Tuesday, April 24, 2012

വാക്കത്തി

വാക്കത്തി

കഥ
ടി.സി.വി.സതീശന്‍
...........................................

                 ങ്ങള് ഒന്ന് പോട്‌പ്പാ.. ഞാക്ക് ബേറെ പണീണ്ട്, ഈട്ന്നു പഞ്ചാരേം പറഞ്ഞ് മണപ്പീച്ച് നിക്കാണ്ടെ ഒന്ന് ബേം പോട്‌പ്പാ .. കുഞ്ഞാതിയുടെ വാക്കുകള്‍ കേട്ട് കണാരന്‍ പോയില്ല . അവളുടെ കറുത്തു തടിച്ച ചുണ്ടുകള്‍ കൊത്തിപ്പറിക്കാന്‍ അവന്‍ ആഗ്രഹിച്ചു   .. ങ്ങക്കെന്താ , ഓളും കുട്ട്യോളും ഉള്ളതല്ലേ , ന്നിട്ടും ങ്ങനെ മണപ്പിച്ചോണ്ട്  ന്‍റെ പിന്നാലെ ഇങ്ങനെ നടക്കണ് . കണാരന്‍റെ കണ്ണുകള്‍ അവളുടെ മാറിലേക്ക്‌ പതിഞ്ഞു , കയ്യുകള്‍ അവളുടെ മടിക്കുത്തിനെ ലക് ഷ്യമാക്കി പാഞ്ഞു .
              പുല്ലു വെട്ടിക്കൊണ്ടിരിക്കുന്ന വാക്കത്തി ഉയര്‍ത്തികൊണ്ട് കുഞ്ഞാതി പറഞ്ഞു .. കണാരന്‍ ഇപ്പൊ പോട് , ഞീ ബിചാരിക്കുന്ന സാധനല്ല  ഇത് .കണാരന്‍ ഞെട്ടി , തിളങ്ങുന്ന വാക്കത്തീന്‍റെ മൂര്‍ച്ച അവന്‍റെ കയ്യുകളെ പിറകോട്ടു വലിച്ചു. ഉടുത്തിരുന്ന കോണകത്തിനു നേരിയ നനുപ്പ് അനുഭവപ്പെടുന്നതായി അവന്‍ തിരിച്ചറിഞ്ഞു. മൂര്‍ച്ചയൊഴിഞ്ഞ വയലുകളെ മറികടന്ന് അവന്‍ പടിഞ്ഞാറോട്ടെക്ക് ഓടി .
               ഈ വനിതാ ദിനം ബഹുമാനപ്പെട്ട കളക്ടരുടെ മുന്നില്‍ വെച്ച് ഞാന്‍ ഔപചാരികമായി ഉദ്ഘാടനം  ചെയ്തതായി പ്രഖ്യാപിക്കുന്നു . തന്‍റെ ഞാന്നുതൂങ്ങിയ മുലകള്‍ക്ക് മീതെ രണ്ടാം മുണ്ട് ഒന്നുകൂടി കുടഞ്ഞിട്ട് കുഞ്ഞാതി പറഞ്ഞു . ടൌണ്‍ ഹാളില്‍ തിങ്ങി നിറഞ്ഞിരുന്ന മഹിളാ രത്നങ്ങള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു . കുഞ്ഞാതിയെ കണ്ടു പഠിക്കണം , അവര്‍ ആവേശത്തോടെ വിളിച്ചു കൂവി. സംഘാടകര്‍ കുഞ്ഞാതിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ ചൂടപ്പം പോലെ വിറ്റ് കാശാക്കി അവരുടെ പോക്കറ്റുകള്‍ നിറച്ചു .
               നമ്മുടെ മുഖ്യാഥിതി കുഞ്ഞാതിയെ അനുമോദിക്കുന്നതിനും പൊന്നാട ഇട്ട് ആദരിക്കുന്നതിനുമായി നമ്മുടെ ബഹുമാന്യനായ കളക്ടറെ ക്ഷണിക്കുന്നു ..ട്യൂണ്‍ ചെയ്ത ശബ്ദത്തില്‍ പ്രോംപ്റ്റര്‍ പറഞ്ഞു . ഇരുകൈകള്‍ കൂപ്പി ,എളിമയോടെ സദസ്സിനെ വന്ദിച്ച് കളക്ടര്‍ എഴുതിക്കൊടുത്ത കടലാസിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കായി തപ്പി .. അവ്വര്‍ കുഞ്ച്  ജാതീ ഈസ് സോ ഗ്രെയിറ്റ് . കനാരമ്മാര്‍ ഒറുപാട് ഉണ്ടൂ ഈ സമൂഹത്തില്‍ , അബിടെയാണ്‌ കുഞ്ച് ജാതി ഗ്രെയിറ്റ് ആവുന്നത് . പെന്നുങ്ങള്‍ ആയാല്‍ ഇങ്ങനെ ബേണം ...  അതുകൊണ്ടൂ നിങ്ങള് സകൊദരിമാര്‍ കുഞ്ച് ജാതിയെ കണ്ടു പടിക്കണം . പൊന്നാട അണിയിക്കുന്നതിനിടയില്‍ കളക്ടരുടെ കൈവിരല് അറിഞ്ഞും അറിയാതെയുമായി  കുഞ്ഞാതിയുടെ ഞാന്നു കിടക്കുന്ന മുലകളില്‍ തൊട്ടു .
                       കുഞ്ഞാതിയുടെ കണ്ണുകളില്‍ തീ പാറി , അവര്‍ വാക്കത്തിക്കായി അരയില്‍ പരതി നോക്കി .  അപ്പോഴാണ്‌ കേണല്‍ നായരുടെ ഭാര്യയും ക്ലബ്ബ് സെക്രട്ടറിയുമായ ബോബ് ചെയ്ത മുടിയുള്ള സുകേശിനി മാഡം പറഞ്ഞ വാക്കുകള്‍ അവള്‍ക്ക് ഓര്‍മ്മ വന്നത് . 'സം സെക്യൂരിറ്റി പ്രോബ്ലംസ് ഈസ്‌ ദേര്‍' , അതങ്ങട് കൊടുത്തേക്കൂ പോമ്പം തിരിച്ചു വാങ്ങാം .  കുഞ്ഞാതി തന്‍റെ വാക്കത്തി മനസ്സില്ലാ മനസ്സോടെ മുന്നില്‍ കണ്ട പോലീസുകാരന് വെച്ചുനീട്ടി . സ്വതേ തുടുത്ത കളക്ടറുടെ മുഖം ഒന്നുകൂടി ചുവത്തു ,  ചുവത്ത ആ മുഖത്തുനിന്ന് വിയര്‍പ്പ് അണപൊട്ടി . കുഞ്ഞാതി ഉള്ളാലെ ചിരിച്ചു .. മറ്റൊരു കണാരന്‍ .
താരന്‍റെ അസ്കിത ആയിരിക്കണം സുകേശിനി മാഡം കളക്ടറെ നോക്കി തലചൊറിഞ്ഞു . സദസ്സ് കരഘോഷങ്ങള്‍ മുഴക്കി സുകേശിനിയെ പ്രോത്സാഹിപ്പിച്ചു .
കുഞ്ഞാതിക്ക് നല്ല കാച്ച്യെണ്ണയെടുത്ത്‌ ആയമ്മയുടെ തലേല്‍ തിരുമ്പി കൊട്ക്കാന്‍ തോന്നി . കയ്യൂന്നിയും തുളസിയും
