Tuesday, January 1, 2013

ഉടല്‍ദൈവങ്ങള്‍

ഉടല്‍ദൈവങ്ങള്‍ 
.....................................................
കഥ
ടി.സി.വി.സതീശന്‍

മകുടിയൂതുന്ന പാമ്പാട്ടിയുടെ മുഖചലനങ്ങള്‍ക്കൊപ്പം നൃത്തമാടുന്ന പാമ്പ്‌ . ഉഗ്രവിഷ സംയോഗിയാണെങ്കിലും മകുടിക്ക് മുന്നിലെ പത്തിവിടര്‍ത്തല്‍ യഥാര്‍ത്ഥത്തിലുള്ള പത്തി താഴ്ത്തലാണ്.  ആടുക .., താളത്തില്‍ തുള്ളുക എന്നീ കര്‍മ്മകാണ്ഡത്തില്‍ താളം ചിട്ടപ്പെടുത്തുന്നത് മറ്റാരോ ആണ് . അനുസരിപ്പിക്കുന്ന , ഭയപ്പെടുത്തുന്ന ഏതോ ഒരു ശക്തി പിന്നാമ്പുറത്ത്  അധികാരങ്ങള്‍ ദൃഡപ്പെടുത്തുന്നുണ്ടാവണം. കൊഞ്ഞാണന്മാര്‍ ഒരു ഗ്രാമത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ് .. ഗോവിന്ദന്‍ നായര്‍ക്ക് സങ്കടവും സഹതാപവും വെറുപ്പും കലര്‍ന്നൊരു വികാരം അനുഭവപ്പെട്ടു . ഉള്ളിലെ അരിശം കരഞ്ഞു തീര്‍ക്കണോ അതോ ആരുടേയെങ്കിലും മേക്കിട്ടുകേറി തീര്‍ക്കണോ എന്നറിയാതെ അയാള്‍ കുഴങ്ങി .

ചായ തിളപ്പിക്കാന്‍ തീപ്പറ്റിക്കുന്നതിനുള്ള ഓല തെരക്കുകയായിരുന്ന ജാനകി ഗോവിന്ദന്‍ നായരുടെ തന്നത്താന്‍ പറച്ചിലുകളും കൈകാല്‍ കൊണ്ടുള്ള ഗോഷ്ടികളും ഒളിക്കണ്ണിട്ടു നോക്കി .  ഇയാള്‍ക്കെന്താ നട്ടപ്പിരാന്തായിപ്പോയോ ?
ഓലയൊഴിഞ്ഞ തെങ്ങിന്‍മടല് ആലയ്ക്ക് ചാരിവെച്ച് അവര്‍ താടിക്ക് കൈകൊടുത്തു . ഏതു ദൈവത്തെ വിളിക്കണമെന്നറിയാതെ അങ്കലാപ്പിലായി .

മനുഷന്  വട്ടെളകാന്‍ വല്ല്യ കാലൊന്നും വേണ്ടാ അല്ലേ , എന്നു സമാധാനിച്ചു .

തള്ളവിരല്‍ മറ്റുവിരലുകള്‍ കൊണ്ട് അമര്‍ത്തി ചോര അകത്തേക്ക് വലിച്ചുകൊണ്ട് ജാനകി സ്വയം പറഞ്ഞു .. ഈര്‍ക്കില്  കൊണ്ടതായിരിക്കണം .. ചോര പൊടിഞ്ഞതേള്ളൂ .

അല്ല .. ജാനകീ ഈ നാടിന്റെ പോക്കത്ര ശെര്യല്ല , കാണുമ്പോ സങ്കടോം വരുന്നു ദേഷ്യോം വരുന്നൂ , ഗോവിന്ദന്‍ നായര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .

പുല്ലരിയാന്‍ പോന്ന വഴിയില്‍ ദെച്ചുമി കൈക്കോട്ടുപണിക്കാരന്‍ രാമനോട് ചോദിച്ചൂ .. എന്തിന്യാ രാമാ ബീഡി വലിക്കാന്‍ വരുമ്പോ നീയ് കൈക്കൊട്ടും കൊണ്ട്വന്നത് ?

രാമന്‍ അടുത്ത ബീഡിക്ക് തീ കൊളുത്തി ആഴത്തില്‍ ചിരിച്ചു . അല്ല , ദെച്ചുമിയമ്മമ്പ്രാളേ  .. ഈ പുല്ലര്യുന്നത്രേം എളുപ്പല്ല കൈക്കോട്ടുപണി .

തെങ്ങിന് തടമെടുത്തു കൊണ്ടിരിക്കുന്ന രാമന്‍ ഒന്ന് നടു നീര്‍ത്തിയതാ , അപ്പോഴേക്കും ദെച്ചുമി  തെങ്ങോലക്കാറ്റ് പോലെ എങ്ങുന്നൊ   പ്രത്യക്ഷപ്പെട്ടത് അയാള്‍ കണ്ടിരുന്നില്ല .മച്ചിലെപ്പോതി ഇറങ്ങിവരുമ്പോലെയാ  .. നാക്കില്‍ തീയുമായാണ് പെണ്ണുങ്ങള്‍ടെ വരവ് , രാമന്  ഈര്‍ഷ്യ വന്നു .

തേങ്ങേല്ലാം നെന്നപ്പോലന്യല്ലോ രാമാ .. മണ്ടരി പിടിച്ചു മുരടിച്ച തേങ്ങയെ നോക്കി ദെച്ചുമി അടുത്ത നാക്കെറിഞ്ഞു.

അയിനെന്താ അമ്മമ്പ്രാളേ .. തെങ്ങെല്ലാം നെങ്ങളെ മാതിരി തടിച്ചു കൊഴുത്തിട്ടുണ്ടല്ലോ ? രാമന്‍ തിരിച്ചു ചൊറിഞ്ഞു .

കണ്ണീര് ചെന്നീരായൊലിപ്പിച്ചിരുന്ന തെങ്ങിന്‍ തായ്ത്തടിയില്‍ പൊത്തുവെച്ചിരുന്ന മരംകൊത്തി പക്ഷി രണ്ടുപേരുടെയും വേണ്ടാവര്‍ത്താനങ്ങള്‍ കേട്ട് അന്തിച്ചു .

രണ്ട്

ഇത്തവണേം തുലാവര്‍ഷം ചതിക്ക്വോ രാമാ ..
തൈത്തടത്തില്‍ ചാണകം ഇട്ടുകൊണ്ടിരുന്ന ഗോവിന്ദന്‍ നായര്‍ തന്റെ ആശങ്ക പങ്കുവെച്ചു .

ഇരുപത്തിനാല് സെന്റ്‌ പുരയിടത്തില്‍ വീടിരിക്കുന്ന സ്ഥലം ഒഴിച്ച്  ബാക്കി പതിനാറ് തെങ്ങുകള്‍ .. നാലെണ്ണം ചെന്നീരോലിച്ച് കറചാടി ചാവാന്‍ പരുവത്തില്‍ , ബാക്കിക്ക് മണ്ടരിയും . ഗോവിന്ദന്‍ നായരുടെ മനസ്സിലെ തീ കൊള്ളിയാന്‍ മിന്നി .
മുണ്ടകന്‍ വിളയേണ്ടുന്ന പാടത്ത് ബ്ലോക്കില്‍ നിന്നും കൊണ്ടുവന്ന ജപ്പാന്‍ പയറ് വിതച്ചു . കറചാടുന്ന തെങ്ങില്‍ നിന്നും തോല് ചെത്തിയെടുത്ത് ബോര്‍ഡോ മിശ്രിതം പശയാക്കി തേച്ചുപിടിപ്പിച്ചു , അതിനുമേല്‍ ടാര്‍ തേച്ചു ഉറപ്പിച്ചു .

ചെത്തിയെടുത്ത തോലില്‍ കീടങ്ങളുണ്ടാകും,  മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയണം .. കൃഷി ആപ്പീസ്സര്‍ ദിനകരന്‍ അത്രയും പറഞ്ഞാണ് പോയത് . സാറാകുമ്പോള്‍ വെവരോം കൂടുതലുണ്ടാകുമല്ലോ  ഗോവിന്ദന്‍ നായര്‍ കൃഷി ആപ്പീസര്‍ ദിനകരനെ വിശ്വസിച്ചു .
തുലാവര്‍ഷം അക്കൊല്ലവും പറ്റിച്ചു , ഒരിറ്റ് മഴപോലും പൊടിഞ്ഞില്ല. കെണറും കുളോം വറ്റി . വരണ്ട തൊണ്ടയില്‍ കരിമേഘങ്ങള്‍ ആടിത്തിമര്‍ത്തു . കണ്ടവും പറമ്പും പയറും ഉണങ്ങിക്കരിഞ്ഞു .

റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ വന്ന മാഷ്‌ പണിയേതാ ന്നു ചോദിച്ചപ്പോള്‍ ഒന്ന് കുഴങ്ങി .. കൃഷി, കൃഷീന്നു വിക്കിവിക്കിപ്പറഞ്ഞു .
 കുടിക്കാന്‍ കൊടുത്ത കട്ടന്‍ ചായ തോള്ളയിലേക്കിറക്കിയ ശേഷം മാഷ്‌ സംശയം തീര്‍ക്കാനായി ഒന്നുകൂടി ചോദിച്ചു .. എന്ത് ? കൃഷി .. കൃഷിയാണോ ? അയാളുടെ തലയില്‍ അവിശ്വാസത്തിന്റെ പെരുമഴ പെയ്തിരിക്കണം .കൃഷി കൊണ്ട് ഇന്നത്തെ കാലത്ത് എങ്ങിന്യാ കുടുംബം പോറ്റണത് ?

മാഷുടെ കണ്ണുകളിലേക്കു നോക്കി മുറ്റത്തെ തെങ്ങില്‍ കെട്ടിയിരിക്കുന്ന പൈക്കളിലേക്ക് വിരല്‍ചൂണ്ടി .
കുടിച്ചിറക്കിയ കട്ടന്‍ചായ മാഷ്‌ടെ തൊണ്ടയില്‍ ഒക്കാനമായി കുടുങ്ങി . വെരലുകള്‍ കൂട്ടിയെണ്ണി മാഷ്‌ പറഞ്ഞു .. ഒരു മാഷിനുപോലും പെഴച്ചു നിക്കാന്‍ പറ്റണില്ല , എന്നിട്ടെങ്ങിന്യാ  ഈ ഗോവിന്ദന്‍ നായര് കുടുംബം പൊറുപ്പിക്കണത് !!

തൊടിയില്‍ കളിച്ചു നടന്ന കിടാവ് അമ്മിഞ്ഞപ്പാലിനായി തള്ളപ്പശുവിനെ വലം വെച്ചു , കുറേനേരം അകിട് വലിച്ചീമ്പിയശേഷം മടുത്തിട്ടാകണം കരഞ്ഞോണ്ട് അത് തിരികെ പോയി .

പുഞ്ചപ്പാടത്തെ കുതിരുപറമ്പാക്കിയത് നിങ്ങളല്ലേ ഗോവിന്ദായരേ .. പൊത്തിലിരുന്ന മരംകൊത്തി അവന്റെ ഭാഷയില്‍ ചിലച്ചു .

ചാരനിറത്തിലുള്ള ആകാശത്ത്‌ കാക്കപ്പുള്ളികള്‍ പോലെ കറുത്ത മേഘങ്ങള്‍ ഓടുകയാണ് . മരംകൊത്തി പക്ഷിയുടെ ചിലക്കലില്‍ നിന്നും രക്ഷ നേടാനായി , ഇന്ന് മഴപെയ്യ്വോ ..ആവോ , മാനത്തെ ആച്ച് നോക്കി ഗോവിന്ദന്‍ നായര്‍ മനോഗതം പറഞ്ഞു .

മൂന്ന്

പാടവരമ്പില്‍ നിന്നും രാമന്റെ അച്ഛന്‍ കുഞ്ഞാമന്‍ ചെളിവെള്ളത്തില്‍ ഒളിച്ചുകളിക്കുകയായിരുന്ന പുല്ലന്‍ കുഞ്ഞുങ്ങളോട് കൊട്ടമ്പാള മേലോട്ട് ഉയര്‍ത്തിക്കൊണ്ട്‌ പറഞ്ഞു  ...
ആകാശം ചോക്കുന്നത് ങ്ങള് കണ്ട്വോ ..?
 ചെളിവെള്ളം ചോപ്പിച്ച അയാളുടെ തോര്‍ത്തുമുണ്ട് നോക്കി പുല്ലന്‍കുഞ്ഞുങ്ങളും പേക്രാന്‍ തവളയുടെ സന്തതിപരമ്പരകളും  ചിരിച്ചു .

ചെളിക്കണ്ടത്തില്‍ തറപ്പിച്ചിരുന്ന മുളങ്കമ്പുകളില്‍ കിടന്ന ചുവന്ന കൊടികള്‍ കാറ്റില്‍ പറന്നുകളിച്ചു .കുടികിടപ്പിന്റെ പത്തുസെന്റ് പട്ടയം കുഞ്ഞാമന്റെ സന്തോഷത്തെ ആകാശത്തോളം പറത്തി, പതിയെയാണെങ്കിലും അത് താഴെ ഭൂമിയിലേക്ക്‌ തിരിച്ചുപതിച്ചു . ചുവന്ന കൊടികള്‍ അവശേഷിപ്പിച്ച പ്രതീക്ഷയില്‍ കുഞ്ഞാമന്‍ ആകാശത്തക്ക് തന്റെ കണ്ണുകള്‍ നട്ടു .

സ്ഥലം തന്നു .. ഭൂമിയെന്ത് ചെയ്യണമെന്ന് അവര്‍ പഠിപ്പിച്ചിരുന്നില്ല , തുണ്ടുകള്‍ കിട്ടിയ വെലയ്ക്കു കൊടുത്ത് കോരന്മാര്‍ വീണ്ടും മുണ്ട് മുറുക്കിയുടുത്തു .. കുഞ്ഞാമന്റെ മനസ്സ് ആധിപ്പെട്ടു .പഴയ കീടങ്ങള്‍ ചത്തൊടുങ്ങി പുതിയ കീടങ്ങള്‍ പിറവിയെടുത്തു , പുതുതായി പിറന്നവ പഴയതിനേക്കാള്‍ വലിയവ .നികത്തിയിട്ട നെല്‍വയലുകളില്‍ കോണ്‍ക്രീറ്റ് കമ്പികള്‍ വളയ്ക്കുന്നത് നോക്കി കൊറ്റികള്‍ വെറുതെയിരുന്നു .

മദിയിളകിയ കൊമ്പനെപ്പോലെ മസ്തകം കുലുക്കി , തുമ്പിക്കയ്യുയര്‍ത്തി ജെസിബി തലങ്ങും വിലങ്ങും പാഞ്ഞു . നിരത്തിയ ചെമ്മണ്ണ് ആഴത്തില്‍ മാന്തി മറിച്ചു .പശിമയുള്ള മണ്ണില്‍ ആര്‍ത്തവരക്തം പടര്‍ന്നു . ചോര കണ്ട് വിറളിച്ച കൊറ്റികള്‍ ഭയപ്പാടോടെ ആകാശത്തെ ലക്ഷ്യമാക്കി പറന്നു .

സ്ഥലം റീ സര്‍വ്വേ ചെയ്യാന്‍ വന്ന കഷണ്ടിക്കാരന്റെ തലയില്‍ സൂര്യന്‍ ആഴത്തില്‍ പതിച്ചു , സ്ഥലമുടമയായ കൊഞ്ഞാണന്‍ കരുതിവെച്ച ടര്‍ക്കിടവ്വല്‍ അയാളുടെ തലയിലിട്ട്‌ സൂര്യനെ തോല്‍പ്പിച്ചു .

ങും ..എന്തെങ്കിലുമാവട്ടെ , ഉടുത്തിരുന്ന തോര്‍ത്ത് അല്‍പ്പം കേറ്റി കോണകത്തിന്റെ വാലൊന്ന് അഴിച്ചുകെട്ടി കുഞ്ഞാമന്‍ പുറംതിരിഞ്ഞു നടന്നു .


നാല്


നാരകത്തിന്റെയും കറിവേപ്പിന്റെയും ഇലകള്‍ കാന്താരിമുളകും ചേര്‍ത്തു ഞെലച്ച സംഭാരം ഒറ്റവലിച്ചു കുടിക്കവേ ഗോവിന്ദന്‍ നായര്‍ ജാനകിയമ്മയോടു പറഞ്ഞു .
മകരമാസത്തിലേ ഇത്രേം ചൂടാണെങ്കില്‍ മീനത്തിലും മേടത്തിലും എന്തായിരിക്കും ..? നാട് ചുട്ടു വെണ്ണീര്‍ ആവുന്നാ തോന്നണത് ?

എങ്ങിന്യാ വെന്തു പോവാണ്ടിരിക്ക്വാ ..? മനുഷ്യനെ മറന്ന കളിയല്ലേ എല്ലാരും ചെയ്യുന്നത് . ജാനകി ഉടുത്ത മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടച്ച് തന്റെ കുണ്ഠിതം രേഖപ്പെടുത്തി .

കലികാലം ല്ലേ ..ന്റെ ജാനകി , അച്ഛനേം അമ്മേനേം മറന്നുള്ള കളി . ഇതും ണ്ടാവും , ഇതിലപ്പുറോം ണ്ടാവും.

എന്തോന്ന് കലികാലം , അതൊക്കെ അവനോന്റെ ചെയ്തീക്കു പറയണ ഓരോ ന്യായങ്ങള്  .., കാലത്തിനല്ല ആള്‍ക്കാര്‍ക്കാ കലി വന്നത് . രോഷം പൊകച്ച് അവള്‍ അടുക്കളയിലേക്ക് നൂണിറങ്ങി .

ഇരുളാവുന്നതും കാത്ത്  പെരുച്ചാഴികള്‍ മാളങ്ങളില്‍ പതുങ്ങിയിരുന്നു . തായ്ത്തടിയറിയാതെ  തായ് വേരുകളറുക്കാന്‍ പകലിനേക്കാള്‍ നല്ലത്  ഇരുളാണെന്ന കറ തീര്‍ന്ന വിശ്വാസത്തില്‍ അവര്‍ മയക്കം നടിച്ചു . നിറഞ്ഞ പത്തായപ്പുരകള്‍ സ്വപ്നം കണ്ടുറങ്ങിയ പെരുച്ചാഴികള്‍ കണ്ടത്  പത്തായത്തിനകത്തെ ഇരുളില്‍ ഒളിച്ചിരിക്കുന്ന ഗോവിന്ദന്‍നായരെ .

പൂച്ചക്കാലില്‍ നടന്നടുത്ത ഗോവിന്ദന്‍ നായര്‍ വിരലുകള്‍ ചുണ്ടുകളോട് ചേര്‍ത്തുവെച്ച് കണ്ണുകൊണ്ട് പറഞ്ഞു ..
ശ് ശ് .. ഒച്ചയാക്കാതെ പൊന്നുമക്കളേ .

ഭയങ്ങളുടെ ലോകത്ത് ജീവിക്കുന്ന, ഇരുട്ടറകള്‍ തേടിപ്പോകുന്ന ആ പേടിത്തൊണ്ടനെ നോക്കി പെരുച്ചാഴികള്‍ സ്വയം മറന്നു ചിരിച്ചു .


ചതിച്ചത് കാലമോ , കാലവര്‍ഷമോ ?

കാലനായി വന്നത് കൂടെയുള്ളവരെന്ന് ജാനകിയ്ക്ക് ഉറപ്പുണ്ടായിരുന്നു . പെരുച്ചാഴികളുടെ ലോകത്ത് പെരുച്ചാഴിയായി ജീവിക്കാന്‍ കഴിയാതെ പോയതാണ് നിങ്ങള്‍ക്ക് ഈ ഗതി വന്നതെന്ന് പത്തായപ്പുരയെ നോക്കി അവര്‍ ഗോവിന്ദന്‍നായര്‍ക്കു നേരെ അസ്ത്രമൊഴിഞ്ഞു .

കരമടച്ച റസീറ്റും കുടിയിടത്തിന്റെ തലയാധാരവും അടിയാധാരവും ബാങ്കുകാരനും വട്ടിയ്ക്കാരനും പങ്കിട്ടെടുത്തു. കടം തന്നവര്‍ കഴുത്തിനു മീതെയുള്ള തലയ്ക്ക് വീതം പറഞ്ഞ് ചുറ്റും കൂടിയിരിക്കുന്നു . അറിയാതെ  ഗോവിന്ദന്‍ നായര്‍ മച്ചകത്തെ പരദേവതയെ വിളിച്ചു .

