അകലങ്ങളില്‍ ഒരു പുഴ ഉണ്ടായിരിക്കണം
ഒന്ന്
ചാരനിറമുള്ള ആകാശം
ചതുപ്പ് നിലങ്ങളിലൂടെയുള്ള യാത്രയില്‍ അയാള്‍
വിയര്‍ക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ തങ്ങിയ വിയര്‍പ്പു കണങ്ങളെ
കൈവിരലുകള്‍ കൊണ്ട് തുടച്ചു. കറുത്ത ചേറില്‍ പൂണ്ട കാലുകള്‍
വലിച്ചെടുക്കുവാന്‍ ആയാസപ്പെട്ടു. മനസ്സില്‍ പൊടിഞ്ഞ ചിന്തയുടെ ആവേശത്താല്‍
അയാള്‍പുറകോട്ടെക്ക് തിരിഞ്ഞു നോക്കി. നടന്നു തീര്‍ത്ത വഴികളില്‍
എന്തെങ്കിലും അടയാളങ്ങള്‍ ബാക്കി വെച്ചിട്ടുണ്ടോ. ചതുപ്പില്‍ പതിഞ്ഞ തന്‍റെ
കാല്‍പ്പാടുകള്‍ ഉപേക്ഷിച്ചുപോയ മുദ്രണങ്ങളുടെ പൊരുളറിയാന്‍ ആ മനസ്സ്
വെമ്പല്‍ കൊണ്ടു.ഒന്ന്
ചാരനിറമുള്ള ആകാശം
ഇടതു പാദത്തിന്‍റെ വലുപ്പക്കുറവും റാ ആകൃതിയുമായിരിക്കണം അത് ഉപേക്ഷിച്ച അടയാളങ്ങള്‍ കളിമണ്ണില്‍ തീര്‍ത്ത കൃത്യമായ ജ്യാമിതികളില്‍ അല്ലാത്ത ഒരു അബ്സേര്‍ഡു അസംബന്ധമായി തോന്നിച്ചു. നല്ല ഓട്ടക്കാരനോ നല്ല വാതുവെപ്പുകാരനോ ആകാന്‍ ജീവിതത്തില്‍ ഒരിക്കലും അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നത് ഇതോടു കൂട്ടിവായിക്കപ്പെടെണ്ടതാണ്. വലതു കാലിന്‍റെ ദയാദാക്ഷിണ്യത്തില്‍ ഒപ്പമെത്താന്‍ പാടുപെടുന്ന ഇടതുകാല്‍... കളിമനസ്സിന്‍റെ കളിവീഴ്ചയില്‍ കുഴഞ്ഞുവീണ ബാല്യം. ശരീരത്തിന്‍റെ തളര്‍ച്ച കാലുകളെ നിശ്ചലമാക്കി. മുറിവൈദ്യന്മാരുടെയും മുഴുവൈദ്യന്മാരുടെയും കുറിപ്പടികളില്‍ ഒരുവിധം ഏന്തിവലിച്ചു നടക്കനെങ്കിലും ആയാല്ലോ എന്നാശ്വസിക്കുന്ന പാവം മാതാപിതാക്കള്‍ . ബലിഷ്ടമായ ഇരുകാലുകളും ഉറച്ചുവെച്ചു നടന്നാല്‍ തന്നെ താഴെ വീണുപോകുന്ന ഒരു ലോകത്ത് ഏന്തിവലിച്ചുള്ള നടത്തം കൊണ്ട് ദൂരങ്ങള്‍ എങ്ങിനെ താണ്ടുമെന്നു പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവര്‍ ചിന്തിച്ചു കാ ണില്ല.
