Wednesday, April 11, 2012

കുരിശിന്‍റെ വഴിയില്‍



കുരിശിന്‍റെ വഴിയില്‍
കഥ
ടി. സി. വി.സതീശന്‍ 

.......................................

 ഒന്ന്

                           നേരിന്‍റെ വഴിയെ നടന്ന് സ്വയം കുരിശു ചുമക്കേണ്ടി വന്ന പിതാവിനെ കുറിച്ച് അവള്‍ക്ക് അഭിമാനം തോന്നി . ഉയിര്‍ത്തെഴുന്നെല്‍പ്പിനു മുമ്പുള്ള കര്‍ത്താവിന്‍റെ നാളുകളെ കുറിച്ച് മാര്‍ത്ത ആലോചിച്ചു . പീഡനത്തിന്‍റെയും സ്വയം പീഡയുടെയും നാളുകളില്‍ കര്‍ത്താവ് അനുഭവിച്ച വേദനകള്‍ ..  ഗാഗുല്‍ത്താ മലയിലേക്കു കുരിശുപേറി നടക്കുന്ന പിതാവിന്‍റെ  ചിത്രം മനസ്സിനെ നൊമ്പരപ്പെടുത്തി . വേദനയാല്‍ പുളയുമ്പോഴും ആ കണ്ണുകളില്‍ പൂത്ത നക്ഷത്രങ്ങളെ കാല്‍വരിക്കുന്നിലും അവള്‍ തൊട്ടറിഞ്ഞു .
                       നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ത്തമാനത്തെ ദുരിതങ്ങള്‍ നിസ്സാരമെന്നു ഞാന്‍ കരുതുന്നു .. എവിടെ നിന്നോ ഒരു ഊര്‍ജ്ജം ലഭിച്ചത് പോലെ മാര്‍ത്ത ആ വാക്കുകള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു .  'സമസ്ത സൃഷ്ടിയും വ്യര്‍ത്ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു .അതിന്‍റെ സ്വന്തം ഇഷ്ടമനുസരിച്ചല്ല, പ്രത്യുത , പ്രത്യാശയുള്ള നിലയില്‍ അതിനെ അടിമപ്പെടുത്തിയവന്‍റെ അഭിഷ്ടമനുസരിച്ചാണ് ഇത് '. മാര്‍ത്ത മുഖം കഴുകി , കണ്ണാടിയില്‍ നോക്കി. തന്‍റെ കണ്ണിനു താഴെയുള്ള കറുത്ത പാടുകളില്‍ വിരലുകള്‍ കൊണ്ട് തലോടി . സമാശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പ് അവളില്‍ നിന്നും ഉയര്‍ന്നു .
ജപമാല കയ്യിലേന്തി അവള്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു , സ്തോത്രങ്ങള്‍ ഉരുവിട്ടു, കുരിശു വരച്ചു . കരുണാമയനായ പിതാവിന്‍റെ കാല്‍ത്തിങ്കല്‍ തന്‍റെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു . എരിഞ്ഞു തുടങ്ങിയ മെഴുകുതിരിയില്‍ നിന്നുമുള്ള ചെറിയ കിരണങ്ങള്‍ അവളുടെ മനസ്സിലേക്ക് വലിയ വെളിച്ചം വിതറി . പിതാവ് നമുക്കുവേണ്ടി സ്വയമെരിയുന്നതായി അവള്‍ക്കു തോന്നി. പുറത്തു ഈന്തോലകള്‍ ചലിച്ചു , തണുത്ത കാറ്റ് അവളുടെ ഷാളിനെ ഉലത്തി.. മാലാഖമാരുടെ വെളുത്ത ചിറകുകള്‍ പോലെ അത് അന്തരീക്ഷത്തില്‍ പറന്നുകളിച്ചു.
