Thursday, May 17, 2012

പെരുമാള്‍പുരത്തിന്‍റെ നാള്‍ വിശേഷങ്ങള്‍


നോവല്‍
ടി.സി.വി.സതീശന്‍
...............................................................................
സഫലമാകാം നിന്‍റെ  യാത്ര, പക്ഷേയിതിനെ
വിഫലമെന്നനുനിമിഷമോര്‍ക്കുന്ന ഞങ്ങള്‍ക്കു,
വിഫലമെന്നനുനിമിഷമറിയുന്ന ഞങ്ങള്‍ക്കു,
വിഷുവെവിടെ, യാതിരയുമോണവും വര്‍ഷവും
തളിര്‍പൂക്കള്‍ കായ്കളും തടിനികളുമെവിടെ?
(സഫലമീ യാത്ര    ..............     എന്‍ .എന്‍ . കക്കാട് )



ഒന്ന്

മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും സൂര്യനുദിച്ചു . വെയില്‍ പരന്നു . കഥ തുടങ്ങുന്നത് സ്ഥലത്തിന്‍റെ  ചരിത്രം മിത്തും യാഥാര്‍ത്യവുമായി കൂട്ടിക്കുഴച്ച് വേണമെന്ന് ശിഖയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചരിത്രമെന്നാല്‍ നാള്‍ കീറിയുള്ള കണക്കെടുപ്പല്ല . അവിടുത്തെ ജീവിതത്തിന്‍റെ  പച്ചപ്പ്‌ പൊടിപ്പും തൊങ്ങലും വെച്ച് അവരുടെ ആംഗ്യങ്ങളിലൂടെ,  വാക്കുകളിലൂടെ ..അവരുടെ ഭാഷയില്‍ ,ആ നാക്കുകളില്‍ നിന്നും പുറത്തേക്ക് വരുന്ന മുത്തുമണികള്‍ ഒരു രസച്ചരടില്‍ കോര്‍ക്കുക . അതില്‍ സത്യത്തിന്‍റെ അംശം അളന്നു തൂക്കി കുറിക്കേണ്ടതില്ല , നേരും പതിരും എല്ലാം കലര്‍ന്ന ഭാവനാപൂര്‍ണ്ണമായ  ഒരു സാങ്കല്‍പ്പിക ഗ്രാമം ...എല്ലാ ഗ്രാമങ്ങളുടെയും ഒരു കൂട്ടല്‍കിഴിക്കല്‍ ,അത്രമാത്രം .
അവള്‍ പെരുമാള്‍പുരത്തിന്‍റെ പാടങ്ങളിലൂടെ നടന്നു. വയല്‍വരമ്പിലൂടെ നടന്ന് കുളക്കടവുകള്‍ പിന്നിട്ട് പെരുമാള്‍പുരം അങ്ങാടിയിലെത്തി. ടൈലര്‍ ദാമോദരനെ കണ്ടു , ബാര്‍ബര്‍ വേലായുധനെ കണ്ടു , റേഷന്‍ കടക്കാരന്‍ കുഞ്ഞിക്കണ്ണനെ കണ്ടു . അവര്‍ പറഞ്ഞ തുണ്ടുവാക്കുകള്‍ നോട്ടുബുക്കില്‍ കുറിച്ചെടുത്തു. ചിരുതേയിയെ കാണാന്‍ അവളോട്‌ പറഞ്ഞത് സ്രാപ്പ് ബാലനാണ് . കോന്തുണ്ണി കുറുപ്പ് ഇല്ലാത്ത പെരുമാള്‍പുരം ചരിത്രപരമായി ശരിയാവില്ല . കോന്തുണ്ണി കുറുപ്പിനെ കുറിച്ചു മാത്രമല്ല പെരുമാള്‍പുരത്തെ ഓരോ ആളിനെകുറിച്ചും ആധികാരികമായി പറയാന്‍ പറ്റുന്ന ആള്‍ ചിരുതേയി ആണ്. ചിരുതേയി കുറുപ്പിന്‍റെ ഭാര്യയല്ല.പെരുമാള്‍പുരത്തിന്‍റെ പൊതുസ്വത്താണ് , അവള്‍ക്കെല്ലാം അറിയാം. അമ്പലമണികള്‍ മുഴങ്ങി . നേരം പുലരുന്നേയുള്ളൂ , പെണ്ണുങ്ങളുടെ കുളക്കടവ് സജീവം . ഈരെഴതോര്‍ത്ത് മാത്രമുടുത്ത് അവര്‍ പരസ്പരം പുറം തേച്ചു കൊടുത്തു . കഴിഞ്ഞ രാത്രിയിലെ പരാക്രമങ്ങള്‍ പറഞ്ഞു ചിരിച്ചു. അതിന്‍റെ രസം ആസ്വദിച്ച് കുളത്തിലെ മീനുകള്‍ അവര്‍ക്ക് ചുറ്റും കൂടി.. അവരുപേക്ഷിച്ച അജീര്‍ണ്ണങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു .
വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് നീട്ടിതുപ്പി ചിരുതേയി തന്‍റെ  നിവര്‍ത്തിവെച്ച കാലുകളില്‍ തടവാന്‍ ശിഖയോടു പറഞ്ഞു . മോളേ .., വല്യമ്മച്ചിക്കു വയ്യാണ്ടായി. അമര്‍ത്തി തടവൂ  .. പെരുമാള്‍പുരത്തിന്‍റെ  ചരിത്രം ആ നാവില്‍ നിന്നെടുക്കണം , ശിഖ അമ്മച്ചിയുടെ കാലില്‍ അമര്‍ത്തി തടവി. ചരിത്രം ഉപേക്ഷിച്ചു പോകുന്ന കറുത്തപാടുകള്‍ പോലെ വെരിക്കോസിസ് ആ കാലുകളില്‍ ഉണ്ടാക്കിയ കറുത്തപുള്ളികള്‍ അവളില്‍ അറപ്പുണ്ടാക്കി . കര കൊണ്ടുപോയ കടലാണല്ലോ കേരളം , അങ്ങിനെ ഉണ്ടായ ഈ കരക്കും കടല്‍ വെള്ളത്തിന്‍റെ  ഉപ്പുരസം , പാടത്തെ ചേറിന്‍റെ ചവര്‍പ്പ് . മധ്യാഹ്നങ്ങളില്‍ വീശുന്ന കാറ്റിലെ ഉപ്പുരസം പലരുടെയും മനസ്സിലെ മുറിവുകളെ ഉണക്കിയതായി ചിരുതേയി പറഞ്ഞു. ദ്വയാര്‍ത്ഥമുള്ള ആ പ്രയോഗം ശിഖയ്ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല , എങ്കിലും അവള്‍ തലകുലുക്കി .
അറ്റം നുള്ളിയ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് പുകയിലക്കഷണവും കിളിരടക്കയും വെച്ച് ചുറ്റി അവള്‍ ചിരുതേയിയുടെ വായില്‍ വെച്ചുകൊടുത്തു. കാതു കൂര്‍പ്പിച്ചു , പെരുമാള്‍ പുരത്തിന്‍റെ  ചരിത്രത്തിനായി .. ആധിയും വ്യഥയും ഇല്ലാതെ തങ്ങളുടെ ഭാരിച്ച മുലകളും ചന്തിയും കുലുക്കി പെരുമാള്‍ പുരത്തെ പെണ്ണുങ്ങള്‍ ചിരുതേയിയുടെ ഭാഷയില്‍ ആഘോഷത്തോടെ ജീവിച്ചു. പടിഞ്ഞാറ് പാടിപ്പുഴയില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി . അകക്കൊലായിയില്‍ ഞണ്ടുകള്‍ താവളമുറപ്പിച്ചു . മുറുക്കിന്‍റെ  ഉമിനീരുകള്‍ ചിരുതേയിയെ ഉന്മാദിനിയാക്കി . അവള്‍ തന്‍റെ ചുളിവുകള്‍ വീണ തുടകളില്‍ താളം പിടിച്ചു.  തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് നീട്ടിപാടി. വരളുന്ന തൊണ്ടയിലേക്ക്‌ ശിഖ വെള്ളം പോര്‍ന്നുകൊടുത്തു .
തെങ്ങുകളും നെല്‍വയലുകളും കൊണ്ട് നിറഞ്ഞ പെരുമാള്‍പുരമെന്ന സാധാരണഗ്രാമം . കോന്തുണ്ണി കുറുപ്പില്‍ മാത്രമൊതുങ്ങന്നതല്ല പെരുമാള്‍പുരത്തിന്‍റെ ചരിത്രം. അധികാരിയിലൂടെ , ശങ്കുണ്ണി നായരിലൂടെ ,വട്ട്യന്‍ രാമനിലൂടെ ,ചിരുതേയിയിലൂടെ, ജാനുവിലൂടെ അങ്ങിനെ ഒട്ടനവധി പേരിലൂടെ വേണം പെരുമാള്‍പുരത്തെ കുറിച്ച് പറയാന്‍.  പാടിപ്പുഴയിലൂടെ ഒഴുകുന്ന തെളിനീരുപോലെ ആയിരിക്കണം അത്.
ശിഖ ചിരുതേയിയുടെ താടിയില്‍ തട്ടി ,കവിളില്‍ ഉമ്മ വെച്ചു. പെരുമാള്‍പുരത്തിന്‍റെ  നാള്‍വഴികള്‍ക്കായി വീണ്ടും വെറ്റിലകൂട്ടിയുള്ള മുറുക്ക് അവരുടെ വായില്‍ തിരുകി വെച്ചു. ഷണ്മുഖവിലാസം ക്ലബ്ബിനെ കുറിച്ച് . കോന്തുണ്ണി കുറുപ്പ് കൊണ്ഗ്രസ്സും , സോഷ്യലിസ്റ്റും , കമ്മ്യുണിസ്റ്റുമായ കഥ പിന്നെ അതൊന്നുമല്ലാതായി തീര്‍ന്നതിന്‍റെ പിന്നിലെ കഥകള്‍ അങ്ങിനെ എല്ലാമറിയണം . ഒറ്റുകാരനായ അധികാരിയെകുറിച്ച് , ശങ്കുണ്ണി നായരെ കുറിച്ച് ചിരുതേയിയുടെ തിരുനാക്കില്‍ നിന്നും എല്ലാം വരണം . ഒരു നാടിന്‍റെ  തീര്‍ന്നുപോയ സ്പന്ദനങ്ങള്‍ അവള്‍ തന്‍റെ  മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തു.
കോന്തുണ്ണി കുറുപ്പിന്‍റെ തറവാട്ടു പറമ്പിലെ കളപ്പുര ഷണ്മുഖവിലാസം ക്ലബ്ബായി . ഓലമേഞ്ഞ , മണ്‍കട്ട കൊണ്ടുണ്ടാക്കിയ ആ ഒറ്റമുറി കുറുപ്പും അനുചരന്മാരും കൂടി അടിച്ചു വൃത്തിയാക്കി . എലികളും പെരുച്ചാഴികളും അവര്‍ക്കുവേണ്ടി താവളമുപെക്ഷിച്ചു . മണ്ണെണ്ണവിളക്കില്‍ തെളിഞ്ഞ പ്രകാശം അവിടുത്തെ രാത്രികളിലെ ഇരുട്ടിനെ ഇല്ലാതാക്കി . ചെറുമംഗലത്തെയും കാളക്കോവ്വലിലെയും മുശാരിമാര്‍ ഊതിയുരുക്കിയുണ്ടാക്കിയ വെള്ളോട്ട് കിണ്ടിയും ലക്ഷ്മി വിളക്കുകളും അന്യദേശത്തും പ്രസിദ്ധമായി . കോന്തുണ്ണി കുറുപ്പ് ഇടനിലക്കാരനായി . അവരുടെ ആലകളില്‍ നിന്നും അത് മൊത്തമായി എടുത്ത് വിദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് അയാളുടെ തൊഴില്‍ . നീണ്ട യാത്രയില്‍ വടകരയിലെ കേളുക്കുറുപ്പില്‍ നിന്നോ മറ്റോ ആണ് അയാള്‍ ഗാന്ധിജിയെയും കൊണ്ഗ്രസ്സിനെയും പറ്റി കേട്ടത് . കോന്തുണ്ണി അങ്ങിനെ കൊണ്ഗ്രസ്സായി , ഷണ്മുഖവിലാസം ക്ലബ്ബ് കൊണ്ഗ്രസ്സോപ്പീസായി .

എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാ
ഭൂമിലോകത്തിതാ കീഞ്ഞേ
ചിരുതേയി നീട്ടിപ്പാടി . ശിഖയുടെ വിരലുകള്‍ താളം പിടിച്ചു. അവര്‍ രണ്ടുപേരും ആവേശം മൂത്ത് കൈകള്‍ കോര്‍ത്തുപിടിച്ച് ചുവടുകള്‍ വെച്ചു .

രണ്ട്
പെരുമാള്‍പുരത്തെ അതിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് നാലായി തിരിക്കാം .. പുഞ്ചവയലുകളുടെ വടക്കേപ്പാടം, ഹൈവേ കടന്നു പോകുന്ന കിഴക്കേക്കര തെങ്ങുകളും പാടങ്ങളും കൊണ്ടുനിറഞ്ഞ തെക്കേക്കര പിന്നെ കൈപ്പാടുകളും ചുള്ളികളും ഉള്ള പടിഞ്ഞാറേക്കര . പെരുമാള്‍ പുരത്തിന്‍റെ  മധ്യഭാഗത്തായി മയില്‍ വാഹനന്‍ സാക്ഷാല്‍ ശ്രീ .സുബ്രമണ്യന്‍റെ അമ്പലം. ശിഖ കടലാസ്സില്‍ വെറുതെ വരച്ചു നോക്കി.പെരുമാള്‍പുരത്തിന്‍റെ  ജ്യാമിതി , അളവുകള്‍ കൃത്യമായി കൂട്ടിയെടുക്കാന്‍ അവള്‍ക്കായില്ല . അല്ലെങ്കില്‍ തന്നെ ഭൂമി (ജ്യാ) യുടെ അളവെടുക്കാന്‍ (മിതി) താനാരാ ? അവള്‍ ശ്രമം ഉപേക്ഷിച്ചു .അമ്പലത്തെ കൂടാതെ രണ്ടു കാവുകളും ഏതാണ്ട് പത്തോളം തറവാട്ടു ക്ഷേത്രങ്ങളും രണ്ട് മുണ്ട്യകളും ചേര്‍ന്നതാണ് പെരുമാള്‍പുരം . ആറോളം തണ്ണീര്‍പ്പന്തലുകളും നാല് ചുമടുതാങ്ങികളും വേറെ .
പാടിപ്പുഴ അതിരുകളിട്ട പടിഞ്ഞാറെക്കരയിലേക്ക് ശിഖയെ ചിരുതേയി കൂട്ടികൊണ്ടുപോയി . വിശാലമായ ചതുപ്പുനിലങ്ങള്‍. അറ്റം കൂര്‍മ്പിച്ചു വളര്‍ന്നു നില്‍ക്കുന്ന പോട്ടപ്പുല്ലുകള്‍ . കൈലിയും ബ്ലൌസുമിട്ടു അരിഞ്ഞ പുല്ലുകള്‍ അട്ടിവെയ്ക്കുന്ന നാട്ടുപെണ്ണുങ്ങള്‍ . അങ്ങിങ്ങായി മേയുന്ന പശുക്കള്‍. മണല്‍ തിട്ടകളുണ്ടാക്കി വരിവരിയായി നട്ടുപിടിപ്പിച്ച തെങ്ങുകള്‍. പടര്‍ന്നു പന്തലിച്ച കണ്ടല്‍ ചെടികളുടെ പച്ചപ്പ്‌. അതിന്‍റെ ആഴ്ന്നിറങ്ങിയ വേരുകളില്‍ കുരുങ്ങിക്കിടക്കുന്ന ചെറുമീനുകളെയും ചെമ്മീനുകളെയും പിടിക്കാന്‍ ആയാസപ്പെടുന്ന ചെറുമികള്‍ . ചെറു ഓളങ്ങളുയര്‍ത്തികൊണ്ട്‌ , ആഴങ്ങളും പരപ്പുകളും അറിയിക്കാതെ, ദൈന്യതകള്‍ ഉള്ളിലൊതുക്കി ശാന്തയായൊഴുകുന്ന പുഴ. പഴയതെങ്കിലും ഒരുപാട് ചരിത്രങ്ങള്‍ക്ക്‌ സാക് ഷ്യം  വഹിച്ച കടത്തുവള്ളം . ദശാസന്ധികളില്‍ കൈത്തിരിയായി നിന്നിരുന്ന വട്ട്യന്‍ രാമനെന്ന കടത്തുകാരന്‍ . തുഴകളുടെ താളത്തിനൊത്ത് അയാളുടെ വയറും നൃത്തമാടും . ഭയങ്കര രസമുള്ള കാഴ്ച തന്നെയാണത് . കുടിച്ചു തീര്‍ത്ത കള്ളിന്‍റെയോ രുചിച്ചു നോക്കിയ ചാക്കണയുടെതോ ആവാം ആ വയറ് . . പോയകാല സ്മരണകള്‍ അയവിറക്കി അയാള്‍ നീട്ടിയൊന്നു കൂവി...ഊഹേയ്. അതിന്‍റെ  പ്രതിധ്വനികള്‍ നീണ്ടുകിടക്കുന്ന പുഴയിലൂടെ പരന്നു കണ്ടല്‍ ചെടികളില്‍ തട്ടി പ്രതിവചിച്ചു...ഊഹേയ് .
ഓലയും മുളയും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂര. മുന്നിലിട്ടിരിക്കുന്ന കാലൊടിഞ്ഞ ബഞ്ചിലിരുന്നു വട്ട്യന്‍ രാമന്‍ രണ്ടു കുടം കള്ളിനു വിളിച്ചു പറഞ്ഞു. പിന്നെയൊരു കോപ്പ കാളയിറച്ചിക്കും . ചത്തുവീണ ഈച്ചകളെ എടുത്തു മാറ്റി മുന്നിലെ കള്ള് അയാള്‍ ഒറ്റയിറക്കിനു മോന്തി . ഇടതു കയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ മുഴക്കോലും കൊട്ടുവടിയും വീതുളിയും അല്ലറചില്ലറ മറ്റു സാധനങ്ങളുമായി കേളുവാശാരി എന്ന കേരളവര്‍മ്മന്‍. മുഷിഞ്ഞ ഒറ്റമുണ്ടും അരക്കയ്യന്‍ ജുബ്ബയുമാണ് വേഷം . ചെവിക്കിറുക്കിയ കുറ്റിപെന്‍സില്‍ , ലോകത്തിന്‍റെ  എല്ലാ കണക്കുകളും കുറിക്കുന്നത് തന്‍റെ  ഈ കുറ്റിപെന്‍സില്‍ ആണെന്ന ഭാവമാണയാള്‍ക്ക് . കൂട്ടയില്‍ മീന്‍ ചുമന്നു വില്‍ക്കുന്ന ഉമ്പായി. തേങ്ങയും നെല്ലും പാട്ടത്തിനെടുത്ത് വില്‍ക്കുന്ന പ്രമാണി ഗോപാലന്‍. തന്‍റെ കുടവയറിനുമീതെ തൂങ്ങുന്ന സ്വര്‍ണചെയിന്‍ , അതായിരിക്കണം ഒരുപക്ഷെ ഗോപാലന് പ്രമാണിയെന്ന പേര് വീഴാന്‍ കാരണമായത്‌. കുഞ്ഞാപ്പുവിന്‍റെ കള്ളുഷോപ്പിലെ സ്ഥിരം കുറ്റികള്‍ ഇവരൊക്കെയാണ്.
ഇവരോത്തുകൂടിയാല്‍ പടിഞ്ഞാറേകരയിലൊരുത്സവമായി . പാട്ടായി ,കൂത്തായി .. പിന്നെ ഉടുമുണ്ടുരിയലും വക്കാണവുമായി . ഇതിനു കൊഴുപ്പേകാന്‍ മാധവി എന്ന മാതു കറിപാത്രവുമായി മുന്നില്‍ തന്നെയുണ്ടാകും . അവളുടെ വയറില്‍ വീണ മടക്കുകളുടെ എണ്ണം , അതില്‍ വിടര്‍ന്ന പോക്കിള്‍ക്കുഴി . ബ്ലൌസിന്‍റെ ബട്ടണുകള്‍ കടന്നു പുറത്തേക്ക് വിതുമ്പുന്ന മുഴുത്ത മാറിടം. അന്തിക്കള്ളിനെ ചൂടുപിടിപ്പിക്കാന്‍ മാതുവിന്‍റെ  മാദകത്വം . അങ്ങിനെ അരവങ്ങളുയര്‍ത്തി കുഞ്ഞാപ്പുവിന്‍റെ കള്ളുഷോപ്പ് അസ്തമയസൂര്യനെ കൂടുതല്‍ ചുവപ്പിച്ചു. നിലാവ് പെയ്യുന്ന രാത്രിവരെ അതു നീണ്ടു നിന്നു . ഭൂമിയിലുള്ള സകലമാന വിഷയങ്ങളും അവര്‍ എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്തു. അവരോരുത്തരെയും മുട്ടിയുരുമ്മി മാധവി പ്രോത്സാഹിപ്പിച്ചു. .
