Thursday, January 26, 2012

അമ്മിഞ്ഞമ്മ ... കഥ

അമ്മിഞ്ഞമ്മ
കഥ
ടി.സി.വി.സതീശന്‍
..............................
..................................................................


താരന്‍ വന്ന് വൃണങ്ങള്‍ കെട്ടിയതിനാല്‍ മുടി പാടെ വെട്ടിയിരുന്നു . ചാരുകസേരയില്‍ ഇരുന്ന് അമ്മിഞ്ഞമ്മ നീണ്ടുകിടക്കുന്ന നെല്‍പ്പാടത്തേക്ക് നോക്കി . മൂഞ്ഞ ബാധിച്ചു , വരള്‍ച്ച മുരടിച്ച നെല്‍ചെടികള്‍ തന്‍റെ തലയിലെ കുറ്റിരോമങ്ങളെയാണ് ഓര്‍മ്മപ്പെടുത്തിയത്‌ . മേല്‍മുണ്ട് ഒന്നുകൂടി അയച്ചിട്ട് മാറില്‍ തൂങ്ങിക്കിടക്കുന്ന തന്‍റെ മുലകളെ അവര്‍ മറച്ചു . ഇക്കിളിപ്പെടുത്തിയ ഒരുനാണം ചെറു കാറ്റായി അവരുടെ മനസ്സില്‍ ഉലാത്തി . വസന്തം ബാക്കിവെച്ച പൂക്കള്‍ പോലെ തനിക്കും ഒരു ബാല്യവും യൌവ്വനവും ഉണ്ടായിരുന്നതായി അതവരെ ബോധ്യപ്പെടുത്തി . വെറുതെ , വെറുതെയാണെങ്കിലും നീണ്ട കാര്‍കൂന്തലിനായി അവരുടെ കൈവിലുകള്‍ തലയില്‍ തപ്പിനോക്കി .

കൊട്ടന്‍ ചുക്കാതിയുടെയും  കാച്ചിയ എണ്ണയുടെയും വഴുക്ക് കസേരയില്‍ പറ്റിപ്പിടിച്ചിരുന്നു , തലയില്‍ നിന്നും വലിയ പേനുകള്‍ നീണ്ട കഴുത്തുവഴി അയഞ്ഞ മാറിടത്തേക്ക് അരിഞ്ഞിറങ്ങി . മുന്നിലെ സ്റ്റൂളിലേക്ക് കാല്‍ കയറ്റിവെച്ച് അവര്‍ പ്രജിലയെ വിളിച്ചു .. മോളേ , അമ്മമ്മയ്ക്ക് കാലു നോവുന്നൂ , ഒന്ന് തിരുമ്പിത്തരുമോ ?

വാട മണക്കുന്ന ആ പരിസരത്ത് പ്രജില മുഖം ചുളിച്ചു , പിന്നെ മൂക്ക് പിഴിച്ചു .

വടക്കേ വാര്യത്ത്‌ സാവിത്രിക്കുട്ടി വാരസ്യാര്‍ എന്ന താത്രിക്കുട്ടി , അമ്മിഞ്ഞമ്മയായി തീര്‍ന്നതിന്‍റെ  പിന്നിലെ രസാവാഹമായ അനുസരികള്‍ അവള്‍ക്കു കേള്‍ക്കണമായിരുന്നു , നിഗൂഡതകള്‍ ഒളിഞ്ഞുനില്‍ക്കുന്ന അതിന്‍റെ പിന്നാമ്പുറ കഥകളിലേക്ക് ചുഴിഞ്ഞു പോകുവാനുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്താമെന്ന് പ്രജിലയോട് അവളുടെ മനസ്സ് പറഞ്ഞു .

മൊളി കെട്ടിയ അവരുടെ കാലില്‍ അമര്‍ത്തി തിരുമ്മിക്കൊണ്ട് പ്രജില ചോദിച്ചു , അമ്മമ്മേ .. ഇപ്പോളെങ്ങിനെ വേദന കുറവുണ്ടോ ? അവര്‍ തലയാട്ടി .

ഇടത്തെ കയ്യില്‍ ക്ലാവ് പിടിച്ച ഓട്ടു കോളാമ്പി ഉയര്‍ത്തിപ്പിടിച്ച്‌ , വലതുകയ്യിലെ ചുണ്ണാമ്പ് തേച്ച വെറ്റിലപ്പാക്ക് അവള്‍ അവരുടെ വായില്‍ തിരുകി വെച്ചു , ഇനി അമ്മമ്മ വിശാലായി ഒന്ന് മുറുക്ക്യാന്‍.