കുരുമുളകും നല്ല വെളിച്ചെണ്ണയില്‍ ഇട്ട് ആറ്റി  കുറുക്കിയ എണ്ണ തലേല്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ നിന്നാ തീരുന്ന പ്രശ്നേ ള്ളൂ . ആ കസവ് പട്ടില്‍ പൊതിഞ്ഞ ചന്ദന വര്‍ണ്ണം ഇങ്ങിനെ പേന്‍ കടിച്ചും താരന്‍ കടിച്ചും തല ചൊറിയുന്നത് കാണുമ്പോ ഒരു സങ്കടം .
                        തെരുവില്‍ വാക്കത്തി വില്‍ക്കുന്ന കുഞ്ഞാവറാന്‍റെ ചെവിയില്‍ വനിതാ ദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആരോ പറഞ്ഞു . വാക്കത്തിയുടെ വിപണന സാധ്യത ആ ചെറിയ തലക്കകത്ത് കടന്നല്‍ക്കൂട്ടങ്ങളായി . സെമിനാറും മീറ്റിങ്ങും ടൌണ്‍ ഹാളില്‍ നടക്കുന്നുണ്ടത്രേ .. അവന്‍ ഒരു സുനാമി കച്ചവടത്തിനായി അങ്ങോട്ട്‌ തിരിച്ചു . ഹാളിനു പുറത്ത് തരുണീമണികളോട്, അവന്‍ സ്വയം സുരക്ഷയെ കുറിച്ച് പറഞ്ഞു ,വാക്കത്തിയുടെ ആവശ്യത്തെ കുറിച്ച് പറഞ്ഞു . കുഞ്ഞാതിയെ ബ്രാന്‍ഡ് അംബാസഡര്‍ ആയി വാഴ്ത്തി പാടി . തരുണികള്‍ ക്യൂ നിന്ന് ഊഴമനുസരിച്ച് അവന്‍റെ കയ്യില്‍ നിന്നും വാക്കത്തികള്‍ ചോദിച്ചു വാങ്ങി.
              സെക്യൂരിറ്റി വന്ന മീശയില്ലാത്ത ഏതോ ഒരു ഓഫീസര്‍ വന്ന് കളക്ടറുടെ കാതില്‍ കുശുകുശുത്തു .. കളക്ടറുടെ മുഖം കൂടുതല്‍ ചുവന്നു. അരം രാകിയ വാക്കത്തിയുടെ മൂര്‍ച്ചയ്ക്ക് മുന്നില്‍ കഴുത്തു നീട്ടിക്കൊടുക്കുമ്പോള്‍ ഉള്ള സമ്മര്‍ദ്ധവും നിസ്സഹായതയും ആ ഐ .എ . എസ് തലയില്‍ കടന്നല്‍കൂട് ഇളക്കി ,  'സം സെക്യൂരിറ്റി പ്രോബ്ലംസ് ഈസ്‌ ഹിയര്‍.. വാക്കത്തി വില്‍ക്കുകയോ , വാക്കത്തി കൈവശം വെക്കുകയോ ചെയ്യുന്നത് കുറ്റകരമാണ് .. ' കളക്ടര്‍ ഉത്തരവിട്ടു . പോലീസുകാര് വന്ന് കുഞ്ഞാവറാനെ തൂക്കിയെടുത്തു. അവന്‍റെ നാഭിയില്‍ ആഞ്ഞുകുത്തിയ കൈക്കരുത്തില്‍ കുഞ്ഞവറാന്‍ കുഴഞ്ഞു വീണു .
                 സുകേശിനി മാഡം വീണ്ടും തലചൊറിഞ്ഞു . ഹാളിനും പുറത്തും ഇരിക്കുന്ന പെണ്ണുങ്ങള്‍ ദയവു ചെയ്ത് അവരുടെ കയ്യിലുള്ള വാക്കത്തികള്‍ സെക്യൂരിറ്റിക്കാരെ ഏല്‍പ്പിക്കുക , നാട്ടിന്‍റെ സമാധാനം കാത്തു രക്ഷിക്കുക . കളക്ടര്‍ സുകേശിനിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് സന്തോഷം പങ്കിട്ടു. പുറത്ത് കേണല്‍ നായര്‍ ഇത് കണ്ടു അഭിമാനം കൊണ്ടു .
                           അങ്ങിനെ ഉജ്ജ്വലമായ ഒരു വനിതാ ദിനം കൂടി കടന്നുപോയിരിക്കുന്നു , പങ്കെടുത്ത എല്ലാ വനിതാ രത്നങ്ങള്‍ക്കും നന്ദി . യോഗം പിരിച്ചു വിട്ടിരിക്കുന്നു , ഇനി നമുക്ക് അടുത്ത വനിതാ ദിനത്തില്‍ കാണാം .. മൈക്കിലൂടെ അനൌന്‍സുമെന്റ് വന്നു .
ആളുകള്‍ പോകാന്‍ തിടുക്കം കൂട്ടി.  കുഞ്ഞാതി ഉച്ചത്തില്‍ അലറി .. ന്‍റെ വാക്കത്തി തന്നിട്ട് പോ.. ന്‍റെ മക്കളെ , അവളുടെ കണ്ണുകളില്‍ തീ നാളങ്ങള്‍ ഉരുണ്ടുകൂടി .
പേന്‍ ചൊറിയുന്ന ആ വലിയ തലയ്ക്കു പിന്നാലെ കുഞ്ഞാതി ഓടി .. അതാ , ഓള് പറഞ്ഞിറ്റാ ന്‍റെ വാക്കത്തി  ഞാള് ഓന്‍റെ കയ്യീ കൊടുത്തത് , ന്നിറ്റ് ഇങ്ങള് കണ്ട്വോ , ഓന്‍റെ കാറ് കണ്ടപ്പം ഓള് കേറി പോയി . കളക്ടറുടെ കൂടെ കാറില്‍ കേറി പോകുന്ന  സുകേശിനിയെ നോക്കി കുഞ്ഞാതി അറിയാവുന്ന തെറികള്‍ നീട്ടിക്കൂവി . കേണല്‍ നായര്‍ അത് കേട്ട് അഭിമാനത്തോടെ ചിരിച്ചു .
        വാക്കത്തികള്‍ എന്ത് ചെയ്യണമെന്നറിയാതെ സെക്യൂരിറ്റിക്കാരന്‍ അത് കയ്യിലും തലയിലും എടുത്തുവെച്ച് വെളുക്കെ ചിരിച്ചു . അങ്ങിനെ കുഞ്ഞാതിയുടെ നിസ്സഹായതയില്‍ അവനും പങ്കുപറ്റി
.         
ആരവങ്ങള്‍ ആസ്വദിച്ച്‌ കൂട്ടത്തില്‍ നിന്നും മാറി നിന്ന കുട്ടി കുഞ്ഞാതിയോട് പറഞ്ഞൂ .. അടുത്ത വനിതാ ദിനത്തിലും അമ്മൂമ്മ വരണം ട്ട്വോ .. അന്ന് അമ്മൂമ്മയുടെ വാക്കത്തി അവര്‍ തിരിച്ചു തരുവാരിക്കും .
....................................................................................................................
..........
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185
.

