Tuesday, August 21, 2012

രക്തസാക്ഷികള്‍ .. മരിക്കില്ലൊരിക്കലും

രക്തസാക്ഷികള്‍ .. മരിക്കില്ലൊരിക്കലും
....................................................................................................


ചെമ്പ്രാ കുന്നിലേക്കുള്ള അവസാന ബസ്സും പോയി . ഉത്തമന്‍ കയ്യിലെ പഴയ എച്ച് ഏം ടി വാച്ച് നോക്കി .. സമയം പത്തേ നാല്‍പ്പത്തിയഞ്ച്  .   പത്തു മിനിട്ട്  സ്ലോ ആണ് , അതും  കൂട്ടി വേണം സമയത്തെ അളക്കാന്‍ . നരച്ച സ്ട്രാപ്പില്‍ വെളുത്ത ഡയലില്‍ കാലം വരുത്തി വെച്ച മഞ്ഞ നിറം . പിതൃസ്വത്തായി ഉത്തമന് ആകെക്കൂടി കിട്ടിയത് ഈ വാച്ചും വളഞ്ഞ കാലുള്ള നരച്ച ശീലക്കുടയുമായിരുന്നു .  പഴന്തുണി കൂറ തിന്നും കമ്പികള്‍ തുരുമ്പെടുത്തും കുട അധികം വൈകാതെ അച്ഛന്‍റെ അടുത്തേക്ക്‌ പോയി , ഓര്‍മ്മകളായി എച്ച് ഏം ടി വാച്ച് ഉത്തമന്‍റെ കൈത്തണ്ടയില്‍ കിടന്ന് കഷ്ടപ്പെട്ടാണെങ്കിലും ഇന്നും കാലത്തെയും സമയത്തെയും ക്രമപ്പെടുത്തുന്നു .

നല്ല മഴ , ബസ്സ്‌ സ്റ്റാന്റിലെ ഒട്ടുമിക്ക കടകളുടെയും ഷട്ടര്‍ വീണു കഴിഞ്ഞിരുന്നു . മഴ നനഞ്ഞത്‌ കൊണ്ടാവണം വാച്ചിന്‍റെ ഡയലില്‍ ആവി പരന്ന്  മങ്ങല്‍ . മുണ്ടിന്‍റെ തുമ്പുകൊണ്ട് അതു തുടച്ചു . കുമാരേട്ടന്‍ വിളിച്ചിരുന്നു , നിന്‍റെ അച്ഛന്‍റെ നാല്‍പ്പത്തിനാലാം ചരമ വാര്‍ഷികമാണ് ,വലിയ സിക്രട്ടറി വരുന്നു , വിപുലമായ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് .. നീ എന്തായാലും വരണം . കുമാരേട്ടനെ ധിക്കരിക്കാന്‍ പറ്റില്ല , അച്ഛന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് , അനുസരിക്കുകയെ വഴിയുള്ളൂ .


ഉത്തമന്‍ വാച്ചിലേക്ക് നോക്കി ..ഓര്‍മ്മകളെ  നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ മുമ്പോട്ടേക്ക് പായിച്ചു , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക രാവിലേക്ക് .. മാറാല കെട്ടിയ സിമന്റു തേക്കാത്ത കൊട്ടില് മുറിയില്‍ ഞെരങ്ങുന്ന വിറകുകൊള്ളി പോലുള്ള ശരീരത്തെ മനസ്സിലേക്ക് വരച്ചു . പുറത്തു ചീവിടുകള്‍ ഒച്ചവെക്കുന്നു , ധാരമുറിയാതെ പെയ്യുന്ന മഴത്തുള്ളികളില്‍ ഞെരക്കം അലിഞ്ഞില്ലാതാവുന്നു .  ക്ഷയരോഗമോ കാന്‍സറോ ആയിരിക്കാം എന്നാണു നാട്ടു വൈദ്യന്മാരുടെ മതം . കാക്കി നിക്കറിട്ട പോലീസുകാരുടെ ആണി തറച്ച ബൂട്ടിന്‍റെ  പാടുകളാണ് ശേഖരന്‍റെ നെഞ്ചു കലക്കിയത് ..  കുമാരേട്ടന് സംശയം ഒന്നുമുണ്ടായില്ല .

