Sunday, February 12, 2012

കെപ്ലര്‍ 22 ബിയിലേക്കുള്ള പ്രവേശന പരീക്ഷ

കെപ്ലര്‍ 22ബിയിലേക്കുള്ള പ്രവേശന പരീക്ഷ
കഥ
                                     2012 പുതു വര്‍ഷം നഗരത്തിലെ ഫ്ലാറ്റുകളില്‍ ഉണ്ടും ഉടുത്തും ഉറങ്ങിയും കഴിഞ്ഞിരുന്ന മേദസ്സുകള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നതായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നാസയുടെ പേടകം കണ്ടെത്തിയ ചില പുതിയ വിഷ്വല്‍സ് ഭൂമിയിലെ സകലമാന ബ്രോക്കര്‍മാരെയും സന്തോഷിപ്പിച്ചു എന്നതാണ് നേര്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇടനിലക്കാരനവാത്ത ആരുണ്ടീ ലോകത്ത്, അങ്ങിനെ നോക്കുകയാണെങ്കില്‍ കേപ്ലെര്‍ 22 ബിയുടെ ജനനം ആ മനസ്സുകളില്‍ സന്തോഷം ചൊരിഞ്ഞതിനെ കുറ്റം പറഞ്ഞുകൂടാ. കങ്കാണിപ്പണി ജീവിതചര്യയായി തീര്‍ന്ന ഒരു സമൂഹത്തില്‍ ഭൂമിയെപ്പോലെ വെള്ളവും മണ്ണുമുളള മറ്റൊരു ഗ്രഹം അവരുടെ സാധ്യതകളുടെ സ്വപ്നഭൂമികയായി തീരുന്നതില്‍ എന്ത് തെറ്റാണ്‌ ഉള്ളത്.
                                      ഉച്ചസ്ഥായിയിലായ സൂര്യന്‍ തുറസ്സായ മൈതാനിയിലേക്ക് നേരിട്ട് പതിക്കുന്നതിനാല്‍ കൂടിനിന്ന ആളുകള്‍ വിയര്‍ക്കുകയും പരവേശം കാണിക്കുകയും ചെയ്തു. വരണ്ട അവരുടെ തൊണ്ടയില്‍ നിന്ന് ഒരുവിലാപം പോലെ ശബ്ദധോരണികള്‍ പുറത്തേക്ക് വമിച്ചു. ഒടിഞ്ഞ മരബഞ്ചില്‍ കയറി നിന്ന് ദേവദത്തന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. കൂട്ടരേ, ശാന്തരായിരിക്കുക .. ക്ഷമയാണ് ഏറ്റവും വലുത്. ഇത് വലിയ ഒരു പ്രവേശന പരീക്ഷയാണ്. ഇത് കഴിഞ്ഞു സ്ക്രൂട്ടിനി.. അതും കഴിഞ്ഞു വേണം കെപ്ലര്‍ 22ബിയിലേക്കുള്ള പ്രവേശനം . കെപ്ലര്‍ 22 ബിയുടെ അനന്ത സാധ്യതകളെ കുറിച്ച് ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ . അസഹിഷ്ണുത കാട്ടുന്നവര്‍ മൈതാനം വിട്ടു പോകുന്നതായിരിക്കും നല്ലത് ദേവദത്തന്‍ ഉറപ്പിച്ചു പറഞ്ഞു.
                                      ദേവദത്തന്റെ വാദത്തോട് ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റൊരംഗമായ ഉത്തമന്‍ ചൊടിച്ചു .. വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കല്ലേ ദേവദത്താ ... ഭൂമിയില്‍ അസംതൃപ്തരും അസഹിഷ്ണുക്കളും ആയവര്‍ക്ക് വേണ്ടിയല്ലേ ഈ ഇന്റര്‍വ്യൂ.അവരുടെ നരകയാതനകള്‍ക്ക് അറുതിയാവേണ്ടത് കെപ്ലര്‍ 22ബിയല്ലേ?
                                      അവിടെ റോഡുണ്ടാവ്വോ, കുഞ്ഞിമൊയ്തീന്‍ മൈക്കിള്‍ കുര്യനോട് ചോദിച്ചു? റോഡു നമുക്ക് വെട്ടിയുണ്ടാക്കാം , ഏക്കറു കണക്കിന് സ്ഥലം കിട്ട്യാ മത്യാരുന്നു അയാള്‍ കുഞ്ഞിമോയ്തീനെ സമാധാനിപ്പിച്ചു .  പലവിധത്തിലുള്ള പിറുപിറുക്കലുകള്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി മൈതാനത്തെ വായുവിനെ മലീമസമാക്കി.
                                      കാലങ്ങളായി എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ നടത്തി വരുന്ന സദാശിവ കൈമളുടെ ചുറ്റും ആള്‍ത്തിരക്ക് കൂടി. ചുളുവില്‍ പ്രവേശനം നേടാനുള്ള വല്ല ഉപായവും , അവര്‍ കണ്ണുകള്‍ കാട്ടി, തല ചൊറിഞ്ഞു , മടിശ്ശീലകള്‍ ഉയര്‍ത്തിക്കാട്ടി. കൈമള്‍ സാര്‍ വാചാലാനായി . സ്‌പീഡാണ് പ്രശ്നം .. 60 ചോദ്യങ്ങള്‍ 60 മിനുട്ടില്‍ ഉത്തരം. നെഗറ്റിവ് മാര്‍ക്കുണ്ട്‌ , അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം ഉത്തരങ്ങള്‍ എഴുതാന്‍. ഒരു ചോദ്യത്തിന്  ഉത്തരം കണ്ടെത്താന്‍ പരമാവധി 40 സെക്കണ്ട്‌. അറിയാത്തത് ഒഴിവാക്കുന്നതായിരിക്കും നല്ലത്... അയാള്‍ തന്റെ കഷണ്ടി തലയില്‍ തടവി നിര്‍ത്തി. മറ്റൊരു കോണില്‍ റിട്ടയര്‍ഡു കേണല്‍ സാംപീറ്റര്‍  ശാരീരിക ക്ഷമതെയെ കുറിച്ച്  വാചാലനായി. പെരുപ്പിച്ച അയാളുടെ മസ്സിലുകള്‍ വാക്കിനെക്കാള്‍ മൂര്‍ച്ചയുള്ള പാഠങ്ങളായി.