ഇനി നമുക്ക് തെക്കേക്കരയിലേക്ക് പോകാം ചിരുതേയി പറഞ്ഞു . പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. അങ്ങിങ്ങ് ചെറിയ തുരുത്തുകള്‍ പോലെ തെങ്ങിന്‍ കൂട്ടങ്ങള്‍ . അതിന്‍റെ  നടുവില്‍ മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഓല മേഞ്ഞതോ ഓടു മേഞ്ഞതോ ആയ ചെറിയ വീടുകള്‍. ഓടു മേഞ്ഞവ നാട്ടിലെ പ്രമാണിമാരുടെതാണ് . മുറ്റത്തു കൂട്ടിയിട്ടിരിക്കുന്ന നെല്‍ക്കറ്റകള്‍ക്കിടയില്‍ നിന്ന് വിയര്‍ക്കുന്ന ശങ്കുണ്ണി നായര്‍ . പെണ്ണുങ്ങള്‍ കെട്ടിയ പതംകറ്റകളില്‍ നിന്ന് അയാള്‍ ശക്തമായി വലിച്ചുതിര്‍ക്കുന്ന നെന്മണികള്‍. അവരുടെ ശാപവാക്കുകളെ ഒഴിവാക്കി കൊണ്ടയാള്‍ നിര്‍ബാധം അതില്‍ തന്നെ ശ്രദ്ധയൂന്നി
നെല്ല് മൂരുന്ന പെണ്ണുങ്ങള്‍ അവരുടെ കൂലിക്കായി അമര്‍ത്തിക്കെട്ടുന്നതാണ് പതംകറ്റകള്‍.. ജാനു തന്‍റെ തോളില്‍ കിടന്ന തോര്‍ത്തുമുണ്ടെടുത്ത് വിയര്‍പ്പുതുടച്ചു, ഒന്ന് ആവിയിട്ടതിനു ശേഷം കൈലിമുണ്ട് അഴിച്ചുടുത്തു... അരക്കെട്ടിനല്‍പ്പം താഴെയായി. പിന്നെ ബ്ലൌസിന്‍റെ  മേല്‍ കുടുക്കഴിച്ചു മാറ് തുടച്ചു . കുനിഞ്ഞുനിന്നു അവള്‍ കറ്റകള്‍ എടുത്തു ശങ്കുണ്ണി നായരുടെ കയ്യില്‍ കൊടുത്തു. ഒന്ന് കുഴഞ്ഞവള്‍ പറഞ്ഞു . ശങ്കുണ്ണി ഏട്ടാ  .. , അത്രക്കങ്ങട്‌ വലിക്കാതെ.. ഈ പാവങ്ങള്‍ടേ അടുപ്പും പൊകയെണ്ടേ ..? ശങ്കുണ്ണിയുടെ നോട്ടം അവളുടെ നിറഞ്ഞ മാറിടത്തില്‍ തറച്ചു നിന്നു. എന്നിട്ടവളെ നോക്കിയൊന്നു ചിരിച്ചു. കൈക്കൂമ്പിളിലെ നെല്‍കറ്റയുടെ പിടിയില്‍ അല്പം അയവ് വന്നു. അവരുടെ കണ്‍കോണുകള്‍ തമ്മിലിടഞ്ഞു .. ജാനു ബ്ലൌസിന്‍റെ ബട്ടനുകള്‍ ഒന്നുകൂടി അഴിച്ചു തോര്‍ത്തു കൊണ്ട് വീശി വിയര്‍പ്പകറ്റി .
അവള്‍ പാവമാണ്. അവളെ പിണക്കിക്കൂടാ . ഇരുളടഞ്ഞ പത്തായപ്പുരയില്‍ എത്രയോ തവണ അവളുടെ മടിക്കുത്തുകള്‍ തനിക്കായി അഴിഞ്ഞുവീണിട്ടുണ്ട് . ആ വിയര്‍പ്പുകള്‍ താന്‍ ആസ്വദിച്ചിട്ടുണ്ട് .പിന്നെ അവളുടെ കുട്ടികള്‍ക്കായുള്ള അടുപ്പുകള്‍ പുകയെണ്ടത് തന്‍റെ കൂടി ആവശ്യമല്ലേ. തന്‍റെ ചോരയും കാണില്ലേ അവിടെ. ശങ്കുണ്ണിനായര്‍ മഹാമനസ്കനായി.
മൂന്ന്
നേരം വൈകുന്നേരമായി , ഇരുള് പടരുന്നതിന് മുമ്പ് വീട്ടിലെത്തണം . ശിഖ കടലാസ്സുതുണ്ടുകള്‍ മടക്കി തന്‍റെ തുണിസഞ്ചിയില്‍ വെച്ചു. പഴ്സില്‍ നിന്നും രണ്ടു നൂറിന്‍റെ  നോട്ടുകള്‍ എടുത്ത് ചിരുതേയിയുടെ കയ്യില്‍ തിരുകിവെച്ചു . പോട്ടേ , വല്യമ്മച്ചീ .. നാളെ കാലത്തു വരാം . പെരുമാള്‍പുരത്തിന്‍റെ  ഓരോ വിശേഷങ്ങളും എനിക്ക് പറഞ്ഞു തരണം . ശിഖ യാത്ര പറഞ്ഞിറങ്ങി.
ഉറക്കപ്പായില്‍ ശിഖ എഴുന്നേറ്റിരുന്നു. മനസ്സ് ഞെരിപിരി കൊള്ളുകയാണ്. പെരുമാള്‍പുരം അവളുടെ ഉറക്കത്തെ ഇല്ലാതാക്കി. ലൈറ്റ് തെളിച്ച് അവള്‍ കടലാസ്സുകള്‍ക്കായി പരതി . പെരുമാള്‍പുരത്തെ ഓരോ മുഖങ്ങളും മനസ്സില്‍ തെളിയുകയാണ് . ആജാനുബാഹുവായ കോന്തുണ്ണി കുറുപ്പ് , ശങ്കുണ്ണി നായര്‍ , വട്ട്യന്‍ രാമന്‍ , മാധവി ,ജാനു - അങ്ങിനെ ഓരോരുത്തരും . താനിതുവരെ കണ്ടിട്ടില്ലാത്ത അവര്‍ക്കൊക്കെ അവള്‍ ഓരോ മുഖങ്ങള്‍ നല്‍കി , അനുസൃതമായ ഓരോ രൂപവും .
തോരാതെ പോയ മഴയാണ് വാര്‍ധക്യം , പെയ്തൊഴിയാന്‍ മറന്നുപോയ ആകാശത്തിന്‍റെ  വിങ്ങലുകളാണ് .പീളകെട്ടിയ തന്‍റെ കണ്ണുകള്‍ തിരുമ്മി ശിഖക്കായി ചിരുതേയി ചുറ്റും പരതി . മുറ്റത്തെ ഇളമാവിന്‍റെ  കൊമ്പില്‍നിന്നും പഴുത്തിലകള്‍ ചിരിച്ചു. കടപുഴകാനായ വന്മരത്തിന്‍റെ  വരാനിരിക്കുന്ന വീഴ്ചയെ ഓര്‍ത്ത്‌ അവര്‍ സഹതാപം കൊണ്ടു . പഴുത്തിലകള്‍ തങ്ങളുടെ ഗതിയും ഇതുതന്നെയെന്ന് അറിയാത്തതുപോലെ വീണ്ടും വീണ്ടും ചിരിച്ചു .
ഒരു കണം വാസനാ പൊകേലയും രണ്ടുകെട്ട് സേലം വെറ്റിലയും ശിഖ ചിരുതേയിയുടെ മടിയില്‍ വെച്ചു . അടക്ക കൊണ്ടാന്നില്ലേ മോളേ..?ചിരുതേയി ചോദിച്ചു .ചുണ്ണാമ്പുതേച്ച് നാലും കൂട്ടിയുള്ള മുറുക്ക് ചിരുതേയിയെ ആവേശത്തിലാക്കി . അവള്‍ കഥ തുടര്‍ന്നു , അന്നെനിക്ക് പതിമ്മൂന്നോ പതിനാലോ വയസ്സ് പ്രായം. കണ്ണെഴുതി നെറ്റിയില്‍ വലിയ പൊട്ടു തൊട്ടു പറന്നു നടക്കുന്ന കാലം . നേരിയ ചീട്ടിത്തുണി കൊണ്ടുള്ള ബ്ലൌസ്സില്‍നിന്നും മാറ് പുറത്തേക്ക് തുളുമ്പി . അധികാരീന്‍റെ , ശങ്കുണ്ണീന്‍റെ   കണ്ണില്‍ പെടാതെ നോക്കണം , കണ്ടാല്‍ അവരുടെ മോറു മാറില്‍ തറച്ചുനില്‍ക്കും . കണ്ണുകള്‍ ഓന്തിനെ പോലെ സത്ത് ഊറ്റി കുടിക്കും .
കേട്ടറിഞ്ഞതാണ് , എങ്കിലും പറയാം .. ചിരുതേയി തുടര്‍ന്നു . കോന്തുണ്ണി കുറുപ്പിന്‍റെ അമ്മ കുഞ്ഞിപാര്‍വ്വതീന്‍റെ  കഥ. അമ്മ്യാര് കല്യാണം കഴിച്ച്‌ കെട്ട്യോന്‍റെ വീട്ടില്‍ പോയി രണ്ടീസം കഴിഞ്ഞു തിരിച്ചു വന്നു ,മടങ്ങി പോകുമ്പോള്‍ ബ്ലൌസ്സിട്ടൂത്രേ .. അത് പുകിലായി , നാട്ടാര് ഇളകി. അന്നൊക്കെ പെണ്ണുങ്ങള് മാറില്‍ ഒരു നേര്യതു ഇട്ടുമറക്കുക മാത്രേ ചെയ്തിരുന്നുള്ളൂ. കെട്ട്യോനും ബന്ധുക്കളും കുശുകുശുത്തു . മുന്നാംപക്കം കുഞ്ഞിപ്പാര്‍വ്വതിയെ കെട്ട്യോനൊഴിഞ്ഞു . അത്യാവശ്യം തരത്തിലുള്ള കുടുംബം ആയതോണ്ട് അധികം വൈകാതെ കുഞ്ഞിപ്പാര്‍വ്വതീന്‍റെ  രണ്ടാംകെട്ട് നടന്നു. അതില്‍ പതിനൊന്നു മക്കള്‍ ,എഴാമത്തവന്‍ കോന്തുണ്ണി . ഓറിന്‍റെ മാറിന്‍റെ  വീതി കണ്ടാല്‍ ഏത് പെണ്ണാ നോക്കാത്തേ . ഈ ചിരുതേയിക്കും ഒത്തിരി ആശയുണ്ടാരുന്നു ഓറിന്‍റെ മേല് .
കാക്കോത്ത് അംശം ദേശത്ത്‌ കുഞ്ഞികൃഷ്ണനായിരുന്നു കുഞ്ഞിപ്പാര്‍വ്വതിയുടെ ആദ്യ ഭര്‍ത്താവ് . അഞ്ചാറെക്കര്‍ കൃഷിനിലം , വയലില്‍ കന്നുപൂട്ടിയും കൃഷിപ്പണിയുമായി കഴിച്ചു കൂട്ടുന്നു. മൂര്‍ന്നിട്ട നെല്‍ക്കറ്റകള്‍ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്ന അയാളുടെ ചെവിരോമങ്ങള്‍ . കാളകളുമായുള്ള നിരന്തര സമ്പര്‍ക്കമായിരിക്കണം ശബ്ദത്തിന് ഒരു മുരള്‍ച്ച .പെരുമാള്‍പുരം അങ്ങാടിയിലൂടെ കുഞ്ഞിപ്പാര്‍വ്വതി ബ്ലൌസ്സിട്ട് വാല്യക്കാരികളുമായി നടന്നത് കാക്കൊത്തു  ദേശത്തെ ഞെട്ടിച്ചു . പരിവാരങ്ങളുമായി കുഞ്ഞിപ്പാര്‍വ്വതി എത്തുന്നതിനു മുമ്പേ ദേശത്ത്‌ പ്രമാണിമാര്‍ സംഘം ചേര്‍ന്നു . ഒരുപക്ഷെ പെരുമാള്‍പുരത്തെ ആദ്യത്തെ കൊണ്ഗ്രസ്സും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും കുഞ്ഞിപ്പാര്‍വ്വതി അമ്മയായിരിക്കണം , ശിഖയുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു .
കുഞ്ഞിപ്പര്‍വ്വതിയുടെ കയ്യും പിടിച്ചു കാര്‍ന്നോമ്മാരും നാട്ടുപടയും പെരുമാള്‍പുരത്തേക്ക് വെച്ചുപിടിച്ചു . . ഒരു വിചാരണക്കുള്ള തയ്യാറെടുപ്പുകളുമായി പത്തിരുപതുപേര്‍ പെട്രോമാക്സും ഓലചൂട്ടും പിടിച്ചു ജാഥയായി പെരുമാള്‍പുരത്തെത്തി . ആരവം കേട്ട് കുഞ്ഞിപ്പാര്‍വ്വതിയുടെ അച്ഛന്‍ വല്യ രാമന്നായര്‍  മുറ്റത്തേക്കിറങ്ങി. അയാളുടെ കണ്ണുകളില്‍ തീപ്പാറി , ശബ്ദം പെരുമാള്‍പുരം ആകെ വിറപ്പിച്ചു . ആ പ്രമാണിത്വത്തിനു മുന്നില്‍ നാട്ടുപട നിന്ന് വിയര്‍ത്തു. അതായിരുന്നുവത്രേ പെരുമാള്‍ പുരത്തിന്‍റെ ആദ്യവിപ്ലവം . കുഞ്ഞിപ്പാര്‍വ്വതിയമ്മ ബാക്കിവെച്ചുപോയ പെരുമാള്‍പുരത്തിന്‍റെ  ചരിത്രമായ മാറുമറയ്ക്കല്‍ പ്രക്ഷോഭം വാര്‍ത്തയായി . ശിഖയ്ക്ക് കുഞ്ഞിപ്പാര്‍വതിയമ്മയോടു ബഹുമാനം തോന്നി. കാതില്‍ ഓലത്തോടയണിഞ്ഞ അവരുടെ മുഖം അവള്‍ മനസ്സില്‍ കുറിച്ചെടുത്തു .
അടുത്ത ഫ്ലാറ്റിലെ ആളെ സുഹൃത്തായി കിട്ടണമെങ്കില്‍ ഓര്‍ക്കൂട്ടും ഫെയ്സ്ബൂക്കും സെര്‍ച്ച് ചെയ്യേണ്ടിവരുന്ന ഈ കാലത്ത് പോയവസന്തങ്ങളെ ഓര്‍ത്ത്‌ അവള്‍ അസൂയപ്പെട്ടു . ഒരു പ്രണയത്തിനുപോലും ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ നടക്കാത്ത അസുരകാലത്ത് ചിരുതേയിയില്‍ നിന്നും വീഴുന്ന മണിമുത്തുകളുടെ ജൈവത അവളെ അമ്പരപ്പിച്ചു . നൂറ്തേച്ചു ഒരു വെറ്റില കൂടിചുരുട്ടി അവരുടെ വായിലേക്ക് തിരുകി ശിഖ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു .

നാല്
അകംകളിക്കാരും പുറംകളിക്കാരും അങ്ങിനെ രണ്ടുതരം കളിക്കാര്‍ , ചിലപ്പോള്‍ അവര്‍ സ്ഥാനം മാറിക്കളിക്കും . കോര്‍ക്കല്‍ എന്ന് വേണമെങ്കില്‍ ഇതിനു പറയാം . ഓരോ കളിക്കും ഓരോ താളമാണ്. കളിക്കാര്‍ വായ്ത്താരിതാളം കൂടി പഠിച്ചിരിക്കണം . കാലും കോലും ശരീരവും കണ്ണും ഒത്തിണങ്ങിയാല്‍ മാത്രമേ കളി ശരിയാവുകയുള്ളൂ , നല്ല കളിക്കാരന് വേണ്ട ഗുണങ്ങളെ കുറിച്ച് കുഞ്ഞിക്കോമകുറുപ്പ് പറഞ്ഞു . അറുപതു തരം കളികള്‍ , ഓരോന്നിനും അതിന്‍റെതായ പാട്ടും താളവും . മനസ്സും ശരീരവും താളനിബദ്ധമായി മെരുക്കിയെടുക്കണം . ആല്‍ത്തറയ്ക്ക് ചുറ്റും നിന്ന ചെറുപ്പക്കാര്‍ വൃത്തത്തില്‍ നിന്നു . മണികെട്ടിയ മരക്കമ്പുകള്‍ ഭക്ത്യാദരം കയ്യിലെടുത്തു. കുഞ്ഞിക്കോമകുറുപ്പ് ദ്രോണനായി . പെരുമാള്‍പുരത്തെ ചെറുപ്പക്കാര്‍ കൌരവരായി. ശിഖയ്ക്ക് ഒരു സംശയം ബാക്കിനിന്നു , അവര്‍ ശരിക്കും പാണ്ടാവരല്ലേ ആകേണ്ടത് ? വായിച്ചുപഠിച്ചതും കേട്ടുപഠിച്ചതും നന്മയുടെ , ധര്‍മ്മത്തിന്‍റെ ആളുകള്‍ പാണ്ടാവരാണെന്നാണ് . കൌരവര്‍ അത്രയ്ക്ക് നല്ലവരായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല .
ശിഖ തന്‍റെ ബാഗില്‍ നിന്നും ചീര്‍പ്പെടുത്ത് ചിരുതേയിയുടെ മുടി കോതിയൊതുക്കി , ചുവന്ന റിബ്ബണ്‍ കൊണ്ട് കെട്ടി വെച്ചു . മുഖത്തു പൌഡര്‍ തേച്ചു . നെറ്റിയില്‍ ചുവന്ന വലിയ പൊട്ടു കുത്തി. കയ്യിലെ വാല്‍ക്കണ്ണാടിയില്‍ അവരുടെ മുഖം കാണിച്ചുകൊടുത്തു. വല്യമ്മച്ചീ ഇപ്പോഴും ചുന്ദരി തന്യേ . അവള്‍ ഒരു കമന്റ്റ് എറിഞ്ഞുകൊടുത്തു. ചിരുതേയിയുടെ മുഖത്തു വീണ നാണം അവളുടെ കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. കയ്യില്‍ കരുതിയ പ്ലാസ്റ്റിക്ക് കൂടില്‍ നിന്നും കസവ് നേര്യതും ചുവന്ന ബ്ലൌസും അവര്‍ക്ക് നേരെ നീട്ടി. പോയി ഉടുത്തുവാ .. ഇത്തിരി നാണത്തോടെ അതുമെടുത്ത് ചിരുതേയി അകമുറിയിലേക്ക് പോയി . ശിഖ മനസ്സില്‍ കൂട്ടി വല്യമ്മച്ചിയെ പതിനഞ്ചു - ഇരുപത് പ്രായത്തിലേക്ക് കൊണ്ടുവരണം. യവ്വനത്തിന്‍റെ ആ പ്രസരിപ്പില്‍ പെരുമാള്‍പുരത്തെ കുറിച്ച് കൂടുതല്‍ അറിയണം ,അവരുടെ ഓര്‍മ്മകളെ മടക്കി കൊണ്ടുവരണം . അല്‍പ്പനേരം കഴിഞ്ഞ് ചിരുതേയി പുറത്തേക്ക് വന്നു. . ശിഖ അവരുടെ കവിളില്‍ ഒരുമ്മ കൊടുത്തു . ഇപ്പൊ കണ്ടാ വല്യമ്മച്ചിയെ ആരെങ്കിലും കൊത്തികൊണ്ടോവ്വല്ലോ , അത്രക്കങ്ങട് സുന്ദരിയായിരിക്കുന്നു. അവളുടെ നമ്പര്‍ ഏറ്റൂന്ന തോന്നണ് , ചിരുതേയി ശിഖയുടെ കവിളില്‍ തിരിച്ച് ചുംബിച്ചു ... ഒന്നല്ല ഒമ്പത് പ്രാവശ്യം , വെറ്റിലപ്പാക്കിന്‍റെയും ഉമിനീരിന്‍റെയും സമ്മിശ്ര ഗന്ധം അവളില്‍ ഒക്കാനമുണ്ടാക്കി . വളരെ പ്രയാസപ്പെട്ടു ശിഖ അത് തടഞ്ഞു നിര്‍ത്തി. വല്യമ്മച്ചിയ്ക്ക് മുഷിച്ചില്‍ വരാതെ നോക്കണം .അതവളുടെ ആവശ്യമാണ് .
പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സ് , ഒരു ദിവസം ഉച്ചയ്ക്ക് ശങ്കുണ്ണി നായരുടെ കളത്തില്‍ നെല്ല് മെതിയ്ക്കാന്‍ പോയതായിരുന്നു.. ആ കൈക്കരുത്തില്‍ അവള്‍ പിടഞ്ഞുവീണു. അങ്ങിനെ ചിരുതേയിയുടെ ശ്രീകോവിലില്‍ ആദ്യമായി കള്ളന്‍ കയറി , ശങ്കുണ്ണി നായര്‍ നല്ല ശാന്തിക്കാരനായി . ഉച്ചപ്പൂജയില്‍ അവള്‍ തളര്‍ന്നുറങ്ങി. ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു . മാറില്‍ പല്ലുകള്‍ അടയാളങ്ങള്‍ ബാക്കിയാക്കി . പൂജയില്‍ ചില്ലറ വീഴ്ചകള്‍ ഉണ്ടായെങ്കിലും ശങ്കുണ്ണിയുടെ പരാക്രമത്തില്‍ പറ്റിയ അല്ലറ ചില്ലറ പരിക്കുകള്‍ അവളെ വേദനിപ്പിച്ചില്ല .. നാണത്തോടെ ചിരുതേയി മുഖം കുനിച്ചു .
കളപ്പുരയിലെ ഒറ്റമുറി കെട്ടിടത്തിനു മുന്നില്‍ ഓലചൂട്ടുകള്‍ കേട്ടണഞ്ഞു . പുലരും വരെ മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. കോന്തുണ്ണി കുറുപ്പിന്‍റെ ചില സുഹൃത്തുക്കള്‍ രാത്രിയുടെ മറവില്‍ വന്നും പോയും കൊണ്ടിരുന്നു. കാര്യങ്ങള്‍ അധികാരിയുടെ ചെവിയിലെത്തി കരംപിരിക്കുകയും കരംപിടിക്കുകയും ചെയ്തുനടന്ന അധികാരി മാനവും കാര്‍ന്നെടുക്കാന്‍ തുടങ്ങി ,,
അധികാരി വിളിപ്പിച്ചു..ശങ്കുണ്ണി നായര്‍ വിളിച്ചു , ചിരുതേയി ശങ്കുണ്ണിയുടെ വീട്ടിന്‍റെ  ഉമ്മറമുറ്റത്ത് ഒച്ചാനിച്ചു നിന്നു . അടിയന്‍ ..? നില്‍പ്പിന്‍റെ  പകപ്പ് കണ്ട് അധികാരി വന്നു കൈപിടിച്ചു . ഇന്ന് പത്തായപ്പുരയല്ല , കിടപ്പുമുറിയിലേക്ക് ചിരുതേയിയെ ശങ്കുണ്ണി പിടിച്ചുവലിച്ചു . വെപ്രാളം കൊണ്ട് പരവശയായ ഈ ചിരുതേയിക്കവര്‍ നെല്ലുവാറ്റിയ റാക്ക്‌ തന്നു . കൊടലുകത്തുന്നത് നിക്കാന്‍ കോഴിയിറച്ചി തന്നു . മാറ് വളര്‍ന്നു വലുതായി . അരക്കെട്ടില്‍ അമര്‍ത്തിയ അധികാരിയുടെ കൈകള്‍ . ഉടുത്തിരുന്ന പോളിസ്റ്റര്‍ കൈലി താനേ അഴിഞ്ഞുവീണു . ശങ്കുണ്ണി കാഴ്ചക്കാരനായി നിന്നതേയുള്ളൂ പൂജയ്ക്കുള്ള തെച്ചിയും തുളസിയും ഒരുക്കി നിസ്സഹായതയോടെ അയാള്‍ കയ്യാളനായി നിന്നു.
മാറില്‍ മലയമര്‍ന്നു . മുലകള്‍ ഉടഞ്ഞില്ലാതാവുന്നത് പോലെ . ചിരുതേയി വിയര്‍ത്തു . അധികാരി വിയര്‍ത്തു . അനന്തരം ചെത്തിയ ചെന്തെങ്ങിന്‍റെ  കരിക്ക് അധികാരിക്ക്‌ കുടിക്കാന്‍ ശങ്കുണ്ണി  കൊടുത്തു . കൈലിയും ബ്ലൌസും പരതിയെടുക്കുന്നതിനിടെ അധികാരി ചെവിക്കു പിടിച്ചു . ശങ്കുണ്ണി  പറഞ്ഞു .. ചിരുതേ .. കോന്തുണ്ണിന്‍റെ   പൊരേല് എപ്പോഴും നെന്‍റെ  ഒരു കണ്ണ് വേണം . അവിടെ ആരൊക്കെയോ കൂട്ടം കൂടുന്നുണ്ടാത്രേ . ഓരോ നാളും നീയത് നോക്കി ഇവിടെ വന്നു പറയണം .. നെനക്ക് വേണ്ടത് എന്താന്നു വെച്ച്വാല്‍ ശങ്കുണ്ണിന്‍റെ  അടുത്തുന്നും വാങ്ങിച്ചോ . എന്നാ നീ ഇപ്പൊ പൊയ്ക്കോ . അധികാരിന്‍റെ മുന്നില്‍ പത്തി ഉയര്‍ത്താന്‍ പറ്റാത്തതിലുള്ള സങ്കടം ശങ്കുണ്ണിക്കുണ്ട് . ഉമ്മറമുറ്റം വരെ അയാള്‍ തന്നെ പിന്തുടര്‍ന്നു . പിന്‍ഭാഗം തോണ്ടിപറഞ്ഞു. ചിരുതേ നീ പോയി വാ പെണ്ണേ .. ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു .
ചിരുതേയി ഒറ്റമുറി കൊണ്ഗ്രസ്സാപ്പീസിലെത്തി , തഞ്ചത്തില്‍ കോന്തുണ്ണി കുറുപ്പിന്‍റെ  അടുത്തുകൂടി. നിലം അടിച്ചുതൂത്ത് വൃത്തിയാക്കി , ഒടിഞ്ഞ മരബഞ്ചുകളിലെ പൊടി ഉടുത്തിരുന്ന കൈലികൊണ്ട് തുടച്ചു . അബദ്ധത്താല്‍ എന്നവണ്ണം ചില കൈകാല്‍ കണ്ണ് പ്രയോഗങ്ങള്‍ നടത്തിനോക്കി. ഒറ് വീഴുന്നില്ല . വിവരങ്ങള്‍ ശേഖരിക്കണം , ശങ്കുണ്ണിയുടെ അടുത്തു കൊണ്ടുകൊടുക്കണം . അവള്‍ ബ്ലൌസിന്‍റെ കുടുക്കഴിച്ചു , മാറ് വലുതാക്കി .. ഒറ്റുകാരിയെന്നതിലപ്പുറം ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നുതന്നെ കൂട്ടിക്കോ , ഓറെ ഇഷ്ടാ , ആ നെഞ്ചും അതില്‍ പടര്‍ന്ന രോമങ്ങളും ഒരു നേരത്തേക്കെങ്കിലും സ്വന്തമാക്കണമെന്ന് ചിരുതേയി കൊതിച്ചു. കോന്തുണ്ണി വീണില്ല .. കോഴിക്കോട്ടു നിന്നും വന്ന കുറുകിയ ആളുടെ ആംഗ്യങ്ങള്‍ കാട്ടിയുള്ള പ്രസംഗം ചിരുതേയിക്കിഷ്ടായി . കോന്തുണ്ണിയോടുള്ള ഇഷ്ടം ചിരുതയെ കൊണ്ഗ്രസ്സിലെക്കടുപ്പിച്ചു .അധികാരിക്ക്‌ ഉദ്ദേശിച്ച വിവരങ്ങള്‍ ചിരുതയില്‍ കിട്ടിയില്ല . അധികാരിന്‍റെ  മുന്നില്‍ ശങ്കുണ്ണി നിന്നു പരുങ്ങി, അധികാരിയുടെ മുഖം വീര്‍ത്തു.
ശിഖ കര്‍ച്ചീഫെടുത്തു മുഖം തുടച്ചു. കുഞ്ഞിക്കോമകുറുപ്പിനെ കുറിച്ചറിയണം , കേളുസ്രാപ്പിനെ കുറിച്ചറിയണം . പിന്നെ കോഴിക്കോട്ടുനിന്നും വടകരയില്‍ നിന്നും വന്ന നേതാക്കളെ കുറിച്ചറിയണം . കൊണ്ഗ്രസ്സിനെയും പെരുമാള്‍പുരത്തെ കോല്‍ക്കളിയെയും കുറിച്ച് കൂടുതല്‍ അറിയണം .. ചിരുതേയിയുടെ മാംസളമായ വിവരണത്തില്‍ മാത്രം ഒരു നാടിനെ കുറിച്ച് പറയാനാവില്ല. അഞ്ച്
ഒരു ബിന്ദു ... അനേകം ബിന്ദുക്കള്‍ ചേര്‍ന്നതൊരു രേഖയായി .പിന്നെയൊരു ത്രികോണം . ജ്യാമിതികളില്‍ ശിഖയ്ക്കുള്ള താത്പര്യം അവളതൊരു കടലാസ്സില്‍ വരച്ചു . ത്രികോണത്തിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവള്‍ ആലോചിച്ചു . പെരുമാള്‍പുരത്തെ ഒരു ത്രികോണമിതിയില്‍ തളച്ചിടാനാവുമോ , അവളുടെ ചിന്തകള്‍ ആ വഴിക്ക് നീങ്ങി . അവള്‍ ഹിപ്പാര്‍ക്കസ്സിനെ ധ്യാനിച്ചു . പെരുമാള്‍ പുരത്തെ പരദൈവങ്ങളെ ധ്യാനിച്ചു ...മണ്മറഞ്ഞു പോയ കുഞ്ഞിപ്പാര്‍വ്വതിയെ , അധികാരിയെ , ശങ്കുണ്ണി നായരെ , കോന്തുണ്ണി കുറുപ്പിനെ , കുഞ്ഞിക്കോമ കുറുപ്പിനെ,അങ്ങിനെ പരശ്ശതം പെരുമാള്‍പുരം വാസികളെ വന്ദിച്ചു .
മൂന്നു ഋജുരേഖാഖണ്ഡങ്ങള്‍ മാത്രം വശങ്ങളായി വരുന്ന ഒരു സംവൃതചിത്രമായി പെരുമാള്‍പുരത്തെ വരച്ചെടുക്കാന്‍ കഴിയില്ല .അതിന് കോണുകളും വശങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് കൂടുതല്‍ പഠിക്കണം .വൃത്തത്തിന്‍റെ ആരവും പരിധിയും അറിയണം . ചിരുതേയി അവിടെ ഒരു ബീജീയ സമവാക്യമായി മാറുന്നില്ല . കൂടുതല്‍ അന്വേഷണങ്ങള്‍ കൂടിയേതീരു . നിര്‍വ്വചിക്കപ്പെട്ട ത്രികോണമിതിയുടെ ഫലങ്ങള്‍ വെച്ച് വശങ്ങളും കോണുകളും ബീജീയമായി ബന്ധപ്പെടുത്തണം . ശിഖയുടെ രാത്രിയില്‍ ഹിപ്പാര്‍ക്കസ്സ് നിറഞ്ഞു നിന്നു .
പേരുകേട്ട റിയാലിറ്റി ഷോയില്‍ പാട്ട് പാടുക എന്നത് ജീവിതാഭിലാഷമായി കൊണ്ടു നടക്കുന്ന മെഡിക്കല്‍ റപ്രസെന്‍റെറ്റിവ് മുരളീമനോഹാര്‍ , ന്യു ജനറേഷന്‍ ബാങ്കിലെ ഉധ്യോഗസ്ഥ അപര്‍ണ്ണ ,പേരെടുത്ത ഒരു ജ്വല്ലറിയുടെ ഫ്ലോര്‍ മനജേര്‍ വര്‍ഷ എന്നിവരാണ് ശിഖയുടെ പെരുമാള്‍പുരത്തെ കൂട്ട് . കഥയുടെ വിവിധ ഘട്ടങ്ങള്‍ ശിഖ അവരുമായി പങ്കു വെച്ചു .
അല്‍പ്പമൊന്നു കുണുങ്ങി,തൊണ്ട ശരിയാക്കി മുരളിമനോഹര്‍ പറഞ്ഞു ഷണ്മുഖപ്രിയയില്‍ ഒരു കാച്ചു കാച്ചിയാലോ ? സംഗതികള്‍ ഉണ്ടാകണം ,അപര്‍ണ്ണ കളിയാക്കി .സ്വരസ്ഥായികള്‍ ശരിയാവണം, വര്‍ഷ പറഞ്ഞു. ശിഖ മിണ്ടാതിരുന്നതെയുള്ളൂ . ഷണ്മുഖപ്രീയ സുബ്രമണ്യനു പ്രീയപ്പെട്ട രാഗമാണ് . അവളുടെ മനസ്സ് പെരുമാള്‍പുരത്ത് അലയുകയാണ് .
ഇതിലെ ഗാന്ധാരം ,പഞ്ചമം ,ധൈവതം എന്നി സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്‌താല്‍ ശൂലിനി, ധേനുക ,ചിത്രാംബരി എന്നീ രാഗങ്ങള്‍ ജനിക്കും . ശിഖ ഒന്നുകൂടി മുന്നോട്ടഞ്ഞു മുരളിയുടെ വിരലുകളില്‍ തലോടി അവനെ പ്രോത്സാഹിപ്പിച്ചു .അവളുടെ അഴകാര്‍ന്ന കണ്ണുകളിലേക്ക് നോക്കി മുരളി തുടര്‍ന്നു .ജണ്‍ധസ്വരപ്രയോഗങ്ങളും ഗഗരിരിസസനിനി - ഷഡ്ജവര്‍ജ്യ പ്രയോഗങ്ങളും നിരി ഗിരി നിരി നിധ - പ്രത്യാഹതഗമകങ്ങളും രാഗത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു. ശിഖയുടെ കണ്ണുകള്‍ മുരളിയുടെ മുഖത്തു തറച്ചു നിന്നു . അവന്‍റെ വായില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന സംഗീതത്തിനായി അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു .
"ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ ..." അമ്പത്തിയാറാമത്തെ മേളരാഗമായ ഷണ്മുഖപ്രിയയില്‍ അവന്‍ പാടി തീര്‍ത്തപ്പോള്‍ ശിഖയുടെ മുന്നില്‍ മുരളി മാത്രമായി. അവള്‍ തെരുതെരെ അവന്‍റെ നെറ്റിയില്‍ , കവിളുകളില്‍ ഉമ്മ വെച്ചു .അപര്‍ണ്ണയും വര്‍ഷയും സ്തംഭിച്ചിരുന്നു .
വര്‍ഷ സല്‍വാറിന്‍റെ ഷാളെടുത്ത് മുരളിയുടെ കഴുത്തിലണിയിച്ചു . അപര്‍ണ്ണ തന്‍റെ ചുവന്ന ബിന്ദി അവന്‍റെ നെറ്റിയില്‍ ഒട്ടിച്ചു. കൈവിരലുകള്‍ ചേര്‍ത്തുപിടിച്ച് മുരളി ഓടക്കുഴലൂതി . അപര്‍ണ്ണയും ശിഖയും വര്‍ഷയും കൈകള്‍ കോര്‍ത്തുപിടിച്ച് അവനു ചുറ്റും വട്ടത്തില്‍ താളം ചവുട്ടി .അവന്‍ ഉണ്ണികൃഷ്‌ണനായി , അവര്‍ ഗോപികമാരും .
ആറ്
ദേശീയ സ്വാതന്ത്ര സമരം കൊടുമ്പിരി കൊള്ളുകയാണ് . യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിക്ക് പിന്നില്‍ അണിനിരന്നു , സ്വാഭാവിക പ്രതികരണങ്ങള്‍ പെരുമാള്‍പുരത്തും ഉണ്ടായി . കോന്തുണ്ണികുറുപ്പിന്‍റെ ഒറ്റമുറി കെട്ടിടം സജീവമായി. അബ്ദുള്ള മാഷ്‌ അവിടേക്ക് വീണ്ടും വീണ്ടും വന്നു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക .. അതില്‍ കുറഞ്ഞ ഒന്നിനും ആ ചെറുപ്പക്കാര്‍ തയ്യാറായിരുന്നില്ല . അധികാരിയുടെ കുറുക്കന്‍ കണ്ണുകള്‍ പരാജയപ്പെട്ടു . പാതിരാനേരങ്ങളില്‍ പുറത്ത് അടുപ്പ് കൂട്ടി ചിരുതേയി വെല്ലക്കാപ്പിയും കപ്പ പുഴുങ്ങിയതും കോണ്ഗ്രസ്സാപ്പിസിലെത്തിച്ചു കൊടുത്തു . നാടന്‍ ശീലുകളില്‍ അവരുടെ പാട്ടുകള്‍ അവള്‍ക്കറിയാവുന്ന രീതിയില്‍ പാടി രസിപ്പിച്ചു .
അബ്ദുള്ള മാഷുടെ കണ്ണുകളില്‍ തീപ്പാറി . കടുത്ത തീരുമാനങ്ങള്‍ വേണം. സാമ്രാജ്വത്വം തുലയട്ടെ ..! കൂടി നിന്നവര്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ചൂ . ഒന്നും മനസ്സിലായില്ലെങ്കിലും ചിരുതേയിയും അതുതന്നെ വിളിച്ചു . പോലീസ്സ് സ്റ്റേഷനിലെ ഫ്ലാഗ് പോസ്റ്റില്‍ കയറി യുനിയന്‍ ജാക്ക് വലിച്ചു താഴെയിടണം , മൂവര്‍ണ്ണ കൊടി പറത്തണം . ആരാ പറ്റ്യാള് അബ്ദുള്ള മാഷ്‌ ആര്‍ത്തു . കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഏകസ്വരത്തില്‍ പറഞ്ഞു .. ഞങ്ങളത് ചെയ്യും ...
പൂവന്‍കോഴികള്‍ കൂവിയില്ല , കൂരാക്കൂരിരുട്ട് . പെരുമാള്‍പുരം അങ്ങാടിയെത്തുന്നതിനു മുമ്പേ കുഞ്ഞമ്പു തന്‍റെ കയ്യിലുള്ള ഓലചൂട്ട് മുന്നില്‍കണ്ട മൈല്‍കുറ്റിയില്‍ ഉരച്ചു കെടുത്തി . അങ്ങാടിയില്‍ നിന്നും അര ഫര്‍ലോങ്ങുകൂടി പോകണം പോലീസ്സ് സ്റ്റേഷനിലെത്താന്‍ . കൈലി മുറുക്കിയുടുത്ത് അവര്‍ വേഗത്തില്‍ നടന്നു. കുഞ്ഞിക്കണ്ണന്‍ പോസ്റ്റില്‍ കയറണം മറ്റു രണ്ടുപേര്‍ കാവലിനായി കുറച്ചു മാറി നില്‍ക്കുക .. സെന്ട്രി അറിഞ്ഞാല്‍ അവന്‍റെ ശ്രദ്ധ മാറ്റുക ,ആ ദൌത്യം കേളു ഏറ്റെടുത്തു. ദേഹമാസകലം കരി പുരട്ടിയിരുന്നു. ഇരുട്ടാണെങ്കിലും പിടിക്കപ്പെടാതെ പോകണമല്ലോ .