                          പ്രവാസത്തിന്‍റെ മണലാരണ്യത്തില്‍ ഉഷ്ണത്തിന്‍റെ പൊടിക്കാറ്റ് വിതച്ചു . ഉരുണ്ടുകൂടിയ മണല്‍ക്കൂനകളില്‍ ചുഴികള്‍ ഗര്‍ത്തങ്ങളുണ്ടാക്കി . ഒമ്പത് മാസവും ശിഷ്ട ദിവസങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ ശീതളിമയില്‍ കഴിഞ്ഞപ്പോള്‍ പുറത്തേക്ക് വരാനുള്ള വെമ്പലായിരുന്നു. പത്തുമാസം തികച്ചുനിന്നില്ല അപ്പോഴേക്കും ആവേശം പുതിയ മര്‍ദ്ധങ്ങളായി പുറത്തേക്കുള്ള വാതിലുകള്‍ തള്ളിത്തുറന്നു . അകത്ത് കൈകാലിട്ടടിച്ച ആ തിടുക്കമൊന്നും പിന്നെ കണ്ടില്ല .  അമ്മിഞ്ഞപ്പാലിന്‍റെ ഉപ്പുകലര്‍ന്ന മധുരം നൊട്ടിനുണഞ്ഞ്‌ അനുസരണയോടെ ഉറങ്ങി .  കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ജീവിതത്തിന്‍റെ ഏടുകള്‍ ഓര്‍മ്മിച്ചെടുത്ത് അടുക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു
മാര്‍ത്ത .                   
           കൈപിടിച്ച് ചുവടു വെയ്ക്കാന്‍ പഠിപ്പിക്കുമ്പോള്‍ അമ്മ പറയാറുണ്ടായിരുന്നു, വീഴാതെ നോക്കണം മോളേ .. അകക്കോലായിയില്‍ നിന്നും അമ്മമ്മ അമ്മയെ ഉപദേശിക്കും .. ത്രേസ്യാ , കൊച്ചിന് എല്ലുറക്കാത്ത പ്രയാണ് . നീയിങ്ങിനെ തിടുക്കം കാണിക്കാതെ .  അമ്മയ്ക്ക് എല്ലാം ധൃതിയായിരുന്നു . കടംകൊണ്ട വേദനകളില്‍ നിന്നും മുക്തി നേടാന്‍ ഞാന്‍ വേഗം വളര്‍ന്നു വലുതാവണം, അമ്മയുടെ ആവശ്യമായിരുന്നു .
അത് വലിയ കുപ്പായങ്ങളില്‍ അയഞ്ഞ്‌ അമ്മമ്മയുടെ കാതിലെ തോട പോലെ തൂങ്ങിയുള്ള ഒരു ബാല്യത്തെ  സമ്മാനിച്ചു .
                         ക്ലോക്കില്‍ സെറ്റ് ചെയ്തുവെച്ച  അലാറം അനുസരണയോടെ ചിലച്ചു .. സമയം ആറ്‌ മുപ്പത്. എട്ടുമണിക്കുള്ള ഷിഫ്റ്റില്‍ കയറണം . ഏഴേ നാല്‍പ്പതിനു കമ്പനി വക വണ്ടിയെത്തും . മാര്‍ത്ത ചാടിയെഴുന്നേറ്റു , മുടി അഴിച്ചു കെട്ടി . ഒരുവിധം ബെഡ് ഷീറ്റൊക്കെ ശരിയാക്കിയിട്ടു, അവള്‍ ബാത്ത് റൂമിലേക്ക്‌  ഓടി . ക്ലോക്കിലെ സൂചികള്‍ ഒരു കരുണയും കാണിക്കാതെ മുന്നോട്ടേക്ക് കുതിച്ചു .  ഇന്നും ഉണക്ക റൊട്ടിയും  ജാമും തന്നെ ശരണം . വവ്വാലിന്‍റെയീ ജന്മം എന്നാണു അവസാനിക്കുക , നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്തു അവള്‍ക്ക് മടുത്തിരുന്നു .. നീലാകാശത്തെ  കണ്ടിട്ട് ഒരുപാട് കാലമായി , അതുകൊണ്ട് തന്നെ സ്വപ്നങ്ങള്‍ താരാട്ട് പാടുന്ന രാത്രികളും ഇല്ലാതായി. വല്ലപ്പോഴും വീണുകിട്ടുന്ന പകല്‍ക്കിനാക്കളാകട്ടേ അവ്യക്തവും അമൂര്‍ത്തവുമായിരുന്നു . വരണ്ട തന്‍റെ ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി അവള്‍ പ്രായത്തിന്‍റെ  സൂചികളെ പിറകോട്ടു വലിച്ചു . ചെമ്പിച്ച മുടികളെ കോതിയൊതുക്കി മുറ്റത്ത് കാത്തുനിന്ന കമ്പനി വണ്ടിയെ ലക്ഷ്യമാക്കി മാര്‍ത്ത നടന്നു .