അവറോത്തു എശ്ശമാനന്‍റെ പത്തായപ്പുരയില്‍ കുമിഞ്ഞു കൂടിയ നെല്ല് .. എരുതിനെ പൂട്ടുന്ന നാണുവിന്‍റെ കുടിയിലെ പട്ടിണി തീയ് . ഗ്രഹണി പിടിച്ചു ഉന്തിയ വയറുകളുമായി , ഒലിച്ചിറങ്ങുന്ന മൂക്കിള വലിച്ചിറക്കി ദാഹവും പശിയും തീര്‍ക്കുന്ന കുട്ടികള്‍ .. നഞ്ചുപാടത്ത്   ചെമ്മരത്തി, മൂര്‍ന്നീട്ട കറ്റകള്‍ ചവിട്ടി മെതിക്കുമ്പോള്‍ പറഞ്ഞത് അടുത്ത ജന്മത്തിലെങ്കിലും എശ്ശമാന്‍റെ  പത്തായത്തിലെ എലിയായി തീരണമേ, തമ്പ്രാനേ എന്നാണ് .. , അത് പറയുമ്പോള്‍ അവളുടെ കാലുകള്‍ക്കിടയില്‍ കതിര്‍മണികള്‍ പിടയുകയായിരുന്നു . പിന്നെങ്ങിനെ ശേഖരനും ഞാനുമൊക്കെ ആണാണ് എന്നു പറഞ്ഞുഎന്തിനു നടക്കണം ? മുതുകില്‍ ബയണറ്റ് കുത്തിയുണ്ടാക്കിയ പാടുകള്‍ കാണിച്ച് കുമാരേട്ടന്‍ പറഞ്ഞു , പ്രായം തൊണ്ടയില്‍ കുടുക്കിയ കഫക്കെട്ട് കാറിത്തുപ്പി തുടര്‍ന്നു .. അതൊരു കാലം .
ശേഖരന്‍ രക്തസാക്ഷിയല്ല , ദീനം വന്നു ചത്തതാണ് , നാല്‍പ്പത്തിനാലു കൊല്ലം മുമ്പുള്ള സംസാരം ഉത്തമന്‍റെ മനസ്സില്‍ പുളി രസമായി തികട്ടി . നിസ്സഹായതയുടെ വെയിലില്‍ നാലുമാക്കളെയും കൊണ്ട് പെടാപ്പാട് പെടുന്ന അമ്മയുടെ മുഖം തെളിഞ്ഞു . അടുക്കള ചായ്പ്പിലെ പുകയാത്ത അടുപ്പില്‍ ചുണ്ടെലികള്‍ താവളമുറപ്പിച്ചിരുന്നുവെങ്കിലും അമ്മ മനസ്സില്‍ പെയ്തത് തീമഴയായിരുന്നു .. ഉത്തമന്‍ അന്ന് തീരുമാനിച്ചതാ , ആവുന്നെങ്കില്‍ ജീവിതത്തില്‍ ഒരു പെരുച്ചാഴി തന്നെ ആവണമെന്ന് .
നാഴിക മണികള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിയത്‌ ഡിമിനിഷിങ്ങ് എന്ന വാക്കാണ്‌ , ഘടികാര സൂചികള്‍ സെക്കന്റുകളയും മിനിട്ടുകളായും മണിക്കൂറും ദിവസങ്ങളുമായി കാലത്തെ കൊന്നുതിന്നു .  പത്തു നാല്‍പ്പതു കൊല്ലമായി  ത്യാഗം , കൂടപ്പിറപ്പ് എന്നീ വാക്കുകള്‍ അബദ്ധവശാലെങ്കിലും ആരും ഉച്ഛരിച്ചതായി ഉത്തമന്‍റെ കാതുകള്‍ കേട്ടില്ല . പെരുച്ചാഴികള്‍ നിറഞ്ഞ ഈ  ലോകത്ത് എലികളുടെ വംശമഹിമ ഇല്ലാത്ത ഇത്തരം വാക്കുകള്‍ അശ്ലീലമല്ലാതെ മറ്റെന്താണ് .. ഒരു ദീര്‍ഘ ശ്വാസത്തില്‍ ആ വേണ്ടാതീനത്തെ ഉത്തമന്‍ ഒതുക്കി .

