സൈറമാര്‍ ഇനി ജീവിച്ചുകൂടാ ,, പുനര്ജ്ജനിക്കേണ്ടത് താത്രിക്കുട്ടിയാണ് . കറുത്ത വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ പെരുമഴയായി തീരാന്‍ ആകാശത്ത് ഒരുക്കങ്ങള്‍ കൂട്ടുകയാണ്. ചോര കരുവാളിച്ച വൃണങ്ങളെ നോക്കി സൈറ ബാനു മനസ്സിലുറപ്പിച്ചു ... താത്രിയായി തീരുക , കുറിയേടത്ത് താത്രിക്കുട്ടി.
Sunday, December 18, 2011
സ്മാര്‍ത്ത വിചാരം
സൈറമാര്‍ ഇനി ജീവിച്ചുകൂടാ ,, പുനര്ജ്ജനിക്കേണ്ടത് താത്രിക്കുട്ടിയാണ് . കറുത്ത വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ പെരുമഴയായി തീരാന്‍ ആകാശത്ത് ഒരുക്കങ്ങള്‍ കൂട്ടുകയാണ്. ചോര കരുവാളിച്ച വൃണങ്ങളെ നോക്കി സൈറ ബാനു മനസ്സിലുറപ്പിച്ചു ... താത്രിയായി തീരുക , കുറിയേടത്ത് താത്രിക്കുട്ടി.
Friday, December 16, 2011
കളിപ്പാട്ടങ്ങള്‍
അയാള്‍ അമ്മാനക്കയകള്‍ മുകളിലേക്കെറിയുകയും അത് താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി വീണ്ടും മുകളിലേക്കെറിയുകയും ചെയ്തു . ലോഹ ഗോളങ്ങളില്‍ നിന്നും ഉതിരുന്ന ഭസ്മം ചുറ്റും കൂടിയിരുന്ന പെണ്‍കുട്ടികളുടെ ദേഹത്ത് പതിച്ചു . രോഗ വിമുക്തിക്കായി അവരുടെ മനവും മനനവും കൊതിച്ചു . അയാള്‍ ആവേശത്തിലായി ,അവരും .
നിറയെ ദ്വാരങ്ങളുള്ള ലോഹ ഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അത് പുതിയ ചക്രവാളങ്ങളെ തീര്‍ത്തു .അല്‍പ്പ വസ്ത്രധാരികളായി അയാള്‍ക്ക് ചുറ്റും റോക്ക് ചെയ്യുന്ന പെണ്‍കുട്ടികള്‍ . അവള് ആ മായിക കാഴ്ച തന്നെ നോക്കി നിന്നു . മാസ്മരികത ആസ്വദിച്ചു .
കളിപ്പാട്ടങ്ങളെ അവള്‍ക്കു ചെറുപ്പം തൊട്ടേ ഇഷ്ടമാണ് . പക്ഷെ അത് സൂക്ഷിച്ചു വെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കുവാനോ ഒരിക്കലും അവള് തയ്യാറായിരുന്നില്ല . പുതിയത് കിട്ടുമ്പോള്‍ പഴയതിനെ മറക്കും ,അത്ര തന്നെ .
വൈകി ഉണരുന്ന സൂര്യന് അവള്‍ക്കൊരു പ്രശ്നമേ അല്ല , നിലാവ് പെയ്യുന്ന ആകാശം മാത്രമേ അവള് കണ്ടുള്ളൂ . വൈകി ഉറങ്ങുന്ന രാത്രികളെ കാമിച്ചു., ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള് കല്പ്പിച്ചു . അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും അന്വേഷിച്ചില്ല . ഉപേക്ഷിച്ചു പോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളുടെ മനസ്സിനെ നോമ്പരപ്പെടുത്തിയില്ല .
അടുത്തടുത്തിരിക്കുന്ന രണ്ടു ഈര്‍ക്കില്‍ കഷണങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു പിടിച്ചു തിരിക്കുമ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം കാതുകളില്‍ മുഴങ്ങി . പച്ച ഈര്‍ക്കില്‍ കുത്തി നോവിച്ച മച്ചിങ്ങയുടെ ദീന വിലാപമായിരിക്കണമത് , ആവേശത്തോടെ അവള് ഇര്ക്കിലുകള് ചേര്‍ത്തുപിടിച്ച് ലോകത്തെ നോക്കി വീണ്ടും വട്ടം കറക്കി . കടകടാ ശബ്ദം അവളെ വട്ടുപിടിപ്പിച്ചു .
വീക്കെന്ഡിലെ ഷോപ്പിംഗ് അവള്‍ക്കു നിര്‍ബന്ധമാണ് . നഗരത്തിലെ വലിയ ഷോപ്പിംഗ് മാളില്‍ അവള് കളിപ്പാട്ടങ്ങള്‍ തിരയുകയായിരുന്നു . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്ക്കരിക്കുകയും ചെയ്യുന്ന ആണ് പാവ. അവളതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്ത് അതില്‍ ആനന്ദം കണ്ടെത്തുകയാണ്. ദൂരെ മാറി നിന്ന് ഒരു ചെറുപ്പക്കാരന് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
അര -മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം , അയാള്‍ അവളുടെ അരികിലേക്ക് നീങ്ങി . ദേഹം ഒന്ന് കുടഞ്ഞ് ടൈ ഒന്ന് വലിച്ചു ശരിയാക്കി അയാള്‍ പറഞ്ഞു .. ഞാന്‍ നിരഞ്ജന് , ഇവിടുത്തെ ഫ്ലോര്‍ മാനജര്‍ . മാഡത്തിനു പാവ ഇഷ്ടമായെന്നു തോന്നുന്നു , പായ്ക്ക് ചെയ്യട്ടെ ,മറ്റെന്തെങ്കിലും ഹെല്‍പ്പ് ?
അവള് ചാവിയില്‍ തിരിയുന്ന പാവയില്‍ നിന്നും കണ്ണെടുത്തു . അയാളെ നോക്കി ചിരിച്ചു , വീണ്ടും പാവയിലേക്ക് .. മിനുട്ടുകള്‍ അവള് അതുതന്നെ ചെയ്തു . എന്തോ പാവയില്‍ ഉണ്ടായ അതെ കൌതുകം അവനിലും അവള്‍ക്കുണ്ടായി. നിരഞ്ജന് എപ്പോഴും ഇതുപോലെ തന്നെയാണോ ? ഈ പ്രസന്നത മുഖത്തു സ്ഥിരമാണോ ? അല്‍പ്പം കണ്ണിറുക്കി അവള് ചോദിച്ചു . അതിനു ഷോള്‍ഡര്‍ കുലുക്കിയുള്ള ചിരിയാണ് അവനില്‍ നിന്നും ഉണ്ടായത് .
അവള് ചാവിയില്‍ തിരിയുന്ന ആ പാവയെ ഷോകെയ്സില്‍ തിരികെ വെച്ച് അവന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു . ചാവി കൊടുത്ത ഒരു പാവയെ പോലെ അവന് അവളുടെ പിന്നാലെ നടന്നു . ചേര്‍ത്തുവെച്ച ഈര്‍ക്കിലുകള്‍ അവള് വട്ടം കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന് മച്ചിങ്ങയെപോലെ കടകടാ ശബ്ദമുണ്ടാക്കി അവളെ ആനന്ദിപ്പിച്ചു .
Sunday, December 11, 2011
വാസനാവികൃതി.. മലയാളത്തിന്റെ ആദ്യകഥ ,എന്റെ വായനയില്‍..
"രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല ..എന്നെക്കാള്‍ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായിരിക്കും. " മലയാള ചെറുകഥയുടെ ശിരോലിഖിതമായി തീര്‍ന്ന വരികളാണിത് . നൂറ്റി ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1891 ല്‍ വിദ്യാവിനോദിനി മാസികയില്‍ മലയാളത്തിന്റെ ആദ്യ കഥയായി പ്രസിദ്ധീകൃതമായ ശ്രീ. വേങ്ങയില്‍ കുഞ്ഞിരാമന് നായനാരുടെ വാസനാവികൃതിയിലെ ആദ്യ വരികളാണ് മേല്‍ചൊന്നത്. ഇന്നത്തെ രാക്ഷ്ട്രീയ , സാമൂഹ്യ പരിസരത്തു വെച്ച് നാമിത് പുനര്‍ വായിക്കുമ്പോള്‍ വെളിവാകുന്നത് ഇന്നും പ്രസക്തിയേറെയുള്ള ആക്ഷേപഹാസ്യ പ്രയോഗം തന്നെയെന്നത് കേവലമായ പരമാര്‍ത്ഥത്തിലേക്കാണ് .
രാജശിക്ഷ ( ഭരണവര്‍ഗ്ഗ നീതി ), എന്നെപ്പോലെ ( ഞാന്‍ എന്ന് ദ്യോതിപ്പിക്കുന്നത്) , ഭാഗ്യഹീനന് ( നിസ്സഹായതയെ ശപിക്കുന്നത് ) എന്നീ വാക്കുകളുടെ കാലികമായ പ്രസക്തി അതിന്റെ പ്രയോഗപരമായ സൗന്ദര്യം ഇവ നാം മനസ്സിരുത്തി വായിക്കെണ്ടതില്ലേ . ഒരു തറവാട്ടില്‍ ഒരു താവഴിക്കാര് കറുത്തും വേറൊരു താവഴിക്കാര് വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാല്‍ നിറഭേദമുള്ളത് ദേഹത്തിനല്ല മര്യാദക്കാണ് , ഇക്കണ്ടക്കുറുപ്പിന്റെ ഈ പ്രസ്താവം നോക്കുക . ഇത് ഫ്യൂഡല്‍ സംസ്കൃതികളുടെ നടുമുറ്റത്തിരുന്നു മുറുക്കി ചുവപ്പിച്ചു കോളാമ്പിയിലേക്ക് നീട്ടിത്തുപ്പുന്ന ഒരു നായനാരുടെ സരസ ഫലിതമായി കുറച്ചുകാണാനാവില്ല . അടിയ - ഉടയ ബന്ധങ്ങളുടെ നേര് പരിഛെദമായി വേണം ഇതിനെ വായിച്ചെടുക്കാന്‍ . കട്ടെടുത്ത മുതലുകള്‍ തന്റെ കാമിനി കല്യ്യാണിക്ക് കൊടുക്കുന്നതും ഒരു രാത്രി പൂവെച്ച മോതിരം തന്റെ ഇടത്തെകയ്യിലെ മോതിര വിരലില്‍ അണിയിച്ചു തരുന്നതും പറയുന്ന ഇക്കണ്ടക്കുറുപ്പ് കാല്‍പ്പനികതയുടെ ഏറ്റവും നല്ല പ്രണയപാരവശ്യമല്ലാതെ മറ്റെന്താണ് . വിദ്യാഭ്യാസത്തിന്റെ നവ , സാമൂഹിക അസംതൃപ്തിയെ ജന്മി - നാടുവാഴിത്വത്തിന്റെ ഇരുമ്പു നൈതികതക്കുള്ളില് നിന്നുകൊണ്ട് അവരിലൊരാള്‍ പുലര്‍ത്തുന്ന സമത്വത്തിന്റെതായ ഒരു സാമൂഹ്യ വീക്ഷണം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അത് ശ്ലാഘനീയമാണ്. സാമൂഹ്യപരവും വ്യക്തിപരവുമായ ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി സര്‍ഗ്ഗാത്മകതയെ അതിന്റെ പാട്ടിനു വിടുകയാണ് അദ്ദേഹം ചെയ്തത് . പരിണാമ പ്രക്രിയയില്‍ പുതിയ പല എഴുത്തുകാര്‍ക്കും കഴിയാതെ പോവുന്ന ,അല്ലെങ്കില്‍ അവര്‍ അരച്ച് നിക്കുന്ന വര്‍ത്തമാനാവസ്ഥയില്‍ ഇത് എടുത്തു പറയേണ്ടുന്ന ഒരു കാര്യവും . കാല്പനികവും നൈതികവുമായ ഒരു വീക്ഷണ കോണിലൂടെ നാമീ കഥയെ സമീപിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ആ അര്‍ത്ഥത്തില്‍ ഞാനീ കഥയെ നെഞ്ചോട് ചേര്‍ക്കുന്നു. ഇത് വേങ്ങയില്‍ കുഞ്ഞിരാമന് നായനാരുടെ നൂറ്റിയമ്പതാം ജന്മ വാര്‍ഷികമാണ് എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു .
Saturday, December 10, 2011
അമാവാസി രാവുകള്‍
കവിത ..
ടി.സി.വി.സതീശന്
മടുത്ത കാഴ്ചകളില്‍
ഉടക്കി നിന്നു കണ്ണുകള്‍
മടുത്ത വാര്‍ത്തകളില്‍
കുടുങ്ങിനിന്നു കാതുകള്‍
വിരസജീവിതമിതു
വിരഹനാളുകള്‍ ഇനിയു
മെത്ര താണ്ടീടേണം
അടയിരുന്നടയിരുന്നു
മടുത്തുയീ വിരസവൈധവ്യം
വിരഹയാഥാര്ത്ഥ്യം
കറുത്ത രാവുപോല്‍
ഇരുളടഞ്ഞതെന്നും
ഒരു നറൂനിലാവ് പെയ്യുവാന്‍
ശതകോടി താരകങ്ങളില്‍
ഒരു ചോതിയായി തീരുവാന്‍
കൊതിക്കുന്നൂയീ മനവും മനനവും
വിരസ വാര്ധക്യത്തിനറൂതിയായ്
ഒരു പകല്‍ സൂര്യനായി
തീരണം ഒരുനാള്‍ അല്ലെ
ങ്കിലൊരു നേരമെങ്കിലും
നിന് കനിവിനായി കേഴുന്നു
മടുത്തുയീ വിധവയെന്ന പേരുപെറും
വിരസ വിരഹത്തിന് നാളുകള്‍
മടുത്തുയീ പീതവര്‍ണ്ണ കാഴ്ചകള്‍
Friday, December 9, 2011
രുക്മിണിയുടെ വിശേഷങ്ങള്‍ .. നിനവുകള്‍ കനവുകള്‍ .
കഥ ..
ടി.സി.വി. സതീശന് .
ഒന്ന്
ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്താന്‍ പത്തുപന്ത്രണ്ടു മണിക്കൂര്‍ യാത്ര വേണം . ബസ്സില്‍ തിരക്ക് കുറവായിരുന്നു. ഇനിയും അരമണിക്കൂര്‍ കഴിഞ്ഞു മാത്രമേ പുറപ്പെടുകയുള്ളു. രുക്മിണി ഏതാണ്ട് മധ്യഭാഗത്തുള്ള, വിന്‍ഡോ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. തന്റെ ബാഗ് തൊട്ടടുത്ത സീറ്റില്‍ വെച്ച ശേഷം ജനല്‍ കമ്പികള്‍ പിടിച്ചു പുറത്തേക്ക് നോക്കി.
സുപ്പര്‍ ഫാസ്റ്റായതിനാല്‍ ആളുകള്‍ കുറവായിരുന്നു. ബസ്സിനകത്തേക്ക് കയറിവരുന്ന ആളുകളെ അവള് സശ്രദ്ധം വീക്ഷിച്ചു. തന്റെ തൊട്ടടുത്ത സീറ്റിലേക്ക് പറ്റിയൊരാളെ അവളുടെ കണ്ണുകള്‍ പരതുകയാണ് ..കാണാന്‍ സ്മാര്‍ട്ടായ ,നന്നായി ബീഹേവ് ചെയ്യൂന്ന ഒരു ഇരുപത്തിഞ്ചു ഇരുപത്തിയെട്ടുകാരനെ ആ മനസ്സ് കൊതിച്ചു. ബോറടിപ്പിക്കില്ലെന്നു ഉറപ്പുണ്ടെങ്കില്‍ ജീവിത യാത്രയിലങ്ങോളം അവനെ കൊണ്ടു നടക്കാമായിരുന്നു. കഴിഞ്ഞ കുറെനാളുകളായി മനസ്സ് തേടുന്ന സഹയാത്രികന് ഒരുപക്ഷെ ഇന്ന് വരുമായിരിക്കാം. ഉള്ളിലാരോ പറയുന്നത് പോലെ.അവള്‍ക്കു തോന്നി .
രണ്ടു ടിക്കറ്റെടുത്തു ...ഒന്നവള്‍ക്കും മറ്റേത് അവനും. സൂപ്പര്‍ ഫാസ്റ്റല്ലാതെ മൂന്നോ നാലോ ബസ്സുകള്‍ മാറിക്കയറിയും വേണമെങ്കില്‍ നഗരത്തിലെത്താം. വര്‍ണ്ണങ്ങളും ശ്ലഥ ചിത്രങ്ങളും കൊണ്ട് കൊളാഷ് തീര്‍ത്ത യവ്വനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അവള്‍ക്കും ഇഷ്ടം അത്തരം യാത്രകളായിരുന്നു. മാറി മാറി വരുന്ന സഹയാത്രികര്‍ ഇടത്താവളങ്ങളില്‍ നിന്ന് കയറുകയും ഇടത്താവളങ്ങളില്‍ ഇറങ്ങുകയും ചെയ്യുന്ന അവരുടെ ചാപല്യങ്ങള്‍ .ആദ്യമൊക്കെ കൌതുകത്തോടെയാണെങ്കിലും പിന്നെ പിന്നെ അവള്‍ക്കുമത് രസകരമായിരുന്നു.
എന്നാല്‍ ഇന്നങ്ങിനെയല്ല. .. ജീവിത സായാഹ്നം വരെ കൂടിരിക്കാന്‍ ഒരു സ്ഥിരം സഹയാത്രികനെ അവളാഗ്രഹിക്കുന്നു..നേരിന്റെ മുള്‍മുനയില്‍ തുലനം ചെയ്യുന്ന ഒരു തുലാസ്സായി ജീവിതത്തെ കാണാന്‍ അവള്‍ക്കു വയ്യ. തെറ്റു ശരികളുടെ ആഴവും പരപ്പുമറിഞ്ഞുകൊണ്ട് തുഴയാനറിയുന്ന നല്ല ഒരു തുഴക്കാരനെ.... അവളുടെ മനസ്സ് പരതുകയാണ് .
ആകാശത്തു മേഘങ്ങള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള തേരുകളില്‍ ആയിരം കുതിരകളെ പൂട്ടി .......മനസ്സ് പായുകയാണ്. മിത്തിനും യാഥാര്ത്യത്തിനും ഇടയിലൂടെ . ഗ്രാമത്തെ പോലെ അവള്‍ക്കു ഇന്ന് നഗരത്തെയും ഇഷ്ടമാണ് .സ്വപ്നങ്ങള്‍ കൊണ്ടവള്‍ ഫാന്റസ്സി തീര്‍ക്കുകയാണ്. ഒരു വെളിപാട് പോലെ ..വെളുക്കെ ചിരിച്ച്, യാഥാര്ത്യത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തുകയും ചെയ്യും . ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തുമ്പോള്‍ അവള് ആകാംക്ഷയോടെ കഴുത്തു പുറത്തേക്കിട്ടു നോക്കും. അവന് ഇപ്പോള്‍ വരുമെന്ന പ്രതീക്ഷയോടെ .
ജനല്‍ ഗ്ലാസ്സിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വീശി. മനസ്സില്‍ കുളിരു കോരിയിടുന്നു. ജോലി സ്ഥലത്ത് വെച്ചും മറ്റും ഒരുപാടു പേരുമായി പരിചയപ്പെട്ടിട്ടും ഇടപഴകിയിട്ടും ഉണ്ട് അവള്. അവരില്‍ തന്നെ ഒരുപാട് പേര് വിവാഹാലോചനകളുമായി നേരിട്ടും അല്ലാതെയും വന്നിട്ടും ഉണ്ട് .
ചൊവ്വ ദോഷമെന്ന് അമ്മ പറയും . അതില്‍ അവള്‍ക്കു വലിയ വിശ്വാസം പോരാ . എന്തിനാണ് ഗ്രഹങ്ങള്‍ ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതത്തിനു മേല്‍ ഇത്രയേറെ പാപങ്ങള്‍ ചൊരിയുന്നത് ? അതിനു മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി താനൊന്നും ചെയ്തില്ലാലോ .ചൊവ്വയ്ക്കല്ല പ്രശ്നം ,അതു സമൂഹ മനസ്സില്‍ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങളും ആകുലതകളും ആശങ്കകളും ആണ് നമ്മെ തളര്‍ത്തുന്നത് , അങ്ങിനെ വിശ്വസിക്കാനാണ് രുക്കുവിന് ഇഷ്ടം .
ഒന്നും മനസ്സിന് തൃപ്തി തരുന്നില്ല ,അല്ലാതെന്തു പറയാന്‍ ...
ബസ്സ് ചെറിയ ഒരു ടൌണില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തി. കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു ..അരമണിക്കൂറുണ്ട് .
വായ്ക്കു ഒരു രുചിയും തോന്നുന്നില്ല. തലയിലൂടെ ഷാള്‍ പുതച്ചു കൊണ്ട് അവള് പുറത്തേക്ക് കഴുത്തു നീട്ടി .
ഉണ്ടാകും .. ഈ കൂട്ടത്തില്‍ ഉറപ്പായും.
കണ്ണുകള്‍ ഓരോ ചെറുപ്പക്കാരനെയും വട്ടമിട്ടു പറന്നു... അവരുടെ ഓരോ ചലനങ്ങളെയും മനസ്സിലെക്കാവാഹിച്ചു രുക്മിണി ഇരുന്നു.
വരും.. വരുമെന്ന പ്രതീക്ഷയോടെ .
രണ്ട്
പ്രോണ്‍ ചെയ്ത വിവിധ നിറങ്ങളിലുള്ള ബോഗന്‍ വില്ലകള്‍ അതിരുകളിട്ട മനോഹരമായ പുല്‍ത്തകിട് .റോസുകളും കുറ്റിമുല്ലകളും അങ്ങിങ്ങായി പൂവിട്ടു നില്ക്കുന്നു.അസ്തമയ സൂര്യന് വിതറിയ പോന്നുരാശികളിള്‍ തട്ടി സ്പ്രിന്‍ഗ്ലറില്‍ നിന്നുമുതിരുന്ന സ്വര്‍ണവര്‍ണ്ണത്തിലുള്ള നേര്‍ത്ത ജലകകണികകള്‍ ചുറ്റും . സിമന്റു ബഞ്ചിലിരുന്നു രുക്മിണി തന്റെ തുവാല മടിയില്‍ വിരിച്ചു . പൊട്ടിയ വളക്കഷണങ്ങളും മയില്‍പീലി തുണ്ടുകളും അതിലേക്കു ചൊരിഞ്ഞു .പച്ചയും മഞ്ഞയും ചുവപ്പും കറുപ്പും വെളുപ്പുമായി കുപ്പിവളക്കഷണങ്ങള്‍ ...കൌമാരത്തെ തിരികെ കൊണ്ടു വരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു . മടിയില്‍ നിരത്തി വെച്ച വളക്കഷണങ്ങളില്‍ മനസ്സിലെ ഗന്ധര്‍വ്വന്റെ മുഖം തെളിഞ്ഞു വന്നു . മയില്‍പ്പീലി തുണ്ടുകളെടുത്തു അവള് അവനു കിരീടമണിയിച്ചു.
ഇറുകിയ ജീന്‍സില്‍ നല്ല പൊക്കമുള്ള സുസ്മേര വദനന് ... പൂച്ചക്കണ്ണന് . തന്റെ സ്വപ്നങ്ങള്‍ ചോര്‍ത്തിയെടുത്ത കൊച്ചുകള്ളന് . ഉള്ളില്‍ നിന്നും ഊറിവന്ന ചിരി അവളുടെ വദനങ്ങളെ സമ്പന്നമാക്കി .
വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു വെച്ച കത്തുകള്‍ ഓരോന്നായി എടുത്തുകൊണ്ടവള്‍ ചുണ്ടോടു ചേര്‍ത്തു ..
ഇമകള്‍ പൂട്ടിയല്പനേരം പ്രാര്‍ഥിച്ചു. തന്റെ ഗന്ധര്‍വ്വനായി .യവ്വനത്തിന്റെ ആസക്തിയെ , ആതുരതയെ മനസ്സിലെക്കാവാഹിച്ചു .
പ്രതീക്ഷകളോടെ കത്തുകളോരോന്നും തുറന്നു നോക്കി . പ്രണയത്തിന്റെ ആകുലതകള്‍ കണ്ട് കോരിത്തരിച്ചു.