                            കണ്ണുകളില്‍ നിന്നും അവന്‍ അഗ്നി അയച്ചു , തന്‍റെ അസ്ഥികളിലേക്ക് അഗ്നിയെ ഇറക്കി വിട്ടു , പാദങ്ങള്‍ക്ക് അവന്‍ വല വെച്ചു. ഭയചികിതമായ പരിസരത്തു മാര്‍ത്ത നിന്നു വിയര്‍ക്കുകയാണ് . വാക്കുകള്‍ തൊണ്ടയില്‍  കുടുങ്ങി ശബ്ദം പുറത്തു വരാതായി . വളര്‍ന്നു വന്ന അവയവങ്ങള്‍ സ്വന്തം ശരീരത്തിന് വിനയായി. അവന്‍റെ കൈകള്‍ ആയിരം കരങ്ങളായി മതിലുകള്‍ സൃഷ്ടിച്ചു ... പഴുതുകളില്ലാതെ , വേട്ടക്കാരന്‍റെ മുന്നില്‍  ഭയപ്പാടുകളോടെ നിന്ന് വിറയ്ക്കുന്ന ഇരയുടെ മുഖത്തെ ദൈന്യത അവളുടെ കണ്ണുകളിലെ പ്രകാശത്തെ കെടുത്തി . പകച്ചുപോയ ആ നിമിഷങ്ങളില്‍ കണ്ണുകള്‍ ഇറുക്കിയടക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല .
                           വെയിലാറിയപ്പോള്‍ അവന്‍ പോയി . കൊയ്ത്തൊഴിഞ്ഞ പാടത്ത് വേനല്‍ വിണ്ടുകീറിയത് പോലെ കരുവാളിച്ച വൃണങ്ങള്‍ , അവള്‍ക്കു ദേഹമാസകലം നീറ്റല്‍ അനുഭവപ്പെട്ടു . കാല്‍വരിക്കുന്നിലെ പ്രീയനാഥന്‍ ഇതിലും എത്രയോ കൂടുതല്‍ വേദനകള്‍ അനുഭവിച്ചു തീര്‍ത്തുകാണില്ലേ . മാര്‍ത്ത തന്‍റെ കീറിയ വസ്ത്രത്തില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് നാണം മറച്ചു . പീഡാനുഭവം ആത്മപീഡയായി തീര്‍ന്ന സ്വയം ഉള്‍വലിയലിന്‍റെ നാളുകള്‍ . മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ അത്യാവശ്യം ഈര്‍പ്പം ഉണ്ടായിരുന്നില്ല എന്നല്ല , എങ്കിലും അനുഭവിച്ചു തീര്‍ത്ത യവ്വനത്തെ കുറിച്ച് മാര്‍ത്ത ഓര്‍ത്തെടുത്തത്‌ അങ്ങിനെയായിരുന്നു .
                        ത്രേസ്സ്യായുടെ പൂന്തോട്ടത്തിലെ മന്ദാരങ്ങള്‍ പൂക്കാതെയായി . അതിന്‍റെ കമ്പുകള്‍ വാടിക്കരിഞ്ഞു. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ മാര്‍ത്തയെ നോക്കി അവളുടെ കണ്ണുകളില്‍ ഉറഞ്ഞുപോയ കണ്ണീര് ഒഴുകാന്‍ വൃഥാശ്രമം നടത്തി . നിരന്തരം വേട്ടയാടപ്പെട്ട ജീവിതത്തിന്‍റെ കണക്കുപ്പുസ്തകം ചുരുട്ടിയെറിഞ്ഞ്, അഞ്ചേമുക്കാല്‍ അടി ഉയരമുള്ള തന്‍റെ ശുഷ്കിച്ച ശരീരത്തെ ഒരിക്കലും പൂക്കാത്ത മുറ്റത്തെ ഇളമാവില്‍ കെട്ടി ത്രേസ്സ്യ അരിശം തീര്‍ത്തു .
