Friday, August 10, 2012

ശനി പൂക്കുന്ന നേരത്ത്

ശനി പൂക്കുന്ന നേരത്ത്
................................................................

കഥ
ടി.സി.വി.സതീശന്‍

.............................



ഒന്ന് 
അച്ഛാ , ഒരു ബീഡി തരുമോ ?
മകന്റെ ചോദ്യം കേട്ട് രാമന്‍ മൂത്താശാരി ഞെട്ടി . വീതുളിയും കൊട്ടുവടിയും താഴെ വെച്ച്‌ , അരയില്‍ ഇറുക്കിവെച്ച ബീഡിക്കെട്ടില്‍ നിന്നും ഒരെണ്ണമെടുത്തു അയാള്‍ മകന് നേരെ നീട്ടി .

തീപ്പെട്ടി കൂടി ..
രാമന്‍ മൂത്താശാരിയുടെ കാതുകളില്‍ ആ ചോദ്യം പതിഞ്ഞില്ല , മനസ്സില്‍ പൂമഖത്തേക്ക് വേണ്ടുന്ന കട്ടിളയായിരുന്നു . മരത്തില്‍ തുളയിടുവാനായി അയാള്‍ ഉളിയും മുട്ടിയും കയ്യിലെടുത്തു . കട്ടിളപ്പടികളില്‍ കുടുമയുണ്ടാക്കണം . ഉറപ്പുള്ള കട്ടിളകളിലേ വാതില്‍ ഉറപ്പോടോ നിര്‍ത്താന്‍ കഴിയൂ .. ചെവിക്കിറുക്കിയ തുണ്ടുപെന്‍സില്‍ കയ്യിലെടുത്ത് ചീന്തി മിനുസപ്പെടുത്തിയ കട്ടിളക്കാലില്‍ ഗുണന ചിഹ്നം വരച്ചു .
ചെവി കേള്‍ക്കുന്നില്ല്യേ , ഒന്ന് തീപ്പെട്ടി താ .? മകന്റെ ക്ഷമ നശിച്ചു .
പണിയായുധങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും മൂത്താശാരി തീപ്പെട്ടിയെടുത്തു മകന് കൊടുത്തു .
തീപ്പെട്ടിക്കോലുകള്‍ കൂടില്‍ അവന്‍ ആവര്‍ത്തിച്ച് ഉരച്ചു, ആദ്യ രണ്ടുതവണയും തീയെ കാറ്റ് കൊണ്ടുപോയി . മൂന്നാമത്തേതാണ് ബീഡിയില്‍ കൊളുത്തിയത് . ഒട്ടിയ കവിളുകള്‍ ഒന്നുകൂടി കുഴിഞ്ഞു . ബീഡിപ്പുക ആകാശത്തേ ലക് ഷ്യമാക്കി ചുരുളുകള്‍ പറത്തി .
കണക്കുകള്‍ ശരിയാവുന്നില്ല .. കുറ്റി പെന്‍സില്‍ കൊണ്ട് തലചൊറിഞ്ഞു . കൈകള്‍ ചുരുട്ടിപിടിച്ചു മൂത്താശാരി തലയ്ക്കു കിഴുക്കു കൊടുത്തു . പണിയേണ്ടത് പൂമുഖ വാതിലിന്റെ കട്ടിളയാണ് . അംഗുലം അംഗുലങ്ങളോട് ചേര്‍ന്ന് നില്‍ക്കണം , അളവില്‍ നേരിയ വ്യത്യാസം വന്നാല്‍ മതി ഗൃഹത്തിന്റെ സര്‍വ്വാശ്വൈര്യങ്ങളും കെട്ടുപോകും .. ഏഴാം വയസ്സില്‍ അച്ഛനോടൊപ്പം കൂടിയതാ , ഇന്നുവരെ ഇങ്ങിനെയൊരു അവസ്ഥ വന്നുപെട്ടിട്ടില്ല , രാമന്‍ മൂത്താശാരി വിയര്‍ത്തു . കഷണ്ടിത്തലയിലെ വിയര്‍പ്പുതുള്ളികളെ സൂര്യന്‍ ആവിയായി കൊണ്ടുപോയി .
പതിമൂന്നാമത്തെ വയസ്സിലാണെന്ന് തോന്നുന്നു , മാവിന്റെ പലക ചീന്തുളി കൊണ്ട് മിനുസപ്പെടുത്തി ഉണ്ടാക്കിയ മരബഞ്ച് . സ്വന്തമായി പണിത ആദ്യ ഉരുപ്പടി .. കാലുകളുടെ ഉറപ്പു പരിശോധിച്ച് അച്ഛന്‍ പറഞ്ഞു, രാമാ .. നീ പിടിച്ചുനില്‍ക്കും , നല്ല ബലമുള്ള കാലുകള്‍. മോന്തി കൊണ്ടിരുന്ന കള്ളില്‍ നിന്നും അരക്കൊപ്പ എടുത്ത് തന്റെ നേര്‍ക്ക്‌ നീട്ടി .. കുടിച്ചോളൂ . മകന്‍ എണ്ണം തികഞ്ഞ മരയാശാരിയായി തീരുമെന്ന് അച്ഛന് തോന്നിയിരിക്കണം , അയാളുടെ മുഖത്തെ സന്തോഷം അതിനു തെളിവായി രാമന്‍ വിചാരിച്ചു . അതൊരു കാലം ..മൂത്താശാരി, ഓര്‍മ്മകളെ മടക്കിവെച്ചു .