ഓര്‍മകളെ കോര്‍ത്തിണക്കുമ്പോള്‍ അവളാശിച്ചു ... ഇതിലേതിലെങ്കിലും തന്റെ രാജകുമാരന് ഉണ്ടായിരിക്കുമെന്ന് .
ഇരുള് പെയ്യുന്ന ആകാശത്ത് നക്ഷത്രങ്ങള്‍ ഓരോന്നായി തെളിയാന്‍ തുടങ്ങി .കത്തുകളിലെ വാക്കുകളും വാചകങ്ങളും അവള് ഹൃദിസ്ഥമാക്കി .അതിലെ അര്‍ത്ഥ വിശേഷണങ്ങള്‍ തലങ്ങും വിലങ്ങും വിചാരണ നടത്തി . ഹൃദയത്തിന്റെ അളവുകോലില്‍ അവളവരുടെ ആത്മാര്‍പ്പണത്തെ നെഞ്ചോടടുപ്പിച്ചു . പ്രതീക്ഷകള്‍ക്ക് കനം വെയ്ക്കുകയാണ് . ചുണ്ടിലെ നേരിയ ചിരി ഹൃദയത്തില്‍ തട്ടി അത് അവളറിയാതെ മുഴുത്ത ചിരിയായി മാറി.
മുല്ലയും പാരിജാതവും പൊഴിക്കുന്ന സുഗന്ധം അവളുടെ കാമനകളെ തൊട്ടുണര്‍ത്തി . ആസക്തി നിറഞ്ഞു കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പൂത്തു നിന്നു.നുണക്കുഴികള്‍ കവിളിനെ കുടുതല്‍ ചുവപ്പിച്ചു . വിറയാര്‍ന്ന വിരിഞ്ഞ ചുണ്ടുകള്‍ കൊടും താപത്തെയേറ്റുവാങ്ങി. മൂന്ന്
ഭക്ഷണം കഴിഞ്ഞ് ആളുകളോരോരുത്തരായി ബസ്സിലേക്ക് മടങ്ങി . പുറത്തു മെര്‍ക്യുറി ലൈറ്റിന്റെ പ്രഭയില്‍ ചെറു പട്ടണത്തിനു തലക്കനം വെച്ചപോലെ .. വിളക്കുകാലിനു ചുറ്റും പൂക്കച്ചവടക്കാരനും കപ്പലണ്ടിക്കാരനും തൊണ്ട പൊട്ടിച്ചു.അവര്‍ക്ക് ചുറ്റും ചെറിയ ചെറിയ ആള്‍ക്കൂട്ടം. വിലപേശലുകളും അവരുടെ ചെറു വാഗ്വാദങ്ങളും .
പണി കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങി പോകുന്ന സാധാരണക്കാരായിരിക്കാം ഒരുപക്ഷെ അതില്‍ കൂടുതലും .
ഒരു മുഴം മുല്ലപ്പൂ അല്ലെങ്കില്‍ ഒരു കൊട്ട കപ്പലണ്ടി . മുതുകൊടിഞ്ഞ അവരുടെ ഭാര്യമാര്‍ക്ക് ഇത്തിരി സന്തോഷം കൊടുക്കാനായി ഇതിലെന്തെങ്കിലും വാങ്ങിക്കുന്നതായിരിക്കണം അവര്‍ .
ബസ്സില്‍ ആളുകള്‍ നിറഞ്ഞു . നീണ്ടു സുമുഖനായ ഒരു ചെറുപ്പക്കാരന് അവളുടെ അടുത്തേക്ക് വന്നു , അനുവാദത്തിനായി അവന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളിലേക്കു നോക്കി.
സന്തോഷം അവളുടെ മനസ്സില്‍ താളം കൊട്ടി. ഇവനാവാം അല്ലേ ..?
സമ്മതത്തിനു കാത്തു നില്‍ക്കാതെ തന്നെ അവന് അവളുടെ അടുത്ത സീറ്റിലിരുന്നു . മുക്കില്‍ അരിച്ചു കേറുന്ന ഏതോ തരം സ്പ്രേ അവന്റെ ശരീരത്തില്‍ നിന്നും ഒഴുകിയെത്തി. ജാസ്മിനായിരിക്കണം എന്ന് തോന്നുന്നു. അതവളുടെ ഉള്ളിലെ മൃദുല ഭാവങ്ങളെ കൂടുതല്‍ ഉത്തേജിപ്പിച്ചു . ഉള്ളിലൂറി കിടന്നിരുന്ന അവളിലെ രതിയെ അതുണര്‍ത്തിവിട്ടു .
അല്പം കൂടി അവനരികിലേക്ക് നീങ്ങിയിരുന്നു കൊണ്ടവള്‍ കുശലങ്ങള്‍ അന്വേഷിച്ചു. അറിയാതെയെന്നോണം അവള് തന്റെ തല അവന്റെ മുതുകിലേക്കു ചായ്ചു.. സുഗന്ധം പരത്തുന്ന അവന്റെ മണം മൂക്കിലേക്ക് വലിച്ചു കയറ്റി . ഒരര്‍ഥത്തില്‍ അവനെ ആസ്വദിക്കുകയായിരുന്നു അവള്. പാതി സ്വപ്നത്തിലും പാതി യാഥാര്‍ത്യത്തിലുമായി അവളുയരങ്ങളെ ലക്ഷ്യമാക്കി പറന്നു..
അവന്റെ വിരലുകള്‍ അവളെ അറിയുകയായിരുന്നു. പുറത്തു നിലാവ് പെയ്യുന്നു. കരിമ്പിന് തോട്ടങ്ങള്‍ ആ വെള്ളിവെളിച്ചത്തില്‍ , പാല് പുഞ്ചിരിയോടെ അതിന്റെ ഇലകളെ സാവകാശം താളത്തില്‍ ചലിപ്പിച്ചു . അതവള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായി അവള് തന്റെ കൈകള്‍ എടുത്തു അവന്റെ മടിയില്‍ വെച്ചു.. അവളുടെ ചെറിയ സ്തനങ്ങളില്‍ ഉഷ്ണപ്രവാഹമുണ്ടായി. അതിന്റെ ഞെട്ടുകള്‍ മേല്പോട്ട് ഉയര്‍ന്നു നിന്നു ..
കര്‍ക്കടക രാശിയില്‍ തെളിഞ്ഞു നിന്ന സൂര്യനെപ്പോലെ .. അവളാനന്ദം കൊണ്ടു . ബസ്സ് നഗരത്തെ ലക്ഷ്യമാക്കി അതിന്റെ പ്രയാണം തുടര്‍ന്നു ..
താഴ്വാരങ്ങളിറങ്ങി ബസ്സ് വിശാലമായ പാടപ്പരപ്പിലേക്ക് .. കിഴക്ക് ആകാശത്തു വെള്ളകീറി സൂര്യന് ഭൂമിയിലേക്കെത്തി നോക്കി . ഇളം കുളിരുമായി ചെറുതെന്നല്‍...ഒരു താരാട്ട് പോലെ കണ്ണുകളെ ഉറക്കത്തിലെക്കാനയിച്ചു . സ്വപ്നങ്ങളില്‍ നിന്നും താഴോട്ടിറങ്ങി വന്നപ്പോള്‍ അവള് അവന്റെ മടിയില്‍ കിടക്കുകയായിരുന്നു . അടിത്തട്ടില്‍ നിന്നും വന്ന ഒരു സന്തോഷത്തില്‍ അവളാഹ്ലാദിച്ചു ... ജീവിതാവസാനം വരെ ഈ മടിത്തട്ടിലിങ്ങിനെ.. ലാളനകളേറ്റ് .
ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ അവന്റെ കയ്യുകള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ആ കണ്ണുകളിലേക്കു നോക്കി .
അവന്റെ കൈകള്‍ തണുത്തിരിക്കുന്നു . ആ കണ്ണുകളിലെ നിര്‍വ്വികാരത അവളെ ഭയപ്പെടുത്തി. നഗരത്തിലെത്താനുള്ള അവന്റെ തിടുക്കം .. മനസ്സ് കുഴഞ്ഞു മറിയുകയാണ് .
നേരം പുലരുന്നതേയുള്ളു . റിക്ഷക്കാരും ടാക്സിക്കാരും അത്യാവശ്യം ചില പിമ്പുമാരും ...
ഉറക്കമില്ലാത്ത അവര്‍ കോട്ടുവായിട്ടു നഗരത്തെ സജീവമാക്കി . തിരക്കു പിടിച്ച വഴികളിലെവിടെയോ അവന് നടന്നു മറഞ്ഞു . ആശകളുടെ തിരകളെണ്ണി തീര്‍ക്കാമെന്ന വ്യാമോഹത്തോടെ അവളുടെ കണ്ണുകള്‍ അവനു പിന്നാലെ പാഞ്ഞു. അവനില്ലാതാവുന്നതു വരെ ....
നാല്
കനകംബാള്‍ ഇടുങ്ങിയ ഫ്ലാറ്റില്‍ അഗ്രഹാരം പുന:ക്രമീകരിക്കാനുള്ള തത്രപ്പാടിലാണ് . തന്റെ മഞ്ഞച്ചേല മടക്കിക്കുത്തി അവള് നിലത്തു കോലം വരയ്ക്കുകയാണ് . കര്‍ണാടക സംഗീതത്തിലെന്ന പോലെ കോലം വരയ്ക്കലിലും അവളുടെ നൈപുണ്യം അപാരം . ഭജനകളില്‍ അവള്‍ക്കേറ്റവും ഇഷ്ടം കൃഷ്ണ ഭജനകളാണ് .
സുബ്ബു എന്ന സുബ്ബരായന്‍ ചാരുകസെരയിലിരുന്നു നീട്ടി വിളിച്ചു .
കനകം ..അവള് എന്തെങ്കിലും പറഞ്ഞിരുന്നുവോ തന്നോട് ?
നീരജ ദള നയന .....നന്ദ നന്ദ നന്ദന
നീല മേഘവര്‍ണ്ണാ ..... ശ്രീകൃഷ്ണാ ...
അവള് മൂളുകയാണ്. സുബ്ബുവിന്റെ വാക്കുകള്‍ കേട്ടില്ലെന്നു തോന്നുന്നു .
കനകം ... രുക്കു തന്നോടെന്തെങ്കിലും പറഞ്ഞിരുന്നുവോ ?
ഇല്ല്യാ ... ഒന്നുമേ പെശര്‍തില്ല്യാ. ഒന്നും അറിയാത്തതു പോലെ അവള് കോലം വരയ്ക്കല്‍ തുടര്‍ന്നു .
മാര കോടി സുന്ദരാംഗ ജാര ചോര ..
നീരധ യമുനാ തീര വിഹാര ...
ഹരേ ഗോപാല ...നീരജ ദള നയനാ ..
യമുനാ തീരത്ത് ഗോപികമാരോടോത്തു ഉല്ലസിക്കുന്ന കൃഷ്ണന്. മഞ്ഞ ചോലയുടുത്തൊരു ഗോപികയായി അവള് .
പണ്ടെന്നോ കണ്ടുമറന്ന തമിഴ് ചിത്രം അവളുടെ മനസ്സില്‍ തെളിഞ്ഞു .
രുക്മിണി ... സുബ്ബുവിന്റെയും കനകംബാളിന്റെയും ഏകസന്തതി . ആണായും പെണ്ണായും . ഒരുപാട് പ്രാര്‍ഥനകളുടെയും വഴിപാടുകളുടെയും ഫലമായി , വൈകിയാണെങ്കിലും ഭഗവാന് കൃഷ്ണന് കൊടുത്ത വരദാനം .
കനകം അങ്ങിനെ വിശ്വസിച്ചുപോന്നു .
സുബ്ബു അതൊട്ട് തിരുത്താന്‍ മിനക്കെട്ടതുമില്ല .
വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നും രുക്കുവിനെ കനകം കൃഷ്ണന്റെ അപദാനങ്ങള്‍ എണ്ണിയെണ്ണി പഠിപ്പിച്ചു .
എന്തിനു പേര് പോലും അവളുടെ നിര്‍ബന്ധമായിരുന്നു . പാട്ടിയുടെ പേര് വിളിക്കണമെന്ന് സുബ്ബുവിനു വലിയ ആഗ്രഹമുണ്ടായിരുന്നു . പക്ഷെ കനകത്തിനുമേല്‍ അത് സ്ഥാപിച്ചെടുക്കാന്‍ അയാള്‍ക്കായില്ല .
ഈ വരുന്ന വൈശാഖത്തില്‍ രുക്കുവിന് ഇരുപത്തിനാല് വയസ്സ് തികയും . കണ്ണടയുന്നതിനു മുമ്പ് അവളെ നല്ല ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടണം ..അതിനു രുക്കു എന്തെങ്കിലും സമ്മതം മൂളണ്ടേ ? ദേഷ്യം മൂക്കിന് കൊടിവരെ എത്തുമെങ്കിലും..
അപ്പാ ..എനിക്ക് സ്വയംവരമാണ് വേണ്ടത് എന്നു വിളിച്ചു അവള് ചിണുങ്ങുമ്പോള് , അതുരുകി വെള്ളമായി തീരുകയാണ് പതിവ്.
സ്വയംവരമെന്നയീ ചിന്ത തന്നെ കനകത്തിന്റെ അമിതമായ കൃഷ്ണ ഭക്തിയില്‍ നിന്നുമാവണം രുക്കുവിന് കിട്ടിയത് .
പീതാംബര ധര വംശീ ധര ...
പീതാംഭുതവര വനമാല ധര ..
വാസുദേവ ദേവനാഥാ നാഥരൂപാ
താപസ കരുണ മാനസ വാസു ...
ഹരേ ഗോപാലാ .... നീരജ ദള നയന ...
കനകം നീട്ടി നീട്ടി പാടുകയാണ് . അവളുടെ കണ്ണുകള്‍ യമുനാ തീരത്ത് കൃഷ്ണനെ തേടുകയാണപ്പോള്‍ .
അകത്തു ദേഷ്യം കൂടി കൂടി വരുന്നുണ്ടെങ്കിലും സുബ്ബു ഒന്നും മിണ്ടിയില്ല . എന്തെങ്കിലും പറഞ്ഞാല്‍ അതുമതി ഒരാഴ്ചത്തേക്ക് .അവളെ പിണക്കുന്നത് അയാള്‍ക്കും ഇഷ്ടമല്ല . അവള് വന്നതിനു ശേഷമാണ് അഗ്രഹാരത്തില്‍ സ്ഥിരമായി അടുപ്പ് പുകഞ്ഞത് .വറുതിയുടെ നാളുകള്‍ക്കു പകരം ഐശ്വര്യവുമായി വന്ന മഹാലക്ഷ്മിയാണവള്‍ . അതു സമ്മതിക്കുന്നതില്‍ സുബ്ബുവിനു ഒട്ടും മടിയില്ല . പലപ്പോഴും പലരോടായി അയാളത് പറഞ്ഞിട്ടുമുണ്ട് ..
അഞ്ച്
ഷാമ്പു ചെയ്തു ,പാറിക്കളിക്കുന്ന സ്ട്രെയിറ്റായ മുടി . തുടുത്തു റോസ് നിറമുള്ള മുഖം . നെറ്റിയില്‍ ബ്രൌണ്‍ നിറത്തിലുള്ള ചെറിയ പൊട്ട് . ചായം തേച്ച വലിയ ചുണ്ടുകള്‍ . ഐഷേയിഡു ഭംഗി കൂട്ടിയ കണ്ണുകള്‍ . പ്രിയംവദാ മേനോന് മൃദുലമായ തന്റെ കാല്പാദം ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി . നഗരത്തിന്റെ തിരക്കില്‍ സ്വിഫ്ട് ഡിസ്സെയറര്‍ അതിവേഗം മുന്നോട്ടു കുതിച്ചു . ജെന്നിഫെര്‍ ലോപെസിന്റെ മാസ്മരിക വീചികള്‍ അവളെ ആവേശത്തിലാക്കി . നെയില്‍ പോളിഷു ചെയ്ത , നീണ്ട വിരലുകള്‍ കൊണ്ടവള്‍ സ്റ്റിയറിങ്ങിനുമേല്‍ മൃദുലമായി താളം പിടിച്ചു.
Something in the dark shot glasses,
you know Something that you can lean to
Something that you can ride to
Something that you can step to You know .
ചുണ്ടുകളുടെ, വിരലുകളുടെ ദ്രുത താളം ...ലോപെസ് ആയി തീരുകയാണവള്‍ .
രുക്മിണിക്കത് അരോചകമായി തോന്നി. സ്റ്റീരിയോ ഓഫ് ചെയ്തു അവള് തന്റെ അനിഷ്ടം പ്രകടിപ്പിച്ചു .
പ്രിയംവദ കാര്‍ സൈഡിലേക്ക് മാറ്റി ബ്രെയിക്ക് ചെയ്തു നിര്‍ത്തി .
രുക്കു തനിക്കെന്താ പറ്റ്യേ ? ഞാന്‍ നേരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .. മുഖത്തൊരു വാട്ടം . ഒരു മൂഡ് ഓഫ് .... പറയെടോ ? ഹൃദയത്തിന് അധികം കനം വെയ്പ്പിക്കാതെ .അത് പൊട്ടിപ്പോകും . അവളുടെ നീണ്ട വിലുകള്‍ രുക്കുവിന്റെ താടിയില്‍ തട്ടി ..
പ്രണയം...?
രുക്കുവിന്റെ മനസ്സിനകത്തെ യുദ്ധം ഒഴിവാക്കാനായി അവള് ചോദിച്ചു .
പ്രണയത്തിന്റെ ആസുരതകളെ കുറിച്ച് തന്റെ അഭിപ്രായമെന്താ ?
രുക്കു എന്ത് പറയാനാ .. ആസുരതകളും ആസക്തികളും നിറഞ്ഞ ഒരുപാട് പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും അവളും കണ്ടും കേട്ടും അറിഞ്ഞുവെന്നല്ലാതെ. ആധികാരികമായി പറയാന്‍ അവളുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല .
പൊസ്സസ്സിവ് ആകുന്നതാണ് പ്രണയത്തിന്റെ ആദ്യ തെറ്റ് .
പ്രിയ അവളുടെ അപാര പാണ്ഡിത്യം വിളമ്പി. ചെറുപ്പം മുതലേ അവളങ്ങിനെയാ. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ അതാണ് ശെരിയെന്നു സമര്‍ഥിച്ചെടുത്തെ അവളടങ്ങൂ .
ഭക്തിപോലെ പ്രണയവും സമര്‍പ്പണമാണെന്ന ഒരു ധാരണ പഠിക്കുന്ന കാലത്ത് രുക്കുവിനുണ്ടായിരുന്നു. കാലങ്ങള്‍ വരുത്തിയ മാറ്റങ്ങളാവണം മറിച്ചൊരു ചിന്ത മനസ്സില്‍ രൂപപ്പെടാനിടയാക്കിയത് .
ഭക്തിയും കാമവും തമ്മിലുള്ള സാദൃശ്യത്തിലെക്കാണ് അവളുടെ മനസ്സ് കൂടുതലും വിരല്‍ ചൂണ്ടിയത്. ഭക്തിയില്‍ കാണിക്കുന്ന അമിതാവേശം ഒരു തരത്തില്‍ രതിയനുഭവിക്കലു തന്നെയല്ലേ ? അഭിനിവേശത്തിനോടുവില്‍ കിട്ടുന്ന സാഫല്യ സുഖം സുരതത്തിന്റെത് തന്നെയല്ലേ .. കുറെ നാളുകളായി മനസ്സിനെ അലട്ടുന്ന ചോദ്യങ്ങളായി അത് രുക്കുവിനെ അസ്വസ്ഥമാക്കുന്നു .
പക്ഷെ അവളൊന്നും പറഞ്ഞില്ല. പ്രിയയോടു തര്‍ക്കിക്കാന്‍ പറ്റിയ മൂഡിലായിരുന്നില്ല അവള് എന്നത് തന്നെ കാരണം .
ആസ്വദിക്കാനാണ് ജീവിതം. വിരസമാകുന്നതെന്തും ഒഴിവാക്കപ്പെടണം .. പ്രിയ തുടര്‍ന്നു . വിരസമായ പ്രണയവും സംശയത്തിന്റെ മുള്‍മുനയിലെ ദാമ്പത്യവും ഒരുപോലെ അരോചകമാണ്.
വിരക്തിയുടെതും വേര്‍പാടിന്റെതും പഴയ കഥ . ക്രൈസിസുകള്‍ വരുമ്പോള്‍ അത് മാനേജു ചെയ്യുവാനുള്ള ആര്‍ജവമാണ് വേണ്ടത്. ഒരുപാട് അനുഭവങ്ങളുള്ള ത്രികാലജ്ഞാനിയെ പോലെ പ്രിയംവദാ മേനോന് ആവേശം കൊണ്ടു .
എന്തുപറയണം എന്നറിയാതെ രുക്മിണി അവളെ തന്നെ നോക്കിയിരുന്നു. വാക്കുകളേക്കാള്‍ അവളുടെ അംഗചലനങ്ങളിലുള്ള ഭംഗി ആസ്വദിച്ച്.....
ആറ്
കൃഷ്ണ വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിടി വെട്ടി .മിന്നലിന്റെ വെട്ടത്തില്‍ തെങ്ങോലകള്‍ തിളങ്ങി നിന്നു. മഴക്കോളുണ്ട് .കറന്റു പോയി ..
തീപ്പെട്ടി തപ്പിയെടുത്തു രുക്മിണി മണ്ണെണ്ണ വിളക്കു കത്തിച്ചു .മഴപ്പാറ്റകള്‍ വിളക്കിനു ചുറ്റും വട്ടം കറങ്ങി.
ആവേശത്തോടെ വെളിച്ചം കുടിക്കാനെത്തിയവര്‍ അതിലും ആവേശത്തോടെ ചത്തൊടുങ്ങി. ചത്തു വീണ കാമിനിമാരെ വകഞ്ഞുമാറ്റി അവള് പുസ്തകം തുറന്നു വെച്ചു . ഹോം വര്‍ക്ക് ചെയ്തു തീര്‍ക്കണം .. ഇല്ലെങ്കില്‍ നാളെ ടീച്ചറുടെ കയ്യില്‍ നിന്നും അടി മേണിക്കേണ്ടി വരും .
പാറ്റകള്‍ കൂടി കൂടി വരുന്നതെയുള്ളു. പുസ്തക താളില്‍ മലര്‍ന്നു വീണ പാറ്റകളെ എടുത്തു മാറ്റി , അവള് ദേഷ്യപ്പെട്ടു.
ഇവറ്റകളെന്താ ഇങ്ങിനെ. ... ചാവേറുകളാകാന്‍ വിധിക്കപ്പെട്ടപോലെ .
പിന്നെയവള്‍ക്ക് സങ്കടം വന്നു .. പാവങ്ങള്‍ . വെളിച്ചത്തില്‍ നിന്നും അവരനഭാവിക്കുന്ന സുഖം എന്തായിരിക്കണം .. അതിന്റെ പ്രകാശമോ അതിലെ ചൂടോ ?
മുഖത്തേക്ക് ഊര്‍ന്നു വീണ മുടി പുറകിലേക്ക് മാറ്റി .. കയ്യണക്കും കറ്റാര്‍വാഴയും തുളസിയും കലര്‍ത്തി കാച്ചിയ വെളിച്ചെണ്ണയുടെ മണം മുറിയിലാകെ പരന്നു . തന്റെ സമൃദ്ധമായ മുടിയുടെ രഹസ്യമതായിരിക്കണം . അല്ല എണ്ണ തയ്യാറാക്കുന്നതില്‍ ഉള്ള അമ്മയുടെ കൈപുണ്യമോ.. മുടിയുടെ ധാരളിത്വത്തില്‍ അവള്‍ക്കു അഭിമാനവും അഹങ്കാരവും ഉണ്ടായിരുന്നു, കണങ്കാല് വരെ നീണ്ട തന്റെ മുടിയെ കുറിച്ചു കൂട്ടുകാരിലും അവരുടെ അമ്മമാരുടെ ഇടയിലും നടക്കുന്ന ചര്‍ച്ചകളില്‍ അവള്‍ക്കു താര പരിവേഷമായിരുന്നു.