വഴിയാധാരങ്ങളുടെ സങ്കടക്കരച്ചില്‍ ഒരുപാട് കേട്ട നിസ്സംഗയായി നിസ്സഹായതയോടെ ചിരിച്ചു .

വിധി .. വിധിയാണ് ഗോവിന്ദാ എല്ലാം , അത് വിചാരിച്ചു നീ  സമാധാനപ്പെടുക.

അലിവുതോന്നിയ മച്ചകത്തെ പരദേവത വിളിച്ചു  ഗോയിന്ദാ ...

ഇരുള്‍മൂടിയ പകല്‍ക്കിനാവില്‍ നിന്നും ഗോവിന്ദന്‍ ഞെട്ടിയെഴുന്നേറ്റു .

നീതി വാക്കിലുള്ളോന്‍ ദൈവമാണ് .. പള്ളിയറവാള്‍ ഗോവിന്ദനു നല്‍കിക്കൊണ്ട് പരദേവത മൊഴിഞ്ഞു .
കാലത്തെ മറികടന്നു നീ തുള്ളുക .

ഉടയാഭരണങ്ങള്‍ നോക്കി തൊണ്ടയില്‍ വെള്ളമിറക്കി , കാല്‍ ചിലമ്പുകള്‍ക്കും അണിയലങ്ങള്‍കക്കുമായി അയാള്‍ മച്ചിലെപ്പോതിയ്ക്ക് മുന്നില്‍ കൈനീട്ടി .

തുള്ളുക നീ, നീതിക്കുവേണ്ടി .. അഭിചാരങ്ങള്‍ക്കപ്പുറമുള്ള ലോകത്തേക്ക് നീ നിന്റെ സഹജീവികളെ കൂട്ടിനു കൂട്ടുക .

ശീതം കുത്തിയിരിക്കുന്ന രോമങ്ങളെ നോക്കി ഗോവിന്ദന്‍ ആത്മഹര്‍ഷം പൂണ്ടു .

ഉറക്കത്തില്‍ മണികിലുക്കം കേട്ട് ജാനകി പേടിച്ചുവിറച്ചു . ചിലങ്കകളുടെ താളം രൌദ്രമേളമായി . പട്ടുകോണകമുടുത്ത് കെട്ടിയോന്‍ ഉറഞ്ഞുതുള്ളുന്നു . വെളിപാടുപോലെ പിച്ചുംപേയും വിളിച്ചു പറയുന്നു .

കണിയാര് കവടി നിരത്തി ..
കുടുംബദേവത പിണങ്ങിയിരിക്കുന്നു . പരിഹാര ക്രിയകള്‍ ചെയ്യണം .

കരിപ്പൊടിയും മഞ്ഞപ്പൊടിയും ചുവപ്പുപ്പൊടിയും കൊണ്ട് കോലം വരച്ചു . വെട്ടിയരിഞ്ഞ നേന്ത്രവാഴപ്പോളകളില്‍ മുളപ്പന്തങ്ങള്‍ കത്തിയെരിഞ്ഞു . ഓട്ടുരുളിയില്‍ ഗുരുതിക്കായുള്ള വകകള്‍ കൊണ്ടു നിറഞ്ഞു .

ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തെ നോക്കി ഗോവിന്ദന്‍ നായര്‍ ഉള്ളാലെ ചിരിച്ചു .

കടം കൊണ്ട് പൊറുതിമുട്ടിയ ഗോവിന്ദനോട് .. നെനക്കെന്താ കെട്ടിത്തൂങ്ങി ചത്തൂടെ എന്നുചോദിച്ചവര്‍ ആരതികളും അര്‍ച്ചനകളുമായി  കൂടെ കൂടിയിരിക്കുന്നു .ചിരിക്കല്വാണ്ട് മറ്റെന്താണ് ചെയ്യേണ്ടത് .


കൂടിവരുന്ന ആള്‍ക്കൂട്ടം ജാനകിയില്‍ അസ്വസ്ഥത ഉളവാക്കി , കൊട്ടിലുമുറി ഒഴിയാന്‍ അവര്‍ ഗോവിന്ദന്‍ നായരോട് കല്‍പ്പിച്ചു . പുരുഷാരം തെക്കിനിയിലെ ചെമ്പകച്ചോട്ടില്‍ ഓലകൊണ്ട് മറച്ച ഷെഡ്ഡില്‍ ഗോവിന്ദന്‍ നായരെ കുടിയിരുത്തി , പാട്ടും ഭജനയുമായി അവര്‍ ആര്‍ഭാടത്തോടെ ജീവിച്ചു .

ബേങ്കുകാര്‍ വല്ലാത്തൊരു പ്രതിസന്ധിയില്‍ അകപ്പെട്ടു , ദൈവത്തിനു കടമോ ..? ഉന്നതങ്ങളിലേക്ക് അവര്‍ എഴുതിച്ചോദിച്ചു , ഗോവിന്ദന്‍ നായരുടെ കടം എഴുതിത്തള്ളണം . അത്യുന്നതങ്ങളില്‍ തീരുമാനമായി ടിയാന്റെ സകലമാന കടങ്ങളും ഈ ബേങ്ക് ഉപേക്ഷിച്ചിരിക്കുന്നു .

അന്യദേശത്തുനിന്നും വയ്യായ്മക്കാര്‍ കേട്ടുകേട്ടറിഞ്ഞു വന്നു .. സങ്കടങ്ങള്‍ കേട്ട് ഗോവിന്ദന്‍ നായര്‍ക്ക് മടുത്തു , കൂടെക്കൂടിയവരിലൊരാള്‍ കാര്യസ്ഥനായി .. പരികര്‍മ്മിയായി .വയ്യായ്മക്കാരുടെ സങ്കടക്കണ്ണീരു കൊണ്ട് കിണറിലെ വെള്ളത്തില്‍ ലവണാംശം കൂടി . ഉപ്പുകലര്‍ന്ന വെള്ളം കൈക്കൂമ്പിളില്‍ കുടിച്ച് അവര്‍ രോഗവിമുക്തി നേടി .

ആ വര്‍ഷം കാര്യമായി മഴപെയ്തു . ഇരിപ്പൂ പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ നിറഞ്ഞു , നാട്ടുകാര്‍ സന്തോഷത്തില്‍ . ദൈവത്തിനുള്ളത് ദൈവത്തിന് ..ആളോഹരി വരുമാനത്തിന്റെ പത്തുശതമാനം ഗോവിന്ദന്‍ നായരുടെ പത്തായപ്പെട്ടിയില്‍ കുമിഞ്ഞു .

താനല്ലാതെ ഇനിയുമൊരു ഉടല്‍ദൈവം നാട്ടില്‍ അവതരിക്കുമോ .. ? ആശങ്ക ഗോവിന്ദനെ അസ്വസ്ഥനാക്കി , പരികര്‍മ്മിയുടെ മേല്‍ ഒരു കണ്ണ് വേണമെന്ന് അയാള്‍ ജാനകിയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു .
............................................................................................................................................................................

തൈത്തുബി മാഞ്ഞുപോയതെങ്ങിനെ ..?


തൈത്തുബി മാഞ്ഞുപോയതെങ്ങിനെ ..?
........................................................................
കഥ
ടി.സി.വി. സതീശന്‍


ഒന്ന്

ശ്വാസംമുട്ടി ചത്ത മീനുകളുമായുള്ള പെരുത്തുനാളത്തെ സഹവാസം ആയിരിക്കണം ഹൈദര്‍ അഹമ്മദിന്റെ മുഖത്തെ ഈ മ്ലാനത . കിളിര്‍ക്കാന്‍ അറപ്പുകാണിക്കുന്ന മീശരോമങ്ങള്‍ക്കായി വിരലുകൊണ്ട് മേല്‍ച്ചുണ്ടിനുമീതെ അവന്‍ വെറുതെ തടവി , മുക്കറ്റംവരെ ചെന്ന് വിരല്‍ പോന്നപടിയെ തിരിച്ചുവന്നു . ഒരു തണുപ്പ് തലയുച്ചിയില്‍ നിന്ന് താഴോട്ടിറങ്ങി , അപ്പോഴേക്കും ഐസ് കട്ടകള്‍ പൊതിഞ്ഞ് ഹൈദരിന്റെ ചിന്തകള്‍ ആറിത്തണുത്തിരുന്നു  .

നൊന്തുപെറ്റ കുഞ്ഞു പോലെ ആവില്ല മറ്റൊന്നും .. ഇടം കണ്ണിട്ട്‌ തൈത്തിബിയുടെ ശരീരത്തിന്റെ ഭൂമിശാസ്ത്രം അളന്നുകൂട്ടി മറിയത്താ അത് പറഞ്ഞപ്പോള്‍ തൈത്തിബിയുടെ നെഞ്ചു കലങ്ങി, ഉള്ളിലെ പൊക കണ്ണീരായി പുറത്തേക്ക് ചാടി .

നെന്റെ മൊഞ്ച് കണ്ടപ്പോ ഓക്ക് കുശുമ്പ് വന്നതാ ..മോള് ബെജാറാവേണ്ടാ , അകത്തുനിന്നും കുല്‍സുമ്മ തല വെളിയിലേക്കിട്ടു .

മറിയത്തായുടെ മുഖത്തെ വലിയ മറുക് ഒന്നുകൂടി ഇരുണ്ടു .

ചത്തമീനുകള്‍ പെറുക്കി പെട്ടിയിലാക്കി അതിനുമേല്‍ ഐസുകട്ട വിരിക്കുകയായിരുന്ന ഹൈദരില്‍ ഈപ്പറഞ്ഞ വര്‍ത്തമാനങ്ങളൊന്നും ഒരുചലനവും ഉണ്ടാക്കിയില്ല , അവന്‍ തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു , അതിനിടയിലും കാലിലെ ചൊരുക്ക് മാന്തി നിര്‍വൃതിയടയുന്നുണ്ടായിരുന്നു.

ചാളകളെ തഴുകി വന്ന കാറ്റ്‌ കുല്‍സുവിന്റെ മനസ്സില്‍ കടപ്പുറത്തെ ചുട്ടുപൊള്ളുന്ന പൂഴിമണല്‍ വാരിവിതറി . ഉപ്പ് പേറുന്ന കാറ്റിന് ഉണക്കാനായി ഒരുപാട് നൊമ്പരങ്ങള്‍ ചാളകളുടെ അകത്തളങ്ങള്‍ ബാക്കി വെച്ചിട്ടുണ്ടായിരുന്നു . വയ്യായ്മകളുടെ മുറിവുകളില്‍ ഉപ്പു തേച്ച് ഉണക്കാന്‍ കാറ്റിനാവുമെന്ന ദൃഡപ്പെട്ട ഒരു വിശ്വാസം കുല്‍സുവിനുണ്ട് .

എന്തെടാ നെന്റെ മോന്ത എപ്പോം ഇങ്ങനെ ചത്തമീന് പോലെ .. മറിയത്തായുടെ  നാക്കിന്  വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല , അത് ഹൈദരിനെ കേറിപ്പിടിച്ചു . അവന്‍ വെളുക്കെ ചിരിച്ചു .

ഇത്രേം വലിപ്പോള്ള നാക്കില്ലെങ്കില് പണ്ടേ നെന്നെ ആരെങ്കിലും കൊത്തിക്കൊണ്ടോവാരുന്നല്ലോ മറിയേ .. ചൊടിപ്പിക്കാനായി കുല്‍സുമ്മ ഒരു കോല് പണിതു .

കടല്‍ക്കരയില്‍ കാക്കകള്‍ പറ്റം ചേര്‍ന്നുനിന്ന് എന്തോ കൊത്തിവലിക്കുന്നു . അളിഞ്ഞ ഏതോ ജീവനില്‍ നിന്നും ഒഴുകിയ അഴുകിയമണത്തെ കാറ്റ് കൊണ്ടുവന്നു , തൈത്തുബി മൂക്കുപൊത്തി .

കുന്തിരിക്കോം ണ്ടെങ്കില്‍ പൊകച്ചു കൊടുക്കൂന്റെ കുല്‍സിത്താ ..നാക്കിന്റെ നീറ്റല് മാറ്റാനായി മറിയ ഇച്ചൂളിത്തോട് കൊണ്ട് നാവില്‍ ചൊറിഞ്ഞു .

അവൂക്കറിന്റെ ഐസുകമ്പനി വന്നപ്പോ ആളുകള് പറഞ്ഞത് നാട് നന്നാവൂന്നാ .. ഓരു വെള്ളത്തിനൊപ്പം ഐസ് പൊട്ടിയ വെള്ളോം കൂടിയായപ്പോ നാട്ടില്‌ കൊതുക് കൂടി , അഞ്ചും ആറുംതരത്തീല് പുതിയ പനീം വന്നു .. കുല്‍സു തലയിക്കൈവെച്ചു  പ്രാകി .
അതുകേട്ട് അതിലൂടെ നടന്നുപോയിരുന്ന അബ്ദുല്‍റെഹിമാന്‍ ഹാജി വായില്‍ കെടന്ന തുമ്മാന്‍ പുറത്തേക്ക് നീട്ടിത്തുപ്പി .
ന്താ കുല്‍സൂ നീയിങ്ങനെ കാലത്തെ പിറുപിറുക്കുന്നത് ?

സക്കാത്തായി വല്ലതും വല്ലപ്പോഴുമൊക്കെ ഹാജിയാരില്‍ നിന്ന് തരപ്പെടുന്നതിനാല്‍ കുല്‍സുമ്മ മൊഖം ചോപ്പിക്കാതെ അയാളോട് ചിരിച്ചു .

കുറുക്കന്‍ തോട്ടിനു ബണ്ട് വരുന്നു , ചെമ്മണ്ണും കരിങ്കല്‍ ചീളുകളും കുമിഞ്ഞ്‌ തോട്ടുകര ഇല്ല്യാണ്ടായി . വരത്തന്‍ എഞ്ചിനീയരും രാവുണ്ണി മേസ്തിരിയും ഒരേ വായില്‍ പറയുന്നു .. ഇനി തോട് കെഴക്കോട്ടൊഴുകട്ടെ .

ആവോ .. കുറുക്കന്‍ തോട് വടക്കു നിന്ന് തെക്കോട്ടൊഴുകുന്നതാണ് കുഞ്ഞുന്നാള്  മുതല് കുല്‍സുവിന്റെ കണ്ണുകള്‍ കണ്ടത് . ഉള്ളിലെ അങ്കലാപ്പ് ആരോടെങ്കിലും പറയേണ്ടേ , അവള്‍ തൈത്തുബിയെ വിളിച്ചു , ഹൈദരിനെ  വിളിച്ചു .. മറിയയേ വിളിച്ചു .

പടച്ചോനേ .. ഈ ദുനിയാവില് എനിയെന്തല്ലാമാണോ കാണാനിരിക്കുന്നത് .

സ്വതേ നീളുന്ന മറിയത്തായുടെ നാക്ക് വായില്‍ ചുരുണ്ടു .. ചത്തമീനുകള്‍ക്കൊപ്പം ഐസു കട്ടകളില്‍ കിടന്ന്  ഹൈദര്‍ ശ്വാസം മുട്ടി . വലിയ കൊതുകുകള്‍ ആഴത്തില്‍ കുത്തി കുല്‍സുവിന്റെ ശരീരത്തിലെ ചോര ഊറ്റിക്കുടിച്ചു . അപ്പോഴും ഉള്ളിലെന്തോ ചിന്തകളുമായി തൈത്തുബി മാനത്തേക്കു നോക്കിയിരുന്നതേയുള്ളൂ .

രണ്ട്

തൈത്തുബിയുടെ ആകാശത്തു നക്ഷത്രങ്ങള്‍ പൂക്കുന്നതും കാത്ത് കുഞ്ഞിനാരായണന്‍ മാനത്തേക്ക് നോക്കിയിരുന്നു . മൊഞ്ചുള്ള മോറുള്ള തൈത്തുബിയോട് എങ്ങിനെ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നറിയാതെ അവന്‍ കുഴങ്ങി . കാമ്പ് നിറഞ്ഞ കരിക്കുകള്‍ സ്വപ്നം കണ്ടു . കണ്ണും കാതും കൊടുത്തുള്ള അവന്റെ കോപ്രായങ്ങള്‍ക്ക്‌ നിസ്സംഗതയില്‍ പൊതിഞ്ഞ മൗനമായിരുന്നു തൈത്തുബിയുടെ പ്രതികരണം .. അത് വായിച്ചെടുക്കാന്‍ അതുവരെ പഠിച്ച പള്ളിക്കൂടങ്ങളൊന്നും കുഞ്ഞിനാരായണന് സഹായകരമായില്ല , പ്രണയത്തിന്റെ പുതിയ ലിഖിതങ്ങള്‍ കുറിച്ചെടുക്കാന്‍ അവന്‍ മറിയാത്തയുടെ സഹായം തേടി .

മീന്‍ പെട്ടികള്‍ കഴുകി വൃത്തിയാക്കികൊണ്ടിരിരിക്കുന്ന മറിയാത്താ ആദ്യമൊന്നും അവന്റെ നല്ല വചനങ്ങള്‍ക്ക് ചെവി കൊടുത്തില്ല . നാസാരന്ധ്രങ്ങളില്‍ അടിഞ്ഞുകൂടിയ മീന്‍ചാപ്പയുടെ മണം തെങ്ങിന്‍ പൂക്കുലകളുടെ സൗഗന്ധത്തെ പാടേ അവഗണിച്ചു . അടുത്തുകൂടി തലചൊറിഞ്ഞ്  പതുക്കെ കാര്യങ്ങള്‍ കുഞ്ഞിനാരായണന്‍ അവരുടെ കാതില്‍ പറഞ്ഞു .. തൈത്തുബിയെ യ്ക്ക് ഇഷ്ടാ .. ഒരുപാടൊരുപാട് . കൊലുന്നനേയുള്ള അവന്റെ മുഖത്തെ നാണം നനഞ്ഞമണ്ണില്‍ പെരുവിരല്‍ ചിത്രമായി .

മുക്കുവന്മാരില്‍ നിന്നും പന്ത്രണ്ടു ശിഷ്യന്മാരെയും എഴുപത്തിരണ്ട് അറിയിപ്പുകാരെയും അദ്ദേഹം നിയമിച്ചു . വെള്ളം വീഞ്ഞാക്കി , അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി .. പീറ്റര്‍ മാഷ്‌ അത് പറഞ്ഞപ്പോള്‍ തൈത്തുബിയുടെ കണ്ണുകള്‍ വിടര്‍ന്നു , ചുണ്ടുകള്‍ മലര്‍ന്നു .എഴുത്തു പള്ളിക്കൂടത്തിന്റെ മേല്‍പ്പുര മേഞ്ഞ ഓലകളുടെ വിടവിലൂടെ ഊര്‍ന്നിറങ്ങിയ വെള്ളത്തുള്ളികള്‍ക്കായി അവള്‍ കൈനീട്ടി . ഒട്ടിയ വയറ് നിറഞ്ഞു . മൂന്നാം പക്കം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നാല്‍പ്പതാം പക്കം ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോവുകയും ചെയ്ത പരിശുദ്ധാത്മാവിന്റെ ചിത്രം മനസ്സില്‍ പതിഞ്ഞു .ഒടിഞ്ഞ മരബഞ്ചില്‍ പാതിയടഞ്ഞ കണ്ണുകളോടെ അവള്‍ ഏറെനേരം ഇരുന്നു .

കുഞ്ഞിനാരായണന് ഒന്നും മനസ്സിലായില്ല , അവനു പീറ്റര്‍ മാഷിനോട് കലശലായ വെറുപ്പുതോന്നി . ഇയാള് പഴയ കഥയൊക്കെ പറഞ്ഞ് ന്റെ പെണ്ണിനെ തട്ടിക്കൊണ്ടുപോവ്വോന്ന് അവന്‍ ഭയപ്പെട്ടു .നുണക്കുഴികളുണര്‍ത്തി തൈത്തുബിയുടെ ചുണ്ടിലൂടെ ഒരു തൈത്തെന്നല്‍ കടന്നുപോയി ..കുഞ്ഞിനാരായണന് സന്തോഷം വീണ്ടുകിട്ടി . വരണ്ടുണങ്ങിയ പാടത്ത്  മുക്കുറ്റികള്‍ പൂത്തു , ആയില്ലാക്കരയിലെ പൂഴിമണല്‍ കടല്‍ താണ്ടി വന്ന കാറ്റില്‍ ചെറുഗോളങ്ങളായി മേല്‍പ്പോട്ടു പറന്നു .

