ലൈക്സും കമന്റ്സും നൂറു തികയ്ക്കാന്‍ ..
ടി.സി.വി.സതീശന്‍
..............................
"ഇത് 100 ആക്കണോ...വേണേല്‍ പറയൂ...ഇപ്പൊ പിള്ളേരെ ഇറക്കി നൂറു ആക്കി തരാം..."
ഒരു വഴിവാണിഭക്കാരന്‍റെ അട്ടഹാസമല്ലിത്.. ലോകമെമ്പാടും പ്രചുരപ്രചാരമുള്ള ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ഒരു ഗ്രൂപ്പിന്‍റെ തലൈവിയുടെ വാഗ്ദാനമാണ് . അതെ 100 എന്നത് കമന്റ്റ്സൊ ലൈക്കോ ആകാം .. ഇത് തന്നെയാണ് മലയാളിയുടെ പ്രശ്നവും . ലോകമെമ്പാടും നവോത്ഥാനത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപകരണങ്ങള്‍ ആകുമ്പോള്‍ ( അറബ് വസന്തവും , വാള്‍ സ്ട്രീറ്റിലെ കലാപവും , ഇങ്ങ് ഇന്ത്യയില്‍ മുല്ലപ്പെരിയാറും , അണ്ണാ ഹസാരെയും മറ്റും നവമാധ്യമങ്ങളിലൂടെ നന്നായി ചര്‍ച്ച ചെയ്യപ്പെട്ടത് ഓര്‍ക്കുക ), എഴുത്തുകാരനും പത്രാധിപനും ഒരേസമയം ആകുവാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന നവ മാധ്യമങ്ങളെ എങ്ങിനെ സാമൂഹ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ ആകും എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നതെ ഇല്ല . പൊതുവേ കണ്ടുവരുന്ന പ്രവണത ഒരു സ്ഥലത്തിന്‍റെ പേരില്‍ ഒട്ടനവധി ഗ്രൂപ്പുകള്‍ .. ഉത്സവപറമ്പിലെ നാട കുത്തുകാരന്‍റെ കൌശലത്തോടെ ,കയ്യൊതുക്കത്തോടെ ... ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മസ്സിലുകളില്‍ വേദന നിറക്കുന്ന ഫലിതങ്ങള്‍ പോസ്റ്റ് ചെയ്തു കയ്യടി വാങ്ങി , നേരത്തെ പറഞ്ഞ 100 ഉം 200 സംഘടിപ്പിച്ച് സംതൃപ്തരായി മടങ്ങുന്ന ഒരു ആശ്രിതക്കൂട്ടം . മലയാളിയുടെ മറ്റൊരു ദുശ്ശീലമായി മാറുകയാണോ ഇന്ന് ഫെയ്സ്ബുക്കും ട്വിറ്ററും മറ്റിതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളും . ഒരു സ്ഥലത്തിന്‍റെ, ഒരു വസ്തുവിന്‍റെ പേര് ഒരു ഗ്രൂപ്പിന് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട് , ആ ഗ്രൂപ്പിനെ കൊണ്ട് ആ പ്രദേശത്തിന് , ആ വസ്തുവിന് ,അവിടുത്തെ ജനങ്ങള്‍ക്ക്, വല്ല പ്രയോജനവും നല്‍കാന്‍ കഴിയുമോ എന്നത് , പിന്നെ ആ നാട്ടിന്‍റെ ദൈനംദിനതയില്‍, അവര്‍ നേരിടുന്ന പാരിസ്ഥികവും രാക്ഷ്ട്രീയപരവും സാമൂഹ്യപരവുമായ അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമോ എന്ന നിലക്കുള്ള ഒരന്വേഷണം . ചുരുങ്ങിയ പക്ഷം ഒരു മാധ്യമമെന്ന നിലയിലേക്കെങ്കിലും ഉള്ള സാധ്യതകള്‍ എങ്കിലും ആരാഞ്ഞുകൂടേ . ഒഴിവുവേളകളിലെ പൊങ്ങച്ചത്തിന് ഒരിടം എന്നതിലെക്കപ്പുറം നാം ഇത്തരം കൂട്ടായ്മകളെ ഉപയിഗപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു . ആളാകാനും ആശ്രിതരെ ചമയ്ക്കാനും എന്തെങ്കിലും ഗ്രൂപ്പ് തുടങ്ങിയാല്‍ പോരേ? നാട്ടിന്‍റെ പേരില്‍ തുടങ്ങി നാടിന്‍റെ പൈതൃകത്തെ , പാരമ്പര്യത്തെ വെറുതെ അതിലേക്ക് വലിച്ചിഴക്കുന്നതെന്തിനാ ..?
ദേശീയ മുഖ്യധാര മാധ്യമങ്ങളില്‍ പലതും ഫോര്‍ത്ത് സ്റ്റെയിറ്റാവാന്‍ വെമ്പല്‍ കൊള്ളുകയും ബദല്‍ മാധ്യമങ്ങള്‍ ഏതാണ്ട് മൃതതുല്യയാവസ്തയില്‍ ആയിരിക്കുകയും ചെയ്തിരിക്കുന്ന സമീപകാല യാഥാര്‍ത്യത്തില്‍ നവ മാധ്യമങ്ങള്‍ക്ക് സമൂഹ പരിഷ്കരണത്തില്‍ വലിയ ഒരിടം തന്നെയുണ്ട് . അത് തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാതെ പച്ചമാങ്ങയുടെ അശ്ലീലചുവയുള്ള ചുറ്റുപാടുകളിലും മറ്റും നിന്ന് തിരിയുകയാണ് നാം മലയാളികള്‍ . ചക്ക മുതല്‍ കൊമ്പന്‍ചെരങ്ങയുടെയും പഴയ ഓലക്കുടയുടെയും പഠങ്ങളിട്ടു കളിച്ചു രസിക്കയും നൊസ്റ്റാള്‍ജിയയുടെ പേരുപറഞ്ഞ് മുഖം കാലുകള്‍ക്കിടയില്‍ പൂഴ്ത്തി ഉറങ്ങുകയുമാണ് വാസ്തവത്തില്‍ നാം ചെയ്യുന്നത് .
വേണം ഇതിലൊരു മാറ്റമെന്ന് മലയാളികള്‍ ആഴത്തില്‍ ചിന്തിക്കുകയും നവമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ അത് ഇത്തിരി ഗൌരവത്തോടെയും ആയിരിക്കണമെന്ന് ഒരപേക്ഷ കൂടി ഇതോടൊപ്പം വെക്കുന്നു .
......................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185
No comments:
Post a Comment