പണി പാതി പോലുമായില്ല , മനസ്സ് കെട്ടുപോയി . ഇന്നിനി വയ്യാ , പണിയായുധങ്ങള്‍ പെറുക്കി പ്ലാസ്റ്റിക് സഞ്ചിയില്‍ വെച്ച്‌ രാമന്‍ മൂത്താശാരി മടക്കമായി .
ജനാലയുടെ മരപ്പാളികള്‍ മെല്ലെ അകത്തി കൊണ്ട് മുത്താശാരി ഉള്ളിലേക്ക് നോക്കി . പുസ്തകത്താളുകള്‍ക്കിടയില്‍ കണ്ണു മിഴിച്ചു നില്‍ക്കുന്ന മകന്‍ . അക്ഷരങ്ങളെ ഉരുട്ടിത്തിന്നുന്ന വ്യഗ്രതാണ് മുഖത്ത് , ഇടയ്ക്കിടെ ആര്‍ക്കോ വേണ്ടിയെന്നോണം ശൂന്യതയിലേക്ക് നോക്കി അവന്‍ നിശ്ശബ്ദമായി ചിരിക്കുന്നു . ചിതറി കിടക്കുന്ന ബീഡിക്കുറ്റികള്‍ നിലത്ത് . മരയഴികള്‍ പിടിച്ചു മൂത്താശാരി ഏറെ നേരം അതു നോക്കിനിന്നു .ഒരുപാട് വഴിപാടുകള്‍ക്ക് ശേഷം വൈകിയുണ്ടായ മകന്‍ , മുഖത്തെ ചുളിവുകള്‍ ഒന്നുകൂടി തെളിഞ്ഞു . പൊടിഞ്ഞ വിയര്‍പ്പ് മേല്‍മുണ്ട്‌ കൊണ്ടു തുടച്ചു . കര്‍മ്മഫലം .. മൂത്താശാരി നെടുവീര്‍പ്പിട്ടു .
വായിച്ചു തീര്‍ന്ന പുസ്തകം മകന്‍ മേല്‍പ്പോട്ടെക്ക് എറിഞ്ഞു , താളുകള്‍ പക്ഷിച്ചിറകുകള്‍ പോലെ വായുവില്‍ പറന്നു . പുസ്തകത്താളുകള്‍ക്കും നാല് ചുമരുകള്‍ക്കും ഇടയില്‍ക്കിടന്നു അക്ഷരങ്ങള്‍ ശ്വാസം മുട്ടി. അതുനോക്കി അവന്‍ ആര്‍ത്തുചിരിച്ചു . നീണ്ട അവന്റെ  കോന്തമ്പല്ലുകള്‍ വികൃതമായി വക്രിച്ചു .. മൂത്താശാരി ഭയന്നു , നിലവിളിയായി ഒച്ച പുറത്തുവന്നില്ലെന്നെയുള്ളൂ , മേല്‍മുണ്ടും ഉടുമുണ്ടും വിയര്‍പ്പാല്‍ നനഞ്ഞു . അസുരവിത്ത്‌ .. നാക്കില്‍ വന്ന ശാപത്തെ തടഞ്ഞു നിര്‍ത്തി , തന്റെ ചോരയല്ലേ .. സഹിക്കുക , ശപിക്കാതിരിക്കുക , മൂത്താശാരി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . ജനാലയുടെ മരപ്പലകകള്‍ പതിയെ അടച്ചു അയാള്‍ പിന്‍വാങ്ങി .

രണ്ട്
ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയെഴുന്നേറ്റു . എഴുത്തുമേശയ്ക്ക് അഭിമുഖമായിട്ടിരിക്കുന്ന ചാരുകസേരയില്‍ അപരിചിതനായ ഒരാള്‍ ഇരുന്നു ബീഡി വലിക്കുന്നു . ശരിയാണോ എന്നറിയാന്‍ വിരലുകള്‍ കൊണ്ട് ഞാനെന്റെ ഇടതു കൈത്തണ്ട നുള്ളി , വേദന അറിയുന്നുണ്ട് . കുടുസ്സുമുറിയില്‍ ബീഡിപ്പുക നിറഞ്ഞിരിക്കുന്നു , ജനലുകള്‍ തുറക്കുവാനുള്ള ശ്രമത്തെ അയാള്‍ തടഞ്ഞു .