അബ്ദുല്‍റെഹിമാന്‍ ഹാജി തന്റെ വളഞ്ഞകാലന്‍ കുടയുടെ കൂര്‍മ്പിച്ച അഗ്രം പൂഴിയില്‍ അമര്‍ത്തിത്താഴ്ത്തി . മറിയാത്ത തൈത്തുബിയോട്‌ പറഞ്ഞു .. ഓര്‍ക്ക്  നെന്റെ മേലെയാ കണ്ണ് , നെന്നെ മംഗലം കയ്ക്കണംന്ന് .

മാനമിരുണ്ടു , ബഹളം വെച്ച് പക്ഷികള്‍ കൂടുതേടി പറന്നു .


മൂന്ന്


കടപ്പുറത്ത് കുറുക്കന്മാര്‍ എന്തോ കൊത്തിവലിക്കുകയാണ് , പറ്റോഹരിക്കായി കാക്കകള്‍ പറന്നും നടന്നും ചുറ്റും കൂടി.കടലില്‍ പോയ മുക്കുവന്മാരുടെ കുടിയിലുള്ളവര്‍ കൂട്ടം കൂടി . മറിയാത്ത അറിയിപ്പുകാരില്‍ ഒരാളായി .

കുല്‍സുമ്മ നെഞ്ചത്തടിച്ച് അലമുറയിട്ടു . ന്നാലും ന്റെ മോളോട് ഈ കടുംകൈ ചെയ്തല്ലോ ?

കുഞ്ഞിനാരായണന്‍ മുഖം തുടകള്‍ക്കിടയില്‍ത്തിരുകി കരച്ചിലമര്‍ത്തി .

അന്നത്തെ കടല്‍ക്കാറ്റിനു നനുത്ത തണുപ്പായിരുന്നില്ല , ക്ഷോഭിക്കുന്നവന്റെ ഉള്ളിലെ തീ പോലെ പൊള്ളുന്നതായിരുന്നു .

കാറ്റിന് എല്ലാവരെയും സംശയമായിരുന്നു . ങ്ങളാണോ ..?കാറ്റ് അബ്ദുല്‍റെഹിമാന്‍ ഹാജി യോട് ചോദിച്ചു

നിസ്കാരത്തഴമ്പ് തൊട്ടുകാണിച്ച്‌  അബ്ദുല്‍റെഹിമാന്‍ ഹാജി പറഞ്ഞു .. ഞാനല്ല

വിരല്‍ പീറ്റര്‍ മാഷിനു നേരെ നീണ്ടു ...

ഞാനല്ല .. കുരിശു വരച്ച്  പീറ്റര്‍ മാഷ്‌ സ്തോത്രം ചൊല്ലി .

ഞ്ഞീയേതാ ജാതീ  ..?

കുഞ്ഞിനാരായണന്‍ അമര്‍ത്തിക്കരഞ്ഞു . ഹൈദര്‍ കൂടുതല്‍ ആറിത്തണുത്തു  .

കാറ്റ് വരത്തന്‍ എഞ്ചിനീയറുടെ കാതുകുടഞ്ഞു , രാവുണ്ണി മേസ്തിരിയെ നിന്നനിപ്പില്‍ മേലോട്ടെക്ക് പറത്തി .

അവരും കുറ്റം ഏറ്റെടുത്തില്ല .

പോകാന്‍ ധൃതിപ്പെടുന്ന മഞ്ഞ വെയിലിനോട് കാറ്റ് ദേഷ്യപ്പെട്ടു .. നീയാണോ ?

വെയില് പൂഴിമണലിനെ  ചൂണ്ടി പറഞ്ഞു .. അവര്‍ക്കറിയാമെല്ലാം .

മണല്‍ത്തരികള്‍ കൈമലര്‍ത്തി . ചവിട്ടടികള്‍ക്കിടയില്‍ എന്നും ഞെരിഞ്ഞമരുന്ന അവര്‍ സത്യം തുറന്നുപറയാന്‍ ഭയപ്പെട്ടു .

ഇച്ചൂളിത്തോടുകൊണ്ട്  മാറിയാത്ത വീണ്ടും നാക്കുചൊറിഞ്ഞു ..

" ഓന്റെ തലേല് ഇടിത്തീ വീണുപോവട്ടെ ".

നൊന്ത അമ്മ മനസ്സ് കലങ്ങി . കടല്‍ ക്ഷോഭിച്ചു , ആയിരം തെങ്ങും ആയില്ലാക്കരയിലെ അഴിമുഖവും കടല്‍ കാര്‍ന്നെടുത്തു , കാറ്റ് ഒത്താശക്കാരനായി .
....................................................................................................................................................................

# ഇച്ചൂളി തോട് -- കക്കത്തോട്‌

ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185


Tuesday, August 21, 2012

രക്തസാക്ഷികള്‍ .. മരിക്കില്ലൊരിക്കലും

രക്തസാക്ഷികള്‍ .. മരിക്കില്ലൊരിക്കലും
....................................................................................................


ചെമ്പ്രാ കുന്നിലേക്കുള്ള അവസാന ബസ്സും പോയി . ഉത്തമന്‍ കയ്യിലെ പഴയ എച്ച് ഏം ടി വാച്ച് നോക്കി .. സമയം പത്തേ നാല്‍പ്പത്തിയഞ്ച്  .   പത്തു മിനിട്ട്  സ്ലോ ആണ് , അതും  കൂട്ടി വേണം സമയത്തെ അളക്കാന്‍ . നരച്ച സ്ട്രാപ്പില്‍ വെളുത്ത ഡയലില്‍ കാലം വരുത്തി വെച്ച മഞ്ഞ നിറം . പിതൃസ്വത്തായി ഉത്തമന് ആകെക്കൂടി കിട്ടിയത് ഈ വാച്ചും വളഞ്ഞ കാലുള്ള നരച്ച ശീലക്കുടയുമായിരുന്നു .  പഴന്തുണി കൂറ തിന്നും കമ്പികള്‍ തുരുമ്പെടുത്തും കുട അധികം വൈകാതെ അച്ഛന്‍റെ അടുത്തേക്ക്‌ പോയി , ഓര്‍മ്മകളായി എച്ച് ഏം ടി വാച്ച് ഉത്തമന്‍റെ കൈത്തണ്ടയില്‍ കിടന്ന് കഷ്ടപ്പെട്ടാണെങ്കിലും ഇന്നും കാലത്തെയും സമയത്തെയും ക്രമപ്പെടുത്തുന്നു .

നല്ല മഴ , ബസ്സ്‌ സ്റ്റാന്റിലെ ഒട്ടുമിക്ക കടകളുടെയും ഷട്ടര്‍ വീണു കഴിഞ്ഞിരുന്നു . മഴ നനഞ്ഞത്‌ കൊണ്ടാവണം വാച്ചിന്‍റെ ഡയലില്‍ ആവി പരന്ന്  മങ്ങല്‍ . മുണ്ടിന്‍റെ തുമ്പുകൊണ്ട് അതു തുടച്ചു . കുമാരേട്ടന്‍ വിളിച്ചിരുന്നു , നിന്‍റെ അച്ഛന്‍റെ നാല്‍പ്പത്തിനാലാം ചരമ വാര്‍ഷികമാണ് ,വലിയ സിക്രട്ടറി വരുന്നു , വിപുലമായ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് .. നീ എന്തായാലും വരണം . കുമാരേട്ടനെ ധിക്കരിക്കാന്‍ പറ്റില്ല , അച്ഛന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് , അനുസരിക്കുകയെ വഴിയുള്ളൂ .


ഉത്തമന്‍ വാച്ചിലേക്ക് നോക്കി ..ഓര്‍മ്മകളെ  നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ മുമ്പോട്ടേക്ക് പായിച്ചു , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക രാവിലേക്ക് .. മാറാല കെട്ടിയ സിമന്റു തേക്കാത്ത കൊട്ടില് മുറിയില്‍ ഞെരങ്ങുന്ന വിറകുകൊള്ളി പോലുള്ള ശരീരത്തെ മനസ്സിലേക്ക് വരച്ചു . പുറത്തു ചീവിടുകള്‍ ഒച്ചവെക്കുന്നു , ധാരമുറിയാതെ പെയ്യുന്ന മഴത്തുള്ളികളില്‍ ഞെരക്കം അലിഞ്ഞില്ലാതാവുന്നു .  ക്ഷയരോഗമോ കാന്‍സറോ ആയിരിക്കാം എന്നാണു നാട്ടു വൈദ്യന്മാരുടെ മതം . കാക്കി നിക്കറിട്ട പോലീസുകാരുടെ ആണി തറച്ച ബൂട്ടിന്‍റെ  പാടുകളാണ് ശേഖരന്‍റെ നെഞ്ചു കലക്കിയത് ..  കുമാരേട്ടന് സംശയം ഒന്നുമുണ്ടായില്ല .

അവറോത്തു എശ്ശമാനന്‍റെ പത്തായപ്പുരയില്‍ കുമിഞ്ഞു കൂടിയ നെല്ല് .. എരുതിനെ പൂട്ടുന്ന നാണുവിന്‍റെ കുടിയിലെ പട്ടിണി തീയ് . ഗ്രഹണി പിടിച്ചു ഉന്തിയ വയറുകളുമായി , ഒലിച്ചിറങ്ങുന്ന മൂക്കിള വലിച്ചിറക്കി ദാഹവും പശിയും തീര്‍ക്കുന്ന കുട്ടികള്‍ .. നഞ്ചുപാടത്ത്   ചെമ്മരത്തി, മൂര്‍ന്നീട്ട കറ്റകള്‍ ചവിട്ടി മെതിക്കുമ്പോള്‍ പറഞ്ഞത് അടുത്ത ജന്മത്തിലെങ്കിലും എശ്ശമാന്‍റെ  പത്തായത്തിലെ എലിയായി തീരണമേ, തമ്പ്രാനേ എന്നാണ് .. , അത് പറയുമ്പോള്‍ അവളുടെ കാലുകള്‍ക്കിടയില്‍ കതിര്‍മണികള്‍ പിടയുകയായിരുന്നു . പിന്നെങ്ങിനെ ശേഖരനും ഞാനുമൊക്കെ ആണാണ് എന്നു പറഞ്ഞുഎന്തിനു നടക്കണം ? മുതുകില്‍ ബയണറ്റ് കുത്തിയുണ്ടാക്കിയ പാടുകള്‍ കാണിച്ച് കുമാരേട്ടന്‍ പറഞ്ഞു , പ്രായം തൊണ്ടയില്‍ കുടുക്കിയ കഫക്കെട്ട് കാറിത്തുപ്പി തുടര്‍ന്നു .. അതൊരു കാലം .
ശേഖരന്‍ രക്തസാക്ഷിയല്ല , ദീനം വന്നു ചത്തതാണ് , നാല്‍പ്പത്തിനാലു കൊല്ലം മുമ്പുള്ള സംസാരം ഉത്തമന്‍റെ മനസ്സില്‍ പുളി രസമായി തികട്ടി . നിസ്സഹായതയുടെ വെയിലില്‍ നാലുമാക്കളെയും കൊണ്ട് പെടാപ്പാട് പെടുന്ന അമ്മയുടെ മുഖം തെളിഞ്ഞു . അടുക്കള ചായ്പ്പിലെ പുകയാത്ത അടുപ്പില്‍ ചുണ്ടെലികള്‍ താവളമുറപ്പിച്ചിരുന്നുവെങ്കിലും അമ്മ മനസ്സില്‍ പെയ്തത് തീമഴയായിരുന്നു .. ഉത്തമന്‍ അന്ന് തീരുമാനിച്ചതാ , ആവുന്നെങ്കില്‍ ജീവിതത്തില്‍ ഒരു പെരുച്ചാഴി തന്നെ ആവണമെന്ന് .
നാഴിക മണികള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിയത്‌ ഡിമിനിഷിങ്ങ് എന്ന വാക്കാണ്‌ , ഘടികാര സൂചികള്‍ സെക്കന്റുകളയും മിനിട്ടുകളായും മണിക്കൂറും ദിവസങ്ങളുമായി കാലത്തെ കൊന്നുതിന്നു .  പത്തു നാല്‍പ്പതു കൊല്ലമായി  ത്യാഗം , കൂടപ്പിറപ്പ് എന്നീ വാക്കുകള്‍ അബദ്ധവശാലെങ്കിലും ആരും ഉച്ഛരിച്ചതായി ഉത്തമന്‍റെ കാതുകള്‍ കേട്ടില്ല . പെരുച്ചാഴികള്‍ നിറഞ്ഞ ഈ  ലോകത്ത് എലികളുടെ വംശമഹിമ ഇല്ലാത്ത ഇത്തരം വാക്കുകള്‍ അശ്ലീലമല്ലാതെ മറ്റെന്താണ് .. ഒരു ദീര്‍ഘ ശ്വാസത്തില്‍ ആ വേണ്ടാതീനത്തെ ഉത്തമന്‍ ഒതുക്കി .

ഒരാളുടെ സ്ഥൂല ശരീരം ഇല്ലാതായിട്ട് നാല്‍പ്പത്തിനാലു വര്‍ഷം കഴിഞ്ഞു , എന്നിട്ട് ഇപ്പോഴാണ് അയാളെ കുറിച്ച് ഓര്‍ക്കുന്നത് ? അതിന്‍റെ വൈരുദ്ധ്യത്തില്‍ മനസ്സ് ഉടക്കി നിന്നു , ഉള്‍വിളി പോലെ ഇപ്പോഴെന്തിനായിരിക്കണം അവര്‍ക്കങ്ങിനെ തോന്നിയത് ? ഓര്‍മ്മിക്കലും ആചരിക്കലും .. ഉള്ളില്‍ ചിരിയാണ് വന്നത് . കുമാരേട്ടന്‍റെ വിളി, അതുമാത്രമാണ് ചെമ്പ്രാ കുന്നിലേക്കുള്ള ഈ യാത്രയിലെ ഉള്‍പ്രേരണ.

അല്‍പ്പം മാറി പെട്രോമാക്സിന്‍റെ മഞ്ഞ വെളിച്ചത്തില്‍ പത്തു പതിനഞ്ചു പേര്‍ കൂടി നില്‍ക്കുന്നു ..വഴിയില്‍ കുടുങ്ങിയവരോ , നേരമിരുട്ടും  വരെ പണിയെടുത്തിട്ടും ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ ഇരുട്ടിന്‍റെ വിഹായസ്സില്‍ മറ്റെതോക്കെയോ തൊഴിലുകള്‍ തേടുന്നവരോ ആയിരിക്കണം അത് . സിഗറുകള്‍ പുകച്ചും ചായ മോന്തിയും അവര്‍ അവരുടെതായ വിഷയങ്ങള്‍ സംസാരിക്കുന്നത് ഉത്തമന്‍ കേട്ടു . ഒരു ചായ കഴിച്ചാലോ , ഉള്ളില്‍ പൊന്തിയ വിചാരത്തോടെ ഉത്തമന്‍ പെട്ടിക്കടയുടെ അടുത്തേക്ക്‌ നടന്നു .

