Monday, April 16, 2012

കഴുത പുരാണം

കഴുത പുരാണം
..............................
കുതിരെയെക്കാള്‍ കൂടുതല്‍ ബുദ്ധി കഴുത്യ്ക്കാണ് എന്ന ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തലുകള്‍ കേട്ടപ്പോള്‍ ശശാങ്കന്‍ എന്ന കഴുതയ്ക്ക് ചിരി വന്നു . കഴുത ചിരിക്കുകയാണോ കരയുകയാണോ പതിവ് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ന്യായമായും സംശയം കണ്ടേക്കാം . ഒരുപാട് ബുദ്ധി മിച്ചമുള്ള  നിങ്ങള്‍,  നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് അതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം അതിന് ഈ കഴുതകള്‍ ഒരു തടസ്സമാകുന്നേ ഇല്ല .
 ശശാങ്കന്‍ ചിരിച്ചപ്പോള്‍ മറ്റു കഴുതകളും കൂടെ ചിരിച്ചു . അവരുടെ നീണ്ട ചെവികള്‍ താളത്തില്‍ ചലിച്ചു . കൂട്ടത്തിലുള്ള കഴുത മറ്റൊരു കഴുതയുടെ കാതില്‍ ചോദിച്ചു .. എന്തിനാ നമ്മള്‍ ചിരിച്ചേ ? അപരന്‍ കൈമലര്‍ത്തി . അവരുടെ കാതുകള്‍ പരസ്പരം സംശയം കൈമാറി . ഒരു ഉത്തരത്തിലേക്കെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല . ശശാങ്കന്‍ ചിരിച്ചു അതുകൊണ്ട് നമ്മളും ചിരിച്ചു , എന്ന ലളിത സത്യത്തില്‍ അവര്‍ അവരുടെ സംശയത്തെ പിടിച്ചു കെട്ടി .
കഴുതകള്‍ എന്നും അങ്ങിനെയാണ് , മറ്റു കഴുതകളുടെ  വേദനകളിലും സന്തോഷങ്ങളിലും അവര്‍ ഉപാധികളില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നു. വിഴുപ്പുകള്‍ പേറുക എന്നതില്‍ അവര്‍ ഇന്നേവരെ ഒരു മടിയും കാണിച്ചിരുന്നില്ല . അവര്‍ക്കറിയാം നിങ്ങള്‍ മനുഷ്യരെ പോലെ കുശുമ്പും കുന്നായ്മയും പറഞ്ഞു ഒരു ദിവസം പണിയെടുക്കാതിരുന്നാല്‍  ഈ നാട്ടിന്‍റെ സ്ഥിതിയെന്താവും ? അല്ലെങ്കില്‍ തന്നെ വിഴുപ്പുകള്‍ കൊണ്ട് നിറഞ്ഞു ശ്വാസം മുട്ടുന്ന ഈ ലോകത്ത് വിഴുപ്പുകള്‍ ഇനിയും കുമിഞ്ഞു  കൂടിയാല്‍ ..? രാജഭാര ചിന്തകള്‍ കൊണ്ട് അവരുടെ കഴുത്ത് വീണ്ടും കുനിഞ്ഞു . അനുസരണയെന്നോ അറിവില്ലായ്മയെന്നോ മനുഷ്യര്‍ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ , ഭാണ്ടങ്ങള്‍ ഓരോന്നായി എടുത്തു വെച്ചു കൊണ്ട് ശശാങ്കന്‍ പറഞ്ഞു .. നമുക്ക് നമ്മുടെ ജോലി തുടരാം .
ബഹുസ്വരങ്ങളായ ചില സത്വങ്ങള്‍ അങ്ങിങ്ങായി മുറുമുറുക്കുന്നതും കൂട്ടം ചേരുന്നതും മൈത്രേയന്‍ എന്ന കുതിരയെ ആശങ്കപ്പെടുത്തി . സത്വങ്ങളിലുള്ള പ്രതിസന്ധിയെ മറികടക്കാന്‍ അവര്‍ തല വശം ചെരിക്കയും ഒരേ തരത്തിലുള്ള ചിന്തകളില്‍ വ്യാപ്രുതരാവുകയും  ചെയ്യുന്നതായി മൈത്രേയന് തോന്നി .  അവയുടെ മൂളലുകളും മുക്രയിടലുകളും പതിവുപോലെ കേവല സഹനത്തിന്‍റെതോ നിസ്സഹായതയുടെതോ ആയി തോന്നിയില്ല . പൊഴിഞ്ഞു വീണ പൂടകളെ പെറുക്കിയെടുത്ത് മൈത്രേയന്‍ വേവലാതിപ്പെട്ടു . ശശാങ്കന്‍റെ കരച്ചിലിനെ വെറും കരച്ചിലായി കാണാനാവില്ല . അതിലെ ചിരിയുടെ മുഴക്കം മൈത്രെയനില്‍ ഭയപ്പാടിന്‍റെ വിത്തുകള്‍ മുളപ്പിച്ചു . ചരിത്രത്തിന്‍റെ ദശാസന്ധികളില്‍ ഇതിനു മുമ്പും സംഭവിച്ചതുപോലുള്ള എന്തോ കുഴപ്പം വീണ്ടും നടക്കാനിടയുള്ളതായി മൈത്രേയന്‍ മണത്തറിഞ്ഞു .
