Tuesday, April 10, 2012

രണ്ടു കവിതകള്‍

രണ്ടു കവിതകള്‍

മരക്കഴുത
കവിത

ടി.സി.വി.സതീശന്‍
...........................................................................

മരക്കഴുത
എന്ന വിളി ഞാനാദ്യം കേട്ടത്
എന്‍റെ അച്ഛന്‍റെ നാവില്‍ നിന്ന്
കളിക്കൂട്ടുകാരുടെ മുന്നില്‍
അപമാനിതനായി നിന്നപ്പോള്‍
എനിക്കച്ഛനോട് ഈര്‍ഷ്യ തോന്നി

മരം പരിഭവങ്ങളില്ലാത്ത തണലാണ്‌
എന്നു പ്രൈമറി സ്കൂളിലെ ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്നുള്ളിലെ സംശയങ്ങള്‍ക്ക് നൂറു തിരിവെച്ചു
പിന്നെന്തിനായിരുന്നു അന്നെന്‍റെ കൂട്ടുകാര്‍
കളിയാക്കി ചിരിച്ചത് ?
തണലേകുന്ന മരം ഒരു വരമാണെന്നും
മരമില്ലെങ്കില്‍ മറ്റൊരു മതമില്ലെന്നും
പിന്നീട് ഞാനറിഞ്ഞു .

കഴുത ഭാരം ചുമക്കുന്നവനാണ്
വിധേയത്വത്തിന്‍റെ വിഴുപ്പാണ്
അനുസരണയുടെ കഴുതരൂപമാണ്
യജമാനന്‍മാരെ ഉണ്ടാക്കുന്നത്‌
കഴുതയാണ്‌

പാഴ്വാക്കുകള്‍ ഉതിര്‍ക്കാതെ
മുതലക്കണ്ണീരൊഴുക്കാതെ
അന്യനു വേണ്ടി ചോര നീരാക്കുന്നവന്‍
കഴുതയെങ്കില്‍ കഴുത കഴുതയായി തന്നെ തുടരട്ടെ

മരവും കഴുതയും
ശ്ലീലമായതിനാല്‍ മരക്കഴുതയും അശ്ലീലമാകില്ല
ആട് ആടായും പട്ടി പട്ടിയായും തുടരാനനുവദിക്കാതെ
ഉത്കൃഷ്ടമായതിനെ  നികൃഷ്ടമാക്കാനുള്ള
നമ്മുടെ കരവിരുതിന് നൂറു കോടി പുണ്യം .

അകലങ്ങളില്‍ എവിടെയോ ഇരുന്നു
അച്ഛന്‍ ചിരിക്കുന്നുണ്ടായിരിക്കണം
ഇവനിപ്പോഴും ഒരു മരക്കഴുത തന്നെ ..
.....................................................................................................................


കോമരം
..............................................
കവിത
ടി.സി.വി.സതീശന്‍
...................................................................

കാല്‍ ചിലങ്കകള്‍ താളത്തില്‍ ചവുട്ടി
ഉറയിലെ വാള് ഉടലില്‍നിന്നും ഊരിയെടുത്തു
ചെഞ്ചോര പട്ടില്‍ വെളിപാട് തറക്കു മുന്നില്‍
ഉറഞ്ഞു തുള്ളുന്നു കോമരം

മരമല്ലാത്ത മരമവന്‍ കോമരം
വെട്ടുന്നു തന്‍ നെറ്റിയിലാഞ്ഞു ,
പൊടിയുന്നു ചോര നിണമായൊഴോകുന്നൂ
ഉതിരുന്ന വാക്കുകള്‍ വെളിപാടുകളായി തീര്‍ന്നതും
ഇരുകൈകള്‍ കൂപ്പി ഒപ്പം നിന്നവര്‍  കാതുകൊടുത്തു
കണ്ണുകൊടുത്തു .അവന്‍ വാക്കുകള്‍ക്കായി ,
അവന്‍ നെറ്റിയില്‍  പൊടിയുന്ന ചോരയ്ക്കായി

വെളിപാട് തറയ്ക്ക് മുന്നില്‍ തുള്ളുന്നവന്‍
അവനല്ലന്യനു വേണ്ടിയാണെന്നത്
അവനും അവര്‍ക്കുമറിയാം
എങ്കിലും മരമല്ലാത്ത മരമേ കോമരമേ
ഉറഞ്ഞു തുള്ളുക നീയിനിയുമിനിയും
....................................................................

ടി. സി. വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ്‌ - അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185

No comments:

Post a Comment