മുപ്പതു വര്‍ഷം കഴിഞ്ഞു ചെമ്പ്രാ കുന്നു വിട്ടിട്ട് , അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതേയില്ല , അതില്‍ വലിയ കുറ്റബോധമൊന്നും തോന്നിയതുമില്ല .. അങ്ങോട്ടാകര്‍ഷിക്കാന്‍ തക്ക വേരുകള്‍ ഒന്നും ഇപ്പോള്‍ തനിക്കില്ലല്ലോ . വല്ലപ്പോഴും മേല്‍വിലാസക്കാരനെ തേടിയലഞ്ഞ് വൈകിയെത്തുന്ന കുമാരേട്ടന്‍റെ വലിയ കയ്യക്ഷരങ്ങള്‍ പതിഞ്ഞ ഒരു ഇന്‍ലെന്റ്റ് , അതുമല്ലെങ്കില്‍ ഒരു ഫോണ്‍ വിളി .. ജന്മ നാടുമായുള്ള നൂല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന വകകള്‍ അതുമാത്രമാണ് .
ആവി പാറുന്ന ചായ ഊതിയാറ്റി കുടിച്ചു കൊണ്ട് ഉത്തമന്‍ വാച്ചിലേക്ക് നോക്കി .. കറുത്ത സ്ട്രാപ് വെയിലും മഴയും കാലവും ചേര്‍ന്ന് മങ്ങിയ പച്ച നിറമായി തീര്‍ത്തിരിക്കുന്നു .. നിത്യജീവിതത്തില്‍ നേരിയ പച്ചപ്പിനെ പോലും കറുപ്പ് കാര്‍ന്നു തിന്നുന്ന നേര്‍ക്കാഴ്ചയില്‍ ഈ നേരിയ പച്ചപ്പ്‌ ഉള്ളില്‍ ദീന നര്‍മ്മമാണ് പടര്‍ത്തിയത് . അന്നം  തേടി അടുപ്പിലെത്തിയ എലികള്‍ പട്ടിണി കിടന്ന് ചത്ത സംഭവം അമ്മ കണ്ണീരോടെ വിവരിക്കുന്നത് ഉത്തമന്‍റെ  ഓര്‍മ്മയില്‍ തെളിഞ്ഞു .
അന്നൊന്നും കാണിക്കാത്ത സ്നേഹം ആകാശം ഇടിഞ്ഞു വീണു ഇപ്പോള്‍ മുന്നിലെത്തിയത് എന്തിനായിരുന്നു . ആ നാളുകളില്‍ ശേഖരന്‍ വെറും ദീനക്കാരന്‍ എന്നേ നാട്ടുകാര്‍ പറഞ്ഞുള്ളൂ .. ഇപ്പോള്‍ സമൂഹത്തിന്‍റെ നന്മയക്കായി നെഞ്ചു വിരിച്ച് , ചോര കൊടുത്തവന്‍ എന്നൊക്കെ പറയുമ്പോള്‍ അതിലെ തമാശ ഉത്തമന്‍റെ തലച്ചോറിളക്കി മുഴുത്ത ചിരിയായി പടര്‍ന്നു . ചുറ്റും കൂടി നിന്ന അപരിചിതര്‍ ചായ ഗ്ലാസ് കയ്യില്‍ പിടിച്ചു കൌതുകത്തോടെ , ആകാംക്ഷയോടെ നോക്കി .. ഇതേതു പുതിയ വട്ട്‌ .. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ ? അവര്‍ പരസ്പരം ചൊറിഞ്ഞു .
പരിസരബോധം  വീണ്ടെടുത്ത് ഉത്തമന്‍ അവരോടായി പറഞ്ഞു ... കൂട്ടരെ ,  ചിരിയില്‍ മുഴങ്ങിയത് എന്‍റെ വട്ടല്ല , എനിക്ക് ചുറ്റുമുള്ള ഒരുപാടുപേരുടെ വട്ടിനെ കുറിച്ച് ആലോചിച്ചപ്പോള്‍ വന്നുപോയ ചിരിയാണ് . ഒരു സിഗറിനു തീ കൊളുത്തി പുക ആകാശത്തേക്ക് പറത്തി അയാള്‍ ആസ്വദിച്ചു . വൃത്തങ്ങളായി ഉയരുന്ന പുക അലിഞ്ഞില്ലാതാവുന്നതിന്‍റെ സമസ്യാ പൂരണത്തിനായി  തല ചൊറിഞ്ഞു , താടി രോമങ്ങള്‍ തടവി .
കാട്ടുമരങ്ങളും വള്ളികളും പൊന്തകളും ഇടതുര്‍ന്ന മലവാരത്തു  പാമ്പുകളും  മനുഷ്യരും പക്ഷികളും രാവുകളെയും പകലുകളെയും നിറയാത്ത വയറിലും ആഘോഷിച്ചു തീര്‍ത്തു . പരസ്പര വിശ്വാസത്തിന്‍റെ നാളുകളില്‍ അന്നന്നത്തെ അത്താഴം അതു മാത്രമേ അവരെ, അല്‍പ്പമെങ്കിലും വൈരികളാക്കിയുള്ളൂ .  കുന്നുകളിലെ  ഇടതൂര്‍ന്ന ഇരുളില്‍ അഥിഥിയെ പോലെ വന്നെത്തുന്ന വെയില് , ശേഷിപ്പിക്കുന്ന വൈരത്തെ കെടുത്തിയിരുന്നു . മലവാരവും അടിവാരവും ഇന്നെങ്ങിനെയായിരിക്കുമോ , ഉത്തമന്‍റെ മനസ്സില്‍ ജിജ്ഞാസ രൂപപ്പെട്ടു . കേട്ടിടത്തോളം ഉള്ള അറിവുകള്‍ വെച്ച്‌ എല്ലാ മലയോരത്തെയും പോലെ മൊട്ടയാക്കപ്പെട്ടോ , വെട്ടിത്തെളിച്ച് റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചോ ആയിരിക്കാനാണ്‌ സാധ്യത ..  ആധി ഉത്തമനില്‍ പെയ്തു .
ഒരു ചെറ്റക്കുടിലില്‍ നിന്നും ഇടത്തരക്കാരനിലേക്കുള്ള ദൂരം നടന്നു തീര്‍ക്കുന്നതിനിടയില്‍ ഒരുപാട് തവണ കാലിടറിയിട്ടുണ്ട് , പിന്നീടുള്ള യാത്ര അത്രയ്ക്കൊന്നും ദുഷ്ക്കരമായില്ല എന്നത് വസ്തുതയായി നില്‍ക്കുന്നു . വൈരുദ്ധ്യങ്ങളുടെ മനസ്സില്‍ യുദ്ധസമാനമായ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട് . ഉത്തമനെന്ന ശരിയും ഉത്തമനെന്ന തെറ്റും പരസ്പരം കൊമ്പു കോര്‍ത്തിട്ടും ഉണ്ട് .
ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇരുന്ന് അച്ഛന്‍ ചിരിക്കുന്നതായി ഉത്തമന് തോന്നി , അങ്ങാടിയിലെ വലിയ കമാനത്തില്‍ ശേഖരന്‍ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കണം . ത്യാഗത്തെ , മനുഷ്യ സ്നേഹത്തെ വാഴ്ത്തുന്ന , ശരിയിലേക്കുള്ള നടപ്പാത തുറക്കുന്ന ഗാനങ്ങള്‍ കോളാമ്പി മൈക്കിലൂടെ ( അതിന്‍റെ പുതിയ പുത്ര രൂപങ്ങളില്‍ ) പാടിക്കൊണ്ടിരിക്കുകയാവും ഒരുപക്ഷെ ഇപ്പോള്‍ .
ക്ഷയരോഗം വന്നു ദീനക്കിടക്കയില്‍ ചത്തു പോയവന്‍റെ കേട്ട്യോള്‍ക്കും പിള്ളേര്‍ക്കും കഞ്ഞിക്കുള്ള വക പെന്‍ഷനായി കൊടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും സഹായത്തിനെത്തിയില്ല . ശേഖരന്‍റെ ഭാര്യയുടെ ഒഴിഞ്ഞ കൈവെള്ളയെ നോക്കി ചിലരെങ്കിലും പരിഹസിക്കുകയോ , നിസ്സാഹയത നടിക്കുകയോ ചെയ്തു .. കൂടെ നടന്നവവരുടെ ആര്‍ഭാടങ്ങള്‍ക്കു മുന്നില്‍ ഉടുതുണിയഴിയാതിരിക്കാന്‍ അവര്‍ നാല് മക്കളെയും കൊണ്ട് പെടാപ്പാടുപെട്ടു . വല്ലപ്പോഴും കുമാരെട്ടനെന്ന മിന്നാമിന്നി  കാട്ടി തന്ന ഇത്തിരി വെട്ടത്തില്‍ ദൂരങ്ങള്‍ താണ്ടിയ ബാല്യത്തെ ഉത്തമന്‍ ഓര്‍ത്തെടുത്തു .
മഴയുടെ ആകാശത്തു നേരിയ നീറ്റല്‍ , കുളിരുള്ള കാറ്റ് നൊമ്പരങ്ങളെ തഴുകി , ഉത്തമന്‍ വീണ്ടുമൊരു സിഗറിനു തീ കൊടുത്തു . ജീവിതം പുകച്ചു തീര്‍ക്കുക , നെഞ്ചിന്‍ കൂടില്‍ നിസ്സഹായന്‍റെ പ്രതിഷേധമായി കഫം നിറയ്ക്കുക , കഫക്കെട്ട് മൂടിയ നെഞ്ചില്‍ നിന്നു ആയാസപ്പെട്ട്‌ ശ്വാസം പുറത്തേക്ക് വലിക്കുക , അവ്യക്തവും വികൃതവുമായ ശബ്ദങ്ങളില്‍ ചുമയായും മുറിഞ്ഞ വാക്കുകളുമായി സമൂഹത്തിന്‍റെ സനാതന ചര്യകളില്‍ അങ്ങിനെ വിയോജിപ്പ് പ്രകടിപ്പുക . ചിരിച്ചു രസിക്കുന്നവരുടെ സായന്തനങ്ങളില്‍ ചുമ ഒരു അശ്ലീലമായി പടരട്ടേ .. ഉത്തമന് അങ്ങിനെയൊക്കെ ചിന്തിക്കാനാണ് അപ്പോള്‍ തോന്നിയത് .
നൊക്കിയ കണ്ണാടികളിലൊന്നും വ്യക്തമായ ഒരു മുഖ ചിത്രം തെളിഞ്ഞു വരാഞ്ഞതില്‍ ഉത്തമന് കുണ്ഡിതമുണ്ട് . നിത്യക്കാഴ്ചകളുമായി സമരസപ്പെട്ടു പോകാന്‍ മുഖം ആഗ്രഹിക്കുമ്പോഴും പണ്ടെന്നോ വായിച്ചതും നിരീക്ഷിച്ചെടുത്തതും ജീവിച്ചു തീര്‍ത്തതുമായ അനുഭവങ്ങള്‍ ഒരു  യുദ്ധമുഖത്തെ വില്ലനെ പോലെ മനസ്സില്‍ തെളിയും . ദ്വന്ദങ്ങളുടെ ഈ മനസ്സ് വഴിയാത്രയില്‍ ശകുനങ്ങളായും അപശകുനങ്ങളായും തീര്‍ന്നിട്ടുമുണ്ട് . ദേഷ്യം വരുമ്പോള്‍ കണ്ണാടി വലിച്ചെറിയുകയും ഉടഞ്ഞ കണ്ണാടിയില്‍ തെളിയുന്ന വികൃത മുഖത്തെ നോക്കി ഉച്ചത്തില്‍ ചിരിക്കുക , മറ്റേതൊരു സാധാരണക്കാരനും ചെയ്യുന്നതു പോലുള്ള അത്തരം പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ഉത്തമനും സംതൃപ്തിയടഞ്ഞു  .
ഒരു ചായ കൂടി .. മറ്റൊന്നും പണിയില്ലാത്തതിനാല്‍ ഉത്തമന്‍ ചായ കുടിച്ചും സിഗാര്‍ വലിച്ചും സമയം തള്ളി നീക്കി .. മൂന്ന് ഇരുപതിന് എറണാകുളത്തെക്കുള്ള  സൂപ്പര്‍ ഫാസ്റ്റ് അതു കഴിഞ്ഞു നാല് മുപ്പതിന് കെഎസ്ആര്‍ടിസി കാസര്‍ഗോട്ടെക്ക് അതും കഴിഞ്ഞു എഴുമണിക്കാണ്‌ ചെമ്പ്രാ കുന്നിലേക്കുള്ള ബസ്സ് . അതിലേതില്‍ കയറണം , ഉറച്ച ചിന്ത ജീവിതത്തില്‍ ഒരിക്കലും കൊണ്ടു നടക്കാത്ത ഉത്തമന് അതും ഒരു വിഷയമേ ആയില്ല , ആദ്യം വരുന്ന ബസ്സ് അപ്പോള്‍ വരുന്ന മൂഡ്‌ ഇതൊക്കെ കാര്യങ്ങള്‍ അതിന്‍റെതായ  വഴിയില്‍ നീക്കിക്കൊള്ളും , നൂറായിരം പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കാനൊന്നും പേന്‍ നിറഞ്ഞതും താരന്‍ മൂടിയതുമായ തന്‍റെ ചെറിയ  തല അതിനുവേണ്ടി പുണ്ണാക്കാക്കെണ്ടാതില്ല എന്നമട്ടില്‍ അടുത്ത സിഗറിനു തീ കൊളുത്തി .
മഴ തിമര്‍ത്തു പെയ്യുകയാണ് . പാതയോരത്തെ ഗാന്ധി പ്രതിമ നനഞ്ഞൊലിക്കുന്നു , കണ്ണുകളിലൂടെ നീര് ചാലായൊഴുകുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സങ്കടം , വെയിലും മഴയും കൊണ്ടു ഈ നാടിനെ നന്നാക്കാന്‍ പാടുപെടുന്ന  ആ മഹാ ത്യാഗിവര്യന്‍ കരയുകയാണോ ? താന്‍ ചൂടിയ ശീലക്കുട പ്രതിമയ്ക്ക് ചൂടിക്കൊണ്ട് ആ മഹാത്മാവിനോട് ഉത്തമന്‍ തന്‍റെ അനുതാപം രേഖപ്പെടുത്തി . ബസ്സ്‌ സ്റ്റാന്ഡില്‍ നിന്നും അപ്പോഴേക്ക് സുപ്പര്‍ ഫാസ്റ്റിന്‍റെ ഹോണ്‍ മുഴങ്ങി .
ചെമ്പ്രാ കുന്നിന്‍റെ ഓര്‍മ്മകളെ അപ്പോഴേക്കും മനസ്സില്‍ നിന്നും മഴ കൊണ്ടു പോയിരുന്നു , അല്ലെങ്കില്‍ തന്നെ ബീഡി തെറുപ്പുകാരനായ ശേഖരന്‍ ക്ഷയം പിടിച്ച് ദീനക്കിടക്കയില്‍ ചത്തു എന്ന ചരിത്ര സാക് ഷ്യത്തിനു മേല്‍ രക്തസാക്ഷിത്വത്തിന്‍റെ പുതിയ മേലങ്കി എന്തിനു പുതക്കണം .. നഗരങ്ങളാണ് എല്ലാവരെയും പോലെ , തന്നിലേയും മാലിന്യങ്ങളും നിക്ഷേപിക്കുവാന്‍ നല്ല താവളമെന്ന ബോധ്യാത്താല്‍ ഉത്തമന്‍ സുപ്പര്‍ ഫാസ്റ്റില്‍ കയറി  , കൈത്തണ്ടയില്‍ കിടന്ന എച് ഏം ടി വാച്ചിലെ സൂചികള്‍ തിരിയാന്‍ പ്രയാസപ്പെടുന്നതായി അവന്‍ കണ്ടു . മഴ നനയാതിരിക്കാന്‍ വലിച്ചു താഴ്ത്തിയ സൈഡ്‌ ഷട്ടര്‍ തുറന്ന്, സമയത്തെയും കാലത്തെയും കൈവെള്ളയിലൊതുക്കാനായി ഉത്തമന്‍ തന്‍റെ വാച്ച് പുറത്തേക്കെറിഞ്ഞു . വാച്ചിലെ സൂചികള്‍ മഴവെള്ളത്തില്‍ കറങ്ങാനാകാതെ കഷ്ടപ്പെടുന്നത് കണ്ടു രസിച്ചു . ബസ്സില്‍ സ്റ്റീരിയോവില്‍നിന്നു  പഴയ വിപ്ലവഗാനത്തിന്‍റെ വരികള്‍ ഒഴുകുകയാണ് അപ്പോള്‍ .
..............................
..........................................................................................
കലികാലം 
 
( കഥ )

........................................................................



കുറുക്കന്‍റെ കൂട്ടിലെ വിശേഷങ്ങള്‍ നാട്ടിലെങ്ങും പാട്ടായി , നാട്ടിലെ നല്ലവരായ ആളുകളും കോഴികളും കൂട്ടത്തോടെ കുറുക്കന്‍റെ കൂട്ടിലേക്ക് പാഞ്ഞു . കുറുക്കത്തി പെറ്റ അഞ്ചു മക്കളില്‍ മൂന്നെണ്ണം വെളുത്ത കുഞ്ഞുങ്ങള്‍ , വിസ്മയക്കാഴ്ചയോടു പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്കോ സ്ഥലത്തെ കോഴികള്‍ക്കോ ആയില്ല .. നേരിനെ നേരില്‍ കണ്ടിട്ടും അതു സത്യമാണോ എന്നറിയാന്‍ അവര്‍ സ്വന്തം കൈത്തണ്ടകളില്‍ നുള്ളി നോക്കി , മൂക്കത്ത് വിരല്‍ വെച്ചു കൊണ്ടവര്‍ നെട്ടോട്ടമോടി . അവര്‍ കാതായ കാതുകളില്‍ കുശുകുശുത്തു .
കറുത്ത കുറുക്കനും കുറുക്കത്തിക്കും വെളുത്ത കുട്ടികളോ ? നാട്ടു പ്രമാണിമാരുടെ തലയ്ക്കകത്ത് കടന്നല് കുത്തി , നാട്ടുക്കൂട്ടം കൂടി , വാക്കുകള്‍ വാക്കത്തി പോലെ മൂര്‍ച്ചയുള്ളതായി .

കുറുക്കത്തി പിഴച്ചവളാണ് , മക്കള്‍ കുറുക്കന്‍റെതല്ല... , മൂപ്പന്‍ വെറ്റില മുറുക്കി , ചുണ്ണാമ്പു തേച്ച വെറ്റില ചവച്ചരച്ചു തുപ്പിയപ്പോള്‍ തുപ്പലിനു ചുവപ്പ് നിറം .
അതേ , കുറുക്കത്തി പിഴച്ചവളാണ് .. നടയകറ്റുക , നാട് കടത്തുക .
സ്കൂള്‍ പറമ്പിലെ കുറ്റിക്കാട്ടിലുള്ള കുറുക്കന്‍റെ മാളത്തിലേക്ക് നാട്ടു പട്ടാളം വെച്ചുപിടിച്ചു .. കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസുമായി , കുറുവടികളുമായി .. കത്തുന്ന ഓല ചൂട്ട് അവര്‍ക്ക് വഴി കാട്ടിയായി . ആരവങ്ങള്‍ കേട്ട് ഭയന്ന കുറുക്കനും കുറുക്കത്തിയും കുട്ടികളും മാളത്തില്‍ നിന്ന് പുറത്തു വന്നില്ല .

ഇത്തവണ ഒരിയിട്ടത് നാട്ടിലെ കോഴികളായിരുന്നു . വംശമഹിമ പറഞ്ഞു ഞങ്ങളെ ഇരയാക്കിയ ഇവന്‍ കാട്ടുകള്ളനാ , പിഴച്ചുപോയ പെണ്ണൊരുത്തിയുടെ പേറിന് കാവലിരിക്കുന്ന ഈ കോഴി കള്ളനെ ചുട്ടു കൊല്ലണം .
നാട്ടുകാര്‍ വശം തിരിഞ്ഞു , പുകച്ചു പുറത്തു ചാടിക്കുക .. കുറുക്കത്തിയുടെ ജാരനെ കണ്ടു പിടിക്കണം , മറ്റൊരു പെണ്ണും നാട്ടില്‍ ഇനി പിഴച്ചു പെറ്റു കൂടാ.
ഒണക്കിലകളും പുല്ലും കൂട്ടി മാളത്തിന്‍റെ വായ്ക്കല്‍ തീയിട്ടു , കുറുക്കനും പരിവാരങ്ങളും ശാസം മുട്ടി  പുറത്തേക്ക് വന്നു . കുറുക്കനെ മരത്തില്‍ കെട്ടിയിട്ട് കുറുക്കത്തിയെ വിചാരണ ചെയ്തു . കേട്ടു ശീലിച്ചിട്ടില്ലാത്ത അശ്ലീല പദങ്ങള്‍ കൊണ്ട് അവളുടെ കാതു നിറച്ചു . മുഖം കുനിച്ചു നിന്ന അവളുടെ താടി ആരോ പിടിച്ചുയര്‍ത്തി .

പറയണം .. നിന്‍റെ ജാരന്‍ ആരാണ് ?

പാവനമായ പാതിവൃത്യമാണ് നീ കളഞ്ഞു കുളിച്ചത് , കൂടെ കിടന്നവന്‍റെ പേര് പറയാന്‍ നിനക്ക് മടിയാണെങ്കില്‍ ആളെ ചൂണ്ടി കാണിച്ച് തന്നാലും മതി . സൌമ്യരായ മിതവാദികള്‍ അല്‍പ്പം അയഞ്ഞു .
കുറുക്കത്തി ഒന്നും മിണ്ടിയില്ല , ചെയ്യാത്ത കുറ്റം തലയില്‍ പേറാനാകുമോ, കുറുക്കത്തിയുടെ നെഞ്ചു പുകഞ്ഞു ? തന്‍റെ കുറുക്കന്‍റെ കൂടെയല്ലാതെ നാളിതു വരെ മറ്റാരുടെയും കൂടെ കിടന്നിട്ടില്ല , സത്യം എങ്ങിനെ ഇവരെ പറഞ്ഞു മനസ്സിലാക്കണമെന്ന് അറിയാതെ അവള്‍ കരഞ്ഞു .

നാട്ടു മൂപ്പന് കലി വന്നു ,

നാട്ടു കൂട്ടത്തിനു വിറളി വന്നു .. മുച്ചൂടും കള്ളം പറയുന്ന ഇവളെയും കുട്ടികളെയും ചുട്ടെരിക്കുക തന്നെ .. കന്നാസുകളിലെ പെട്രോള്‍ തൂവി .. ഓല ചൂട്ടില്‍ നിന്നും തീപൊരി ചിതറി . ആഹ്ലാദ തിമര്‍പ്പില്‍ അവര്‍ കാട്ടിറച്ചി തിന്ന് കള്ള് മോന്തി .
നാട്ടു മൂപ്പന്‍റെ വീട്ടിലെ പോമറെനിയനു ആധിയായി , ഭയമായി .. പിടിക്കപ്പെടുമോ ?

മൂപ്പന്‍റെ കെട്ടിയോളുമായി അല്ലറ ശ്രുംഗാരങ്ങള്‍ അവനും നടത്തിയിട്ടുണ്ട് . പെട്രോള്‍ നിറച്ച കന്നാസുകള്‍ ഭീതിയായി അവന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു .

വെളുത്തു കൊഴുത്തു , മൃദുലമായ ആയമ്മയുടെ ശരീരഭാഗങ്ങള്‍ അവനെ സ്വാന്ത്വനിപ്പിച്ചു .. പേടിക്കേണ്ടാ , മൂപ്പനെ വിട്ടു നാട്ടുക്കൂട്ടം നിന്നെ ഒന്നും ചെയ്യില്ല .. കൈപ്പത്തിയില്‍ വിരലുകള്‍ മടക്കി കാണിച്ച് അവള്‍ പറഞ്ഞു , മൂപ്പന്‍ .. ദാ, ഇത്രേയുള്ളൂ . പോമറെനിയനു സന്തോഷമായി , അവന്‍റെ ചുണ്ടുകള്‍ ആയമ്മയുടെ മുലക്കണ്ണില്‍ അമര്‍ത്തിയുരുമ്മി . നനുത്ത രോമങ്ങളെ നാക്ക് കൊണ്ട് തുടച്ചു . ആയമ്മയാണ് പകലെന്ന് അവന്‍ നാക്കിട്ടടിച്ചു .

നാട്ടുമൂപ്പന്‍ നീതിമാനായി , സദാചാരം കാത്തു സൂക്ഷിച്ച സന്തോഷത്തില്‍ നാട്ടുക്കൂട്ടം നേരിന്‍റെ , നെറിയുടെ സ്തുതിഗീതങ്ങള്‍ താളത്തില്‍ ചൊല്ലി , വട്ടത്തില്‍ കാലുകള്‍ ചവുട്ടി .  

പിടക്കോഴികള്‍ പൂവന്‍കോഴിയുടെ കാതില്‍ പറഞ്ഞു, നമ്മുടെ പാതിവൃത്യം...? ചൂട്ടുകുറ്റി മനസ്സില്‍ കൊണ്ടു . നൊന്ത മനസ്സില്‍ കുറുക്കനോട് അനുതാപം വന്നു , കുറുക്കനില്ലാതെ എന്ത് ജീവിതം , കോഴികള്‍ വേവലാതിപ്പെട്ടു .
കെട്ടിത്തൂങ്ങിയ രണ്ടു പെണ്‍കുട്ടികളുടെ ജഡം നോക്കി ആളുകള്‍ സഹതപിച്ചു , പാവം കുട്ടികള്‍ . നരാധരന്മാര്‍ വേട്ടയാടി കെട്ടിത്തൂക്കിയ , ഉടുവസ്ത്രം നഷ്ടപ്പെട്ട ജഡത്തിലെ നഗ്നത അവരുടെ ഉള്ളില്‍ അറിയാതെ ആനന്ദം ഉണ്ടാക്കി . ഒളിഞ്ഞും തെളിഞ്ഞും അതാസ്വാദിക്കുമ്പോഴും നാക്കുകളില്‍ ഹനിക്കപ്പെടുന്ന സദാചാരത്തെയോര്‍ത്ത് രോഷവും ദയയും ഇണചേര്‍ന്നു .