നേരിയ മകരത്തണുപ്പ് പാറാവുകാരനെ ഉറക്കത്തിലേക്ക് കൊണ്ടുപോയി . കുഞ്ഞിക്കണ്ണന്‍ ഫളാഗ്പോസ്റ്റില്‍ കയറി . മറ്റു രണ്ടുപേരും കാവല്‍ നിന്നു . യുനിയന്‍ ജാക്ക് അവന്‍ കൈവെള്ളയിലിട്ടു ഞെരിച്ചു . വെറുപ്പ്‌ തലയോട്ടില്‍ കയറി . മനസ്സില്‍ മൂന്നു പ്രാവശ്യം ഭാരത്‌ മാതാ കീ ജയ് വിളിച്ചു . അരയില്‍ തിരുകിയ മൂവര്‍ണ്ണകൊടി ഉയര്‍ത്തി കെട്ടി .മൂന്നുപേരും പാടിപ്പുഴ ലക് ഷ്യമാക്കി നടന്നു. പുഴവക്കത്തെ തെങ്ങില്‍ നിന്നും കരിക്കുകള്‍ ചെത്തികുടിച്ചു . ഒഴുകുന്ന പാടിപ്പുഴയില്‍ യുനിയന്‍ജാക്ക് മീനുകള്‍ കൊത്തിപ്പറിച്ചു. അങ്ങിനെ അവരും സാമ്രാജ്വത്വ വിരുദ്ധവികാരം പ്രകടിപ്പിച്ചു. ക്യിറ്റ് ഇന്ത്യ .. സാമ്രാജ്വത്വം തുലയട്ടെ അവര്‍ മൂവരും ചേര്‍ന്ന് വിളിച്ചു. കൈപ്പാടുകളില്‍ നിലയുറപ്പിച്ച കാലന്കോഴികള്‍ അതേറ്റു വിളിച്ചു.
നേരം പുലര്‍ന്നു . പതിവിലേറെചുവന്ന സൂര്യന്‍ കിഴക്കുദിച്ചു . പോലീസ് സ്റ്റേഷനില്‍ മൂവര്‍ണ്ണക്കൊടി പാറുന്നു . ചായക്കടയില്‍ പണിക്കു പോയ കമ്മാരന്‍ അത് കണ്ടു . മറ്റുള്ളോരോട് പറഞ്ഞു . വാര്‍ത്ത നാട്ടില്‍ പരന്നു . അധികാരി കിടക്കപ്പായില്‍ മൂത്രമൊഴിച്ചു . ശങ്കുണ്ണി നായരുടെ ചങ്ക് പൊട്ടി . തൊപ്പിയും നിക്കറുമിട്ട ബ്രിട്ടീഷ് കാവല്‍ നായ്ക്കള്‍ നാടുനിരങ്ങി . കണ്ണില്‍ കണ്ടതെല്ലാം വെട്ടിയിട്ടു , കയ്യില്‍കിട്ടിയവനെ തല്ലിയുടച്ചു . അന്യനാട്ടില്‍ നിന്നും വലിയ കാക്കിക്കാര്‍ വന്നു . അവര്‍ അവരുടെതായ പുതിയമുറകള്‍ പരീക്ഷിച്ചു .
ഒറ്റമുറി കെട്ടിടം തീയിട്ടു. വെട്ടിയിട്ട കുലച്ച നേന്ത്ര വാഴകള്‍ കൌരവ പടപോലെ സങ്കടം കരഞ്ഞു തീര്‍ത്തു . കൊണ്ഗ്രസ്സുകാര്‍ ഒളിവില്‍ പോയി . പെണ്ണുങ്ങള്‍ ദിനകൃത്യങ്ങള്‍ക്കു പോലും പുറത്തു പോകാനാകാതെ കാര്യങ്ങള്‍ അടുക്കളകോലായില്‍ സാധിച്ചു . പഴുത്ത ചക്കയും മാങ്ങയും കൊത്തി തിന്നാന്‍ വരുന്ന അണ്ണാന്മാരുടെ വരവ് നിലച്ചു . കോന്തുണ്ണി കുറുപ്പിനെ ചിരുതേയി ഒളിപ്പിച്ചു. അബ്ദുള്ള മാഷ്‌ പാടിപ്പുഴ കടന്നു. കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അധികാരി കരം പിരിവു നിര്‍ത്തി പെണ്ണുങ്ങളുടെ മാനം പറിച്ചെടുത്തു . ശങ്കുണ്ണി നായര്‍ വീണ്ടും നല്ല കയ്യാളനായി ..
ഏഴ്
സുബ്രമണ്യവിലാസം ഹോട്ടലിലെ മസാലദോശ പെരുമാള്‍പുരത്തിന്‍റെ പെരുമകളില്‍ ബാക്കിവെച്ച ഒന്നാണ് . മസാലകളുടെ ചേരുവയും നെയ്യും ചേര്‍ന്ന് ആവിപാറുന്ന മണം . വെയിറ്റര്‍ ക്ലാവുപിടിച്ച ഓട്ടു ടംബ്ലറില്‍ ചൂട് വെള്ളം കൊണ്ടുവന്ന് മുന്നില്‍ വെച്ചു . അപര്‍ണ്ണ നാല് മസാലദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തു . ശിഖാ കഥയെങ്ങിനെ മുന്നോട്ടു കൊണ്ടുപോകാനാണ്‌ തന്‍റെ ഉദ്ദേശം ? വര്‍ഷ ചോദിച്ചു. മുരളി വെറുതെ ഇരുന്നതെയുള്ളൂ . പെരുമാള്‍പുരത്തെ നാല് തലമുറ .. അതാണ്‌ ലക്ഷ്യമിടുന്നത് ശിഖ മറുപടി കൊടുത്തു . ഏഴു ദശവത്സരങ്ങള്‍ രസച്ചരട് മുറിയാതെ ഒരു നൂലില്‍ കോര്‍ക്കുക .
അപര്‍ണ്ണ ചാനല്‍ അവതാരികയെ പോലെ കാല്‍പാദത്തില്‍ മറ്റേ കാല്‍കയറ്റി വെച്ച് ,ഒന്ന് കുണുങ്ങി മുരളിയുടെ താടിയില്‍ തട്ടി . മലയാളം കലര്‍ന്ന ഇംഗ്ലീഷില്‍ മൊഴിഞ്ഞു 'വാം അപ്പ് ' ഒന്ന് ഉഷാറാവഡോ ? അതിനു ഉഷാറാവണമെങ്കില്‍ അപര്‍ണ്ണ ആയമ്മയെപ്പോലെ മിനി സ്കര്‍ട്ടോ , ഫ്രോക്കോ അല്ലല്ലോ ഇട്ടിരിക്കുന്നത് .. വര്‍ഷയുടെ കമന്റു വന്നു .
ബാര്‍ബര്‍ വേലായുധന്‍റെ  പീടികയില്‍ മുടിമുറിക്കാന്‍ വന്ന അസ്സൈനാര്‍ ഹാജിയാണ് പറഞ്ഞത് .. പെരുമാള്‍പുരത്തെ ആരൊക്കെയോ പോലീസ്സ് പിടിച്ചു കൊണ്ടുപോയിട്ടുണ്ടാത്രേ , കൊയമ്പത്തൂരോ മറ്റോ ജയിലില്‍ അവരുടെ നാഭിയില്‍ പൊന്നീച്ച പാറിക്കുന്നുവെന്നും പറഞ്ഞുകേട്ടു . നേരമിരുട്ടിയ നേരത്ത് രണ്ടു പോലീസ്സുകാര്‍ ചിരുതേയിയെ തേടി അവളുടെ കുടിയിലെത്തി. കോന്തുണ്ണി എവിടെടീ , താനെവിടെയോളിപ്പിച്ചാലും തങ്ങളവനെ പൊക്കും , കലിപൂണ്ട പോലീസ്സുകാരന്‍ അവളുടെ മടിക്കുത്തില്‍ അമര്‍ത്തിപ്പിടിച്ചു . ഉലഞ്ഞുപോയ തന്‍റെ  കൈലിമുണ്ട് എടുക്കാന്‍ അവള്‍ ശ്രമിച്ചു . പോലിസ്സുകാരന്‍റെ കൈക്കരുത്തില്‍ അവളുടെ അരക്കെട്ട് ഉടഞ്ഞു. ഉള്ളില്‍ പരദേവത കനിഞ്ഞു. അടുപ്പില്‍ പുകയുന്ന തീക്കൊള്ളി എടുത്തുകൊണ്ടവള്‍ ആ പോലീസ്സുകാരന് ലിംഗഹോമം നടത്തി. ആവിയായി പോകുന്ന പച്ചമാംസത്തിന്‍റെ മണം ആസ്വദിച്ചു. നല്ല നാടന്‍ പോര്‍ണോവില്‍ നാല് പച്ചത്തെറി കാച്ചി . കുടിച്ചിരുന്ന മുലപ്പാല് ഓര്‍ത്ത്‌ കൂടെവന്ന പോലീസ്സുകാരന്‍ ഓക്കാനിച്ചു .
ചെളിയും കയറും കൊണ്ടുകെട്ടിയ ബണ്ട് പൊളിച്ചു ശങ്കുണ്ണി നായരുടെ നെല്‍പ്പാടത്ത് ഓരുവെള്ളം കേറ്റി പെരുമാള്‍ പുരത്തെ അടിയാന്മാര്‍ പ്രതിഷേധിച്ചു . വിളഞ്ഞുനില്‍ക്കുന്ന പാടത്ത് കതിര്‍മണികള്‍ ഉതിര്‍ന്നു വീണു . ജാനു സമരത്തിന്‍റെ നേതാവായി . അധികാരിയെ ചിരുതേയി തഞ്ചത്തില്‍ അവളുടെ കുടിയിലേക്ക് വരുത്തി. പെരുമാള്‍ പുരത്തെ മറ്റു പെണ്ണുങ്ങള്‍ കത്തിച്ച ഓലചൂട്ടുകള്‍ ഉയര്‍ത്തികാട്ടി. ചിരുതേയി അധികാരിയുടെ ഉടുമുണ്ടഴിച്ചു... പിറന്നപടി നിര്‍ത്തി. നാട്ടുപെണ്ണുങ്ങള്‍ സന്തോഷത്തോടെ കുരവയിട്ടു. അവര്‍ ചുറ്റും നിന്ന് താളത്തില്‍ നൃത്തം ചവുട്ടി ...
കോഴിക്കോട്ടു നിന്നും കെ.കേളപ്പന്‍ പെരുമാള്‍പുരത്തു വന്നു ക്യാമ്പ് ചെയ്തു. അങ്ങാടിമൈതാനത്ത് പണ്ഡിറ്റ്‌ നെഹ്രു പ്രസംഗിച്ചു . നാടും നാട്ടാരും ആവേശത്തിലായി. അഞ്ചാംപത്തികള്‍ സ്വയംതീര്‍ത്ത മാളങ്ങളില്‍ ഒളിച്ചു. കോന്തുണ്ണി കുറുപ്പ് മധുരയില്‍ നിന്നും ഇരുപത് ചര്‍ക്കകള്‍ കൊണ്ട് വന്നു. ചിരുതേയിയും ജാനുവും തങ്ങളുടെ പോളിസ്റ്റര്‍ കൈലികള്‍ ഉപേക്ഷിച്ചു . വാസുദേവ കാമത്ത് തന്‍റെ പീടികയിലെ തുണിത്തരങ്ങള്‍ നടുറോഡില്‍ കത്തിച്ചു. മാരാര്‍മാഷ്‌ ഏകാദ്ധ്യാപക ഹിന്ദി വിദ്യാപീഠം തുറന്നു .അങ്ങിനെ പെരുമാള്‍പുരത്ത് ഹിന്ദിക്കും ഖാദിക്കും പ്രചാരം വന്നു .
ചര്‍ക്കകള്‍ തിരിഞ്ഞു ,അടുക്കളയിലും അകക്കോലായിലും നൂല്‍ നൂല്‍പ്പിന്‍റെ മര്‍മ്മരശബ്ദങ്ങള്‍ അവരുടെ കുടുംബ ജീവിതത്തില്‍ ശാന്തതയുണ്ടാക്കി . നാടെങ്ങും പരുത്തിചെടികള്‍ സമൃദ്ധമായി വളര്‍ന്നു . പടിഞ്ഞാറ് പാടിപ്പുഴയെ തഴുകി വന്ന കാറ്റ് പെരുമാള്‍ പുരത്തിന്‍റെ പട്ടിണിയെ ഇല്ലാതാക്കി . കേളുവാശാരി കോന്തുണ്ണി കുറുപ്പ് മധുരയില്‍ നിന്നും കൊണ്ടുവന്ന ചര്‍ക്കയെ നോക്കി കൂടുതല്‍ ചര്‍ക്കകള്‍ ഉണ്ടാക്കി , ആഞ്ഞിലിയും പ്ലാവും കേളുവാശാരിക്ക് വഴങ്ങി കൊടുത്തു എന്നതാണ് നേര് .  
കുഞ്ഞാപ്പുവിന്‍റെ  കള്ളുഷോപ്പില്‍ പരുത്തി വസ്ത്രങ്ങള്‍ നെയ്തെടുക്കാനുള്ള തറികള്‍ നിരന്നു .ജീവിതത്തിനു പുതിയ ലക് ഷ്യബോധമുണ്ടായി . ദേശീയ നവോത്ഥാനത്തില്‍ പെരുമാള്‍ പുരത്തിന്‍റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. വഴിയോരത്തെ മരക്കൊമ്പുകളില്‍ കോണ്ഗ്രസ്സിന്‍റെ പതാക പാറിക്കളിച്ചു . ഉടുവഴികളില്‍ വള്ളത്തോളിന്‍റെയും പൊതുവാളിന്‍റെയും വരികള്‍ ചെറുപ്പക്കാര്‍ ഈണത്തില്‍ പാടി നടന്നു . എല്ലാറ്റിനും കോന്തുണ്ണി കുറുപ്പും സഹായികളും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു .
ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയേഴ് ആഗസ്റ്റ്‌ 15 , രാവിലെ സൂര്യനുണര്‍ന്നത് പുതിയ ആവേശത്തോടെയാണ് .കിളികള്‍ അതിരാവിലെ എഴുന്നേറ്റു . പൂവന്‍കോഴികള്‍ നേരത്തെ കൂവി. ഭാരതത്തിലെ മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും ആഘോഷങ്ങള്‍ തുടങ്ങി . പെരുമാള്‍പുരംഅങ്ങാടി തിരിയോലകള്‍കൊണ്ടും പൂക്കള്‍കൊണ്ടും അലങ്കരിച്ചു . ഖാദര്‍ ധരിച്ച പെരുമാള്‍പുരത്തുകാരെകൊണ്ട് അങ്ങാടി മൈതാനം നിറഞ്ഞു . കോന്തുണ്ണി കുറുപ്പും കുഞ്ഞിക്കണ്ണനും കേളുവും കുഞ്ഞമ്പുവും ഓടിയോടി കാര്യങ്ങള്‍ നടത്തി. അവര്‍ക്ക് പിന്നില്‍ ചിരുതേയിയും ജാനുവും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തു . മഹാത്മാ ഗന്ധീക്കീ ജയ്‌ ... ഭാരത്‌ മാതാക്കീ ജയ്‌ ...പെരുമാള്‍പുരത്തെ ഓരോ മണല്‍ത്തരിയും അതേറ്റുവിളിച്ചു . ആയിരം കതിനകള്‍ പൊട്ടി . വലിയവട്ടിളത്തില്‍ ശര്‍ക്കരപ്പായസം തിളച്ചുമറിഞ്ഞു .വലിയ വലിയ നേതാക്കന്മാര്‍ അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . ആരവങ്ങള്‍ക്കും വലിയവലിയ ആഘോഷങ്ങള്‍ക്കും ശേഷം ഏറെ വൈകിയാണ് അന്ന് പെരുമാള്‍പുരത്ത് സൂര്യന്‍ അസ്തമിച്ചത് .
ഷണ്‍മുഖവിലാസം ക്ലബ്ബ് പെരുമാള്‍പുരം ദേശീയ കലാസമിതിയായായി പുനര്‍നാമകരണം ചെയ്യപ്പെട്ടു . അതിനോടടുത്ത്‌ പുതുതായി ഉണ്ടാക്കിയ ഓലഷെഡ്‌ ദേശീയ വായനശാലയും . കോന്തുണ്ണി കുറുപ്പ് പ്രസിഡന്റും കുഞ്ഞമ്പു സെക്രട്ടറിയുമായി . നാടകങ്ങങ്ങളും കൊല്‍ക്കളിയുമായി ക്ലബ്ബ് പ്രവര്‍ത്തനം മുന്നോട്ടുപോയി . പെരുമാള്‍പുരത്തെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും വൈകുന്നെരമാകാന്‍ കാത്തിരുന്നു. ഖാദിയൊഴിച്ചുള്ള വസ്ത്രങ്ങള്‍ പെരുമാള്‍പുരത്തിന് അന്യമായി . ആയിടക്ക്‌ കോന്തുണ്ണി കുറുപ്പിന് ഉണ്ടായ ചില ബന്ധങ്ങള്‍ പെരുമാള്‍പുരത്തും കോണ്ഗ്രസ് സോഷ്യലിസം ഉണ്ടാക്കി. കോണ്ഗ്രസ്സിന്‍റെ തെറ്റായ പോക്കിനെതിരെ ഒരു തിരുത്തല്‍ശക്തിയായി അവര്‍ നിലകൊണ്ടു .
ഇ .എം. എസ് . അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . പുതിയ ചിന്താധാരകള്‍ പരീക്ഷണ നാടകങ്ങളായി ദേശീയ കലാസമിതി അവതരിപ്പിച്ചു. പെരുമാള്‍പുരത്തിന്‍റെ മനസ്സില്‍ ചില ആശങ്കള്‍ പിറന്നു . കൊന്തുണ്ണിയും കുഞ്ഞമ്പുവും കോണ്ഗ്രസ് സോഷ്യലിസ്റ്റായപ്പോള്‍ കേളുവും കോമക്കുറുപ്പും മറ്റും കൊണ്ഗ്രസ്സായി തന്നെ തുടര്‍ന്നു . രണ്ടുകൂട്ടരെയും വെറുപ്പിക്കാതെ ചിരുതേയിയും ജാനുവും നിന്നു . ഈ ചര്‍ച്ചകളില്‍ അവരുടെ മനസ്സ് നൊന്തു . കോല്‍ക്കളി ഗ്രൂപ്പ് കൊണ്ഗ്രസ്സിനെ പിന്തുണച്ചു . ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെങ്കിലും അവരുടെ പ്രേതങ്ങള്‍ ഭാരതത്തിന്‍റെ തെരുവുകളില്‍ അവശേഷിക്കുന്നുവെന്നും , കോണ്ഗ്രസ് പുതിയ ദല്ലാള വര്‍ഗ്ഗമായി അധ:പതിച്ചുവെന്നും കൊന്തുണ്ണിയും കൂട്ടരും പ്രചരിപ്പിച്ചു. രാത്രികാലങ്ങളില്‍ അവര്‍ വെവ്വേറെ യോഗങ്ങള്‍ ചേരുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു .
ശിഖ പറഞ്ഞു ..., അപര്‍ണ്ണയ്ക്കും വര്‍ഷയ്ക്കും താല്‍പ്പര്യം കൂടി . എന്നിട്ട് ..? ബാക്കി കൂടി പറയെടോ ,അവര്‍ തിരക്ക് കൂട്ടി . ഏതോ സ്വപ്നലോകത്ത് മുരളിയും ഞെട്ടിയുണര്‍ന്നു. അവള്‍ പറഞ്ഞു , നമുക്ക് പാടിപ്പുഴയുടെ തീരത്തേക്ക് പോകാം . ഈ സായാഹ്നം അസ്തമയസൂര്യനുമായി നമ്മള്‍ അവിടെ പങ്കിടുന്നു .. എന്തേ , സമ്മതമാണോ ? മൂവരും ശിഖയുടെ ചോദ്യത്തിന് തലകുലുക്കി.
തെളിഞ്ഞ നീര് ഒഴുക്കുന്ന പുഴയ്ക്ക് എന്തെങ്കിലും പറയാനുണ്ടാകും . ചുള്ളികള്‍ വകഞ്ഞു മാറ്റി ഒരു ഒഴിഞ്ഞ സ്ഥലത്ത് അവരിരുന്നു. വട്ട്യന്‍ രാമന്‍റെ പിന്മുറക്കാരനാരോ മറുകരയില്‍ നിന്നും നീട്ടിക്കൂവി ..ഓഹേയ്‌. അപര്‍ണ്ണ അല്പംകൂടി മിടുക്ക് കാണിച്ച് ഒരു തിരിച്ചുകൂവല്‍ കൊടുത്തു . ചെത്തിയ ചെന്തെങ്ങിന്‍ കരിക്കുകളും അഞ്ചാറു കുപ്പി അന്തിക്കള്ളൂമായി അയാള്‍ പുഴ നീന്തി. ചെത്തിയ കരിക്കുകളില്‍ അയാളത് മിക്സ് ചെയ്തു. പുതിയ കൊമ്പിനേഷന്‍ ഓര്‍ത്ത്‌ വര്‍ഷയുടെ നാക്കില്‍ വെള്ളമൂറി. അപര്‍ണ്ണ അയാളുടെ കയ്യില്‍ നിന്നും അത് എത്തിപ്പിടിച്ചു .അയാളെ നടുക്കിരുത്തി അവര്‍ ചുറ്റുമിരുന്നു . കരിക്കുകള്‍ കാലിയായി .. നാടന്‍ ശീലില്‍ അയാള്‍ പാടി. അവര്‍ അത് ഏറ്റുപാടി...