ദാരിദ്ര്യത്തിന്‍റെ നിഴലിലും കരിന്തിരി കത്താതിരിക്കാന്‍ പാടുപെടുന്ന അച്ഛന്‍ കേശവ വാര്യര്‍ , അടുക്കളയില്‍ നനഞ്ഞ വിറകുകളില്‍ നിന്നും ഉയരുന്ന കരിമ്പുകയെ തിരുമ്മിയകറ്റാന്‍ പ്രയാസപ്പെടുന്ന ശ്രീദേവി വാരസ്യാര്‍ . ഓരോ മഴക്കാലവും പേറ്റു നോവിന്‍റെ നാളുകളായി കലണ്ടറില്‍ തൂങ്ങിയാടുന്ന ഒരു നൊമ്പരക്കാറ്റ്. ഒമ്പതു സംവത്സരങ്ങള്‍ .. ഒമ്പതു ചോദ്യചിഹ്നങ്ങളായി ഒമ്പതു മക്കള്‍ , അതില്‍ എഴാമാത്തെവളാണ് ഈയിരിക്കുന്ന സാവിത്രിക്കുട്ടി , അമ്മിഞ്ഞമ്മ തുടര്‍ന്നു .

വിളറി വെളുത്തു , മെലിഞ്ഞ , കണങ്കാലുകള്‍ വരെ നീണ്ടമുടിയുള്ള വാരസ്യാര് കുട്ടി . തലയില്‍ വെറുതെയോടി നിരാശരായി മടങ്ങിവന്ന വിരലുകളെ നോക്കി ആ കുഴിഞ്ഞ കണ്ണുകള്‍ ഒന്നുകൂടി കുഴിഞ്ഞു , സങ്കടം പെയ്ത മുഖത്തെ നോക്കി പ്രജില വേദനിച്ചു . കരയാതെ അമ്മമ്മേ , അതൊക്കെ കാലം കൊണ്ടുപോയതല്ലേ , അവരുടെ മാറില്‍ പുതച്ച മുണ്ടിന്‍റെ അറ്റമെടുത്ത് അവള്‍ അമ്മിഞ്ഞമ്മയുടെ കണ്ണീര് തുടച്ചു .

ചെത്തിപ്പൂക്കളും  തുളസിയും കൊണ്ട് മാലകെട്ടി വാര്യത്തെ ദാരിദ്ര്യത്തില്‍ അടുപ്പ് പൊകയ്ക്കാന്‍ കഷപ്പെടുന്ന അച്ഛനെ സഹായിച്ച്, അധികം ഒച്ചയനക്കങ്ങളില്ലാതെ ഒതുങ്ങി കഴിയുന്ന ഒരു സാധാരണ വാര്യര് കുട്ടി . ചുവപ്പില്‍ ചെറുതും വലുതുമായ മഞ്ഞ വൃത്തങ്ങളുള്ള ചീട്ടിത്തുണിയുടെ വലിയ പാവാടയും ചെറിയ ബ്ലൌസും . കയ്യിലെ വള്ളിക്കൊട്ടയില്‍ തുളസിയിലകളും ചെത്തിപ്പൂക്കളും കുറച്ചു വാഴനാരുമായാല്‍ താത്രിക്കുട്ടിയായി . ഇന്ദ്രീയ പ്രാധാന്യങ്ങളായ അസുര - സുഷിര - ഓട്ടു വാദ്യങ്ങള്‍ മേളങ്ങളൊരുക്കിയ കുരുന്നുമനസ്സില്‍ കൊമ്പും കുഴലും ഇലത്താളവും ഇടന്തലയും വലന്തലയുമായി കുഴമറിഞ്ഞു .