കാലത്തെ പഴിച്ചു , കശ്മലരെ പഴിച്ചു , കലികാലമെന്ന് സമാധാനപ്പെട്ടു .
ആകാശം ഭൂമിയോട് ചോദിച്ചൂ .. നിനക്കെന്തെങ്കിലും പറയാനുണ്ടോ ? ഭൂമി കൈമലര്‍ത്തി .. കാര്യങ്ങള്‍ എന്നില്‍ നിന്നു വിട്ടിട്ട് കാലമേറെയായി . ആണൊരുത്തന്‍ വാണിടുന്നേടത്ത് ഈയുള്ളോള്‍ക്കെന്തു  കാര്യം ?
വെളുത്തമക്കളെ പെറ്റ കുറുക്കനും കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികളും ചോദ്യചിഹ്നങ്ങളായി ചുമരില്‍ കിടന്നു . വെയിലും മഴയും കാറ്റും പുതിയ വിശേഷങ്ങള്‍ വാര്‍ത്തകളായി പടച്ചു .

കലികാലം .. കഴുകക്കണ്ണുകള്‍ സദാചാരത്തിന്‍റെ കലവറ സൂക്ഷിപ്പുകാരായി , നല്ലവായില്‍ നാല് വലിയ വര്‍ത്തമാനം പറഞ്ഞ് നാട്ടുകാര്‍ സ്വയം സമാധിയൊരുക്കി , നോവും നൊമ്പരവും ആളുകള്‍ അക്ഷരങ്ങളില്‍ പൂട്ടി .
ആകാശവും ഭൂമിയും നിസ്സഹായത കരഞ്ഞു തീര്‍ത്തു . സങ്കടങ്ങള്‍ ഏറ്റു വാങ്ങാന്‍ കടല്‍ സ്വാന്തനത്തിന്‍റെ കൈകള്‍ നീട്ടി . പഴുതുകള്‍ അടച്ച് കലികാലം , സദാചാരത്തിന്‍റെ പുതിയ മേഘപ്പരപ്പുകള്‍ താണ്ടി .. കലികാലം !!

..............................................................................................................

Monday, August 20, 2012

പൊടിക്കാറ്റ്

പൊടിക്കാറ്റ് 
..........................................................
കഥ
ടി.സി.വി.സതീശന്‍
.......................................................

ഉഷ്ണക്കാറ്റ് പൊടികള്‍ അടിച്ചുയര്‍ത്തുന്ന മണല്‍തിട്ടകളിലൂടെ മലര്‍വാടി എന്ന ബസ്സ്‌ വസന്തനഗറിനെ ലക്‌ഷ്യം വെച്ച്‌ പാഞ്ഞു , അങ്ങിങ്ങ് എഴുന്നു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ തലയാട്ടി ബസ്സിനു സ്വാഗതമോതി . അത്ഭുതകാഴ്ച കണ്ട് പനമ്പുകള്‍ കൊണ്ടുതീര്‍ത്ത കുടികളിലിരുന്ന കോണകമുടുത്ത കുട്ടികളുടെ കണ്ണുകളില്‍ കൊതികൂടിയ ആനന്ദം തളിര്‍ത്തു  .
ചുട്ടു പൊള്ളുന്ന മണല്‍പ്പരപ്പിലൂടെ ആഴ്ച്ചചന്ത എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കുഞ്ഞാപ്പ നടന്നു നീങ്ങുകയാണ് . പട്ടുകോണകം മുതല്‍ വാസനാപ്പൊകേല വരെയുള്ള സകലമാന സാധനങ്ങളും അയാളുടെ തലച്ചുമടില്‍ ഉണ്ട് . കാസരോഗി ആയതിനാലായിരിക്കാം പൊടിക്കാറ്റ് നെഞ്ചില്‍ കുടുക്കിയ ശ്വാസം നടത്തത്തിനിടയിലും ആയാസപ്പെട്ട്‌ അയാള്‍ വലിക്കുന്നത് കാണാം . കടുത്ത ചുവന്ന നിറത്തിലുള്ള കുപ്പിവളകളും അടിപ്പാവാടയും വാങ്ങാന്‍ തന്നെ കാത്തുനില്‍ക്കുന്ന തരുണികളുടെ വിയര്‍പ്പു കലര്‍ന്ന ഉപ്പുകാറ്റിനെ മനസ്സിലേക്ക് ആവാഹിച്ചു , പൂഴിയില്‍ ആണ്ടുപോകുന്ന കാലുകളെ പറിച്ചെടുത്ത് നടത്തത്തിനു വേഗത കൂട്ടാന്‍ അത് അയാളെ സഹായിച്ചു .
ഗാന്ധിപുരമെന്നോ അംബേദ്‌കര്‍ കൊളനിയെന്നോ സാധാരണ നിലയില്‍ പേരുവീണേക്കാവുന്ന പത്തു മുപ്പത്തിരണ്ട് കുടുംബങ്ങള്‍ കൂടിക്കഴിയുന്ന ഒരു പുറമ്പോക്ക് തെരുവ്. സിമന്റുകട്ടകളും പനമ്പും അലൂമിനിയം ഷീറ്റുകളും കൊണ്ട് കെട്ടുകയും മറയ്ക്കുകയും ചെയ്ത ആവാസ ഇടം . ശക്തമായി പെയ്യുന്ന മണല്‍കാറ്റ് അലൂമിനിയം ഷീറ്റില്‍ പതിച്ച് വലിയ വലിയ ശബ്ദങ്ങള്‍ വിസര്‍ജ്ജ്യം ചെയ്യുന്ന സ്വര്‍ഗ്ഗകുടീരങ്ങള്‍ . മുപ്പത്തിരണ്ട് കുടിലുകളിലായി കുഞ്ഞുകുട്ടികള്‍ മുതല്‍ കടല്‍ക്കിഴവന്മാര്‍ വരെ മൊത്തം നൂറ്റിനാല്‍പ്പത്തിയെട്ടു പേര്‍ ചേക്കേറിയ കമ്പുകള്‍ ഉണങ്ങിയ മരം . അവരുടെ കണ്ണീരോ ,  ലൈംഗിക ചോദനകളോ വസന്ത നഗറില്‍ കുളിര് പെയ്യിക്കുകയോ മഴ വര്‍ഷിക്കുകയോ ചെയ്തില്ല എന്നത് മണല്‍ക്കൂമ്പാരങ്ങള്‍ കണ്ടാലറിയാം .

കുഞ്ഞാപ്പ വസന്തനഗറിലെ കുടിലുകള്‍ക്ക് മുന്നില്‍ കണ്ട കാഴ്ച അയാളില്‍ ആദ്യം മനംപിരട്ടലുണ്ടാക്കി , തൊണ്ടയില്‍ വിരലിട്ട് , ഒക്കാനത്തെ , കൈകൊണ്ടു പൊത്തിപ്പിടിച്ച് അയാള്‍ തടഞ്ഞുനിര്‍ത്തി . വിഷ്ണുശര്‍മ്മനും ദേവദത്തനും വേലായുധനും വലിച്ചിഴച്ചു കൊണ്ടുവന്ന ചത്ത മൂരിയുടെ ( കാള) തോല് ഉരിഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണ് . മൂക്കിലൂടെ നുഴഞ്ഞു കയറിയ ദുര്‍ഗ്ഗന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സ്ഥലത്തെ ഏക കുഴല്‍ക്കിണറിനടുത്തേക്ക് കുഞ്ഞാപ്പ കാലുകള്‍ നീട്ടിവലിച്ചു . വാഴനാര് പോലെ നേര്‍ത്ത് വീഴുന്ന ജലത്തില്‍ അല്‍പ്പം ചിറി നനയ്ക്കാന്‍ കിട്ടുമോയെന്ന് ആഗ്രഹിച്ചു .
ദെച്ചുമി കുഞ്ഞാപ്പയെ തള്ളി വീഴ്ത്തി , നാരാണി കുടം കൊണ്ട് അയാളുടെ പുറത്തു തൊഴിച്ചു . പെണ്‍പട്ടാളത്തിനു മുന്നില്‍ കുഞ്ഞാപ്പു കുഴഞ്ഞു വീണു ,  തൊണ്ട വരണ്ടു, കണ്ണുകള്‍ മുന്നോട്ടേക്ക് തള്ളി ... കുടിക്കാനിത്തിരി വെള്ളം, നീട്ടിയ കൈകള്‍ താനേ താഴ്ന്നു . ഇതെല്ലാം കണ്ടു നിന്ന ജാനകിക്ക് ഉള്ളില്‍ അലിവു വന്നു , അതിലപ്പുറം ആ തലച്ചുമടില്‍ ഉണ്ടായേക്കാവുന്ന ചുവന്ന കുപ്പിവളകളെ അവള്‍ പ്രണയിച്ചു എന്നതാവാം അതിനു കാരണം , കൈകള്‍ ചേര്‍ത്തുകൂട്ടി അയാളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു , നിങ്ങേം മനുഷ്യരല്ലേ .. ഇങ്ങനെ മനുഷ്യപ്പറ്റില്ലാണ്ട് ഒരാളോട് പെരുമാറുന്നത് ശര്യാണോ ? ഒരു ലഘുപ്രസംഗം മറ്റുള്ളവരോടായി നടത്തി .
നടുവിന് കൈകൊടുത്തു കൊണ്ട് കുഞ്ഞാപ്പു മണല്‍ക്കൂനയില്‍ അമര്‍ന്നിരുന്നു , എന്നിട്ട് പറഞ്ഞു .. ന്നാലും ന്റെ പെങ്ങമ്മാരെ , ഒരിറക്ക് ദാഹജലത്തിനല്ല്യെ ന്നേ ഇങ്ങിനെ ..?
ദെച്ചുമിയുടെ ഉള്ളില്‍ തീ പൊകഞ്ഞു , കനലുകള്‍ ആളി . അരിശം പൂണ്ട് വെറുപ്പ്‌ വാക്കുകളായി നാക്കില്‍ നിന്നുമൊഴുകി . ഇതുപോലെ ഒരുത്തനാണ് പണ്ട് തലേച്ചുമടുമായി വന്ന് മൂപ്പനുമായി സേവ കൂടിയത് , കുടിയിലെ ആണുങ്ങള്‍ക്ക് കള്ളു കൊടുത്ത് , മോഹിപ്പിക്കുന്ന ഓരോന്ന് കാണിച്ച് നമ്മടെ കിണറു കൊണ്ടോയത് , മണ്ണു കൊണ്ടോയത് ,  . പത്തു മൂട് കപ്പയും നാല് പ്ലാവും ഉണ്ടായത് മതിയാരുന്നു  ആണ്ടോടാണ്ട് വിശപ്പ്‌ മാറ്റാന്‍ .. എല്ലാം ഓന്‍ കൊണ്ടോയി , എന്നിട്ടിപ്പോ ഈ കടല വറുക്കാന്‍ പാകമായ ചുട്ടുപൊള്ളുന്ന ഈ പൂഴി തന്നു , പിന്നെ കൊറേ പഞ്ചാരവാക്കും .
സ്വന്തമായി പട്ടയത്തോടുകൂടിയ മൂന്നുസെന്റ്‌ ഭൂമി , അതില്‍ കെട്ടുറപ്പുള്ള വീട് , കെട്ട്യോനും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ആപ്പീസറു പണി . ഫൂ .. നാരാണി കാറിത്തുപ്പി .
തഞ്ചത്തില്‍ നിന്നോന്‍ കാര്യോം കൊണ്ട് പോയീ .. കുഞ്ഞാതി തലയില്‍ കൈവെച്ചു .

പുനരധിവാസം കൊണ്ട് എന്താ നഷ്ടോം ണ്ടായേ , പണ്ട് ഇതിലും കേമാരുന്നല്ലോ ജീവിതം .. ? ജാനകി കെറുവിച്ചു .
ഓന്റെ കെട്ടിലെ കുപ്പിവളേം ചാന്തും കണ്ടു ഓള് മയങ്ങി .. ദെച്ചുമി ജാനകിയെ നോക്കി ഒരാട്ടു കൊടുത്തു .
ദായ്ക്കുന്നു .., ഒരിറക്ക് വെള്ളം വേണംന്ന് പറഞ്ഞു കുപ്പീം കൊണ്ട് വന്നോന്‍ കൊണ്ടോയത് നമ്മടെ കെണറും മണ്ണുമാ . ഓന് കങ്കാണി പാടാന്‍ പിന്നെ കൊറേ ആളുകളും . മൂന്നരക്കൊല്ലം വെയിലും മഴേം കൊണ്ട് പട്ടിണി കെടന്നു സമരം .. , ആരെല്ലാരുന്നു അന്ന് കൂടെ കൂട്ട് കെടന്നത് ?
നമ്മ ഓട്ടു ചെയ്ത് കേറ്റിയ സര്‍ക്കാര് നമ്മള പറ്റിച്ചു , ഇടനിലക്കാരനും പിമ്പുമായി വന്ന മറ്റു ചെലരും ഒപ്പം കൂടി , നമ്മടെ ഇടയില്‍ നാലെണ്ണത്തിനെ അവരൊപ്പം കൂട്ടി .. പിന്നെ മധ്യസ്ഥായീ , കരാറായി . വസന്ത നഗറില്‍ മൂന്നുസെന്റ്‌ ഉദ്യാനം , നടുവില്‍ ഒരു കൊട്ടാരം . എഴുത്തറിയാത്ത മൂപ്പന്‍ ചുണ്ടൊപ്പുവെച്ചു . കുടുക്കേം കലോം പായീം ആയി വല്യ ലോറീല് അവര് ഈട ഇറക്കിവിട്ടു . റോഡീന്നു കൈചൂണ്ടി പറഞ്ഞു .. അതാ നിങ്ങടെ വസന്ത നഗര്‍ . ഇനിയുള്ള കാലം പൂക്കളിറുത്ത്  സന്തോഷത്തോടെ ജീവിക്കുക .ആകാശപ്പരപ്പില്‍ പറന്നകലുന്ന പക്ഷികള്‍ അവരെ കൂട്ട് വിളിച്ചു .
കുഞ്ഞാപ്പ ജാനകിയുടെ മുതുകില്‍ ചാരി എഴുന്നേറ്റു , പെണ്ണൊരുമ്പെട്ടവര്‍ പിടിച്ചുവെച്ച തലച്ചുമട് മറന്ന് അയാള്‍ വേച്ചുവേച്ചു നടന്നു . സഹായത്തിന് ജാനകിയും ഒപ്പം നടന്നു .
കുഞ്ഞാപ്പേ , നിങ്ങടെ ശെരിക്കും പേരെന്താ ? ദെച്ചുമിയുടെ ചോദ്യം കേട്ട് കൂടെ നിന്നവര്‍ ചിരിച്ചു , കുഞ്ഞാപ്പക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല .. ചോദ്യത്തിന്റെ മുന അപ്പോഴേക്കും അയാളുടെ നെഞ്ചില്‍ തറച്ചിരുന്നു. നാരാണിയുടെ  അരയിലെ വാക്കത്തിയുടെ മൂര്‍ച്ച കൂടുതല്‍ തിളങ്ങി .


ഞാന്‍ കുഞ്ഞാപ്പ , നിങ്ങക്ക് സാധനങ്ങള്‍ കൊണ്ടുത്തരുന്ന , അല്ല ..ആഴ് .. ആഴ്ച്ച ചന്ത , അയാളുടെ വാക്കുകള്‍ വിക്കായി നാക്കിലൂടെ ഇഴഞ്ഞു വീണു .
ആളൊഴിഞ്ഞ മലര്‍വാടി ബസ്സ്‌ കുഞ്ഞാപ്പയെയും ജാനകിയെയും കൊണ്ട് മടക്കയാത്രക്ക്‌ തിടുക്കം കൂട്ടി , ചെലമ്പിച്ച ഹോണ്‍ വസന്തനഗറിലെ കള്ളിചെടികളെ തഴുകി മണല്‍പ്പരപ്പിലൂടെ പരന്നൊഴുകി . പൂക്കള്‍ എന്ന് വിരിയിക്കുമെന്നു ഒരുറപ്പും കൊടുക്കാതെ പൊടിക്കാറ്റ് വസന്തനഗറിനെ വലയം ചെയ്തു . കാസരോഗിയുടെ ഏക്കംവിടലുകലുമായി മലര്‍വാടി അവരെയും കൊണ്ട് മുന്നോട്ടേക്ക് കുതിച്ചു .

കുഞ്ഞാപ്പ വരും , മറ്റൊരു തലച്ചുമടുമായി .. അതവര്‍ക്കറിയാമെങ്കിലും , വസന്തത്തിനു മുന്നാലെയുള്ള ശിശിരത്തിനായി മനസ്സ് കുളിര്‍ത്തു , എന്നെങ്കിലും പൂക്കുന്ന വസന്തത്തെ സ്വപ്നം കണ്ടു . ചോണനുറുമ്പിന്‍ കൂടുകള്‍ അകറ്റുന്ന ഗ്രഹണിയ്ക്കായി കാത്തുനിന്നു.

വസന്ത നഗറിലെ പെണ്ണുങ്ങള്‍ പടിയടച്ചു കുഞ്ഞാപ്പക്ക് പിണ്ഡം വെച്ചു , ദെച്ചുമിയും നാരാണിയും കുഞ്ഞാതിയും കണ്ണേറ്പാടി യാത്രചൊല്ലി  . കുഞ്ഞാപ്പയുടെ ഇനിയുമൊരു വരവിനെ തടഞ്ഞുനിര്‍ത്താന്‍ കണ്ണും കാതും കൊടുത്തു .
കുഞ്ഞാപ്പ വരും .. മറ്റൊരു തലച്ചുമടുമായി , അതവര്‍ക്കറിയാമെങ്കിലും ചോണനുറുമ്പിന്റെ നീറിന്‍കൊട്ടകള്‍ കൊണ്ട്  ഗ്രഹണി അകലുമെന്നു കരുതി . പൊടിക്കാറ്റു മാറി ചെടികള്‍ തളിര്‍ക്കുകയും പൂക്കള്‍ വിരിയുകയും ചെയ്യുമെന്നും അവര്‍ വിശ്വസിച്ച.
.................................................................................................................................................................................
ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ -- 670307
.............................
മൊബൈല്‍ : 9447685185
 

Friday, August 10, 2012

ശനി പൂക്കുന്ന നേരത്ത്

ശനി പൂക്കുന്ന നേരത്ത്
................................................................

കഥ
ടി.സി.വി.സതീശന്‍

.............................



ഒന്ന് 
അച്ഛാ , ഒരു ബീഡി തരുമോ ?
മകന്റെ ചോദ്യം കേട്ട് രാമന്‍ മൂത്താശാരി ഞെട്ടി . വീതുളിയും കൊട്ടുവടിയും താഴെ വെച്ച്‌ , അരയില്‍ ഇറുക്കിവെച്ച ബീഡിക്കെട്ടില്‍ നിന്നും ഒരെണ്ണമെടുത്തു അയാള്‍ മകന് നേരെ നീട്ടി .