വൈകി പിറന്നത് കൊണ്ടോ അഗ്രഹാരത്തിലെ അടുക്കളയില്‍ വേവുന്ന പച്ചക്കറികളുടെയോ , കറിക്കൂട്ടുകളുടെയോ പോഷണ ഗുണം ആവാം , എന്താണെന്നറിയില്ല ഒരു എട്ടാം ക്ലാസ്സുകാരിയുടെ ശാരീരിക വളര്‍ച്ചക്കപ്പുറം അവളുടെ അവയവങ്ങള്‍ക്ക് മുഴപ്പുണ്ടായിരുന്നു ..
രുക്കൂ ... നിയെന്തെടുക്കുവാ അവിടെ , പടിക്കാനൊന്നുമില്ലേയ് നിനക്ക് ? കമലം അടുക്കളയില്‍ നിന്നും വിളിച്ചു ചോദിച്ചു .
പുറത്തു ശക്തമായ മഴ.
ധാര മുറിയാതെ പെയ്യുന്ന മഴയ്ക്ക് ഓങ്കാര ശബ്ദമായിരുന്നു . അമ്പലത്തില്‍ കൃഷ്ണ വിഗ്രത്തില് പൂജ ചെയ്യുന്ന മേല്‍ശാന്തിയുടെ വായില്‍ നിന്നും ഉതിരുന്ന മന്ത്രധ്വനികള്‍ പോലെ അത് അന്തരീക്ഷത്തില്‍ കലര്‍ന്നു .
ഗോപി കൃഷ്ണന് തന്റെ രണ്ടു ക്ലാസ്സ് മേലെയായിരുന്നു. സ്കൂളിലെ ഗ്ലാമര്‍ താരം . അവന്റെ കയ്യിലില്ലാത്തതായി ഒന്നുമില്ല. അവനെ പ്രേമിക്കാന്‍ പെണ്‍കുട്ടികളുടെ നീണ്ട പട തന്നെ സ്കൂളിലുണ്ട്. ആ ക്യൂവില്‍ അവളും സജീവമായി മുന്നില്‍ തന്നെയുണ്ട് ..
അടക്കം പറച്ചിലില്‍ , ചില ടീച്ചര്‍മാര്‍ക്കും അവന്റെ മേല്‍ കണ്ണുണ്ടെന്നു ചില കുട്ടികള്‍ പറഞ്ഞു പരത്തുന്നുണ്ട് . അതിലെത്രമാത്രം ശരിയുണ്ടെന്നത് അവള്‍ക്കു വലിയ തിട്ടമില്ല.
ഏതായാലും ഒരുകാര്യം ഉറപ്പുണ്ട് . തന്റെ കുപ്പിവളകള്‍ ആദ്യമായി പൊട്ടിച്ചതവനാണ് . അത് മനസ്സിലുണ്ടാക്കിയ ഇളക്കങ്ങള്‍ .. അന്ന് തൊട്ടാണ് സ്വപ്നങ്ങള്‍ നെയ്യാന്‍ അവള് പഠിച്ചത് . അത് പകല്‍ പോലെ കിടക്കുന്ന ഒരു യാഥാര്‍ത്ഥ്യം മാത്രം .
ആഞ്ഞു വീശിയ കാറ്റില്‍ അരയാലിലകള്‍ ആടിയുലഞ്ഞു .
അതിന്റെ മര്‍മ്മര ശബ്ദം അവളില്‍ കുളിരു കോരിയിട്ടു . കാറ്റ് മഴയെ വിഴുങ്ങി .
ഗോപികൃഷ്ണന് മനസ്സില്‍ അരയാല്‍ പോലെ പന്തലിച്ചു. കാറ്റിലവന്റെ കരങ്ങള്‍ അവളെ പുണര്‍ന്നു . ഇളകിയാടുന്ന അരയാലിലകള്‍ കവിളുകളില്‍ മുത്തമിട്ടു. സീല്‍ക്കാര ശബ്ദത്തോടെ കാറ്റ് അവളുടെ മുടികള്‍ മേല്‍പ്പോട്ടു പറത്തി . നെറ്റിയില്‍ ഉതിര്‍ന്ന വിയര്പ്പുകണങ്ങളെ സാക്ഷിയാക്കി അവള് സ്വപ്നത്തിലേക്ക് വഴുതി വീണു...
തുളസ്സിത്തറയില്‍ വിളക്ക് വെച്ച് അവള് സന്ധ്യാനാമം ചൊല്ലി. മുടിയില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളം അവളുടുത്തിരുന്ന വസ്ത്രങ്ങളെ നനച്ചു .
മുറ്റത്തു ചാഞ്ഞു കിടക്കുന്ന ആര്യവേപ്പിന്റെ കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന ചെക്കാലിക്കൂട് , അവയുടെ നീണ്ട മുരള്‍ച്ച അവളില്‍ ചെറിയ ഭയമുണ്ടാക്കി . മനസ്സില്‍ ഭീതിയുടെ വിത്ത് വിതച്ചു.
ഏഴ്
നാളെ അസ്സൈന്മെന്റ് കൊടുക്കണം .
പിന്നെ ജോലി റിസൈന്‍ ചെയ്യണം. നാട്ടിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനത്തിലേക്ക് അവള് ഏതാണ്ട് നടന്നടുത്തിരുന്നു.
അപ്പാവിനോടും അമ്മയോടും പറയണം. അവരത് കേട്ടാല്‍ ഏറെ സന്തോഷിക്കുമെന്നു അവള്‍ക്കുറപ്പുണ്ട് .നേരിട്ടൊന്നും പറയാറില്ലെങ്കിലും തന്റെയീ പോക്കില്‍ അപ്പാവിനു വിഷമമുണ്ട്. അയാളുടെ വാക്കുകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ അത് മനസ്സിലാകും. തന്നോടുള്ള വാത്സല്യം കാരണം ഒന്നും പുറത്തു പറയുന്നില്ല എന്നേയുള്ളു.
അമ്മ അങ്ങിനെയല്ല . എവിടെയായാലും കൃഷ്ണന് കൂടെയുള്ളതിനാല്‍ വലിയ കുഴപ്പമില്ല എന്ന മട്ടാണ്.
കാറ്റും കോളുമൊഴിഞ്ഞു ശാന്തമായ മനസ്സോടെ രുക്മിണി വായനാ മുറിയിലേക്ക് കടന്നു .
എഴുതി തീര്‍ന്ന പേപ്പറുകള്‍ അടുക്കിവെച്ചു. ഒരു ഫൈനല്‍ ടച്ച് അപ്പ് കൂടി വേണം.
ജീവിതത്തില്‍ ഒരു കാണ്ഡം കൂടി തീരുന്നതിലുള്ള സന്തോഷത്തോടെ അവള് മനസ്സ് തുറന്നു ചിരിച്ചു . പ്രിയംവദയോട് യാത്ര പറയണം , നഗരത്തിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരിയാണവള്‍ . തീരുമാനങ്ങള്‍ എടുക്കാനാനാതെ പതറിപ്പോയ നിമിഷങ്ങളില്‍ തന്റെ കൂടെ നിന്നിരുന്ന അവളെ മറന്നുകൂടാ . പിന്നെ ഇന്ന് രാത്രി തന്നെ ശിവഗംഗയെ വിളിച്ചു പറയണം. നിന്റെ രുക്കു നാട്ടിലേക്ക് വരുന്നൂന്ന് . .
രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും പ്രണയത്തിന്റെ കെമിസ്ട്രിയില്‍ അവള്‍ക്കു ശരാശരിയിലും കുറവ് മാര്‍ക്ക് മാത്രമേ നേടാനായുള്ളൂ .
ഉള്ളില്‍ വന്ന ചിരിയടക്കി കൊണ്ടവള്‍ ഓര്‍ത്തു . എത്ര നന്നായി പ്രിപ്പെയര്‍ ചെയ്താലും അവള്‍ക്കു അതിനുമുകളില്‍ പോകാനാവുന്നില്ല .നല്ല ഒരു കെമിക്കല്‍ അനലിസ്റ്റായി ശോഭിക്കാന്‍ തനിക്കാവുമെന്നു അവള്‍ക്കുറപ്പുണ്ട് .. പക്ഷെ ജീവിതമതല്ലല്ലോ..
ഗോപികൃഷ്ണനെ കണ്ടു പിടിക്കണം .വെറുതെ...അവനെന്തു ചെയ്യുകയാണെന്ന് ഒരു പിടിയുമില്ല.
അവനെഴുതിയ കത്തുകള്‍ .. അതിലെ വരികള്‍ വീണ്ടും വായിച്ചപ്പോള്‍ . മനസ്സില്‍ നിലാവ് പെയ്യുന്നു . തിളക്കമാര്‍ന്ന നക്ഷത്രമായി അവന് നിറഞ്ഞു നില്ക്കുന്നു.
അഗ്രഹാരത്തിനടുത്തു ഏതെങ്കിലും ഒരു സ്കൂളില്‍ ടീച്ചറാവണം .. ഇനിയുള്ള കാലമെങ്കിലും ഒരു അടുക്കും ചിട്ടയോടും ജീവിക്കണം .
നിറഞൊഴുകുന്ന നിളയെപ്പോലെ ആഹ്ലാദത്തിലാണ് അവള് .. ശരികളിലേക്കുള്ള ദൂരം താണ്ടി തൂതപ്പുഴയുടെ ഓരങ്ങളിലൂടെ മനസ്സ് പാറി നടന്നു.
എട്ട്
അമ്പല മണികളുടെ നാദത്തില്‍ അലിഞ്ഞു ചേര്‍ന്ന മന്ത്രധ്വനികള്‍ . ദീപം ചൊരിയുന്ന നെയ് വിളക്കുകള്‍ ..
രുക്മിണി അകമഴിഞ്ഞ് പ്രാര്‍ഥിച്ചു . വരാനിരിക്കുന്ന സൗഭാഗ്യങ്ങല്‍ക്കായി .
കൃഷ്ണാ.. കാപ്പാത്തണേ. പ്രസാദം വാങ്ങി , കളഭം നെറ്റിയില്‍ തൊട്ടു .തുളസ്സിനാമ്പ് മുടിയില്‍ തിരുകി.
കിഴക്ക് കോട മൂടപ്പെട്ടു അവ്യക്തമായ മലനിരകള്‍ക്കിടയില്‍ അഗസ്ത്യന് തലയുയര്‍ത്തി നില്ക്കുന്നു. എല്ലാം അറിഞ്ഞവനെപ്പോലെ ..ഒരു കള്ള ചിരിയുമായി .
പാട വരമ്പത്ത് കൂടി അവള് നടന്നു. കൂടെ ശിവഗംഗയും .അടുത്ത അഗ്രഹാരത്തിലെതാണ് ശിവ. തടിച്ചുരുണ്ട പ്രകൃതം. ഫുട്ബോളെന്നൊരു ചെല്ലപ്പേര് അവള്‍ക്കുണ്ട്. ആ വിളി കേള്‍ക്കുമ്പോള്‍ അവള്‍ക്കു അരിശം കയറും, കണ്ണുകള്‍ ചുവക്കും മൂക്കിന് കൊടിയില്‍ വിയര്‍പ്പു പൊടിയും .. പിന്നെ പരവശയാകും അവള്. എങ്കിലും ഈ ഗുണ്ടുമണി ഒരുപാട് പാവമാണ് . മറ്റുള്ളവരുടെ വിഷമങ്ങള്‍ കാണുമ്പോള്‍ എളുപ്പത്തില്‍ സങ്കടം വരും.പിന്നെ കണ്ണ് പിഴച്ചിലായി. അത് ശരിയായി കിട്ടണമെങ്കില്‍ നേരമേറെയെടുക്കും .
ഗോപികൃഷ്ണനെ കൂടാതെ ബാലസുബ്രമണ്യനും രാമാനാഥനും ആണ് രുക്മിണിയുടെ ആണ്‍സുഹൃത്തുക്കള്‍ . ശിവയുടെ പരിഭവം അതാണ് .. രുക്കു നിനക്ക് ആണ്‍കുട്ട്യോളെയാണ് ഏറ്റം ഇഷ്ടം . ശെരിക്കും നീ ആണാവെണ്ട്യതാ .. ഭഗവാന്റെ ഒരു കൈത്തെറ്റ്,
അല്ലാതെന്താ ? രുക്കു ചിരിച്ചു കൊണ്ട് തലകുലുക്കും, അല്ലെങ്കിലത് മതി അവള്‍ക്കു കരയാന്‍.
കുപ്പിവളകള്‍ കുലുക്കി ചിരിച്ചു കൊണ്ട് തൂതപ്പുഴയൊഴുകുന്നു ..
ഇടയ്ക്കുയര്‍ന്നു നില്ക്കുന്ന ചെറുപാറകൂട്ടങ്ങളില്‍ തട്ടി കുപ്പിവളകള്‍ ഓരോന്നായി ഉടയുന്നു. പൊട്ടിയ വളക്കഷണങ്ങള്‍ ചേര്‍ത്തുവെച്ചു കൊണ്ടവള്‍ സ്വപ്നങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു . ഉറക്കത്തിന്റെ ഉയരങ്ങളിലെവിടെയോ അവള് പൊട്ടിച്ചിരിച്ചു .
ഒന്‍പത്
രുക്കു .. നിനക്കെന്താ പറ്റിയേ .. അവള് സ്വയം ചോദിച്ചു.
നാട്ടിലേക്കുള്ള മടക്കത്തിന്റെ ത്രില്ലിലാണവള്‍ ..
അടുക്കും ചിട്ടയോടെ , ബാല്യം , കൌമാരം... ഇന്നലെകള്‍ മനസ്സില്‍ ചിത്രങ്ങള്‍ നിറയ്ക്കുകയാണ് .
വൈകീട്ട് വന്നു സാധനങ്ങള്‍ പാക്ക് ചെയ്യണം . റിസൈന്‍ ചെയ്തതിന്റെ കണ്ഫോര്മേഷന് കിട്ട്യാല് എത്രയും വേഗം നാട് പിടിക്കണം.
ഐഷെയ്ഡും ലിപ്സ്റ്റിക്കും ജനലിലൂടെ അവള് പുറത്തേക്കെറിഞ്ഞു.
ഇനി ചമയങ്ങളധികം വേണ്ട .. നാട്യങ്ങള്‍ ഏറെയില്ലാത്ത പച്ചയായ ഒരു ജീവിത ക്രമത്തിന്റെ റിഹേര്സല് നടത്തുന്ന മൂഡിലായിരുന്നു .
മുകളിലെ വരാന്തയിലിരുന്നു സുബ്ബരായന്‍ മുടിയില്‍ ഡൈ ചെയ്യുകയാണ് . വെള്ളി നരകളെ ഓരോന്നായി വേര്തിരിച്ചെ ടുത്തു കറുത്ത ചായം തേച്ചു പിടിപ്പിക്കുകയാണ് വാര്ദ്ധക്യത്തിന് വിട്ടു കൊടുക്കാതെ അതീവ ശ്രദ്ധയോടെയാണ് തന്റെ ഓരോ ദിനചര്യയും അയാള്‍ നടത്തി കൊണ്ടു പോകുന്നത് . മാര്ദ്ധവമുള്ള തന്റെ തുടുത്ത കവിള്‍ത്തടങ്ങളിലൂടെ വെറുതേ വിരലൊടിച്ചു .എന്നിട്ടയാള്‍ കണ്ണാടിയില്‍ തന്റെ മുഖം നോക്കി.
യുദ്ധം ജയിച്ച ഒരു പടയാളിയുടെ മുഖമാണ് അവിടെ അയാള്‍ കണ്ടത്. തന്റെ ആരോഗ്യത്തില്‍ അഭിമാനം കൊണ്ടു. വാര്‍ദ്ധക്യത്തെ തളച്ച് യവ്വനം തിരിച്ചു പിടിച്ചതിലുള്ള സന്തോഷം അയാളുടെ മുഖത്തു തെളിഞ്ഞു നിന്നു . തുശനിലയില്‍ തുമ്പപ്പൂ പോലെയുള്ള ഇഡ്ഡലിയെടുത്തു വെച്ചു . തനിക്കിഷ്ടപ്പെട്ട വെങ്കായ സാമ്പാര്‍ അതിലെക്കൊഴിച്ചു കൊണ്ടവള്‍ വിളിച്ചു പറഞ്ഞു
അപ്പാ .. നമുക്ക് തിരിച്ചു നാട്ടിലേക്ക് പോകാം .. എന്തോ നഗരം മടുപ്പുണ്ടാക്കുന്നു.
സുബ്ബു ഉള്ളില്‍ ചിരിച്ചു , മുഖത്തു അല്പം ഗൌരവം വരുത്തി ചോദിച്ചു .. മോള്‍ക്കിപ്പം അങ്ങിനെ തോന്നാന്‍.?
മടുത്തു അപ്പാ .. നമ്മടെ പുന്നെല്ലിന്റെ ചോറും പാവക്കാത്തോരനും കൊത്യാവുന്നു അപ്പാ... ഒരു ചെറു കൊഞ്ചലോടെ അവള് മൊഴിഞ്ഞു.
കമലം .. ഇവളെന്ന്യ ശൊല്ലര്‍തെന്നു തെരിയുമോ നിനക്ക് , നാട്ടിലേക്ക് തിരുമ്പിപ്പോറാന്നു
നല്ല കാര്യം താനേ ..അവള് വതില്‍ ശൊന്നു.
സുബ്ബുവിന്റെ മുഖത്തു സന്തോഷം അലതല്ലി. മുഖം അയാള്‍ തന്റെ ബനിയനില്‍ തുടച്ചു .. രുക്കുവിനോട് ചോദിച്ചു എപ്പോഴാ പോണേ ?
ശനിക്കിഴമേ ...അവള് പറഞ്ഞു .
തിരിച്ചു പോകുന്ന കാര്യം പ്രിയയോടു പറഞ്ഞപ്പോള്‍ ആദ്യമവള്‍ക്ക് അരിശമാണ് വന്നത്. തനിക്കെന്തിന്റെ കേടാ ?
ശരി നിന്റ്യിഷ്ടം അതാണെങ്കില്‍ പിന്നെ എന്ത് പറയാനാ ? ഇല്ലേലും നിനക്ക് നല്ലത് ആ പട്ടിക്കാട് തന്നെ .
അപ്പാവും അമ്മാവും സാധനങ്ങള്‍ കെട്ടിപ്പെറുക്കി വയ്ക്കുന്ന തിരക്കിലാണ്.
നാളെ ഒരു ദിവസം മാത്രമേ തനീ നഗരത്തിലുണ്ടാവൂ. .. പിന്നെ...
മുന്നിലെ ഷോപ്പിംഗ് മാളിലെ തിരക്ക് കൂടുകയാണ് .. ജനലിലൂടെ നോക്കിയാല്‍ മുന്നിലെ നാല് വരി പാതയും ഷോപ്പിംഗ് മാളും പെട്രോള്‍ പമ്പും അവള്‍ക്കു വ്യക്തമായി കാണാം .
ആളുകള്‍ക്കെന്തു തിരക്കാണാവോ.. എല്ലാവരും സാധനങ്ങള്‍ വാരിക്കൂട്ടന്നത് പോലെ ..
നാളെ ലോകം അവസാനിക്കുകയാണോ ?
എന്തിനാണിവര്‍ ഇത്രേം സാധനങ്ങള്‍ ഒന്നിച്ചു വാങ്ങിക്കൂട്ടുന്നത്. ..
ഡീസലും പെട്രോളുമടിക്കുന്നതിനു വാഹനങ്ങളുടെ നീണ്ട നിര ..
എന്തോ ഒരത്യാഹിതം സംഭാവിക്കാനുള്ളത് പോലെ.. അവള്‍ക്കു തോന്നി.
മനസ്സില്‍ ആശങ്ക പടര്‍ന്നു. ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് അവളാശിച്ചു..
മാലിന്യങ്ങളെ ഇല്ലായ്മ ചെയ്തു ശുദ്ധമാക്കപ്പെട്ട ഭൂമിയെ കുറിച്ച് അവളോര്‍ത്തുപോയി .ദുരിതങ്ങളകന്ന് , ഊര്‍വ്വരമായ ഭൂമിയെക്കുറിച്ച്.
ഒരു കനത്ത മഴ കൂടിയേ തീരൂ .
വികലവും വിഫലയുമാക്കപ്പെട്ടയീ ഭൂവിന്റെ നഗ്നത മാറിയെ മതിയാവു...
പച്ചപ്പട്ടു കൊണ്ട് നഗ്നമേനി മറയ്ക്കാന്‍ ഒരു കനത്ത മഴയ്ക്കായി അവള് സര്‍വേശ്വരനോട് അകമുരുകി പ്രാര്‍ഥിച്ചു .
പരന്നു കിടക്കുന്ന പുഞ്ചപ്പടങ്ങളിലൂടെ ചെറു മീനുകളെപ്പിടിച്ചും വരമ്പിരുമ്പുകളില്‍ വെള്ളം തേവിയും രുക്കു തന്റെ ബാല്യത്തെ തിരികെ കൊണ്ടുവന്നു.
പൂക്കളുടെ ആകാശത്തിനു കീഴെയുള്ള തന്റെ കൌമാരത്തെയും .
പത്ത്
അത്യാവശ്യങ്ങളുള്ളത് മാത്രമെടുക്കുക .അനാവശ്യമായി നഗരത്തെ ഗ്രാമത്തിന്റെ വിശുദ്ധിയുടെ മേല്‍ കേട്ടിയെല്‍പ്പിക്കരുത് . സാധനങ്ങള്‍ പാക്ക് ചെയ്യുമ്പോള്‍ രുക്മിണി മനസ്സിലുറപ്പിച്ചത് അതായിരുന്നു . അടുത്ത കാലത്തായി അവള് ചെയ്ത പെയിന്റിങ്ങുകള്‍ നോക്കി ഒരു നിമിഷം അറച്ചുനിന്നു . വേണോ ?
ഈ വരകളില്‍ നഗരത്തിന്റെ ആത്മാവുണ്ട്. മറക്കാന്‍ ശ്രമിക്കുന്ന ഭൂതകാലത്തെ ഓര്‍മ്മയില്‍ കൊണ്ടുവരാന്‍ ഇത് ഇടയാക്കിയേക്കും .
വേണ്ട അല്ലേ...സ്വന്തം മനസ്സാക്ഷിക്കു മുന്നില്‍ അവളൊരു ചോദ്യമെറിഞ്ഞു കൊടുത്തു .
ഇപ്പോള്‍ താന്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ രതിയുടെ അംശം വളരെ കൂടുതലാണെന്ന അഭിപ്രായം അവള്‍ക്കു സ്വയമേവയുണ്ട് .
ആസ്വാദക പക്ഷത്തുനിന്നും സൌഹൃദ സംവാദങ്ങളില്‍ പ്രശംസ ഏറെ കിട്ടുന്നുണ്ടെങ്കിലും , വാസ്തവമായി ഇത് നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അവളുടെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി .
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ഒരുപാട് സമ്മാനങ്ങള്‍ തനിക്കു വാങ്ങിത്തന്ന ചിത്രം തന്നെയെടുക്കാം .
ഇന്ത്യന്‍ ഇങ്കിലുള്ള നാല് വരകള്‍ .. അതൊരു സ്ത്രീയുടെ അരക്കെട്ടാവുന്നു.നടുവിലൊരു കറുത്ത വൃത്തം .വൃത്തത്തിനു മുകളിലായി ചുവന്ന മഷിയില്‍ വലതു കൈപ്പത്തി മുക്കി തന്റെ അഞ്ചുവിരലുകള്‍.
നഗരത്തിലെ ബുദ്ധിജീവികള്‍ അതിനു നല്കിയ മാനങ്ങള്‍ .. ലോക തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടെണ്ടതാണെന്നു മൈക്കിന് മുന്നിലവര്‍ തൊണ്ട കാറിയപ്പോള്‍ ,കണ്ണുകളടച്ചു നിശബ്ദമായി ഉള്ളില്‍ ചിരിക്കുകയായിരുന്നു അവള് .
അവളെ സംബന്ധിച്ചിടത്തോളം വിരസമായ ഏതോ സായാഹ്നത്തിലെ ഭ്രാന്തന് ചിന്ത മാത്രമായിരുന്നു അത് .
പതിനൊന്ന്
രാത്രി ഏഴുമണിക്കാണ് ബസ്സ് .
സെക്കന്റുകള്‍ , മിനിറ്റുകള്‍.. അവ മണിക്കൂറുകളായി തീരുന്നത് അവള് അക്ഷമയോടെ കാത്തിരുന്നു .
ശിശിരമൊഴിഞ്ഞു വസന്തം വരുന്നതിനുള്ള തയ്യാറെടുപ്പുകളുമായി .
