തൈത്തുബി മാഞ്ഞുപോയതെങ്ങിനെ ..?
.............................. .............................. ............
..............................
കഥ
ടി.സി.വി. സതീശന്‍
ടി.സി.വി. സതീശന്‍
ഒന്ന്
ശ്വാസംമുട്ടി ചത്ത മീനുകളുമായുള്ള പെരുത്തുനാളത്തെ സഹവാസം ആയിരിക്കണം ഹൈദര്‍ അഹമ്മദിന്റെ മുഖത്തെ ഈ മ്ലാനത . കിളിര്‍ക്കാന്‍ അറപ്പുകാണിക്കുന്ന മീശരോമങ്ങള്‍
നൊന്തുപെറ്റ കുഞ്ഞു പോലെ ആവില്ല മറ്റൊന്നും .. ഇടം കണ്ണിട്ട് തൈത്തിബിയുടെ ശരീരത്തിന്റെ ഭൂമിശാസ്ത്രം അളന്നുകൂട്ടി മറിയത്താ അത് പറഞ്ഞപ്പോള്‍ തൈത്തിബിയുടെ നെഞ്ചു കലങ്ങി, ഉള്ളിലെ പൊക കണ്ണീരായി പുറത്തേക്ക് ചാടി .
നെന്റെ മൊഞ്ച് കണ്ടപ്പോ ഓക്ക് കുശുമ്പ് വന്നതാ ..മോള് ബെജാറാവേണ്ടാ , അകത്തുനിന്നും കുല്‍സുമ്മ തല വെളിയിലേക്കിട്ടു .
മറിയത്തായുടെ മുഖത്തെ വലിയ മറുക് ഒന്നുകൂടി ഇരുണ്ടു .
ചത്തമീനുകള്‍ പെറുക്കി പെട്ടിയിലാക്കി അതിനുമേല്‍ ഐസുകട്ട വിരിക്കുകയായിരുന്ന ഹൈദരില്‍ ഈപ്പറഞ്ഞ വര്‍ത്തമാനങ്ങളൊന്നും ഒരുചലനവും ഉണ്ടാക്കിയില്ല , അവന്‍ തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു , അതിനിടയിലും കാലിലെ ചൊരുക്ക് മാന്തി നിര്‍വൃതിയടയുന്നുണ്ടായിരുന്നു.
ചാളകളെ തഴുകി വന്ന കാറ്റ് കുല്‍സുവിന്റെ മനസ്സില്‍ കടപ്പുറത്തെ ചുട്ടുപൊള്ളുന്ന പൂഴിമണല്‍ വാരിവിതറി . ഉപ്പ് പേറുന്ന കാറ്റിന് ഉണക്കാനായി ഒരുപാട് നൊമ്പരങ്ങള്‍ ചാളകളുടെ അകത്തളങ്ങള്‍ ബാക്കി വെച്ചിട്ടുണ്ടായിരുന്നു . വയ്യായ്മകളുടെ മുറിവുകളില്‍ ഉപ്പു തേച്ച് ഉണക്കാന്‍ കാറ്റിനാവുമെന്ന ദൃഡപ്പെട്ട ഒരു വിശ്വാസം കുല്‍സുവിനുണ്ട് .
എന്തെടാ നെന്റെ മോന്ത എപ്പോം ഇങ്ങനെ ചത്തമീന് പോലെ .. മറിയത്തായുടെ നാക്കിന് വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല , അത് ഹൈദരിനെ കേറിപ്പിടിച്ചു . അവന്‍ വെളുക്കെ ചിരിച്ചു .
ഇത്രേം വലിപ്പോള്ള നാക്കില്ലെങ്കില് പണ്ടേ നെന്നെ ആരെങ്കിലും കൊത്തിക്കൊണ്ടോവാരുന്നല്ലോ മറിയേ .. ചൊടിപ്പിക്കാനായി കുല്‍സുമ്മ ഒരു കോല് പണിതു .
കടല്‍ക്കരയില്‍ കാക്കകള്‍ പറ്റം ചേര്‍ന്നുനിന്ന് എന്തോ കൊത്തിവലിക്കുന്നു . അളിഞ്ഞ ഏതോ ജീവനില്‍ നിന്നും ഒഴുകിയ അഴുകിയമണത്തെ കാറ്റ് കൊണ്ടുവന്നു , തൈത്തുബി മൂക്കുപൊത്തി .