                         അമ്മയുടെ മരണം കൂടിയായപ്പോള്‍ മാര്‍ത്ത തികച്ചും ഒറ്റപ്പെട്ടു . 'നിന്‍റെ വാക്കുകളില്‍ നീ നീതികരിക്കപ്പെടുവാനും നിന്‍റെ ന്യായ വിസ്താരത്തില്‍ ജയിക്കാനും കഴിവുള്ളവളാകണം നീ'.. മാര്‍ത്ത അനുസരിച്ചു. നന്ദി സൂചകമായി കര്‍ത്താവിനു മുന്നില്‍ ഒരു മെഴുകുതിരി കൂടി കത്തിച്ചു . വിധേയത്വത്തിന്‍റെയും വിരക്തിയുടെതുമായ  വിഴുപ്പുകള്‍ കലര്‍ന്ന
ശുഭ്ര വസ്ത്രങ്ങളോട് അവള്‍ക്കു മടുപ്പ് തോന്നി , എന്നെന്നേക്കുമായി അവള്‍ അത് ഉപേക്ഷിച്ചു . വെള്ള  നിറത്തിനോടുള്ള ഇഷ്ടക്കുറവല്ല മാര്‍ത്തയെ അതിനു പ്രേരിപ്പിച്ചത് . എളുപ്പത്തില്‍ അഴുക്കുകള്‍ പറ്റി ചേരാനുള്ള സാധ്യതയും , ചേര്‍ന്നവ കഴുകിക്കളയാനുമുള്ള ബുദ്ധിമുട്ടും ഓര്‍ത്തായിരുന്നു അത് . ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്യങ്ങള്‍ക്ക് കുറേക്കൂടി ചേരുക കടുത്ത വര്‍ണ്ണങ്ങള്‍ ആയിരിക്കുമെന്ന് അവളുടെ മനസ്സ് പറഞ്ഞു .

 രണ്ട്

                  ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നയിക്കുന്നു എന്നതറിയാതെ നീ അവന്‍റെ ദയ , ക്ഷമ എന്നിവ പരിശോധിക്കുന്നു .ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുത്തുന്ന കോപ ദിവസത്തിലേക്ക്
നീ നടന്നടുക്കുകയാണ് എന്ന് അറിയുന്നില്ലല്ലോ?                
                അന്‍വര്‍ പാഷ തന്‍റെ തുകല്‍ ഷൂ പോളിഷ് ചെയ്യുകയാണ് . കറുപ്പ് നിറത്തില്‍ തിളങ്ങുന്ന ഷൂ ,  അതുപോലെയല്ലേ ഈ ലോകവും ഒരുമാത്ര അയാള്‍ അങ്ങിനെ ചിന്തിച്ചു . എല്ലാ വെളിച്ചത്തെയും എല്ലാ നിറങ്ങളെയും വലിച്ചെടുത്ത് ഇരുട്ടിന്‍റെ ഗോപുരങ്ങളിലേക്ക് കൊണ്ടുപോകുന്ന കറുപ്പ് ദൃശ്യ വര്‍ണ്ണരാചിയില്‍ പ്രകാശങ്ങളെ ആവാഹിച്ച് ഇല്ലാതാക്കുന്നു. മേധാവിത്വം നേടുന്ന കറുപ്പ് എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ പാഷയുടെ മനസ്സിനെ വല്ലാതെ കുലുക്കി . അത് മുഴക്കമുള്ള ഒരു ചിരിയായി അന്തരീക്ഷത്തില്‍ പടര്‍ന്നു .