Monday, April 23, 2012

തെറിച്ച ചിന്തകള്‍

തെറിച്ച ചിന്തകള്‍

കവിത           

ടി.സി.വി.സതീശന്‍
..............................................................

1

ഒട്ടകത്തെ സൂചിക്കുഴിയിലൂടെ കടത്താമോ ?
ചോദ്യം കേട്ട് അച്ഛനമ്പരന്നു .
കാക്ക കുളിച്ചാല്‍ കൊക്കാകുമോ ?
ചോദ്യം വീണത് അമ്മയുടെ നേര്‍ക്ക്‌ .
ഒട്ടകവും സൂചിക്കുഴിയും
കൊക്കും കാക്കയും ഈ മൂന്നു വയസ്സുകാരന്‍റെ
തലയ്ക്കകത്ത് കൂട് വെച്ചതറിഞ്ഞപ്പോള്‍
അമ്മയ്ക്ക് അത്ഭുതം, ന്‍റെ കുട്ടി വളര്‍ന്ന്വല്ലോ
അച്ഛന് അഭിമാനം ..
മോന്‍ വളര്‍ന്ന് ആലുപോലെയായല്ലോ.
അമ്മയുടെ സംശയം ,അച്ഛന്‍റെ സംശയം
സൂചിക്കുഴിയിലൂടെ ഒട്ടകത്തെ കടത്താനാവ്വോ ?
ഉറപ്പില്ല , ഒരുപക്ഷെ പറ്റുമായിരിക്കും അല്ലേ ?
അച്ഛന്‍ ബാഗെടുത്തു , അമ്മ കുടയെടുത്തു
വാ പോകാലോ സ്കൂളിലേക്ക്
മോന്‍ പറഞ്ഞു...
ഇനി ഞാനെന്തു പഠിക്കണം ?
അച്ഛന്‍ പറഞ്ഞു, ശരിയാണ് ..
അമ്മ പറഞ്ഞു , ശരിയാണ് ..
ഇനി അവനെന്തു പഠിക്കണം
എന്തിനു പഠിക്കണം !!

