വിശാലമായ കടല്‍പരപ്പിലേക്ക് ..
കഥ ടി.സി.വി. സതീശന്‍
വെട്ടിയെടുത്ത കുലച്ചവാഴകളും കരിക്കിന്‍കുലകളും കൊണ്ടലങ്കരിച്ച കമാനം . മുറ്റം നിറയെ പ്ലാസ്റ്റിക്ക് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു .ചെറിയ മണ്ഡപത്തില്‍ എഴുതിരികള്‍ കത്തുന്ന നിലവിളക്ക് , തെങ്ങിന്‍ പൂക്കുല വെച്ച നിറപറ . അയാള്‍ വാച്ചിലേക്ക് നോക്കി , ചുറ്റും നിന്നവര്‍ അയാളെ നോക്കി .പെരുപ്പ് അയാളുടെ തലയുച്ചി വരെ പടര്‍ന്നു . കണ്ണുകള്‍ മങ്ങുന്നത് പോലെ , ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചു . തന്റെ തോര്‍ത്തുമുണ്ട് കൊണ്ട് അയാള്‍ വിയര്‍പ്പു തുടച്ചു . മുഖത്തെ ചിരി നിലനിര്‍ത്താന്‍ പാടുപെട്ടു . സമയം പത്ത് ഇരുപത്തി നാല് .. അവരെനിയും എത്തിയില്ലല്ലോ . ബന്ധുക്കളും അയല്‍പക്കക്കാരും പിറുപിറുത്തു . അത്യാവശ്യം ചിലര്‍ അയാളുടെ വിഷമാവസ്ഥയില്‍ ഉള്ളാലെ സന്തോഷിച്ചു . മണ്ഡപ തൂണുകളില്‍ അലങ്കരിച്ച പഴുത്ത അടയ്ക്കകള്‍ അയാളെ നോക്കി ചിരിച്ചു.
ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും വെച്ചു കൊണ്ടുതന്നെ ,അളന്നും അളക്കാതെയും സ്നേഹം കൊടുത്ത് വളര്‍ത്തിയ മകള്‍ അവള്‍ വളര്‍ന്നു .. അവള്‍ മാത്രം വളര്‍ന്നു . തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി അവള്‍ക്കായി . ശരിതെറ്റുകളുടെ വിചാരണയ്ക്കുപോലും ഇടംകൊടുക്കാതെ അത് അവള്‍ കുടുംബത്തിന്റെ ശരികളായി നടപ്പാക്കി. പറക്കമുറ്റ കുഞ്ഞുങ്ങള്‍ പുതിയ ആകാശദൂരങ്ങള്‍ താണ്ടുന്നതില്‍ അയാള്‍ക്ക് വിയോജിപ്പില്ല. എന്നാല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സ്വന്തം ചിറകുകളില്‍ ആയിരിക്കണമെന്ന ചെറിയ നിര്‍ബ്ബന്ധം അയാള്‍ക്കുണ്ടുതാനും .
അയല്‍വീടുകളിലെ വിശേഷങ്ങളില്‍ അയാള്‍ എന്നും ആദ്യാവസാനക്കാരനായിരുന്നു .അവരുടെ സന്തോഷങ്ങള്‍ അയാളുടെതും .അന്നൊക്കെ മനസ്സില്‍ പറയുമായിരുന്നു .ഒരു ദിവസം തന്റെ മകളുടെ കല്യാണോം കേമമായി നടത്തണം . എല്ലാരേം വിളിച്ചു ഒരുനേരത്തെ ഭക്ഷണം കുശാലായി കൊടുക്കണം , അയാളുടെ സ്വപ്നങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി അത് സജീവമായി നിലനിന്നു. ആകാശവിശാലതയില്‍ പറന്നുയരുന്ന കിളിയുടെ ഗതിവേഗതകളെ കുറിച്ച് അയാള്‍ അറിഞ്ഞതേയില്ല . കൂടെകൊണ്ടുനടക്കുവാന്‍ പറ്റിയ ഒരു ഇണയെ അവള്‍ കണ്ടെത്തിയിരുന്നു. അവര്‍ ഒരുമിച്ചുള്ള പാര്‍പ്പും തുടങ്ങി കഴിഞ്ഞിരുന്നു . ഇയ്യടുത്താണ് അവള്‍ അത് വിളിച്ചു പറഞ്ഞത് . ആദ്യം മനസ്സ് വല്ലാതെ വേദനിച്ചുവെങ്കിലും പതുക്കെ അതുമായി പൊരുത്തപ്പെടുവാന്‍ അയാള്‍ മനസ്സിനെ പഠിപ്പിച്ചെടുത്തു . നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപിടി ചോറ് കൊടുക്കണം .. അയാള്‍ തന്റെ ആഗ്രഹം മകളോട് പറഞ്ഞു. ആദ്യം അവള്‍ സമ്മതിച്ചില്ലെങ്കിലും ഏറെ യാചനകള്‍ക്കു ശേഷം അവളുടെ മനസ്സലിഞ്ഞു. ഒരു നാലുമണിക്കൂര്‍ സമയം അവള്‍ അനുവദിച്ചു. രാവിലെത്തെ ഫ്ലൈറ്റിനു അവനും അവളും വരും , വൈകുന്നേരം തന്നെ തിരിച്ചു പോവുകയും ചെയ്യും. അയാള്‍ക്ക് സന്തോഷമായി.
ചുമരിലെ കലണ്ടര്‍ അയാള്‍ എടുത്തു മാറ്റി. മാസങ്ങളെയും വര്‍ഷങ്ങളെയും പിറകോട്ടു കൊണ്ടുപോയി . വാച്ചിലെ സൂചികള്‍ നിശ്ചലമാക്കി . ഇരുപത്തിരണ്ടു സംവത്സരങ്ങളെ അയാള്‍ പിറകോട്ടു വലിച്ചു . മഞ്ഞുപെയ്യുന്ന ഒരു പ്രഭാതം . വെയിസ്റ്റ് ബിന്നില്‍ തലേന്നത്തെ അടുക്കള ശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ പോയതായിരുന്നു അയാള്‍ . പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ പൊതിഞ്ഞ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു മടങ്ങവേ ചവറുപെട്ടിയില്‍ നിന്നും ഉയര്‍ന്ന നേരിയ ഒരു ഞരക്കം . ഉള്ളില്‍ എന്തോ കൊളുത്തി വലിച്ചത് പോലെ .. അയാള്‍ വീണ്ടും വെയിസ്റ്റ് ബിന്നിനടുത്തെക്ക് നീങ്ങി . തന്റെ കുടക്കാലുകൊണ്ട് ചവറുകള്‍ വകഞ്ഞുമാറ്റി . ചോണനുറുമ്പുകളും വലിയ ഈച്ചകളും അരിക്കുന്ന പഴയ കോട്ടന്‍സാരി കൊണ്ടുള്ള തുണിക്കെട്ട് . പേറ്റുചൂട് മറാത്ത ചോരക്കുഞ്ഞ് . അതിന്റെ നേരിയ രോദനം ഞരക്കങ്ങളായി . അയാള്‍ കുഞ്ഞിനെ ഇരുകൈകള്‍ ചേര്‍ത്തെടുത്ത് മാറോടണച്ചു . അയാളുടെ ചൂട് ആ കുഞ്ഞിലേക്ക് പകര്‍ന്നു.
No comments:
Post a Comment