ഗ്രാമത്തിലേക്കുള്ള ബസ്സ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ്. അപ്പാവിനെയും അമ്മാവിനെയും കൂട്ടി രുക്കു ബസ്സിനകത്തേക്ക് കയറി .
വീക്കെന്റായത് കാരണം ആവാം ബസ്സില്‍ നല്ല തിരക്ക് .
അതല്ല എന്നെപ്പോലെ നഗരമുപേക്ഷിച്ചു പോകുന്നവരായിരിക്കുമോ ഇതില്‍ കൂടുതലും .. അങ്ങിനെയാവട്ടെയെന്നു മനസ്സ് പ്രാര്‍ഥിച്ചു .
വിന്‍ഡോ ഗ്ലാസ്സിലൂടെ നഗരത്തിന്റെ ബിംബങ്ങള്‍ ഓരോന്നായി പുറകോട്ടു പാഞ്ഞു .വിശാലമായ ഇരുള്‍പരപ്പില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഒറ്റപ്പെട്ട ഹെഡ് ലൈറ്റുകള്‍ നിരത്തില്‍ , വിജനതയെ മുറിച്ചു .
ചുരം കയറുമ്പോള്‍ ബസ്സ് ഞെരങ്ങുന്നത് കേള്‍ക്കുമ്പോള്‍ നഗരത്തിന്റെ അവസാന നിശ്വാസമായാണ് അവള്‍ക്കു തോന്നിയത്.
പുറത്തു നിന്നും അടിച്ചു കയറിയ കാറ്റ് അവളെ പാതി മയക്കത്തിലേക്ക് കൊണ്ടുപോയി . മെല്ലെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ..
മഞ്ഞുപാളികള്‍ക്കുള്ളിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യന് .ഏതോ അമ്പലത്തില്‍ നിന്നും ഉയരുന്ന നാദധ്വനികള്‍ അവളെ ഉണര്‍ത്തി .
ഗ്രാമത്തോടു അടുക്കുകയാണ് .
ശുക്ലാംബരധര വിഷ്ണും ... ശശിവര്‍ണ്ണം ചതുര്‍ഭുജം ...
പ്രസന്നവദനം ധ്യായെ .. സര്‍വ്വ വിഘ്നോപശാന്തയെ ...
അവളുടെ കര്‍ണ്ണങ്ങളില്‍ ഒഴുകിയെത്തി. മനസ്സില്‍ അശാന്തി ഒഴിഞ്ഞത് പോലെ അവള്‍ക്കു തോന്നി. അവള് സൂര്യനും പ്രപഞ്ചത്തിനും നന്ദി പറഞ്ഞു .
പ്രണയ ലേഖനം
പ്രണയ ലേഖനം
കവിത..
ടി.സി.വി.സതീശന്
മരണമേ പ്രണയമാണെനിക്കു
നിന് കറുത്ത കരങ്ങളിലെ
കൂര്‍ത്ത നഖങ്ങള്‍ ..
മടുത്തു ഞാനീ കരിപിടിച്ച
ജീവിതത്തിന് കറുത്ത നാളുകള്‍
മരണമേ , മടിച്ചിടാതെ വരിക നീ
ആഴ്ന്നിറക്കുക നിന് കൂര്‍ത്ത നഖങ്ങളെന്‍
കഴുത്തില്‍ , ഈ കറുത്ത രക്തം
മോന്തുക മതിവരോളം
ഒരു പ്രാണനാഥനെന്ന പോല്‍
ഒരു കടും പിങ്ക് റോസായി തീരുക നീ
പ്രേമ ഹാരമായി തീരണമെനിക്കു
നിന് കഴുത്തിലെന്നും ഇതു വിവശയാം
പ്രണയിനിയുടെ അവസാനയാഗ്രഹം
ആശുപത്രിക്കിടക്കയില്‍ കൊതുകുകള്‍
ബാക്കിവെച്ചീ ജീവിതം എടുത്തു കൊള്ളുക നീ
ഏകജാലകം തുറന്നു ഞാനീ മനസ്സ്
നിനക്കായി യെന്‍ കറുത്ത കൈകളാല്‍
കുറിച്ചിടും പ്രണയ ലേഖനമിത് ..
സദയം സ്വീകരിക്കുക നീ മടിച്ചിടാതെ .
വിശാലമായ കടല്‍പരപ്പിലേക്ക് ..
ടി.സി.വി. സതീശന്
വെട്ടിയെടുത്ത കുലച്ചവാഴകളും കരിക്കിന്‍കുലകളും കൊണ്ടലങ്കരിച്ച കമാനം . മുറ്റം നിറയെ പ്ലാസ്റ്റിക്ക് കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു .ചെറിയ മണ്ഡപത്തില്‍ എഴുതിരികള് കത്തുന്ന നിലവിളക്ക് , തെങ്ങിന് പൂക്കുല വെച്ച നിറപറ . അയാള്‍ വാച്ചിലേക്ക് നോക്കി , ചുറ്റും നിന്നവര്‍ അയാളെ നോക്കി .പെരുപ്പ് അയാളുടെ തലയുച്ചി വരെ പടര്‍ന്നു . കണ്ണുകള്‍ മങ്ങുന്നത് പോലെ , ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചു . തന്റെ തോര്‍ത്തുമുണ്ട് കൊണ്ട് അയാള്‍ വിയര്‍പ്പു തുടച്ചു . മുഖത്തെ ചിരി നിലനിര്‍ത്താന്‍ പാടുപെട്ടു . സമയം പത്ത് ഇരുപത്തി നാല് .. അവരെനിയും എത്തിയില്ലല്ലോ . ബന്ധുക്കളും അയല്പക്കക്കാരും പിറുപിറുത്തു . അത്യാവശ്യം ചിലര്‍ അയാളുടെ വിഷമാവസ്ഥയില്‍ ഉള്ളാലെ സന്തോഷിച്ചു . മണ്ഡപ തൂണുകളില്‍ അലങ്കരിച്ച പഴുത്ത അടയ്ക്കകള്‍ അയാളെ നോക്കി ചിരിച്ചു.
ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും വെച്ചു കൊണ്ടുതന്നെ ,അളന്നും അളക്കാതെയും സ്നേഹം കൊടുത്ത് വളര്‍ത്തിയ മകള്‍ അവള് വളര്‍ന്നു .. അവള് മാത്രം വളര്‍ന്നു . തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി അവള്‍ക്കായി . ശരിതെറ്റുകളുടെ വിചാരണയ്ക്കുപോലും ഇടംകൊടുക്കാതെ അത് അവള് കുടുംബത്തിന്റെ ശരികളായി നടപ്പാക്കി. പറക്കമുറ്റ കുഞ്ഞുങ്ങള്‍ പുതിയ ആകാശദൂരങ്ങള്‍ താണ്ടുന്നതില്‍ അയാള്‍ക്ക് വിയോജിപ്പില്ല. എന്നാല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സ്വന്തം ചിറകുകളില്‍ ആയിരിക്കണമെന്ന ചെറിയ നിര്‍ബ്ബന്ധം അയാള്‍ക്കുണ്ടുതാനും .
അയല്‍വീടുകളിലെ വിശേഷങ്ങളില്‍ അയാള്‍ എന്നും ആദ്യാവസാനക്കാരനായിരുന്നു .അവരുടെ സന്തോഷങ്ങള്‍ അയാളുടെതും .അന്നൊക്കെ മനസ്സില്‍ പറയുമായിരുന്നു .ഒരു ദിവസം തന്റെ മകളുടെ കല്യാണോം കേമമായി നടത്തണം . എല്ലാരേം വിളിച്ചു ഒരുനേരത്തെ ഭക്ഷണം കുശാലായി കൊടുക്കണം , അയാളുടെ സ്വപ്നങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി അത് സജീവമായി നിലനിന്നു. ആകാശവിശാലതയില്‍ പറന്നുയരുന്ന കിളിയുടെ ഗതിവേഗതകളെ കുറിച്ച് അയാള്‍ അറിഞ്ഞതേയില്ല . കൂടെകൊണ്ടുനടക്കുവാന് പറ്റിയ ഒരു ഇണയെ അവള് കണ്ടെത്തിയിരുന്നു. അവര്‍ ഒരുമിച്ചുള്ള പാര്‍പ്പും തുടങ്ങി കഴിഞ്ഞിരുന്നു . ഇയ്യടുത്താണ് അവള് അത് വിളിച്ചു പറഞ്ഞത് . ആദ്യം മനസ്സ് വല്ലാതെ വേദനിച്ചുവെങ്കിലും പതുക്കെ അതുമായി പൊരുത്തപ്പെടുവാന്‍ അയാള്‍ മനസ്സിനെ പഠിപ്പിച്ചെടുത്തു . നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപിടി ചോറ് കൊടുക്കണം .. അയാള്‍ തന്റെ ആഗ്രഹം മകളോട് പറഞ്ഞു. ആദ്യം അവള് സമ്മതിച്ചില്ലെങ്കിലും ഏറെ യാചനകള്‍ക്കു ശേഷം അവളുടെ മനസ്സലിഞ്ഞു. ഒരു നാലുമണിക്കൂര്‍ സമയം അവള് അനുവദിച്ചു. രാവിലെത്തെ ഫ്ലൈറ്റിനു അവനും അവളും വരും , വൈകുന്നേരം തന്നെ തിരിച്ചു പോവുകയും ചെയ്യും. അയാള്‍ക്ക് സന്തോഷമായി.
ചുമരിലെ കലണ്ടര്‍ അയാള്‍ എടുത്തു മാറ്റി. മാസങ്ങളെയും വര്‍ഷങ്ങളെയും പിറകോട്ടു കൊണ്ടുപോയി . വാച്ചിലെ സൂചികള്‍ നിശ്ചലമാക്കി . ഇരുപത്തിരണ്ടു സംവത്സരങ്ങളെ അയാള്‍ പിറകോട്ടു വലിച്ചു . മഞ്ഞുപെയ്യുന്ന ഒരു പ്രഭാതം . വെയിസ്റ്റ് ബിന്നില്‍ തലേന്നത്തെ അടുക്കള ശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ പോയതായിരുന്നു അയാള്‍ . പ്ലാസ്റ്റിക്ക് ക്യാരി ബാഗില്‍ പൊതിഞ്ഞ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചു മടങ്ങവേ ചവറുപെട്ടിയില്‍ നിന്നും ഉയര്‍ന്ന നേരിയ ഒരു ഞരക്കം . ഉള്ളില്‍ എന്തോ കൊളുത്തി വലിച്ചത് പോലെ .. അയാള്‍ വീണ്ടും വെയിസ്റ്റ് ബിന്നിനടുത്തെക്ക് നീങ്ങി . തന്റെ കുടക്കാലുകൊണ്ട് ചവറുകള്‍ വകഞ്ഞുമാറ്റി . ചോണനുറുമ്പുകളും വലിയ ഈച്ചകളും അരിക്കുന്ന പഴയ കോട്ടന്‍സാരി കൊണ്ടുള്ള തുണിക്കെട്ട് . പേറ്റുചൂട് മറാത്ത ചോരക്കുഞ്ഞ് . അതിന്റെ നേരിയ രോദനം ഞരക്കങ്ങളായി . അയാള്‍ കുഞ്ഞിനെ ഇരുകൈകള്‍ ചേര്‍ത്തെടുത്ത് മാറോടണച്ചു . അയാളുടെ ചൂട് ആ കുഞ്ഞിലേക്ക് പകര്‍ന്നു.
അപ്രീയ ചിത്രങ്ങള്‍
അപ്രീയ ചിത്രങ്ങള്‍
കഥ ..
ടി.സി.വി.സതീശന്
റിക്ടര്‍ സ്കെയിലില്‍ 6 കടന്നു . ഭൌമ ശാസ്ത്രഞ്ജരും ജിയോളജിക്കല്‍ സര്‍വ്വേയിലെ ഉദ്ധ്യോഗസ്തരും വന്‍ ഭൂചലനത്തിനുള്ള സാധ്യതകള്‍ പ്രവചിച്ചു .ജനം പരിഭ്രാന്തരരായി ... വെട്ടിപ്പിടിച്ച സര്‍വ്വമാന സ്വത്തുക്കളും കെട്ടിപിടിച്ചവര്‍ കരഞ്ഞു . വന്ന വഴികളിലെ നേരും നെറിയും പരിശോധിച്ചു . അതിലെ പതിരുകള്‍ നേരിനെ ഇല്ലാതാക്കി . നെറികേടിന്റെ ഒരു ജന്മം , അതവരുടെ മനസ്സിനെ അസ്വസ്ഥമാക്കി . ചതിവിന്റെ വഴിയിലൂടെ പടുത്ത ജീവിതത്തിന്റെ പകിട്ടുകള്‍ ഇല്ലാതാവുകയാണല്ലോ ?
വട്ടമിട്ടു പറക്കുന്ന ശവംതീനി പരുന്തുകള്‍ ആകാശത്ത് മനുഷ്യമാംസത്തിന്റെ മണം ആസ്വദിക്കുകയാണ് . കുലംകുത്തിയോഴുകുന്ന പുഴ സംഹാരനൃത്തം ആടുന്നു. പിഷാരടി ബാലഗംഗാധരനോട് പറഞ്ഞു .. കെട്ടിപ്പടുത്തതെല്ലാം തകര്ന്നടിയുകയാണല്ലോ മാഷേ . എല്ലാം ഒരു കലങ്ങിത്തെളിയലിന്റെതായിരിക്കും അല്ലെ , ഒരു ജീവിതം മുഴുവന്‍ നേടിയത് നിമിഷം കൊണ്ടില്ലാതാവുന്നതിന്റെ വേദന അയാള്‍ മാഷുമായി പങ്കിട്ടു . സീസോ സ്കെയില്‍ കള്ളം പറയില്ലെന്ന പൊതു ധാരണയില്‍ അയാള്‍ മരണത്തിന്റെ ഇരുണ്ട മുഖം കണ്ടു . വൃഥാവിലായ സന്തോഷങ്ങളെ നെഞ്ചിലോതുക്കി .
പറുക്കിയെടുക്കാനുള്ളതെല്ലാം എടുക്കുക .. വേഗമാകട്ടെ , ബാലഗംഗാധരന്‍ ഭാര്യയോടു പറഞ്ഞു . അപ്രീയമെങ്കിലും മരണം മുന്നിലൊരു പകല്ചിത്രമായി നിലകൊണ്ടു . എത്രയും വേഗം ഒഴിഞ്ഞു പോകുക , ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പുകള്‍ തുടരത്തുടരെ അനൌണ്സ് ചെയ്യപ്പെപ്പെട്ടു. ചെറിയ ഭാണ്ഠങ്ങളില് ഒതുക്കിയ ജീവിതവര്‍ണ്ണങ്ങള്‍ തോളിലും തലയിലുമായി പേറി അയാള്‍ നടന്നു ..മലകളിറങ്ങണം കുന്നുകള്‍ താണ്ടണം. മലയിടിച്ചലിന്റെ ശബ്ദം അയാളുടെ കാതുകളില്‍ മുഴങ്ങി. വന്മരങ്ങള് കടപുഴകുന്നു ..അയാള്‍ തന്റെ കുട്ടിയെ മാറോട് ചേര്‍ത്തു .അവള് അയാളെ ചേര്‍ന്ന് നടന്നു .
ഭൂമിയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുന്നു .മലയിടിച്ചില്‍ ഘോരശബ്ദങ്ങളുണ്ടാക്കി ഉരുള്‍പൊട്ടലായി തീര്‍ന്നു . അസ്ഥിരമായ അടിത്തറകളില്‍ കെട്ടിപ്പടുത്ത വലിയ ആസ്തിബലമുള്ളവരുടെ മനസ്സിലെ കരിങ്കല്ലുകള്‍ ചിതറിത്തെറിച്ചു . അതിന്റെ ചീളുകള്‍ അടിവാരത്തെ ചെറുകുടിലുകള്‍ തകര്‍ത്തു . പലായനത്തിന്റെ വഴികളിലെവിടെയോ അയാള്‍ക്ക് ഭാര്യയെ നഷ്ടപ്പെട്ടു . രക്ഷപ്പെടുക .. കാതുകളില്‍ മുഴങ്ങിയത് അത് മാത്രമായിരുന്നു . കുഞ്ഞിനെ മാറോട് ചേര്‍ത്തു ശക്തമായ പുഴയോഴുക്കില്‍ അയാള്‍ ആയാസത്തോടെ ദൂരങ്ങള്‍ നീന്തി . ആശ്വാസത്തിനായി കയ്യില്‍ കിട്ടിയ പൊള്ളമരത്തെ കെട്ടിപ്പിടിച്ചു .മരണത്തെ മറികടക്കാനുള്ള മനസ്സിന്റെ വെമ്പലില്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് അയാള്‍ക്ക് ചിന്തിക്കാനേ ആയില്ല .
സഹനങ്ങള്‍ക്കപ്പുറം തന്നെ വിവസ്ത്രയാക്കപ്പെട്ടതില് മനുഷ്യകുലത്തോട് ഭൂമിക്കുള്ള രോഷം ഇങ്ങിനെ തീര്ക്കുകയായിരിക്കണം , ബാല ഗംഗാധാരന്റെ മനസ്സില്‍ തത്വജ്ഞാനം പൊന്തി .പിഷാരടി പറഞ്ഞതിലും കാര്യമില്ലേ ? എല്ലാം ഒരു കലങ്ങിത്തെളിയലിനായിരിക്കും ല്ലേ .. പുഴ കാരുണ്യം കാണിച്ചില്ല എതിരെ വന്ന ഒഴുക്കിലെപ്പോഴോ കരുതിവെച്ച ഭാണ്ഠങ്ങളും കുഞ്ഞും അയാള്‍ക്ക് നഷ്ടമായി.
കുലംകുത്തുന്ന നീരൊഴുക്കില്‍ പോയകാലത്തെ കുറിച്ചുള്ള ഓളങ്ങള്‍ അയാളില്‍ ശക്തമായി . പുഴ പ്രളയമായി .. അന്നുവരെ വിലപ്പെട്ടാതെന്നു കരുതിയതെല്ലാം കണ്മുന്നില് ഒലിച്ചില്ലാതാവുകയാണ് .ജനറല്‍ ആശുപത്രിയിലെ ഇരുപത്തിമ്മൂന്നാം നമ്പര്‍ ബെഡ്ഡില്‍ പഴുത്തളിഞ്ഞ വൃണങ്ങളില്‍ ഈച്ചയാര്‍ത്തു ഞെരങ്ങുന്ന അച്ഛന്റെ മുഖം അപ്രീയചിത്രമായി അയാളുടെ മനസ്സില്‍ എത്തി . ഞെരക്കങ്ങളില്‍ മുഴങ്ങികേട്ട പാഴ്ജീവിതത്തിന്റെ ശൂന്യതകളെ മനസ്സിലാക്കാന്‍ അന്നയാള്‍ക്ക് കഴിഞ്ഞില്ല . സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു , വാമഭാഗത്തിന്റെ പ്രേരണയാല്‍ പുതിയ അസ്ത്രങ്ങള്‍ തൊടുക്കാനുള്ള വെമ്പലായിരുന്നു മനസ്സില്‍. വൃദ്ധസദനത്തിലെ ഓടുമേഞ്ഞ മേല്ക്കൂരകള്ക്കടിയില് ശാപവാക്കുകള്‍ ചൊരിഞ്ഞ അമ്മയെ അയാള്‍ കണ്ടില്ല . യുദ്ധമുഖത്ത് താന്‍ ഗളഛെദം ചെയ്ത ഉരുളുന്ന തലകളെയും കണ്ടില്ല , ഒഴുകുന്ന നിണം നോമ്പരപ്പെടുത്തിയില്ല . വെട്ടിപ്പിടിക്കാനുള്ള വാശിയായിരുന്നു അയാള്‍ . അനന്തരം വന്നുപെട്ട ഈ ശുന്യത അയാളില്‍ ഭയാശങ്കകള്‍ വളര്‍ത്തി . സ്വാര്‍ത്ഥതയുടെ ആകാശത്തിലെ നിരര്‍ത്ഥകതയില്‍ പരിതപിച്ചു. മരണത്തിനു മുന്നില്‍ തകര്‍ന്നടിയുന്ന ഗോപുരങ്ങളെയോര്ത്തു വിലപിച്ചു .
മരണം പ്രകൃതി നിശ്ചയം...സത്യം അത് മാത്രമാണ് . ആടിത്തീര്‍ന്ന വേഷങ്ങളെ കുറിച്ച് പരിഭവിക്കേണ്ടതില്ല . നിയോഗം ജീവിച്ചു തീര്‍ത്തു എന്നയാള്‍ സമാധാനിച്ചു . സ്വച്ഛന്ദമായ നിദ്ര .. മറ്റൊന്നിനെക്കുറിച്ചും അയാള്‍ ചിന്തിച്ചതേയില്ല .സദ്ച്ചിദാന്ദമയമായ ആ അവസ്ഥയിലേക്ക് അയാള്‍ നടന്നടുക്കുകയാണ് . ആഴിയുടെ വിശാലമായ പരപ്പിലേക്ക് , അതിന്റെ ആഴങ്ങളിലേക്ക് ഭയങ്ങളും ഭയാശങ്കകളും ഇല്ലാതെ ഒരുതരം നിസ്സംഗതയോടെ , നിസ്സഹായതയോടെ അയാള്‍ അടുക്കുകയാണ് .ശവംതീനി പരുന്തുകള്‍ ആകാശത്ത് വികൃത ശബ്ദങ്ങള്‍ ഉണ്ടാക്കി പാശ്ചാത്തല സംഗീതമൊരുക്കി . പ്രകൃതി അതിന്റെ അതിന്റെ താളത്തില്‍ ചിരിച്ചു .
Thursday, December 8, 2011
അവസ്ഥാന്തരം
കഥ ..
ടി.സി.വി. സതീശന്
കനം കുറഞ്ഞ മടിശ്ശീലയില്‍ കൈവിരലുകള്‍ അമര്‍ത്തികൊണ്ട് അയാള്‍ ഒരു നിമിഷം ഇരുന്നു . തുഴ നഷ്ടപ്പെട്ട് കാണാക്കയത്തില്‍ അകപ്പെട്ടുപോയവന്റെ നൊമ്പരം , കത്തിയെരിയുന്ന ജീവിതത്തിന്റെ മുന്നിലെ നീണ്ട പകപ്പ് ...തന്റെ കെട്ട ജീവിതത്തില്‍ അയാള്‍ക്ക് മനസ്താപമുണ്ട് . ഒരു ലാര്‍ജു കൂടി .. അയാള്‍ ബെയററോട് വിളിച്ചു പറഞ്ഞു . കത്തിയെരിയുന്ന സിഗാറിന്റെ ചാരം അയാള്‍ മുന്നിലെ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് തട്ടി. അകലങ്ങളിലേക്ക് പ്രകാശം പരത്തുവാന്‍ കഴിയാത്തതില്‍ ആത്മപീഡ അനുഭവിക്കുന്ന മെഴുകുതിരി . മുന്നില്‍ അത് സ്വയം ഉരുകിയില്ലാതാവുന്നു . സിഗാറില്‍ നിന്നും ഉയരുന്ന പുകച്ചുരുളുകള്‍ വൃത്തങ്ങളും ഗോളങ്ങളും ആയിത്തീരുന്നു. പിന്നീട് അതൊന്നുമല്ലാതായി വായുവില്‍ അലിഞ്ഞു ചേരുന്നു .
ഓര്‍ത്തുവെയ്ക്കേണ്ടതോ കൊട്ടിഘോഷിക്കെണ്ടാതോ ആയ ഒരു ബാല്യമോ കൌമാരമോ അയാള്‍ക്കില്ല . സാധാരണ ചുറ്റുപാടില്‍ വളരെ സാധാരണം മാത്രമായ ഒരു ജീവിത ചക്രം . പകലുകളില്‍ സൂര്യനുദിക്കുകയും രാത്രിയില്‍ ഇരുള് പടരുകയും ചെയ്യുന്ന സ്വഭാവികതകള്‍ നിറഞ്ഞ ജീവിതം . കൌമാരത്തില്‍ വിശാലമായ തൊടികളില്‍ ഒരു തൊട്ടാവാടിയായി അയാള്‍ സ്വയം ഉള്‍വലിഞ്ഞു . ഏകാന്തതയുടെ പുറംതോടുകള്‍ക്കുള്ളില്‍ തേഞ്ഞുപോയ ഒരു കുറ്റിപ്പെന്‍സില്‍ ആയിതീര്‍ന്നു ബാല്യം . പിന്നിപ്പോയ ഷര്‍ട്ടിന്റെ അടര്‍ന്നുവീണ ബട്ടനുകളില്‍ ഉടക്കിനിന്ന ബാല്യത്തെ കുറിച്ച് അയാള്‍ എന്ത് ഓര്‍ത്തുവെയ്ക്കാനാ
പ്രണയവര്‍ണ്ണങ്ങളില്‍ തീര്‍ത്ത ഒരു യവ്വനം ആയിരുന്നില്ല അയാളുടേത്. ആര്‍ത്തിയുടെ കണ്ണുകള്‍ പുസ്തകങ്ങളെ തേടി നടന്നു . അയാളുടെ കാമനകള്‍ക്ക് നിറം കൊടുത്തത് പുസ്തകങ്ങളായിരുന്നു. പ്രണയവും ഭോഗവും വായനയുടെ പരന്ന കടല്പ്പുറങ്ങളായി . അയാളുടെ ആകാശത്തു നക്ഷത്രങ്ങള്‍ പൂത്തതേയില്ല .