തുളസിയിലകള്‍ പരത്തിയ സുഗന്ധത്തിനുമേല്‍ എള്ളെണ്ണയുമായി വന്ന ചെട്ട്യാര് കമ്മാരന്‍ എന്നുമുതലാണ്  എള്ളിന്‍ ചെടികളുടെ വിത്തുപാകിയത് , പൂത്തുലഞ്ഞു കിടക്കുന്ന എള്ളിന്‍ പൂക്കളുടെ തീക്ഷ്ണ ഗന്ധം വാരി വിതറിയത് , കൃത്യമായി ഓര്‍ത്തെടുക്കാന്‍ അമ്മിഞ്ഞമ്മ പ്രയാസപ്പെട്ടു . അതേക്കുറിച്ച് പ്രജില ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ , വാദ്യങ്ങള്‍ മത്സരിച്ചു , പാഞ്ചാരിയും ശിങ്കാരിയും മാറിമാറി ഘോഷങ്ങള്‍ തീര്‍ത്തു , എന്നു പറഞ്ഞവര്‍ ഒഴിഞ്ഞുമാറി .
പ്രജില അമ്മിഞ്ഞമ്മയുടെ മൂന്നാമത്തെ മകള്‍ ദേവകിയുടെ മൂത്തമകള്‍ സുകേശിനിയുടെ മകള്‍ . അമ്മിഞ്ഞമ്മ വാത്സല്യപൂര്‍വ്വം പ്രജിലയുടെ മുഖത്തു തലോടി , ചുക്കിച്ചുളിഞ്ഞ വിരലുകള്‍ക്ക് പ്രത്യേക വികാരങ്ങളൊന്നും അവളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അനുസരണയോടെ അവള്‍ നിന്നുകൊടുത്തു .
പതിഞ്ചോ പതിനാറോ വയസ്സിലേക്ക് തന്‍റെ പ്രായത്തെ ചുരുക്കിയെഴുതുവാനുള്ള ശ്രമത്തിലായിരിക്കും ആ വൃദ്ധ മനസ്സെന്ന് അവള്‍ നിരീക്ഷിച്ചെടുത്തു , മുട്ടിലിഴഞ്ഞ് കസേരയുടെ അടുത്തേക്ക്‌ പ്രജില നീങ്ങിയിരുന്നു .
അയഞ്ഞ കാതുകളില്‍ തൂങ്ങുന്ന ഓലത്തോടയെ തൊട്ടുനോക്കി , ഞാന്നുകിടക്കുന്ന മുലകളിലെ ചുരുണ്ട ഞെട്ടുകളില്‍ വിരലമര്‍ത്തി അവള്‍ അവരെ ഇക്കിളിപ്പെടുത്തി .

പൊടികള്‍ പറത്തിക്കൊണ്ടു കാറ്റ് വന്നു , അമ്പലക്കുളവും , വീട്ടുകിണറും വെള്ളം വറ്റി , വരണ്ടു . തുളസിച്ചെടികള്‍ വാടുകയും കരിയുകയും ഉണങ്ങുകയും ചെയ്തു . വാര്യത്തെ ചുമരുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു , മാറാല കെട്ടിയ പഴയ വിശ്വാസങ്ങള്‍ കാറ്റിലുലഞ്ഞു . കഴുക്കോലുകള്‍ മോന്തായത്തോട് കലഹിച്ചു .

വാര്യര് കൂട്ടവും നാട്ടുകൂട്ടവും  ശ്വാസതടസ്സം അകറ്റുന്നതിനായി അമ്പലമുറ്റത്തു കൂട്ടം ചേര്‍ന്നു. കമ്മാരനെ അടിച്ചോടിക്കണം .., അതുവേണ്ടാ , എങ്കില്‍ ദേവിക്കുള്ള എണ്ണവരവ് നിക്കുമെന്ന് ഒരുകൂട്ടര്‍ ഭയപ്പെട്ടു . സാവിത്രിക്കുട്ടിയെ പൊട്ടക്കിണറ്റില്‍ തള്ളാമെന്നു തീരുമാനം , ചെറുപ്പക്കാര്‍ മുണ്ടുമുറുക്കിയുടുത്തു , കാര്‍ന്നോന്‍മാര്‍ വെറ്റില മുറുക്കി .

വൈകുന്നേരത്തെ സൂര്യനില്‍ മെഴുക്കുപുരണ്ട കമ്മാരന്‍റെ ശരീരം തിളച്ചു , കൂടെവന്ന ചെട്ടിയാന്‍മാരുടെ കൈത്തണ്ടകള്‍ തരിച്ചു . തോളത്തിട്ടിരുന്ന പത്താം നമ്പര്‍ തെരുവന്‍ തോര്‍ത്തെടുത്ത് കമ്മാരന്‍ താത്രിക്കുട്ടിക്കു പുടവയായി കൊടുത്തു , അവളുടെ കൈ പിടിച്ചു പടിയിറങ്ങി . ഏതോ വരളുന്ന തൊണ്ടയില്‍ ഉതിരുന്ന സോപാനത്തെ ഇടക്ക കൊണ്ടുപോയി . ശകാരവും ശാപവും ചൂട്ടുകത്തിച്ച വായ്ത്താരികളുമായി വാര്യര് കൂട്ടവും നാട്ടുകൂട്ടവും കണ്ണെത്താവുന്ന ദൂരം വരെ അവരെ പിന്തുടര്‍ന്നു.
ദേവിക്ക് തുളസിയും വേണം എണ്ണയും വേണം , ശ്രീകോവില്‍ വിട്ട് ദേവി പുറത്തുവന്നില്ല , മൌനം കുറ്റമായും അനുവാദമായും ചര്‍ച്ച ചെയ്യപ്പെട്ടു , അപ്പോഴും ദേവി മൌനം തുടര്‍ന്നതേയുള്ളൂ .