                   എന്‍റെ അഞ്ചാമത്തെ വെപ്പാട്ടിയായിരിക്കാന്‍ തനിക്കാവുമോ? അന്‍വര്‍ പാഷയുടെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ട് മാര്‍ത്ത പകച്ചുപോയി .  ജീവിതത്തിന്‍റെ ജ്യാമിതികള്‍ കൂട്ടിയും കിഴിച്ചും അവള്‍ മൌനത്തിലേക്ക്‌ നടന്നുനീങ്ങി . അകത്തെവിടെയോ അയാളുടെ ബീവി വിശുദ്ധവചനങ്ങള്‍ ഉരുവിടുകയോ നെറ്റിയിലെ നിസ്കാരത്തഴമ്പ് തടവുകയോ ആയിരുന്നിരിക്കണം അപ്പോള്‍ .  വെപ്പാട്ടിമാര്‍ പുന്തോട്ടത്തിലെ ഉഞ്ഞാലുകളില്‍ ഇരുന്നാടുകയോ പൂവിറുക്കുകയോ ചെയ്യുകയായിരിക്കാം .
                    മേനിയഴകല്ലാതെ മറ്റെന്താണ് വശീകരിക്കാനായി  തനിക്കുള്ളത് ,
മാര്‍ത്ത തലകുലുക്കി , എനിക്ക് സമ്മതമാണ് . പകരം നീയെനിക്ക് എന്ത് തരും ?
                    നീയാവശ്യപ്പെടുന്നത് എന്തും , സന്തോഷം കൊണ്ട് അന്‍വര്‍ പാഷയുടെ മുഖത്തെ പുരികങ്ങള്‍ ചുളിഞ്ഞു . നിന്‍റെ കമ്പനികളില്‍ ഒന്നിന്‍റെ സി. ഇ.ഒ ആയി എന്നെ നിയമിക്കണം പറ്റുമോ ?മാര്‍ത്തയുടെ ശബ്ദം വാക്കുകളായി . തന്‍റെ റോള്‍സ് റോയ്സ് കാര്‍ മൃദുലമായി തലോടി അയാള്‍ പറഞ്ഞു .. ഒകെ , അത്രേ ഉള്ളൂ ?
                    കാലവര്‍ഷം കുളിരിനും  കുളിര് വേനലിനും വഴിമാറി കൊടുത്തു . തൊടിയില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയും കരിഞ്ഞുണങ്ങുകയും ചെയ്തു . അന്‍വര്‍ പാഷ പടര്‍ന്നു പന്തലിച്ചു .. ശിഖരങ്ങളില്‍ പുതിയ കൂടുകളും പുതിയ പക്ഷികളും ഉണ്ടായി . അകത്തളത്തിലെ അമിത ഭക്ഷണം ദഹിച്ചെടുക്കാന്‍ മാര്‍ത്തയുടെ  ദഹനേന്ദ്രീയങ്ങള്‍ക്ക് കഴിഞ്ഞില്ല . അവള്‍ കൈക്കുഞ്ഞുമായി പുറത്തേക്ക് നടന്നു . വലിയ ആകാശത്തിനു കീഴെ
പരന്ന ഭൂമിയില്‍ അവള്‍ അലഞ്ഞുതിരിഞ്ഞു ... ഈര്‍പ്പമുള്ള ഒരു ചെറു തുരുത്തിനായി .
               അന്‍വര്‍ പാഷ കറുപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേയിരുന്നു , കറുപ്പിന് ഒരുപാട് കരങ്ങള്‍ ഉണ്ടെന്നും അത് ഒരു തുടര്‍ പ്രവര്‍ത്തനമായി ഇരകളെ വേട്ടയാടുക തന്നെ ചെയ്യുമെന്നും മാര്‍ത്ത തിരിച്ചറിഞ്ഞു . വേട്ടക്കാരനും ഇരയ്ക്കുമിടയിലുള്ള  ജീവിതമെന്നത്‌ കേവല സ്വപ്നം മാത്രമാണ് എന്ന യാഥാര്‍ത്യത്തിലേക്ക് അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .
                  
സിയോന്‍  കൈനീട്ടുന്നു ; എന്നാല്‍ അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല , യാക്കോബിന്‍റെ അയല്‍ക്കാര്‍ അയാളുടെ ശത്രുക്കള്‍ ആയിരിക്കണമെന്ന് കര്‍ത്താവ് അയാള്‍ക്കെതിരെ കല്‍പ്പന നല്‍കിയിരിക്കുന്നു ;  ജെറുശലേം അവള്‍ക്കൊരു മ്ലേച്ഛ വസ്തുവായിരിക്കുന്നു .
