Tuesday, April 24, 2012

വാക്കത്തി

വാക്കത്തി

കഥ
ടി.സി.വി.സതീശന്‍
...........................................

                 ങ്ങള് ഒന്ന് പോട്‌പ്പാ.. ഞാക്ക് ബേറെ പണീണ്ട്, ഈട്ന്നു പഞ്ചാരേം പറഞ്ഞ് മണപ്പീച്ച് നിക്കാണ്ടെ ഒന്ന് ബേം പോട്‌പ്പാ .. കുഞ്ഞാതിയുടെ വാക്കുകള്‍ കേട്ട് കണാരന്‍ പോയില്ല . അവളുടെ കറുത്തു തടിച്ച ചുണ്ടുകള്‍ കൊത്തിപ്പറിക്കാന്‍ അവന്‍ ആഗ്രഹിച്ചു   .. ങ്ങക്കെന്താ , ഓളും കുട്ട്യോളും ഉള്ളതല്ലേ , ന്നിട്ടും ങ്ങനെ മണപ്പിച്ചോണ്ട്  ന്‍റെ പിന്നാലെ ഇങ്ങനെ നടക്കണ് . കണാരന്‍റെ കണ്ണുകള്‍ അവളുടെ മാറിലേക്ക്‌ പതിഞ്ഞു , കയ്യുകള്‍ അവളുടെ മടിക്കുത്തിനെ ലക് ഷ്യമാക്കി പാഞ്ഞു .
              പുല്ലു വെട്ടിക്കൊണ്ടിരിക്കുന്ന വാക്കത്തി ഉയര്‍ത്തികൊണ്ട് കുഞ്ഞാതി പറഞ്ഞു .. കണാരന്‍ ഇപ്പൊ പോട് , ഞീ ബിചാരിക്കുന്ന സാധനല്ല  ഇത് .കണാരന്‍ ഞെട്ടി , തിളങ്ങുന്ന വാക്കത്തീന്‍റെ മൂര്‍ച്ച അവന്‍റെ കയ്യുകളെ പിറകോട്ടു വലിച്ചു. ഉടുത്തിരുന്ന കോണകത്തിനു നേരിയ നനുപ്പ് അനുഭവപ്പെടുന്നതായി അവന്‍ തിരിച്ചറിഞ്ഞു. മൂര്‍ച്ചയൊഴിഞ്ഞ വയലുകളെ മറികടന്ന് അവന്‍ പടിഞ്ഞാറോട്ടെക്ക് ഓടി .
               ഈ വനിതാ ദിനം ബഹുമാനപ്പെട്ട കളക്ടരുടെ മുന്നില്‍ വെച്ച് ഞാന്‍ ഔപചാരികമായി ഉദ്ഘാടനം  ചെയ്തതായി പ്രഖ്യാപിക്കുന്നു . തന്‍റെ ഞാന്നുതൂങ്ങിയ മുലകള്‍ക്ക് മീതെ രണ്ടാം മുണ്ട് ഒന്നുകൂടി കുടഞ്ഞിട്ട് കുഞ്ഞാതി പറഞ്ഞു . ടൌണ്‍ ഹാളില്‍ തിങ്ങി നിറഞ്ഞിരുന്ന മഹിളാ രത്നങ്ങള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു . കുഞ്ഞാതിയെ കണ്ടു പഠിക്കണം , അവര്‍ ആവേശത്തോടെ വിളിച്ചു കൂവി. സംഘാടകര്‍ കുഞ്ഞാതിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ ചൂടപ്പം പോലെ വിറ്റ് കാശാക്കി അവരുടെ പോക്കറ്റുകള്‍ നിറച്ചു .
               നമ്മുടെ മുഖ്യാഥിതി കുഞ്ഞാതിയെ അനുമോദിക്കുന്നതിനും പൊന്നാട ഇട്ട് ആദരിക്കുന്നതിനുമായി നമ്മുടെ ബഹുമാന്യനായ കളക്ടറെ ക്ഷണിക്കുന്നു ..ട്യൂണ്‍ ചെയ്ത ശബ്ദത്തില്‍ പ്രോംപ്റ്റര്‍ പറഞ്ഞു . ഇരുകൈകള്‍ കൂപ്പി ,എളിമയോടെ സദസ്സിനെ വന്ദിച്ച് കളക്ടര്‍ എഴുതിക്കൊടുത്ത കടലാസിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കായി തപ്പി .. അവ്വര്‍ കുഞ്ച്  ജാതീ ഈസ് സോ ഗ്രെയിറ്റ് . കനാരമ്മാര്‍ ഒറുപാട് ഉണ്ടൂ ഈ സമൂഹത്തില്‍ , അബിടെയാണ്‌ കുഞ്ച് ജാതി ഗ്രെയിറ്റ് ആവുന്നത് . പെന്നുങ്ങള്‍ ആയാല്‍ ഇങ്ങനെ ബേണം ...  അതുകൊണ്ടൂ നിങ്ങള് സകൊദരിമാര്‍ കുഞ്ച് ജാതിയെ കണ്ടു പടിക്കണം . പൊന്നാട അണിയിക്കുന്നതിനിടയില്‍ കളക്ടരുടെ കൈവിരല് അറിഞ്ഞും അറിയാതെയുമായി  കുഞ്ഞാതിയുടെ ഞാന്നു കിടക്കുന്ന മുലകളില്‍ തൊട്ടു .