ആരെയും വെറുപ്പിക്കാത്ത ഒരു അഴകൊമ്പന്‍ തന്ത്രം .. ആല്ലേ ? ചോദ്യമെറിഞ്ഞ് പ്രജില ചിരിച്ചു , അമ്മിഞ്ഞമ്മയ്ക്കും ചിരിയൊതുക്കാന്‍ കഴിഞ്ഞില്ല .

ഇരുളകന്നപ്പോള്‍ , വെള്ള കീറുന്ന സൂര്യനെ നോക്കി കമ്മാരന്‍ താത്രിയുടെ കയ്യുംപിടിച്ച് കിഴക്കൊട്ടെക്ക് നടന്നു . പരിചിതമല്ലാത്ത പാതയിലൂടെയുള്ള നടത്തം താത്രിക്കുട്ടിയില്‍ ക്ഷീണം വിളമ്പി ., അവള്‍ കിതച്ചു , വിയര്‍ത്തു . കമ്മാരന്‍ അവളെ താങ്ങിയെടുത്തു , വെയില്‍പരന്ന എള്ളിന്‍ പാടമെത്തുന്നതുവരെ അവള്‍ അയാളുടെ ചുമലില്‍ വിശ്രമിച്ചു . മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ അവളുടെ മൂക്കിനെ എരുമച്ചാണകത്തിന്‍റെയും മൂത്രത്തിന്‍റെയും വാട കൈവശപ്പെടുത്തിയിരുന്നു , അവള്‍ക്കു ഓക്കാനം വന്നു . കമ്മാരന്‍ എള്ളിന്‍ ഇലകളും പൂക്കളും ചേര്‍ത്തു ഞെരടി മണപ്പിക്കാനായി അവള്‍ക്കുകൊടുത്തു .

ശോഷിച്ച ജീവിതം എള്ളിന്‍ വെളുത്ത പൂക്കളെ കൊണ്ടു നിറഞ്ഞതായിരുന്നോ , അമ്മമ്മേ ? ഇടയ്ക്ക് കയറിയുള്ള അവളുടെ സംസാരം അമ്മിഞ്ഞമ്മക്ക് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു , അവരുടെ മുഖത്തു നീരസം പൊടിഞ്ഞു .

എരുമച്ചാണകത്തിന്‍റെ വളക്കൂറുള്ള കറുത്ത മണ്ണില്‍ എള്ളിന്‍ തൈകള്‍ തഴച്ചു . ചെട്ടിച്ചികള്‍ക്കൊപ്പം താത്രിയും വിത്തുകളിറക്കി , വിള കൊയ്തു. കത്തുന്ന വെയില് ശരീരത്തിന്‍റെ വെളുപ്പിനെ കൊണ്ടുപോയി , തുളസിയുടെ നൈര്‍മ്മല്യത്തെയും കൊണ്ടുപോയി . എള്ള് മൂരുന്ന ഒരു വേനലില്‍ ചെട്ടിച്ചികള്‍ താത്രിയുടെ നീണ്ട കാര്‍കൂന്തല്‍ അരിഞ്ഞെടുത്തു , അതു നോക്കി മറ്റു ആണുങ്ങളോടൊപ്പം  കമ്മാരനും ചിരിച്ചു , അതവളില്‍ ചെറിയ വ്യസനമുണ്ടാക്കി .

താത്രിക്കുട്ടി അമ്മിഞ്ഞമ്മയായി തീര്‍ന്നതിന്‍റെ വഴികള്‍ ഇനിയും നടന്നെത്തിയില്ലല്ലോ ? പ്രജില പരിഭവിച്ചു .

