മാലിന്യത്തിന്‍റെ രാക്ഷ്ട്രീയം .. വിളപ്പില്‍ശാല നല്‍കുന്ന പാഠങ്ങള്‍
ലേഖനംടി.സി.വി.സതീശന്‍
കേവലം പത്തുദിവസത്തെ മാലിന്യങ്ങള്‍ സ്വന്തം അകത്തളങ്ങളില്‍ ചീഞ്ഞുനാറുമ്പോള്‍ തിരുവനന്തപുരത്തെ നഗരവാസികള്‍ തെരുവിലേക്കിറങ്ങി. മധ്യവര്‍ഗ്ഗമെന്നോ ഉപരിവര്‍ഗ്ഗമെന്നോ ഇല്ലാതെ കക്ഷി രാക്ഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും തോളോട് തോള്‍ ചേര്‍ന്നു. ഭരണകൂടവും കോടതികളും അവര്‍ക്ക് ഓരം ചേര്‍ന്നുനടന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി നഗരത്തിന്‍റെ മാലിന്യങ്ങള്‍ പേറുന്ന വിളപ്പില്‍ശാലയില്‍ , ശുദ്ധജലത്തിനും ശുദ്ധവായുവിനും മലിനരഹിത പരിസ്ഥിതിക്കും വേണ്ടി അവിടുത്തെ ജനങ്ങള്‍ ചെറുത്തുനില്‍ക്കാന്‍ തുടങ്ങിയതാണ് കാരണം.
അഴിഞ്ഞുനാറിയ ചുറ്റുപാടുകളില്‍ ജീവിതം ഉന്തി നില്‍ക്കുന്നവര്‍ മലിനമാകാത്ത വായുവിന് - കുടിവെള്ളത്തിന് വേണ്ടി സമരം നയിച്ചു എന്നതാണ് നഗരവാസികളെ
വിറളി പിടിപ്പിച്ചത്. അഴിമതിയുടെ ലളിത മനശാസ്ത്രം പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ചില എച്ചിലുകള്‍ അവര്‍ക്ക് നേരെ എറിഞ്ഞുനോക്കിയെങ്കിലും അവരതില്‍ വീണില്ല എന്നതാണ് സന്തോഷം തരുന്നത്. പുതിയ മാലിന്യ സംസ്കരണ പ്ലാന്‍റ് ... നിലവിലുള്ള പത്തോളം സംസ്കരണ പ്ലാന്‍റുകള്‍ കേവലം നോക്കുകുത്തികളായി വെറും ഡംപിംഗ് യാര്‍ഡുകള്‍ മാത്രമായി തീര്‍ന്നിരിക്കുന്ന വര്‍ത്തമാന യാഥാര്‍ത്യത്തില്‍ അഴിമതിയുടെ പുതിയ വാതായനങ്ങള്‍ക്കായി മനപ്പായസം ഉണ്ടവരുടെ തന്ത്രങ്ങളില്‍ അവര്‍ വീണില്ല എന്നതിന് നാം വിളപ്പില്‍ശാലയിലെ സാധാരണക്കാരനെ അഭിനന്ദിക്കണം.
ഒരേ സമയം ആണവവിസര്‍ജ്ജ്യങ്ങള്‍ മുന്നാം ലോകരാജ്യങ്ങളില്‍ ഡംപ് ചെയ്യുന്നതിനെതിരെ കൂട്ടായ്മ സംഘടിപ്പിക്കുകയും സ്വന്തം അടുക്കള വിസര്‍ജ്ജ്യങ്ങള്‍ അന്യന്‍റെ പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ഇരട്ട മുഖമാണ് സാക്ഷര മലയാളിക്കിന്നുള്ളത്. യുദ്ധങ്ങളും രാക്ഷ്ട്രീയ ഇടപെടലുകളും തുടങ്ങി ചെലവേറിയ പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട ആഗോളീകൃത നവ മുതാളിത്വം നമ്മുടെ അടുക്കളകളെ സമര്‍ത്ഥമായി അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണിയായി മാറ്റിയിരിക്കുന്നു. നമ്മുടെ ഉപഭോഗാസക്തി അതിനു ചൂട്ടു പിടിക്കുകയും ചെയ്യുന്നു.
കോളനിവത്കരണത്തിന്‍റെ കാണാ ചരടുകള്‍ നാം അറിയാതെ തന്നെ നമ്മുടെ കഴുത്തില്‍ കുരുക്കിട്ടു കഴിഞ്ഞു.. ഇതിന്‍റെ രാക്ഷ്ട്രീയം മനസ്സിലാക്കാതെ വലിയവായിട്ടലക്കിയിട്ടു കാര്യമില്ല.