എന്റെ മുഖത്തു പെയ്ത വെപ്രാളം കണ്ട്..വേണ്ടാ , നിന്റെ തൊണ്ട വരളുന്നതായി തോന്നുന്നു , മുന്നിലെ മണ്‍കൂജ ചൂണ്ടി അയാള്‍ പറഞ്ഞു .
ആരായിരിക്കണം..? ഭീതിയും ആകാംക്ഷയും കലര്‍ന്ന വികാരത്താല്‍ എന്റെ കണ്ണുകള്‍ ഭയപ്പാടോടെ ആ മുഖത്തു തറച്ചുനിന്നു.
ഞാന്‍ രാമന്‍ മൂത്താശാരിയുടെ മകന്‍ , നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ മകന്‍ .. എന്റെ ജിജ്ഞാസയെ അയാള്‍ മുറിച്ചു .
വിനയത്തോടെ ഞാനയാളെ തൊഴുതു . സന്തോഷം.. ഒരു കഥാപാത്രം കണ്‍മുന്നില്‍ വന്നു നില്‍ക്കുന്നത് ഇതാദ്യമാണ് , അല്‍പ്പം വിറയലോടെ ഞാന്‍ വാക്കുകള്‍ പൂരിപ്പിച്ചു .
വരട്ടേ .. നിങ്ങളുടെ എഴുത്തിനെ അഭിനന്ദിക്കാന്‍ വന്നതല്ല ഞാന്‍. കഥ എനിക്കിഷ്ടമായി , പക്ഷെ നിങ്ങള്‍ എഴുതിയത് വസ്തുതാപരമല്ല , അതിശയോക്തിയാണ് അതിലധികവും .
ഞാനൊന്ന് മൂളുക പോലും ചെയ്യാത്തതു കൊണ്ടായിരിക്കണം അയാളുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടി .
അസ്ത്വിത്വമില്ലാതെ അലഞ്ഞു തിരിയുന്ന ഒരു സത്വമല്ല , എനിക്കൊരു പേരുണ്ട് .. ഹരി ഗോവിന്ദന്‍ , വേണമെങ്കില്‍ ഹരിയെന്നോ ഗോവിന്ദനെന്നോ നിനക്ക് എന്നെ വിളിക്കാം. അലസമായി കിടന്ന മുടിയൊന്നൊതുക്കി, താടി തടവി കൊണ്ടയാള്‍ പറഞ്ഞു . കുഴിഞ്ഞ ആ കണ്ണുകള്‍ അപ്പോള്‍ ആ ഇരുട്ടിലും പ്രകാശം പരത്തുണ്ടായിരുന്നു .
  എവിടുന്നോ അല്‍പ്പം ധൈര്യം സംഭരിച്ച് അയാളുടെ അരികിലുള്ള എന്റെ എഴുത്ത് മേശയുടെ മേലെ ഞാനിരുന്നു . ആദ്യം അയാളില്‍ കണ്ട ഉടക്കു ലൈന്‍ ആ മുഖത്തു നിന്നും മാഞ്ഞു .. സൌമ്യതയുടെ ഒരു സുഹൃദാന്തരീക്ഷം രൂപപ്പെടുന്നതായി എനിക്ക് തോന്നി .
കഥ ഞാന്‍ പറഞ്ഞുതരാം .. നീ എഴുതിയാല്‍ മാത്രം മതി , എഴുത്ത് .. എഴുത്തു മാത്രമാണ് നിന്റെ തൊഴില്‍ . ഗോവിന്ദന്റെ പേശികള്‍ അയഞ്ഞു , നേരിയ ചന്ദ്രക്കല മുഖത്ത് ചിരിയായി പടര്‍ന്നു .
മുപ്പത്തിമുക്കാല്‍ കോടി ദൈവങ്ങളുള്ള നാട്ടില്‍ ഇനിയുമൊരു ദൈവമോ ? ഇസങ്ങള്‍ തകര്‍ന്നടിയുന്ന മണ്ണില്‍ വേറൊരു ഇതിഹാസമോ ? മരപ്പട്ടികയില്‍ പൊടിച്ച വെങ്കല്ല് വിതറി ഉളി രാകി മൂര്‍ച്ചപ്പെടുത്തുന്നതുപോലുള്ള ശബ്ദത്തില്‍ ഗോവിന്ദന്‍ തുടര്‍ന്നു .കണ്ണുകളില്‍ തീപ്പാറി .
ഗോവിന്ദാ .. എനിക്കൊന്നും മനസ്സിലാവുന്നില്ല , ചിന്തുളി വേര്‍പ്പെടുത്തുന്ന ചിപ്ലികളെ നോക്കി ദീനവിലാപം നടത്തുന്ന മര ഉരുപ്പടിപോലെ ഞാന്‍ ദയനീയമായി പറഞ്ഞു .