കലശം തൊണ്ടച്ചന്‍ ദൈവത്തിന്നും വേണം
കലശം മുത്തപ്പന്‍ ദൈവത്തിനും വേണം
കലശം പൊട്ടന്‍ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക -
ദൈവത്തിനും വേണം .........
ശിഖ തഞ്ചത്തില്‍ അയാളുടെ പേര് ചോദിച്ചു . കരുണന്‍ എന്നാണത്രേ പേര് . അപര്‍ണ്ണ അവളുടെ ഷാള് കരുണന്‍റെ  കഴുത്തിലേക്കെറിഞ്ഞു . ഒരു തുമ്പ് അപര്‍ണ്ണയും മറ്റേ തുമ്പ് വര്‍ഷയും പിടിച്ച് റോക്ക് ചെയ്തു . മുരളി ശീലുകളുടെ താളബോധത്തെ കുറിച്ച് വാചാലനായി. ശിഖ അടുത്ത കരിക്കിന് വേണ്ടി തിരച്ചില്‍ നടത്തി .

എട്ട്

കതകിനുള്ള മുട്ട് കേട്ട് ശിഖ ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു . ഊണ് കഴിച്ചാല്‍ ഒരു ചെറിയ മയക്കം അവള്‍ക്കു പതിവുള്ളതാണ്. ആരാണ് ഈ നേരത്ത് ? തെല്ലൊരു വിമ്മിഷ്ടത്തോടെ അവള്‍ കതകു തുറന്നു .
അറുപതോടടുത്തു പ്രായമുള്ള ഒരാള്‍ സമ്മതം ചോദിക്കാതെ തന്നെ അകത്തേക്ക് കയറി . തന്‍റെ കാലന്‍ കുട മുറിയുടെ മൂലയില്‍ ചാരിവെച്ച് മുന്നിലെ കസേര വലിച്ച് അതിലമര്‍ന്നിരുന്നു .വേഷ്ടി കൊണ്ട് മുഖം തുടച്ചു .തലയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടച്ചു. ഞാന്‍ ശശാങ്കന്‍ നായര്‍ .. പുതിയേടത്ത് കിഴക്കേ വീട്ടില്‍ ശശാങ്കന്‍ നായരെന്ന പി.കെ .ശശാങ്കന്‍ നായര്‍ ..മുഖവുര കൂടാതെ അയാള്‍ തുറന്നടിച്ചു . ശിഖക്കൊന്നും മനസ്സിലായില്ല . ഉച്ചമയക്കം നഷ്ടപ്പെട്ട കെറുവ് അവളുടെ മുഖത്തു കാണാം. തന്നോട് ഇതെല്ലാം പറയാന്‍ ഇയാള്‍ ആരാണ് ?എന്താണ് ഈ വരവിന്‍റെ ഉദ്ദേശം ? ഒരെത്തും പിടിയും കിട്ടുന്നില്ല . ഓര്‍മ്മ ബാക്കിവെച്ച മുഖങ്ങളിലൊന്നും ഇയാളുടെ മുഖം മനസ്സില്‍ തെളിഞ്ഞില്ല .
വല്ലാത്ത ചൂട് .. സംഭാരം ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ. അയാളുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ശിഖ നിന്ന് പതറി. കാണില്ലായിരിക്കും ല്ലേ ? എങ്കില്‍ പോയി ഒരു ചായ ഉണ്ടാക്കി കൊണ്ടുവാ .. അല്‍പ്പം അമര്‍ഷത്തോടെ അവള്‍ അടുക്കളയിലേക്കു നീങ്ങി . അയാളുടെ നേര്‍ക്ക്‌ നീട്ടിയ ചായ ഒറ്റയിറക്കിന് അകത്താക്കി കൊണ്ടു ഗ്ലാസ്‌ ടീപ്പോയിയുടെ മുകളില്‍ വെച്ചു . അയാളുടെ മുഖത്തു നിഴലിച്ച ഗൌരവം ചെറിയ ഭയപ്പാടുകള്‍ അവളില്‍ ഉണ്ടാക്കി . വല്ലാത്ത ഒരു തീക്ഷ്ണത ആ കണ്ണുകള്‍ക്കുണ്ടായിരുന്നു . തീ പാറുന്ന നോട്ടത്തില്‍ അവളൊന്ന് ചുളിഞ്ഞു . അനുസരണയുള്ള ആട്ടിന്‍കുട്ടിയെ പോലെ ശിഖയുടെ കാതുകള്‍ അയാളുടെ വാക്കുകള്‍ക്കായി കാത്തു നിന്നു . ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ചത്ത കണ്ണുകള്‍ അയാളെ തന്നെ നോക്കി. തന്‍റെ തുണിസഞ്ചിയില്‍ നിന്നും നാലഞ്ചു പഴയ പത്രങ്ങള്‍ എടുത്തു അയാള്‍ അവളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞു .
ശുംഭ .. ഒന്നും അറിയാത്തവളെ പോലെ മൃഷ്ടാഹ്നം ഭക്ഷണോം കഴിച്ചു കിടന്നുറങ്ങുകയായിരുന്നു അല്ലേ ? ആ മുഖത്തു നിന്നും അവള്‍ വായിച്ചെടുത്തത് അതായിരുന്നു . നിലത്തു വീണുകിടക്കുന്ന പത്രങ്ങള്‍ എടുക്കുവാന്‍ ഭയം അനുവദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ ശിഖ മിഴിച്ചു നിന്നു. അയാളുടെ വാക്കുകളിലെ പരിഹാസം , കണ്ണുകളിലെ തീപാറുന്ന നോട്ടം .. അതവളെ പരിഭ്രാന്തയാക്കി . കോടതി മുറിയില്‍ വിധി കാത്തുനിക്കുന്ന പ്രതിയുടെ മുഖത്തു കാണുന്ന അതേ ദൈന്യത അവളുടെ കണ്ണുകളില്‍ , അയാളുടെ ദയാവായ്പിനായി നോക്കി മൌനമായി അവള്‍ നിന്നു . ശിഖയുടെ കയ്യിലെ ഒരു മാപിനിക്കും അയാളുടെ ഉള്ളിലെ താപത്തെ അളക്കാന്‍ ആയില്ല . കലങ്ങിയ കണ്ണുകളിലെ രോഷം അഗ്നിയായി ,ശരീരത്തിന്റെ വിയര്‍പ്പായി പിന്നീടത്‌ ആവിയി മുറിക്കുള്ളിലെ വായുവില്‍ അലിഞ്ഞില്ലാതായി .
പത്തു മിനുട്ടില്‍ കൂടുതലുള്ള ആ പ്രകടനത്തില്‍ അയാള്‍ തളര്‍ന്നു കാണണം . കസേരയിലേക്ക് ചാഞ്ഞമര്‍ന്നു , തന്റെ വേഷ്ടി വീശി അയാള്‍ വിയര്‍പ്പകറ്റി . ഉള്ളില്‍ പതഞ്ഞ സഹതാപം ഒരു ചായയാക്കി ശിഖ വീണ്ടും അയാള്‍ക്ക്‌ കൊടുത്തു രണ്ടു പൂവന്‍ പഴവും . ആഹരിക്കുന്നതിലെ ആര്‍ത്തി കണ്ടപ്പോള്‍ ,വിശപ്പ്‌ അയാളെ തിന്നിരുന്നു എന്നവള്‍ക്ക് തോന്നി.
ശശാങ്കന്‍ ചേട്ടന് വിശ്രമിക്കണോ , ഉള്ളിലെ ഭയം കനം കുറഞ്ഞ വാക്കുകളായി പുറത്തേക്ക് വന്നു . ഏതോ പ്രശ്നം അയാളെ അലട്ടുന്നുണ്ടായിരിക്കണം , അതിന്‍റെ ഉഷ്ണപ്രവാഹം പുറത്തേക്ക് വമിക്കാനുള്ള ആന്തലായിരിക്കണം കുറച്ചു മുമ്പ് കണ്ടത് . അവളുടെ ആകാംക്ഷ കൂടി കൂടി വന്നതേയുള്ളു . നിലത്തു കിടക്കുന്ന പത്രങ്ങളും കടലാസ്സുകളും അവള്‍ പെറുക്കിയെടുത്തു .
58 - 59 കാലഘട്ടം , അന്നെനിക്ക് മുപ്പതോ മുപ്പത്തിരണ്ടോ പ്രായം . വിനോബജീ കേരളത്തിലെത്തി ,സര്‍വ്വോദയ മണ്ഡലം നാട്ടില്‍ സജീവം .. ശശാങ്കേട്ടന്‍റെ  നാക്കില്‍ നിന്നും ആയാസരഹിതമായി വാക്കുകള്‍ ഉതിര്‍ന്നു വീണു.
റോഡിനു എതിര്‍വശത്ത്‌ പണിതുയര്‍ത്തുന്ന ബഹുനില കെട്ടിടത്തിലേക്ക് ശിഖയുടെ കണ്ണുകള്‍ ചെന്നു പെട്ടു . മറ്റൊരു താജ്മഹല്‍ രൂപപ്പെടുത്തുന്നതില്‍ ഒഴുകുന്ന വിയര്‍പ്പിനെ കുറിച്ച് അവള്‍ നോമ്പരപ്പെട്ടു . അവരുടെ ചേഷ്ടകളും രീതികളും വെച്ചുനോക്കുമ്പോള്‍ ബീഹാറികളോ , ബംഗാളികളോ ആയ തൊഴിലാളികള്‍ ആയിരിക്കണം അവര്‍. അവരുടെ മൊബൈല്‍ ഫോണില്‍ ഏതോ ഹിന്ദി ഗായകന്‍ തൊണ്ട പൊട്ടിക്കുന്നത് അവ്യക്തമായി കേള്‍ക്കാം .
വീടും കുടുംബവും വിട്ടു ഒരാവേശത്തില്‍ കിഴക്കന്‍ മലയോരങ്ങളിലേക്ക് പുറപ്പെട്ടു , ഖാദിയുടെ ഒറ്റമുണ്ടും പരുക്കന്‍ ജുബ്ബായുമിട്ട നാലഞ്ചുപേര്‍ ഒപ്പമുണ്ടായിരുന്നു , ശശാങ്കന്‍ നായര്‍ തുടര്‍ന്നു . അധിക ഭൂമി ദാനം ചെയ്യുന്നതിനായി അത് കൈവശമുള്ളവരെ നയത്തിലും ഭീഷണിപ്പെടുത്തിയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി . അങ്ങിനെ കിട്ടിയ പട്ടിണിപ്പാവങ്ങള്‍ക്ക് വീതം വെച്ച് കൊടുത്തു . ഇന്ന് അതിറ്റകളെ വഞ്ചിച്ചു തന്ത്രത്തില്‍  ഭൂമി കൈപ്പെടുത്തിയ സര്‍ക്കാര് അത് വന്‍കിട കമ്പനിക്കു പതിനായിരം കൊല്ലത്തേക്ക്‌ ലീസിനു കൊടുക്കുകയാണത്രേ.. ആരാ ഇവനൊക്കെ ഈ അധികാരങ്ങള്‍ കൊടുത്തത് ? പതിനായിരം കൊല്ലം പോലും .. ഇവനും ഇവന്‍റെ സന്തതി പരമ്പരകളും കാണ്വോ അത്രേം കൊല്ലം. ദേഷ്യം വിയര്‍പ്പായി പൊടിഞ്ഞു . വേദനയാല്‍ നീട്ടിയുള്ള ശ്വാസം വലിയ ശബ്ദത്തോടെ പുറത്തേക്ക് വന്നു. പരവശനായ ശശാങ്കന്‍ ചേട്ടനെ പതിയെ പിടിച്ച് അവള്‍ കിടക്കയിലേക്ക് കിടത്തി , കമുകിന്‍ പാള കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട്  വീശി കൊടുത്തു .
എട്ട്‌
അപര്‍ണ്ണ ശിഖയോട് പറഞ്ഞു .. തന്‍റെ റോള്‍ മോഡല്‍ ചിരുതേയിയെ ഒന്ന് കാണണമല്ലോ ? വര്‍ഷയും ഒപ്പം കൂടി . മുരളി അവിടെയും മൌനം പാലിച്ചതെയുള്ളൂ . കാണാം .. ചിരുതേയി ഒരു പേരില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന കേസുകെട്ടല്ല .ആഴത്തില്‍ പഠിക്കേണ്ടുന്ന ഒരു പ്രസ്ഥാനം തന്നെയാണ് ,ശിഖ പറഞ്ഞു നിര്‍ത്തി .
കിഴക്കന്‍ മലയില്‍ ഉരുള്‍പൊട്ടി , മണ്ണിടിഞ്ഞു . മഴവെള്ളം കുത്തിയൊലിച്ചു . മലവെള്ളപ്പാച്ചിലില്‍ മരങ്ങളും ജടങ്ങളും ഒഴുകി . നാട്ടില്‍ ദീനവും പട്ടിണിയും പടര്‍ന്നു . കോളറയും വസൂരിയും നാടെങ്ങും താണ്ടവമാടി . ദുരിതത്തിലായ പടിഞ്ഞാറേക്കരയിലേക്ക്  കുഞ്ഞമ്പു തന്‍റെ അരക്കയ്യന്‍ ഖാദിജുബ്ബ ഒന്നുകൂടി തെറുത്തുകയറ്റി നടന്നു . മച്ചകങ്ങളില്‍ കിടന്ന പോതി പോലും നോക്കാനില്ലാത്ത ആ ദുരിതങ്ങളുടെ നടുക്കയത്തിലേക്ക് അവന്‍ നടന്നു നീങ്ങി . കിടപ്പിലായ ദീനക്കാരെ ചുമലില്‍ താങ്ങിയെടുത്തു. കോന്തുണ്ണിയും കുഞ്ഞമ്പുവും അധികാരിയുടെ പത്തായപ്പുര കവര്‍ന്നു . ചിരുതേയി നെല്ല് പുഴുങ്ങിയുണക്കി അരിയാക്കി . നനഞ്ഞ ഓലക്കീറുകള്‍ കത്തിച്ച്‌ പട്ടിണിക്കോലങ്ങള്‍ക്ക്  കഞ്ഞിയുണ്ടാക്കി കൊടുത്തു . നാടുനിറഞ്ഞ നടപ്പുദീനത്തെ വേപ്പില തിളപ്പിച്ച വെള്ളത്തില്‍ അവര്‍ മുക്കിത്താഴ്ത്തി .
മുരളി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നവനെ പോലെ നിലവിളിച്ചു. അപര്‍ണ്ണ മുടിയൊതുക്കി കാത്തു നീട്ടി , വര്‍ഷ ചോദിച്ചു .. എന്നിട്ട് , ഒന്ന് വേഗം പറഞ്ഞു തീര്‍ക്കടോ ?ശിഖേയ് , തന്‍റെ ചിരുതേയി ആളൊരു ലജെന്റ്റ് തന്നെ അല്ലേ?ശിഖ തിരുത്തി .. പെരുമാള്‍ പുരത്തിനു തന്നെ ഒരു ലെജെന്ടസി ഉണ്ടെന്നതാണ് വാസ്തവം .
വര്‍ഷേ , നമുക്ക്  സാവിത്രിയമ്മയെ ഒന്നുപോയി കാണണം , ചിരുതേയി പറഞ്ഞതാ .. അവളെ കണ്ടാ കുറച്ചൂടെ കിട്ടുംന്ന് ,ശിഖ പറഞ്ഞു . അപര്‍ണ്ണയും റെഡിയായി . തൂശനിലയില്‍ കുത്തിയരി ചോറ് വിളമ്പിയത് പോലുള്ള നിറം . സന്ധിവാതത്തിന്‍റെ അസ്കിതയുള്ളത് കൊണ്ട് നീവര്‍ന്നു നടക്കാന്‍ പ്രയാസപ്പെടുന്നു . വെള്ളിനാരുകള്‍ പോലുള്ള തലമുടിയില്‍ കൈ തിരുകി കൊണ്ട് കിഴക്കേടത്ത് സാവിത്രിയമ്മ എടുത്തിട്ടത് പോലെ പറഞ്ഞു .. ഓറ് ന്‍റെ  ദൈവാണ്, ഞാന്‍ തൊട്ടറിഞ്ഞ ദൈവം . എന്‍റെ മാത്രല്ല , ഇവിടെ എല്ലാരുടെയും ദൈവമാണ് .ആറു മക്കളേം കൊണ്ട് അടുപ്പില്‍ തീ പൊകക്കാനുള്ള വകെല്ലാതെ കഷ്ടപ്പെടുന്ന കാലം . കോന്തുണ്ണി കൊണ്ട് വന്ന ചര്‍ക്കയില്‍ നിന്നും ഒരെണ്ണം തന്നു . ഉണങ്ങിയ പരുത്തീന്നു നൂലെടുക്കാനും പഠിപ്പിച്ചു തന്നു . പട്ടിണി കിടക്കുമ്പോ അന്നവുമായി വരുന്നവനെ ദൈവന്ന്വല്ലാതെ മറ്റെന്താപ്പ വിളിക്കണ്ടേ . കോന്തുണ്ണി കുറുപ്പിനെ കുറിച്ച് പറഞ്ഞപ്പോള്‍ സാവിത്രിയമ്മക്ക് ആയിരം നാക്കാണ് , പ്രായത്തിന്‍റെ അരിഷ്ടതകള്‍ മറന്നു ആ മുഖത്തെ ചുളിവുകള്‍ ഇല്ലാതായി .
ഒമ്പത്
പാടിപ്പുഴയില്‍ കലക്ക വെള്ളം ഒഴുകി , മീനുകള്‍ ചത്തുപൊന്തി. പുഴയെന്നും അങ്ങിനെയാണ് , ഒരു നാട്ടിന്‍റെ വേദനകളെ സന്തോഷങ്ങളെ ഒട്ടും മറച്ചു വെക്കാതെ ഒരു കണ്ണാടിയിലെന്ന പോലെ അതിന്‍റെ നീരൊഴുക്കില്‍ അത് പ്രതിഫലിപ്പിക്കും .
കോന്തുണ്ണിക്ക് വയ്യാതായി , കുഞ്ഞമ്പുവിന്‍റെ മുഖത്തു കുരിപ്പുകള്‍ പൊന്തി . പെരുമാള്‍പുരത്തു മ്ലാനത പടര്‍ന്നു . അങ്ങാടിയില്‍ ആളുകള്‍ കുറഞ്ഞു . ഒരു യുഗം തീരുന്നതായി ചിരുതേയിക്ക്‌ തോന്നി . പാടം വിണ്ടുകീറുന്നതായും തെങ്ങോലകള്‍ അകാലത്തില്‍ ഉങ്ങന്നുതായും അവള്‍ കണ്ടു . അമ്പല കുളത്തിലെ തവളകള്‍ അകാരണമായി കരഞ്ഞു . കുരിപ്പുകള്‍ കുഞ്ഞമ്പുവിനെ കൊണ്ടുപോയീ .. നെഞ്ചത്തടിച്ചു ചിരുതേയി നിലവിളിച്ചു . ശിഖയും അപര്‍ണ്ണയും വര്‍ഷയും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി .
വര്‍ഷ ശിഖയോടു കണ്ണു കാണിച്ചു , നിന്‍റെ വാസനാ പോകെലെ കാട്ടി മയക്കാന്‍ പറ്റ്വോ, ഒന്നു ശ്രമിച്ചു നോക്കെടോ ? ശിഖയ്ക്ക് വര്‍ഷയോട് ദേഷ്യമാണ് തോന്നിയത് , തന്‍റെ തലക്കകത്ത് എന്താ കളിമണ്ണാണോ നിറച്ചിരിക്കുന്നത്‌ ? ഔചിത്യമില്ലാത്ത ആ ഇടപെടലിനോട് ശിഖ നീരസം പ്രകടിപ്പിച്ചു. അപര്‍ണ്ണ തന്ത്രപൂര്‍വ്വം ഇടയാളായി ആ പിണക്കത്തെ നീട്ടികൊണ്ട് പോകാന്‍ അനുവദിച്ചില്ല .
കുഞ്ഞമ്പുവിന്‍റെ മരണം ഉണ്ടാക്കിയ ശൂന്യത കോന്തുണ്ണി കുറുപ്പിന്‍റെ മനസ്സിനെ വല്ലാതെ ഉലച്ചു ..   അയാളുടെ മനസ്സില്‍ അത് ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ കാലത്തിനായില്ല . ആരോടും മിണ്ടാട്ടമില്ലാതെ തെക്കിനി കോലായിയിലെ ചാരുകസേരയിലിരുന്നു കലണ്ടറിന്‍റെ പേജുകള്‍ അയാള്‍ കീറിമാറ്റി . അങ്ങിനെ മരണത്തിലേക്കുള്ള ദൂരം കുറച്ചു .