മദ്യം രക്തത്തില്‍ കലര്‍ന്നു .. സിരകള്‍ വഴി അത് തലച്ചോറിനെ കീഴടക്കിയെന്നു തോന്നുന്നു. കാമുവും കാഫ്കയും അയാളുടെ ചിന്തയില്‍ മാറിമാറി തെളിഞ്ഞു . ചെവികള്‍ക്ക് നീളം വയ്ക്കുന്നതായി അയാള്‍ക്ക് തോന്നി. നീണ്ട കഴുതചെവികള്ക്കിടയില് പ്രയാസപ്പെട്ടു നില്ക്കുന്ന തന്റെ ചെറിയ തല .... കുതിരയുടെ വംശാവലിയില്‍ പെട്ട കഴുതകളെ അയാള്‍ക്കിഷ്ടമാണ് . ചെസ്സ് പലകയിലെ അടഞ്ഞ സഞ്ചാരത്തിലെ കുതിരകള്‍ ശാപമേറ്റുവാങ്ങി കഴുതകളായി തീര്‍ന്നതാണോ ? പാളിപ്പോയ പ്രതിരോധത്തിന്റെ പിന്നിലെ നിസ്സംഗതയായിരിക്കണം ഒരുപക്ഷെ കഴുതകളുടെ മുഖത്തെ ഈ ദൈന്യത . ചരിത്രത്തിന്റെ നാള്‍വഴികളില്‍ എന്നും കഴുതയുണ്ടായിരുന്നു . അനുസരണയോടെ ആജ്ഞകള്‍ യജമാനന്മാര്ക്ക് എന്നും കഴുതകളെ ആവശ്യമായിരുന്നു . ദശാസന്ധികളില്‍ പടുത്തുയര്‍ത്തപ്പെട്ട സാമ്രാജ്യങ്ങളില്‍ എന്നും കഴുതകളുടെ വിയര്‍പ്പും കണ്ണീരുമുണ്ടായിരുന്നു . അയാളുടെ ചിന്തകള്‍ മുറിഞ്ഞുപോയി .
തകര്‍ന്നുകൊണ്ടിരുന്ന സാമ്രാജ്യത്തില്‍ ജനിച്ച് ചെക്ക് ഭാഷ സംസാരിക്കുന്ന സമൂഹത്തില്‍ ജര്‍മ്മന്‍ സസാരിക്കുന്നവനും, ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനും, സ്വാര്‍ത്ഥനും സ്വേച്ഛാപ്രേമിയുമായ പിതാവ് അടക്കി വാണിരുന്ന കുടുംബത്തില്‍ ഏകാകിയും ആയി ജീവിച്ച കാഫ്ക അയാളുടെ മനസ്സില്‍ മിന്നിമായുന്ന ചിത്രമായി . മെറ്റമോര്ഫോസിസ്സിലെ ഗ്രിഗര്‍ സംസായെ പോലെ ജീവിതത്തില്‍ അയാളും ഒരു സെയില്‍സ് റപ്രസെന്റെറ്റിവ് ആയിരുന്നു . അമുക്കുരുവും ജാതിപത്രയും നായ്ക്കുരുണയും അറിയാത്ത മറ്റു ചേരുവകളും ചേര്‍ത്തുണ്ടാക്കിയ ലേപനം . അയാളുടെ കമ്പനി അയാളെ ഏല്‍പ്പിച്ചത് അതായിരുന്നു . ചുളിഞൊതുങ്ങിയ ലിംഗങ്ങളില്‍ ലേപനം പുരട്ടി. കഴിഞ്ഞുപോയ യവ്വനത്തെ തിരിച്ചുപിടിക്കാന്‍ വ്യാമോഹപെടുന്ന നര ബാധിച്ച സമൂഹം ..അതിന്റെ നിരര്‍ത്ഥകതയോര്‍ത്തു അയാള്‍ ഉള്ളില്‍ ചിരിച്ചു . കാമലീലകളില്‍ ചത്തുവീഴുന്ന അവരുടെ ലിംഗങ്ങള്‍ അയാളില്‍ വെറുപ്പുണ്ടാക്കി .
വളര്‍ന്നു വരുന്ന ചെവികള്‍ അയാളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയില്ല .. ആധിയും ആര്‍ത്തിയും പൂണ്ട വലിയ തലകളെക്കാള്‍ ഭേദമായി വളരുന്ന ചെവികളെ അയാള്‍ കണ്ടു . കുന്തിരിക്കത്തിന്റെ പുക പടര്‍ന്ന ബാറില്‍ മരണത്തിന്റെ മുഖം അയാള്‍ ദര്‍ശിച്ചു . പുകഞ്ഞില്ലാതവുന്ന ശരീരം , കരിഞ്ഞ പച്ചമാംസത്തിന് കുന്തിരിക്കത്തിന്റെ മണം .
അനാര്‍ക്കിസത്തിന്റെ ബോഹിമീയന്‍ യവ്വനത്തിന്റെ ഇടവേളകളിലെപ്പോഴോ അയാള്‍ ചുറ്റുപാടുകളുടെ പകിട്ടില്‍ ആകൃഷ്ടനായി . തന്നെക്കാള്‍ ഒരുപാട് ചെറുപ്പമുള്ള ഭാര്യ .. അവളുടെ പ്രകാശവേഗത്തില്‍ അയാളുടെ ഉട്ടോപ്പ്യന് സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞു, ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ അയാളുടെ ബോഹിമീയന്‍ മുഖം പകച്ചു നിന്നു . ചടുലമായ താളങ്ങളിലുള്ള പകലുകളെ അയാള്‍ വെറുത്തു.
കയ്യിലെ കടലാസ്സു പൊതി അഴിച്ചു അത് മുന്നിലെ ഗ്ലാസ്സിലേക്ക് തട്ടി. തന്റെ കുറിപ്പുകളില്‍ പ്രകോപിതനായവന്റെ ഉള്ളിലെ തീ കത്തിച്ച അയാളുടെ ആദ്യപുസ്തകത്തിന്റെ ചാരം മദ്യത്തില്‍ ലയിച്ചു ചേര്‍ന്നു . തന്റെ ജീവിതത്തിന്റെ രാശികള്‍ അളന്നു തിട്ടപ്പെടുത്താന്‍ പാടുപെട്ട സര്‍വ്വകലാശാലകളുടെ ബിരുദങ്ങള്‍ തീപ്പെട്ടിക്കോലുകളില്‍ നിന്നുമുയര്‍ന്ന തീയില്‍ കത്തി വെണ്ണീറായി .. ലാഭനഷ്ടങ്ങളുടെ കൂട്ടല്കിഴിക്കലിനപ്പുറം ഒഴിഞ്ഞ മദ്യക്കുപ്പികളെ അയാള്‍ വിശ്വസിച്ചു . നിസ്സംഗതയുടെ ആ താടിയെല്ലിന് കൈകള്‍ താങ്ങായി .
മൂക്കിനു നീളം കൂടി വരുന്നതായി അയാള്‍ക്ക് തോന്നി .. ചെറിയ കണ്ണുകളില്‍ ദൈന്യത പടര്‍ന്നു . വലിയ ചെവികള്‍ക്കുള്ളിലെ നീണ്ടുകൂര്‍ത്ത മുഖം .. വലിയ കോന്തന്പല്ലുകള് .. നിഷ്കളങ്കമായ കഴുതയുടെ മുഖം . അയാള്‍ ആര്‍ത്തു കരഞ്ഞു. ബാറില്‍ കൂടിയിരുന്നവര്‍ അന്തം വിട്ടു . ഒച്ച കേട്ട സ്ഥലത്തെക്കവര് വെച്ചുപിടിച്ചു .
മദ്യം തലയോട്ടില്‍ കയറുമ്പോള്‍ കഴുതക്കരച്ചില് ബാറില്‍ പതിവാണ്. തീരാത്ത ദു:ഖങ്ങള്‍ കരഞ്ഞു തീര്‍ക്കുക അതല്ലാതെ അവര്‍ക്ക് മറ്റു മാര്‍ഗ്ഗമില്ലല്ലോ . ബെയറര്‍ പരിഭ്രാന്തനായി . ആയിരത്തിനാനൂറ്റി എണ്‍പതിന്റെ ബില്ല് ഇനി ആരു തീര്‍ക്കും ? ഗ്ലാസ് ട്രെയില്‍ നിന്നു ബെയറരെ നോക്കി ചിരിച്ചു . തലപ്പാവിനടിയില്‍ വിയര്‍പ്പുകള്‍ പൊടിഞ്ഞു. കൈകള്‍ തളര്‍ന്നു . ഇത് ആദ്യാനുഭവം ആണ്. കുടിച്ചു കൊണ്ടിരിക്കെ ഒരാള്‍ കഴുതയായി തീരുക .താന്‍ സര്‍വ്വ് ചെയ്തപ്പോഴോന്നും പരിണാമത്തിന്റെ ഈ രൂപമാറ്റം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ബെയറര്‍ സ്വയം പരിതപിച്ചു .
പുറത്തു തെരുവില്‍ വളര്‍ത്തു പന്നികള്‍ യാജമാനന്മാര്ക്കായി മുക്രയിട്ടു . അവരുടെ ഉച്ചിഷ്ടങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു .. ദൈന്യതയോടെ അലമുറയിടുന്ന മറ്റു കഴുതകള്‍ക്കൊപ്പം അയാളും നീട്ടിനീട്ടി കരഞ്ഞു. തെരുവ് കരഞ്ഞു തീര്‍ക്കുന്ന ആ ശബ്ദം കൂടി ഏറ്റുവാങ്ങി . വളര്‍ത്തു പന്നികള്‍ കഴുതകള്‍ക്ക് ചുറ്റും കൂടി . ഉച്ചത്തിലുള്ള അവയുടെ മുക്ര കഴുതകളെ ഭയപ്പെടുത്തി . അധിനിവേശത്തിനെതിരെ വളര്‍ത്തുപന്നികള്‍ കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു . അധികാരം നഷ്ടമാകുന്നത് അവര്‍ക്കും ചിന്തിക്കാനാവുന്നതല്ലല്ലോ ? ദല്ലാളന്മാരുടെ വശംകെടുത്തലുകളില് ഭയന്ന കഴുത അനുസരണയോടെ ശിഷ്ടഭാരങ്ങള് കൂടി പേറി ... സഹനത്തിന്റെ പുതുപുത്തന്‍ അദ്ധ്യായങ്ങള്‍ രചിച്ചു.
പെരുമാള്‍പുരത്തെ വിശേഷങ്ങള്‍ ... നോവല്‍
നോവല്‍
ടി.സി.വി.സതീശന്
മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും സൂര്യനുദിച്ചു . വെയില് പരന്നു . കഥ തുടങ്ങുന്നത് സ്ഥലത്തിന്റെ ചരിത്രം മിത്തും യാഥാര്ത്യവുമായി കൂട്ടിക്കുഴച്ച് വേണമെന്ന് ശിഖയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചരിത്രമെന്നാല്‍ നാള് കീറിയുള്ള കണക്കെടുപ്പല്ല . അവിടുത്തെ ജീവിതത്തിന്റെ പച്ചപ്പ് പൊടിപ്പും തൊങ്ങലും വെച്ച് അവരുടെ ആംഗ്യങ്ങളിലൂടെ, മുദ്രകളിലൂടെ ,വാക്കുകളിലൂടെ ..അവരുടെ ഭാഷയില്‍ ,ആ നാക്കുകളില്‍ നിന്നും പുറത്തേക്ക് വരുന്ന മണിമുത്തുകള്‍ ഒരു രസച്ചരടില്‍ കോര്‍ക്കുക . അതില്‍ സത്യത്തിന്റെ അംശം അളന്നു തൂക്കി കുറിക്കേണ്ടതില്ല , നേരും പതിരും എല്ലാം കലര്‍ന്ന ഒരു സാങ്കല്‍പ്പിക ഗ്രാമം . അല്ലെങ്കിലത് എല്ലാ ഗ്രാമങ്ങളുടെയും ഒരു കൂട്ടല്‍കിഴിക്കല്‍ ,അത്രമാത്രം .
അവള് പെരുമാള്പുരത്തിന്റെ പാടങ്ങളിലൂടെ നടന്നു. വയല്‍വരമ്പിലൂടെ നടന്ന് കുളക്കടവുകള്‍ പിന്നിട്ട് പെരുമാള്‍പുരം അങ്ങാടിയിലെത്തി. ടൈലര്‍ രാമകൃഷ്ണനെ കണ്ടു , ബാര്‍ബര്‍ ഷണ്മുഖനെ കണ്ടു , റേഷന്‍ കടക്കാരന് കുഞ്ഞിക്കണ്ണനെ കണ്ടു . അവര്‍ പറഞ്ഞ തുണ്ടുവാക്കുകള്‍ നോട്ടുബുക്കില്‍ കുറിച്ചെടുത്തു. ചിരുതേയിയെ കാണാന്‍ അവളോട് പറഞ്ഞത് സ്രാപ്പ് ബാലനാണ് . കുഞ്ഞിരാമപ്പൊതുവാള്‍ ഇല്ലാത്ത പെരുമാള്‍പുരം ചരിത്രപരമായി ശരിയാവില്ല . കുഞ്ഞിരാമപ്പൊതുവാളിനെ കുറിച്ച് മാത്രമല്ല പെരുമാള്‍പുരത്തെ ഓരോ ആളിനെകുറിച്ചും ആധികാരികമായി പറയാന്‍ പറ്റുന്ന ആള് ചിരുതേയി ആണ്. ചിരുതേയി പൊതുവാളിന്റെ ഭാര്യയല്ല. പെരുമാള്പുരത്തിന്റെ പൊതുസ്വത്താണ് , അവള്‍ക്കെല്ലാം അറിയാം.
അമ്പലമണികള്‍ മുഴങ്ങി . നേരം പുലരുന്നേയുള്ളൂ , പെണ്ണുങ്ങളുടെ കുളക്കടവ് സജീവം . ഇരെഴതോര്‍ത്ത് മാത്രമുടുത്ത് അവര്‍ പരസ്പരം പുറം തേച്ചു കൊടുത്തു . കഴിഞ്ഞ രാത്രിയിലെ പരാക്രമങ്ങള്‍ പറഞ്ഞു ചിരിച്ചു. അതിന്റെ രസം ആസ്വദിച്ച് കുളത്തിലെ മീനുകള്‍ അവര്‍ക്ക് ചുറ്റും കൂടി.. അവരുപേക്ഷിച്ച അജീര്‍ണ്ണങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു . വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് നീട്ടിതുപ്പി ചിരുതേയി തന്റെ നിവര്‍ത്തിവെച്ച കാലുകളില്‍ തടവാന്‍ ശിഖയോടു പറഞ്ഞു . മോളേ .., വല്യമ്മച്ചിക്കു വയ്യാണ്ടായി. അമര്‍ത്തി തടവു ..
പെരുമാള്പുരത്തിന്റെ ചരിത്രം ആ നാവില്‍ നിന്നെടുക്കണം , ശിഖ അമ്മച്ചിയുടെ കാലില്‍ അമര്‍ത്തി തടവി. ചരിത്രം ഉപേക്ഷിച്ചു പോകുന്ന കറുത്തപാടുകള്‍ പോലെ വെരിക്കോസിസ് ആ കാലുകളില്‍ ഉണ്ടാക്കിയ കറുത്തപുള്ളികള്‍ അവളില്‍ അറപ്പുണ്ടാക്കി .സിന്ധു സമുദ്രത്തില്‍ പരശുരാമന് എറിഞ്ഞ മഴു കേരളക്കരയെ ഉണ്ടാക്കി. അങ്ങിനെ ഉണ്ടായ ഈ കരക്കും കടല്‍ വെള്ളത്തിന്റെയും പാടത്തെ ചേറിന്റെയും ഉപ്പുരസം ഉണ്ട് . മധ്യാഹ്നങ്ങളില്‍ വീശുന്ന കാറ്റിലെ ഉപ്പുരസം പലരുടെയും മനസ്സിലെ മുറിവുകളെ ഉണക്കിയതായി ചിരുതേയി പറഞ്ഞു. ദ്വയാര്‍ത്ഥമുള്ള ആ പ്രയോഗം ശിഖയ്ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല , എങ്കിലും അവള് തലകുലുക്കി .
അറ്റം നുള്ളിയ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് പുകയിലക്കഷണവും കിളിരടക്കയും വെച്ച് ചുറ്റി അവള് ചിരുതേയിയുടെ വായില്‍ വെച്ചുകൊടുത്തു. കാതു കൂര്‍പ്പിച്ചു , പെരുമാള്പുരത്തിന്റെ ചരിത്രത്തിനായി .. ആധിയും വ്യഥയും ഇല്ലാതെ തങ്ങളുടെ ഭാരിച്ച മുലകളും ചന്തിയും കുലുക്കി പെരുമാള്‍പുരത്തെ പെണ്ണുങ്ങള് ചിരുതേയിയുടെ ഭാഷയില്‍ ആഘോഷത്തോടെ ജീവിച്ചു. പടിഞ്ഞാറ് പാടിപ്പുഴയില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി . അകക്കൊലായിയില്‍ ഞണ്ടുകള്‍ താവളമുറപ്പിച്ചു . മുറുക്കിന്റെ ഉമിനീരുകള്‍ ചിരുതേയിയെ ഉന്മാദിനിയാക്കി . അവള് തന്റെ ചുളിവുകള്‍ വീണ തുടകളില്‍ താളം പിടിച്ചു. തുപ്പല് തെറിപ്പിച്ചുകൊണ്ട് നീട്ടിപാടി. വരളുന്ന തൊണ്ടയിലേക്ക് ശിഖ വെള്ളം പോര്‍ന്നുകൊടുത്തു .
ശിഖ ചിരുതേയിയുടെ താടിയില്‍ തട്ടി ,കവിളില്‍ ഉമ്മ വെച്ചു. പെരുമാള്പുരത്തിന്റെ നാള്‍വഴികള്‍ക്കായി വീണ്ടും വെറ്റിലകൂട്ടിയുള്ള മുറുക്ക് അവരുടെ വായില്‍ തിരുകി വെച്ചു. ഷണ്മുഖവിലാസം ക്ലബ്ബിനെ കുറിച്ച് . കുഞ്ഞിരാമാപോതുവാള് കൊണ്ഗ്രസ്സും , സോഷ്യലിസ്റ്റും , കമ്മ്യുണിസ്റ്റുമായ കഥ പിന്നെ അതൊന്നുമല്ലാതായി തീര്‍ന്നതിന്റെ പിന്നിലെ കഥകള്‍ അങ്ങിനെ എല്ലാമറിയണം . ഒറ്റുകാരനായ അധികാരിയെകുറിച്ച് , അടിയോടിയെ കുറിച്ച് ചിരുതേയിയുടെ തിരുനാക്കില്‍ നിന്നും എല്ലാം വരണം . ഒരു നാടിന്റെ തീര്‍ന്നുപോയ സ്പന്ദനങ്ങള്‍ അവള് തന്റെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തു.
കുഞ്ഞിരാമ പൊതുവാളുടെ തറവാട്ടു പറമ്പിലെ കളപ്പുര ഷണ്മുഖവിലാസം ക്ലബ്ബായി . ഓലമേഞ്ഞ , മണ്‍കട്ട കൊണ്ടുണ്ടാക്കിയ ആ ഒറ്റമുറി പൊതുവാളും അനുചരന്മാരും കൂടി അടിച്ചു വൃത്തിയാക്കി . എലികളും പെരുച്ചാഴികളും അവര്‍ക്കുവേണ്ടി താവളമുപെക്ഷിച്ചു . മണ്ണെണ്ണവിളക്കില്‍ തെളിഞ്ഞ പ്രകാശം അവിടുത്തെ രാത്രികളിലെ ഇരുട്ടിനെ ഇല്ലാതാക്കി . ചെറുമംഗലത്തെയും കാളക്കോവ്വലിലെയും മുശാരിമാര്‍ ഊതിയുരുക്കിയുണ്ടാക്കിയ വെള്ളോട്ട് കിണ്ടിയും ലക്ഷ്മി വിളക്കുകളും അന്യദേശത്തും പ്രസിദ്ധമായി . കുഞ്ഞിരാമപൊതുവാള്‍ ഇടനിലക്കാരനായി . അവരുടെ ആലകളില്‍ നിന്നും അത് മൊത്തമായി എടുത്ത് വിദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് അയാളുടെ തൊഴില്‍ . നീണ്ട യാത്രയിലെന്നോ വടകരയിലെ കേളുക്കുറുപ്പില്‍ നിന്നോ മറ്റോ ആണ് അയാള്‍ ഗാന്ധിജിയെയും കൊണ്ഗ്രസ്സിനെയും പറ്റി കേട്ടത് . പൊതുവാള് കൊണ്ഗ്രസ്സായി , ഷണ്മുഖവിലാസം ക്ലബ്ബ് കൊണ്ഗ്രസ്സോപ്പീസായി .
എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാ
ഭൂമിലോകത്തിതാ കീഞ്ഞേ
ചിരുതേയി നീട്ടിപ്പാടി . ശിഖയുടെ വിരലുകള്‍ താളം പിടിച്ചു. അവര്‍ രണ്ടുപേരും ആവേശം മൂത്ത് കൈകള്‍ കോര്‍ത്തുപിടിച്ച് ചുവടുകള്‍ വെച്ചു .
രണ്ട്
പെരുമാള്‍പുരത്തെ അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് നാലായി തിരിക്കാം .. പുഞ്ചവയലുകളുടെ വടക്കേപ്പാടം, ഹൈവേ കടന്നു പോകുന്ന കിഴക്കേക്കര തെങ്ങുകളും പാടങ്ങളും കൊണ്ടുനിറഞ്ഞ തെക്കേക്കര പിന്നെ കൈപ്പാടുകളും ചുള്ളികളും ഉള്ള പടിഞ്ഞാറേക്കര . പെരുമാള്പുരത്തിന്റെ മധ്യഭാഗത്തായി മയില്‍ വാഹനന് സാക്ഷാല്‍ ശ്രീ .സുബ്രമണ്യന്റെ അമ്പലം. ശിഖ കടലാസ്സില്‍ വെറുതെ വരച്ചു നോക്കി.പെരുമാള്പുരത്തിന്റെ ജ്യാമിതി , അളവുകള്‍ കൃത്യമായി കൂട്ടിയെടുക്കാന്‍ അവള്‍ക്കായില്ല . അല്ലെങ്കില്‍ തന്നെ ഭൂമി (ജ്യാ) യുടെ അളവെടുക്കാന്‍ (മിതി) താനാരാ ? അവള് ശ്രമം ഉപേക്ഷിച്ചു .അമ്പലത്തെ കൂടാതെ രണ്ടു കാവുകളും ഏതാണ്ട് പത്തോളം തറവാട്ടു ക്ഷേത്രങ്ങളും രണ്ട് മുണ്ട്യകളും ചേര്‍ന്നതാണ് പെരുമാള്‍പുരം . ആറോളം തന്നീര്പ്പന്തലുകളും ചുമടുതാങ്ങികളും വേറെ .