നീ അധികമൊന്നും അറിയേണ്ടതില്ല , ഞാന്‍ പറയുന്നത് എഴുതുക .. ഗാംഭീര്യമുള്ള ആ ശബ്ദം ചുമരുകളില്‍ തട്ടി പ്രതിവചിച്ചു .
മഷി തീര്‍ന്ന പേനയില്‍ ഞാന്‍ മഷിനിറച്ചു. എഴുത്തിനായി കടലാസ്സുകള്‍ ഒതുക്കിവെച്ചു ... ഗോവിന്ദന്‍ പറയുന്നത് എഴുതുക തന്നെ .
മൂത്താശാരിയുടെ കണക്കുകള്‍ എവിടെയാ പിഴച്ചത് ? ശബ്ദം താഴ്ത്തിയുള്ള എന്റെ ചോദ്യത്തിന് അയാള്‍ ചെവി കൊടുത്തില്ല .
ഒഴുകിയൊഴുകുന്ന വെള്ളത്തുള്ളികള്‍ പോലെ ശാന്തമായിരുന്നു അയാളുടെ സംസാരം , ഇടയ്ക്ക് വല്ലപ്പോഴും പാറയില്‍ തട്ടി ചിതറുന്നതുപോലെ വാക്കുകള്‍ ഗാംഭീര്യത്തോടെ തെറിക്കുന്നുവെങ്കിലും കേള്‍ക്കാന്‍ ഒരിമ്പമുണ്ടായിരുന്നു .
കല്ലുകളെടുത്തു ഒറ്റയേറിനു മാവില്‍ നിന്നും മാമ്പഴം വീഴ്ത്തുകയും പറക്കുന്ന പക്ഷിയെ എറിഞ്ഞുവീഴ്ത്തുകയും ചെയ്യുന്ന സൂക്ഷ്മതയുടെ ഒരു ബാല്യമായിരുന്നു എനിക്ക് . അനുസരണക്കേട്‌ വശമില്ലാത്ത നല്ല കുട്ടിയെന്നു വീട്ടുകാര്‍ വിശേഷിപ്പിച്ചു ..അയാള്‍ പറഞ്ഞു നിര്‍ത്തി . ഗ്രഹണി ബാധിച്ച ശോഷിച്ച ശരീത്തില്‍ എന്നുമുതലാണ് നിഷേധത്തിന്‍റെ കുരിപ്പുകള്‍ പൊട്ടിമുളച്ചത് , മെലിഞ്ഞു നീണ്ട കൈവിരലുകള്‍ എണ്ണമയമില്ലാത്ത ജടകെട്ടിയ മുടിയില്‍ അയാള്‍ മാന്തി .
ജന്മം കൊണ്ട് ഞാനൊരു വിശ്വകര്‍മ്മന്‍ , അളവുകളെ അംഗുലങ്ങളാക്കി ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കേണ്ടവന്‍. സൃഷ്ടി .. സൃഷ്ടിയാണ് പരമമായ ധര്‍മ്മം . സൂര്യനെ ഇഷ്ടപ്പെടുന്ന ഈ ഗോവിന്ദന്‍ എന്തിനു വെയിലിനെ വെറുത്തു .. നിങ്ങളതറിയണം , കാരണം നിങ്ങള്‍ എഴുത്തുകാരനാണ്‌ , എഴുത്തിലൂടെ നിങ്ങള്‍ നാലാളുകളുടെ മുന്നില്‍ എന്നെ തുറന്നുവിടുകയാണ് .
ആ വാക്കുകള്‍ കുറിച്ചെടുക്കുമ്പോഴും എന്റെ അകതാരില്‍ വളര്‍ന്നത്‌ ഭീതി നിറഞ്ഞൊരു നിസ്സംഗതയായിരുന്നു .  ഗോവിന്ദന്റെ ഉള്ളില്‍ പുകയുന്ന തീ എന്തായിരിക്കും , എന്റെ ചിന്തകളെ കുടുസ്സുമുറിയില്‍ നിന്നും പുറത്തേക്ക് മേയാന്‍ വിട്ടു . മലയും കുന്നും പുഴയും തോടും താണ്ടി , മൂത്താശാരിയുടെ ഓടുമേഞ്ഞ പഴയവീട്ടിന്റെ ഉമ്മറക്കോലായിയില്‍ ആ അശ്വം കിതച്ചു നിന്നു .
സൂര്യന്‍ , സൂര്യനാണ് വെയില് കൊണ്ടുവരുന്നത് , വെയിലിനെത്തേടിയാണ് നിഴല് വരുന്നത് .. മുഴക്കോല് നീട്ടി വെച്ചുകൊണ്ട് ഗോവിന്ദന്‍ പറഞ്ഞു . 
നിഴലാകുക എളുപ്പമാണ് . നിഴലാകാതിരിക്കുക .. ഞാനതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് , ഇത്രയും പറഞ്ഞപ്പോള്‍ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു .
തുളസിയും കുരുമുളകും ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കൂജയില്‍ നിന്നെടുത്തു ഞാനയാള്‍ക്ക് നേരെ നീട്ടി ..റിലാക്സ് , അല്‍പ്പം വിശ്രമിച്ചോളൂ.
രാപ്പാടികള്‍ താരാട്ട് പാടി ഉറക്കിയില്ല , സ്വപ്നങ്ങളില്‍ നക്ഷത്രങ്ങള്‍ പൂത്തതുമില്ല , അസ്വസ്ഥമായ ആ മനസ്സില്‍ നിന്നും ഉറക്കം തീ കൊണ്ടുപോയിരിക്കണം . അയാള്‍ ഞെരങ്ങുകയും മൂളുകയും ചെയ്യുന്നതായി കണ്ടു .
പൂരിപ്പിക്കാനാകത്ത ഒരു പദപ്രശ്നമായി ഗോവിന്ദന്‍ പറഞ്ഞ നിഴലുകള്‍ അപ്പോഴേക്കും എന്നെ പിടികൂടി കഴിഞ്ഞിരുന്നു . നിഴലുകള്‍ മാത്രമുള്ള ഒരു ലോകം , എന്റെ കണ്‍പോളകളില്‍ ഇരുട്ട് കയറി , പേന കയ്യില്‍നിന്നും ഉതിര്‍ന്നു വീണു , പാതിയൊഴിഞ്ഞ കടലാസ്സുകള്‍ പറന്ന് ജനലറ്റം വരെ പോകുകയും തിരിച്ചു വരികയും ചെയ്തു .

പൂവന്‍ കോഴികള്‍ കൂകിയിരിക്കണം , പക്ഷികള്‍ പ്രഭാതഗീതം ആലപിച്ചിരിക്കണം . സൂര്യനുദിച്ചു , നേരം പുലര്‍ന്നു . ഗോവിന്ദന്‍ കട്ടിലില്‍ തളര്‍ന്നുറങ്ങുകയാണ്, മുഷിഞ്ഞ മുണ്ട് അരയില്‍ നിന്നും വഴുതിപ്പോയിരിക്കുന്നു .. ഞാന്‍ മുണ്ടെടുത്ത് അയാളെ ശരിയാംവണ്ണം ഉടുപ്പിച്ചു . അയാളെ വിളിച്ചുണര്‍ത്താന്‍ മിനക്കെട്ടില്ല , ഉറങ്ങട്ടെ .. ക്ഷീണം തീരുവോളം .

മൂന്ന്
മൂത്താശാരിയുടെ വീട്ടില്‍ ഗണകന്‍ കവടി നിരത്തി . നക്ഷത്രങ്ങളെ ഗണിച്ച് അയാള്‍ രാശി തീര്‍ത്തു . ശനീശ്വരനെ ധ്യാനിക്കുക , മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കുക .. ഗോവിന്ദനു ഇപ്പോള്‍ ജാതവശാല്‍ കണ്ടകശ്ശനിയാണ് , കണ്ടകശ്ശനി കൊണ്ടേ പോവൂ ,ആളപായം വരാതിരിക്കുവാന്‍ ശ്രദ്ധിക്കുക . ഇത്രയും പറയുമ്പോള്‍ ഗണകന്റെ മുഖത്തു പടര്‍ന്നത് സഹാതാപത്തിന്റെ നീലിച്ച വിഷാദമായിരുന്നു .
നാണിത്തള്ള കാലുകള്‍ നീട്ടി , തൊഴുകയ്യോടെ പ്രാര്‍ത്ഥിച്ചു .. സൂര്യപുത്രാ , ന്റെ മോനെ നീയെടുക്കല്ലേ
മൂത്താശ്ശാരി നാല്‍പ്പത്തിയൊന്നു ദിവസം വൃതം നോറ്റു , ഇരുമുടി കെട്ടുമേന്തി മലകയറി , ശാസ്താവ് കാക്കും .. ഫലപ്രാപ്തിക്കു വേണ്ടി  അകം നീറിയ പ്രാര്‍ത്ഥനകള്‍ നിര്‍ബ്ബാധം തുടര്‍ന്നു . മണ്‍കുടുക്കകളില്‍ സ്വരുക്കൂട്ടിയ ചെമ്പുതുട്ടുകള്‍ വഴിപാടുകളായി തീര്‍ന്നു . ഗോവിന്ദന്‍ അകലങ്ങളുടെ പരപ്പുകളിലേക്ക് ആഴ്ന്നിറങ്ങി , ചുണ്ടുകള്‍ ചെറു ചിരികളെ വായുവിനു സമ്മാനിച്ചു . സൂര്യന്‍ അവന്റെ ദിനചര്യകളില്‍ കൃത്യത പാലിച്ചു . വെയില് പരന്നപ്പോള്‍ നിഴലുകളും കൂടെക്കൂടി , അത് ഗോവിന്ദന്റെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി .
നാണിത്തള്ള രാമന്‍ മൂത്താശാരിയുടെ അമ്മയാണ് , ഗോവിന്ദനെ പെറ്റപ്പോഴേ  അവന്റെ തള്ള ചോരവാര്‍ന്നു ചത്തുപോയിരുന്നു . കൈകള്‍ ഉലര്‍ത്തിക്കാണിച്ച് നാണിത്തള്ള പറഞ്ഞു .. പേറ്റുചൂട് ആറുംമുമ്പേ ഓന്‍ ഈ കൈകളിലേക്ക് വീണതാ . തിമിരം ബാധിച്ച കണ്ണുകളില്‍ നിന്നും ചൂട് ആവിയായൊഴുകി .
ഉച്ച മാറിയ നേരത്ത് ഗോവിന്ദന്‍ മുഴക്കോലെടുത്തു , തന്റെ നിഴല് തന്നെക്കാള്‍ വളര്‍ന്നിരിക്കുന്നു . കലത്തിലെ വെള്ളമെടുത്ത് അവന്‍ നീട്ടിയൊഴിച്ചു , നിഴലില്ലാതാവുന്നത് നോക്കി മുഴക്കമാര്‍ന്ന ഒരു ചിരി ചിരിച്ചു . മുത്താശാരിക്ക് സങ്കടം കൂടി , നാണിത്തള്ള വിളിച്ചു ചോദിച്ചൂ , രാമാ .. ന്റെ കുട്ടിക്ക് എന്താ പറ്റ്യേ ? മുത്താശാരി ഒന്നും പറഞ്ഞില്ല , എന്തു പറയാനാണ് എന്ന് മനസ്സ് നീറി .
കറുത്ത തുണിയില്‍ എള്ളു കെട്ടി നല്ലെണ്ണയൊഴിച്ചു നാണിത്തള്ള സന്ധ്യാദീപം തെളിച്ചു , ഇഷ്ടേശ്വരന്മാരുടെ സ്തോസ്ത്രങ്ങള്‍ ചൊല്ലി , മനമുരുകി പ്രാര്‍ത്ഥിച്ചു .. ന്റെ ഗോയിന്ദനെ കാത്തുകൊള്ളണമേ . ഉച്ചയൂണില്‍ ഒരുരുള ഗോവിന്ദന്‍ കാക്കകള്‍ക്ക് കൊടുത്തു , കാക്കകള്‍ അവന്റെ ചങ്ങാതിമാരായി . ആധി മൂത്താശാരിയുടെ തലനാരുകളെ പിഴുതെടുത്തു . ഓണവും വിഷുവും വരാന്‍ മടിച്ച് ആ ആശാരിക്കുടിയുടെ കയ്യാലകള്‍ക്കപ്പുറം നിന്നു കൊഞ്ഞനം കുത്തി .
ആണ്‍ചിരട്ട ഉളികൊണ്ട് രാകി മിനുസപ്പെടുത്തി ഗോവിന്ദന്‍ അതില്‍ ചെറുതും വലുതുമായ രണ്ടു തുളകളിട്ടു .നേര്‍ത്ത മുളങ്കമ്പു മിനുസപ്പെടുത്തി അതില്‍ കോര്‍ത്തു വെച്ചു .. സൃഷ്ടി , പരകായ പ്രവേശം പോലെ അയാളത് ഉയര്‍ത്തിപ്പിടിച്ച്‌ ആര്‍ത്തുചിരിച്ചു . രാമന്‍ മൂത്താശാരിക്ക് സന്തോഷമായി , നാണിത്തള്ളയ്ക്ക് സന്തോഷമായി . നമ്മുടെ ഗോയിന്ദന്‍ തവിയുണ്ടാക്കിയേ.. തള്ള വിളിച്ചു കൂവി.  ഗണകന്‍ വീണ്ടും കവടി നിരത്തി . ഇഷ്ടഭാവത്തില്‍ ചാരവശാല്‍ വ്യാഴം വന്നിരിക്കുന്നു , ഗോവിന്ദനു ശനി ദോഷത്തിന്റെ ശക്തി കുറഞ്ഞു .. ചെമ്പുതുട്ടുകള്‍ വെറ്റിലയും അടക്കയും ചുരുട്ടി ദക്ഷിണയായി വീണു .
ഗോവിന്ദന്‍ ചിരിച്ചു .. നിഴലുകള്‍ , വെയില് കൊണ്ടു വരുന്ന നിഴലുകള്‍ .. വെയിലിനെ കൊണ്ടു വരുന്ന സൂര്യന്‍ .
