന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

അര -മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം , അയാള്‍ അവളുടെ അരികിലേക്ക് നീങ്ങി . ദേഹം ഒന്ന് കുടഞ്ഞ് ടൈ ഒന്ന് വലിച്ചു ശരിയാക്കി അയാള്‍ പറഞ്ഞു .. ഞാന്‍ നിരഞ്ജന്‍ , ഇവിടുത്തെ ഫ്ലോര്‍ മാനജര്‍ . മാഡത്തിനു പാവ ഇഷ്ടമായെന്നു തോന്നുന്നു , പായ്ക്ക് ചെയ്യട്ടെ ,മറ്റെന്തെങ്കിലും ഹെല്‍പ്പ് ?

അവള്‍ ചാവിയില്‍ തിരിയുന്ന പാവയില്‍ നിന്നും കണ്ണെടുത്തു . അയാളെ നോക്കി ചിരിച്ചു , വീണ്ടും പാവയിലേക്ക് .. മിനുട്ടുകള്‍ അവള്‍ അതുതന്നെ ചെയ്തു . എന്തോ പാവയില്‍ ഉണ്ടായ അതെ കൌതുകം അവനിലും അവള്‍ക്കുണ്ടായി. നിരഞ്ജന്‍ എപ്പോഴും ഇതുപോലെ തന്നെയാണോ ? ഈ പ്രസന്നത മുഖത്തു സ്ഥിരമാണോ ? അല്‍പ്പം കണ്ണിറുക്കി അവള്‍ ചോദിച്ചു . അതിനു ഷോള്‍ഡര്‍ കുലുക്കിയുള്ള ചിരിയാണ് അവനില്‍ നിന്നും ഉണ്ടായത് .

അവള്‍ ചാവിയില്‍ തിരിയുന്ന ആ പാവയെ ഷോകെയ്സില്‍ തിരികെ വെച്ച് അവന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു . ചാവി കൊടുത്ത ഒരു പാവയെ പോലെ അവന്‍ അവളുടെ പിന്നാലെ നടന്നു . ചേര്‍ത്തുവെച്ച ഈര്‍ക്കിലുകള്‍ അവള്‍ വട്ടം കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന്‍ മച്ചിങ്ങയെപോലെ കടകടാ ശബ്ദമുണ്ടാക്കി അവളെ ആനന്ദിപ്പിച്ചു .

രണ്ടു മാസം കഴിഞ്ഞില്ല , ചൈനയുടെ വില കുറഞ്ഞ പ്ലാസ്റ്റിക്ക് ഉല്പന്നം പോലെ , പാവ ചാവി കൊടുത്താല്‍ തിരിയാന്‍ ആയസപ്പെടുന്നതായി അവള്‍ക്കു തോന്നി. അല്ലെങ്കില്‍ തന്നെ ഒരു കളിപ്പാട്ടം എത്രകാലം കൊണ്ടുനടക്കും അതിലെ ഔചിത്യക്കേട്‌ അവളെ വേട്ടയാടി . വിപണിയിലെ പുതിയ കളിപ്പാട്ടങ്ങള്‍ക്കായി  അവള്‍ ഷോപ്പിംഗ്‌ മാളുകള്‍ തേടിയലഞ്ഞു .

No comments:

Post a Comment