2

ക്ലാസുമുറിയില്‍ ഉറക്കം തൂങ്ങുന്ന
അദ്ധ്യാപകനോട് കുട്ടി ചോദിച്ചു
ഇത് ന്യൂട്രിനോകളുടെ കാലം
ഇതുവരെ പഠിച്ചതെല്ലാം വെറുതെയായല്ലോ മാഷേ?
ഉറക്കച്ചടവില്‍ എഴുന്നേറ്റു നിന്ന് മാഷ്‌ പറഞ്ഞു ,
ആര് ? എന്ത് പഠിച്ചുന്ന്വാ?
പ്രകാശവേഗത്തെക്കാള്‍ വേഗത
ന്യൂട്രിനോകള്‍ക്കാണെന്നു കാലം പറയുന്നു.
കാലന്‍ അങ്ങിനെ പലതും പറയും ..
മാഷ്‌ ഉറക്കത്തിലേക്ക് വീണ്ടും വഴുതി വീണു.
ശുഭനിദ്രേ .. സുഖനിദ്രേ ,എന്നതാണല്ലോ പരമമായ സത്യം.

3

വായനക്കിടയില്‍ പുസ്തകം കുട്ടിയോട് ,
എന്ത് മനസ്സിലായി?
കുട്ടി: ഇല്ലാ , ഒന്നും മനസ്സിലായില്ല .
പിന്നെ നീയെന്തിന് എന്നെ വായിച്ചു ?
അതിനു നിന്നെ വായിച്ചില്ലല്ലോ
നിന്‍റെ താളുകളില്‍ സുന്ദരിയായ
എന്‍റെ പ്രണയിനിയുടെ മുഖം
ഞാന്‍ കാണുകയായിരുന്നു ..
ഓ .., പിന്നേയ്? എന്നിട്ട് നീ എന്ത് കണ്ടു ?
അക്ഷരങ്ങള്‍ പോലെ അവളുടെ മുഖവും മങ്ങുകയായിരുന്നു .
.................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185 .

Wednesday, April 18, 2012

ലൈക്സും കമന്റ്സും നൂറു തികയ്ക്കാന്‍ ..

ലൈക്സും കമന്റ്സും നൂറു തികയ്ക്കാന്‍ ..
 
ടി.സി.വി.സതീശന്‍

..................................................... 


"ഇത് 100 ആക്കണോ...വേണേല്‍ പറയൂ...ഇപ്പൊ പിള്ളേരെ ഇറക്കി നൂറു ആക്കി തരാം..."
ഒരു വഴിവാണിഭക്കാരന്‍റെ അട്ടഹാസമല്ലിത്.. ലോകമെമ്പാടും പ്രചുരപ്രചാരമുള്ള ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിലെ ഒരു ഗ്രൂപ്പിന്‍റെ തലൈവിയുടെ വാഗ്ദാനമാണ് . അതെ 100 എന്നത് കമന്റ്റ്സൊ ലൈക്കോ ആകാം .. ഇത് തന്നെയാണ് മലയാളിയുടെ പ്രശ്നവും . ലോകമെമ്പാടും നവോത്ഥാനത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപകരണങ്ങള്‍  ആകുമ്പോള്‍ ( അറബ് വസന്തവും , വാള്‍ സ്ട്രീറ്റിലെ കലാപവും , ഇങ്ങ് ഇന്ത്യയില്‍ മുല്ലപ്പെരിയാറും , അണ്ണാ ഹസാരെയും മറ്റും നവമാധ്യമങ്ങളിലൂടെ നന്നായി ചര്‍ച്ച ചെയ്യപ്പെട്ടത് ഓര്‍ക്കുക ), എഴുത്തുകാരനും പത്രാധിപനും ഒരേസമയം ആകുവാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന  നവ മാധ്യമങ്ങളെ എങ്ങിനെ സാമൂഹ്യ പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ ആകും എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നതെ ഇല്ല . പൊതുവേ കണ്ടുവരുന്ന പ്രവണത ഒരു സ്ഥലത്തിന്‍റെ പേരില്‍ ഒട്ടനവധി ഗ്രൂപ്പുകള്‍ ..  ഉത്സവപറമ്പിലെ നാട കുത്തുകാരന്‍റെ കൌശലത്തോടെ ,കയ്യൊതുക്കത്തോടെ ... ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മസ്സിലുകളില്‍ വേദന നിറക്കുന്ന ഫലിതങ്ങള്‍ പോസ്റ്റ് ചെയ്തു കയ്യടി വാങ്ങി , നേരത്തെ പറഞ്ഞ 100 ഉം  200 സംഘടിപ്പിച്ച് സംതൃപ്തരായി മടങ്ങുന്ന ഒരു ആശ്രിതക്കൂട്ടം . മലയാളിയുടെ മറ്റൊരു ദുശ്ശീലമായി മാറുകയാണോ ഇന്ന് ഫെയ്സ്ബുക്കും ട്വിറ്ററും  മറ്റിതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളും . ഒരു സ്ഥലത്തിന്‍റെ, ഒരു വസ്തുവിന്‍റെ  പേര് ഒരു ഗ്രൂപ്പിന് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട് , ആ ഗ്രൂപ്പിനെ കൊണ്ട് ആ പ്രദേശത്തിന് , ആ വസ്തുവിന് ,അവിടുത്തെ ജനങ്ങള്‍ക്ക്‌, വല്ല പ്രയോജനവും നല്‍കാന്‍ കഴിയുമോ എന്നത് , പിന്നെ ആ നാട്ടിന്‍റെ ദൈനംദിനതയില്‍, അവര്‍ നേരിടുന്ന പാരിസ്ഥികവും രാക്ഷ്ട്രീയപരവും സാമൂഹ്യപരവുമായ  അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമോ എന്ന നിലക്കുള്ള ഒരന്വേഷണം . ചുരുങ്ങിയ പക്ഷം ഒരു മാധ്യമമെന്ന നിലയിലേക്കെങ്കിലും ഉള്ള സാധ്യതകള്‍ എങ്കിലും ആരാഞ്ഞുകൂടേ . ഒഴിവുവേളകളിലെ പൊങ്ങച്ചത്തിന് ഒരിടം എന്നതിലെക്കപ്പുറം നാം ഇത്തരം കൂട്ടായ്മകളെ ഉപയിഗപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു . ആളാകാനും ആശ്രിതരെ ചമയ്ക്കാനും  എന്തെങ്കിലും ഗ്രൂപ്പ് തുടങ്ങിയാല്‍ പോരേ?
നാട്ടിന്‍റെ പേരില്‍ തുടങ്ങി നാടിന്‍റെ പൈതൃകത്തെ , പാരമ്പര്യത്തെ വെറുതെ അതിലേക്ക് വലിച്ചിഴക്കുന്നതെന്തിനാ ..?
ദേശീയ മുഖ്യധാര മാധ്യമങ്ങളില്‍ പലതും  ഫോര്‍ത്ത് സ്റ്റെയിറ്റാവാന്‍ വെമ്പല്‍ കൊള്ളുകയും ബദല്‍ മാധ്യമങ്ങള്‍ ഏതാണ്ട് മൃതതുല്യയാവസ്തയില്‍ ആയിരിക്കുകയും ചെയ്തിരിക്കുന്ന സമീപകാല യാഥാര്‍ത്യത്തില്‍  നവ മാധ്യമങ്ങള്‍ക്ക് സമൂഹ പരിഷ്കരണത്തില്‍ വലിയ ഒരിടം തന്നെയുണ്ട് . അത് തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാതെ  പച്ചമാങ്ങയുടെ അശ്ലീലചുവയുള്ള  ചുറ്റുപാടുകളിലും മറ്റും നിന്ന് തിരിയുകയാണ് നാം മലയാളികള്‍ . ചക്ക മുതല്‍ കൊമ്പന്‍ചെരങ്ങയുടെയും  പഴയ ഓലക്കുടയുടെയും പഠങ്ങളിട്ടു കളിച്ചു രസിക്കയും നൊസ്റ്റാള്‍ജിയയുടെ പേരുപറഞ്ഞ് മുഖം കാലുകള്‍ക്കിടയില്‍ പൂഴ്ത്തി ഉറങ്ങുകയുമാണ് വാസ്തവത്തില്‍ നാം ചെയ്യുന്നത് .
വേണം ഇതിലൊരു മാറ്റമെന്ന് മലയാളികള്‍ ആഴത്തില്‍ ചിന്തിക്കുകയും നവമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ അത് ഇത്തിരി ഗൌരവത്തോടെയും ആയിരിക്കണമെന്ന് ഒരപേക്ഷ കൂടി ഇതോടൊപ്പം വെക്കുന്നു .
......................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185