ആ ആഴ്ചയില്‍ ഗോവിന്ദന്‍ ചെറുതും വലുതുമായ നാല് തവികള്‍ ഉണ്ടാക്കി . രാമന്‍ മൂത്താശാരിയുടെ , നാണിത്തള്ളയുടെ മുഖത്തുവീണ ചുളിവുകളില്‍ അല്‍പ്പം അയവ് വന്നു .മാറാല കെട്ടിയ ചുമരുകള്‍ നാണിത്തള്ള ചൂലുകൊണ്ട് തൂത്തു , നടുനീര്‍ത്തു മുറ്റമടിച്ചു വൃത്തിയാക്കി .. മൂടിക്കെട്ടിയ കറുത്ത മേഘങ്ങള്‍ പെയ്തൊഴിയുന്നതുപോലെ അവര്‍ക്ക് തോന്നി. രാമാ .. തന്റെ സന്തോഷം മകനെ വിളിച്ച് തള്ള കേള്‍പ്പിച്ചു .
തെന്നിനീങ്ങിയ ഇളംകാറ്റില്‍ തുമ്പപ്പൂക്കള്‍ ആടിയുലഞ്ഞു , പതിര് മാത്രം പൂത്തിരുന്ന പാടത്ത് കാക്കപ്പൂവുകള്‍ ചിരിച്ചു . വര്‍ഷങ്ങളായി പൂക്കാതിരുന്ന കണിക്കൊന്ന പൂത്തു , തൊടിയില്‍ പച്ചപ്പ്‌ തഴച്ചു . ഉണക്കാനിട്ടിരുന്ന കൈതോലകള്‍ ചുരുട്ടിക്കെട്ടി ചതച്ച് മൂത്താശാരി ചുമരില്‍ നൂറുതേക്കാനുള്ള ബ്രഷുണ്ടാക്കി , പഴയ ഒട്ടുചെമ്പില്‍ ചുണ്ണാമ്പ് നീറ്റി , പുകപിടിച്ചു കരിവാളിച്ച ചുമരില്‍ ഇരുണ്ട ആകാശത്തേക്ക് പറക്കുന്ന വെളുത്ത കൊറ്റികളെപോലെ ചുണ്ണാമ്പില്‍ മുക്കിയ ബ്രഷ്  വെളുത്ത ചിത്രങ്ങള്‍ വരച്ചു .
' നാല് തവികള്‍ '  ആ രണ്ടു മനസ്സുകളിലേക്ക് ആഹ്ലാദത്തെ കൊണ്ടുനിറച്ചു. കയ്യാലപ്പുറത്ത് അറച്ചുനിന്ന ആഘോഷങ്ങള്‍ വിരുന്നുകാരനെപോലെ പതിയെ , നടുമുറ്റം വഴി , ഉമ്മറക്കോലായിലേക്ക് നടന്നു വന്നു , ഇത്തിരി ജാള്യതയോടെ  അകത്തളങ്ങളിലേക്ക് കുനിഞ്ഞു നോക്കി . രാമാ .. നാണിത്തള്ള വെറുതെ വിളിച്ചു , മൂത്താശാരി വിളികേട്ടു .
നാല്
ഏതാണ്ട് പത്തുമണിയായിക്കാണണം ഗോവിന്ദന്‍ ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റു . ചുക്കും മല്ലിയും ശര്‍ക്കരയുമിട്ട് തിളപ്പിച്ച കാപ്പി ഞാനയാള്‍ക്ക് കുടിക്കാനായി കൊടുത്തു .ചുടാറ്റി കാപ്പി തൊള്ളയിലേക്ക് ഇറക്കിയ ശേഷം അയാള്‍ എന്നെ നോക്കി ചിരിച്ചു . പെയ്തൊഴിയാത്ത കര്‍ക്കിടക മഴയില്‍ വീണുകിട്ടിയ സൂര്യ വെളിച്ചം പോലെ ഞാനത് ഹൃദയത്തോട് ചേര്‍ത്തുവെച്ചു .
ഉറക്കം ശരിയായോ ..?
ഗോവിന്ദന്‍ വീണ്ടും ചിരിച്ചു .. ഇത്തവണ വിഷാദച്ചവി  പുരണ്ട നനഞ്ഞത്‌ പോലുള്ള പഴയ ചിരിയായിരുന്നില്ല . തെളിനീരോഴുകുന്നത് പോലെ ശാന്തമായ ചിരിയായിരുന്നു , ഒരു കവിത പോലെ ഞാനത് ആസ്വദിച്ചു.
മേശമേല്‍ കിടന്നിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി തുറന്ന് പത്തോളം തവികള്‍ അയാള്‍ കട്ടിലില്‍ നിരത്തി .. അതിന്റെ ചാരുത നോക്കി നിമിഷ നേരം നിന്നു , എന്നിട്ട് പറഞ്ഞു .. തവികള്‍ , തവികളില്‍ നിന്നു തുടങ്ങാം.
ഗോവിന്ദന്റെ മുഖത്തു മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളെ നിര്‍ന്നിന്മേഷനായി ഞാന്‍ നോക്കിനിന്നു .