                                      ആര്‍ത്തി പണ്ടാരങ്ങള്‍ ...ദേവദത്തന്‍ കെറുവിച്ചു. അങ്ങിനെ പറയാതെ ദേവദത്താ, മനുഷ്യന് ആഗ്രഹങ്ങള്‍ ഉണ്ടാകും അത് ആര്‍ത്തിയായും അത്യാര്‍ത്തിയായും പിന്നീട് അത് അസഹിഷ്ണുതയായും മാറുകയാണ് പതിവ്. അതിനവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ല.  ഉത്തമന്‍റെ വാദങ്ങള്‍ അങ്ങിനെയൊക്കെ ആയിരുന്നു.  അയാള്‍ ജനക്കൂട്ടത്തെ നോക്കി പറഞ്ഞൂ, കൂട്ടരേ... കെപ്ലര്‍ 22 ബി ഭൂമിയെപോലെ അല്ലാ . പോയിക്കഴിഞ്ഞു 2 മാസത്തിനകം ആരും പട്ടയം ചോദിച്ചു ബഹളം കൂട്ടുകയും വേണ്ട. രജിസ്ട്ട്രെഷന്‍ വകുപ്പ് എന്നൊരു വകുപ്പേ അവിടെ ഇല്ല. ഉള്ള മണ്ണ് എല്ലാവരുടെതും , ഉള്ള ആകാശം എല്ലാവരുടെതും. അതാണവിടുത്തെ രീതിയും നിയമവും.
                                   മതിലുകള്‍ മാത്രം കെട്ടി ശീലിച്ച നിങ്ങള്‍ക്ക് അതുമായി പൊരുത്തപ്പെടുവാന്‍ ആവുമോ എന്ന് നിങ്ങള്‍ ആദ്യം  നിങ്ങളുടെ മനസ്സിനോട് ചോദിക്കുക.. എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍. ഉത്തമന്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തി ഈണത്തില്‍ പറഞ്ഞു.
                              അവിടെ കൂന്താലിയും കോടാലിയും കാണില്ല . വെട്ടി നിരത്തിയ മരങ്ങളില്‍ നിന്നും പള്‍പ്പ് ഉണ്ടാക്കാന്‍ പറ്റത്തില്ല ,അതുകൊണ്ട് തന്നെ പള്‍പ്പ് നിറച്ച ഹൃദയങ്ങളും കാണില്ല.. ദേവദത്തന്‍ കൂട്ടിച്ചേര്‍ത്തു.
                              മൈതാനത്തില്‍ നിന്നും ആളുകള്‍ ഒന്നൊന്നായി പിന്‍വലിയാന്‍ തുടങ്ങി .  ചിലര്‍ ബലംപിടിച്ചു തല ഉയര്‍ത്തി കാണിക്കുന്നുണ്ടെങ്കിലും അവരുടെ മുഖത്തെ പേശികള്‍ ഉള്ളിലെ അങ്കലാപ്പിനെ പുറത്തേക്കിട്ടു. വിശാലമായ ഒരു തറവാട്ടു വീട്. അനുയോജ്യമായ സ്ഥലത്ത് ഓരോരുത്തരും പറ്റിക്കൂടുക . ഏല്ലാവര്‍ക്കും ഒരേ തരത്തിലുള്ള ഭക്ഷണം . അവനവനു വേണ്ട വിദ്യ അവനവന്‍ സ്വയമേവ പഠിച്ചുകൊള്ളുക . അത് മറ്റുള്ളവന്‍റെ മുതുകൊടിക്കുന്നത് ആയിരിക്കരുത് എന്നുമാത്രം. തയ്യാറുള്ളവര്‍ മാത്രം മൈതാനിയില്‍ നില്‍ക്കുക, ബാക്കിയുള്ളവര്‍ക്ക് അതാത്‌ ആള്‍ക്കാരുടെ മാളങ്ങളിലേക്ക് പോകാം. ഇന്നലെവരെ ചെയ്തത് തുടര്‍ന്നും ചെയ്തു കൊണ്ടേയിരിക്കുക .. ഭൂമിയുള്ളിടത്തോളം അത് തുടരുകയും ചെയ്യാം.
                                        ഉത്തമന്‍റെ ശബ്ദത്തിന് കനം വെച്ചു. സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചാഞ്ഞു. വെയിലിന്റെ തീക്ഷണത കുറഞ്ഞു . മൈതാനം ശൂന്യം .. പൊടിക്കാറ്റ് വന്നു മരബെഞ്ചിനെ മറിച്ചിട്ടു . പരീക്ഷാര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ പ്രവേശന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ദേവദത്തന്‍ പ്രഖ്യാപിച്ചു. കരുതിവെച്ച ചോദ്യങ്ങളുടെ പട്ടിക പോക്കറ്റില്‍ തിരുകി കയറ്റി ഉത്തമന്‍ കയ്യടിച്ചു .

(കെപ്ലര്‍ 22ബി .. 2011 ഡിസംബര്‍ 5 നു നാസ കണ്ടെത്തിയ പുതിയ ഗ്രഹം)

No comments:

Post a Comment