ഒരാളുടെ സ്ഥൂല ശരീരം ഇല്ലാതായിട്ട് നാല്‍പ്പത്തിനാലു വര്‍ഷം കഴിഞ്ഞു , എന്നിട്ട് ഇപ്പോഴാണ് അയാളെ കുറിച്ച് ഓര്‍ക്കുന്നത് ? അതിന്‍റെ വൈരുദ്ധ്യത്തില്‍ മനസ്സ് ഉടക്കി നിന്നു , ഉള്‍വിളി പോലെ ഇപ്പോഴെന്തിനായിരിക്കണം അവര്‍ക്കങ്ങിനെ തോന്നിയത് ? ഓര്‍മ്മിക്കലും ആചരിക്കലും .. ഉള്ളില്‍ ചിരിയാണ് വന്നത് . കുമാരേട്ടന്‍റെ വിളി, അതുമാത്രമാണ് ചെമ്പ്രാ കുന്നിലേക്കുള്ള ഈ യാത്രയിലെ ഉള്‍പ്രേരണ.

അല്‍പ്പം മാറി പെട്രോമാക്സിന്‍റെ മഞ്ഞ വെളിച്ചത്തില്‍ പത്തു പതിനഞ്ചു പേര്‍ കൂടി നില്‍ക്കുന്നു ..വഴിയില്‍ കുടുങ്ങിയവരോ , നേരമിരുട്ടും  വരെ പണിയെടുത്തിട്ടും ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ ഇരുട്ടിന്‍റെ വിഹായസ്സില്‍ മറ്റെതോക്കെയോ തൊഴിലുകള്‍ തേടുന്നവരോ ആയിരിക്കണം അത് . സിഗറുകള്‍ പുകച്ചും ചായ മോന്തിയും അവര്‍ അവരുടെതായ വിഷയങ്ങള്‍ സംസാരിക്കുന്നത് ഉത്തമന്‍ കേട്ടു . ഒരു ചായ കഴിച്ചാലോ , ഉള്ളില്‍ പൊന്തിയ വിചാരത്തോടെ ഉത്തമന്‍ പെട്ടിക്കടയുടെ അടുത്തേക്ക്‌ നടന്നു .