ചെറുതെന്നും വലുതെന്നും ആയി തവികളെ തരം തിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു .. മനുഷ്യ ജീവിതത്തില്‍ തവികള്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെ കുറിച്ച് വാചാലനായി . മുളംതണ്ടിനെ ചിരട്ടയില്‍ നിന്നും ഊരിയെടുത്ത്, അയാള്‍ മേല്‍പ്പോട്ടെക്ക് ഉയര്‍ത്തി .. രണ്ടു തുളകള്‍ ചിരട്ടയില്‍ മുറിവേറ്റ പാടുപോലെ മുഴച്ചു നിന്നു .
തവി പുരാണത്തില്‍ കഴമ്പുണ്ടെന്ന് തോന്നി ഞാനെന്റെ കാതുകളെ അയാള്‍ക്ക്‌ വിട്ടുകൊടുത്ത് നല്ല ശ്രോതാവായി . നിഴലുകളില്‍ നിന്നും സംസാരം തവിയിലേക്ക് നീണ്ടപ്പോള്‍ എനിക്കാശ്വാസം തോന്നി . കൈല് കോര്‍ക്കുന്ന ഈ ഗോവിന്ദനെ എനിക്കൊരുപാടിഷ്ടമായി എന്നതാണ് വാസ്തവം .
കാക്കകള്‍ പറന്നു വന്നു ചുറ്റും കൂടി .. കലപില ശബ്ദത്തിലൂടെ എന്തോ പരിഭവം അവര്‍ ഗോവിന്ദനോട് പറഞ്ഞിരിക്കണം , അയാളുടെ മുഖം മ്ലാനമായി , ചെറിയ മൌനത്തിനു ശേഷം അയാളെന്നോട് കുറച്ച് പച്ചരിയുണ്ടാകുമോ എന്നു ചോദിച്ചു .  പുഴുക്കല് കെട്ടിയ കുറച്ച് പച്ചരി ഞാന്‍ കയ്യില്‍ കൊണ്ടുവന്നു അയാളുടെ നേരെ അത് നീട്ടിയതും ഒന്നു മണപ്പിച്ച് കാക്കകള്‍ക്ക് നേരെ വാരിയെറിഞ്ഞതും ഒപ്പമായിരുന്നു . കാക്കകള്‍ കൂട്ടം കൂടി അതു പെറുക്കിയെടുത്തു , ആ ആഹ്ലാദത്തില്‍ ഗോവിന്ദനും പങ്കുചേര്‍ന്നു .
വിചിത്രമായ ഒരുപാട് നിഗൂഡതകളുടെ വലിയ ശേഖരമായിരിക്കണം ഗോവിന്ദനെന്നു ഞാനൂഹിച്ചു .. എത്ര അഴിച്ചാലും ചുരുകളഴിയാതെ ഒഴിഞ്ഞു മാറുന്ന ഗൂഡതയുടെ പിന്നാമ്പുറങ്ങള്‍ തേടി എന്റെ മനസ്സ് പിടഞ്ഞു .
ഗോവിന്ദാ .. അപഥസഞ്ചാരികളായ ഗ്രഹങ്ങള്‍ ഇനിയും നിന്നെ ചുറ്റി തിരിയാതിരിക്കട്ടെ , ഒരുപാടധികം തവികള്‍ ഈ കൈകളില്‍ നിന്നുമുണ്ടാകണം . നിഴലുകള്‍ തവിയെ വിഴുങ്ങാതിരിക്കാന്‍ അവയെ നീ വെയിലില്‍ നിന്നും മറച്ചു പിടിക്കുക . തീക്ഷ്ണമായ ആ കണ്ണുകള്‍ക്ക്‌ ഒരുപാട് കഥകള്‍ പറയാനുണ്ടെന്ന് മുഖം വ്യക്തമാക്കി .
അയാളുടെ രണ്ടു കൈകളും ചേര്‍ത്തുപിടിച്ച് ഞാനെന്റെ പേന ആ കരങ്ങളിലേക്ക് വെച്ചു . കഥനത്തിന്റെ പുതുവഴികളില്‍ നിഴലുപരക്കാതെ മുന്നോട്ടു നടക്കുക . സൃഷ്ടി .. സൃഷ്ടിയാണ് പരമപ്രധാനം .
പേനയെ ആദരപൂര്‍വ്വം ചുണ്ടോടു ചേര്‍ത്ത് ഗോവിന്ദന്‍ അതില്‍ മുത്തമിട്ടു . സൃഷ്ടി .. സൃഷ്ടി തന്നെയാണ് ആത്യന്തിക സത്യമെന്ന് ആ ചുണ്ടുകള്‍ എന്നോട് മന്ത്രിച്ചു .
....................................................................................................................................................................................
T.C.V.SATHEESAN
SREEREKHA
PO - ANNUR
PAYYANUR -670307
MOBILE NO : 9447685185

No comments:

Post a Comment