കുന്തിരിക്കോം ണ്ടെങ്കില്‍ പൊകച്ചു കൊടുക്കൂന്റെ കുല്‍സിത്താ ..നാക്കിന്റെ നീറ്റല് മാറ്റാനായി മറിയ ഇച്ചൂളിത്തോട് കൊണ്ട് നാവില്‍ ചൊറിഞ്ഞു .
അവൂക്കറിന്റെ ഐസുകമ്പനി വന്നപ്പോ ആളുകള് പറഞ്ഞത് നാട് നന്നാവൂന്നാ .. ഓരു വെള്ളത്തിനൊപ്പം ഐസ് പൊട്ടിയ വെള്ളോം കൂടിയായപ്പോ നാട്ടില് കൊതുക് കൂടി , അഞ്ചും ആറുംതരത്തീല് പുതിയ പനീം വന്നു .. കുല്‍സു തലയിക്കൈവെച്ചു പ്രാകി .
അതുകേട്ട് അതിലൂടെ നടന്നുപോയിരുന്ന അബ്ദുല്‍റെഹിമാന്‍ ഹാജി വായില്‍ കെടന്ന തുമ്മാന്‍ പുറത്തേക്ക് നീട്ടിത്തുപ്പി .
ന്താ കുല്‍സൂ നീയിങ്ങനെ കാലത്തെ പിറുപിറുക്കുന്നത് ?
സക്കാത്തായി വല്ലതും വല്ലപ്പോഴുമൊക്കെ ഹാജിയാരില്‍ നിന്ന് തരപ്പെടുന്നതിനാല്‍ കുല്‍സുമ്മ മൊഖം ചോപ്പിക്കാതെ അയാളോട് ചിരിച്ചു .
കുറുക്കന്‍ തോട്ടിനു ബണ്ട് വരുന്നു , ചെമ്മണ്ണും കരിങ്കല്‍ ചീളുകളും കുമിഞ്ഞ് തോട്ടുകര ഇല്ല്യാണ്ടായി . വരത്തന്‍ എഞ്ചിനീയരും രാവുണ്ണി മേസ്തിരിയും ഒരേ വായില്‍ പറയുന്നു .. ഇനി തോട് കെഴക്കോട്ടൊഴുകട്ടെ .
ആവോ .. കുറുക്കന്‍ തോട് വടക്കു നിന്ന് തെക്കോട്ടൊഴുകുന്നതാണ് കുഞ്ഞുന്നാള് മുതല് കുല്‍സുവിന്റെ കണ്ണുകള്‍ കണ്ടത് . ഉള്ളിലെ അങ്കലാപ്പ് ആരോടെങ്കിലും പറയേണ്ടേ , അവള്‍ തൈത്തുബിയെ വിളിച്ചു , ഹൈദരിനെ വിളിച്ചു .. മറിയയേ വിളിച്ചു .
പടച്ചോനേ .. ഈ ദുനിയാവില് എനിയെന്തല്ലാമാണോ കാണാനിരിക്കുന്നത് .
സ്വതേ നീളുന്ന മറിയത്തായുടെ നാക്ക് വായില്‍ ചുരുണ്ടു .. ചത്തമീനുകള്‍ക്കൊപ്പം ഐസു കട്ടകളില്‍ കിടന്ന് ഹൈദര്‍ ശ്വാസം മുട്ടി . വലിയ കൊതുകുകള്‍ ആഴത്തില്‍ കുത്തി കുല്‍സുവിന്റെ ശരീരത്തിലെ ചോര ഊറ്റിക്കുടിച്ചു . അപ്പോഴും ഉള്ളിലെന്തോ ചിന്തകളുമായി തൈത്തുബി മാനത്തേക്കു നോക്കിയിരുന്നതേയുള്ളൂ .
രണ്ട്
തൈത്തുബിയുടെ ആകാശത്തു നക്ഷത്രങ്ങള്‍ പൂക്കുന്നതും കാത്ത് കുഞ്ഞിനാരായണന്‍ മാനത്തേക്ക് നോക്കിയിരുന്നു . മൊഞ്ചുള്ള മോറുള്ള തൈത്തുബിയോട് എങ്ങിനെ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നറിയാതെ അവന്‍ കുഴങ്ങി . കാമ്പ് നിറഞ്ഞ കരിക്കുകള്‍ സ്വപ്നം കണ്ടു . കണ്ണും കാതും കൊടുത്തുള്ള അവന്റെ കോപ്രായങ്ങള്‍ക്ക് നിസ്സംഗതയില്‍ പൊതിഞ്ഞ മൗനമായിരുന്നു തൈത്തുബിയുടെ പ്രതികരണം .. അത് വായിച്ചെടുക്കാന്‍ അതുവരെ പഠിച്ച പള്ളിക്കൂടങ്ങളൊന്നും കുഞ്ഞിനാരായണന് സഹായകരമായില്ല , പ്രണയത്തിന്റെ പുതിയ ലിഖിതങ്ങള്‍ കുറിച്ചെടുക്കാന്‍ അവന്‍ മറിയാത്തയുടെ സഹായം തേടി .