മുപ്പതു വര്‍ഷം കഴിഞ്ഞു ചെമ്പ്രാ കുന്നു വിട്ടിട്ട് , അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതേയില്ല , അതില്‍ വലിയ കുറ്റബോധമൊന്നും തോന്നിയതുമില്ല .. അങ്ങോട്ടാകര്‍ഷിക്കാന്‍ തക്ക വേരുകള്‍ ഒന്നും ഇപ്പോള്‍ തനിക്കില്ലല്ലോ . വല്ലപ്പോഴും മേല്‍വിലാസക്കാരനെ തേടിയലഞ്ഞ് വൈകിയെത്തുന്ന കുമാരേട്ടന്‍റെ വലിയ കയ്യക്ഷരങ്ങള്‍ പതിഞ്ഞ ഒരു ഇന്‍ലെന്റ്റ് , അതുമല്ലെങ്കില്‍ ഒരു ഫോണ്‍ വിളി .. ജന്മ നാടുമായുള്ള നൂല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന വകകള്‍ അതുമാത്രമാണ് .
ആവി പാറുന്ന ചായ ഊതിയാറ്റി കുടിച്ചു കൊണ്ട് ഉത്തമന്‍ വാച്ചിലേക്ക് നോക്കി .. കറുത്ത സ്ട്രാപ് വെയിലും മഴയും കാലവും ചേര്‍ന്ന് മങ്ങിയ പച്ച നിറമായി തീര്‍ത്തിരിക്കുന്നു .. നിത്യജീവിതത്തില്‍ നേരിയ പച്ചപ്പിനെ പോലും കറുപ്പ് കാര്‍ന്നു തിന്നുന്ന നേര്‍ക്കാഴ്ചയില്‍ ഈ നേരിയ പച്ചപ്പ്‌ ഉള്ളില്‍ ദീന നര്‍മ്മമാണ് പടര്‍ത്തിയത് . അന്നം  തേടി അടുപ്പിലെത്തിയ എലികള്‍ പട്ടിണി കിടന്ന് ചത്ത സംഭവം അമ്മ കണ്ണീരോടെ വിവരിക്കുന്നത് ഉത്തമന്‍റെ  ഓര്‍മ്മയില്‍ തെളിഞ്ഞു .
അന്നൊന്നും കാണിക്കാത്ത സ്നേഹം ആകാശം ഇടിഞ്ഞു വീണു ഇപ്പോള്‍ മുന്നിലെത്തിയത് എന്തിനായിരുന്നു . ആ നാളുകളില്‍ ശേഖരന്‍ വെറും ദീനക്കാരന്‍ എന്നേ നാട്ടുകാര്‍ പറഞ്ഞുള്ളൂ .. ഇപ്പോള്‍ സമൂഹത്തിന്‍റെ നന്മയക്കായി നെഞ്ചു വിരിച്ച് , ചോര കൊടുത്തവന്‍ എന്നൊക്കെ പറയുമ്പോള്‍ അതിലെ തമാശ ഉത്തമന്‍റെ തലച്ചോറിളക്കി മുഴുത്ത ചിരിയായി പടര്‍ന്നു . ചുറ്റും കൂടി നിന്ന അപരിചിതര്‍ ചായ ഗ്ലാസ് കയ്യില്‍ പിടിച്ചു കൌതുകത്തോടെ , ആകാംക്ഷയോടെ നോക്കി .. ഇതേതു പുതിയ വട്ട്‌ .. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ ? അവര്‍ പരസ്പരം ചൊറിഞ്ഞു .
പരിസരബോധം  വീണ്ടെടുത്ത് ഉത്തമന്‍ അവരോടായി പറഞ്ഞു ... കൂട്ടരെ ,  ചിരിയില്‍ മുഴങ്ങിയത് എന്‍റെ വട്ടല്ല , എനിക്ക് ചുറ്റുമുള്ള ഒരുപാടുപേരുടെ വട്ടിനെ കുറിച്ച് ആലോചിച്ചപ്പോള്‍ വന്നുപോയ ചിരിയാണ് . ഒരു സിഗറിനു തീ കൊളുത്തി പുക ആകാശത്തേക്ക് പറത്തി അയാള്‍ ആസ്വദിച്ചു . വൃത്തങ്ങളായി ഉയരുന്ന പുക അലിഞ്ഞില്ലാതാവുന്നതിന്‍റെ സമസ്യാ പൂരണത്തിനായി  തല ചൊറിഞ്ഞു , താടി രോമങ്ങള്‍ തടവി .
കാട്ടുമരങ്ങളും വള്ളികളും പൊന്തകളും ഇടതുര്‍ന്ന മലവാരത്തു  പാമ്പുകളും  മനുഷ്യരും പക്ഷികളും രാവുകളെയും പകലുകളെയും നിറയാത്ത വയറിലും ആഘോഷിച്ചു തീര്‍ത്തു . പരസ്പര വിശ്വാസത്തിന്‍റെ നാളുകളില്‍ അന്നന്നത്തെ അത്താഴം അതു മാത്രമേ അവരെ, അല്‍പ്പമെങ്കിലും വൈരികളാക്കിയുള്ളൂ .  കുന്നുകളിലെ  ഇടതൂര്‍ന്ന ഇരുളില്‍ അഥിഥിയെ പോലെ വന്നെത്തുന്ന വെയില് , ശേഷിപ്പിക്കുന്ന വൈരത്തെ കെടുത്തിയിരുന്നു . മലവാരവും അടിവാരവും ഇന്നെങ്ങിനെയായിരിക്കുമോ , ഉത്തമന്‍റെ മനസ്സില്‍ ജിജ്ഞാസ രൂപപ്പെട്ടു . കേട്ടിടത്തോളം ഉള്ള അറിവുകള്‍ വെച്ച്‌ എല്ലാ മലയോരത്തെയും പോലെ മൊട്ടയാക്കപ്പെട്ടോ , വെട്ടിത്തെളിച്ച് റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചോ ആയിരിക്കാനാണ്‌ സാധ്യത ..  ആധി ഉത്തമനില്‍ പെയ്തു .