പറയാം , തിരക്കാക്കാതെ മോളേ .. അമ്മിഞ്ഞമ്മ ഒരു ദീര്‍ഘനിശ്വാസം വിട്ട് അല്‍പ്പനേരം മിണ്ടാതിരുന്നു .
ഉണങ്ങിയ എള്ളുമണികള്‍ അടിച്ചുകൂട്ടി , ചേറിപെറുക്കി അവര്‍ ചാക്കുകളില്‍ നിറച്ചു , എള്ളെണ്ണ നിറച്ച ടിന്നുകള്‍ അട്ടിവെച്ചു , എള്ളിന്‍പിണ്ണാക്ക് ചായ് വില്‍ ഒതുക്കിവെച്ചു . മൂരികള്‍ക്കൊപ്പം വെയിലായി , മഴയായി കമ്മാരനും , കമ്മാരനൊപ്പം തിരിയുന്ന മരച്ചക്ക് . മരച്ചക്കില്‍ പിടഞ്ഞമരുന്ന കറുത്ത സുന്ദരികള്‍ എണ്ണയായി , പിണ്ണാക്കായി .

അവറ്റകള്‍ക്ക് നൊന്തു കാണില്ലേ , എള്ളുമണികളെ മനസ്സില്‍ വെച്ച്‌ , ഒരു രാത്രി തളര്‍ന്നുറങ്ങുന്ന കമ്മാരന്‍റെ  ചെവിയില്‍ അവള്‍ ചോദിച്ചു , മൂരിനിവര്‍ന്നു എഴുന്നേറ്റ അയാള്‍ പകരം കൊണ്ടുപോയത് അവളുടെ മാസമുറയായിരുന്നു. ആണ്ടോടാണ്ട് പേറ് , മുല ചുരത്തിത്തെളിയും മുമ്പേ അടുത്തത്‌ . മഴ പെയ്യുന്നതുപോലെ പോലെ അഞ്ചുമക്കള്‍ , മൂന്നാമത്തെ പേറില്‍ ദേവകിയും വാസുദേവനും .

പത്താം നമ്പര്‍ തെരുവന്‍ തോര്‍ത്ത് .. ഇങ്ങിനെ പണി വേഗം തീര്‍ത്താല്‍ ഞാള് പട്ടിണി കെടക്കേണ്ടി വരുവല്ലോ താത്രിയേ , ഈറ്റെടുക്കാന്‍ വന്ന പേറ്റിച്ചിതള്ള അതുപറഞ്ഞപ്പോള്‍
ചെറിയൊരു നാണത്തോടെ അവര്‍ ചിരിച്ചു , പ്രജിലയും കൂടെചിരിച്ചു .

മുല ചുരത്താതിരുന്നപ്പോള്‍ കുഞ്ഞുങ്ങള്‍ വാവിട്ടുകരഞ്ഞു , ദേഷ്യത്തോടെ മുലക്കണ്ണുകള്‍ കടിച്ചുകീറി . അഞ്ചെണ്ണവും തൊള്ള തുറന്ന് ഒരേ താളത്തില്‍ കരഞ്ഞു , അമ്മിഞ്ഞമ്മേ .. അമ്മിഞ്ഞമ്മേ , ഒളിച്ചിരുന്ന കാറ്റ് അതുകേട്ടു , വയലില്‍ വിളഞ്ഞുനില്‍ക്കുന്ന എള്ളിന്‍ചെടികളുടെ കാതില്‍ കൊടുത്തു , കൊയ്യാന്‍ വന്ന പെണ്ണുങ്ങള്‍ അതു മണത്തെടുത്തു , പാതിരാ നേരത്തവര്‍ അവരവരുടെ കെട്ടിയോന്‍മാരുടെ ചെവിയില്‍ മന്ത്രിച്ചു . ആളുകളോടൊപ്പം കൂടി കമ്മാരനും അതുതന്നെ വിളിച്ചു , ആദ്യമൊക്കെ ശുണ്ടി വന്നെങ്കിലും പിന്നീട് അതു തമാശയായി ആസ്വദിച്ചു .

കാറ്റ് , കാറ്റാണ് പറ്റിച്ചത് അല്ലേ ..? പ്രജില ചോദിച്ചു , അമ്മിഞ്ഞമ്മ കുലുങ്ങി ചിരിച്ചുകൊണ്ട് തലയാട്ടി .
...............................................................................................................................................


1 comment:

  1. ഇത് ഞാന്‍ കൂട്ടത്തില്‍ വായിച്ചതാണ്. നല്ല ശൈലി, അഭിനന്ദനങ്ങള്‍

    ReplyDelete