പാടിപ്പുഴ അതിരുകളിട്ട പടിഞ്ഞാറെക്കരയിലേക്ക് ശിഖയെ ചിരുതേയി കൂട്ടികൊണ്ടുപോയി . വിശാലമായ ചതുപ്പുനിലങ്ങള്‍. അറ്റം കൂര്‍മ്പിച്ചു വളര്‍ന്നു നില്ക്കുന്ന പോട്ടപ്പുല്ലുകള്‍ . കൈലിയും ബ്ലൌസുമിട്ടു അരിഞ്ഞ പുല്ലുകള്‍ അട്ടിവെയ്ക്കുന്ന നാട്ടുപെണ്ണുങ്ങള്‍ . അങ്ങിങ്ങായി മേയുന്ന പശുക്കള്‍. മണല്‍ തിട്ടകളുണ്ടാക്കി വരിവരിയായി നട്ടുപിടിപ്പിച്ച തെങ്ങുകള്‍. പടര്‍ന്നു പന്തലിച്ച കണ്ടല്‍ ചെടികളുടെ പച്ചപ്പ്. അതിന്റെ ആഴ്ന്നിറങ്ങിയ വേരുകളില്‍ കുരുങ്ങിക്കിടക്കുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും പിടിക്കാന്‍ ആയാസപ്പെടുന്ന ചെറുമികള്‍ .
ചെറു ഓളങ്ങളുയര്‍ത്തികൊണ്ട് , ആഴങ്ങളും പരപ്പുകളും അറിയിക്കാതെ, ദൈന്യതകള് ഉള്ളിലൊതുക്കി ശാന്തയായൊഴുകുന്ന പുഴ. പഴയതെങ്കിലും ഒരുപാട് ചരിത്രങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കടത്തുവള്ളം . ദശാസന്ധികളില്‍ കൈത്തിരിയായി നിന്നിരുന്ന വട്ട്യന്‍ രാമനെന്ന കടത്തുകാരന് . തുഴകളുടെ താളത്തിനൊത്ത് അയാളുടെ വയറും നൃത്തമാടും . ഭയങ്കര രസമുള്ള കാഴ്ച തന്നെയാണത് . കുടിച്ചു തീര്‍ത്ത കള്ളിന്റെയോ രുചിച്ചു നോക്കിയ ചാക്കണയുടെതോ ആവാം ആ വയറ് . . പോയകാല സ്മരണകള്‍ അയവിറക്കി അയാള്‍ നീട്ടിയൊന്നു കൂവി...ഊഹേയ്. അതിന്റെ പ്രത്ധ്വനികള്‍ നീണ്ടുകിടക്കുന്ന പുഴയിലൂടെ പരന്നു കണ്ടല്‍ ചെടികളില്‍ തട്ടി പ്രതിവചിച്ചു...ഊഹേയ് .
ഓലയും മുളയും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂര. മുന്നിലിട്ടിരിക്കുന്ന കാലൊടിഞ്ഞ ബഞ്ചിലിരുന്നു വട്ട്യന്‍ രാമന് രണ്ടു കുപ്പി കള്ളിനു വിളിച്ചു പറഞ്ഞു. പിന്നെയൊരു കോപ്പ കാളയിറച്ചിക്കും . ചത്തുവീണ ഈച്ചകളെ എടുത്തു മാറ്റി മുന്നിലെ കള്ള് അയാള്‍ ഒറ്റയിറക്കിനു മോന്തി . ഇടതു കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഴക്കോലും കൊട്ടുവടിയും വീതുളിയും അല്ലറചില്ലറ മറ്റു സാധനങ്ങളുമായി കേളുവാശാരി എന്ന കേരളവര്‍മ്മന്‍. മുഷിഞ്ഞ ഒറ്റമുണ്ടും അരക്കയ്യന്‍ ജുബ്ബയുമാണ് വേഷം . ചെവിക്കിറുക്കിയ കുറ്റിപെന്‍സില്‍ , ഭൂലോകത്തിന്റെ എല്ലാ കണക്കുകളും കുറിക്കുന്നത് തന്റെ ഈ കുറ്റിപെന്‍സില്‍ ആണെന്ന ഭാവമാണയാള്‍ക്ക് . കൂട്ടയില്‍ മീന്‍ ചുമന്നു വില്‍ക്കുന്ന ഉമ്പായി. തേങ്ങയും നെല്ലും പാട്ടത്തിനെടുത്ത് വില്‍ക്കുന്ന പ്രമാണി ഗോപാലന്. തന്റെ കുടവയറിനുമീതെ തൂങ്ങുന്ന സ്വര്‍ണചെയിന്‍ , അതായിരിക്കണം ഒരുപക്ഷെ ഗോപാലന് പ്രമാണിയെന്ന പേര് വീഴാന്‍ കാരണമായത്. കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പിലെ സ്ഥിരം കുറ്റികള്‍ ഇവരൊക്കെയാണ്.
ഇവരോത്തുകൂടിയാല്‍ പടിഞ്ഞാറേകരയിലൊരുത്സവമായി . പാട്ടായി ,കൂത്തായി .. പിന്നെ ഉടുമുണ്ടുരിയലും വക്കാണവുമായി . ഇതിനു കൊഴുപ്പേകാന്‍ മാധവി എന്ന മാതു കറിപാത്രവുമായി മുന്നില്‍ തന്നെയുണ്ടാകും . അവളുടെ വയറില്‍ വീണ മടക്കുകളുടെ എണ്ണം , അതില്‍ വിടര്‍ന്ന പോക്കിള്‍ക്കുഴി . ബ്ലൌസിന്റെ ബട്ടണുകള്‍ കടന്നു പുറത്തേക്ക് വിതുമ്പുന്ന മുഴുത്ത മാറിടം. അന്തിക്കള്ളിനെ ചൂടുപിടിപ്പിക്കാന്‍ മാതുവിന്റെ മാദകത്വം . അങ്ങിനെ അരവങ്ങളുയര്‍ത്തി കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പ് അസ്തമയസൂര്യനെ കൂടുതല്‍ ചുവപ്പിച്ചു. നിലാവ് പെയ്യുന്ന രാത്രിവരെ അതു നീണ്ടു നിന്നു . ഭൂമിയിലുള്ള സകലമാന വിഷയങ്ങളും അവര്‍ എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്തു. അവരോരുത്തരെയും മുട്ടിയുരുമ്മി മാധവി പ്രോത്സാഹിപ്പിച്ചു. .ഇനി നമുക്ക് തെക്കേക്കരയിലേക്ക് പോകാം ചിരുതേയി പറഞ്ഞു . പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. അങ്ങിങ്ങ് ചെറിയ തുരുത്തുകള്‍ പോലെ തെങ്ങിന്കൂട്ടങ്ങള് . അതിന്റെ നടുവില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞതോ ഓടു മേഞ്ഞതോ ആയ ചെറിയ വീടുകള്‍. ഓടു മേഞ്ഞവ നാട്ടിലെ പ്രമാണിമാരുടെതാണ് . മുറ്റത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ക്കറ്റകള്ക്കിടയില് നിന്ന് വിയര്‍ക്കുന്ന കുഞ്ഞികണ്ണന്‍ അടിയോടി . പെണ്ണുങ്ങള് കെട്ടിയ പതംകറ്റകളില്‍ നിന്ന് അയാള്‍ ശക്തമായി വലിച്ചുതിര്ക്കുന്ന നെന്മണികള്. അവരുടെ ശാപവാക്കുകളെ ഒഴിവാക്കി കൊണ്ടയാള്‍ നിര്‍ബാധം അതില്‍ തന്നെ ശ്രദ്ധയൂന്നി
നെല്ല് മൂരുന്ന പെണ്ണുങ്ങള് അവരുടെ കൂലിക്കായി അമര്‍ത്തിക്കെട്ടുന്നതാണ് പതംകറ്റകള്‍.. ജാനു തന്റെ തോളില്‍ കിടന്ന തോര്‍ത്ത് മുണ്ടെടുത്ത് വിയര്‍പ്പുതുടച്ചു, ഒന്ന് ആവിയിട്ടതിനു ശേഷം കൈലിമുണ്ട് അഴിച്ചുടുത്തു... അരക്കെട്ടിനല്പം താഴെയായി. പിന്നെ ബ്ലൌസിന്റെ മേല്‍ കുടുക്കഴിച്ചു മാറ് തുടച്ചു . കുനിഞ്ഞുനിന്നു അവള് കറ്റകള്‍ എടുത്തു അടിയോടിയുടെ കയ്യില്‍ കൊടുത്തു. ഒന്ന് കുഴഞ്ഞവള്‍ പറഞ്ഞു . അടിയോടിശ്ശ .. , അത്രക്കങ്ങട് വലിക്കാതെ.. ഈ പാവങ്ങള്‍ടേ അടുപ്പും പൊകയെണ്ടേ ..? അടിയോടിയുടെ നോട്ടം അവളുടെ നിറഞ്ഞ മാറിടത്തില്‍ തറച്ചു നിന്നു. എന്നിട്ടവളെ നോക്കിയൊന്നു ചിരിച്ചു. കൈക്കൂമ്പിളിലെ നെല്കറ്റയുടെ പിടിയില്‍ അല്പം അയവ് വന്നു. അവരുടെ കണ്‍കോണുകള്‍ തമ്മിലിടഞ്ഞു .. ജാനു ബ്ലൌസിന്റെ ബട്ടനുകള്‍ ഒന്നുകൂടി അഴിച്ചു തോര്‍ത്തു കൊണ്ട് വീശി വിയര്‍പ്പകറ്റി .
അവള് പാവമാണ്. അവളെ പിണക്കിക്കൂടാ . ഇരുളടഞ്ഞ പത്തായപ്പുരയില്‍ എത്രയോ തവണ അവളുടെ മടിക്കുത്തുകള്‍ തനിക്കായി അഴിഞ്ഞുവീണിട്ടുണ്ട് . ആ വിയര്‍പ്പുകള്‍ താന്‍ ആസ്വദിച്ചിട്ടുണ്ട് .പിന്നെ അവളുടെ കുട്ടികള്‍ക്കായുള്ള അടുപ്പുകള്‍ പുകയെണ്ടത് തന്റെ കൂടി ആവശ്യമല്ലേ. തന്റെ ചോരയും കാണില്ലേ അവിടെ. അടിയോടി മഹാമനസ്കനായി.
മൂന്ന്
നേരം വൈകുന്നേരമായി , ഇരുള് പടരുന്നതിന് മുമ്പ് വീട്ടിലെത്തണം . ശിഖ കടലാസ്സുതുണ്ടുകള്‍ മടക്കി തന്റെ തുണിസഞ്ചിയില്‍ വെച്ചു. പഴ്സില്‍ നിന്നും അഞ്ചു നൂറിന്റെ നോട്ടുകള്‍ എടുത്ത് ചിരുതേയിയുടെ കയ്യില്‍ തിരുകിവെച്ചു . പോട്ടേ , വല്യമ്മച്ചീ .. നാളെ കാലത്തു വരാം . പെരുമാള്പുരത്തിന്റെ ഓരോ വിശേഷങ്ങളും എനിക്ക് പറഞ്ഞു തരണം . ശിഖ യാത്ര പറഞ്ഞിറങ്ങി.
ഉറക്കപ്പായില് ശിഖ എഴുന്നേറ്റിരുന്നു. മനസ്സ് ഞെരിപിരി കൊള്ളുകയാണ്. പെരുമാള്‍പുരം അവളുടെ ഉറക്കത്തെ ഇല്ലാതാക്കി. ലൈറ്റ് തെളിച്ച് അവള് കടലാസ്സുകള്‍ക്കായി പരതി . പെരുമാള്‍പുരത്തെ ഓരോ മുഖങ്ങളും മനസ്സില്‍ തെളിയുകയാണ് . ആജാനുബാഹുവായ കുഞ്ഞിരാമ പൊതുവാള് , അടിയോടി , വട്ട്യന്‍ രാമന് , മാധവി ,ജാനു - അങ്ങിനെ ഓരോരുത്തരും . താനിതുവരെ കണ്ടിട്ടില്ലാത്ത അവര്‍ക്കൊക്കെ അവള് ഓരോ മുഖങ്ങള്‍ നല്കി , അനുസൃതമായ ഓരോ രൂപവും .
തോരാതെ പോയ മഴ ..വാര്‍ധക്യം , പെയ്തൊഴിയാന്‍ മറന്നുപോയ ആകാശത്തിന്റെ വിങ്ങലുകളാണ് .പീളകെട്ടിയ തന്റെ കണ്ണുകള്‍ തിരുമ്മി ശിഖയ്കായി ചിരുതേയി ചുറ്റും പരതി . മുറ്റത്തെ ഇളമാവിന്റെ കൊമ്പില്‍നിന്നും പഴുത്തിലകള്‍ ചിരിച്ചു. കടപുഴകാനായ വന്മരത്തിന്റെ വരാനിരിക്കുന്ന വീഴ്ചയെ ഓര്‍ത്ത് അവര്‍ സഹതാപം കൊണ്ടു .പഴുത്തിലകള്‍ തങ്ങളുടെ ഗതിയും ഇതുതന്നെയെന്ന് അറിയാത്തതുപോലെ വീണ്ടും വീണ്ടും ചിരിച്ചു .
ഒരു കണം വാസനാ പൊകേലയും രണ്ടുകെട്ട് സേലം വെറ്റിലയും ശിഖ ചിരുതേയിയുടെ മടിയില്‍ വെച്ചു . അടക്ക കൊണ്ടാന്നില്ലേ മോളേ..?ചിരുതേയി ചോദിച്ചു .ചുണ്ണാമ്പുതേച്ച് നാലും കൂട്ടിയുള്ള മുറുക്ക് ചിരുതേയിയെ ആവേശത്തിലാക്കി . അവള് കഥ തുടര്‍ന്നു , അന്നെനിക്ക് പതിമ്മൂന്നോ പതിനാലോ വയസ്സ് പ്രായം. കണ്ണെഴുതി നെറ്റിയില്‍ വലിയ പൊട്ടു തൊട്ടു പറന്നു നടക്കുന്ന കാലം . നേരിയ ചീട്ടിത്തുണി കൊണ്ടുള്ള ബ്ലൌസ്സില്‍നിന്നും മാറ് പുറത്തേക്ക് തുളുമ്പി . അധികാരീന്റേം അടിയോടീന്റേം കണ്ണില്‍ പെടാതെ നോക്കണം , കണ്ടാല്‍ അവരുടെ മോറു മാറില്‍ തറച്ചുനില്‍ക്കും . കണ്ണുകള്‍ ഓന്തിനെ പോലെ സത്ത് ഊറ്റിയെടുക്കും .കേട്ടറിഞ്ഞതാണ് , എങ്കിലും പറയാം .. ചിരുതേയി തുടര്‍ന്നു . കുഞ്ഞിരാമ പൊതുവാളിന്റെ അമ്മ കുഞ്ഞിപാര്‍വ്വതീന്റെ കഥ. അമ്മ്യാര് കല്യാണം കഴിച്ച് കെട്ട്യോന്റെ വീട്ടില്‍ പോയി രണ്ടീസം കഴിഞ്ഞു തിരിച്ചു വന്നു ,മടങ്ങി പോകുമ്പോള്‍ ബ്ലൌസ്സിട്ടൂത്രേ .. അത് പുകിലായി , നാട്ടാര് ഇളകി. അന്നൊക്കെ പെണ്ണുങ്ങള് മാറില്‍ ഒരു നേര്യതു ഇട്ടുമറക്കുക മാത്രേ ചെയ്തിരുന്നുള്ളൂ. കെട്ട്യോനും ബന്ധുക്കളും കുശുകുശുത്തു . മുന്നാംപക്കം കുഞ്ഞിപ്പാര്‍വ്വതിയെ കെട്ട്യോനൊഴിഞ്ഞു . അത്യാവശ്യം തരത്തിലുള്ള കുടുംബം ആയതോണ്ട് അധികം വൈകാതെ കുഞ്ഞിപ്പാര്‍വ്വതീന്റെ രണ്ടാംകെട്ട് നടന്നു. അതില്‍ പതിനൊന്നു മക്കള്‍ ,എഴാമത്തവന്‍ കുഞ്ഞിരാമന്. ഓറിന്റെ മാറിന്റെ വീതി കണ്ടാല്‍ ഏത് പെണ്ണാ നോക്കാത്തെ .ഈ ചിരുതേയിക്കും ഒത്തിരി ആശയുണ്ടാരുന്നു ഓറിന്റെ മേല്‍ .
കോറോം അംശം ദേശത്ത് കുഞ്ഞികൃഷ്ണപൊതുവാളായിരുന്നു കുഞ്ഞിപ്പാര്‍വ്വതിയുടെ ആദ്യ ഭര്‍ത്താവ് . അഞ്ചാറെക്കര്‍ കൃഷിനിലം , വയലില്‍ കന്നുപൂട്ടിയും കൃഷിപ്പണിയുമായി കഴിച്ചു കൂട്ടുന്നു. മൂര്ന്നിട്ട നെല്ക്കറ്റകള്ക്കുമീതെ ഉയര്ന്നുനില്ക്കുന്ന അയാളുടെ ചെവിരോമങ്ങള്‍ . കാളകളുമായുള്ള നിരന്തര സമ്പര്‍ക്കമായിരിക്കണം ശബ്ദത്തിന് ഒരു മുരള്‍ച്ച .പെരുമാള്‍പുരം അങ്ങാടിയിലൂടെ കുഞ്ഞിപ്പാര്‍വ്വതി ബ്ലൌസ്സിട്ട് വാല്യക്കാരികളുമായി നടന്നത് കോറോം ദേശത്തെ ഞെട്ടിച്ചു . അവരെത്തുന്നതിനു മുമ്പേ ദേശത്ത് പ്രമാണിമാര്‍ സംഘം ചേര്‍ന്നു . ഒരുപക്ഷെ പെരുമാള്‍പുരത്തെ ആദ്യത്തെ കൊണ്ഗ്രസ്സും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും കുഞ്ഞിപ്പാര്‍വ്വതി അമ്മയായിരിക്കണം , ശിഖയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു .
കുഞ്ഞിപ്പര്‍വ്വതിയുടെ കയ്യും പിടിച്ചു കാര്‍ന്നോമ്മാരും നാട്ടുപടയും പെരുമാള്‍പുരത്തേക്ക് വെച്ചുപിടിച്ചു . . ഒരു വിചാരണക്കുള്ള തയ്യാറെടുപ്പുകളുമായി പത്തിരുപതുപേര്‍ പെട്രോമാക്സും ഓലചൂട്ടും പിടിച്ചു ജാഥയായിപെരുമാള്പുരത്തെത്തി . ആരവം കേട്ട് കുഞ്ഞിപ്പാര്‍വ്വതിയുടെ അച്ഛന് വല്യ രാമപ്പൊതുവാള്‍ മുറ്റത്തേക്കിറങ്ങി. അയാളുടെ കണ്ണുകളില്‍ തീപ്പാറി , ശബ്ദം പെരുമാള്‍പുരം ആകെ വിറപ്പിച്ചു . ആ പ്രമാണിത്വത്തിനു മുന്നില്‍ നാട്ടുപട നിന്ന് വിയര്‍ത്തു. അതായിരുന്നുവത്രേ പെരുമാള്പുരത്തിന്റെ ആദ്യവിപ്ലവം . കുഞ്ഞിപ്പാര്‍വ്വതിയമ്മ ബാക്കിവെച്ചുപോയ പെരുമാള്പുരത്തിന്റെ ചരിത്രമായ മാറുമറയ്ക്കല്‍ പ്രക്ഷോഭം വാര്‍ത്തയായി . ശിഖയ്ക്ക് കുഞ്ഞിപ്പാര്‍വതിയമ്മയോടു ബഹുമാനം തോന്നി. കാതില്‍ ഓലത്തോടയണിഞ്ഞ അവരുടെ മുഖം അവള് മനസ്സില്‍ കുറിച്ചെടുത്തു .
അടുത്ത ഫ്ലാറ്റിലെ ആളെ സുഹൃത്തായി കിട്ടണമെങ്കില്‍ ഓര്‍ക്കൂട്ടും ഫെയ്സ്ബൂക്കും സെര്‍ച്ച് ചെയ്യേണ്ടിവരുന്ന ഈ കാലത്ത് പോയവസന്തങ്ങളെ ഓര്‍ത്ത് അവള് അസൂയപ്പെട്ടു . ഒരു പ്രണയത്തിനുപോലും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ നടക്കാത്ത അസുരകാലത്ത് ചിരുതേയിയില്‍ നിന്നും വീഴുന്ന മണിമുത്തുകളുടെ ജൈവത അവളെ അമ്പരപ്പിച്ചു . നൂറ്തേച്ചു ഒരു വെറ്റില കൂടിചുരുട്ടി അവരുടെ വായിലേക്ക് തിരുകി ശിഖ തന്റെ സന്തോഷം പ്രകടിപ്പിച്ചു .
നാല്
അകംകളിക്കാരും പുറംകളിക്കാരും അങ്ങിനെ രണ്ടുതരം കളിക്കാര്‍ ,ചിലപ്പോള്‍ അവര്‍ സ്ഥാനം മാറിക്കളിക്കും . കോര്‍ക്കല്‍ എന്ന് വേണമെങ്കില്‍ ഇതിനു പറയാം . ഓരോ കളിക്കും ഓരോ താളമാണ്. കളിക്കാര്‍ വായ്ത്താരിതാളം കൂടി പഠിച്ചിരിക്കണം . കാലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാല്‍ മാത്രമേ കളി ശരിയാവുകയുള്ളൂ , നല്ല കളിക്കാരന് വേണ്ട ഗുണങ്ങളെ കുറിച്ച് കുഞ്ഞിക്കോമകുറുപ്പ് പറഞ്ഞു . അറുപതു തരം കളികള്‍ , ഓരോന്നിനും അതിന്റേതായ പാട്ടും താളവും . മനസ്സും ശരീരവും താളനിബദ്ധമായി മെരുക്കിയെടുക്കണം . ആല്‍ത്തറയ്ക്ക് ചുറ്റും നിന്ന ചെറുപ്പക്കാര്‍ വൃത്തത്തില്‍ നിന്നു . മണികെട്ടിയ മരക്കമ്പുകള്‍ ഭക്ത്യാദരം കയ്യിലെടുത്തു. കുഞ്ഞിക്കോമകുറുപ്പ് ദ്രോണനായി . പെരുമാള്‍പുരത്തെ ചെറുപ്പക്കാര്‍ കൌരവരായി. ശിഖയ്ക്ക് ഒരു സംശയം ബാക്കിനിന്നു , അവര്‍ പാണ്ടാവരല്ലേ ആകേണ്ടത് ? വായിച്ചുപഠിച്ചതും കേട്ടുപഠിച്ചതും നന്മയുടെ , ധര്‍മ്മത്തിന്റെ അപ്പോസ്തലന്മാര് പാണ്ടാവരാണെന്നാണ് . കൌരവര്‍ അത്രയ്ക്ക് നല്ലവരായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല .
ശിഖ തന്റെ ബാഗില്‍ നിന്നും ചീര്‍പ്പെടുത്ത് ചിരുതേയിയുടെ മുടി കോതിയൊതുക്കി , ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി വെച്ചു . മുഖത്തു പൌഡര്‍ തേച്ചു . നെറ്റിയില്‍ ചുവന്ന വലിയ പൊട്ടു കുത്തി. കയ്യിലെ വാല്‍ക്കണ്ണാടിയില്‍ അവരുടെ മുഖം കാണിച്ചുകൊടുത്തു. വല്യമ്മച്ചീ ഇപ്പോഴും ചുന്ദരി തന്യേ . അവള് ഒരു കമന്റ്റ് എറിഞ്ഞുകൊടുത്തു. ചിരുതേയിയുടെ മുഖത്തു വീണ നാണം അവളുടെ കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. കയ്യില്‍ കരുതിയ പ്ലാസ്റ്റിക്ക് കൂടില്‍ നിന്നും കസവ് നേര്യതും ചുവന്ന ബ്ലൌസും അവര്‍ക്ക് നേരെ നീട്ടി. പോയി ഉടുത്തുവാ .. ഇത്തിരി നാണത്തോടെ അതുമെടുത്ത് ചിരുതേയി അകമുറിയിലേക്ക് പോയി . ശിഖ മനസ്സില്‍ കൂട്ടി വല്യമ്മച്ചിയെ പതിനഞ്ചു - ഇരുപത് പ്രായത്തിലേക്ക് കൊണ്ടുവരണം. യവ്വനത്തിന്റെ ആ പ്രസരിപ്പില്‍ പെരുമാള്‍പുരത്തെ കുറിച്ച് കൂടുതല്‍ അറിയണം ,അവരുടെ ഓര്‍മ്മകളെ മടക്കി കൊണ്ടുവരണം .