ഒരു ചെറ്റക്കുടിലില്‍ നിന്നും ഇടത്തരക്കാരനിലേക്കുള്ള ദൂരം നടന്നു തീര്‍ക്കുന്നതിനിടയില്‍ ഒരുപാട് തവണ കാലിടറിയിട്ടുണ്ട് , പിന്നീടുള്ള യാത്ര അത്രയ്ക്കൊന്നും ദുഷ്ക്കരമായില്ല എന്നത് വസ്തുതയായി നില്‍ക്കുന്നു . വൈരുദ്ധ്യങ്ങളുടെ മനസ്സില്‍ യുദ്ധസമാനമായ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട് . ഉത്തമനെന്ന ശരിയും ഉത്തമനെന്ന തെറ്റും പരസ്പരം കൊമ്പു കോര്‍ത്തിട്ടും ഉണ്ട് .
ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇരുന്ന് അച്ഛന്‍ ചിരിക്കുന്നതായി ഉത്തമന് തോന്നി , അങ്ങാടിയിലെ വലിയ കമാനത്തില്‍ ശേഖരന്‍ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കണം . ത്യാഗത്തെ , മനുഷ്യ സ്നേഹത്തെ വാഴ്ത്തുന്ന , ശരിയിലേക്കുള്ള നടപ്പാത തുറക്കുന്ന ഗാനങ്ങള്‍ കോളാമ്പി മൈക്കിലൂടെ ( അതിന്‍റെ പുതിയ പുത്ര രൂപങ്ങളില്‍ ) പാടിക്കൊണ്ടിരിക്കുകയാവും ഒരുപക്ഷെ ഇപ്പോള്‍ .
ക്ഷയരോഗം വന്നു ദീനക്കിടക്കയില്‍ ചത്തു പോയവന്‍റെ കേട്ട്യോള്‍ക്കും പിള്ളേര്‍ക്കും കഞ്ഞിക്കുള്ള വക പെന്‍ഷനായി കൊടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും സഹായത്തിനെത്തിയില്ല . ശേഖരന്‍റെ ഭാര്യയുടെ ഒഴിഞ്ഞ കൈവെള്ളയെ നോക്കി ചിലരെങ്കിലും പരിഹസിക്കുകയോ , നിസ്സാഹയത നടിക്കുകയോ ചെയ്തു .. കൂടെ നടന്നവവരുടെ ആര്‍ഭാടങ്ങള്‍ക്കു മുന്നില്‍ ഉടുതുണിയഴിയാതിരിക്കാന്‍ അവര്‍ നാല് മക്കളെയും കൊണ്ട് പെടാപ്പാടുപെട്ടു . വല്ലപ്പോഴും കുമാരെട്ടനെന്ന മിന്നാമിന്നി  കാട്ടി തന്ന ഇത്തിരി വെട്ടത്തില്‍ ദൂരങ്ങള്‍ താണ്ടിയ ബാല്യത്തെ ഉത്തമന്‍ ഓര്‍ത്തെടുത്തു .
മഴയുടെ ആകാശത്തു നേരിയ നീറ്റല്‍ , കുളിരുള്ള കാറ്റ് നൊമ്പരങ്ങളെ തഴുകി , ഉത്തമന്‍ വീണ്ടുമൊരു സിഗറിനു തീ കൊടുത്തു . ജീവിതം പുകച്ചു തീര്‍ക്കുക , നെഞ്ചിന്‍ കൂടില്‍ നിസ്സഹായന്‍റെ പ്രതിഷേധമായി കഫം നിറയ്ക്കുക , കഫക്കെട്ട് മൂടിയ നെഞ്ചില്‍ നിന്നു ആയാസപ്പെട്ട്‌ ശ്വാസം പുറത്തേക്ക് വലിക്കുക , അവ്യക്തവും വികൃതവുമായ ശബ്ദങ്ങളില്‍ ചുമയായും മുറിഞ്ഞ വാക്കുകളുമായി സമൂഹത്തിന്‍റെ സനാതന ചര്യകളില്‍ അങ്ങിനെ വിയോജിപ്പ് പ്രകടിപ്പുക . ചിരിച്ചു രസിക്കുന്നവരുടെ സായന്തനങ്ങളില്‍ ചുമ ഒരു അശ്ലീലമായി പടരട്ടേ .. ഉത്തമന് അങ്ങിനെയൊക്കെ ചിന്തിക്കാനാണ് അപ്പോള്‍ തോന്നിയത് .
നൊക്കിയ കണ്ണാടികളിലൊന്നും വ്യക്തമായ ഒരു മുഖ ചിത്രം തെളിഞ്ഞു വരാഞ്ഞതില്‍ ഉത്തമന് കുണ്ഡിതമുണ്ട് . നിത്യക്കാഴ്ചകളുമായി സമരസപ്പെട്ടു പോകാന്‍ മുഖം ആഗ്രഹിക്കുമ്പോഴും പണ്ടെന്നോ വായിച്ചതും നിരീക്ഷിച്ചെടുത്തതും ജീവിച്ചു തീര്‍ത്തതുമായ അനുഭവങ്ങള്‍ ഒരു  യുദ്ധമുഖത്തെ വില്ലനെ പോലെ മനസ്സില്‍ തെളിയും . ദ്വന്ദങ്ങളുടെ ഈ മനസ്സ് വഴിയാത്രയില്‍ ശകുനങ്ങളായും അപശകുനങ്ങളായും തീര്‍ന്നിട്ടുമുണ്ട് . ദേഷ്യം വരുമ്പോള്‍ കണ്ണാടി വലിച്ചെറിയുകയും ഉടഞ്ഞ കണ്ണാടിയില്‍ തെളിയുന്ന വികൃത മുഖത്തെ നോക്കി ഉച്ചത്തില്‍ ചിരിക്കുക , മറ്റേതൊരു സാധാരണക്കാരനും ചെയ്യുന്നതു പോലുള്ള അത്തരം പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ഉത്തമനും സംതൃപ്തിയടഞ്ഞു  .