നമ്മുടെ അടുക്കളയെ നോണ്‍ ഓര്‍ഗാനിക്കായി മാറ്റുക വഴി നമ്മെ തന്നെ നോണ്‍ ഓര്‍ഗാനിക്കായി തീര്‍ക്കുകയും അതിലൂടെ ശുദ്ധവായുവും ശുദ്ധജലവും കിട്ടാതെ കഷ്ടപ്പെടുന്ന ജനസമൂഹത്തെ ആഗ്രഹിക്കുന്ന ടിപ്പിക്കല്‍ മുതലാളിത്വം.. അതവരുടെ പുതിയ രാക്ഷ്ട്രീയം. അവിടെയാണ് ഒരു ബദല്‍ സംസ്കാരത്തിന്‍റെ - രാക്ഷ്ട്രീയത്തിന്‍റെ പ്രസക്തിയേറുന്നത്. മനുഷ്യന്‍റെ ഉപഭോഗാസക്തി ഉപയോഗപ്പെടുത്തി അവന്റെ അടുക്കളയെ ആദ്യം മലിനപ്പെടുത്തുക അതിലൂടെ അവനെത്തന്നെ ഇല്ലാതാക്കുക, ഇത് തിരിച്ചറിയാതെ പോവരുത്. സാങ്കേതിക വിദ്യകളുടെ പ്രമാണിത്വത്തില്‍ നമ്മുടെ അടുക്കള യഥാര്‍ഥത്തില്‍ ഒരു വെയിസ്റ്റ് ബിന്നായി ഇന്ന് അധപ്പതിച്ചിരിക്കുന്നു എന്നത് കേവലം സത്യം മാത്രമാണ് .
വെയിസ്റ്റ് മാനേജുമെന്റിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു സമൂഹം ,അത് അധികം വിദൂരമല്ല. മാലിന്യത്തൊട്ടികളായി മാറുന്ന അടുക്കളയില്‍ നിന്നും വളരുന്ന അനാരോഗ്യവാന്മാരായ ഒരു തലമുറ. നമുക്കത് സംഭവിക്കാതിരിക്കണമെങ്കില്‍ നാം ചിലത് ചെയ്തേ മതിയാകൂ. ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങി നമ്മുടെ അടുക്കള നിറക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക, നോണ്‍ ഓര്‍ഗാനിക്കായ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക,അതാതിടത്തെ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്കരിക്കുക,റി സൈക്ലിംഗ് ചെയ്യാന്‍ പറ്റുന്ന ഖരവസ്തുക്കള്‍ ശീലമാക്കുക തുടങ്ങി വ്യക്തിപരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി നമുക്ക് പുതിയ സംസ്കാരം - രാക്ഷ്ട്രീയം - പാരിസ്ഥികബോധം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കാം.
ഫോര്‍ത്ത് സ്റ്റെയിറ്റിലേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമ വര്‍ഗ്ഗവും മധ്യവര്‍ഗ്ഗ വരേണ്യതയും നമ്മുടെ പ്രതീക്ഷകള്‍ക്ക് നിറം കെടുത്തുന്ന ഈ വേളയില്‍ ഓരോ ജനകീയ ബദലും ആശാവഹമാണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഒരു ഭരണകൂടത്തിന്‍റെയോ കോടതി വിധികളുടെയോ ഔദാര്യമായിരിക്കരുതെന്നു ഈ ചെറുത്തുനില്‍പ്പിലൂടെ നമ്മെ കാണിച്ചു തരികയാണ് വിളപ്പില്‍ശാലയിലെ സാധാരണക്കാര്‍. ഈയൊരു അര്‍ത്ഥത്തില്‍ വേണം നാം വിളപ്പില്‍ശാലയിലെ ജനകീയ കൂട്ടായ്മയെയും ചെറുത്തുനില്‍പ്പിനെയും വായിച്ചെടുക്കേണ്ടത്. അതില്‍ നിന്നും കേരളം പഠിക്കേണ്ടത് നവ കൊളോണിയല്‍.. കാപ്പിറ്റലിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെ പാഠമാണ്.
അവനവന്‍ നന്നാവണം പിന്നെ വീട് ഗ്രാമം പട്ടണം രാജ്യം .നല്ല പോസ്റ്റ് കാലികമായ പ്രശ്നങ്ങളെ വരച്ചു കാണിച്ചു പക്ഷെ ആര് ശ്രെദ്ധിക്കുന്നു അവര്‍ക്ക് കസേരയും പോകെട്ടും അല്ലെ വലുത്
ReplyDeleteനല്ല വിശകലനം, പക്ഷെ കവിയൂര്‍ സാര്‍ പറഞ്ഞ പോലെ, ശ്രദ്ധിക്കേണ്ടവന്‍ ശ്രദ്ധിക്കാന്‍ ഇല്ല
ReplyDelete