Monday, April 16, 2012

കഴുത പുരാണം

കഴുത പുരാണം
..............................
കുതിരെയെക്കാള്‍ കൂടുതല്‍ ബുദ്ധി കഴുത്യ്ക്കാണ് എന്ന ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തലുകള്‍ കേട്ടപ്പോള്‍ ശശാങ്കന്‍ എന്ന കഴുതയ്ക്ക് ചിരി വന്നു . കഴുത ചിരിക്കുകയാണോ കരയുകയാണോ പതിവ് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ന്യായമായും സംശയം കണ്ടേക്കാം . ഒരുപാട് ബുദ്ധി മിച്ചമുള്ള  നിങ്ങള്‍,  നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് അതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം അതിന് ഈ കഴുതകള്‍ ഒരു തടസ്സമാകുന്നേ ഇല്ല .
 ശശാങ്കന്‍ ചിരിച്ചപ്പോള്‍ മറ്റു കഴുതകളും കൂടെ ചിരിച്ചു . അവരുടെ നീണ്ട ചെവികള്‍ താളത്തില്‍ ചലിച്ചു . കൂട്ടത്തിലുള്ള കഴുത മറ്റൊരു കഴുതയുടെ കാതില്‍ ചോദിച്ചു .. എന്തിനാ നമ്മള്‍ ചിരിച്ചേ ? അപരന്‍ കൈമലര്‍ത്തി . അവരുടെ കാതുകള്‍ പരസ്പരം സംശയം കൈമാറി . ഒരു ഉത്തരത്തിലേക്കെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല . ശശാങ്കന്‍ ചിരിച്ചു അതുകൊണ്ട് നമ്മളും ചിരിച്ചു , എന്ന ലളിത സത്യത്തില്‍ അവര്‍ അവരുടെ സംശയത്തെ പിടിച്ചു കെട്ടി .
കഴുതകള്‍ എന്നും അങ്ങിനെയാണ് , മറ്റു കഴുതകളുടെ  വേദനകളിലും സന്തോഷങ്ങളിലും അവര്‍ ഉപാധികളില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നു. വിഴുപ്പുകള്‍ പേറുക എന്നതില്‍ അവര്‍ ഇന്നേവരെ ഒരു മടിയും കാണിച്ചിരുന്നില്ല . അവര്‍ക്കറിയാം നിങ്ങള്‍ മനുഷ്യരെ പോലെ കുശുമ്പും കുന്നായ്മയും പറഞ്ഞു ഒരു ദിവസം പണിയെടുക്കാതിരുന്നാല്‍  ഈ നാട്ടിന്‍റെ സ്ഥിതിയെന്താവും ? അല്ലെങ്കില്‍ തന്നെ വിഴുപ്പുകള്‍ കൊണ്ട് നിറഞ്ഞു ശ്വാസം മുട്ടുന്ന ഈ ലോകത്ത് വിഴുപ്പുകള്‍ ഇനിയും കുമിഞ്ഞു  കൂടിയാല്‍ ..? രാജഭാര ചിന്തകള്‍ കൊണ്ട് അവരുടെ കഴുത്ത് വീണ്ടും കുനിഞ്ഞു . അനുസരണയെന്നോ അറിവില്ലായ്മയെന്നോ മനുഷ്യര്‍ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ , ഭാണ്ടങ്ങള്‍ ഓരോന്നായി എടുത്തു വെച്ചു കൊണ്ട് ശശാങ്കന്‍ പറഞ്ഞു .. നമുക്ക് നമ്മുടെ ജോലി തുടരാം .
ബഹുസ്വരങ്ങളായ ചില സത്വങ്ങള്‍ അങ്ങിങ്ങായി മുറുമുറുക്കുന്നതും കൂട്ടം ചേരുന്നതും മൈത്രേയന്‍ എന്ന കുതിരയെ ആശങ്കപ്പെടുത്തി . സത്വങ്ങളിലുള്ള പ്രതിസന്ധിയെ മറികടക്കാന്‍ അവര്‍ തല വശം ചെരിക്കയും ഒരേ തരത്തിലുള്ള ചിന്തകളില്‍ വ്യാപ്രുതരാവുകയും  ചെയ്യുന്നതായി മൈത്രേയന് തോന്നി .  അവയുടെ മൂളലുകളും മുക്രയിടലുകളും പതിവുപോലെ കേവല സഹനത്തിന്‍റെതോ നിസ്സഹായതയുടെതോ ആയി തോന്നിയില്ല . പൊഴിഞ്ഞു വീണ പൂടകളെ പെറുക്കിയെടുത്ത് മൈത്രേയന്‍ വേവലാതിപ്പെട്ടു . ശശാങ്കന്‍റെ കരച്ചിലിനെ വെറും കരച്ചിലായി കാണാനാവില്ല . അതിലെ ചിരിയുടെ മുഴക്കം മൈത്രെയനില്‍ ഭയപ്പാടിന്‍റെ വിത്തുകള്‍ മുളപ്പിച്ചു . ചരിത്രത്തിന്‍റെ ദശാസന്ധികളില്‍ ഇതിനു മുമ്പും സംഭവിച്ചതുപോലുള്ള എന്തോ കുഴപ്പം വീണ്ടും നടക്കാനിടയുള്ളതായി മൈത്രേയന്‍ മണത്തറിഞ്ഞു .
മുതുകിലെ ഭാരം കൂടുന്നതായി മറ്റു കഴുതകള്‍ ശശാങ്കനോട് പറഞ്ഞു .. ശശാങ്കനും അതു തന്നെ തോന്നി . വംശാവലിയിലും വര്‍ഗ്ഗാവലിയിലും നമ്മളുമായി ഏറെ സാമ്യമുള്ള കുതിരകള്‍ അധികാരത്തിന്‍റെ ചിഹ്നങ്ങളായി മാറുന്നു .. നിഷ്കാമമായ ഈ ചിരിപോലും കഴുത കരച്ചിലായും കാമക്കരച്ചിലായും വ്യാഖ്യാനിക്കപ്പെടുന്നു . മറ്റുള്ളവന് വേണ്ടി എത്ര ഭാരം വേണമെങ്കിലും ചുമക്കാം , എന്നിട്ടുമുള്ള ഈ അവഹേളനം അതാണ്‌ സഹിക്കാന്‍ പറ്റാത്തത് .. കൂട്ടത്തില്‍ ചെറുമയുള്ള കഴുത രോഷം കൊണ്ടു. ശശാങ്കന്‍ തന്‍റെ നീളമുള്ള കാതുകള്‍ നീട്ടിയാട്ടി . അതു മേല്‍ചൊന്ന കാര്യങ്ങള്‍ ശരിവെക്കുന്നതായി കരുതി മറ്റു കഴുതകള്‍ ഉച്ചത്തില്‍ മുക്രയിട്ടു . സത്വങ്ങളുടെ പ്രതിഷേധങ്ങള്‍ കുതിരകളെ ഇരുത്തി ചിന്തിപ്പിച്ചു .. നഷ്ടപ്പെടാന്‍ പോകുന്ന അധികാരങ്ങളെ കുറിച്ചവര്‍ വേവലാതിപ്പെട്ടു . മൈത്രേയന്‍ കുതിരകളുടെ യോഗം വിളിച്ചു .. പ്രതിരോധത്തിന്‍റെ പുതിയ രീതിശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തു . നേരിട്ടുള്ള കടന്നാക്രമണം , അതു വിജയിക്കാന്‍ പോകുന്നില്ല , അതു കൊണ്ടു നമുക്ക് ഉടമ്പടികളില്‍ എത്താം .. ഇത് ഉടമ്പടികളുടെ കാലം ,മൈത്രേയന്‍ കല്‍പ്പിച്ചു . മറ്റു കുതിരകള്‍ക്ക് ഒന്നും മനസ്സിലായില്ല , എങ്കിലും അവര്‍ നന്നായി തല കുലുക്കി .
ചര്‍ച്ചക്കായി ശശാങ്കന്‍റെ അടുത്ത് ആളുപോയി , മൈത്രേയന്‍ ശശാങ്കനുമായി ചര്‍ച്ച ചെയ്തു , ഉടമ്പടി കരാറില്‍ ഒപ്പുവെച്ചു .  "ഇനിമുതല്‍ ആരും കഴുതക്കരച്ചില്‍ എന്നുപറഞ്ഞ് നിങ്ങളെ ആക്ഷേപിക്കില്ല ". ശശാങ്കന്‍ മറ്റു കഴുകള്‍ക്ക് മുന്നില്‍ ഉടമ്പടി വായിച്ചു . അങ്ങിനെ ഒരു സത്വ പ്രതിസന്ധി പരിഹരിച്ചതിലുള്ള സന്തോഷത്താല്‍ അവര്‍ ഉച്ചത്തില്‍ മുക്രയിട്ടു , അത്‌ ചിരിയായിവ്യാഖ്യാ നിക്കപ്പെട്ടു . വിഴുപ്പുകള്‍ ചുമക്കുക എന്ന തങ്ങളുടെ ജോലി അവര്‍ നിര്‍ബാധം തുടര്‍ന്നു . 
കുതിരകള്‍ , ചരിത്രം പറയുന്നത് പോലെ അധികാരചിഹ്നങ്ങളായി തന്നെ തുടര്‍ന്നു . മൈത്രേയന്‍റെ കൊഴിഞ്ഞുപോയ പൂടകള്‍ക്ക് പകരം പുതിയ പൂടകള്‍ തളിര്‍ത്തു . വംശാവലിയില്‍ അകപ്പെട്ടു എന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക്‌ അധികാരത്തിന്‍റെ ഇടനാഴികളില്‍ സ്ഥാനം കിട്ടണമെന്നില്ല , കുതിരകള്‍ കഴുതകളെ ഓര്‍മ്മിപ്പിച്ചു . കീഴാള ചരിതം കീഴാളചരിതമായി തന്നെ നിലകൊണ്ടു . അങ്ങിനെ ചരിത്രം അതിന്‍റെ സനാതന ധര്‍മ്മം നിലനിര്‍ത്തി .
..........................................................................................................................