തീപ്പെട്ടി കൂടി ..
രാമന്‍ മൂത്താശാരിയുടെ കാതുകളില്‍ ആ ചോദ്യം പതിഞ്ഞില്ല , മനസ്സില്‍ പൂമഖത്തേക്ക് വേണ്ടുന്ന കട്ടിളയായിരുന്നു . മരത്തില്‍ തുളയിടുവാനായി അയാള്‍ ഉളിയും മുട്ടിയും കയ്യിലെടുത്തു . കട്ടിളപ്പടികളില്‍ കുടുമയുണ്ടാക്കണം . ഉറപ്പുള്ള കട്ടിളകളിലേ വാതില്‍ ഉറപ്പോടോ നിര്‍ത്താന്‍ കഴിയൂ .. ചെവിക്കിറുക്കിയ തുണ്ടുപെന്‍സില്‍ കയ്യിലെടുത്ത് ചീന്തി മിനുസപ്പെടുത്തിയ കട്ടിളക്കാലില്‍ ഗുണന ചിഹ്നം വരച്ചു .
ചെവി കേള്‍ക്കുന്നില്ല്യേ , ഒന്ന് തീപ്പെട്ടി താ .? മകന്റെ ക്ഷമ നശിച്ചു .
പണിയായുധങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും മൂത്താശാരി തീപ്പെട്ടിയെടുത്തു മകന് കൊടുത്തു .
തീപ്പെട്ടിക്കോലുകള്‍ കൂടില്‍ അവന്‍ ആവര്‍ത്തിച്ച് ഉരച്ചു, ആദ്യ രണ്ടുതവണയും തീയെ കാറ്റ് കൊണ്ടുപോയി . മൂന്നാമത്തേതാണ് ബീഡിയില്‍ കൊളുത്തിയത് . ഒട്ടിയ കവിളുകള്‍ ഒന്നുകൂടി കുഴിഞ്ഞു . ബീഡിപ്പുക ആകാശത്തേ ലക് ഷ്യമാക്കി ചുരുളുകള്‍ പറത്തി .
കണക്കുകള്‍ ശരിയാവുന്നില്ല .. കുറ്റി പെന്‍സില്‍ കൊണ്ട് തലചൊറിഞ്ഞു . കൈകള്‍ ചുരുട്ടിപിടിച്ചു മൂത്താശാരി തലയ്ക്കു കിഴുക്കു കൊടുത്തു . പണിയേണ്ടത് പൂമുഖ വാതിലിന്റെ കട്ടിളയാണ് . അംഗുലം അംഗുലങ്ങളോട് ചേര്‍ന്ന് നില്‍ക്കണം , അളവില്‍ നേരിയ വ്യത്യാസം വന്നാല്‍ മതി ഗൃഹത്തിന്റെ സര്‍വ്വാശ്വൈര്യങ്ങളും കെട്ടുപോകും .. ഏഴാം വയസ്സില്‍ അച്ഛനോടൊപ്പം കൂടിയതാ , ഇന്നുവരെ ഇങ്ങിനെയൊരു അവസ്ഥ വന്നുപെട്ടിട്ടില്ല , രാമന്‍ മൂത്താശാരി വിയര്‍ത്തു . കഷണ്ടിത്തലയിലെ വിയര്‍പ്പുതുള്ളികളെ സൂര്യന്‍ ആവിയായി കൊണ്ടുപോയി .
പതിമൂന്നാമത്തെ വയസ്സിലാണെന്ന് തോന്നുന്നു , മാവിന്റെ പലക ചീന്തുളി കൊണ്ട് മിനുസപ്പെടുത്തി ഉണ്ടാക്കിയ മരബഞ്ച് . സ്വന്തമായി പണിത ആദ്യ ഉരുപ്പടി .. കാലുകളുടെ ഉറപ്പു പരിശോധിച്ച് അച്ഛന്‍ പറഞ്ഞു, രാമാ .. നീ പിടിച്ചുനില്‍ക്കും , നല്ല ബലമുള്ള കാലുകള്‍. മോന്തി കൊണ്ടിരുന്ന കള്ളില്‍ നിന്നും അരക്കൊപ്പ എടുത്ത് തന്റെ നേര്‍ക്ക്‌ നീട്ടി .. കുടിച്ചോളൂ . മകന്‍ എണ്ണം തികഞ്ഞ മരയാശാരിയായി തീരുമെന്ന് അച്ഛന് തോന്നിയിരിക്കണം , അയാളുടെ മുഖത്തെ സന്തോഷം അതിനു തെളിവായി രാമന്‍ വിചാരിച്ചു . അതൊരു കാലം ..മൂത്താശാരി, ഓര്‍മ്മകളെ മടക്കിവെച്ചു .
പണി പാതി പോലുമായില്ല , മനസ്സ് കെട്ടുപോയി . ഇന്നിനി വയ്യാ , പണിയായുധങ്ങള്‍ പെറുക്കി പ്ലാസ്റ്റിക് സഞ്ചിയില്‍ വെച്ച്‌ രാമന്‍ മൂത്താശാരി മടക്കമായി .
ജനാലയുടെ മരപ്പാളികള്‍ മെല്ലെ അകത്തി കൊണ്ട് മുത്താശാരി ഉള്ളിലേക്ക് നോക്കി . പുസ്തകത്താളുകള്‍ക്കിടയില്‍ കണ്ണു മിഴിച്ചു നില്‍ക്കുന്ന മകന്‍ . അക്ഷരങ്ങളെ ഉരുട്ടിത്തിന്നുന്ന വ്യഗ്രതാണ് മുഖത്ത് , ഇടയ്ക്കിടെ ആര്‍ക്കോ വേണ്ടിയെന്നോണം ശൂന്യതയിലേക്ക് നോക്കി അവന്‍ നിശ്ശബ്ദമായി ചിരിക്കുന്നു . ചിതറി കിടക്കുന്ന ബീഡിക്കുറ്റികള്‍ നിലത്ത് . മരയഴികള്‍ പിടിച്ചു മൂത്താശാരി ഏറെ നേരം അതു നോക്കിനിന്നു .ഒരുപാട് വഴിപാടുകള്‍ക്ക് ശേഷം വൈകിയുണ്ടായ മകന്‍ , മുഖത്തെ ചുളിവുകള്‍ ഒന്നുകൂടി തെളിഞ്ഞു . പൊടിഞ്ഞ വിയര്‍പ്പ് മേല്‍മുണ്ട്‌ കൊണ്ടു തുടച്ചു . കര്‍മ്മഫലം .. മൂത്താശാരി നെടുവീര്‍പ്പിട്ടു .
വായിച്ചു തീര്‍ന്ന പുസ്തകം മകന്‍ മേല്‍പ്പോട്ടെക്ക് എറിഞ്ഞു , താളുകള്‍ പക്ഷിച്ചിറകുകള്‍ പോലെ വായുവില്‍ പറന്നു . പുസ്തകത്താളുകള്‍ക്കും നാല് ചുമരുകള്‍ക്കും ഇടയില്‍ക്കിടന്നു അക്ഷരങ്ങള്‍ ശ്വാസം മുട്ടി. അതുനോക്കി അവന്‍ ആര്‍ത്തുചിരിച്ചു . നീണ്ട അവന്റെ  കോന്തമ്പല്ലുകള്‍ വികൃതമായി വക്രിച്ചു .. മൂത്താശാരി ഭയന്നു , നിലവിളിയായി ഒച്ച പുറത്തുവന്നില്ലെന്നെയുള്ളൂ , മേല്‍മുണ്ടും ഉടുമുണ്ടും വിയര്‍പ്പാല്‍ നനഞ്ഞു . അസുരവിത്ത്‌ .. നാക്കില്‍ വന്ന ശാപത്തെ തടഞ്ഞു നിര്‍ത്തി , തന്റെ ചോരയല്ലേ .. സഹിക്കുക , ശപിക്കാതിരിക്കുക , മൂത്താശാരി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . ജനാലയുടെ മരപ്പലകകള്‍ പതിയെ അടച്ചു അയാള്‍ പിന്‍വാങ്ങി .

രണ്ട്
ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയെഴുന്നേറ്റു . എഴുത്തുമേശയ്ക്ക് അഭിമുഖമായിട്ടിരിക്കുന്ന ചാരുകസേരയില്‍ അപരിചിതനായ ഒരാള്‍ ഇരുന്നു ബീഡി വലിക്കുന്നു . ശരിയാണോ എന്നറിയാന്‍ വിരലുകള്‍ കൊണ്ട് ഞാനെന്റെ ഇടതു കൈത്തണ്ട നുള്ളി , വേദന അറിയുന്നുണ്ട് . കുടുസ്സുമുറിയില്‍ ബീഡിപ്പുക നിറഞ്ഞിരിക്കുന്നു , ജനലുകള്‍ തുറക്കുവാനുള്ള ശ്രമത്തെ അയാള്‍ തടഞ്ഞു .
എന്റെ മുഖത്തു പെയ്ത വെപ്രാളം കണ്ട്..വേണ്ടാ , നിന്റെ തൊണ്ട വരളുന്നതായി തോന്നുന്നു , മുന്നിലെ മണ്‍കൂജ ചൂണ്ടി അയാള്‍ പറഞ്ഞു .
ആരായിരിക്കണം..? ഭീതിയും ആകാംക്ഷയും കലര്‍ന്ന വികാരത്താല്‍ എന്റെ കണ്ണുകള്‍ ഭയപ്പാടോടെ ആ മുഖത്തു തറച്ചുനിന്നു.
ഞാന്‍ രാമന്‍ മൂത്താശാരിയുടെ മകന്‍ , നിങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ മകന്‍ .. എന്റെ ജിജ്ഞാസയെ അയാള്‍ മുറിച്ചു .
വിനയത്തോടെ ഞാനയാളെ തൊഴുതു . സന്തോഷം.. ഒരു കഥാപാത്രം കണ്‍മുന്നില്‍ വന്നു നില്‍ക്കുന്നത് ഇതാദ്യമാണ് , അല്‍പ്പം വിറയലോടെ ഞാന്‍ വാക്കുകള്‍ പൂരിപ്പിച്ചു .
വരട്ടേ .. നിങ്ങളുടെ എഴുത്തിനെ അഭിനന്ദിക്കാന്‍ വന്നതല്ല ഞാന്‍. കഥ എനിക്കിഷ്ടമായി , പക്ഷെ നിങ്ങള്‍ എഴുതിയത് വസ്തുതാപരമല്ല , അതിശയോക്തിയാണ് അതിലധികവും .
ഞാനൊന്ന് മൂളുക പോലും ചെയ്യാത്തതു കൊണ്ടായിരിക്കണം അയാളുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടി .
അസ്ത്വിത്വമില്ലാതെ അലഞ്ഞു തിരിയുന്ന ഒരു സത്വമല്ല , എനിക്കൊരു പേരുണ്ട് .. ഹരി ഗോവിന്ദന്‍ , വേണമെങ്കില്‍ ഹരിയെന്നോ ഗോവിന്ദനെന്നോ നിനക്ക് എന്നെ വിളിക്കാം. അലസമായി കിടന്ന മുടിയൊന്നൊതുക്കി, താടി തടവി കൊണ്ടയാള്‍ പറഞ്ഞു . കുഴിഞ്ഞ ആ കണ്ണുകള്‍ അപ്പോള്‍ ആ ഇരുട്ടിലും പ്രകാശം പരത്തുണ്ടായിരുന്നു .
  എവിടുന്നോ അല്‍പ്പം ധൈര്യം സംഭരിച്ച് അയാളുടെ അരികിലുള്ള എന്റെ എഴുത്ത് മേശയുടെ മേലെ ഞാനിരുന്നു . ആദ്യം അയാളില്‍ കണ്ട ഉടക്കു ലൈന്‍ ആ മുഖത്തു നിന്നും മാഞ്ഞു .. സൌമ്യതയുടെ ഒരു സുഹൃദാന്തരീക്ഷം രൂപപ്പെടുന്നതായി എനിക്ക് തോന്നി .
കഥ ഞാന്‍ പറഞ്ഞുതരാം .. നീ എഴുതിയാല്‍ മാത്രം മതി , എഴുത്ത് .. എഴുത്തു മാത്രമാണ് നിന്റെ തൊഴില്‍ . ഗോവിന്ദന്റെ പേശികള്‍ അയഞ്ഞു , നേരിയ ചന്ദ്രക്കല മുഖത്ത് ചിരിയായി പടര്‍ന്നു .
മുപ്പത്തിമുക്കാല്‍ കോടി ദൈവങ്ങളുള്ള നാട്ടില്‍ ഇനിയുമൊരു ദൈവമോ ? ഇസങ്ങള്‍ തകര്‍ന്നടിയുന്ന മണ്ണില്‍ വേറൊരു ഇതിഹാസമോ ? മരപ്പട്ടികയില്‍ പൊടിച്ച വെങ്കല്ല് വിതറി ഉളി രാകി മൂര്‍ച്ചപ്പെടുത്തുന്നതുപോലുള്ള ശബ്ദത്തില്‍ ഗോവിന്ദന്‍ തുടര്‍ന്നു .കണ്ണുകളില്‍ തീപ്പാറി .
ഗോവിന്ദാ .. എനിക്കൊന്നും മനസ്സിലാവുന്നില്ല , ചിന്തുളി വേര്‍പ്പെടുത്തുന്ന ചിപ്ലികളെ നോക്കി ദീനവിലാപം നടത്തുന്ന മര ഉരുപ്പടിപോലെ ഞാന്‍ ദയനീയമായി പറഞ്ഞു .
നീ അധികമൊന്നും അറിയേണ്ടതില്ല , ഞാന്‍ പറയുന്നത് എഴുതുക .. ഗാംഭീര്യമുള്ള ആ ശബ്ദം ചുമരുകളില്‍ തട്ടി പ്രതിവചിച്ചു .
മഷി തീര്‍ന്ന പേനയില്‍ ഞാന്‍ മഷിനിറച്ചു. എഴുത്തിനായി കടലാസ്സുകള്‍ ഒതുക്കിവെച്ചു ... ഗോവിന്ദന്‍ പറയുന്നത് എഴുതുക തന്നെ .
മൂത്താശാരിയുടെ കണക്കുകള്‍ എവിടെയാ പിഴച്ചത് ? ശബ്ദം താഴ്ത്തിയുള്ള എന്റെ ചോദ്യത്തിന് അയാള്‍ ചെവി കൊടുത്തില്ല .
ഒഴുകിയൊഴുകുന്ന വെള്ളത്തുള്ളികള്‍ പോലെ ശാന്തമായിരുന്നു അയാളുടെ സംസാരം , ഇടയ്ക്ക് വല്ലപ്പോഴും പാറയില്‍ തട്ടി ചിതറുന്നതുപോലെ വാക്കുകള്‍ ഗാംഭീര്യത്തോടെ തെറിക്കുന്നുവെങ്കിലും കേള്‍ക്കാന്‍ ഒരിമ്പമുണ്ടായിരുന്നു .
കല്ലുകളെടുത്തു ഒറ്റയേറിനു മാവില്‍ നിന്നും മാമ്പഴം വീഴ്ത്തുകയും പറക്കുന്ന പക്ഷിയെ എറിഞ്ഞുവീഴ്ത്തുകയും ചെയ്യുന്ന സൂക്ഷ്മതയുടെ ഒരു ബാല്യമായിരുന്നു എനിക്ക് . അനുസരണക്കേട്‌ വശമില്ലാത്ത നല്ല കുട്ടിയെന്നു വീട്ടുകാര്‍ വിശേഷിപ്പിച്ചു ..അയാള്‍ പറഞ്ഞു നിര്‍ത്തി . ഗ്രഹണി ബാധിച്ച ശോഷിച്ച ശരീത്തില്‍ എന്നുമുതലാണ് നിഷേധത്തിന്‍റെ കുരിപ്പുകള്‍ പൊട്ടിമുളച്ചത് , മെലിഞ്ഞു നീണ്ട കൈവിരലുകള്‍ എണ്ണമയമില്ലാത്ത ജടകെട്ടിയ മുടിയില്‍ അയാള്‍ മാന്തി .
ജന്മം കൊണ്ട് ഞാനൊരു വിശ്വകര്‍മ്മന്‍ , അളവുകളെ അംഗുലങ്ങളാക്കി ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കേണ്ടവന്‍. സൃഷ്ടി .. സൃഷ്ടിയാണ് പരമമായ ധര്‍മ്മം . സൂര്യനെ ഇഷ്ടപ്പെടുന്ന ഈ ഗോവിന്ദന്‍ എന്തിനു വെയിലിനെ വെറുത്തു .. നിങ്ങളതറിയണം , കാരണം നിങ്ങള്‍ എഴുത്തുകാരനാണ്‌ , എഴുത്തിലൂടെ നിങ്ങള്‍ നാലാളുകളുടെ മുന്നില്‍ എന്നെ തുറന്നുവിടുകയാണ് .
ആ വാക്കുകള്‍ കുറിച്ചെടുക്കുമ്പോഴും എന്റെ അകതാരില്‍ വളര്‍ന്നത്‌ ഭീതി നിറഞ്ഞൊരു നിസ്സംഗതയായിരുന്നു .  ഗോവിന്ദന്റെ ഉള്ളില്‍ പുകയുന്ന തീ എന്തായിരിക്കും , എന്റെ ചിന്തകളെ കുടുസ്സുമുറിയില്‍ നിന്നും പുറത്തേക്ക് മേയാന്‍ വിട്ടു . മലയും കുന്നും പുഴയും തോടും താണ്ടി , മൂത്താശാരിയുടെ ഓടുമേഞ്ഞ പഴയവീട്ടിന്റെ ഉമ്മറക്കോലായിയില്‍ ആ അശ്വം കിതച്ചു നിന്നു .
സൂര്യന്‍ , സൂര്യനാണ് വെയില് കൊണ്ടുവരുന്നത് , വെയിലിനെത്തേടിയാണ് നിഴല് വരുന്നത് .. മുഴക്കോല് നീട്ടി വെച്ചുകൊണ്ട് ഗോവിന്ദന്‍ പറഞ്ഞു . 
നിഴലാകുക എളുപ്പമാണ് . നിഴലാകാതിരിക്കുക .. ഞാനതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് , ഇത്രയും പറഞ്ഞപ്പോള്‍ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു .
തുളസിയും കുരുമുളകും ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കൂജയില്‍ നിന്നെടുത്തു ഞാനയാള്‍ക്ക് നേരെ നീട്ടി ..റിലാക്സ് , അല്‍പ്പം വിശ്രമിച്ചോളൂ.
രാപ്പാടികള്‍ താരാട്ട് പാടി ഉറക്കിയില്ല , സ്വപ്നങ്ങളില്‍ നക്ഷത്രങ്ങള്‍ പൂത്തതുമില്ല , അസ്വസ്ഥമായ ആ മനസ്സില്‍ നിന്നും ഉറക്കം തീ കൊണ്ടുപോയിരിക്കണം . അയാള്‍ ഞെരങ്ങുകയും മൂളുകയും ചെയ്യുന്നതായി കണ്ടു .
പൂരിപ്പിക്കാനാകത്ത ഒരു പദപ്രശ്നമായി ഗോവിന്ദന്‍ പറഞ്ഞ നിഴലുകള്‍ അപ്പോഴേക്കും എന്നെ പിടികൂടി കഴിഞ്ഞിരുന്നു . നിഴലുകള്‍ മാത്രമുള്ള ഒരു ലോകം , എന്റെ കണ്‍പോളകളില്‍ ഇരുട്ട് കയറി , പേന കയ്യില്‍നിന്നും ഉതിര്‍ന്നു വീണു , പാതിയൊഴിഞ്ഞ കടലാസ്സുകള്‍ പറന്ന് ജനലറ്റം വരെ പോകുകയും തിരിച്ചു വരികയും ചെയ്തു .

പൂവന്‍ കോഴികള്‍ കൂകിയിരിക്കണം , പക്ഷികള്‍ പ്രഭാതഗീതം ആലപിച്ചിരിക്കണം . സൂര്യനുദിച്ചു , നേരം പുലര്‍ന്നു . ഗോവിന്ദന്‍ കട്ടിലില്‍ തളര്‍ന്നുറങ്ങുകയാണ്, മുഷിഞ്ഞ മുണ്ട് അരയില്‍ നിന്നും വഴുതിപ്പോയിരിക്കുന്നു .. ഞാന്‍ മുണ്ടെടുത്ത് അയാളെ ശരിയാംവണ്ണം ഉടുപ്പിച്ചു . അയാളെ വിളിച്ചുണര്‍ത്താന്‍ മിനക്കെട്ടില്ല , ഉറങ്ങട്ടെ .. ക്ഷീണം തീരുവോളം .