ചതുപ്പ് കഴിഞ്ഞ് പുഴ .. തെളിനീരോഴുക്കുന്ന പുഴ. നേരിയ ഓളങ്ങളില്‍ ജീവിതത്തിന്‍റെ നരകയാതനകളെ മറന്നു ചിരിക്കുന്ന പുഴ,പാല്‍പ്പത പോലെ വെളുത്ത നുരകള്‍ തീര്‍ക്കുന്നു. പുഴയുടെ പ്രഭവകേന്ദ്രമായ മലനിരകള്‍ .. അവിടെ ജീവിതത്തിന്‍റെ പച്ചപ്പുകള്‍. അതിനുമപ്പുറം ഉദിച്ചുയരുന്ന സൂര്യന്‍. അയാളുടെ ലക്‌ഷ്യം അതായിരുന്നു. തന്‍റെ ഇടതുകാലിനെ അയാള്‍ സഹതാപത്തോടെ നോക്കി. ഒന്നേമുക്കാല്‍ ഇഞ്ചിന്‍റെ വലുപ്പക്കുറവ് അയാളുടെ മനസ്സിനെ വല്ലാതെ അലട്ടി. വലതു കൈപ്പത്തികൊണ്ട് ശോഷിച്ച ഇടതുകാലിനെ സ്നേഹമസൃണമായി തലോടി.
ചതുപ്പില്‍ കാലുകള്‍ നീട്ടിവെയ്ക്കാന്‍ അയാള്‍ ആയാസപ്പെട്ടു. അകലങ്ങളില്‍ എവിടെയോ ഒരു പുഴ ഉണ്ടായിരിക്കണം. അതിന്‍റെ തെളിനീരില്‍ കാലുകള്‍ ഇറക്കിവെക്കണം. മാലിന്യങ്ങളെ ഒഴുക്കി കളയാനുള്ള ശേഷി പുഴയ്ക്കുണ്ടായിരിക്കുമെന്നു എവിടെയോ കേട്ടതായി ഓര്‍മ്മ വന്നു. ഇടതുകാല്‍ ഏന്തിവലിച്ചാണെങ്കിലും വലതുകാലിനൊപ്പമെത്താന്‍ പാടുപെട്ടു. പുഴ ഒരുപാട് പ്രതീക്ഷകളാണ് .. അസുരവാദ്യങ്ങളുടെ അകമ്പടികളില്ലാതെ മേളങ്ങളില്ലാതെ ഒരു പുല്ലാങ്കുഴല്‍ വാദനമാണ് പുഴ.
കാലുകള്‍ കഴയ്ക്കുന്നു . വലതുകാലിന് കൂടുതല്‍ അദ്ധ്വാനമുണ്ടായത് കൊണ്ടായിരിക്കണം അതിനു കുറേശ്ശ നീര് വെച്ചിരിക്കുന്നു. ദൂരമിനിയും ഏറെ താണ്ടണം ചതുപ്പു നിലങ്ങള്‍ കഴിഞ്ഞുവേണം പുഴയെത്താന്‍. പുഴയുടെ നേര്‍ത്ത മര്‍മ്മരങ്ങള്‍ക്കായി അയാള്‍ കാതുകള്‍ കൂര്‍പ്പിച്ചു. വെയിലിനു കാഠിന്യമേറി ..സൂര്യന്‍ അതിന്‍റെ സര്‍വ്വ പ്രതാപത്തോടെ തലക്കുമീതേ കത്തിനിന്നു. തൊണ്ട വരളുന്നു, കുടിക്കാനിത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍ അയാള്‍ ആശിച്ചു. ദൂരെ ഉണങ്ങിയ ചുള്ളികളില്‍ വെളുത്ത കൂട്ടം. അതിജീവനത്തിനായി ദേശാന്തരങ്ങള്‍ താണ്ടിവന്ന കൊറ്റികളാണ് അത്. അയാളുടെ മനസ്സില്‍ സമാശ്വാസത്തിന്‍റെ തളിരുകള്‍ വിടര്‍ന്നു. ആ കൊറ്റികള്‍ താണ്ടിയത്രയൊന്നും ദൂരം താന്‍ താണ്ടിയില്ലല്ലോ. ജീവിതത്തില്‍ അവരനുഭവിച്ച ദുരിതങ്ങള്‍ വെച്ചു നോക്കുമ്പോള്‍ താനെത്ര ഭാഗ്യവാന്‍. ഇടതുകാല്‍ വലതുകാലിനോട് മന്ത്രിച്ചു. വലതുകാല്‍ മുന്നോട്ടേക്കാഞ്ഞു നടത്തം തുടര്‍ന്നു.ഒപ്പം വേദന കടിച്ചമര്‍ത്തി ഇടതുകാലും.