Wednesday, April 11, 2012

കുരിശിന്‍റെ വഴിയില്‍



കുരിശിന്‍റെ വഴിയില്‍
കഥ
ടി. സി. വി.സതീശന്‍ 

.......................................

 ഒന്ന്

                           നേരിന്‍റെ വഴിയെ നടന്ന് സ്വയം കുരിശു ചുമക്കേണ്ടി വന്ന പിതാവിനെ കുറിച്ച് അവള്‍ക്ക് അഭിമാനം തോന്നി . ഉയിര്‍ത്തെഴുന്നെല്‍പ്പിനു മുമ്പുള്ള കര്‍ത്താവിന്‍റെ നാളുകളെ കുറിച്ച് മാര്‍ത്ത ആലോചിച്ചു . പീഡനത്തിന്‍റെയും സ്വയം പീഡയുടെയും നാളുകളില്‍ കര്‍ത്താവ് അനുഭവിച്ച വേദനകള്‍ ..  ഗാഗുല്‍ത്താ മലയിലേക്കു കുരിശുപേറി നടക്കുന്ന പിതാവിന്‍റെ  ചിത്രം മനസ്സിനെ നൊമ്പരപ്പെടുത്തി . വേദനയാല്‍ പുളയുമ്പോഴും ആ കണ്ണുകളില്‍ പൂത്ത നക്ഷത്രങ്ങളെ കാല്‍വരിക്കുന്നിലും അവള്‍ തൊട്ടറിഞ്ഞു .
                       നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ത്തമാനത്തെ ദുരിതങ്ങള്‍ നിസ്സാരമെന്നു ഞാന്‍ കരുതുന്നു .. എവിടെ നിന്നോ ഒരു ഊര്‍ജ്ജം ലഭിച്ചത് പോലെ മാര്‍ത്ത ആ വാക്കുകള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു .  'സമസ്ത സൃഷ്ടിയും വ്യര്‍ത്ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു .അതിന്‍റെ സ്വന്തം ഇഷ്ടമനുസരിച്ചല്ല, പ്രത്യുത , പ്രത്യാശയുള്ള നിലയില്‍ അതിനെ അടിമപ്പെടുത്തിയവന്‍റെ അഭിഷ്ടമനുസരിച്ചാണ് ഇത് '. മാര്‍ത്ത മുഖം കഴുകി , കണ്ണാടിയില്‍ നോക്കി. തന്‍റെ കണ്ണിനു താഴെയുള്ള കറുത്ത പാടുകളില്‍ വിരലുകള്‍ കൊണ്ട് തലോടി . സമാശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പ് അവളില്‍ നിന്നും ഉയര്‍ന്നു .
ജപമാല കയ്യിലേന്തി അവള്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു , സ്തോത്രങ്ങള്‍ ഉരുവിട്ടു, കുരിശു വരച്ചു . കരുണാമയനായ പിതാവിന്‍റെ കാല്‍ത്തിങ്കല്‍ തന്‍റെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു . എരിഞ്ഞു തുടങ്ങിയ മെഴുകുതിരിയില്‍ നിന്നുമുള്ള ചെറിയ കിരണങ്ങള്‍ അവളുടെ മനസ്സിലേക്ക് വലിയ വെളിച്ചം വിതറി . പിതാവ് നമുക്കുവേണ്ടി സ്വയമെരിയുന്നതായി അവള്‍ക്കു തോന്നി. പുറത്തു ഈന്തോലകള്‍ ചലിച്ചു , തണുത്ത കാറ്റ് അവളുടെ ഷാളിനെ ഉലത്തി.. മാലാഖമാരുടെ വെളുത്ത ചിറകുകള്‍ പോലെ അത് അന്തരീക്ഷത്തില്‍ പറന്നുകളിച്ചു.
                          പ്രവാസത്തിന്‍റെ മണലാരണ്യത്തില്‍ ഉഷ്ണത്തിന്‍റെ പൊടിക്കാറ്റ് വിതച്ചു . ഉരുണ്ടുകൂടിയ മണല്‍ക്കൂനകളില്‍ ചുഴികള്‍ ഗര്‍ത്തങ്ങളുണ്ടാക്കി . ഒമ്പത് മാസവും ശിഷ്ട ദിവസങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ ശീതളിമയില്‍ കഴിഞ്ഞപ്പോള്‍ പുറത്തേക്ക് വരാനുള്ള വെമ്പലായിരുന്നു. പത്തുമാസം തികച്ചുനിന്നില്ല അപ്പോഴേക്കും ആവേശം പുതിയ മര്‍ദ്ധങ്ങളായി പുറത്തേക്കുള്ള വാതിലുകള്‍ തള്ളിത്തുറന്നു . അകത്ത് കൈകാലിട്ടടിച്ച ആ തിടുക്കമൊന്നും പിന്നെ കണ്ടില്ല .  അമ്മിഞ്ഞപ്പാലിന്‍റെ ഉപ്പുകലര്‍ന്ന മധുരം നൊട്ടിനുണഞ്ഞ്‌ അനുസരണയോടെ ഉറങ്ങി .  കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ജീവിതത്തിന്‍റെ ഏടുകള്‍ ഓര്‍മ്മിച്ചെടുത്ത് അടുക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു
മാര്‍ത്ത .                   
           കൈപിടിച്ച് ചുവടു വെയ്ക്കാന്‍ പഠിപ്പിക്കുമ്പോള്‍ അമ്മ പറയാറുണ്ടായിരുന്നു, വീഴാതെ നോക്കണം മോളേ .. അകക്കോലായിയില്‍ നിന്നും അമ്മമ്മ അമ്മയെ ഉപദേശിക്കും .. ത്രേസ്യാ , കൊച്ചിന് എല്ലുറക്കാത്ത പ്രയാണ് . നീയിങ്ങിനെ തിടുക്കം കാണിക്കാതെ .  അമ്മയ്ക്ക് എല്ലാം ധൃതിയായിരുന്നു . കടംകൊണ്ട വേദനകളില്‍ നിന്നും മുക്തി നേടാന്‍ ഞാന്‍ വേഗം വളര്‍ന്നു വലുതാവണം, അമ്മയുടെ ആവശ്യമായിരുന്നു .
അത് വലിയ കുപ്പായങ്ങളില്‍ അയഞ്ഞ്‌ അമ്മമ്മയുടെ കാതിലെ തോട പോലെ തൂങ്ങിയുള്ള ഒരു ബാല്യത്തെ  സമ്മാനിച്ചു .
                         ക്ലോക്കില്‍ സെറ്റ് ചെയ്തുവെച്ച  അലാറം അനുസരണയോടെ ചിലച്ചു .. സമയം ആറ്‌ മുപ്പത്. എട്ടുമണിക്കുള്ള ഷിഫ്റ്റില്‍ കയറണം . ഏഴേ നാല്‍പ്പതിനു കമ്പനി വക വണ്ടിയെത്തും . മാര്‍ത്ത ചാടിയെഴുന്നേറ്റു , മുടി അഴിച്ചു കെട്ടി . ഒരുവിധം ബെഡ് ഷീറ്റൊക്കെ ശരിയാക്കിയിട്ടു, അവള്‍ ബാത്ത് റൂമിലേക്ക്‌  ഓടി . ക്ലോക്കിലെ സൂചികള്‍ ഒരു കരുണയും കാണിക്കാതെ മുന്നോട്ടേക്ക് കുതിച്ചു .  ഇന്നും ഉണക്ക റൊട്ടിയും  ജാമും തന്നെ ശരണം . വവ്വാലിന്‍റെയീ ജന്മം എന്നാണു അവസാനിക്കുക , നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്തു അവള്‍ക്ക് മടുത്തിരുന്നു .. നീലാകാശത്തെ  കണ്ടിട്ട് ഒരുപാട് കാലമായി , അതുകൊണ്ട് തന്നെ സ്വപ്നങ്ങള്‍ താരാട്ട് പാടുന്ന രാത്രികളും ഇല്ലാതായി. വല്ലപ്പോഴും വീണുകിട്ടുന്ന പകല്‍ക്കിനാക്കളാകട്ടേ അവ്യക്തവും അമൂര്‍ത്തവുമായിരുന്നു . വരണ്ട തന്‍റെ ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി അവള്‍ പ്രായത്തിന്‍റെ  സൂചികളെ പിറകോട്ടു വലിച്ചു . ചെമ്പിച്ച മുടികളെ കോതിയൊതുക്കി മുറ്റത്ത് കാത്തുനിന്ന കമ്പനി വണ്ടിയെ ലക്ഷ്യമാക്കി മാര്‍ത്ത നടന്നു .
                            കണ്ണുകളില്‍ നിന്നും അവന്‍ അഗ്നി അയച്ചു , തന്‍റെ അസ്ഥികളിലേക്ക് അഗ്നിയെ ഇറക്കി വിട്ടു , പാദങ്ങള്‍ക്ക് അവന്‍ വല വെച്ചു. ഭയചികിതമായ പരിസരത്തു മാര്‍ത്ത നിന്നു വിയര്‍ക്കുകയാണ് . വാക്കുകള്‍ തൊണ്ടയില്‍  കുടുങ്ങി ശബ്ദം പുറത്തു വരാതായി . വളര്‍ന്നു വന്ന അവയവങ്ങള്‍ സ്വന്തം ശരീരത്തിന് വിനയായി. അവന്‍റെ കൈകള്‍ ആയിരം കരങ്ങളായി മതിലുകള്‍ സൃഷ്ടിച്ചു ... പഴുതുകളില്ലാതെ , വേട്ടക്കാരന്‍റെ മുന്നില്‍  ഭയപ്പാടുകളോടെ നിന്ന് വിറയ്ക്കുന്ന ഇരയുടെ മുഖത്തെ ദൈന്യത അവളുടെ കണ്ണുകളിലെ പ്രകാശത്തെ കെടുത്തി . പകച്ചുപോയ ആ നിമിഷങ്ങളില്‍ കണ്ണുകള്‍ ഇറുക്കിയടക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല .
                           വെയിലാറിയപ്പോള്‍ അവന്‍ പോയി . കൊയ്ത്തൊഴിഞ്ഞ പാടത്ത് വേനല്‍ വിണ്ടുകീറിയത് പോലെ കരുവാളിച്ച വൃണങ്ങള്‍ , അവള്‍ക്കു ദേഹമാസകലം നീറ്റല്‍ അനുഭവപ്പെട്ടു . കാല്‍വരിക്കുന്നിലെ പ്രീയനാഥന്‍ ഇതിലും എത്രയോ കൂടുതല്‍ വേദനകള്‍ അനുഭവിച്ചു തീര്‍ത്തുകാണില്ലേ . മാര്‍ത്ത തന്‍റെ കീറിയ വസ്ത്രത്തില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് നാണം മറച്ചു . പീഡാനുഭവം ആത്മപീഡയായി തീര്‍ന്ന സ്വയം ഉള്‍വലിയലിന്‍റെ നാളുകള്‍ . മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ അത്യാവശ്യം ഈര്‍പ്പം ഉണ്ടായിരുന്നില്ല എന്നല്ല , എങ്കിലും അനുഭവിച്ചു തീര്‍ത്ത യവ്വനത്തെ കുറിച്ച് മാര്‍ത്ത ഓര്‍ത്തെടുത്തത്‌ അങ്ങിനെയായിരുന്നു .
                        ത്രേസ്സ്യായുടെ പൂന്തോട്ടത്തിലെ മന്ദാരങ്ങള്‍ പൂക്കാതെയായി . അതിന്‍റെ കമ്പുകള്‍ വാടിക്കരിഞ്ഞു. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ മാര്‍ത്തയെ നോക്കി അവളുടെ കണ്ണുകളില്‍ ഉറഞ്ഞുപോയ കണ്ണീര് ഒഴുകാന്‍ വൃഥാശ്രമം നടത്തി . നിരന്തരം വേട്ടയാടപ്പെട്ട ജീവിതത്തിന്‍റെ കണക്കുപ്പുസ്തകം ചുരുട്ടിയെറിഞ്ഞ്, അഞ്ചേമുക്കാല്‍ അടി ഉയരമുള്ള തന്‍റെ ശുഷ്കിച്ച ശരീരത്തെ ഒരിക്കലും പൂക്കാത്ത മുറ്റത്തെ ഇളമാവില്‍ കെട്ടി ത്രേസ്സ്യ അരിശം തീര്‍ത്തു .
                         അമ്മയുടെ മരണം കൂടിയായപ്പോള്‍ മാര്‍ത്ത തികച്ചും ഒറ്റപ്പെട്ടു . 'നിന്‍റെ വാക്കുകളില്‍ നീ നീതികരിക്കപ്പെടുവാനും നിന്‍റെ ന്യായ വിസ്താരത്തില്‍ ജയിക്കാനും കഴിവുള്ളവളാകണം നീ'.. മാര്‍ത്ത അനുസരിച്ചു. നന്ദി സൂചകമായി കര്‍ത്താവിനു മുന്നില്‍ ഒരു മെഴുകുതിരി കൂടി കത്തിച്ചു . വിധേയത്വത്തിന്‍റെയും വിരക്തിയുടെതുമായ  വിഴുപ്പുകള്‍ കലര്‍ന്ന
ശുഭ്ര വസ്ത്രങ്ങളോട് അവള്‍ക്കു മടുപ്പ് തോന്നി , എന്നെന്നേക്കുമായി അവള്‍ അത് ഉപേക്ഷിച്ചു . വെള്ള  നിറത്തിനോടുള്ള ഇഷ്ടക്കുറവല്ല മാര്‍ത്തയെ അതിനു പ്രേരിപ്പിച്ചത് . എളുപ്പത്തില്‍ അഴുക്കുകള്‍ പറ്റി ചേരാനുള്ള സാധ്യതയും , ചേര്‍ന്നവ കഴുകിക്കളയാനുമുള്ള ബുദ്ധിമുട്ടും ഓര്‍ത്തായിരുന്നു അത് . ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്യങ്ങള്‍ക്ക് കുറേക്കൂടി ചേരുക കടുത്ത വര്‍ണ്ണങ്ങള്‍ ആയിരിക്കുമെന്ന് അവളുടെ മനസ്സ് പറഞ്ഞു .