മീന്‍ പെട്ടികള്‍ കഴുകി വൃത്തിയാക്കികൊണ്ടിരിരിക്കുന്ന മറിയാത്താ ആദ്യമൊന്നും അവന്റെ നല്ല വചനങ്ങള്‍ക്ക് ചെവി കൊടുത്തില്ല . നാസാരന്ധ്രങ്ങളില്‍ അടിഞ്ഞുകൂടിയ മീന്‍ചാപ്പയുടെ മണം തെങ്ങിന്‍ പൂക്കുലകളുടെ സൗഗന്ധത്തെ പാടേ അവഗണിച്ചു . അടുത്തുകൂടി തലചൊറിഞ്ഞ് പതുക്കെ കാര്യങ്ങള്‍ കുഞ്ഞിനാരായണന്‍ അവരുടെ കാതില്‍ പറഞ്ഞു .. തൈത്തുബിയെ യ്ക്ക് ഇഷ്ടാ .. ഒരുപാടൊരുപാട് . കൊലുന്നനേയുള്ള അവന്റെ മുഖത്തെ നാണം നനഞ്ഞമണ്ണില്‍ പെരുവിരല്‍ ചിത്രമായി .
മുക്കുവന്മാരില്‍ നിന്നും പന്ത്രണ്ടു ശിഷ്യന്മാരെയും എഴുപത്തിരണ്ട് അറിയിപ്പുകാരെയും അദ്ദേഹം നിയമിച്ചു . വെള്ളം വീഞ്ഞാക്കി , അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി .. പീറ്റര്‍ മാഷ് അത് പറഞ്ഞപ്പോള്‍ തൈത്തുബിയുടെ കണ്ണുകള്‍ വിടര്‍ന്നു , ചുണ്ടുകള്‍ മലര്‍ന്നു .എഴുത്തു പള്ളിക്കൂടത്തിന്റെ മേല്‍പ്പുര മേഞ്ഞ ഓലകളുടെ വിടവിലൂടെ ഊര്‍ന്നിറങ്ങിയ വെള്ളത്തുള്ളികള്‍ക്കായി അവള്‍ കൈനീട്ടി . ഒട്ടിയ വയറ് നിറഞ്ഞു . മൂന്നാം പക്കം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നാല്‍പ്പതാം പക്കം ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോവുകയും ചെയ്ത പരിശുദ്ധാത്മാവിന്റെ ചിത്രം മനസ്സില്‍ പതിഞ്ഞു .ഒടിഞ്ഞ മരബഞ്ചില്‍ പാതിയടഞ്ഞ കണ്ണുകളോടെ അവള്‍ ഏറെനേരം ഇരുന്നു .
കുഞ്ഞിനാരായണന് ഒന്നും മനസ്സിലായില്ല , അവനു പീറ്റര്‍ മാഷിനോട് കലശലായ വെറുപ്പുതോന്നി . ഇയാള് പഴയ കഥയൊക്കെ പറഞ്ഞ് ന്റെ പെണ്ണിനെ തട്ടിക്കൊണ്ടുപോവ്വോന്ന് അവന്‍ ഭയപ്പെട്ടു .നുണക്കുഴികളുണര്‍ത്തി തൈത്തുബി
അബ്ദുല്‍റെഹിമാന്‍ ഹാജി തന്റെ വളഞ്ഞകാലന്‍ കുടയുടെ കൂര്‍മ്പിച്ച അഗ്രം പൂഴിയില്‍ അമര്‍ത്തിത്താഴ്ത്തി . മറിയാത്ത തൈത്തുബിയോട് പറഞ്ഞു .. ഓര്‍ക്ക് നെന്റെ മേലെയാ കണ്ണ് , നെന്നെ മംഗലം കയ്ക്കണംന്ന് .