ഒരു വ്യാഴവട്ടം അവസാനിക്കുന്നതിലുള്ള വെവലാതിയായിരിക്കണം പെരുമാള്‍ പുരത്തെ കാക്കകള്‍ ചത്തുമലച്ചു , പെണ്ണുങ്ങള്‍ മാറത്തടിച്ചു നില വിളിച്ചു .. ഒന്നുമറിയാത്തവരെ പോലെ പെരുമാള്‍ പുരത്തിന്‍റെ  കുഞ്ഞുങ്ങള്‍ ഇതൊക്കെ കണ്ടും കെട്ടും ഒന്നും സംഭവിക്കാത്തത് പോലെ മൂക്കിളയൊലിപ്പിച്ചു നടന്നു .
ഉടുത്തിരുന്ന മുണ്ടിന്‍റെ കോന്തലയില്‍ ചിരുതേയി കണ്ണുകള്‍ തുടച്ചു , കണ്ണീരൊപ്പി . അടുക്കള ചായ് വിലെ പ്ലാസ്റ്റിക് ഡബ്ബയില്‍ നിന്നും രണ്ടു നൂറിന്‍റെ കടലാസ്സുകള്‍ എടുത്തു .. ഇതവ്ട വെക്കൂ മോളേ , നീ അന്ന് തന്നതാ . എനിക്കെന്തിനാ ഈ പണം ,അല്ലെങ്കില്‍ത്തന്നെ പെരുമാള്‍ പുരത്തെ കുറിച്ച് പറഞ്ഞുതന്നതിനു പണം വാങ്ങിക്ക്യേ?ഞാന്‍ മോളെ അമ്മൂമ്മല്ല്യെ , ത്രേം നെനച്ചാ മതീ ന്‍റെ പൊന്നുമോള്  . ശിഖയുടെ കയ്യില്‍ തിരുകി പിടിപ്പിച്ച നോട്ടുകള്‍ അവളെ ആകെ ആശയക്കുഴപ്പത്തിലാക്കി .
ഇനി ന്‍റെ മോള് പോയി ആ കരുണനെ കാണ് . വട്ട്യന്‍ രാമന്‍റെ മോന്‍ കരുണന്‍ . ആ തെറിച്ച ചെക്കന്‍ ,ഓന്‍ പറഞ്ഞു തരും  പെരുമാള്‍ പുരം ചോത്തതിന്‍റെ , ചോപ്പിച്ചതിന്‍റെ കഥ .
പത്ത്
സഹയാണ് പുഴ എന്ന് കേട്ടിട്ടുണ്ട് , എന്തും ഏതും ആവാഹിക്കുകയും അനുസരിക്കുകയും ചെയ്യുകയാണ് പുഴ എന്നും കേട്ടിട്ടുണ്ട് . പുറത്തു നികത്തിയ ചരല്‍മണ്ണിലൂടെ ഒഴുകി വന്ന വെള്ളം കലര്‍ന്നത് കൊണ്ടായിരിക്കണം പാടിപ്പുഴയിലൂടെ ചെന്നീര് ഒഴുകി . ചുവന്ന വെള്ളത്തില്‍ വെളുത്ത പരല്‍മീനുകള്‍ പളപളച്ചു.
പുഴ കടന്ന് അക്കരെയുള്ള കരുണന്‍റെ കുടിലിലേക്ക് ശിഖയും അപര്‍ണ്ണയും വര്‍ഷയും നടന്നു. പെരുമാള്‍ പുരം ചുവത്തതിന്‍റെ, ചുവപ്പിച്ചതിന്‍റെ കഥ അയാളില്‍ നിന്നും അറിയണം .
ശ്വാസം നീട്ടി വലിക്കാന്‍ ആയാസപ്പെടുകയും  ഇടയ്ക്കിടെ കഫം കാര്‍ക്കിക്കുകയും ചെയ്തുകൊണ്ട്  ഒടിഞ്ഞ മരബഞ്ചില്‍ കുനിഞ്ഞിരിക്കുകയായിരുന്ന കരുണനെ അവര്‍ തോണ്ടി വിളിച്ചു .. സഖാവേ .
പുഴക്കക്കരെയുള്ള പഴയ ഓര്‍മ്മ വെച്ച് വര്‍ഷ പറഞ്ഞു , രണ്ടു കുടുക്ക കള്ളും നാല് ചെന്തെങ്ങിന്‍റെ കരിക്കും ഉണ്ടായാല്‍ സംഗതി കുശാലാവും . ശിഖ കണ്ണു മിഴിച്ചു , ഒന്ന് മിണ്ടാതിക്കെടീ . അപര്‍ണ്ണ വര്‍ഷയുടെ വായോടു കൈ ചേര്‍ത്തുപിടിച്ചു അവളെ നിശബ്ദയാക്കി .
കരുണേട്ടന്‍ കമ്മ്യൂണിസ്റ്റായതില്‍ , സഖാവ് കരുണന്‍ ആയതില്‍ ഇപ്പോഴും അഭിമാനം തോന്നുന്നുണ്ടോ ? ചാനല്‍ മോഡറെറ്ററെ പോലെ അപര്‍ണ്ണ ചോദ്യമെറിഞ്ഞു . മറ്റുള്ളവരുടെ വേദനകളെ സ്വന്തം വേദനകളുമായി കൂട്ടിവായിക്കുന്ന സഖാവ് കരുണന്‍ തൊണ്ടയനക്കി വാക്കുകള്‍ ശരിയാക്കി പറഞ്ഞു .. തീര്‍ച്ചയായും , അതൊരു ചരിത്ര നിയോഗമാണ് .അടുക്കളയില്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കുന്ന തിരക്കിലാണ് . കരുണേട്ടന്‍റെ തൊണ്ടയില്‍ കുടുങ്ങിയ കഫക്കെട്ടിനെ മാറ്റണം , സ്പുടതയോടെ ആ നാക്കില്‍ നിന്നും പെരുമാള്‍ പുരം ചുവന്നതിന്‍റെ കഥ ഊറ്റി എടുക്കണം.
തിരഞ്ഞെടുപ്പ് കഴിഞ്ഞു കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു . ഇ .എം.എസ് കേരളത്തിന്‍റെ
ആദ്യ മുഖ്യമന്ത്രിയായി .കേരളത്തിന്‍റെ മറ്റു പ്രദേശങ്ങളിലെന്ന  പോലെ പെരുമാള്‍പുരത്തും ചുവപ്പിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി . കയ്യാലപ്പുറങ്ങളിലും പറങ്കിമാവിന്‍റെ ഉച്ചിയിലും ഉയര്‍ന്ന ചുവപ്പ് കൊടികള്‍ പുതിയൊരു അരുണോദയത്തിന്‍റെ പ്രതീക്ഷകള്‍ വിളിച്ചോതി . ഉണ്ണാനും ഉടുക്കാനുമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വന്ന , ചോര തിളയ്ക്കുന്ന കരുണനെ പോലുള്ള അനേകം ചെറുപ്പക്കാര്‍ ചെങ്കൊടികളേന്തി സാര്‍വ്വദേശീയ ഗാനവും പാടി പെരുമാള്‍പുരത്തെ ആവേശം കൊള്ളിച്ചു . പാടിപ്പുഴ കരുണനും കമ്മ്യൂണിസത്തിന്നും  വേണ്ടി അനര്‍ഗളം ഒഴുകി . പണ്ട് ഒളിവു കേന്ദ്രങ്ങളില്‍ അതീവ രഹസ്യമായി ചേര്‍ന്ന യോഗങ്ങളില്‍ നിന്നും പഠിച്ചെടുത്ത വിപ്ലവത്തിന്‍റെ നാള്‍വഴികളിലേക്കുള്ള ഉദ്ധരണികള്‍ കരുണന്‍ അവസരത്തിലും അനവസരത്തിലും പറഞ്ഞു കൊണ്ടേയിരുന്നു . അപ്പോള്‍ ആ മുഖത്തു പേശികള്‍ ദൃഡമാവുകയും കണ്ണുകളില്‍ തീ പാറുകയും ചെയ്യുന്നുണ്ടായിരുന്നു .
ചൂണ്ടയിട്ടു പിടിച്ച കരിമീനുകളെയും കൊണ്ട് മുരളി എത്തി. ഇത് മുളകിട്ട് പൊള്ളിക്കണം , പിന്നെ നാല് കുപ്പി കള്ളും വര്‍ഷയുടെ നാക്കില്‍ വെള്ളമൂറി . ഇന്നത്തെ സായാഹ്നം ഇവിടെ തീര്‍ക്കുന്നതില്‍ വിഷമം ഒന്നുമില്ലല്ലോ കരുണേട്ടാ ?അപര്‍ണ്ണയും  വര്‍ഷയും അടുക്കളയിലേക്കു നീങ്ങി. ശിഖ കടലാസ്സു തുണ്ടില്‍ കരുണേട്ടന്‍റെ നാക്കില്‍ നിന്നും ഉതിരുന്ന വാക്കുകളെ പകര്‍ത്തിയെഴുതി . മുരളി മിണ്ടാതിരുന്നു .
അരമണിക്കൂര്‍ കഴിഞ്ഞില്ല .. അടുക്കളയില്‍ ഭക്ഷണം റെഡി .അത് പുറത്തെ ചായ് വിലേക്ക് ആനയിക്കപ്പെട്ടു . ഒടിഞ്ഞ മരബെഞ്ചുകള്‍ ശിഖ തുടച്ചു വെടിപ്പാക്കി. വാട്ടിയ വാഴയിലയില്‍ കരിഞ്ഞ മീനുകള്‍ നിസ്സഹായരായി. വേട്ടക്കാരന്‍റെ ആര്‍ത്തിയോടെ നാലും കരുണേട്ടന് ചുറ്റുമിരുന്നു .
മുതലാളിത്വം , പത്തു തലകളും ഇരുപതു കണ്ണുകളും ഇരുപത് കൈകളുമുള്ള രാവണന്‍ ആണ് . മാനായും മായപൊന്മാനായും അത് നമ്മുടെ അകത്തളങ്ങളിലേക്ക് എപ്പോഴും കടന്നു വരാം  .. കരുതിയിരുന്നില്ലെങ്കില്‍ ഇനിയൊരു ലങ്കാദഹനം സാധ്യമല്ല .. ഇത് പറയുമ്പോള്‍ കരുണേട്ടന്‍റെ തൊണ്ട ഒന്നുകൂടി ഇടറിയിരുന്നോ? ശിഖയുടെ ഉള്ളില്‍ ഒരു സംശയം മുളച്ചു .
അധികാരീന്‍റെ അധികഭൂമി സര്‍ക്കാര് പിടിച്ചെടുത്തു . കുഞ്ഞാമാനും കല്യാണിക്കും എറമുള്ളാനും അത് വീതം വെച്ച് കിട്ടുകയും ചെയ്തു . അത് ഉണ്ടാക്കിയ പുതിയ ഉണര്‍വ്വില്‍ പുതിയതരം നെല്‍വിത്തുകള്‍ വയലില്‍ പരീക്ഷിക്കപ്പെട്ടു . ഐ .ആര്‍ .എട്ടിന്‍റെ കനത്ത കതിര്‍കുലകള്‍ പാടത്തിന്‍റെ ഭംഗി കൂട്ടി  . ആലകളില്‍ വലിയ പശുക്കള്‍ പത്തും ഇരുപത്തിയഞ്ചും ലിറ്റര്‍ പാല്‍ ചുരത്തി . ആയാസരഹിതമായി എങ്ങിനെ പണം ഉണ്ടാക്കാമെന്ന് അടുക്കള ചുവരുകള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ആളുകള്‍ ചര്‍ച്ച ചെയ്തു. പലതും അകച്ചുമരുകള്‍ക്കുള്ളില്‍  ഒതുങ്ങിക്കൂടിയ പെണ്ണുങ്ങള്‍ അറിഞ്ഞതേ ഇല്ല . നാട്ടില്‍ പുരോഗമനത്തിന്‍റെ ജീഹ്വകള്‍ മുഴങ്ങി .. സഖാവ് പറയുന്നത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കുവാന്‍ ശിഖയ്ക്ക് കഴിയുന്നില്ല , എങ്കിലും അവളെല്ലാം കുറിച്ചെടുത്തു .
കോപ്പ കള്ള് കാലിയായി , വറചട്ടിയില്‍ പൊരിഞ്ഞ കരിമീനും കാലിയായി ... സിരകളിലൂടെ മത്തു തലയ്ക്കു പിടിച്ചു . വര്‍ഷ മരബെഞ്ചില്‍ താളം പിടിച്ചു , മുരളി പാട്ട് തുടങ്ങി . നിര്‍ത്തെടോ തന്‍റെയൊരു ശാസ്ത്രീയ സംഗീതം ,അപര്‍ണ്ണ കോപിച്ചു . കരുണേട്ടന്‍ അന്നുപാടിയ പൊട്ടന്‍ തെയ്യത്തിന്‍റെ ആ പാട്ടില്ലേ ? അത് പാട് . വര്‍ഷ തൊണ്ടയനക്കി തുടക്കമിട്ടു .
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക -
ദൈവത്തിനും വേണം .........
കൊയ്ത്തുത്സവം കഴിഞ്ഞു .. യഥാര്‍ഥത്തില്‍ അതൊരു ഉത്സവം തന്നെയായിരുന്നു . ഇന്നലെ വരെ തങ്ങള്‍ മൂര്‍ന്ന കറ്റകള്‍ക്ക് പതമളക്കേണ്ടത് കാത്തു നില്‍ക്കേണ്ട ഗതികേടിലായിരുന്നു അവര്‍ . ഇന്നതല്ല സ്ഥിതി. ജന്മിയും കുടിയാനും ഒരേ ആള്‍ ആകുന്നതിലുള്ള പ്രത്യേക തരം സന്തോഷത്തില്‍ ആയിരുന്നു പെരുമാള്‍പുരത്തിലെ ആണുങ്ങളും പെണ്ണുങ്ങളും . ചെങ്കൊടികള്‍ ആ മനസ്സിലൂടെ പാറി കളിച്ചു . കൂടുതല്‍ ചുവന്ന സൂര്യനായി ആ കണ്ണുകള്‍ ആകാശത്തേക്കു നട്ടു . കരുണന്‍ നേതാവായി , ജാനു നേതാവായി , കുഞ്ഞാമനും എറമുള്ളാനും നേതാവായി .. അങ്ങിനെ പെരുമാള്‍പുരത്തെ പാവങ്ങള്‍ ഒരേ സമയം നേതാവും അനുയായിയും ആയി . മനസ്സിലായില്ല അല്ലേ ? ശിഖയുടെ മുഖത്തെ അന്ധാളിപ്പ് കണ്ട് കരുണേട്ടന്‍ ചോദിച്ചു . പെരുമാള്‍ പുരത്തെ സാധാരണക്കാരുടെ ശരാശരി ജീവിതത്തോട് ഒപ്പം നിന്നവരായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ . അവര്‍ക്കായി പ്രത്യേക ഭക്ഷണ പാത്രങ്ങള്‍ അനുയായികള്‍ കരുതിയിരുന്നില്ല എന്നതാണ് സത്യം ...ശബ്ദം താഴ്ത്തി കരുണേട്ടനിലെ സഖാവ് മന്ത്രിച്ചു .
ചോന്ന വിതാനങ്ങള്‍ പെരുമാള്‍പുരം അങ്ങാടിയെ ത്രസിപ്പിച്ചു . ഏ .കെ. ജി വരുന്നു , മൈതനാത്ത് പ്രസംഗിക്കും . പെരുമാള്‍പുരത്തെ കുടിലുകളില്‍ ആളനക്കം ഇല്ലാതായി , എല്ലാവരും അങ്ങാടി മൈതാനത്ത് വന്ന് നേരത്തെ നിലയുറപ്പിച്ചു .ഏ .കെ. ജി യുടെ വാക്കുകള്‍ക്കായി അവരുടെ കാതുകളെ ഒരുക്കി നിര്‍ത്തി . അധികാരം ആര്‍ത്തിയുടെ കനിയാവരുത് , ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതായിരിക്കണം ജനായത്തം ..  പെരുമാള്‍ പുരത്തുകാര്‍ക്ക് മനസ്സിലായത്‌ അതൊക്കെയാണ്‌ . അവര്‍ കയ്യടിച്ചു , ഇങ്ക്വിലാബ് വിളിച്ചു . സന്തോഷത്തോടെ സ്വന്തം കുടിലുകളിലേക്ക് മടങ്ങിപ്പോയി .
കരുണേട്ടന്‍റെ വാക്കുകളിലൂടെ നടന്നപ്പോള്‍ ദേശീയ സ്വാതന്ത്യ സമരം പോലെ കമ്മ്യൂണിസവും പെരുമാള്‍ പുരത്തിന്‍റെ നാഡി സ്പങ്ങങ്ങള്‍ക്ക് ആക്കം കൂട്ടിയതായി ശിഖയ്ക്ക് മനസ്സിലായി .
പതിനൊന്ന്
സിമന്റു കട്ടകള്‍ കൊണ്ട് കെട്ടിമറച്ചതും ആസ്ബസ്റ്റൊസ് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കുര തീര്‍ത്തതുമായ പതിനാലോ പതിനഞ്ചോ വീടുകള്‍ ഒരു മണല്‍ത്തിട്ടക്ക് നടുവില്‍ തീപ്പെട്ടിക്കൂടുകള്‍ നിരത്തിയിട്ടത് പോലെ .. ഇത് പെരുമാള്‍പുരത്തിലെ അടിയാ കോളനി . പത്രത്തില്‍ നിന്നും ആള് വരുന്നുവെന്നറിഞ്ഞു കാലെക്കൂട്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കാരിച്ചി എന്ന അടിയാത്തി തള്ള . മുഖം നിറയെ പൌഡര്‍ പൂശി , ചാന്തു തൊട്ട് , മുടിയില്‍ ചുവന്ന റിബ്ബണ്‍ വലിച്ചു കെട്ടി അവര്‍ കാത്തോരുങ്ങി നില്‍ക്കുകയായിരുന്നു .
മുന്നിലെ മുറ്റത്ത് പാതിയുണങ്ങിയ കൈതോലകള്‍ നിരത്തിയിട്ടിരിക്കുന്നു .. നാളെ കിടപ്പായകള്‍ ആയി മറ്റൊരാള്‍ക്ക് കിടപ്പ് സുഖം നുകരേണ്ടുന്ന കൈതോലകളെ നോക്കി  ശിഖ അല്‍പ്പനേരം മിണ്ടാതിരുന്നു . കാരിച്ചിയുടെ ഞാന്നുതൂങ്ങുന്ന കാതിലെ ഓലത്തോട കണ്ടു അപര്‍ണ്ണ കമന്റെറിഞ്ഞു .. നവ ഓര്‍ണമെന്റ്സ്,ഈ ഇയര്‍ റിങ്ങിന്‍റെ പാറ്റ ന്റ്റ് നമുക്ക് കൈക്കലാക്കിയാലോ ശിഖേയ് .
വര്‍ഷ അല്‍പ്പം കെറുവിലാണ്, അവള്‍ എന്ത് പറഞ്ഞാലും ഏശുന്നില്ല എന്നൊരു പരാതി ആ മുഖത്തുണ്ട്. മുരളി കേമറ ശരിയാക്കി .. കാരിച്ചിയും മറ്റിരുപത്തി മൂന്നുപേരും .. വര്‍ഷക്ക് ചിരിവന്നു .. ഇത് പണ്ടത്തെ സെക്കണ്ടറി സ്കൂളിലെ ഫോട്ടോ പോല്യാവല്ലോ ദൈവമേ . ശിഖ കാരിച്ചിയെ പോസ്സു ചെയ്യിച്ചു , സന്തതിപരമ്പരകളെ ഓരോന്നിനെയും പോസ്സു ചെയ്യിച്ചു.കറുത്ത മുഖങ്ങളില്‍ തേച്ച പൌഡര്‍ വെളുത്ത പാണ്ടായി തിളങ്ങി .
കെട്ടുറപ്പില്ലാത്ത ഓല ചാളകളില്‍ പെണ്ണുങ്ങളുടെ മാനം കാത്ത കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് കാരിച്ചി പറഞ്ഞു .. സഖാവ് കരുണനെ കുറിച്ച് കൊതിയോടെ പറഞ്ഞു. ചിറിയിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാന്‍ ചണ്ടി കൈകള്‍ കൊണ്ട് തുടച്ച്‌ അവര്‍ തുടര്‍ന്നു .. അതൊരു കാലം . ആ മുഖത്ത് മിന്നിമറയുന്ന വെളുത്ത ചന്ദ്രനെ നോക്കി ശിഖ ഒരുപാടുനേരം ഇരുന്നു .