 രണ്ട്

                  ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നയിക്കുന്നു എന്നതറിയാതെ നീ അവന്‍റെ ദയ , ക്ഷമ എന്നിവ പരിശോധിക്കുന്നു .ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുത്തുന്ന കോപ ദിവസത്തിലേക്ക്
നീ നടന്നടുക്കുകയാണ് എന്ന് അറിയുന്നില്ലല്ലോ?                
                അന്‍വര്‍ പാഷ തന്‍റെ തുകല്‍ ഷൂ പോളിഷ് ചെയ്യുകയാണ് . കറുപ്പ് നിറത്തില്‍ തിളങ്ങുന്ന ഷൂ ,  അതുപോലെയല്ലേ ഈ ലോകവും ഒരുമാത്ര അയാള്‍ അങ്ങിനെ ചിന്തിച്ചു . എല്ലാ വെളിച്ചത്തെയും എല്ലാ നിറങ്ങളെയും വലിച്ചെടുത്ത് ഇരുട്ടിന്‍റെ ഗോപുരങ്ങളിലേക്ക് കൊണ്ടുപോകുന്ന കറുപ്പ് ദൃശ്യ വര്‍ണ്ണരാചിയില്‍ പ്രകാശങ്ങളെ ആവാഹിച്ച് ഇല്ലാതാക്കുന്നു. മേധാവിത്വം നേടുന്ന കറുപ്പ് എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ പാഷയുടെ മനസ്സിനെ വല്ലാതെ കുലുക്കി . അത് മുഴക്കമുള്ള ഒരു ചിരിയായി അന്തരീക്ഷത്തില്‍ പടര്‍ന്നു .
                   എന്‍റെ അഞ്ചാമത്തെ വെപ്പാട്ടിയായിരിക്കാന്‍ തനിക്കാവുമോ? അന്‍വര്‍ പാഷയുടെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ട് മാര്‍ത്ത പകച്ചുപോയി .  ജീവിതത്തിന്‍റെ ജ്യാമിതികള്‍ കൂട്ടിയും കിഴിച്ചും അവള്‍ മൌനത്തിലേക്ക്‌ നടന്നുനീങ്ങി . അകത്തെവിടെയോ അയാളുടെ ബീവി വിശുദ്ധവചനങ്ങള്‍ ഉരുവിടുകയോ നെറ്റിയിലെ നിസ്കാരത്തഴമ്പ് തടവുകയോ ആയിരുന്നിരിക്കണം അപ്പോള്‍ .  വെപ്പാട്ടിമാര്‍ പുന്തോട്ടത്തിലെ ഉഞ്ഞാലുകളില്‍ ഇരുന്നാടുകയോ പൂവിറുക്കുകയോ ചെയ്യുകയായിരിക്കാം .
                    മേനിയഴകല്ലാതെ മറ്റെന്താണ് വശീകരിക്കാനായി  തനിക്കുള്ളത് ,
മാര്‍ത്ത തലകുലുക്കി , എനിക്ക് സമ്മതമാണ് . പകരം നീയെനിക്ക് എന്ത് തരും ?
                    നീയാവശ്യപ്പെടുന്നത് എന്തും , സന്തോഷം കൊണ്ട് അന്‍വര്‍ പാഷയുടെ മുഖത്തെ പുരികങ്ങള്‍ ചുളിഞ്ഞു . നിന്‍റെ കമ്പനികളില്‍ ഒന്നിന്‍റെ സി. ഇ.ഒ ആയി എന്നെ നിയമിക്കണം പറ്റുമോ ?മാര്‍ത്തയുടെ ശബ്ദം വാക്കുകളായി . തന്‍റെ റോള്‍സ് റോയ്സ് കാര്‍ മൃദുലമായി തലോടി അയാള്‍ പറഞ്ഞു .. ഒകെ , അത്രേ ഉള്ളൂ ?
                    കാലവര്‍ഷം കുളിരിനും  കുളിര് വേനലിനും വഴിമാറി കൊടുത്തു . തൊടിയില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയും കരിഞ്ഞുണങ്ങുകയും ചെയ്തു . അന്‍വര്‍ പാഷ പടര്‍ന്നു പന്തലിച്ചു .. ശിഖരങ്ങളില്‍ പുതിയ കൂടുകളും പുതിയ പക്ഷികളും ഉണ്ടായി . അകത്തളത്തിലെ അമിത ഭക്ഷണം ദഹിച്ചെടുക്കാന്‍ മാര്‍ത്തയുടെ  ദഹനേന്ദ്രീയങ്ങള്‍ക്ക് കഴിഞ്ഞില്ല . അവള്‍ കൈക്കുഞ്ഞുമായി പുറത്തേക്ക് നടന്നു . വലിയ ആകാശത്തിനു കീഴെ
പരന്ന ഭൂമിയില്‍ അവള്‍ അലഞ്ഞുതിരിഞ്ഞു ... ഈര്‍പ്പമുള്ള ഒരു ചെറു തുരുത്തിനായി .
               അന്‍വര്‍ പാഷ കറുപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേയിരുന്നു , കറുപ്പിന് ഒരുപാട് കരങ്ങള്‍ ഉണ്ടെന്നും അത് ഒരു തുടര്‍ പ്രവര്‍ത്തനമായി ഇരകളെ വേട്ടയാടുക തന്നെ ചെയ്യുമെന്നും മാര്‍ത്ത തിരിച്ചറിഞ്ഞു . വേട്ടക്കാരനും ഇരയ്ക്കുമിടയിലുള്ള  ജീവിതമെന്നത്‌ കേവല സ്വപ്നം മാത്രമാണ് എന്ന യാഥാര്‍ത്യത്തിലേക്ക് അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .
                  
സിയോന്‍  കൈനീട്ടുന്നു ; എന്നാല്‍ അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല , യാക്കോബിന്‍റെ അയല്‍ക്കാര്‍ അയാളുടെ ശത്രുക്കള്‍ ആയിരിക്കണമെന്ന് കര്‍ത്താവ് അയാള്‍ക്കെതിരെ കല്‍പ്പന നല്‍കിയിരിക്കുന്നു ;  ജെറുശലേം അവള്‍ക്കൊരു മ്ലേച്ഛ വസ്തുവായിരിക്കുന്നു .
മൂന്ന്
                  ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞത് പോലെ മനുഷ്യന്‍ അങ്ങിനെ തന്നെ ആയിരിക്കുന്നതായിരിക്കും അവന് നല്ലത് എന്ന് എനിക്ക് തോന്നുന്നു . നീ ഭാര്യയോട് ബന്ധിക്കപ്പെട്ടിരിക്കുന്നുവോ , വേര്‍പാട് അന്വേഷിക്കരുത് . നീ ഭാര്യ ഇല്ലാത്തവനോ , ഭാര്യയെ അന്വേഷിക്കരുത് ... വേദപുസ്തകത്തിലെ ആ വരികള്‍ മാര്‍ത്ത ഒരാവൃത്തി കൂടി വായിച്ചു .
               പരാജയങ്ങള്‍ നിരന്തരം ഏറ്റുവാങ്ങി പ്രത്യാശ അറ്റവന് ദൈവത്തിങ്കല്‍
സ്വയം അര്‍പ്പിക്കുകയാണ് നല്ലത് എന്നവള്‍ക്ക് തോന്നി . മാര്‍ത്ത ജപമാലയിലെ പളുങ്കുമണികള്‍ ആരോഹണത്തിലും അവരോഹണത്തിലും എണ്ണിക്കൊണ്ടേയിരുന്നു . മനശ്ശാന്തിയുടെ ഇത്തിരിവെട്ടത്തിനായി, കര്‍ത്താവിന്‍റെ മുന്നില്‍ എരിയുന്ന മെഴുകുതിരിയിലേക്ക് അവളുടെ കണ്ണുകള്‍ നീണ്ടു ചെന്നു .          
              പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു .. ഷിഫ്റ്റ് കഴിഞ്ഞുള്ള സൈറന്‍ മുഴങ്ങി . ചെടികളില്‍ പറ്റിപ്പിടിച്ച പൊടികളില്‍ മഞ്ഞു ആവരണമായി നിന്നു , അവയില്‍ പതിഞ്ഞ നേര്‍ത്ത സൂര്യ കിരണങ്ങള്‍ വെള്ളിവേളിച്ചങ്ങളാകാന്‍ പ്രയാസപ്പെടുന്നതായി അവള്‍ക്കു തോന്നി . കമ്പനിവണ്ടിയില്‍ കുത്തി നിറച്ച നിശ്വാസങ്ങളില്‍ കലര്‍ന്ന  വേദനയുടെയും ഉറക്കച്ചടവിന്‍റെയും വാടമണം പുറത്തേക്ക് വമിച്ചു . എല്ലാവരും മൌനമായിരുന്നു... ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല ,അവരുടെ ഇന്നലെകള്‍ തന്നെയായിരുന്നു ഇന്നും . നിശ്ചലമായ ഈന്തോലകളെ നോക്കി അവള്‍ സമസ്യാ പുരണത്തിനുള്ള ശ്രമം നടത്തി . ചലിപ്പിക്കാന്‍ ഒരു ബാഹ്യ ശക്തിക്കായി മാര്‍ത്തയുടെ മനസ്സ് ആഗ്രഹിച്ചു .
               "അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ ; അഴുക്കുള്ളവന്‍ ഇനിയും അഴുക്കാകട്ടെ ; നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ ; വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കട്ടെ ...", വിശുദ്ധയാവാനാകത്തതു  കൊണ്ടും , അനീതിയില്‍ നിന്നും അഴുക്കില്‍ നിന്നും ഒരിക്കലും മോചനം ലഭിക്കാനിടയില്ലാത്തതു കൊണ്ടും  മാര്‍ത്ത വേദപുസ്തകം മടക്കി വെച്ച് അവളുടെ ദൈനംദിന ചര്യകളിലേക്കും കൂടുതല്‍ തെറ്റുകളിലേക്കും നടന്നു നീങ്ങി ...
പുറത്തു ബോഗെന്‍വില്ലകള്‍ കടുത്ത വര്‍ണ്ണങ്ങളുള്ള പൂക്കളെ വിരിയിച്ച് പൂന്തോട്ടത്തിനു മോടി  പിടിപ്പിച്ചു .
..................................................................................................................................................................................
ടി. സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185
               