സ്കൂള്‍ അസ്സംബ്ലിയില്‍ തലകറങ്ങി വീണ പാവം പയ്യന് ചുറ്റും കൂടിനിന്ന അദ്ധ്യാപകരുടെയും സഹപാഠികളുടെയും മുഖത്തെ സഹതാപത്തിന്‍റെ ഔദാര്യം ദൈന്യതയോടെ അവന്‍റെ കണ്ണുകള്‍ ഏറ്റുവാങ്ങി. അവിടുന്നിങ്ങോട്ട് ജീവിതത്തില്‍ ഓരോചുവടുകള്‍ വെയ്ക്കുമ്പോഴും വീഴ്ചയുടെ ഗര്‍ത്തങ്ങള്‍. എന്നും സഹതാപത്തിന്‍റെ മനംമടുക്കുന്ന കാഴ്ചകള്‍ വിരക്തിയിലേക്ക് അയാളില്‍ അത് ചാലുകള്‍ കീറിയിട്ടു. രക്ത ഓട്ടം കുറഞ്ഞ് മസ്സില്‍ കട്ടപിടിച്ച് , പാദം വളഞ്ഞു വിരലുകള്‍ ചുരുങ്ങി ഇടതുകാല്‍ ജീവിതത്തിന്‍റെ നേര്‍പരിചേദമായി നിലകൊണ്ടു. ഇടറിയാണെങ്കിലും വലതുകാലിന്‍റെ പൂര്‍ണ്ണപിന്തുണയോടെ അയാള്‍ മുന്നോട്ടേക്ക് ആഞ്ഞുവലിച്ചു നടന്നു. വീഴുന്നെങ്കില്‍ വീഴട്ടെ ,, പുഴയെത്തിരുന്നെങ്കില്‍, ആ തെളിനീരിന് തന്‍റെ ഇടതുകാലിന്‍റെ സ്വധീനക്കുറവു മാറ്റാനാവുമെന്ന ഒരു പ്രതീക്ഷ മനസ്സില്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. ഒരു ദിവസം വലതുകാലിനെ പോലെ ഇടതുകാലും ഗതികളെ നിയന്ത്രിക്കുമെന്ന് അയാള്‍ കരുതിയിരുന്നു.
ഇടതുകാലിലെ നീളം കുറഞ്ഞ തള്ളവിരലിനെ നോക്കി അയാള്‍ ആത്മഗതം ചെയ്തു. മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍ എന്നീ നിലകളില്‍ ആടിക്കൊണ്ടിരിക്കുന്ന വേഷങ്ങള്‍ ഒരളവു വരെയെങ്കിലും പൂര്‍ണ്ണതയിലെക്കെത്തിക്കാന്‍ തന്നെക്കൊണ്ട് കഴിഞ്ഞിട്ടുണ്ടോ ? മൂക്കില്‍ കരിന്തിരി കത്തുന്ന മണം അടിച്ചു കയറി. വെളുത്ത കൊറ്റികള്‍ ആകാശത്തെ ലക്ഷ്യമാക്കി ചിറകുകള്‍ വിടര്‍ത്തി.അതുണ്ടാക്കിയ ചെറുകാറ്റ് അയാളില്‍ ചലനമുണ്ടാക്കി.. വലതുകാല്‍ മന്ത്രിച്ചു, പുഴയാണ് നമ്മുടെ ദൂരം . അതിന്‍റെ തെളിനീരിന് മാത്രമേ നിന്നെ രക്ഷപ്പെടുത്തുവാന്‍ പറ്റൂ, നടക്കുക എന്നോടൊപ്പം. ഏന്തിയാണെങ്കിലും ഇടതുകാല്‍ ആവേശം കാണിച്ചു.
നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്ന ആകാശത്തു പൂര്‍ണ്ണചന്രന്‍ പാല്‍പ്പുഞ്ചിരി തൂകി നിന്നു. ഞണ്ടുകള്‍ മാളങ്ങളില്‍ നിന്നും പതുക്കെ തല പുറത്തേക്കിട്ടു. അപഥ സഞ്ചാരം പോലെ ഞണ്ടുകള്‍ കൂട്ടമായി പുറത്തേക്ക് നീങ്ങി. കൂട്ടത്തില്‍ മുന്നിലേക്ക് നീങ്ങുവാന്‍ ആവേശം കാണിക്കുന്ന വലിയ ഞണ്ടിന്‍റെ കൈകാലുകള്‍ പിറകോട്ടു വലിച്ച് മറ്റു ഞണ്ടുകള്‍ തടസ്സങ്ങള്‍ ഉണ്ടാക്കി. ഒച്ചത്തില്‍ ഓരിയിട്ടടുക്കുന്ന കുറുനരികള്‍ അയാളില്‍ ഭീതി ജനിപ്പിച്ചു. അവരുടെ തീപാറുന്ന ചുവന്ന കണ്ണുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അയാള്‍ താഴെ ചതുപ്പു നിലങ്ങളിലേക്ക് നോക്കി. മനസ്സില്‍ വീണ ഭീതി അതിനയാളെ അനുവദിച്ചില്ല.. ഇരയുടെ കണ്ണുകളിലെ ദൈന്യതയായിരിക്കണം ഏറെ നേരത്തെ ഒച്ചവെക്കലിനു ശേഷം കുറുനരികള്‍ പിന്‍വാങ്ങി . അല്ലെങ്കില്‍ ഒരുപക്ഷെ തന്നോട് ഔദാര്യം കാണിച്ചതായിരിക്കണം എന്നയാള്‍ ഊഹിച്ചു. തന്‍റെ ജീവിത യാത്രയിലെ അനുഭവങ്ങളുമായി ഞണ്ടുകളുടെയും കുറുനരികളുടെയും സാന്നിദ്ധ്യത്തെ അയാള്‍ തുലനം ചെയ്തു. ഉള്ളില്‍ ഒരു ചെറു ചിരി പടര്‍ന്നു. ഉള്ളം കാലിലേക്ക് തണുപ്പ് അരിച്ചുകയറി. പൂത്ത കണ്ടലുകളില്‍ നിന്നും നേര്‍ത്ത സൗരഭ്യം അന്തരീക്ഷത്തിലേക്ക് കാറ്റ് കൊണ്ടുവന്നു.അയാള്‍ അത് മൂക്കിലേക്ക് വലിച്ചു കയറ്റി. പ്രതീക്ഷകളുടെ ശീതിമ മനസ്സില്‍ ചെറു ഓളങ്ങള്‍ ഉണ്ടാക്കി. പുഴയെത്താറായി എന്നു തോന്നുന്നു. അയാള്‍ തന്‍റെ വലിയ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ത്തി. പ്രവാസത്തിന്‍റെ നാളുകള്‍ അവസാനിക്കാറായി എന്ന സന്തോഷം അയാളുടെ മുഖത്തെ പേശികളില്‍ അയവ് വരുത്തി.
