Monday, April 23, 2012

തെറിച്ച ചിന്തകള്‍

തെറിച്ച ചിന്തകള്‍

കവിത           

ടി.സി.വി.സതീശന്‍
..............................................................

1

ഒട്ടകത്തെ സൂചിക്കുഴിയിലൂടെ കടത്താമോ ?
ചോദ്യം കേട്ട് അച്ഛനമ്പരന്നു .
കാക്ക കുളിച്ചാല്‍ കൊക്കാകുമോ ?
ചോദ്യം വീണത് അമ്മയുടെ നേര്‍ക്ക്‌ .
ഒട്ടകവും സൂചിക്കുഴിയും
കൊക്കും കാക്കയും ഈ മൂന്നു വയസ്സുകാരന്‍റെ
തലയ്ക്കകത്ത് കൂട് വെച്ചതറിഞ്ഞപ്പോള്‍
അമ്മയ്ക്ക് അത്ഭുതം, ന്‍റെ കുട്ടി വളര്‍ന്ന്വല്ലോ
അച്ഛന് അഭിമാനം ..
മോന്‍ വളര്‍ന്ന് ആലുപോലെയായല്ലോ.
അമ്മയുടെ സംശയം ,അച്ഛന്‍റെ സംശയം
സൂചിക്കുഴിയിലൂടെ ഒട്ടകത്തെ കടത്താനാവ്വോ ?
ഉറപ്പില്ല , ഒരുപക്ഷെ പറ്റുമായിരിക്കും അല്ലേ ?
അച്ഛന്‍ ബാഗെടുത്തു , അമ്മ കുടയെടുത്തു
വാ പോകാലോ സ്കൂളിലേക്ക്
മോന്‍ പറഞ്ഞു...
ഇനി ഞാനെന്തു പഠിക്കണം ?
അച്ഛന്‍ പറഞ്ഞു, ശരിയാണ് ..
അമ്മ പറഞ്ഞു , ശരിയാണ് ..
ഇനി അവനെന്തു പഠിക്കണം
എന്തിനു പഠിക്കണം !!

2

ക്ലാസുമുറിയില്‍ ഉറക്കം തൂങ്ങുന്ന
അദ്ധ്യാപകനോട് കുട്ടി ചോദിച്ചു
ഇത് ന്യൂട്രിനോകളുടെ കാലം
ഇതുവരെ പഠിച്ചതെല്ലാം വെറുതെയായല്ലോ മാഷേ?
ഉറക്കച്ചടവില്‍ എഴുന്നേറ്റു നിന്ന് മാഷ്‌ പറഞ്ഞു ,
ആര് ? എന്ത് പഠിച്ചുന്ന്വാ?
പ്രകാശവേഗത്തെക്കാള്‍ വേഗത
ന്യൂട്രിനോകള്‍ക്കാണെന്നു കാലം പറയുന്നു.
കാലന്‍ അങ്ങിനെ പലതും പറയും ..
മാഷ്‌ ഉറക്കത്തിലേക്ക് വീണ്ടും വഴുതി വീണു.
ശുഭനിദ്രേ .. സുഖനിദ്രേ ,എന്നതാണല്ലോ പരമമായ സത്യം.

3

വായനക്കിടയില്‍ പുസ്തകം കുട്ടിയോട് ,
എന്ത് മനസ്സിലായി?
കുട്ടി: ഇല്ലാ , ഒന്നും മനസ്സിലായില്ല .
പിന്നെ നീയെന്തിന് എന്നെ വായിച്ചു ?
അതിനു നിന്നെ വായിച്ചില്ലല്ലോ
നിന്‍റെ താളുകളില്‍ സുന്ദരിയായ
എന്‍റെ പ്രണയിനിയുടെ മുഖം
ഞാന്‍ കാണുകയായിരുന്നു ..
ഓ .., പിന്നേയ്? എന്നിട്ട് നീ എന്ത് കണ്ടു ?
അക്ഷരങ്ങള്‍ പോലെ അവളുടെ മുഖവും മങ്ങുകയായിരുന്നു .
.................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185 .

No comments:

Post a Comment