പന്ത്രണ്ട്
മാറ്റത്തിന്‍റെ മണിമുഴക്കങ്ങള്‍ പെരുമാള്‍പുരത്തെ അന്തരീക്ഷത്തിലും കലര്‍ന്നു . രണ്ട് സഹകരണ സ്ഥാപനങ്ങള്‍ .. പായ നെയ്ത്തിന്‍റെയും തുണി നെയ്ത്തിന്‍റെയും . പെരുമാള്‍പുരത്തിന്‍റെ സാധാരണക്കാര്‍ ചെറു സമ്പാദ്യങ്ങള്‍ കൊണ്ട് അവരുടെ സ്വപ്നം നിറവിലെത്തിച്ചു. കോന്തുണ്ണി കുറുപ്പിനെ നെയ്ത്ത് സഹകരണ സ്ഥാപനത്തിന്‍റെ പ്രസിഡണ്ടാക്കാന്‍ കരുണന്‍ ആവതും ശ്രമിച്ചു . കുറുപ്പ് പുറം തിരിഞ്ഞു നിന്നതേയുള്ളൂ .. ശാരീരിക അസ്വസ്ഥതകളാണ് പുറമേക്ക് കാരണം പറഞ്ഞതെങ്കിലും ആ മനസ്സില്‍ നിരാശയുടെ പുതിയ പുഴ രൂപപ്പെടുന്നതായി സഖാവ് കരുണന് തോന്നി . അയാളുടെ മൌനവും ആരോഹണാവരോഹണ ക്രമത്തിലുള്ള രുദ്രാക്ഷമണികളുടെ കണക്കെടുപ്പും പുഴയില്‍ ആഴത്തിലുള്ള ചുഴികള്‍ രൂപപ്പെടുന്നതായി കരുണനെ ചിന്തിപ്പിച്ചു . നിരാശകള്‍ ആണല്ലോ ചുഴികളെ ഉണ്ടാക്കുന്നതും പിന്നീടത്‌ ആന്തരിക സമ്മര്‍ദ്ധത്താല്‍ പൊട്ടിയൊലിക്കുന്നതിനും  ഇടയാക്കുന്നത് , കരുണന്‍റെ ചിന്തകള്‍ ആ വഴിക്ക് നീങ്ങി .
'അധികാരം ആര്‍ത്തിയുടെ കനിയാകരുത് ' മനസ്സില്‍ ആ വാക്കുകള്‍ പലവട്ടം ചുറ്റിത്തിരിഞ്ഞു . പണം രണ്ടാമത് ഉണ്ടായതാണ് , സ്നേഹമാണ് ആദ്യം പിറന്നത്‌ . പിന്നീടു വന്ന പണം സ്നേഹത്തെ ഞെരുക്കുന്നു എന്നുമാത്രം . വശീകരണത്തില്‍ അകപ്പെട്ടു പോകാതെ കരുണന്‍ എന്ന സത്വം നിലനില്‍ക്കണമേ എന്ന് ആഗ്രഹിച്ചു . ചുറ്റും പറന്നു നടക്കുന്ന കഴുകന്‍റെ മയപ്പെട്ട കണ്ണുകളെ സഖാവ് കരുണന്‍ ഭയപ്പെട്ടു ..
സഹകരണ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ നടന്നുപോയി .  ഊടുവഴികളിലൂടെ മാത്രം നടന്നു ശീലിച്ച പ്രമാണി ഗോപാലന്‍ കുറുക്കുവഴികളിലൂടെ സംഘം പ്രസിഡണ്ടായി . മറ്റേതൊരു വാണിക്കിനെയും പോലെ ലാഭക്കൊതി ഏകജാലകമായി വര്‍ത്തിച്ചു . വലിയ കുമ്പകളും കഴുത്തില്‍ കയര്‍വണ്ണമുള്ള സ്വര്‍ണ്ണ ചെയിനുകളുമായി പുതിയ വരേണ്യന്മാര്‍ പെരുമാള്‍പുരത്ത് അങ്ങാടിയിലൂടെ വിലസി .   കുമിഞ്ഞു കൂടിയ പണം ഒരു പ്രശ്നമായി, പിടിച്ചു നില്‍ക്കാനാകാതെ കരുണന്‍ കമ്മാളന്മാരുടെ തെരുവിലെക്കുള്ള വാതിലുകള്‍ പരതി.
പെരുമാള്‍പുരം അങ്ങാടിയിലൂടെ പുതിയ തരം കാറുകള്‍ തലങ്ങും വിലങ്ങും ഓടി . പാടിപ്പുഴയ്ക്ക് കുറുകെ പാലം വന്നു . തടയണകളില്‍ പെട്ട് പുഴയിലെ നീരൊഴുക്ക് മന്ദഗതിയിലായി . കരുണന്‍ കാരിച്ചിയുടെ ചെറ്റയില്‍ പൊറുപ്പ്‌ തുങ്ങി .കരുണന്‍ കാരിച്ചിയുടെതും , കാരിച്ചി കരുണന്‍റെതും മാത്രം ആയി . വട്ട്യന്‍ രാമന്‍റെ പഴയ കടത്തുവള്ളത്തില്‍ വീണ  തുളകള്‍ അടച്ചു , മരോട്ടിക്കായയുടെ എണ്ണയും കരി ഓയിലും  കശുവണ്ടി തോടിന്‍റെയും കറയും ചേര്‍ത്തുള്ള മിശ്രിതം തേച്ച്‌ കരുണന്‍ വള്ളത്തിനു മൊഞ്ച് വരുത്തി . ഒരു പ്രസ്ഥാനത്തിന്‍റെയും പിന്തുണയില്ലാതെ വള്ളം പാടിപ്പുഴയ്ക്ക് കുറുകെ തുഴഞ്ഞു . പുഴ അയാളെ അതിനു  പ്രോത്സാഹിപ്പിച്ചു .  കറുത്ത കര്‍ക്കിടകത്തില്‍ തോരാതെ പെയ്യുന്ന മഴയില്‍ കാരിച്ചി വയറൊഴിഞ്ഞു . കരുണനെ പോലെ കാരിച്ചിയെ പോലെ കറുത്ത നിറമുള്ള കുഞ്ഞ് പുറത്തേക്ക് വന്നു , ആണ്‍കുഞ്ഞായിരുന്നു അത് . വാ കീറിയത് തൊട്ടേ അവന്‍ കരച്ചിലായിരുന്നു .കരുണന്‍ അവനു അമാവാസി എന്ന് പേരിട്ടു . വെളുക്കെ ചിരിക്കുന്ന പ്രമാണി ഗോപാലനെ നോക്കി അമാവാസി തന്‍റെ കുഞ്ഞുമോണകള്‍ കാട്ടി ചിരിച്ചു . വലിയ  മത്സ്യങ്ങളെ കൊത്താനുള്ള ഇരകളെ കോര്‍ക്കാന്‍ കരുണന്‍റെ ചൂണ്ടയ്ക്കായില്ല , പുഴ അവനെ അത് പഠിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം . കരുണന്‍ നീട്ടിക്കൂവി .. ഊഹേയ്‌. പുഴ പ്രതിധ്വനിച്ചു ... ഊഹേയ്‌. കടത്തുവള്ളം പുതിയ യാത്രക്കാര്‍ക്കായി കാത്തിരുന്നു .
വെട്ടി മാറ്റപ്പെട്ട കാലുകളില്‍ നിന്നും ചോര വാര്‍ന്നോഴുകുന്നു .. കണ്ണുകള്‍ പിഴുതെടക്കപ്പെട്ടിരിക്കുന്നു .. ചോരം തളം കെട്ടിയ ദൈന്യതകള്‍ പേറി കാലുകള്‍ മുടന്തിക്കൊണ്ട് തെരുവ് നായ്ക്കള്‍ മോങ്ങി , ഒന്നല്ല അനേകം നായ്ക്കള്‍. കരുണന്‍റെ മനസ്സ് പിടഞ്ഞു. അതിലെ ദുസ്സൂചനകള്‍ അയാള്‍ ഗ്രഹിച്ചെടുത്തു . ഇത് ഒരു പാഠമാണ് ... പ്രമാണി ഗോപാലന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ അന്തരാര്‍ത്ഥം അതായിരുന്നു . ആ കണ്ണുകളിലെ ചോരയോടുള്ള ആര്‍ത്ഥി കരുണന്‍ മണത്തെടുത്തു. പ്രത്യേക പരിശീലനം സിദ്ധിച്ച ഗോപാലന്‍റെ ശിങ്കിടികള്‍ ആര്‍ത്തു വിളിച്ചു അങ്ങാടി കയ്യടക്കി . പാടിപ്പുഴ വല്ലാത്തൊരു അവസ്ഥയിലായിരുന്നു . ഒഴുക്ക് നിയന്ത്രിച്ചു പുഴ ഒന്നും ചെയ്യാനില്ലാതെ വിങ്ങി നിന്നു .
എല്ലാ തെരുവ് നായ്ക്കളുടെയും കാലുകള്‍ ഒരേതരത്തില്‍ വിച്ഛെദിക്കപ്പെട്ടിരിക്കുന്നു .. കരുണനിലെ മനുഷ്യന്‍ തന്‍റെ ആശങ്കകളെ ജിജ്ഞാസയിലേക്ക് തിരിച്ചു വിട്ടു . ഇത് കേവലാനുഭവം ആയിരിക്കില്ല , ആസൂത്രിതമായ എന്തെങ്കിലും സന്ദേശം ഇതില്‍ അടങ്ങിയിരിക്കണം . ലോകം ഉണ്ടായത് മുതലേ ഉണ്മൂലനവും തമസ്കരണവും ഉണ്ടായിരുന്നുവല്ലോ , സത്യങ്ങളെ പ്രീയതരവും അപ്രീയതരവും ആക്കുന്നത് മനുഷ്യ മനസ്സ് ആണ് . അപ്രീയകരമായതിനെ വെച്ചു പൊറുപ്പിക്കരുത് എന്നകാര്യത്തില്‍ ആദിമനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യര്‍ വരെ ഒരേ ആഗ്രഹക്കാരായിരുന്നു എന്നുവേണം കരുതാന്‍. യുക്തി ഭദ്രമായ അത്തരം ഒരു ചിന്തയില്‍ കരുണന്‍ തന്‍റെ ആശങ്കയെ ഒതുക്കി നിര്‍ത്തി .
അമാവാസി മറ്റെല്ലാ അടിയാക്കിടാങ്ങളെയും പോലെ മൂക്കിളയൊലിപ്പിച്ചും കുരുത്തക്കേടുകള്‍ കാട്ടിയും വളര്‍ന്നു . വലിയ വലിയ ചിന്തകള്‍ക്കൊന്നും തലച്ചോറില്‍ ഇടം കടുക്കാതെ കശുമാങ്ങ പെറുക്കി വള്ളി നിക്കറിന്‍റെ പോക്കറ്റില്‍ തിരുകി അവന്‍ കരുണന് നേരെ നോക്കി ചിരിച്ചു . കരുണനിലെ അച്ഛനും സഖാവും ആ ചിരിയുടെ പൊരുളറിയാതെ പകച്ചു .

പതിമ്മൂന്ന്

പൊടികളുതിര്‍ത്തു കൊണ്ട് പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശി . തെങ്ങോലകള്‍ കാറ്റിലുലഞ്ഞു . ഒടിഞ്ഞുവീണ നെന്ത്രവാഴക്കൂട്ടം . പെരുമാള്‍പുരത്തിന്‍റെ മനസ്സില്‍ പകയും ഭയവും വളര്‍ന്നു .. പാടിപ്പുഴയില്‍ മീനുകള്‍ ചത്തു പൊന്തി , പുഴ ദുര്‍ഗ്ഗന്ധം പേറി . കരുണന്‍റെ വള്ളത്തിനു ആരോ തീയിട്ടു . പുകച്ചുരുളുകള്‍ നാടിന്‍റെ ആകാശത്തില്‍ പടര്‍ന്നു .. പോര്‍വിളികളെ ഭയന്ന് പലരും മാളങ്ങളില്‍ ഒളിച്ചു . അങ്ങാടി വിജനമായി . പുറത്തു നിന്നും വന്ന വരത്തന്മാര്‍ പെരുമാള്‍പുരം കയ്യടക്കി . അത് അവിടുത്തെ ഉദയാസ്തമയങ്ങളില്‍ പോലും മാറ്റമുണ്ടാക്കി . എല്ലാം കേട്ടപ്പോള്‍ അവിടുത്തെ ആള്‍ക്കാരെ പോലെ ശിഖയും വേദനിച്ചു .
അവള്‍ നേരെ പാടിപ്പുഴയുടെ തീരത്തേക്ക് നടന്നു . ആകുലതകള്‍ മനസ്സിനെ അലട്ടുമ്പോള്‍ രക്ഷപ്പെടുവാന്‍ അവള്‍ കണ്ടെത്തിയ വഴി പുഴയുമായി കിന്നരിക്കുക എന്നതാണ് . പാലത്തിന്‍റെ കൈവരികളില്‍ ഇരുന്നു ശിഖ പുഴയെ നോക്കി മന്ത്രിച്ചു .. പുഴ പ്രണയമാണ് , ജീവിതമാണ് . ഒഴുകുന്ന വെള്ളത്തില്‍ സൂര്യ രശ്മികള്‍ തട്ടി വെളുത്ത മിന്നലുകളെ ഉണ്ടാക്കി പുഴ  അതു ശരിവെച്ചു . തടയണകള്‍ പ്രതിസന്ധികളായി വരാം , തരണം ചെയ്യണം പുഴ ശിഖയോടു പ്രതിവചിച്ചത് അതായിരിക്കണം . പെരുമാള്‍ പുരത്തിന്‍റെ ആകുലതകളില്‍ നിന്നും വിട്ടുമാറി അവളുടെ മനസ്സ് തെളിനീരു ഒഴുകുന്ന പാടിപ്പുഴ പോലെ ശാന്തമായി . വെള്ളിവെളിച്ചം പോലെ പരല്‍മീനുകള്‍ നീന്തിക്കളിച്ചു . അച്ഛനും അമ്മയും ഒരു പക്ഷെ മകളെ ഡോക്ടറാക്കണമെന്ന് ചിന്തിച്ചു കാണണം , നിര്‍ബന്ധിച്ചില്ലന്നെ ഉണ്ടാവൂ . തന്‍റെ വഴി അതല്ലെന്ന് തിരിച്ചറിഞ്ഞ താന്‍ ജെര്‍ണലിസം തിരഞ്ഞെടുത്തു . കുഞ്ഞുന്നാളിലേ ഉള്ള കുത്തിക്കുറിക്കലുക ളായിരിക്കാം ഒരുപക്ഷെ അതിനു നിദാനമായത്. . പുരുഷ കേസരികള്‍ വാഴുന്നിടെത്തു പിടിച്ചു നില്‍ക്കാന്‍ ആദ്യമൊക്കെ പാടുപെട്ടിരുന്നു എന്നത് നേര് . ശരീരം ഒരു വിനയായി തീര്‍ന്ന ഒട്ടനവധി സംഭവങ്ങള്‍ ആ മനസ്സിലൂടെ മിന്നിമറഞ്ഞു . അതെ പുഴ പറഞ്ഞതാണ് ശരി .. തടയണകളെ തട്ടി മാറ്റണം , എങ്കിലേ ജീവിതത്തിനു ഒഴുക്കുണ്ടാവൂ . തെളിനീരോഴുന്ന പുഴയെ സാക്ഷി നിര്‍ത്തി അവള്‍ ചില തീരുമാനങ്ങളിലേക്ക് നടന്നു നീങ്ങി . ദുര്‍ഗ്ഗന്ധം വമിക്കുന്ന ചാലുകള്‍ക്കരികിലൂടെ നടക്കുമ്പോള്‍ ദേഹത്ത് അഴുക്കു പുരളാതിരിക്കാന്‍ താന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു . എങ്കിലും തികച്ചും വെടിപ്പാര്‍ന്നതാണോ തന്‍റെ ശരീരവും ചിന്തകളും , ഒരു സന്ദേഹം മനസ്സിനെ ഉലച്ചു . ഒരു മനുഷ്യന് , നാട്ടിന് വീഴ്ചകള്‍ സംഭവിക്കുന്നത്‌ എപ്പോഴാണ് അവള്‍ തന്‍റെ ആലോചനകളെ ആ വഴിക്ക് വിട്ടു . അധികാരത്തോടുള്ള അധമ്യമായ ആര്‍ത്തി അവനെ കൊണ്ടെത്തിക്കുന്ന പടുകുഴിയെ എന്തേ ഒരാള്‍ക്ക്‌ മുമ്പേ കണ്ടെത്താനാകുന്നില്ല .. പ്രമാണി ഗോപാലന്‍റെ  വസ്ത്രങ്ങളിലെ മാറ്റം വരുന്നുള്ളൂ , അധികാരം എന്നും അവന്‍റെ നീണ്ട ജുബ്ബയുടെ പോക്കറ്റില്‍ തന്നെ കിടക്കുകയും ചെയ്യും .  അടിയാളനും കാര്യസ്ഥനും മാത്രമേ മാറുന്നുള്ളൂ .. അതല്ലേ ശരി എന്നചോദ്യം ശിഖയുടെ മനസ്സ് അവളോട്‌ ചോദിച്ചു .
അമാവാസിയുടെ പകലുകളും രാവുകളും ഇരുളടഞ്ഞതായിരുന്നു . ആഴ്ച ചന്തയിലെന്നോണം സ്കൂളില്‍ അവന്‍ കയറി ഇറങ്ങിയ ദിവസങ്ങളില്‍ അദ്ധ്യാപകന് തലവേദന കൂടി വന്നു . ശാസിക്കുന്നതിനും ഒരു പരിധിയില്ലേ , സഖാവ് കരുണന്‍ അയാളുടെ മനസ്സിലെ വിഗ്രഹമായിരുന്നു . അയാളുടെ സന്തതി ഇങ്ങിനെ .. കാലം പോയ പോക്കെന്നല്ലാതെ മറ്റെന്തു പറയും , അദ്ധ്യാപകന്‍ കൈമലര്‍ത്തി നിസ്സഹായത കാട്ടി . നിഷേധത്തിന്‍റെ പൂക്കളെ മാത്രം വിരിയിക്കുന്ന ഈ വിളനിലത്തെ എങ്ങിനെ പരുവപ്പെടുത്തണമെന്നറിയാതെ അയാള്‍ നിന്നു പരുങ്ങി .
പൂവന്‍ കോഴികള്‍ കൂകിയതെയുള്ളൂ , കിഴക്ക് വെള്ള കീറുന്ന നേരത്ത് ഒരു കട്ടന്‍ കാപ്പി വേണാരുന്നു .. കരുണന്‍ പറഞ്ഞത് കാരിച്ചി ഓര്‍ത്തെടുത്തൂ .. മുറ്റത്ത് പൂത്തു നില്‍ക്കുന്ന വാകയുടെ ചുവന്ന പൂക്കള്‍ അവ്യക്തമായ ചില ചിത്രങ്ങള്‍ കോറിയിട്ടതും അവള്‍ ഓര്‍ത്തു . കഴിഞ്ഞ കുറെ ദിവസങ്ങളായി അമാവാസിയുടെ അച്ഛന്‍ മൌനത്തിലായിരുന്നു .. ഓറ് ഒന്നും മുണ്ടൂല , എന്ത് ചോയിച്ചാലും കേക്കോട്ടു നോക്കി ഒറ്റ ഇരുപ്പാ .. കാപ്പി  കുടിച്ചു കരുണന്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഒറ്റ പോക്കായിരുന്നു .. കിഴക്കോട്ടെക്ക്. പിന്നീട് കരുണനെ ആരും കണ്ടില്ല .
കാരിച്ചിയോടൊപ്പം കരുണന്‍റെ തീരോധനത്തിന്‍റെ വേദന പെരുമാള്‍പുരവും പങ്കിട്ടെടുത്തു .. ഒരു സൂര്യന്‍ കൂടി അസ്തമിച്ചു എന്ന് ചിരുതേയി പറഞ്ഞു . പ്രമാണി ഗോപാലന്‍ കരുണന്‍റെ കുടിയിലെത്തി , പ്ലാസ്റ്റിക്ക് കൂടില്‍ പൊതിഞ്ഞ പണം നല്‍കി . കാരിച്ചിയുടെ കണ്ണില്‍ നിന്നു തോര്‍ന്ന കണ്ണീരിലെ ഉപ്പു കുറുക്കി തിരികെ പ്ലാസ്റ്റിക് ശേഖരിച്ചു .. പെരുമാള്‍പുരത്തെ അതിന്‍റെ വിപണന സാധ്യത അയാള്‍ക്കറിയാമായിരുന്നു . കരുണന്‍റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടി . വന്ന കാറിലേക്ക് തിരിച്ചു കയറി .