ഒരു ചായ കൂടി .. മറ്റൊന്നും പണിയില്ലാത്തതിനാല്‍ ഉത്തമന്‍ ചായ കുടിച്ചും സിഗാര്‍ വലിച്ചും സമയം തള്ളി നീക്കി .. മൂന്ന് ഇരുപതിന് എറണാകുളത്തെക്കുള്ള  സൂപ്പര്‍ ഫാസ്റ്റ് അതു കഴിഞ്ഞു നാല് മുപ്പതിന് കെഎസ്ആര്‍ടിസി കാസര്‍ഗോട്ടെക്ക് അതും കഴിഞ്ഞു എഴുമണിക്കാണ്‌ ചെമ്പ്രാ കുന്നിലേക്കുള്ള ബസ്സ് . അതിലേതില്‍ കയറണം , ഉറച്ച ചിന്ത ജീവിതത്തില്‍ ഒരിക്കലും കൊണ്ടു നടക്കാത്ത ഉത്തമന് അതും ഒരു വിഷയമേ ആയില്ല , ആദ്യം വരുന്ന ബസ്സ് അപ്പോള്‍ വരുന്ന മൂഡ്‌ ഇതൊക്കെ കാര്യങ്ങള്‍ അതിന്‍റെതായ  വഴിയില്‍ നീക്കിക്കൊള്ളും , നൂറായിരം പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കാനൊന്നും പേന്‍ നിറഞ്ഞതും താരന്‍ മൂടിയതുമായ തന്‍റെ ചെറിയ  തല അതിനുവേണ്ടി പുണ്ണാക്കാക്കെണ്ടാതില്ല എന്നമട്ടില്‍ അടുത്ത സിഗറിനു തീ കൊളുത്തി .
മഴ തിമര്‍ത്തു പെയ്യുകയാണ് . പാതയോരത്തെ ഗാന്ധി പ്രതിമ നനഞ്ഞൊലിക്കുന്നു , കണ്ണുകളിലൂടെ നീര് ചാലായൊഴുകുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സങ്കടം , വെയിലും മഴയും കൊണ്ടു ഈ നാടിനെ നന്നാക്കാന്‍ പാടുപെടുന്ന  ആ മഹാ ത്യാഗിവര്യന്‍ കരയുകയാണോ ? താന്‍ ചൂടിയ ശീലക്കുട പ്രതിമയ്ക്ക് ചൂടിക്കൊണ്ട് ആ മഹാത്മാവിനോട് ഉത്തമന്‍ തന്‍റെ അനുതാപം രേഖപ്പെടുത്തി . ബസ്സ്‌ സ്റ്റാന്ഡില്‍ നിന്നും അപ്പോഴേക്ക് സുപ്പര്‍ ഫാസ്റ്റിന്‍റെ ഹോണ്‍ മുഴങ്ങി .
ചെമ്പ്രാ കുന്നിന്‍റെ ഓര്‍മ്മകളെ അപ്പോഴേക്കും മനസ്സില്‍ നിന്നും മഴ കൊണ്ടു പോയിരുന്നു , അല്ലെങ്കില്‍ തന്നെ ബീഡി തെറുപ്പുകാരനായ ശേഖരന്‍ ക്ഷയം പിടിച്ച് ദീനക്കിടക്കയില്‍ ചത്തു എന്ന ചരിത്ര സാക് ഷ്യത്തിനു മേല്‍ രക്തസാക്ഷിത്വത്തിന്‍റെ പുതിയ മേലങ്കി എന്തിനു പുതക്കണം .. നഗരങ്ങളാണ് എല്ലാവരെയും പോലെ , തന്നിലേയും മാലിന്യങ്ങളും നിക്ഷേപിക്കുവാന്‍ നല്ല താവളമെന്ന ബോധ്യാത്താല്‍ ഉത്തമന്‍ സുപ്പര്‍ ഫാസ്റ്റില്‍ കയറി  , കൈത്തണ്ടയില്‍ കിടന്ന എച് ഏം ടി വാച്ചിലെ സൂചികള്‍ തിരിയാന്‍ പ്രയാസപ്പെടുന്നതായി അവന്‍ കണ്ടു . മഴ നനയാതിരിക്കാന്‍ വലിച്ചു താഴ്ത്തിയ സൈഡ്‌ ഷട്ടര്‍ തുറന്ന്, സമയത്തെയും കാലത്തെയും കൈവെള്ളയിലൊതുക്കാനായി ഉത്തമന്‍ തന്‍റെ വാച്ച് പുറത്തേക്കെറിഞ്ഞു . വാച്ചിലെ സൂചികള്‍ മഴവെള്ളത്തില്‍ കറങ്ങാനാകാതെ കഷ്ടപ്പെടുന്നത് കണ്ടു രസിച്ചു . ബസ്സില്‍ സ്റ്റീരിയോവില്‍നിന്നു  പഴയ വിപ്ലവഗാനത്തിന്‍റെ വരികള്‍ ഒഴുകുകയാണ് അപ്പോള്‍ .
..............................
..........................................................................................