                       കുഞ്ഞാതിയുടെ കണ്ണുകളില്‍ തീ പാറി , അവര്‍ വാക്കത്തിക്കായി അരയില്‍ പരതി നോക്കി .  അപ്പോഴാണ്‌ കേണല്‍ നായരുടെ ഭാര്യയും ക്ലബ്ബ് സെക്രട്ടറിയുമായ ബോബ് ചെയ്ത മുടിയുള്ള സുകേശിനി മാഡം പറഞ്ഞ വാക്കുകള്‍ അവള്‍ക്ക് ഓര്‍മ്മ വന്നത് . 'സം സെക്യൂരിറ്റി പ്രോബ്ലംസ് ഈസ്‌ ദേര്‍' , അതങ്ങട് കൊടുത്തേക്കൂ പോമ്പം തിരിച്ചു വാങ്ങാം .  കുഞ്ഞാതി തന്‍റെ വാക്കത്തി മനസ്സില്ലാ മനസ്സോടെ മുന്നില്‍ കണ്ട പോലീസുകാരന് വെച്ചുനീട്ടി . സ്വതേ തുടുത്ത കളക്ടറുടെ മുഖം ഒന്നുകൂടി ചുവത്തു ,  ചുവത്ത ആ മുഖത്തുനിന്ന് വിയര്‍പ്പ് അണപൊട്ടി . കുഞ്ഞാതി ഉള്ളാലെ ചിരിച്ചു .. മറ്റൊരു കണാരന്‍ .
താരന്‍റെ അസ്കിത ആയിരിക്കണം സുകേശിനി മാഡം കളക്ടറെ നോക്കി തലചൊറിഞ്ഞു . സദസ്സ് കരഘോഷങ്ങള്‍ മുഴക്കി സുകേശിനിയെ പ്രോത്സാഹിപ്പിച്ചു .
കുഞ്ഞാതിക്ക് നല്ല കാച്ച്യെണ്ണയെടുത്ത്‌ ആയമ്മയുടെ തലേല്‍ തിരുമ്പി കൊട്ക്കാന്‍ തോന്നി . കയ്യൂന്നിയും തുളസിയും
കുരുമുളകും നല്ല വെളിച്ചെണ്ണയില്‍ ഇട്ട് ആറ്റി  കുറുക്കിയ എണ്ണ തലേല്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ നിന്നാ തീരുന്ന പ്രശ്നേ ള്ളൂ . ആ കസവ് പട്ടില്‍ പൊതിഞ്ഞ ചന്ദന വര്‍ണ്ണം ഇങ്ങിനെ പേന്‍ കടിച്ചും താരന്‍ കടിച്ചും തല ചൊറിയുന്നത് കാണുമ്പോ ഒരു സങ്കടം .
                        തെരുവില്‍ വാക്കത്തി വില്‍ക്കുന്ന കുഞ്ഞാവറാന്‍റെ ചെവിയില്‍ വനിതാ ദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആരോ പറഞ്ഞു . വാക്കത്തിയുടെ വിപണന സാധ്യത ആ ചെറിയ തലക്കകത്ത് കടന്നല്‍ക്കൂട്ടങ്ങളായി . സെമിനാറും മീറ്റിങ്ങും ടൌണ്‍ ഹാളില്‍ നടക്കുന്നുണ്ടത്രേ .. അവന്‍ ഒരു സുനാമി കച്ചവടത്തിനായി അങ്ങോട്ട്‌ തിരിച്ചു . ഹാളിനു പുറത്ത് തരുണീമണികളോട്, അവന്‍ സ്വയം സുരക്ഷയെ കുറിച്ച് പറഞ്ഞു ,വാക്കത്തിയുടെ ആവശ്യത്തെ കുറിച്ച് പറഞ്ഞു . കുഞ്ഞാതിയെ ബ്രാന്‍ഡ് അംബാസഡര്‍ ആയി വാഴ്ത്തി പാടി . തരുണികള്‍ ക്യൂ നിന്ന് ഊഴമനുസരിച്ച് അവന്‍റെ കയ്യില്‍ നിന്നും വാക്കത്തികള്‍ ചോദിച്ചു വാങ്ങി.