മുന്നോട്ടെക്കാഞ്ഞ തന്‍റെ കഴുത്ത് നിവര്‍ത്തുന്നതിനായി ഒരു വിഫലശ്രമം നടത്തി, കഴുത്തില്‍ കുനിഞ്ഞു താഴുന്ന തല ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. പുഴയെത്തണം.. ആ തെളിനീരില്‍ മുങ്ങിക്കുളിക്കണം . അരിഷ്ടതകള്‍ നിറഞ്ഞ ശരീരത്തില്‍ നിന്നും മുക്തി നേടണം. നിവര്‍ന്നൊന്നു ആകാശത്തെയും നക്ഷത്രങ്ങളെയും നോക്കികാണണം. ജീവിതത്തിന്‍റെ പുതിയ തൈ നട്ടുപ്പിടിപ്പിക്കണം .. ശിഖരങ്ങള്‍ ഉയര്‍ത്തി ചുറ്റുപാടിന് തണല്‍ പകരണം. ആഗ്രഹങ്ങള്‍ ചിന്തകള്‍ വിടര്‍ത്തി. പുഴയുടെ നേര്‍ത്ത മര്‍മ്മരങ്ങള്‍ കാറ്റായി കാതുകളിലേക്ക് വന്നെത്തി. മര്‍മ്മരങ്ങള്‍ക്കപ്പുറം അതൊരു സീല്‍ക്കാരമമായി, തലയോട്ടിക്കകത്ത് തണുത്തുറഞ്ഞ രക്തത്തെ ചൂടുപിടിപ്പിച്ചു. അയാള്‍ കിഴക്കോട്ടു നോക്കി പുതിയ സൂര്യന്‍റെ പിറവിക്കായി...
രണ്ട്
തെളിനീരോഴുകുന്ന പുഴ
തെളിനീരോഴുകുന്ന പുഴ
പോസ്റ്റ് പോളിയോ മെലറ്റീസിന്‍റെ അസ്വസ്ഥതകള്‍ നിറഞ്ഞ കാലുകളും ശരീരവും. വലതു ഭാഗം അല്‍പ്പം കുനിഞ്ഞു ചെരിഞ്ഞ നടത്തം തന്നെ, താണ്ടിയ ജീവിതശോഷിപ്പിന്‍റെ ചാരനിറത്തിലുള്ള ഫലിത കാര്‍ട്ടൂണായി നിലകൊണ്ടു. ഐറ്റീസ് , മൈല്യോസ് എന്നീ ഗ്രീക്ക് പദങ്ങളില്‍ തഴച്ചിട്ട ജീവിതത്തിന്‍റെ നീര്‍ക്കെട്ടുകളെ അയാള്‍ വേദനയോടെ സഹിച്ചു. ആവേശവും ആഘോഷവുമില്ലാതെ പുഴ ശാന്തയായി ഒഴുകുകയാണ്. കണ്ണാടി പോലെ പ്രതിബിംബങ്ങള്‍ ഉണ്ടാക്കുന്ന തെളിനീരിന് ചാരനിരത്തിന്‍റെ അംശമേതുമില്ല. മൈല്യോസ് എന്ന അതിന്‍റെ സ്പൈനല്‍കോഡിനെ വൈറസ്സുകളില്‍ നിന്നും കാക്കുന്നത് കണ്ടല്‍ക്കാടുകള്‍ ആയിരിക്കണം. ചാരനിറത്തില്‍ നിന്നും കടുത്ത വര്‍ണ്ണങ്ങളിലെക്കുള്ള വഴി അയാളുടെ സ്വപ്നങ്ങളില്‍ നിറഞ്ഞു. പുഴയുടെ നേര്‍ത്ത പാട്ട് അയാളുടെ ആതുരതകള്‍ക്കും ആകുലതകള്‍ക്കും അല്‍പ്പം ശമനമുണ്ടാക്കി.