മാനമിരുണ്ടു , ബഹളം വെച്ച് പക്ഷികള്‍ കൂടുതേടി പറന്നു .
മൂന്ന്
കടപ്പുറത്ത് കുറുക്കന്മാര്‍ എന്തോ കൊത്തിവലിക്കുകയാണ് , പറ്റോഹരിക്കായി കാക്കകള്‍ പറന്നും നടന്നും ചുറ്റും കൂടി.കടലില്‍ പോയ മുക്കുവന്മാരുടെ കുടിയിലുള്ളവര്‍ കൂട്ടം കൂടി . മറിയാത്ത അറിയിപ്പുകാരില്‍ ഒരാളായി .
കുല്‍സുമ്മ നെഞ്ചത്തടിച്ച് അലമുറയിട്ടു . ന്നാലും ന്റെ മോളോട് ഈ കടുംകൈ ചെയ്തല്ലോ ?
കുഞ്ഞിനാരായണന്‍ മുഖം തുടകള്‍ക്കിടയില്‍ത്തിരുകി കരച്ചിലമര്‍ത്തി .
അന്നത്തെ കടല്‍ക്കാറ്റിനു നനുത്ത തണുപ്പായിരുന്നില്ല , ക്ഷോഭിക്കുന്നവന്റെ ഉള്ളിലെ തീ പോലെ പൊള്ളുന്നതായിരുന്നു .
കാറ്റിന് എല്ലാവരെയും സംശയമായിരുന്നു . ങ്ങളാണോ ..?കാറ്റ് അബ്ദുല്‍റെഹിമാന്‍ ഹാജി യോട് ചോദിച്ചു
നിസ്കാരത്തഴമ്പ് തൊട്ടുകാണിച്ച് അബ്ദുല്‍റെഹിമാന്‍ ഹാജി പറഞ്ഞു .. ഞാനല്ല
വിരല്‍ പീറ്റര്‍ മാഷിനു നേരെ നീണ്ടു ...
ഞാനല്ല .. കുരിശു വരച്ച് പീറ്റര്‍ മാഷ് സ്തോത്രം ചൊല്ലി .
ഞ്ഞീയേതാ ജാതീ ..?
കുഞ്ഞിനാരായണന്‍ അമര്‍ത്തിക്കരഞ്ഞു . ഹൈദര്‍ കൂടുതല്‍ ആറിത്തണുത്തു .
കാറ്റ് വരത്തന്‍ എഞ്ചിനീയറുടെ കാതുകുടഞ്ഞു , രാവുണ്ണി മേസ്തിരിയെ നിന്നനിപ്പില്‍ മേലോട്ടെക്ക് പറത്തി .
അവരും കുറ്റം ഏറ്റെടുത്തില്ല .
പോകാന്‍ ധൃതിപ്പെടുന്ന മഞ്ഞ വെയിലിനോട് കാറ്റ് ദേഷ്യപ്പെട്ടു .. നീയാണോ ?
വെയില് പൂഴിമണലിനെ ചൂണ്ടി പറഞ്ഞു .. അവര്‍ക്കറിയാമെല്ലാം .
മണല്‍ത്തരികള്‍ കൈമലര്‍ത്തി . ചവിട്ടടികള്‍ക്കിടയില്‍ എന്നും ഞെരിഞ്ഞമരുന്ന അവര്‍ സത്യം തുറന്നുപറയാന്‍ ഭയപ്പെട്ടു .
ഇച്ചൂളിത്തോടുകൊണ്ട് മാറിയാത്ത വീണ്ടും നാക്കുചൊറിഞ്ഞു ..
" ഓന്റെ തലേല് ഇടിത്തീ വീണുപോവട്ടെ ".
നൊന്ത അമ്മ മനസ്സ് കലങ്ങി . കടല്‍ ക്ഷോഭിച്ചു , ആയിരം തെങ്ങും ആയില്ലാക്കരയിലെ അഴിമുഖവും കടല്‍ കാര്‍ന്നെടുത്തു , കാറ്റ് ഒത്താശക്കാരനായി .
....................................................................................................................................................................
# ഇച്ചൂളി തോട് -- കക്കത്തോട്
ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185
നന്നായിരിക്കുന്നു കഥ
ReplyDeleteമനമുരുകിയുള്ള ശാപം ഫലിക്കാതെയിരിക്കില്ലല്ലോ!
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
thx thankappan chettaa.. nalla oru varham nerunnu
Delete