8 comments:

  1. വളരെ ലളിതമായി ഭംഗിഒട്ടും ചോരാതെ പറഞ്ഞു....
    ഓരോ കഥാപാത്രങ്ങളും എന്റെതാണെന്ന് തോന്നി...
    ബാക്കി കഥകള്‍ വായിക്കാം പിന്നീട് വരാം !
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  2. നല്ല വിവരണം , ഇഷ്ടായി ഈ പറച്ചിൽ, ലളിതം
    ആശംസകൾ

    ReplyDelete
  3. നന്ദി അഭിപ്രായത്തിന് .. രണ്ടുപേര്‍ക്കും

    ReplyDelete
  4. വളരെ മനോഹരമായി എഴുതി. എവിടെയൊക്കെയോ എന്റെ മനസ്സുമായി സമരസപ്പെട്ടു പോകുന്നു കഥ ( പിന്നെ പാരഗ്രാഫുകള്‍ക്കിടയില്‍ ഇത്തിരി സ്ഥലം വിട്ടു വേര്‍തിരിച്ചു എഴുതുക. ബ്ലോഗ്‌ വായനക്ക് കുറച്ചു ആയാസം കൂടുതലാണ്. ഇങ്ങനെ ഇട വിട്ടു എഴുതിയാലേ കണ്ണിനു സ്ട്രൈന്‍ കുറയൂ ). ആശംസകള്‍

    ReplyDelete
  5. ഉത്തമന്‍ വാച്ചിലേക്ക് നോക്കി ..ഓര്‍മ്മകളെ നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ മുമ്പോട്ടേക്ക് പായിച്ചു

    പുറകോട്ടോ മുമ്പോട്ടൊ....

    നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി....

    ReplyDelete
  6. നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി....

    ReplyDelete