അയാള്‍ ഒരു പാറമേല്‍ ഇരുന്നു, തുടര്‍യാത്രക്ക് മുമ്പ് അല്‍പ്പം വിശ്രമം. കാലുകള്‍ ഒഴുകുന്ന വെള്ളത്തിലേക്ക് നീട്ടിയിട്ടു. കാന്തിക സ്പര്‍ശം പോലെ കുളിര് കാല്‍പാദം മുതല്‍ തലയുച്ചി വരെ പടര്‍ന്നു. ചെറുമീനുകള്‍ ഇടതുകാലിന്‍റെ സന്തുക്കളില്‍ കൊത്തിപ്പറിച്ചു. ആ നേരിയ വേദന വൈദ്യുതോര്‍ജ്ജമായി സിരകളെ ഉത്സാഹത്തിലാക്കി. കട്ടപിടിച്ച രക്തം ധമനികളിലൂടെ തലച്ചോറിലേക്ക് ഒഴുകുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. മനസ്സില്‍ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ വിരിഞ്ഞു.അയാള്‍
സൂര്യഭഗവാനെ ധ്യാനിച്ചു . പുഴയെ നോക്കി..ഉപകാര സ്മരണയ്ക്ക് നന്ദി സൂചകമായി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.
നുരഞ്ഞു പൊങ്ങുന്ന പാല്‍പ്പതകള്‍ മനസ്സിലേക്ക് വെള്ളിവെളിച്ചം തൂകി. അതിന്‍റെ പ്രഭാപുരണത്തില്‍ പോയകാലത്തിന്‍റെ ദൈന്യതകളെ അയാള്‍ മറന്നു. പുഴ ശാന്തിയാണ്... പരിഹാരവും. ഇരുകൈകള്‍ വെള്ളത്തിലാഴ്ത്തി തെളിനീര് കോരിയെടുത്ത് മൂര്‍ദ്ധാവില്‍ ഒഴിച്ചു, പിന്നെ കൈക്കുമ്പിളില്‍ വീണ്ടും വെള്ളമെടുത്ത് വായിലേക്കൊഴിച്ചു.. കേട്ടറിഞ്ഞ ഏതൊക്കെയോ മരുന്നുകൂട്ടുകളുടെ
രുചിഭേദങ്ങള്‍ തൊണ്ട വഴി ആമാശയത്തിലേക്ക് കടന്നുചെന്നു. ഊര്‍ജ്ജം സിരകളുടെ വിഷമാവൃത്തത്തിനു പരിഹാരമായി. തന്‍റെ ഇടതുകാല്‍ ആയാസരഹിതമായി ഉയര്‍ത്തി മലനിരകളിലേക്ക് നോക്കി... മരങ്ങളെ കണ്ടു, പച്ചപ്പട്ട് വിരിച്ച ഇലകളെയും വള്ളി പടര്‍പ്പുകളെയും കണ്ടു. ഇരുണ്ട മേഘങ്ങള്‍ ഒഴിഞ്ഞ ആകാശത്തെ കണ്ടു.
ചാരനിരത്തിന്‍റെ വിരസ വിഹ്വലതകള്‍ മറികടന്ന് മനസ്സില്‍ കുളിര് വീണു. ദൈന്യതകള്‍ക്കപ്പുറമുള്ള ജീവിതത്തിന്‍റെ സുഖശീതളിമയില്‍ മനസ്സ് പറന്നു നടന്നു. ചിറകു വിരിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ ആകാശനീലിമയെ ലക്ഷ്യമാക്കി അയാള്‍ ഉയരങ്ങളിലേക്ക് യാത്ര തുടര്‍ന്നു. ഐറ്റീസെന്ന (നീര്‍ക്കെട്ട്) ഗ്രീക്ക് വാക്കിനു എന്നെന്നേക്കുമായി വിട ചൊല്ലി.തലയുയര്‍ത്തി നട്ടെല്ല് നിവര്‍ത്തി കിഴക്കന്‍ മലനിരകളെ നോക്കി അയാള്‍ ദൂരങ്ങള്‍ താണ്ടി.
(തുടരും)
No comments:
Post a Comment