മൂന്ന്
                  ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞത് പോലെ മനുഷ്യന്‍ അങ്ങിനെ തന്നെ ആയിരിക്കുന്നതായിരിക്കും അവന് നല്ലത് എന്ന് എനിക്ക് തോന്നുന്നു . നീ ഭാര്യയോട് ബന്ധിക്കപ്പെട്ടിരിക്കുന്നുവോ , വേര്‍പാട് അന്വേഷിക്കരുത് . നീ ഭാര്യ ഇല്ലാത്തവനോ , ഭാര്യയെ അന്വേഷിക്കരുത് ... വേദപുസ്തകത്തിലെ ആ വരികള്‍ മാര്‍ത്ത ഒരാവൃത്തി കൂടി വായിച്ചു .
               പരാജയങ്ങള്‍ നിരന്തരം ഏറ്റുവാങ്ങി പ്രത്യാശ അറ്റവന് ദൈവത്തിങ്കല്‍
സ്വയം അര്‍പ്പിക്കുകയാണ് നല്ലത് എന്നവള്‍ക്ക് തോന്നി . മാര്‍ത്ത ജപമാലയിലെ പളുങ്കുമണികള്‍ ആരോഹണത്തിലും അവരോഹണത്തിലും എണ്ണിക്കൊണ്ടേയിരുന്നു . മനശ്ശാന്തിയുടെ ഇത്തിരിവെട്ടത്തിനായി, കര്‍ത്താവിന്‍റെ മുന്നില്‍ എരിയുന്ന മെഴുകുതിരിയിലേക്ക് അവളുടെ കണ്ണുകള്‍ നീണ്ടു ചെന്നു .          
              പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു .. ഷിഫ്റ്റ് കഴിഞ്ഞുള്ള സൈറന്‍ മുഴങ്ങി . ചെടികളില്‍ പറ്റിപ്പിടിച്ച പൊടികളില്‍ മഞ്ഞു ആവരണമായി നിന്നു , അവയില്‍ പതിഞ്ഞ നേര്‍ത്ത സൂര്യ കിരണങ്ങള്‍ വെള്ളിവേളിച്ചങ്ങളാകാന്‍ പ്രയാസപ്പെടുന്നതായി അവള്‍ക്കു തോന്നി . കമ്പനിവണ്ടിയില്‍ കുത്തി നിറച്ച നിശ്വാസങ്ങളില്‍ കലര്‍ന്ന  വേദനയുടെയും ഉറക്കച്ചടവിന്‍റെയും വാടമണം പുറത്തേക്ക് വമിച്ചു . എല്ലാവരും മൌനമായിരുന്നു... ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല ,അവരുടെ ഇന്നലെകള്‍ തന്നെയായിരുന്നു ഇന്നും . നിശ്ചലമായ ഈന്തോലകളെ നോക്കി അവള്‍ സമസ്യാ പുരണത്തിനുള്ള ശ്രമം നടത്തി . ചലിപ്പിക്കാന്‍ ഒരു ബാഹ്യ ശക്തിക്കായി മാര്‍ത്തയുടെ മനസ്സ് ആഗ്രഹിച്ചു .
               "അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ ; അഴുക്കുള്ളവന്‍ ഇനിയും അഴുക്കാകട്ടെ ; നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ ; വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കട്ടെ ...", വിശുദ്ധയാവാനാകത്തതു  കൊണ്ടും , അനീതിയില്‍ നിന്നും അഴുക്കില്‍ നിന്നും ഒരിക്കലും മോചനം ലഭിക്കാനിടയില്ലാത്തതു കൊണ്ടും  മാര്‍ത്ത വേദപുസ്തകം മടക്കി വെച്ച് അവളുടെ ദൈനംദിന ചര്യകളിലേക്കും കൂടുതല്‍ തെറ്റുകളിലേക്കും നടന്നു നീങ്ങി ...
പുറത്തു ബോഗെന്‍വില്ലകള്‍ കടുത്ത വര്‍ണ്ണങ്ങളുള്ള പൂക്കളെ വിരിയിച്ച് പൂന്തോട്ടത്തിനു മോടി  പിടിപ്പിച്ചു .
..................................................................................................................................................................................
ടി. സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185
               

No comments:

Post a Comment