മൂന്ന്
മൂത്താശാരിയുടെ വീട്ടില്‍ ഗണകന്‍ കവടി നിരത്തി . നക്ഷത്രങ്ങളെ ഗണിച്ച് അയാള്‍ രാശി തീര്‍ത്തു . ശനീശ്വരനെ ധ്യാനിക്കുക , മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കുക .. ഗോവിന്ദനു ഇപ്പോള്‍ ജാതവശാല്‍ കണ്ടകശ്ശനിയാണ് , കണ്ടകശ്ശനി കൊണ്ടേ പോവൂ ,ആളപായം വരാതിരിക്കുവാന്‍ ശ്രദ്ധിക്കുക . ഇത്രയും പറയുമ്പോള്‍ ഗണകന്റെ മുഖത്തു പടര്‍ന്നത് സഹാതാപത്തിന്റെ നീലിച്ച വിഷാദമായിരുന്നു .
നാണിത്തള്ള കാലുകള്‍ നീട്ടി , തൊഴുകയ്യോടെ പ്രാര്‍ത്ഥിച്ചു .. സൂര്യപുത്രാ , ന്റെ മോനെ നീയെടുക്കല്ലേ
മൂത്താശ്ശാരി നാല്‍പ്പത്തിയൊന്നു ദിവസം വൃതം നോറ്റു , ഇരുമുടി കെട്ടുമേന്തി മലകയറി , ശാസ്താവ് കാക്കും .. ഫലപ്രാപ്തിക്കു വേണ്ടി  അകം നീറിയ പ്രാര്‍ത്ഥനകള്‍ നിര്‍ബ്ബാധം തുടര്‍ന്നു . മണ്‍കുടുക്കകളില്‍ സ്വരുക്കൂട്ടിയ ചെമ്പുതുട്ടുകള്‍ വഴിപാടുകളായി തീര്‍ന്നു . ഗോവിന്ദന്‍ അകലങ്ങളുടെ പരപ്പുകളിലേക്ക് ആഴ്ന്നിറങ്ങി , ചുണ്ടുകള്‍ ചെറു ചിരികളെ വായുവിനു സമ്മാനിച്ചു . സൂര്യന്‍ അവന്റെ ദിനചര്യകളില്‍ കൃത്യത പാലിച്ചു . വെയില് പരന്നപ്പോള്‍ നിഴലുകളും കൂടെക്കൂടി , അത് ഗോവിന്ദന്റെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി .
നാണിത്തള്ള രാമന്‍ മൂത്താശാരിയുടെ അമ്മയാണ് , ഗോവിന്ദനെ പെറ്റപ്പോഴേ  അവന്റെ തള്ള ചോരവാര്‍ന്നു ചത്തുപോയിരുന്നു . കൈകള്‍ ഉലര്‍ത്തിക്കാണിച്ച് നാണിത്തള്ള പറഞ്ഞു .. പേറ്റുചൂട് ആറുംമുമ്പേ ഓന്‍ ഈ കൈകളിലേക്ക് വീണതാ . തിമിരം ബാധിച്ച കണ്ണുകളില്‍ നിന്നും ചൂട് ആവിയായൊഴുകി .
ഉച്ച മാറിയ നേരത്ത് ഗോവിന്ദന്‍ മുഴക്കോലെടുത്തു , തന്റെ നിഴല് തന്നെക്കാള്‍ വളര്‍ന്നിരിക്കുന്നു . കലത്തിലെ വെള്ളമെടുത്ത് അവന്‍ നീട്ടിയൊഴിച്ചു , നിഴലില്ലാതാവുന്നത് നോക്കി മുഴക്കമാര്‍ന്ന ഒരു ചിരി ചിരിച്ചു . മുത്താശാരിക്ക് സങ്കടം കൂടി , നാണിത്തള്ള വിളിച്ചു ചോദിച്ചൂ , രാമാ .. ന്റെ കുട്ടിക്ക് എന്താ പറ്റ്യേ ? മുത്താശാരി ഒന്നും പറഞ്ഞില്ല , എന്തു പറയാനാണ് എന്ന് മനസ്സ് നീറി .
കറുത്ത തുണിയില്‍ എള്ളു കെട്ടി നല്ലെണ്ണയൊഴിച്ചു നാണിത്തള്ള സന്ധ്യാദീപം തെളിച്ചു , ഇഷ്ടേശ്വരന്മാരുടെ സ്തോസ്ത്രങ്ങള്‍ ചൊല്ലി , മനമുരുകി പ്രാര്‍ത്ഥിച്ചു .. ന്റെ ഗോയിന്ദനെ കാത്തുകൊള്ളണമേ . ഉച്ചയൂണില്‍ ഒരുരുള ഗോവിന്ദന്‍ കാക്കകള്‍ക്ക് കൊടുത്തു , കാക്കകള്‍ അവന്റെ ചങ്ങാതിമാരായി . ആധി മൂത്താശാരിയുടെ തലനാരുകളെ പിഴുതെടുത്തു . ഓണവും വിഷുവും വരാന്‍ മടിച്ച് ആ ആശാരിക്കുടിയുടെ കയ്യാലകള്‍ക്കപ്പുറം നിന്നു കൊഞ്ഞനം കുത്തി .
ആണ്‍ചിരട്ട ഉളികൊണ്ട് രാകി മിനുസപ്പെടുത്തി ഗോവിന്ദന്‍ അതില്‍ ചെറുതും വലുതുമായ രണ്ടു തുളകളിട്ടു .നേര്‍ത്ത മുളങ്കമ്പു മിനുസപ്പെടുത്തി അതില്‍ കോര്‍ത്തു വെച്ചു .. സൃഷ്ടി , പരകായ പ്രവേശം പോലെ അയാളത് ഉയര്‍ത്തിപ്പിടിച്ച്‌ ആര്‍ത്തുചിരിച്ചു . രാമന്‍ മൂത്താശാരിക്ക് സന്തോഷമായി , നാണിത്തള്ളയ്ക്ക് സന്തോഷമായി . നമ്മുടെ ഗോയിന്ദന്‍ തവിയുണ്ടാക്കിയേ.. തള്ള വിളിച്ചു കൂവി.  ഗണകന്‍ വീണ്ടും കവടി നിരത്തി . ഇഷ്ടഭാവത്തില്‍ ചാരവശാല്‍ വ്യാഴം വന്നിരിക്കുന്നു , ഗോവിന്ദനു ശനി ദോഷത്തിന്റെ ശക്തി കുറഞ്ഞു .. ചെമ്പുതുട്ടുകള്‍ വെറ്റിലയും അടക്കയും ചുരുട്ടി ദക്ഷിണയായി വീണു .
ഗോവിന്ദന്‍ ചിരിച്ചു .. നിഴലുകള്‍ , വെയില് കൊണ്ടു വരുന്ന നിഴലുകള്‍ .. വെയിലിനെ കൊണ്ടു വരുന്ന സൂര്യന്‍ .
ആ ആഴ്ചയില്‍ ഗോവിന്ദന്‍ ചെറുതും വലുതുമായ നാല് തവികള്‍ ഉണ്ടാക്കി . രാമന്‍ മൂത്താശാരിയുടെ , നാണിത്തള്ളയുടെ മുഖത്തുവീണ ചുളിവുകളില്‍ അല്‍പ്പം അയവ് വന്നു .മാറാല കെട്ടിയ ചുമരുകള്‍ നാണിത്തള്ള ചൂലുകൊണ്ട് തൂത്തു , നടുനീര്‍ത്തു മുറ്റമടിച്ചു വൃത്തിയാക്കി .. മൂടിക്കെട്ടിയ കറുത്ത മേഘങ്ങള്‍ പെയ്തൊഴിയുന്നതുപോലെ അവര്‍ക്ക് തോന്നി. രാമാ .. തന്റെ സന്തോഷം മകനെ വിളിച്ച് തള്ള കേള്‍പ്പിച്ചു .
തെന്നിനീങ്ങിയ ഇളംകാറ്റില്‍ തുമ്പപ്പൂക്കള്‍ ആടിയുലഞ്ഞു , പതിര് മാത്രം പൂത്തിരുന്ന പാടത്ത് കാക്കപ്പൂവുകള്‍ ചിരിച്ചു . വര്‍ഷങ്ങളായി പൂക്കാതിരുന്ന കണിക്കൊന്ന പൂത്തു , തൊടിയില്‍ പച്ചപ്പ്‌ തഴച്ചു . ഉണക്കാനിട്ടിരുന്ന കൈതോലകള്‍ ചുരുട്ടിക്കെട്ടി ചതച്ച് മൂത്താശാരി ചുമരില്‍ നൂറുതേക്കാനുള്ള ബ്രഷുണ്ടാക്കി , പഴയ ഒട്ടുചെമ്പില്‍ ചുണ്ണാമ്പ് നീറ്റി , പുകപിടിച്ചു കരിവാളിച്ച ചുമരില്‍ ഇരുണ്ട ആകാശത്തേക്ക് പറക്കുന്ന വെളുത്ത കൊറ്റികളെപോലെ ചുണ്ണാമ്പില്‍ മുക്കിയ ബ്രഷ്  വെളുത്ത ചിത്രങ്ങള്‍ വരച്ചു .
' നാല് തവികള്‍ '  ആ രണ്ടു മനസ്സുകളിലേക്ക് ആഹ്ലാദത്തെ കൊണ്ടുനിറച്ചു. കയ്യാലപ്പുറത്ത് അറച്ചുനിന്ന ആഘോഷങ്ങള്‍ വിരുന്നുകാരനെപോലെ പതിയെ , നടുമുറ്റം വഴി , ഉമ്മറക്കോലായിലേക്ക് നടന്നു വന്നു , ഇത്തിരി ജാള്യതയോടെ  അകത്തളങ്ങളിലേക്ക് കുനിഞ്ഞു നോക്കി . രാമാ .. നാണിത്തള്ള വെറുതെ വിളിച്ചു , മൂത്താശാരി വിളികേട്ടു .
നാല്
ഏതാണ്ട് പത്തുമണിയായിക്കാണണം ഗോവിന്ദന്‍ ഉറക്കത്തില്‍ നിന്നുമെഴുന്നേറ്റു . ചുക്കും മല്ലിയും ശര്‍ക്കരയുമിട്ട് തിളപ്പിച്ച കാപ്പി ഞാനയാള്‍ക്ക് കുടിക്കാനായി കൊടുത്തു .ചുടാറ്റി കാപ്പി തൊള്ളയിലേക്ക് ഇറക്കിയ ശേഷം അയാള്‍ എന്നെ നോക്കി ചിരിച്ചു . പെയ്തൊഴിയാത്ത കര്‍ക്കിടക മഴയില്‍ വീണുകിട്ടിയ സൂര്യ വെളിച്ചം പോലെ ഞാനത് ഹൃദയത്തോട് ചേര്‍ത്തുവെച്ചു .
ഉറക്കം ശരിയായോ ..?
ഗോവിന്ദന്‍ വീണ്ടും ചിരിച്ചു .. ഇത്തവണ വിഷാദച്ചവി  പുരണ്ട നനഞ്ഞത്‌ പോലുള്ള പഴയ ചിരിയായിരുന്നില്ല . തെളിനീരോഴുകുന്നത് പോലെ ശാന്തമായ ചിരിയായിരുന്നു , ഒരു കവിത പോലെ ഞാനത് ആസ്വദിച്ചു.
മേശമേല്‍ കിടന്നിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി തുറന്ന് പത്തോളം തവികള്‍ അയാള്‍ കട്ടിലില്‍ നിരത്തി .. അതിന്റെ ചാരുത നോക്കി നിമിഷ നേരം നിന്നു , എന്നിട്ട് പറഞ്ഞു .. തവികള്‍ , തവികളില്‍ നിന്നു തുടങ്ങാം.
ഗോവിന്ദന്റെ മുഖത്തു മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളെ നിര്‍ന്നിന്മേഷനായി ഞാന്‍ നോക്കിനിന്നു .
ചെറുതെന്നും വലുതെന്നും ആയി തവികളെ തരം തിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു .. മനുഷ്യ ജീവിതത്തില്‍ തവികള്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെ കുറിച്ച് വാചാലനായി . മുളംതണ്ടിനെ ചിരട്ടയില്‍ നിന്നും ഊരിയെടുത്ത്, അയാള്‍ മേല്‍പ്പോട്ടെക്ക് ഉയര്‍ത്തി .. രണ്ടു തുളകള്‍ ചിരട്ടയില്‍ മുറിവേറ്റ പാടുപോലെ മുഴച്ചു നിന്നു .
തവി പുരാണത്തില്‍ കഴമ്പുണ്ടെന്ന് തോന്നി ഞാനെന്റെ കാതുകളെ അയാള്‍ക്ക്‌ വിട്ടുകൊടുത്ത് നല്ല ശ്രോതാവായി . നിഴലുകളില്‍ നിന്നും സംസാരം തവിയിലേക്ക് നീണ്ടപ്പോള്‍ എനിക്കാശ്വാസം തോന്നി . കൈല് കോര്‍ക്കുന്ന ഈ ഗോവിന്ദനെ എനിക്കൊരുപാടിഷ്ടമായി എന്നതാണ് വാസ്തവം .
കാക്കകള്‍ പറന്നു വന്നു ചുറ്റും കൂടി .. കലപില ശബ്ദത്തിലൂടെ എന്തോ പരിഭവം അവര്‍ ഗോവിന്ദനോട് പറഞ്ഞിരിക്കണം , അയാളുടെ മുഖം മ്ലാനമായി , ചെറിയ മൌനത്തിനു ശേഷം അയാളെന്നോട് കുറച്ച് പച്ചരിയുണ്ടാകുമോ എന്നു ചോദിച്ചു .  പുഴുക്കല് കെട്ടിയ കുറച്ച് പച്ചരി ഞാന്‍ കയ്യില്‍ കൊണ്ടുവന്നു അയാളുടെ നേരെ അത് നീട്ടിയതും ഒന്നു മണപ്പിച്ച് കാക്കകള്‍ക്ക് നേരെ വാരിയെറിഞ്ഞതും ഒപ്പമായിരുന്നു . കാക്കകള്‍ കൂട്ടം കൂടി അതു പെറുക്കിയെടുത്തു , ആ ആഹ്ലാദത്തില്‍ ഗോവിന്ദനും പങ്കുചേര്‍ന്നു .
വിചിത്രമായ ഒരുപാട് നിഗൂഡതകളുടെ വലിയ ശേഖരമായിരിക്കണം ഗോവിന്ദനെന്നു ഞാനൂഹിച്ചു .. എത്ര അഴിച്ചാലും ചുരുകളഴിയാതെ ഒഴിഞ്ഞു മാറുന്ന ഗൂഡതയുടെ പിന്നാമ്പുറങ്ങള്‍ തേടി എന്റെ മനസ്സ് പിടഞ്ഞു .
ഗോവിന്ദാ .. അപഥസഞ്ചാരികളായ ഗ്രഹങ്ങള്‍ ഇനിയും നിന്നെ ചുറ്റി തിരിയാതിരിക്കട്ടെ , ഒരുപാടധികം തവികള്‍ ഈ കൈകളില്‍ നിന്നുമുണ്ടാകണം . നിഴലുകള്‍ തവിയെ വിഴുങ്ങാതിരിക്കാന്‍ അവയെ നീ വെയിലില്‍ നിന്നും മറച്ചു പിടിക്കുക . തീക്ഷ്ണമായ ആ കണ്ണുകള്‍ക്ക്‌ ഒരുപാട് കഥകള്‍ പറയാനുണ്ടെന്ന് മുഖം വ്യക്തമാക്കി .
അയാളുടെ രണ്ടു കൈകളും ചേര്‍ത്തുപിടിച്ച് ഞാനെന്റെ പേന ആ കരങ്ങളിലേക്ക് വെച്ചു . കഥനത്തിന്റെ പുതുവഴികളില്‍ നിഴലുപരക്കാതെ മുന്നോട്ടു നടക്കുക . സൃഷ്ടി .. സൃഷ്ടിയാണ് പരമപ്രധാനം .
പേനയെ ആദരപൂര്‍വ്വം ചുണ്ടോടു ചേര്‍ത്ത് ഗോവിന്ദന്‍ അതില്‍ മുത്തമിട്ടു . സൃഷ്ടി .. സൃഷ്ടി തന്നെയാണ് ആത്യന്തിക സത്യമെന്ന് ആ ചുണ്ടുകള്‍ എന്നോട് മന്ത്രിച്ചു .
....................................................................................................................................................................................
T.C.V.SATHEESAN
SREEREKHA
PO - ANNUR
PAYYANUR -670307
MOBILE NO : 9447685185

Monday, August 6, 2012

മണിക്കുട്ടിയുടെ എട്ടു പെണ്‍മക്കള്‍
.........................................................................................
കഥ ..
...............................

ഭാഗം ഒന്ന്

പൂച്ച പെറ്റു എന്ന് കേട്ടപ്പോള്‍ ഞാനെന്‍റെ അടുക്കള ചായ് വിലേക്ക് കണ്ണുകളെ പായിച്ചു ..നല്ല ഓമനത്തമുള്ള എട്ടു കുട്ടികള്‍ . എന്‍റെ സാന്നിധ്യം തള്ളപ്പൂച്ചയ്ക്ക് അത്ര ഇഷ്ടമായില്ലെന്നു വേണം കരുതാന്‍ , വലിയൊരു മുരളലോടെ അതെന്‍റെ നേര്‍ക്ക്‌ ചീറി . പതിച്ചു കിട്ടിയ കുടിയിരിപ്പാവകാശം പോലെ പൊളിച്ച അടക്ക കെട്ടിവെച്ച ചാക്ക് കഴിഞ്ഞ കുറേനാളുകളായി അവള്‍ സ്വന്തമാക്കിയിരുന്നു ,  അധിനിവേശ പ്രതിരോധക്കാരിയുടെ വീറും വാശിയുമായിരുന്നു അപ്പോള്‍ അവളുടെ തീപാറുന്ന കണ്ണുകള്‍ക്ക്‌  , കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചാക്കില്‍ അമര്‍ത്തി മാന്തി, വലിയവായില്‍ തൊള്ള തുറന്നെന്നെ ഭീഷണിപ്പെടുത്തി .
മണികുട്ട്യേ,  നിനക്കാളെ മനസ്സിലായില്ലേ , ഇതെന്‍റെ കുട്ട്യോളുടെ അച്ഛനല്ലേ ? അകത്തു നിന്നും ഭാര്യ വിളിച്ചു കൂവി .
 കാലുകള്‍ ഒതുക്കി വെച്ച്‌ , ഒന്നൊതുങ്ങി , മണിക്കുട്ടി ചിണുങ്ങി , വലിയോരപരാധം ചെയ്തതു പോലെ, ദൈന്യതയോടെ എന്നെ നോക്കി ചിരിച്ചു .
ഓ .. സാരമില്ല എന്നമട്ടില്‍ ചുണ്ടുകളകത്തി ചെറുതായി ഞാനുമൊന്നു തിരിച്ചു ചിരിച്ചു..
എട്ടു പെണ്‍കുട്ടികള്‍ , അവരുടെ വരും നാളുകള്‍ .. എന്‍റെ ചിന്തകളില്‍ പടര്‍ന്നത് ഭീതി വിതച്ച തീയായിരുന്നു .പ്രണയിച്ചും കലഹിച്ചും ഭയപ്പെടുത്തിയും അവര്‍ക്ക് പിന്നാലെ മണത്തും മണപ്പിച്ചും സദാനേരവും ചുറ്റുന്ന കണ്ടന്മാര്‍ .
അസ്വസ്ഥതകള്‍ പടര്‍ന്ന എന്‍റെ ചിന്തകളെ മണിക്കുട്ടി ഗ്രഹിച്ചെടുത്തുവെന്നുവേണം കരുതാന്‍ . സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് മക്കളെ ഓരോന്നിനെയായി നക്കിത്തുടച്ച് , ഇടയ്ക്കിടെ ഇറുകണ്ണുകളിട്ട് അവള്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉഴിഞ്ഞു നോക്കി . ഒരു പദപ്രശ്നം പൂരിപ്പിച്ചു കിട്ടിയതിന്‍റെ ആഹ്ലാദത്താല്‍ മുഖം ചാക്കിലുരച്ച്‌, കഴുത്തു നീട്ടിയാട്ടി . ഒരുപാടുപദേശങ്ങള്‍ നല്കുവാനുണ്ടെന്ന മട്ടില്‍ കയ്യും കാലുമിട്ടിളക്കി അവളെന്നെ അടുത്തേക്ക്‌ വിളിച്ചു .
ശ്രുംഗരിച്ചു ശൃംഗരിച്ച് പൂച്ചേന്‍റെ കടീം വാങ്ങിച്ചു ഇങ്ങോട്ട് വാ  .. രസച്ചരട് മുറിച്ചു കൊണ്ട് അമര്‍ഷത്തില്‍ പൊതിഞ്ഞ ഭാര്യയുടെ മണിനാദം അകത്തു നിന്ന്.
അനുസരണയുടെയും അനുസരണക്കേടിന്‍റെയും രണ്ടു വഴികള്‍ .. പൂച്ചയും കുട്ടികളും കണ്ണിനെ പിടിച്ചു കെട്ടിയിരിക്കുന്നു , അടുക്കളയില്‍ വെന്ത പരിപ്പില്‍ ഊക്കോടെ തവിയിട്ടിളക്കുന്നതിന്‍റെ ശബ്ദം ഭീഷണിയായി കാതില്‍ വന്നണയുന്നു .. ഇതിയാനെന്താ കാലത്തെ ഈ പൂച്ച പ്രേമം ? ഈ നേരത്ത് പിള്ളാരെ ഒരുക്കാന്‍ ഒന്ന് സഹായിച്ചു കൂടെ , ബാക്കിയുള്ളോള് ഈട കഷ്ടപ്പെടുന്നത് കാണുന്നില്ലേ ? വെന്ത പരിപ്പിന് കൂടുതല്‍ നൊന്തു കാണണം , ഉടഞ്ഞ പരിപ്പിന്‍റെ നിസ്സഹായാവസ്ഥ .
ഞാന്‍ പൂച്ചയെ വിട്ട് അടുക്കളയിലേക്കു നീങ്ങി . തഞ്ചത്തില്‍ ഭാര്യയുടെ അടുത്തു കൂടി , തവി വാങ്ങി താഴെ വെച്ചു , ഇനിയും ഉടച്ചു കഴിഞ്ഞാല്‍ പരിപ്പ് ചത്തു പോവ്വല്ലോടോ .. ഇത്തിരി നര്‍മ്മത്തിന്‍റെ സാധ്യതകള്‍ ആരാഞ്ഞു .. ചീനച്ചട്ടിയില്‍ കടുക് പൊട്ടുന്നത് പോലെ അവള്‍ മുറുമുറുത്തു , എന്‍റെ കൈ തട്ടി മാറ്റി .
പോയി , ആ പൂച്ചയ്ക്ക് കാപ്പിരുന്നോള് , ഇങ്ങയ്ക്ക് പറ്റ്യ പണി അതാ . അവളുടെ മുഖത്തു വലിയക്ഷരങ്ങളില്‍ തെളിഞ്ഞത് അതായിരുന്നു .