അല്പനേരം കഴിഞ്ഞ് ചിരുതേയി പുറത്തേക്ക് വന്നു. . ശിഖ അവരുടെ കവിളില്‍ ഒരുമ്മ കൊടുത്തു . ഇപ്പൊ കണ്ടാ വല്യമ്മച്ചിയെ ആരെങ്കിലും കൊത്തികൊണ്ടോവ്വല്ലോ , അത്രക്കങ്ങട് സുന്ദരിയായിരിക്കുന്നു. അവളുടെ നമ്പര്‍ ഏറ്റൂന്ന തോന്നണ് , ചിരുതേയി ശിഖയുടെ കവിളില്‍ തിരിച്ച് ചുംബിച്ചു .ഒന്നല്ല ഒരോമ്പത് പ്രാവശ്യം , വെറ്റിലപ്പാക്കിന്റെയും ഉമിനീരിന്റെയും സമ്മിശ്ര ഗന്ധം അവളില്‍ ഒക്കാനമുണ്ടാക്കി . വളരെ പ്രയാസപ്പെട്ടു ശിഖ അത് തടഞ്ഞു നിര്‍ത്തി. വല്യമ്മച്ചിയ്ക്ക് മുഷിച്ചില് വരാതെ നോക്കണം .അതവളുടെ ആവശ്യമാണ് .
പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സ് , ഒരു ദിവസം ഉച്ചയ്ക്ക് അടിയോടിയുടെ കളത്തില്‍ നെല്ല് മെതിയ്ക്കാന്‍ പോയതായിരുന്നു.. ആ കൈക്കരുത്തില്‍ അവള് പിടഞ്ഞുവീണു. അങ്ങിനെ ചിരുതേയിയുടെ ശ്രീകോവിലില്‍ ആദ്യമായി കള്ളന് കയറി , അടിയോടി ശാന്തിക്കാരനായി .ഉച്ചപ്പൂജയില്‍ അവള് തളര്‍ന്നുറങ്ങി. ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു . മാറില്‍ പല്ലുകള്‍ അടയാളങ്ങള്‍ ബാക്കിയാക്കി . പൂജയില്‍ ചില്ലറ വീഴ്ചകള്‍ ഉണ്ടായെങ്കിലും അടിയോടിയുടെ പരാക്രമത്തില്‍ പറ്റിയ ചില്ലറ പരിക്കുകള്‍ അവളെ വേദനിപ്പിച്ചില്ല .. നാണത്തോടെ ചിരുതേയി മുഖം കുനിച്ചു .
കളപ്പുരയിലെ ഒറ്റമുറി കെട്ടിടത്തിനു മുന്നില്‍ ഓലചൂട്ടുകള്‍ കേട്ടണഞ്ഞു . പുലരും വരെ മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. കുഞ്ഞിരാമ പൊതുവാളിന്റെ ചില സുഹൃത്തുക്കള്‍ രാത്രിയുടെ മറവില്‍ വന്നും പോയും കൊണ്ടിരുന്നു. കാര്യങ്ങള്‍ അധികാരിയുടെ ചെവിയിലെത്തി കരംപിരിക്കുകയും കരംപിടിക്കുകയും ചെയ്തുനടന്ന അധികാരി മാനവും കാര്ന്നെടുക്കാന് തുടങ്ങി ,,
അധികാരി വിളിപ്പിച്ചു .അടിയോടി വിളിച്ചു . ചിരുതേയി അടിയോടിയുടെ വീട്ടിന്റെ ഉമ്മറമുറ്റത്ത് ഒച്ചാനിച്ചു നിന്നു . അടിയന് ..? നില്‍പ്പിന്റെ പകപ്പ് കണ്ട് അധികാരി വന്നു കൈപിടിച്ചു . ഇന്ന് പത്തായപ്പുരയല്ല ,കിടപ്പുമുറിയിലേക്ക് ചിരുതേയിയെ അടിയോടി പിടിച്ചുവലിച്ചു .വെപ്രാളം കൊണ്ട് പരവശയായ എനിക്കവര് നെല്ലുവാറ്റിയ റാക്ക് തന്നു . കൊടലുകത്തുന്നത് നിക്കാന്‍ കോഴിയിറച്ചി തന്നു . മാറ് വളര്‍ന്നു വലുതായി . അരക്കെട്ടില്‍ അമര്‍ത്തിയ അധികാരിയുടെ കൈകള്‍ . ഉടുത്തിരുന്ന പോളിസ്റ്റര്‍ കൈലി താനേ അഴിഞ്ഞുവീണു . അടിയോടി കാഴ്ചക്കാരനായി നിന്നതേയുള്ളൂ പൂജയ്ക്കുള്ള തെച്ചിയും തുളസിയും ഒരുക്കി നിസ്സഹായതയോടെ അടിയോടി കയ്യാളനായി നിന്നു.
മാറില്‍ മലയമര്‍ന്നു . മുലകള്‍ ഉടഞ്ഞില്ലാതാവുന്നത് പോലെ . ചിരുതേയി വിയര്‍ത്തു . അധികാരി വിയര്‍ത്തു . അനന്തരം ചെത്തിയ ചെന്തെങ്ങിന്റെ കരിക്ക് അധികാരിക്ക് കുടിക്കാന്‍ അടിയോടി കൊടുത്തു . കൈലിയും ബ്ലൌസും പരതിയെടുക്കുന്നതിനിടെ അധികാരി ചെവിക്കു പിടിച്ചു . അടിയോടി പറഞ്ഞു .. ചിരുതേ .. കുഞ്ഞിരാമന്റെ പൊരേല് നെന്റെ ഒരു കണ്ണ് വേണം എപ്പോഴും . അവിടെ ആരൊക്കെയോ കൂട്ടം കൂടുന്നുണ്ടാത്രേ . ഓരോ നാളും നീയത് നോക്കി ഇവിടെ വന്നു പറയണം .. നെനക്ക് വേണ്ടത് എന്താന്നു വെച്ച്വാല്‍ അടിയോടീന്റെ അടുതൂന്നും വാങ്ങിച്ചോ . എന്നാ നീ ഇപ്പൊ പൊയ്ക്കോ . അധികാരിന്റെ മുന്നില്‍ പത്തി ഉയര്‍ത്താന്‍ പറ്റാത്തതിലുള്ള സങ്കടം അടിയോടിക്കുണ്ട് . ഉമ്മറമുറ്റം വരെ അയാള്‍ തന്നെ പിന്തുടര്ന്നു . പിന്‍ഭാഗം തോണ്ടിപറഞ്ഞു. ചിരുതേ നീ പോയി വാ പെണ്ണേ .. ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു .
ചിരുതേയി ഒറ്റമുറി കൊണ്ഗ്രസ്സാപ്പീസിലെത്തി , തഞ്ചത്തില്‍ കുഞ്ഞിരാമ പൊതുവാളിന്റെ അടുത്തുകൂടി. നിലം അടിച്ചുതൂത്ത് വൃത്തിയാക്കി , ഒടിഞ്ഞ മരബഞ്ചുകളിലെ പൊടി ഉടുത്തിരുന്ന കൈലികൊണ്ട് തുടച്ചു . അബദ്ധത്താല്‍ എന്നവണ്ണം ചില കൈകാല്‍ കണ്ണ് പ്രയോഗങ്ങള്‍ നടത്തിനോക്കി. ഒറ് വീഴുന്നില്ല . വിവരങ്ങള്‍ ശേഖരിക്കണം ,അടിയോടിന്റെ അടുത്തു കൊണ്ടുകൊടുക്കണം . അവള് ബ്ലൌസിന്റെ കുടുക്കഴിച്ചു , മാറ് വലുതാക്കി .. ഒറ്റുകാരിയെന്നതിലപ്പുറം ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നുതന്നെ കൂട്ടിക്കോ , ഓറെ ഇഷ്ടാ , ആ നെഞ്ചും അതില്‍ പടര്‍ന്ന രോമങ്ങളും ഒരു നേരത്തേക്കെങ്കിലും സ്വന്തമാക്കണമെന്ന് അവള് ആശിച്ചു. കുഞ്ഞിരാമപൊതുവാള്‍ വീണില്ല .. കോഴിക്കോട്ടു നിന്നും വന്ന കുറുകിയ ആളുടെ ആംഗ്യങ്ങള്‍ കാട്ടിയുള്ള പ്രസംഗം ചിരുതേയിക്കിഷ്ടായി . കുഞ്ഞിരാമനോടുള്ള ഇഷ്ടം ചിരുതയെ കൊണ്ഗ്രസ്സിലെക്കടുപ്പിച്ചു .അധികാരിക്ക് ഉദ്ദേശിച്ച വിവരങ്ങള്‍ ചിരുതയില്‍ കിട്ടിയില്ല .അധികാരിന്റെ മുന്നില്‍ അടിടിയുടെ മുഖം വീര്‍ത്തു.
ശിഖ കര്ചീഫെടുത്തു മുഖം തുടച്ചു. കുഞ്ഞിക്കോമകുറുപ്പിനെ കുറിച്ചറിയണം , കേളുസ്രാപ്പിനെ കുറിച്ചറിയണം . പിന്നെ കോഴിക്കോട്ടുനിന്നും വടകരയില്‍ നിന്നും വന്ന നേതാക്കളെ കുറിച്ചറിയണം . കൊണ്ഗ്രസ്സിനെയും പെരുമാള്‍പുരത്തെ കോല്‍ക്കളിയെയും കുറിച്ച് കൂടുതല്‍ അറിയണം .. ചിരുതേയിയുടെ മാംസളമായ വിവരണത്തില്‍ മാത്രം ഒരു നാടിനെ കുറിച്ച് പറയാനാവില്ല.
അഞ്ച്
ഒരു ബിന്ദു ... അനേകം ബിന്ദുക്കള്‍ ചേര്‍ന്നതൊരു രേഖയായി .പിന്നെയൊരു ത്രികോണം . ജ്യാമിതികളില്‍ ശിഖയ്ക്കുള്ള താത്പര്യം അവളതൊരു കടലാസ്സില്‍ വരച്ചു . ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവള് ആലോചിച്ചു . പെരുമാള്‍പുരത്തെ ഒരു ത്രികോണമിതിയില്‍ തളച്ചിടാനാവുമോ , അവളുടെ ചിന്തകള്‍ ആ വഴിക്ക് നീങ്ങി . അവള് ഹിപ്പാര്‍ക്കസ്സിനെ ധ്യാനിച്ചു . പെരുമാള്‍പുരത്തെ പരദൈവങ്ങളെ ധ്യാനിച്ചു ...മണ്മറഞ്ഞു പോയ കുഞ്ഞിപ്പാര്‍വ്വതിയെ , അധികാരിയെ , അടിയോടിയെ ,കുഞ്ഞിരാമ പൊതുവാളിനെ , കുഞ്ഞിക്കോമ കുറുപ്പിനെ,അങ്ങിനെ പരശ്ശതം പെരുമാള്‍പുരം വാസികളെ വന്ദിച്ചു .
മൂന്നു ഋജുരേഖാഖണ്ഡങ്ങള്‍ മാത്രം വശങ്ങളായി വരുന്ന ഒരു സംവൃതചിത്രമായി പെരുമാള്‍പുരത്തെ വരച്ചെടുക്കാന്‍ കഴിയില്ല .അതിന് കോണുകളും വശങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം .വൃത്തത്തിന്റെ ആരവും പരിധിയും അറിയണം . ചിരുതേയി അവിടെ ഒരു ബീജീയ സമവാക്യമായി മാറുന്നില്ല . കൂടുതല്‍ അന്വേഷണങ്ങള്‍ കൂടിയേതീരു . നിര്‍വ്വചിക്കപ്പെട്ട ത്രികോണമിതിയുടെ ഫലങ്ങള്‍ വെച്ച് വശങ്ങളും കോണുകളും ബീജീയമായി ബന്ധപ്പെടുത്തണം . ശിഖയുടെ രാത്രിയില്‍ ഹിപ്പാര്‍ക്കസ്സ് നിറഞ്ഞു നിന്നു .
പേരുകേട്ട റിയാലിറ്റി ഷോയില്‍ പാട്ട് പാടുക എന്നത് ജീവിതാഭിലാഷമായി കൊണ്ടു നടക്കുന്ന മെഡിക്കല്‍ റപ്രസെന്റെറ്റിവ് മുരളീമനോഹാര്‍ , ന്യു ജനറേഷന് ബാങ്കിലെ ഉധ്യോഗസ്ഥ അപര്‍ണ്ണ ,പേരെടുത്ത ഒരു ജ്വല്ലറിയുടെ ഫ്ലോര്മനജേര് വര്‍ഷ എന്നിവരാണ് ശിഖയുടെ പെരുമാള്‍പുരത്തെ കൂട്ട് . കഥയുടെ വിവിധ ഘട്ടങ്ങള്‍ ശിഖ അവരുമായി പങ്കു വെച്ചു .അല്‍പ്പമൊന്നു കുണുങ്ങി,തൊണ്ട ശരിയാക്കി മുരളിമനോഹര്‍ പറഞ്ഞു ഷണ്മുഖപ്രിയയില് ഒരു കാച്ചു കാച്ചിയാലോ ? സംഗതികള്‍ ഉണ്ടാകണം ,അപര്‍ണ്ണ കളിയാക്കി .സ്വരസ്ഥായികള്‍ ശരിയാവണം, വര്‍ഷ പറഞ്ഞു. ശിഖ മിണ്ടാതിരുന്നതെയുള്ളൂ . ഷണ്മുഖപ്രീയ സുബ്രമണ്യനു പ്രീയപ്പെട്ട രാഗമാണ് . അവളുടെ മനസ്സ് പെരുമാള്‍പുരത്ത് അലയുകയാണ് .
ഇതിലെ ഗാന്ധാരം ,പഞ്ചമം ,ധൈവതം എന്നി സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ശൂലിനി, ധേനുക ,ചിത്രാംബരി എന്നീ രാഗങ്ങള്‍ ജനിക്കും . ശിഖ ഒന്നുകൂടി മുന്നോട്ടഞ്ഞു മുരളിയുടെ വിരലുകളില്‍ തലോടി അവനെ പ്രോത്സാഹിപ്പിച്ചു .അവളുടെ അഴകാര്‍ന്ന കണ്ണുകളിലേക്ക് നോക്കി മുരളി തുടര്‍ന്നു .ജണ്‍ധസ്വരപ്രയോഗങ്ങളും ഗഗരിരിസസനിനി - ഷഡ്ജവര്‍ജ്യ പ്രയോഗങ്ങളും നിരി ഗിരി നിരി നിധ - പ്രത്യാഹതഗമകങ്ങളും രാഗത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ശിഖയുടെ കണ്ണുകള്‍ മുരളിയുടെ മുഖത്തു തറച്ചു നിന്നു . അവന്റെ വായില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന സംഗീതത്തിനായി അവള് കാതുകള്‍ കൂര്ര്പ്പിച്ചു .
"ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ ..." അമ്പത്തിയാറാമത്തെ മേളരാഗമായ ഷണ്മുഖപ്രിയയില് അവന് പാടി തീര്‍ത്തപ്പോള്‍ ശിഖയുടെ മുന്നില്‍ മുരളി മാത്രമായി. അവള് തെരുതെരെ അവന്റെ നെറ്റിയില്‍ , കവിളുകളില്‍ ഉമ്മ വെച്ചു .അപര്‍ണ്ണയും വര്‍ഷയും സ്തംഭിച്ചിരുന്നു .
വര്‍ഷ തന്റെ സല്‍വാറിന്റെ ഷാളെടുത്ത് മുരളിയുടെ കഴുത്തിലണിയിച്ചു . അപര്‍ണ്ണ തന്റെ ചുവന്ന ബിന്ദി അവന്റെ നെറ്റിയില്‍ ഒട്ടിച്ചു. കൈവിരലുകള്‍ ചേര്‍ത്തുപിടിച്ച് മുരളി ഓടക്കുഴലൂതി . അപര്‍ണ്ണയും ശിഖയും വര്‍ഷയും കൈകള്‍ കോര്‍ത്തുപിടിച്ച് അവനു ചുറ്റും വട്ടത്തില്‍ താളം ചവുട്ടി .അവന് ഉണ്ണികൃഷ്ണനായി , അവര്‍ ഗോപികമാരും .
ദേശീയ സ്വാതന്ത്ര സമരം കൊടുമ്പിരി കൊള്ളുകയാണ് . യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിക്ക് പിന്നില്‍ അണിനിരന്നു , സ്വാഭാവിക പ്രതികരണങ്ങള്‍ പെരുമാള്‍പുരത്തും ഉണ്ടായി . കുഞ്ഞിരാമപൊതുവാളിന്റെ ഒറ്റമുറി കെട്ടിടം സജീവമായി. അബ്ദുള്ള മാഷ് അവിടേക്ക് വീണ്ടും വീണ്ടും വന്നു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക .. അതില്‍ കുറഞ്ഞ ഒന്നിനും ആ ചെറുപ്പക്കാര്‍ തയ്യാറായിരുന്നില്ല . അധികാരിയുടെ കുറുക്കന് കണ്ണുകള്‍ പരാജയപ്പെട്ടു . പാതിരാനേരങ്ങളില്‍ പുറത്ത് അടുപ്പ് കൂട്ടി ചിരുതേയി വെല്ലക്കാപ്പിയും കപ്പ പുഴുങ്ങിയതും കോണ്ഗ്രസ്സാപ്പിസിലെത്തിച്ചു കൊടുത്തു . നാടന്‍ ശീലുകളില്‍ അവരുടെ പാട്ടുകള്‍ അവള്‍ക്കറിയാവുന്ന രീതിയില്‍ പാടി രസിപ്പിച്ചു .
അബ്ദുള്ള മാഷുടെ കണ്ണുകളില്‍ തീപ്പാറി . കടുത്ത തീരുമാനങ്ങള്‍ വേണം. സാമ്രാജ്വത്വം തുലയട്ടെ ..! കൂടി നിന്നവര്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ചൂ . ഒന്നും മനസ്സിലായില്ലെങ്കിലും ചിരുതേയിയും അതുതന്നെ വിളിച്ചു . പോലീസ്സ് സ്റ്റേഷനിലെ ഫ്ലാഗ് പോസ്റ്റില്‍ കയറി യുനിയന് ജാക്ക് വലിച്ചു താഴെയിടണം , മൂവര്‍ണ്ണ കൊടി പറത്തണം . ആരാ പറ്റ്യാള് അബ്ദുള്ള മാഷ് ആര്‍ത്തു . കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഏകസ്വരത്തില്‍ പറഞ്ഞു .. ഞങ്ങളത് ചെയ്യും ...
പൂവന്കോഴികള് കൂവിയില്ല , കൂരാക്കൂരിരുട്ട് . പെരുമാള്‍പുരം അങ്ങാടിയെത്തുന്നതിനു മുമ്പേ കുഞ്ഞമ്പു തന്റെ കയ്യിലുള്ള ഓലചൂട്ട് മുന്നില്‍കണ്ട മൈല്‍കുറ്റിയില്‍ ഉരച്ചു കെടുത്തി . അങ്ങാടിയില്‍ നിന്നും അര ഫര്‍ലോങ്ങുകൂടി പോണം പോലീസ്സ് സ്റ്റേഷനിലെത്താന്‍ . കൈലി മുറുക്കിയുടുത്ത് അവര്‍ വേഗത്തില്‍ നടന്നു. കുഞ്ഞിക്കണ്ണന് പോസ്റ്റില്‍ കയറണം മറ്റു രണ്ടുപേര്‍ കാവലിനായി കുറച്ചു മാറി നില്ക്കുക .. സെന്‍ട്രി അറിഞ്ഞാല്‍ അവന്റെ ശ്രദ്ധ മാറ്റുക ,ആ ദൌത്യം കേളു ഏറ്റെടുത്തു. ദേഹമാസകലം കരി പുരട്ടിയിരുന്നു. ഇരുട്ടാണെങ്കിലും പിടിക്കപ്പെടാതെ പോകണമല്ലോ .
നേരിയ മകരത്തണുപ്പ് പാറാവുകാരനെ ഉറക്കത്തിലേക്ക് കൊണ്ടുപോയി . കുഞ്ഞിക്കണ്ണന് ഫളാഗ്പോസ്റ്റില്‍ കയറി . മറ്റു രണ്ടുപേരും കാവല്‍ നിന്നു . യുനിയന് ജാക്ക് അവന് കൈവെള്ളയിലിട്ടു ഞെരിച്ചു . വെറുപ്പ് തലയോട്ടില്‍ കയറി . മനസ്സില്‍ മൂന്നു പ്രാവശ്യം ഭാരത് മാതാ കീ ജയ് വിളിച്ചു . അരയില്‍ തിരുകിയ മൂവര്‍ണ്ണകൊടി ഉയര്‍ത്തി കെട്ടി .മൂന്നുപേരും പാടിപ്പുഴ ലക്ഷ്യമാക്കി നടന്നു. പുഴവക്കത്തെ തെങ്ങില്‍ നിന്നും കരിക്കുകള്‍ ചെത്തികുടിച്ചു . ഒഴുകുന്ന പാടിപ്പുഴയില്‍ യുനിയന്‍ജാക്ക് മീനുകള്‍ കൊത്തിപ്പറിച്ചു. അങ്ങിനെ അവരും സാമ്രാജ്വത്വ വിരുദ്ധവികാരം പ്രകടിപ്പിച്ചു. ക്യിറ്റ് ഇന്ത്യ .. സാമ്രാജ്വത്വം തുലയട്ടെ അവര്‍ മൂവരും ചേര്‍ന്ന് വിളിച്ചു. കൈപ്പാടുകളില്‍ നിലയുറപ്പിച്ച കാലന്കോഴികള് അതേറ്റു വിളിച്ചു.
നേരം പുലര്‍ന്നു . പതിവിലേറെചുവന്ന സൂര്യന് കിഴക്കുദിച്ചു . പോലീസ് സ്റ്റേഷനില്‍ മൂവര്‍ണ്ണക്കൊടി പാറുന്നു . ചായക്കടയില്‍ പണിക്കു പോയ കമ്മാരന് അത് കണ്ടു . മറ്റുള്ളോരോട് പറഞ്ഞു . വാര്‍ത്ത നാട്ടില്‍ പരന്നു . അധികാരി കിടക്കപ്പായില്‍ മൂത്രമൊഴിച്ചു . അടിയോടീന്റെ ചങ്ക് പൊട്ടി . തൊപ്പിയും നിക്കറുമിട്ട ബ്രിട്ടീഷ് കാവല്‍ നായ്ക്കള്‍ നാടുനിരങ്ങി . കണ്ണില്‍ കണ്ടതെല്ലാം വെട്ടിയിട്ടു , കയ്യില്‍കിട്ടിയവനെ തല്ലിയുടച്ചു . അന്യനാട്ടില്‍ നിന്നും വലിയ കാക്കിക്കാര് വന്നു . അവര്‍ അവരുടെതായ പുതിയമുറകള്‍ പരീക്ഷിച്ചു .
ഒറ്റമുറി കെട്ടിടം തീയിട്ടു. വെട്ടിയിട്ട കുലച്ച നേന്ത്ര വാഴകള്‍ കൌരവ പടപോലെ സങ്കടം കരഞ്ഞു തീര്‍ത്തു . കൊണ്ഗ്രസ്സുകാര് ഒളിവില്‍ പോയി . പെണ്ണുങ്ങള് ദിനകൃത്യങ്ങള്‍ക്കു പോലും പുറത്തു പോകാനാകാതെ കാര്യങ്ങള്‍ അടുക്കളകോലായില്‍ സാധിച്ചു . പഴുത്ത ചക്കയും മാങ്ങയും കൊത്തി തിന്നാന്‍ വരുന്ന അണ്ണാന്മാരുടെ വരവ് നിലച്ചു . കുഞ്ഞിരാമ പൊതുവാളെ ചിരുതേയി ഒളിപ്പിച്ചു. അബ്ദുള്ള മാഷ് പാടിപ്പുഴ കടന്നു. കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അധികാരി കരം പിരിവു നിര്‍ത്തി പെണ്ണുങ്ങളുടെ മാനം പറിച്ചെടുത്തു . അടിയോടി വീണ്ടും കയ്യാളനായി ..