              സെക്യൂരിറ്റി വന്ന മീശയില്ലാത്ത ഏതോ ഒരു ഓഫീസര്‍ വന്ന് കളക്ടറുടെ കാതില്‍ കുശുകുശുത്തു .. കളക്ടറുടെ മുഖം കൂടുതല്‍ ചുവന്നു. അരം രാകിയ വാക്കത്തിയുടെ മൂര്‍ച്ചയ്ക്ക് മുന്നില്‍ കഴുത്തു നീട്ടിക്കൊടുക്കുമ്പോള്‍ ഉള്ള സമ്മര്‍ദ്ധവും നിസ്സഹായതയും ആ ഐ .എ . എസ് തലയില്‍ കടന്നല്‍കൂട് ഇളക്കി ,  'സം സെക്യൂരിറ്റി പ്രോബ്ലംസ് ഈസ്‌ ഹിയര്‍.. വാക്കത്തി വില്‍ക്കുകയോ , വാക്കത്തി കൈവശം വെക്കുകയോ ചെയ്യുന്നത് കുറ്റകരമാണ് .. ' കളക്ടര്‍ ഉത്തരവിട്ടു . പോലീസുകാര് വന്ന് കുഞ്ഞാവറാനെ തൂക്കിയെടുത്തു. അവന്‍റെ നാഭിയില്‍ ആഞ്ഞുകുത്തിയ കൈക്കരുത്തില്‍ കുഞ്ഞവറാന്‍ കുഴഞ്ഞു വീണു .
                 സുകേശിനി മാഡം വീണ്ടും തലചൊറിഞ്ഞു . ഹാളിനും പുറത്തും ഇരിക്കുന്ന പെണ്ണുങ്ങള്‍ ദയവു ചെയ്ത് അവരുടെ കയ്യിലുള്ള വാക്കത്തികള്‍ സെക്യൂരിറ്റിക്കാരെ ഏല്‍പ്പിക്കുക , നാട്ടിന്‍റെ സമാധാനം കാത്തു രക്ഷിക്കുക . കളക്ടര്‍ സുകേശിനിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സന്തോഷം പങ്കിട്ടു. പുറത്ത് കേണല്‍ നായര്‍ ഇത് കണ്ടു അഭിമാനം കൊണ്ടു .
                           അങ്ങിനെ ഉജ്ജ്വലമായ ഒരു വനിതാ ദിനം കൂടി കടന്നുപോയിരിക്കുന്നു , പങ്കെടുത്ത എല്ലാ വനിതാ രത്നങ്ങള്‍ക്കും നന്ദി . യോഗം പിരിച്ചു വിട്ടിരിക്കുന്നു , ഇനി നമുക്ക് അടുത്ത വനിതാ ദിനത്തില്‍ കാണാം .. മൈക്കിലൂടെ അനൌന്‍സുമെന്റ് വന്നു .
ആളുകള്‍ പോകാന്‍ തിടുക്കം കൂട്ടി.  കുഞ്ഞാതി ഉച്ചത്തില്‍ അലറി .. ന്‍റെ വാക്കത്തി തന്നിട്ട് പോ.. ന്‍റെ മക്കളെ , അവളുടെ കണ്ണുകളില്‍ തീ നാളങ്ങള്‍ ഉരുണ്ടുകൂടി .
പേന്‍ ചൊറിയുന്ന ആ വലിയ തലയ്ക്കു പിന്നാലെ കുഞ്ഞാതി ഓടി .. അതാ , ഓള് പറഞ്ഞിറ്റാ ന്‍റെ വാക്കത്തി  ഞാള് ഓന്‍റെ കയ്യീ കൊടുത്തത് , ന്നിറ്റ് ഇങ്ങള് കണ്ട്വോ , ഓന്‍റെ കാറ് കണ്ടപ്പം ഓള് കേറി പോയി . കളക്ടറുടെ കൂടെ കാറില്‍ കേറി പോകുന്ന  സുകേശിനിയെ നോക്കി കുഞ്ഞാതി അറിയാവുന്ന തെറികള്‍ നീട്ടിക്കൂവി . കേണല്‍ നായര്‍ അത് കേട്ട് അഭിമാനത്തോടെ ചിരിച്ചു .
        വാക്കത്തികള്‍ എന്ത് ചെയ്യണമെന്നറിയാതെ സെക്യൂരിറ്റിക്കാരന്‍ അത് കയ്യിലും തലയിലും എടുത്തുവെച്ച് വെളുക്കെ ചിരിച്ചു . അങ്ങിനെ കുഞ്ഞാതിയുടെ നിസ്സഹായതയില്‍ അവനും പങ്കുപറ്റി
.         
ആരവങ്ങള്‍ ആസ്വദിച്ച്‌ കൂട്ടത്തില്‍ നിന്നും മാറി നിന്ന കുട്ടി കുഞ്ഞാതിയോട് പറഞ്ഞൂ .. അടുത്ത വനിതാ ദിനത്തിലും അമ്മൂമ്മ വരണം ട്ട്വോ .. അന്ന് അമ്മൂമ്മയുടെ വാക്കത്തി അവര്‍ തിരിച്ചു തരുവാരിക്കും .
....................................................................................................................
..........
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185
.

No comments:

Post a Comment