Tuesday, April 10, 2012

രണ്ടു കവിതകള്‍

രണ്ടു കവിതകള്‍

മരക്കഴുത
കവിത

ടി.സി.വി.സതീശന്‍
...........................................................................

മരക്കഴുത
എന്ന വിളി ഞാനാദ്യം കേട്ടത്
എന്‍റെ അച്ഛന്‍റെ നാവില്‍ നിന്ന്
കളിക്കൂട്ടുകാരുടെ മുന്നില്‍
അപമാനിതനായി നിന്നപ്പോള്‍
എനിക്കച്ഛനോട് ഈര്‍ഷ്യ തോന്നി

മരം പരിഭവങ്ങളില്ലാത്ത തണലാണ്‌
എന്നു പ്രൈമറി സ്കൂളിലെ ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്നുള്ളിലെ സംശയങ്ങള്‍ക്ക് നൂറു തിരിവെച്ചു
പിന്നെന്തിനായിരുന്നു അന്നെന്‍റെ കൂട്ടുകാര്‍
കളിയാക്കി ചിരിച്ചത് ?
തണലേകുന്ന മരം ഒരു വരമാണെന്നും
മരമില്ലെങ്കില്‍ മറ്റൊരു മതമില്ലെന്നും
പിന്നീട് ഞാനറിഞ്ഞു .

കഴുത ഭാരം ചുമക്കുന്നവനാണ്
വിധേയത്വത്തിന്‍റെ വിഴുപ്പാണ്
അനുസരണയുടെ കഴുതരൂപമാണ്
യജമാനന്‍മാരെ ഉണ്ടാക്കുന്നത്‌
കഴുതയാണ്‌

പാഴ്വാക്കുകള്‍ ഉതിര്‍ക്കാതെ
മുതലക്കണ്ണീരൊഴുക്കാതെ
അന്യനു വേണ്ടി ചോര നീരാക്കുന്നവന്‍
കഴുതയെങ്കില്‍ കഴുത കഴുതയായി തന്നെ തുടരട്ടെ

മരവും കഴുതയും
ശ്ലീലമായതിനാല്‍ മരക്കഴുതയും അശ്ലീലമാകില്ല
ആട് ആടായും പട്ടി പട്ടിയായും തുടരാനനുവദിക്കാതെ
ഉത്കൃഷ്ടമായതിനെ  നികൃഷ്ടമാക്കാനുള്ള
നമ്മുടെ കരവിരുതിന് നൂറു കോടി പുണ്യം .

അകലങ്ങളില്‍ എവിടെയോ ഇരുന്നു
അച്ഛന്‍ ചിരിക്കുന്നുണ്ടായിരിക്കണം
ഇവനിപ്പോഴും ഒരു മരക്കഴുത തന്നെ ..
.....................................................................................................................


കോമരം
..............................................
കവിത
ടി.സി.വി.സതീശന്‍
...................................................................

കാല്‍ ചിലങ്കകള്‍ താളത്തില്‍ ചവുട്ടി
ഉറയിലെ വാള് ഉടലില്‍നിന്നും ഊരിയെടുത്തു
ചെഞ്ചോര പട്ടില്‍ വെളിപാട് തറക്കു മുന്നില്‍
ഉറഞ്ഞു തുള്ളുന്നു കോമരം

മരമല്ലാത്ത മരമവന്‍ കോമരം
വെട്ടുന്നു തന്‍ നെറ്റിയിലാഞ്ഞു ,
പൊടിയുന്നു ചോര നിണമായൊഴോകുന്നൂ
ഉതിരുന്ന വാക്കുകള്‍ വെളിപാടുകളായി തീര്‍ന്നതും
ഇരുകൈകള്‍ കൂപ്പി ഒപ്പം നിന്നവര്‍  കാതുകൊടുത്തു
കണ്ണുകൊടുത്തു .അവന്‍ വാക്കുകള്‍ക്കായി ,
അവന്‍ നെറ്റിയില്‍  പൊടിയുന്ന ചോരയ്ക്കായി

വെളിപാട് തറയ്ക്ക് മുന്നില്‍ തുള്ളുന്നവന്‍
അവനല്ലന്യനു വേണ്ടിയാണെന്നത്
അവനും അവര്‍ക്കുമറിയാം
എങ്കിലും മരമല്ലാത്ത മരമേ കോമരമേ
ഉറഞ്ഞു തുള്ളുക നീയിനിയുമിനിയും
....................................................................

ടി. സി. വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ്‌ - അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185

മരക്കഴുത

മരക്കഴുത

മരക്കഴുത
എന്ന വിളി ഞാനാദ്യം കേട്ടത്
എന്‍റെ അച്ഛന്‍റെ നാവില്‍ നിന്ന്
കളിക്കൂട്ടുകാരുടെ മുന്നില്‍
അപമാനിതനായി നിന്നപ്പോള്‍
എനിക്കച്ഛനോട് ഈര്‍ഷ്യ തോന്നി

മരം പരിഭവങ്ങളില്ലാത്ത തണലാണ്‌
എന്നു പ്രൈമറി സ്കൂളിലെ ടീച്ചര്‍ പറഞ്ഞപ്പോള്‍
എന്നുള്ളിലെ സംശയങ്ങള്‍ക്ക് തിരി വെച്ചു
പിന്നെന്തിനായിരുന്നു മുമ്പെന്‍റെ കൂട്ടുകാര്‍
കളിയാക്കി ചിരിച്ചത് ?
മരം ഒരു വരമാണെന്നും
മരമില്ലെങ്കില്‍ മതമില്ലെന്നും
പിന്നീട് ഞാനറിഞ്ഞു .

കഴുത ഭാരം ചുമക്കുന്നവനാണ്
വിധേയത്വത്തിന്‍റെ വിഴുപ്പാണ്
അനുസരണയുടെ കഴുതരൂപമാണ്
യജമാനന്‍മാരെ ഉണ്ടാക്കുന്നത്‌
കഴുതയാണ്‌
പിന്നെങ്ങിനെ കഴുത ഒരു നികൃഷ്ട ജീവിയാകും

ആയതിനാല്‍ മരവും കഴുതയും
നികൃഷ്ടമല്ലാത്തതിനാല്‍ മരക്കഴുതയും നികൃഷ്ടമാകില്ല
ശ്ലീലമായതിനെ ശ്ലീലമല്ലാതാക്കാനുള്ള
നമ്മുടെ കരവിരുതിന് നൂറു മാര്‍ക്ക് .

അകലങ്ങളില്‍ എവിടെയോ ഇരുന്നു
അച്ഛന്‍ ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം
ഇവനിപ്പോഴും ഒരു മരക്കഴുത തന്നെ ..