ആറ്
സുബ്രമണ്യവിലാസം ഹോട്ടലിലെ മസാലദോശ പെരുമാള്പുരത്തിന്റെ പെരുമകളില്‍ ബാക്കിവെച്ച ഒന്നാണ് . മസാലകളുടെ ചേരുവയും നെയ്യും ചേര്‍ന്ന് ആവിപാറുന്ന മണം . വെയിറ്റര്‍ ക്ലാവുപിടിച്ച ഓട്ടു ടംബ്ലറില്‍ ചൂട് വെള്ളം കൊണ്ടുവന്ന് മുന്നില്‍ വെച്ചു . അപര്‍ണ്ണ നാല് മസാലദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തു . ശിഖാ കഥയെങ്ങിനെ മുന്നോട്ടു കൊണ്ടുപോകാനാണ് തന്റെ ഉദ്ദേശം ? വര്‍ഷ ചോദിച്ചു. മുരളി വെറുതെ ഇരുന്നതെയുള്ളൂ . പെരുമാള്‍പുരത്തെ നാല് തലമുറ .. അതാണ് ലക്ഷ്യമിടുന്നത് ശിഖ മറുപടി കൊടുത്തു . ഏഴു ദശവത്സരങ്ങള്‍ രസച്ചരട് മുറിയാതെ ഒരു നൂലില്‍ കോര്‍ക്കുക .
അപര്‍ണ്ണ ചാനല്‍ അവതാരികയെ പോലെ കാല്പാദത്തില് മറ്റേ കാല്‍കയറ്റി വെച്ച് ,ഒന്ന് കുണുങ്ങി മുരളിയുടെ താടിയില്‍ തട്ടി . മലയാളം കലര്‍ന്ന ഇംഗ്ലീഷില്‍ മൊഴിഞ്ഞു 'വാം അപ്പ് ' ഒന്ന് ഉഷാറാവഡോ ? അതിനു ഉഷാറാവണമെങ്കില്‍ അപര്‍ണ്ണ ആയമ്മയെപ്പോലെ മിനി സ്കര്‍ട്ടോ , ഫ്രോക്കോ അല്ലല്ലോ ഇട്ടിരിക്കുന്നത് .. വര്‍ഷയുടെ കമന്റു വന്നു .
ബാര്‍ബര്‍ ഷണ്മുഖന്റെ പീടികയില്‍ മുടിമുറിക്കാന്‍ വന്ന അസ്സൈനാര്‍ ഹാജിയാണ് പറഞ്ഞത് .. പെരുമാള്‍പുരത്തെ ആരൊക്കെയോ പോലീസ്സ് പിടിച്ചു കൊണ്ടുപോയിട്ടുണ്ടാത്രേ , കൊയമ്പത്തൂരോ മറ്റോ ജയിലില്‍ അവരുടെ നാഭിയില്‍ പൊന്നീച്ച പാറിക്കുന്നുവെന്നും പറഞ്ഞുകേട്ടു . നേരമിരുട്ടിയ നേരത്ത് രണ്ടു പോലീസ്സുകാര് ചിരുതേയിയെ തേടി അവളുടെ കുടിയിലെത്തി. കുഞ്ഞിരാമാനെവിടെ ഡീ , താനെവിടെയോളിപ്പിച്ചാലും തങ്ങളവനെ പൊക്കും , കലിപൂണ്ട പോലീസ്സുകാരന് അവളുടെ മടിക്കുത്തില്‍ അമര്‍ത്തിപ്പിടിച്ചു . ഉലഞ്ഞുപോയ തന്റെ കൈലിമുണ്ട് എടുക്കാന്‍ അവള് ശ്രമിച്ചു . പോലിസ്സുകാരന്റെ കൈക്കരുത്തില്‍ അവളുടെ അരക്കെട്ട് ഉടഞ്ഞു. ഉള്ളില്‍ പരദേവത കനിഞ്ഞു. അടുപ്പില്‍ പുകയുന്ന തീക്കൊള്ളി എടുത്തുകൊണ്ടവള്‍ ആ പോലീസ്സുകാരന് ലിംഗഹോമം നടത്തി. ആവിയായി പോകുന്ന പച്ചമാംസത്തിന്റെ മണം ആസ്വദിച്ചു. നല്ല നാടന്‍ പോര്‍ണോവില്‍ നാല് പച്ചത്തെറി കാച്ചി . കുടിച്ചിരുന്ന മുലപ്പാല്‍ ഓര്‍ത്ത് കൂടെവന്ന പോലീസ്സുകാരന് ഓക്കാനിച്ചു .
ചെളിയും കയറും കൊണ്ടുകെട്ടിയ ബണ്ട് പൊളിച്ചു അടിയോടിയുടെ നെല്‍പ്പാടത്ത് ഓരുവെള്ളം കേറ്റി പെരുമാള്‍പുരത്തെ അടിയാന്മാര് പ്രതിഷേധിച്ചു . വിളഞ്ഞുനില്‍ക്കുന്ന പാടത്ത് കതിര്മണികള് ഉതിര്‍ന്നു വീണു . ജാനു സമരത്തിന്റെ നേതാവായി . അധികാരിയെ ചിരുതേയി തഞ്ചത്തില്‍ അവളുടെ കുടിയിലേക്ക് വരുത്തി. പെരുമാള്‍പുരത്തെ മറ്റു പെണ്ണുങ്ങള് കത്തിച്ച ഓലചൂട്ടുകള്‍ ഉയര്‍ത്തികാട്ടി. ചിരുതേയി അധികാരിയുടെ ഉടുമുണ്ടഴിച്ചു... പിറന്നപടി നിര്‍ത്തി. നാട്ടുപെണ്ണുങ്ങള്‍ സന്തോഷത്തോടെ കുരവയിട്ടു. കാന്താരിമുളകരച്ചു വൃഷണത്തില്‍ തേച്ചു , അവര്‍ ചുറ്റും നിന്ന് താളത്തില്‍ നൃത്തം ചവുട്ടി ...
കോഴിക്കോട്ടു നിന്നും കെ.കേളപ്പന് പെരുമാള്‍പുരത്തു വന്നു ക്യാമ്പ് ചെയ്തു. അങ്ങാടിമൈതാനത്ത് പണ്ഡിറ്റ് നെഹ്രു പ്രസംഗിച്ചു . നാടും നാട്ടാരും ആവേശത്തിലായി. അഞ്ചാംപത്തികള്‍ സ്വയംതീര്‍ത്ത മാളങ്ങളില്‍ ഒളിച്ചു. കുഞ്ഞിരാമപൊതുവാള്‍ മധുരയില്‍ നിന്നും ഇരുപത് ചര്ക്കകള് കൊണ്ട് വന്നു. ചിരുതേയിയും ജാനുവും തങ്ങളുടെ പോളിസ്റ്റര്‍ കൈലികള് ഉപേക്ഷിച്ചു . വാസുദേവ കാമത്ത് തന്റെ പീടികയിലെ തുണിത്തരങ്ങള്‍ നടുറോഡില്‍ കത്തിച്ചു. മാരാര്‍മാഷ് ഏകാദ്ധ്യാപക ഹിന്ദി വിദ്യാപീഠം തുറന്നു .അങ്ങിനെ പെരുമാള്‍പുരത്ത് ഹിന്ദിക്കും ഖാദിക്കും പ്രചാരം വന്നു .
ചര്ക്കകള് തിരിഞ്ഞു ,അടുക്കളയിലും അകക്കോലായിലും നൂല്നൂല്പ്പിന്റെ മര്മ്മരശബ്ദങ്ങള് അവരുടെ കുടുംബ ജീവിതത്തില്‍ ശാന്തതയുണ്ടാക്കി . കുഞ്ഞാപ്പുവിന്റെ കള്ളുഷോപ്പില്‍ പരുത്തി വസ്ത്രങ്ങള്‍ നെയ്തെടുക്കാനുള്ള തറികള്‍ നിരന്നു .ജീവിതത്തിനു പുതിയ ലക്ഷ്യബോധമുണ്ടായി .ദേശീയ നവോത്ഥാനത്തില്‍ പെരുമാള്പുരത്തിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. വഴിയോരത്തെ മരക്കൊമ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ പതാക പാറിക്കളിച്ചു . ഉടുവഴികളില്‍ വള്ളത്തോളിന്റെ വരികള്‍ ചെറുപ്പക്കാര്‍ ഈണത്തില്‍ പാടി നടന്നു . എല്ലാറ്റിനും കുഞ്ഞിരാമപൊതുവാളും സഹായികളും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു .
ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ആഗസ്റ്റ് 15 , രാവിലെ സൂര്യനുണര്‍ന്നത് പുതിയ ആവേശത്തോടെയാണ് .കിളികള്‍ അതിരാവിലെ എഴുന്നേറ്റു . പൂവന്കോഴികള് നേരത്തെ കൂവി. ഭാരതത്തിലെ മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും ആഘോഷങ്ങള്‍ തുടങ്ങി . പെരുമാള്‍പുരംഅങ്ങാടി തിരിയോലകള്‍കൊണ്ടും പൂക്കള്‍കൊണ്ടും അലങ്കരിച്ചു . ഖാദര്‍ ധരിച്ച പെരുമാള്‍പുരത്തുകാരെകൊണ്ട് അങ്ങാടി മൈതാനം നിറഞ്ഞു . കുഞ്ഞിരാമപൊതുവാളും കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഓടിയോടി കാര്യങ്ങള്‍ നടത്തി. അവര്‍ക്ക് പിന്നില്‍ ചിരുതേയിയും ജാനുവും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തു . മഹാത്മാ ഗന്ധീക്കീ ജയ് ... ഭാരത് മാതാക്കീ ജയ് ...പെരുമാള്‍പുരത്തെ ഓരോ മണല്‍ത്തരിയും അതേറ്റുവിളിച്ചു . ആയിരം കതിനാകള് പൊട്ടി . വലിയവട്ടിളത്തില്‍ ശര്‍ക്കരപ്പായസം തിളച്ചുമറിഞ്ഞു .വലിയ വലിയ നേതാക്കന്മാര് അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . ആരവങ്ങള്‍ക്കും വലിയവലിയ ആഘോഷങ്ങള്‍ക്കും ശേഷം ഏറെവൈകിയാണ് അന്ന് പെരുമാള്‍പുരത്ത് സൂര്യന് അസ്തമിച്ചത് .
ഷണ്മുഖവിലാസം ക്ലബ്ബ് പെരുമാള്‍പുരം ദേശീയ കലാസമിതിയായായി പുനര്‍നാമകരണം ചെയ്യപ്പെട്ടു . അതിനോടടുത്ത് പുതുതായി ഉണ്ടാക്കിയ ഓലഷെഡ് ദേശീയ വായനശാലയും . കുഞ്ഞിരാമപൊതുവാള്‍ പ്രസിഡന്റും കുഞ്ഞമ്പു സെക്രട്ടറിയുമായി . നാടകങ്ങങ്ങളും കൊല്‍ക്കളിയുമായി ക്ലബ്ബ് പ്രവര്‍ത്തനം മുന്നോട്ടുപോയി . പെരുമാള്‍പുരത്തെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും വൈകുന്നെരമാകാന്‍ കാത്തിരുന്നു. ഖാദിയൊഴിച്ചുള്ള വസ്ത്രങ്ങള്‍ പെരുമാള്‍പുരത്തിന് അന്യമായി . ആയിടക്ക് കുഞ്ഞിരാമപൊതുവാളിന് ഉണ്ടായ ചില ബന്ധങ്ങള്‍ പെരുമാള്‍പുരത്തും കോണ്‍ഗ്രസ് സോഷ്യലിസം ഉണ്ടാക്കി. കോണ്‍ഗ്രസ്സിന്റെ തെറ്റായ പോക്കിനെതിരെ ഒരു തിരുത്തല്‍ശക്തിയായി അവര്‍ നിലകൊണ്ടു .
ഇ .എം. എസ് . അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . പുതിയ ചിന്താധാരകള്‍ പരീക്ഷണ നാടകങ്ങളായി ദേശീയ കലാസമിതി അവതരിപ്പിച്ചു. പെരുമാള്പുരത്തിന്റെ മനസ്സില്‍ ചില ആശങ്കള്‍ പിറന്നു . കുഞ്ഞിരാമനും കുഞ്ഞമ്പുവും കോണ്‍ഗ്രസ് സോഷ്യലിസ്റ്റായപ്പോള്‍ കേളുവും കോമക്കുറുപ്പും മറ്റും കൊണ്ഗ്രസ്സായി തന്നെ തുടര്‍ന്നു . രണ്ടുകൂട്ടരെയും വെറുപ്പിക്കാതെ ചിരുതേയിയും ജാനുവും നിന്നു . ഈ ചര്‍ച്ചകളില്‍ അവരുടെ മനസ്സ് നൊന്തു . കോല്‍ക്കളി ഗ്രൂപ്പ് കൊണ്ഗ്രസ്സിനെ പിന്തുണച്ചു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും അവരുടെ പ്രേതങ്ങള്‍ ഭാരതത്തിന്റെ തെരുവുകളില്‍ അവശേഷിക്കുന്നുവെന്നും , കോണ്‍ഗ്രസ് പുതിയ ദല്ലാള വര്‍ഗ്ഗമായി അധ:പതിച്ചുവെന്നും കുഞ്ഞിരാമനും കൂട്ടരും പ്രചരിപ്പിച്ചു. രാത്രികാലങ്ങളില്‍ അവര്‍ വെവ്വേറെ യോഗങ്ങള്‍ ചേരുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു .
ശിഖ പറഞ്ഞു ..., അപര്‍ണ്ണയ്ക്കും വര്‍ഷയ്ക്കും താല്‍പ്പര്യം കൂടി . എന്നിട്ട് ..? ബാക്കി കൂടി പറയെടോ ,അവര്‍ തിരക്ക് കൂട്ടി . ഏതോ സ്വപ്നലോകത്ത് മുരളിയും ഞെട്ടിയുണര്‍ന്നു. അവള് പറഞ്ഞു ,നമുക്ക് പാടിപ്പുഴയുടെ തീരത്തേക്ക് പോകാം . ഈ സായാഹ്നം അസ്തമയസൂര്യനുമായി നമ്മള് അവിടെ പങ്കിടുന്നു .. എന്തേ , സമ്മതമാണോ ? മൂവരും ശിഖയുടെ ചോദ്യത്തിന് തലകുലുക്കി.
തെളിഞ്ഞ നീര് ഒഴുക്കുന്ന പുഴയ്ക്ക് എന്തെങ്കിലും പറയാനുണ്ടാകും .ചുള്ളികള്‍ വകഞ്ഞു മാറ്റി ഒരു ഒഴിഞ്ഞ സ്ഥലത്ത് അവരിരുന്നു. വട്ട്യന്‍ രാമന്റെ പിന്മുറക്കാരനാരോ മറുകരയില്‍ നിന്നും നീട്ടിക്കൂവി ..ഓഹേയ്. അപര്‍ണ്ണ അല്പംകൂടി മിടുക്ക് കാണിച്ച് ഒരു തിരിച്ചുകൂവല്‍ കൊടുത്തു . ചെത്തിയ ചെന്തെങ്ങിന് കരിക്കുകളും അഞ്ചാറു കുപ്പി അന്തിക്കള്ളൂമായി അയാള്‍ പുഴ നീന്തി. ചെത്തിയ കരിക്കുകളില്‍ അയാളത് മിക്സ് ചെയ്തു. പുതിയ കൊമ്പിനേഷന്‍ ഓര്‍ത്ത് വര്‍ഷയുടെ നാക്കില്‍ വെള്ളമൂറി. അപര്‍ണ്ണ അയാളുടെ കയ്യില്‍ നിന്നും അത് എത്തിപ്പിടിച്ചു .അയാളെ നടുക്കിരുത്തി അവര്‍ ചുറ്റുമിരുന്നു . കരിക്കുകള്‍ കാലിയായി .. നാടന്‍ ശീലില് അയാള്‍ പാടി. അവര്‍ അത് ഏറ്റുപാടി. കലശം തൊണ്ടച്ചന് ദൈവത്തിന്നും വേണം
കലശം മുത്തപ്പന് ദൈവത്തിനും വേണം
കലശം പൊട്ടന് ദൈവത്തിനും വേണം
കള്ളും പൊലിക കലശം പൊലിക -
ദൈവത്തിനും വേണം .........
ശിഖ തഞ്ചത്തില്‍ അയാളുടെ പേര് ചോദിച്ചു . കണാരന് എന്നാണത്രേ പേര് . അപര്‍ണ്ണ അവളുടെ ഷാള്‍ കാണാരന്റെ കഴുത്തിലേക്കെറിഞ്ഞു . ഒരു തുമ്പ് അപര്‍ണ്ണയും മറ്റേ തുമ്പ് വര്‍ഷയും പിടിച്ച് റോക്ക് ചെയ്തു . മുരളി ശീലുകളുടെ താളബോധത്തെ കുറിച്ച് വാചാലനായി. ശിഖ അടുത്ത കരിക്കിന് വേണ്ടി തിരച്ചില്‍ നടത്തി .
ഏഴ്
കതകിനുള്ള മുട്ട് കേട്ട് ശിഖ ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു . ഊണ് കഴിച്ചാല്‍ ഒരു ചെറിയ മയക്കം അവള്‍ക്കു പതിവുള്ളതാണ്. ആരാണ് ഈ നേരത്ത് ? തെല്ലൊരു വിമ്മിഷ്ടത്തോടെ അവള് കതകു തുറന്നു .
അറുപതോടടുത്തു പ്രായമുള്ള ഒരാള്‍ സമ്മതം ചോദിക്കാതെ തന്നെ അകത്തേക്ക് കയറി . തന്റെ കാലന് കുട മുറിയുടെ മൂലയില്‍ ചാരിവെച്ച് മുന്നിലെ കസേര വലിച്ച് അതിലമര്ന്നിരുന്നു .വേഷ്ടി കൊണ്ട് മുഖം തുടച്ചു .തലയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടച്ചു. ഞാന്‍ ശശാങ്കന് നായര്‍ .. പുതിയേടത്ത് കിഴക്കേ വീട്ടില്‍ ശശാങ്കന് നായരെന്ന പി.കെ .ശശാങ്കന് നായര്‍ ..മുഖവുര കൂടാതെ അയാള്‍ തുറന്നടിച്ചു . ശിഖക്കൊന്നും മനസ്സിലായില്ല . ഉച്ചമയക്കം നഷ്ടപ്പെട്ട കെറുവ് അവളുടെ മുഖത്തു കാണാം. തന്നോട് ഇതെല്ലാം പറയാന്‍ ഇയാള്‍ ആരാണ് ?എന്താണ് ഈ വരവിന്റെ ഉദ്ദേശം ?ഒരെത്തും പിടിയും കിട്ടുന്നില്ല . ഓര്‍മ്മ ബാക്കിവെച്ച മുഖങ്ങളിലൊന്നും ഇയാളുടെ മുഖം മനസ്സില്‍ തെളിഞ്ഞില്ല .
വല്ലാത്ത ചൂട് .. സംഭാരം ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ. അയാളുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ശിഖ നിന്ന് പതറി. കാണില്ലായിരിക്കും ല്ലേ ? എങ്കില്‍ പോയി ഒരു ചായ ഉണ്ടാക്കി കൊണ്ടുവാ .. അല്‍പ്പം അമര്‍ഷത്തോടെ അവള് അടുക്കളയിലേക്കു നീങ്ങി . അയാളുടെ നേര്‍ക്ക് നീട്ടിയ ചായ ഒറ്റയിറക്കിന് അകത്താക്കി കൊണ്ടു ഗ്ലാസ് ടീപ്പോയിയുടെ മുകളില്‍ വെച്ചു . അയാളുടെ മുഖത്തു നിഴലിച്ച ഗൌരവം ചെറിയ ഭയപ്പാടുകള്‍ അവളില്‍ ഉണ്ടാക്കി . വല്ലാത്ത ഒരു തീക്ഷ്ണത ആ കണ്ണുകള്‍ക്കുണ്ടായിരുന്നു . തീ പാറുന്ന നോട്ടത്തില്‍ അവളൊന്ന് ചുളിഞ്ഞു . അനുസരണയുള്ള ആട്ടിന്‍കുട്ടിയെ പോലെ ശിഖയുടെ കാതുകള്‍ അയാളുടെ വാക്കുകള്‍ക്കായി കാത്തു നിന്നു . ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ചത്ത കണ്ണുകള്‍ അയാളെ തന്നെ നോക്കി . തന്റെ തുണിസഞ്ചിയില്‍ നിന്നും നാലഞ്ചു പഴയ പത്രങ്ങള്‍ എടുത്തു അയാള്‍ എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു .
ശുംഭ .. ഒന്നും അറിയാത്തവളെ പോലെ മൃഷ്ടാഹ്നം ഭക്ഷണോം കഴിച്ചു കിടന്നുറങ്ങുകയായിരുന്നു അല്ലേ ? ആ മുഖത്തു നിന്നും അവള് വായിച്ചെടുത്തത് അതായിരുന്നു . നിലത്തു വീണുകിടക്കുന്ന പത്രങ്ങള്‍ എടുക്കുവാന്‍ ഭയം അനുവദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ ശിഖ മിഴിച്ചു നിന്നു. അയാളുടെ വാക്കുകളിലെ പരിഹാസം , കണ്ണുകളിലെ തീപാറുന്ന നോട്ടം .. അതവളെ പരിഭ്രാന്തയാക്കി . കോടതി മുറിയില്‍ വിധി കാത്തുനിക്കുന്ന പ്രതിയുടെ മുഖത്തു കാണുന്ന അതേ ദൈന്യത അവളുടെ കണ്ണുകളില്‍ , അയാളുടെ ദയാവായ്പിനായി നോക്കി മൌനമായി അവള് നിന്നു . ശിഖയുടെ കയ്യിലെ ഒരു മാപിനിക്കും അയാളുടെ ഉള്ളിലെ താപത്തെ അളക്കാന്‍ ആയില്ല . കലങ്ങിയ കണ്ണുകളിലെ രോഷം അഗ്നിയായി ,ശരീരത്തിന്റെ വിയര്‍പ്പായി പിന്നീടത് ആവിയി മുറിക്കുള്ളിലെ വായുവില്‍ അലിഞ്ഞില്ലാതായി .
പത്തു മിനുട്ടില്‍ കൂടുതലുള്ള ആ പ്രകടനത്തില്‍ അയാള്‍ തളര്‍ന്നു കാണണം . കസേരയിലേക്ക് ചാഞ്ഞമര്‍ന്നു , തന്റെ വേഷ്ടി വീശി അയാള്‍ വിയര്‍പ്പകറ്റി . ഉള്ളില്‍ പതഞ്ഞ സഹതാപം ഒരു ചായയാക്കി ശിഖ വീണ്ടും അയാള്‍ക്ക് കൊടുത്തു രണ്ടു പൂവന് പഴവും . ആഹരിക്കുന്നതിലെ ആര്‍ത്തി കണ്ടപ്പോള്‍ ,വിശപ്പ് അയാളെ തിന്നിരുന്നു എന്നവള്‍ക്ക് തോന്നി.
ശശാങ്കന് ചേട്ടന് വിശ്രമിക്കണോ , ഉള്ളിലെ ഭയം കനം കുറഞ്ഞ വാക്കുകളായി പുറത്തേക്ക് വന്നു . ഏതോ പ്രശ്നം അയാളെ അലട്ടുന്നുണ്ടായിരിക്കണം , അതിന്റെ ഉഷ്ണപ്രവാഹം പുറത്തേക്ക് വമിക്കാനുള്ള ആന്തലായിരിക്കണം കുറച്ചു മുമ്പ് കണ്ടത് . അവളുടെ ആകാംക്ഷ കൂടി കൂടി വന്നതേയുള്ളു . നിലത്തു കിടക്കുന്ന പത്രങ്ങളും കടലാസ്സുകളും അവള് പെറുക്കിയെടുത്തു .
58 - 59 കാലഘട്ടം , അന്നെനിക്ക് മുപ്പതോ മുപ്പത്തിരണ്ടോ പ്രായം . വിനോബജീ കേരളത്തിലെത്തി ,സര്‍വ്വോദയ മണ്ഡലം നാട്ടില്‍ സജീവം .. ശശാങ്കേട്ടന്റെ നാക്കില്‍ നിന്നും ആയാസരഹിതമായി വാക്കുകള്‍ ഉതിര്‍ന്നു വീണു. റോഡിനെതിര്‍ വശത്ത് പണിതുയര്‍ത്തുന്ന ബഹുനില കെട്ടിടത്തിലേക്ക് ശിഖയുടെ കണ്ണുകള്‍ ചെന്ന് പെട്ടു . മറ്റൊരു താജ്മഹല്‍ രൂപപ്പെടുത്തുന്നതില്‍ ഒഴുകുന്ന വിയര്‍പ്പിനെ കുറിച്ച് അവള് നോമ്പരപ്പെട്ടു .
(തുടരും )