മുതുകിലെ ഭാരം കൂടുന്നതായി മറ്റു കഴുതകള്‍ ശശാങ്കനോട് പറഞ്ഞു .. ശശാങ്കനും അതു തന്നെ തോന്നി . വംശാവലിയിലും വര്‍ഗ്ഗാവലിയിലും നമ്മളുമായി ഏറെ സാമ്യമുള്ള കുതിരകള്‍ അധികാരത്തിന്‍റെ ചിഹ്നങ്ങളായി മാറുന്നു .. നിഷ്കാമമായ ഈ ചിരിപോലും കഴുത കരച്ചിലായും കാമക്കരച്ചിലായും വ്യാഖ്യാനിക്കപ്പെടുന്നു . മറ്റുള്ളവന് വേണ്ടി എത്ര ഭാരം വേണമെങ്കിലും ചുമക്കാം , എന്നിട്ടുമുള്ള ഈ അവഹേളനം അതാണ്‌ സഹിക്കാന്‍ പറ്റാത്തത് .. കൂട്ടത്തില്‍ ചെറുമയുള്ള കഴുത രോഷം കൊണ്ടു. ശശാങ്കന്‍ തന്‍റെ നീളമുള്ള കാതുകള്‍ നീട്ടിയാട്ടി . അതു മേല്‍ചൊന്ന കാര്യങ്ങള്‍ ശരിവെക്കുന്നതായി കരുതി മറ്റു കഴുതകള്‍ ഉച്ചത്തില്‍ മുക്രയിട്ടു . സത്വങ്ങളുടെ പ്രതിഷേധങ്ങള്‍ കുതിരകളെ ഇരുത്തി ചിന്തിപ്പിച്ചു .. നഷ്ടപ്പെടാന്‍ പോകുന്ന അധികാരങ്ങളെ കുറിച്ചവര്‍ വേവലാതിപ്പെട്ടു . മൈത്രേയന്‍ കുതിരകളുടെ യോഗം വിളിച്ചു .. പ്രതിരോധത്തിന്‍റെ പുതിയ രീതിശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തു . നേരിട്ടുള്ള കടന്നാക്രമണം , അതു വിജയിക്കാന്‍ പോകുന്നില്ല , അതു കൊണ്ടു നമുക്ക് ഉടമ്പടികളില്‍ എത്താം .. ഇത് ഉടമ്പടികളുടെ കാലം ,മൈത്രേയന്‍ കല്‍പ്പിച്ചു . മറ്റു കുതിരകള്‍ക്ക് ഒന്നും മനസ്സിലായില്ല , എങ്കിലും അവര്‍ നന്നായി തല കുലുക്കി .
ചര്‍ച്ചക്കായി ശശാങ്കന്‍റെ അടുത്ത് ആളുപോയി , മൈത്രേയന്‍ ശശാങ്കനുമായി ചര്‍ച്ച ചെയ്തു , ഉടമ്പടി കരാറില്‍ ഒപ്പുവെച്ചു .  "ഇനിമുതല്‍ ആരും കഴുതക്കരച്ചില്‍ എന്നുപറഞ്ഞ് നിങ്ങളെ ആക്ഷേപിക്കില്ല ". ശശാങ്കന്‍ മറ്റു കഴുകള്‍ക്ക് മുന്നില്‍ ഉടമ്പടി വായിച്ചു . അങ്ങിനെ ഒരു സത്വ പ്രതിസന്ധി പരിഹരിച്ചതിലുള്ള സന്തോഷത്താല്‍ അവര്‍ ഉച്ചത്തില്‍ മുക്രയിട്ടു , അത്‌ ചിരിയായിവ്യാഖ്യാ നിക്കപ്പെട്ടു . വിഴുപ്പുകള്‍ ചുമക്കുക എന്ന തങ്ങളുടെ ജോലി അവര്‍ നിര്‍ബാധം തുടര്‍ന്നു . 
കുതിരകള്‍ , ചരിത്രം പറയുന്നത് പോലെ അധികാരചിഹ്നങ്ങളായി തന്നെ തുടര്‍ന്നു . മൈത്രേയന്‍റെ കൊഴിഞ്ഞുപോയ പൂടകള്‍ക്ക് പകരം പുതിയ പൂടകള്‍ തളിര്‍ത്തു . വംശാവലിയില്‍ അകപ്പെട്ടു എന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക്‌ അധികാരത്തിന്‍റെ ഇടനാഴികളില്‍ സ്ഥാനം കിട്ടണമെന്നില്ല , കുതിരകള്‍ കഴുതകളെ ഓര്‍മ്മിപ്പിച്ചു . കീഴാള ചരിതം കീഴാളചരിതമായി തന്നെ നിലകൊണ്ടു . അങ്ങിനെ ചരിത്രം അതിന്‍റെ സനാതന ധര്‍മ്മം നിലനിര്‍ത്തി .
..........................................................................................................................

No comments:

Post a Comment