അടുക്കളയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടു ഞാന്‍ ഉമ്മറത്തെ സോഫയില്‍ ചെരിഞ്ഞു . ഒരുപാട് നേരുമായി പത്രം രാവിലെ തന്നെയെത്തിരുന്നു . എട്ടുമണിയായിട്ടും അതൊന്നു തുറന്നു നോക്കിയിട്ടുപോലുമില്ല , ഇതിന്‍റെ പിന്നില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ഉത്പാദിപ്പിക്കുവാനുമുളള കഷ്ടപ്പാടുകള്‍ , അതിരാവിലെ കുളിര് കൊണ്ട് അതിവിടെ എത്തിച്ചു തരുന്ന വിതരണക്കാരന്‍ പയ്യന്‍ .. ദൈന്യതയാര്‍ന്ന മുഖങ്ങള്‍ , അക്ഷന്തവ്യമായ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടി .
ഞാന്‍ പത്രം കയ്യിലെടുത്തു .. സ്കൂള്‍ ബസ്സ്‌ കൊല്ലിയിലേക്ക് മറിഞ്ഞു , പന്ത്രണ്ടു കുട്ടികള്‍ മരിച്ചു ,പത്തുപേരുടെ നില അതീവ ഗുരുതരം . മുഖ പേജിലെ കറുത്ത പെട്ടിക്കകത്തെ വെളുത്ത അക്ഷരങ്ങള്‍ കണ്ണു നനയിച്ചു . വീട്ടമ്മയെ ബസ്സില്‍ പോലീസുകാരന്‍ മാനഭംഗപ്പെടുത്തി .. രണ്ടാമത്തെ വലിയ വാര്‍ത്ത .. അദ്ധ്യാപകന്‍ പീഡിപ്പിച്ച ബാലികയുടെ മൃതദേഹം സ്കൂള്‍ കിണറ്റില്‍ .. വായന തുടരാനായില്ല ,പത്രം അടച്ചു  വെച്ചു , കണ്ണടയൂരി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണീരൊപ്പി . പത്രം വെറും കടലാസ്സായി , കോണു ചേര്‍ത്തു മടക്കി ഞാന്‍ തോണിയുണ്ടാക്കി കളിച്ചു , ഉള്ളിലെ നൊമ്പരത്തെ അങ്ങിനെ തീര്‍ത്തു .
അകത്തളത്തിലെ പയ്യാരം തീര്‍ന്നിരിക്കണം , അവള്‍ ചായയുമായി അടുത്തു കൂടി .. നല്ല ചന്തമുള്ള പൂച്ചക്കുട്ടികള്‍ അല്ല്യേ .  ഞാന്‍ ഒന്നും മറുപടിയായി കൊടുത്തില്ല . ഒന്നു കൂടി ചേര്‍ന്നുനിന്നു ചുമലില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു അവള്‍ പറഞ്ഞു .. ഗൌരവം വിടു മാഷേ .
ഇത്രയുമായപ്പോഴേക്കും എനിക്കും ചിരി വന്നു .. ചായ മോന്തി കൊണ്ട് ഞാന്‍ പറഞ്ഞു , നല്ല പൂച്ച കുട്ടികള്‍ , രണ്ടിനെ പെറ്റപ്പോഴേ നീയങ്ങു തളര്‍ന്നു . എട്ടിനെയും കൊണ്ട് മണിക്കുട്ടി ചിരിക്കുന്നത് കണ്ടില്ലേ ? ആ ദ്വയാര്‍ത്ഥ പ്രയോഗത്തെ അനുകൂലിച്ചോ വിയോജിച്ചോ എന്നറിയില്ല , തലകുലുക്കി അവള്‍ അകത്തേക്ക് പോയി .

ഭാഗം രണ്ട്

കിടപ്പുമുറിയില്‍ അല്‍പ്പം കൂടി ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു .. മണിക്കുട്ടിയുടെ മക്കളത്രയും പെങ്കുട്ടികളാണത്രേ .
എട്ടു പെണ്‍കുട്ടികള്‍ .. എന്‍റെ മനസ്സില്‍ ആധി പൂത്തു . ചുറ്റും മണത്തും മണപ്പിച്ചും എട്ടിലധികം കണ്ടന്‍പൂച്ചകള്‍ സദാനേരവും പ്രണയം നടിച്ചും സ്നേഹം നടിച്ചും അവയ്ക്ക് പിന്നില്‍ . ഏതു ചെറിയ വീഴ്ചയില്‍ പോലും തകര്‍ന്നുടയാവുന്ന  എട്ടു പളുങ്കുപാത്രങ്ങള്‍ .
എന്താ ഇത്ര ആലോചിക്കുന്നത് ? അവളുടെ കരങ്ങള്‍ എന്‍റെ മാറിനെ വരിഞ്ഞു മുറുക്കി .
സുന്ദരികളായ എട്ടു പെണ്‍കുട്ടികള്‍ , ചുറ്റും കണ്ടന്മാര്‍ . പെഴച്ചു പോകാതിരിക്കാന്‍ പെടാപ്പാടുപെടുന്നു . ഇരുളിനെ മായ്ക്കാന്‍ വരുന്ന പകലിനെയും പകലിനെ മറയ്ക്കുന്ന ഇരുളിനെയും ഒരുപോലെ ഭയക്കാന്‍ വിധിക്കപ്പെട്ടവര്‍ . തകര്‍ന്നടിയാന്‍ ഒരു ചെറു പോറല്‍ മാത്രം മതിയാകാവുന്ന പളുങ്ക് പാത്രങ്ങള്‍ .
വാ തുറന്ന ദൈവം ഇരയും തരുമെന്നല്ലേ പ്രമാണം .. എന്‍റെ മൌനത്തെ മുറിക്കാന്‍ അവള്‍ അടുത്ത ആയുധമെടുത്തു .
ഇരകളായി എന്നും തുടരെണ്ടിവരുന്നവരുടെ സങ്കടം എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കും എന്നൊരു ധര്‍മ്മസങ്കടം എന്നെ വേട്ടയാടി .
നമുക്കും രണ്ടു പെണ്‍മക്കളല്ലേ  ..  ബാല്യവും വാര്‍ദ്ധക്യവും ഏറെക്കുറെ സുരക്ഷിതമാണ് എന്നു വേണമെങ്കില്‍ കരുതാം .. യൌവ്വനം ? പുറത്തു ചീവിടുകള്‍ കരഞ്ഞു,കുറുനരികള്‍ ആര്‍ത്തട്ടഹസിച്ചു ,  . അസ്വസ്ഥമായ മനസ്സിനെ തണുപ്പിക്കാന്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനവളെ ആലിംഗനം ചെയ്തു . മരവിപ്പിക്കുന്ന തണുപ്പിനെ അകറ്റാന്‍ അവളിലെ ചൂടിനെ ഞാന്‍ കൊതിച്ചു .
വായില്‍ കടിച്ചു പിടിച്ച കുട്ടികള്‍ ഓരോന്നിനെയും കൊണ്ട് തട്ടിന്‍പുറത്തെ താവളത്തിലേക്ക് മണിക്കുട്ടി നടന്നു . പൊളിച്ച അടക്ക സൂക്ഷിച്ച ചാക്കുകെട്ട് സുരക്ഷിതമല്ലെന്ന് അവള്‍ക്കു തോന്നിയിരിക്കണം . എട്ടു പെണ്‍കുട്ടികളും ഒരേ താളത്തില്‍ കരഞ്ഞു , അതു ഭീതിയുടേതായിരിക്കാന്‍ വഴിയില്ല , വിശപ്പിന്‍റെതാവണം .. കാരണം അവര്‍ കുട്ടികളല്ലേ ?
റേയ്സര്‍ താടിയിലെ കുറ്റിരോമങ്ങളെ വടിച്ചു കളഞ്ഞു , ചിന്തകള്‍ പാളത്തില്‍ നിന്നും വ്യതിചലിച്ച ഏതോ നിമിഷത്തില്‍ കുറ്റിരോമങ്ങള്‍ക്കൊപ്പം മുഖത്തെ നേരിയ ചര്‍മ്മത്തെയും അത് അടര്‍ത്തിയിരിക്കണം , ചെറിയ നീറ്റല്‍ അനുഭവപ്പെടുന്നു .. തോന്നലിനെ കണ്ണാടി സാക് ഷ്യപ്പെടുത്തി .. മുഖത്തു ചോര പൊടിഞ്ഞിരിക്കുന്നു , ഞാന്‍ തോര്‍ത്തുകൊണ്ട് മുഖം തുടച്ചു .
അച്ഛാ .. ഒന്ന് വേഗം ഡ്രസ്സ് അയേണ്‍ ചെയ്തു താ , ഇപ്പോള്‍ തന്നെ വൈകി . മൂത്ത മകള്‍ അകത്തു നിന്നും വിളിച്ചു കൂവി . രണ്ടാമത്തെയാള്‍ ഇപ്പോഴും പുതപ്പിനടിയിലാണ് , ഓട്ടോ വന്നു ഹോണടിക്കണം എങ്കിലേ അയാളുണരൂ , പിന്നെ അഞ്ചു മിനിട്ടിനകം എല്ലാം റെഡി . അടുക്കളയില്‍ കലവും തവിയും ഭാര്യും തമ്മില്‍ സ്നേഹ സംഭാഷണങ്ങള്‍ നടക്കുന്നു. കായും പരിപ്പും അരിയും നേരത്തേ വെന്തു കാണണം , യുദ്ധങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും എത്രവേഗമാണ് , എനിക്കുള്ളില്‍ ചിരിയാണ് വന്നത് .
രണ്ടു ദിവസം കഴിഞ്ഞാല്‍ ശമ്പളം കിട്ടും , പിന്നെ ചിലവുകളുമായുള്ള മല്‍പ്പിടുത്തം . ജീവിതത്തില്‍ ഒരു കണക്കു പുസ്തകമെങ്കിലും സൂക്ഷിക്കണമെന്നുള്ള ഭാര്യയുടെ നിരന്തരമായ ആവശ്യത്തെ എന്‍റെ കാതുകള്‍ വകവെച്ചതേയില്ല . ശോഷിച്ച ചെറിയ സംഖ്യകളെ  പെരുപ്പിച്ച് വലിയ വലിയ കണക്കുകള്‍ ഉണ്ടാക്കുന്ന ഒരു ഗുമസ്തന് എന്തിനു മറ്റൊരു കണക്കുപുസ്തകം .. അതിന്‍റെ പേരില്‍ ചില ചില്ലറ അടുക്കള സമരങ്ങളും കിടപ്പറ സഹനങ്ങളും ഉണ്ടാകാറുണ്ട് എന്നത് നിഷേധിക്കുന്നില്ല , എങ്കിലും  എന്‍റെ മറു ചോദ്യത്തെ ആകാവുന്ന അവജ്ഞയോടെ അവള്‍ തള്ളിക്കളയുകയാണ് പതിവ് .
വാടിയ പച്ചക്കറികള്‍ ആദായ വിലക്ക് കിട്ടുമോ എന്ന പ്രതീക്ഷയുമായി ചന്തയുടെ അങ്ങേയറ്റത്തുള്ള കടയിലേക്ക് ഞാന്‍ കയറി . സായാഹ്നത്തില്‍ വാടിയ ആ പച്ചക്കറികളെ പോലെ പ്രായം സായന്തനനങ്ങളുടെ  ചില ചുളിവുകള്‍ കടക്കാരനിലും വരുത്തിയിരുന്നു  . അമ്പത് രൂപയും കയ്യിലെ തുണി സഞ്ചിയും ഞാനയാള്‍ക്ക് നേരെ നീട്ടി , അയാളൊന്നും എന്നോട് ചോദിച്ചതുമില്ല ഞാനൊന്നും പറഞ്ഞതുമില്ല , കുറെ വട്ടികളില്‍ നിന്നായി കുറച്ചേറെ സാധനങ്ങള്‍ പെറുക്കി നിറച്ച സഞ്ചി എനിക്ക് തിരിച്ചു തന്നു അയാള്‍ ചിരിച്ചു , ഞാനും ചിരിച്ചു . നാളെ എന്ത് കറി  കൂട്ടണം .. സാമ്പാറു വേണോ കാളന്‍ വേണോ ? തോരന്‍ എന്തായിരിക്കണം പാവയ്ക്കയാണോ , പയറാണോ , കാബെജാണോ ? തീരുമാനങ്ങള്‍ എഴുപതു കഴിഞ്ഞ ആ വയോ വാര്‍ധക്യത്തിന്‍റെതാണ് , എന്നേക്കാള്‍ ഒരുപാട് കൂടുതല്‍ തവണ ഓണമുണ്ട അയാളെ ഞാനെന്തിനു അവിശ്വസിക്കണം ?
വലിയ മുരള്‍ച്ചയോടെ എന്‍റെ പഴയ ബജാജ് ചേതക് സ്കൂട്ടര്‍ വീടിന്‍റെ ചുമരോരം ചേര്‍ന്നു നിന്നു . തുരുമ്പെടുത്ത രണ്ടു എന്‍ജിനുകള്‍ വലിയവായില്‍ മുരളുന്നു , കഫക്കെട്ട് നിറഞ്ഞ രണ്ടു നെഞ്ചിന്‍കൂടുകള്‍.. വാതില്‍ തുറന്നു കൊണ്ട് ഇളയമകള്‍ അകത്തേക്ക് കമന്റെറിഞ്ഞു, ഉള്ളില്‍ മറ്റു രണ്ടുപേരും അതാസ്വദിച്ച്‌ ചിരിക്കുന്നു . എനിക്കും അതില്‍ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ ആ പഴയ സ്കൂട്ടറും അതുതന്നെ ചെയ്തിരിക്കണം .

ഭാഗം മൂന്ന്

വെയിലുപരന്നപ്പോള്‍ മണിക്കുട്ടിക്കു ചൂടുകായാന്‍ തോന്നി . തട്ടിന്‍പുറത്തു  നിന്നും പിള്ളാരേം പെറുക്കി മുറ്റത്തേക്കിറങ്ങി . പൂച്ചപ്പട്ടാളം  വെയില് കായുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു . ഏറെനേരം ഞാന്‍ അതുതന്നെ നോക്കിനിന്നു . അതേയ് ഒരു സംശയം ണ്ട് , പൂച്ച താന്‍ പ്രസവിച്ച കുട്ടികളെ തിന്നുമോ ? ഭാര്യ അടുത്തുനിന്നും ചോദിച്ചു . പിച്ച വെച്ചു കളിക്കുന്ന പൂച്ചക്കുട്ടികളില്‍ നിന്നും ഞാന്‍ കണ്ണു പറിച്ചെടുത്തു . തിന്നുമോ .. ? ഇതുവരെ കണ്ടിട്ടില്ല , പറഞ്ഞു കേട്ടതേയുള്ളൂ . വിട്ടൊഴിയാത്ത സമസ്യയുടെ പൂരണത്തിനായി  ഞാന്‍ വെയിലിനെ നോക്കി , വെയില് പകരുന്ന സൂര്യനെ നോക്കി .
അതിനടുത്ത ദിവസം കുട്ടികളില്‍ ഒന്നിനെ വായില്‍ കടിച്ചു പിടിച്ച് മണിക്കുട്ടി ഓടി മറയുന്നത് ഞാന്‍ കണ്ടു . ബാക്കി ഏഴെണ്ണത്തിന്‍റെ മുഖത്തും പരിഭ്രമം കലരുന്നതായി എനിക്ക് തോന്നി , നിര്‍ത്താതെയുള്ള നേര്‍ത്ത കരച്ചില്‍ അന്തരീക്ഷത്തില്‍ ദീനവിലാപമായി തീര്‍ന്നു .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു മണിക്കുട്ടിക്ക് ഇപ്പോള്‍ അഞ്ചു മക്കളെ ഉള്ളൂ .. മൂന്നെണ്ണം മാഞ്ഞുപോയി ..
തട്ടിന്‍പുറത്തെ അവളുടെ വാസസ്ഥലം ഞാന്‍ ഒളിഞ്ഞു നോക്കി ... ഭാര്യ പറഞ്ഞത് ശരിയാണ് , മണിക്കുട്ടിയോടൊട്ടി അഞ്ചുമക്കള്‍ . പറാവുകാരനെ പോലെ ഒരു കണ്ടന്‍ അവള്‍ക്കു കൂട്ടിരിക്കുന്നു .
മണിക്കുട്ടി മനസ്സില്‍ നിന്നും തല്‍ക്കാലത്തേക്ക് മാഞ്ഞു , അത്യാവശ്യം മറ്റു ചില ദാര്‍ശനിക വ്യഥകളിലേക്ക് എന്‍റെ ചിന്തകള്‍ വ്യാപരിച്ചു .
ഒരു ദിവസം രാവിലെ ഇളയമകള്‍ വന്നുപറഞ്ഞു മണിക്കുട്ടിയും മക്കളും മിസ്സ്ട് .. തീരോധനത്തെയോര്‍ത്തു ഭാര്യക്ക് സങ്കടം , മക്കള്‍ക്ക്‌ സങ്കടം , അവരുടെ കണ്ണുകളില്‍ നേര്‍ത്ത നനവ്‌ .. ഭാര്യ പറഞ്ഞു , വയ്യാ .. മുന്നാല് വര്‍ഷമായി അടുക്കളയില്‍ അവളെ മുട്ടിയുരുമ്മി നടന്ന മണിക്കുട്ടിയുടെ വേര്‍പാട് , പരഞ്ഞുതീരുന്നതിനുമുമ്പ് ഭാര്യ വിതുമ്പി .
തട്ടിക്കുടഞ്ഞെഴുന്നേറ്റു ഞാന്‍ കണ്ണട തപ്പിയെടുത്തു .. പത്രത്തിന്‍റെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി , അപകടമരണത്തിന്‍റെ , അജ്ഞാത ജഡത്തിന്‍റെ  പേജുകള്‍ താണ്ടി , അമ്മയും അഞ്ചുമക്കളും ..ദാരുണ മരണത്തിന്‍റെ കറുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു . സഹതപിക്കാനും അപലപിക്കാനും അധികം ആള്‍ക്കുട്ടമുണ്ടായില്ല . ആത്മഹത്യാണോ കൊലപാതകമാണോ എന്നു തര്‍ക്ക - വിതര്‍ക്കങ്ങള്‍ ഉണ്ടായില്ല .
ഇളയമകള്‍ മറ്റൊരു വാര്‍ത്തയിലേക്ക് വിരല്‍ ചൂണ്ടി .. എട്ടുപെറ്റ തള്ള കാമുകന്‍റെ കൂടെ ഒളിച്ചോടി .. അഞ്ചു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച നിലയില്‍ , റെയില്‍വേ ട്രാക്കില്‍ ശവങ്ങള്‍ കഴുകന്മാര്‍ കൊത്തിവലിക്കുന്നു .
സാക്ഷി വിസ്താരങ്ങളും കോടതി വിധികളുമില്ലാതെ  വെയില് നേര് പറഞ്ഞു , സൂര്യന്‍ നേര് പറഞ്ഞു .. മണിക്കുട്ടിയുടെ എട്ടുമക്കളും ഇല്ലാതായി ഈ പകല്‍ അതു സാക് ഷ്യപ്പെടുത്തുന്നു .
.................................................................................................................................................................................................................................................

ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
.....................................................
മൊബൈല്‍ : 9447685185