പ്രമാണി കൊടുത്ത പണം അമാവാസി കൈക്കലാക്കി അവന്‍റെ നിക്കറിന്‍റെ പോക്കറ്റിലിട്ടു . കയ്യില്‍ തിരുകിവെച്ച ചുവന്ന പൂക്കളെ മാറോടു ചേര്‍ത്തുവെച്ച് കാരിച്ചി വിങ്ങിപ്പൊട്ടി . അവള്‍ ആകാശത്തേക്ക് നോക്കി .. ഭൂമിയിലേക്ക്‌ നോക്കി , പാടിപ്പുഴ ലക് ഷ്യമാക്കി  നടന്നു . പുഴ തന്‍റെ വേദനകള്‍ക്കൊപ്പം കാരിച്ചിയുടെ വേദനെയേയും ഏറ്റുവാങ്ങി .
പതിനാല്
സെന്‍സസ്സിനു വന്ന ഉദ്ധ്യോഗസ്ഥരോടും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ വന്ന അദ്ധ്യാപകനോടും ശങ്കരന്‍ നായര്‍ ചിരിച്ചുകൊണ്ട് നല്‍കിയ ഉത്തരം ഒന്നായിരുന്നു . പാര്‍വ്വതിയില്‍ തനിക്കുണ്ടായ നാല് മക്കളെ കുറിച്ച് .. ശിവരാമന്‍, ശിവശങ്കരന്‍, ശിവദാസന്‍, ശിവഗംഗ , നാല് ഋതുക്കള്‍ പോലെ ശിവശൈലത്തിന്‍റെ താപ - ശീത മാപിനിയാകുകയും വസന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുപോന്നവര്‍ . ചെന കൂടുന്ന കോഴികളെ നോക്കി പാര്‍വ്വതി ചിരിച്ചു .. വന്ന മാഷിനു കാര്യം പിടി കിട്ടിയില്ലെങ്കിലും ശങ്കരന്‍ നായര്‍ കണ്ണുരുട്ടി പാര്‍വ്വതിയുടെ ചിരിയെ ഒതുക്കി .
സെന്‍സസ്സും റേഷന്‍ കാര്‍ഡും ഔദ്യോഗിക രേഖകള്‍ ആയതിനാല്‍ നമുക്കത് തന്നെ വിശ്വസിക്കാം ശിഖ പറഞ്ഞു .  അപര്‍ണ്ണയുടെ സംശയം 'ബാക്കി വര്‍ഷങ്ങളില്‍ അയാള്‍ എന്തു ചെയ്യുകയായിരുന്നു എന്നതാണ് '. .ചിരുതേയിയുടെ വിശേഷണങ്ങള്‍ മുഖവിലക്ക് എടുക്കുകയാണെങ്കില്‍ ശങ്കരന്‍ നായരുടെ പ്രയാണം നാലില്‍ ഒതുങ്ങേണ്ടതല്ല .    വര്‍ഷ മറുപടി കൊടുത്തു.. ബാക്കിയെല്ലാം' ഓഫ് ദ റിക്കാര്‍ഡ്സ് ' ആണ് മോളേ !   
വര്‍ഷാവര്‍ഷങ്ങളില്‍ ഈറ്റെടുത്തിരുന്ന നാണിത്തള്ള അഞ്ചാമത്തെ കൊല്ലവും പാര്‍വ്വതിയോട് ചോദിച്ചു .. ഇക്കൊല്ലം എനിക്കൊന്നും ഇല്ലേ മോളേ . പാര്‍വ്വതി കൈമലര്‍ത്തി . അതുകേട്ടു നിന്ന ശങ്കരന്‍ നായര്‍ ഉച്ചത്തില്‍ ചിരിച്ചൂ .. നാണിത്തള്ള പട്ടിണിയാവ്വോന്നും ഇല്ല , ഇക്കൊല്ലം തന്നെ ഒരഞ്ചാറ് പേറെടുക്കാനുള്ള പണി ഞാനുണ്ടാക്കീട്ടുണ്ട് . മുറ്റത്ത്‌ ചെനകൂടുന്ന കോഴികളെ ആട്ടിപ്പായിച്ച്  പാര്‍വ്വതി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണു തുടച്ച് അടുക്കളയിലേക്കു പോയി .
സുബ്രമണ്യവിലാസം ഹോട്ടലിന്‍റെ കോലായിലിരുന്നു ശിവശങ്കരന്‍ കല്‍ക്കത്തയെ കുറിച്ചു പറഞ്ഞു. ബോംബെയില്‍ ജോലി ചെയ്യുന്ന അകന്ന ബന്ധു രാധാകൃഷ്ണനെ കുറിച്ചു പറഞ്ഞു. നഗരത്തിന്‍റെ മായാക്കാഴ്ചകള്‍ കയ്യും കാലുമിട്ടിളക്കി അവന്‍ ആംഗ്യങ്ങളിലൂടെ , വാക്കുകളിലൂടെ തന്‍റെ ചുറ്റും കൂടിനിക്കുന്ന പെരുമാള്‍പുരത്തെ ചെറുപ്പക്കാര്‍ക്ക് വരച്ചുകൊടുത്തു . കാച്ചിയ എള്ളെണ്ണയുടെ മണമുള്ള അവരുടെ തലകളില്‍ തീപ്പൊരി വീണു . നമുക്ക് ടൈപ്പ് പഠിക്കണം , ചുരുക്കെഴുത്ത് പഠിക്കണം  ഇത് രണ്ടും പഠിച്ചവരെ ബോംബെയിലേക്ക് കൊണ്ടുപോകാമെന്ന് രാധാകൃഷ്ണേട്ടന്‍ വാക്ക് തന്നിട്ടുണ്ട് . അത് പറയുമ്പോള്‍ ശിവശങ്കരന്‍റെ മുഖത്ത് സന്ധ്യാദീപം തെളിഞ്ഞ , ചുറ്റുവിളക്കുകള്‍ തെളിഞ്ഞ  സുബ്രമണ്യന്‍റെ അമ്പലത്തിന്‍റെ പ്രഭയായിരുന്നു .
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള പാലായനം അവിടെയും തുടങ്ങി എന്നര്‍ത്ഥം .. അപര്‍ണ്ണ ചൊറിഞ്ഞു. നമുക്ക് നഗരങ്ങളില്‍ രാപ്പാര്‍ക്കാം .. വര്‍ഷ വിളിച്ചുകൂവി . ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നെറ്റപോലെ മുരളി ആര്‍ത്തു ചിരിച്ചു .
പഴയ നാല് റെമിംഗ്ട്ടന്‍ ടൈപ്പ് മെഷീനുകള്‍ സുബ്രമണ്യവിലാസം ഹോട്ടലിന്‍റെ കിഴക്കേ കോലായില്‍ നിരന്നു.. വാര്‍ത്ത കൊത്തി പെരുമാള്‍പുരത്തെ പെണ്ണുങ്ങള്‍ അങ്ങാടി വഴി നാടിനെ ലക് ഷ്യമാക്കി പറന്നു. ശിവശങ്കരന്‍ പുതിയ ദൈവമായി .. ജനനായകനായി. വിപ്ലവം വരുന്ന വഴികളെകുറിച്ച് ആല്‍മരം കാറ്റിനോട് ചോദിച്ചറിഞ്ഞു .
മാറ്റത്തിന്‍റെ ഉള്‍വഴികളെ കുറിച്ച് പ്രമാണി ഗോപാലന്‍ വാചലാനായി . നഗരം നമുക്ക് ലഭിക്കാവുന്ന സ്വര്‍ഗ്ഗമാണെന്നു അയാള്‍ ഉദ്ഘോഷിച്ചു . കൂടെ വന്ന തുണിമില്ലുടമകളായ പാണ്ടികള്‍ തങ്ങളുടെ പത്തുവിരലുകളില്‍ തൂങ്ങുന്ന ഇരുപതു സ്വര്‍ണ്ണമോതിരങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചിരിച്ചു .. (അതിലൊരാളുടെ വായില്‍ കിടന്ന സ്വര്‍ണ്ണപല്ല് അബദ്ധത്തില്‍ താഴെ വീണത്‌ മറന്നേക്കുക) , അങ്ങാടിയില്‍ കൂടിയ ചെറുപ്പക്കാര്‍ കയ്യടിച്ചു , ചെറുപ്പക്കാരികള്‍ കയ്യടിച്ചു .. അതുകണ്ട് ജാനുവും ചിരുതേയിയും കയ്യടിച്ചു . ചിരുതേയിയുടെ മനസ്സിലപ്പോള്‍ കോന്തുണ്ണി കുറുപ്പും കുഞ്ഞമ്പുവും കരുണനും ആയിരുന്നു .. പെരുമാള്‍പുരത്ത് മാറ്റങ്ങള്‍ക്കു തുടക്കമിട്ടത് അവരായിരുന്നുവല്ലോ.
പാടിപ്പുഴ ആകുലയായി കാണപ്പെട്ടു . മാറ്റങ്ങള്‍ കൂടെ കൊണ്ടുവരുന്ന ദുരിതങ്ങളെ ഓര്‍ത്ത്‌ അവള്‍ മൌനത്തിലായി . വളര്‍ന്നു പന്തലിച്ച കണ്ടല്‍ക്കാടുകള്‍ അവരുടെ പ്രതിഷേധം ഇലകളെ നിശ്ചലമാക്കി തുടര്‍ന്നു . പരല്‍മീനുകള്‍ ആഴങ്ങളിലേക്ക് ഊളിയിട്ടു അവരുടെ വിമ്മിഷ്ടം രേഖപ്പെടുത്തി .. പ്രമാണി ഗോപാലന്‍ നഗരങ്ങളെ കുറിച്ച് ഗഹനമായി സംസാരിച്ചു സംതൃപ്തിയടഞ്ഞു . ശങ്കരന്‍നായര്‍ മോന്‍ കൊണ്ടുവന്ന പുതിയ കുപ്പായമിട്ട് അങ്ങാടിയിലൂടെ വിലസി. ആ കൈക്കരുത്തില്‍ അമര്‍ന്നുപോയ പഴയ മാറുകള്‍ അതിന്‍റെ ഉശിരിനെക്കുറിച്ച് രോമാഞ്ചമണിഞ്ഞു . ചിരുതേയിക്ക്‌ ഒന്നും മനസ്സിലായില്ല , പാടിപ്പുഴയുടെ മൌനം അവളുടെ മുഖത്തു മ്ലാനത പരത്തി .
ശിവശൈലത്തിലെ ചിതലരിച്ച പഴയ കഴുക്കോലുകള്‍ മാറ്റി . പൊട്ടിയ ഓടുകള്‍ മാറ്റി പുതിയ  മേച്ചില്‍ ഓടുകള്‍ വെച്ചു . ചുമരുകളില്‍ ചുണ്ണാമ്പു തേച്ചു വെളുപ്പിച്ചു . പുറംകോലായിലെ ചാരുകസേരയിലിരുന്നു ശങ്കരന്‍നായര്‍ പണിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു . പ്രമാണി ഗോപാലന്‍ ഇടിക്കിടെ വന്നു കുശലങ്ങള്‍ അന്വേഷിച്ചു .. ഒരു പുതിയ സൗഹൃദം രൂപപ്പെട്ടു .
ചര്‍ക്കയും നൂല്‍നൂല്‍പ്പും പോലെ തന്നെയാണ് ടൈപ്പ്‌ റൈറ്റിങ്ങും ചുരുക്കെഴുത്തും ഒരു ഗ്രാമത്തിന്‍റെ ആലസ്യങ്ങളെ അകറ്റാന്‍ ഉപകരിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നു അപര്‍ണ്ണ തന്‍റെ അഭിപ്രായം തുറന്നടിച്ചു . ഒരു നേട്ടം ഉണ്ടാകുമ്പോള്‍ ചില നഷ്ടങ്ങളെയും നാം വകവെച്ചു കൊടുക്കേണ്ടതായി വരും .. ശിഖയുടെ മൌനത്തെ ഖണ്ഡിച്ചു കൊണ്ട് വര്‍ഷ പറഞ്ഞു . ശിഖയുടെ മനസ്സിലാകട്ടെ പാടിപ്പുഴയാണ് ഏറ്റവും വലിയ ശരി . അന്തരീക്ഷത്തിനു അയവ് വരുത്താന്‍ മുരളി ശുദ്ധ സാവേരിയില്‍ ഒരു പാട്ട് മൂളി , നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ ...
പതിനഞ്ച്
ശിവഗംഗയുടെ മകള്‍ ശിവകാമി, ശിവശൈലത്തിന്‍റെ വേരറ്റു പോകാതിരിക്കാന്‍ കരുതിയിരിക്കേണ്ടവള്‍..ശങ്കരന്‍ നായരുടെ വാത്സല്യം ഏറെ അനുഭവിക്കുന്നവള്‍. തോളിലും തലയിലുമായി കൊണ്ടു നടക്കപ്പെടുന്നവള്‍ . പൂത്ത കണിക്കൊന്നപോലെ വെള്ളി കൊലുസ്സിന്‍ മണികളുതിര്‍ത്ത് സ്വര്‍ണ്ണാഭരണ ഭൂഷിതയായി കടുത്ത വര്‍ണ്ണത്തിലുള്ള പട്ടുകുപ്പായവുമിട്ടു അവള്‍ അങ്ങാടിയിലൂടെ നടന്നു , പെരുമാള്‍പുരത്തിന്‍റെ വസന്തവും ഹേമന്തവുമായി. കാര്യമായി തൊഴിലൊന്നുമില്ലാത്ത ചെറുപ്പക്കാര്‍ അന്നന്നത്തെ സ്വപ്നങ്ങളില്‍ വസന്തത്തിന്‍റെ വരവൊരുക്കാന്‍ അവളുടെ വരവിനായി മുക്കിലുംമൂലയിലും പതുങ്ങി നിന്നു, അവളുടെ ഒരു ചിരിക്കായി , ഒരു കടാക്ഷത്തിനായി ..
ശിവകാമിയുടെ വിരല്‍ത്തുമ്പിലമരുന്ന ടൈപ്പിംഗ് കീ ബോര്‍ഡിലെ കറുത്ത അക്ഷരങ്ങള്‍ ഉണ്ടാക്കുന്ന സംഗീതത്തിനായി സുബ്രമണ്യവിലാസം ഹോട്ടലില്‍ ചായ കുടിക്കനെന്നോണം എത്തുന്ന വൃദ്ധന്മാര്‍ വരെ കാത്തിരിക്കുകയായി . ഒരു വടവൃക്ഷം പോലെ പെരുമാള്‍പുരത്തെ ആണുങ്ങളുടെ മനസ്സില്‍ ശിവകാമി വളര്‍ന്നു പന്തലിച്ചു . ടൈപ്പ്‌ പഠിക്കാന്‍ ആളുകളുടെ എണ്ണം നിത്യേന കൂടി ..പുതിയ നാല് ടൈപ്പിംഗ് മെഷീനുകള്‍ കൂടി വന്നു. അങ്ങിനെ പെരുമാള്‍പുരം ശികാമി എന്ന പെണ്‍കുട്ടിയിലേക്കുള്ള ചുരുക്കെഴുത്തായി തീര്‍ന്നു . അങ്ങാടിയിലെ തെരുവ് വിളക്കുകള്‍ പകലും പ്രകാശിച്ചു കൊണ്ടിരുന്നു .
കരിമിഴിയിട്ട കടക്കകണ്ണുകളാല്‍ അവള്‍ അവരെ പ്രലോഭിപ്പിച്ചു . ചെറുപ്പക്കാരുടെ രാത്രികളില്‍ പൂനിലാവ്‌ പരക്കുകയും പൂര്‍ണ്ണചന്ദ്രന്‍ തിളങ്ങുകയും ചെയ്തു . ചോറില്‍ തലനാരിഴകള്‍ തേടി , കറിയില്‍ ഉപ്പില്ലെന്നു പറഞ്ഞു മധ്യവയസ്കന്മാര്‍ അവരുടെ ഭാര്യമാരോട് കലഹിച്ചു , ഉറക്കപ്പായില്‍ പുറം തിരിഞ്ഞു കിടന്നു .
രാധാകൃഷ്ണന്‍ പറഞ്ഞവാക്ക് പാലിച്ചു . അത്യാവശ്യം ടൈപ്പ്‌ പഠിച്ച മൂന്നു നാലുപേരെ ബോംബെയ്ക്ക് കൊണ്ടുപോയി . പോസ്റ്റുമാന്‍ കൊണ്ടുവരുന്ന കത്തുകളില്‍ അവര്‍ അവിടെ നല്ല നിലയിലാണെന്നുള്ളതിന്‍റെ സൂചനകള്‍ കാണുന്നുണ്ട് . അക്ഷരങ്ങള്‍ രേഖകളായി , എന്തിനെയും ഏതിനെയും ചുരുക്കിയെഴുതുവാനുള്ള അവസ്ഥയിലേക്ക് പെരുമാള്‍പുരം നടന്നടുക്കുകയാണ് .
ജനങ്ങളെ വരുതിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങളെ കുറിച്ച് പ്രമാണിയും ശങ്കരന്‍ നായരും തല പുകച്ചു . നാട്ടിലൊഴുകുന്ന പണത്തിനെ സ്വന്തം കീശയിലെത്തിക്കുന്നതിനുള്ള ഉപായങ്ങളെ കുറിച്ച് സമാനരായ മറ്റുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചു . അങ്ങിനെ കള്ളിന്‍റെ വെളിവില്‍ തലയിലുദിച്ചതായിരുന്നു ഐഡിയല്‍ ബാര്‍ .. നാട്ടുകാര്‍ അത് ആഘോഷപൂര്‍വ്വം സ്വീകരിച്ചു . തലയ്ക്കു വെളിവില്ലാതെ വരുന്നതുവരെ അവര്‍ കുടിച്ച്‌ പ്രമാണിയെയും ശങ്കരന്‍ നായരുടെയും പ്രോത്സാഹിപ്പിച്ചു . പാര്‍വ്വതിയും ശിവഗംഗയും പുതിയ സ്വര്‍ണ്ണ അരഞ്ഞാണുകള്‍ പണിയിച്ചു , അവരുടെ വീതിയേറിയ അരക്കെട്ടുകളില്‍ അത് അധികഭാരമായി തൂങ്ങി . ലാസ്യത്തിന്‍റെ, ശ്രുംഗാരത്തിന്‍റെ ഭാവ രസങ്ങള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു .
പാടിപ്പുഴ ചെറിയ ഉന്മാദത്തില്‍ വക്കില്‍ ആണെന്ന് തോന്നുന്നു . ശിവകാമിയാണോ ഐഡിയല്‍ ബാര്‍ ആണോ അവളെ പ്രകോപ്പിച്ചതെന്നറിഞ്ഞുകൂടാ .. കരകളിലേക്ക് വെള്ളം തെറിപ്പിച്ചും ചിലപ്പോള്‍ ശാന്തയായി ഒഴുക്കിനെ ഇല്ലായ്മ ചെയ്തും നിസ്സംഗതയുടെയും വെറുപ്പിന്‍റെയും രസങ്ങള്‍ ഒരേ സമയം പ്രകടിപ്പിച്ചു . പെരുമാള്‍പുരത്തെ നെഞ്ചിലേറ്റി നടക്കുന്ന അവള്‍ക്കു അവിടെ വിളയാടുന്ന സ്പന്ദനങ്ങളെ തൊട്ടറിയാനുള്ള കഴിവ് ശ്ലാഘനീയം ആണ്. വളരെ  പോസ്സസ്സീവ്  ആണ് അല്ലേ നിന്‍റെ പാടിപ്പുഴ , അപര്‍ണ്ണ ശിഖയോടു ചോദിച്ചു , ശിഖ തലയാട്ടി .
എടാ , നിന്‍റെ പുഴയ്ക്ക് വട്ടുപിടിച്ച പ്രണയമാണ് ആ ഗ്രാമത്തോട്, നിനക്കും  .. വര്‍ഷയുടെ കുത്തുവാക്കുകള്‍ ശിഖ നിഷേധിച്ചില്ല , അവള്‍ തലയാട്ടി . അതേയ് , പുഴ റൊമാന്റിക് ആണ് , അത് നിന്‍റെതു പോലെ ചാറ്റലില്‍ തുടങ്ങി ചാറ്റലില്‍ അവസാനിക്കുന്ന വഴുവഴുക്കന്‍ സൈബര്‍ പ്രേമമല്ല . നിനവുകളില്‍ കനവുകളില്‍ സദാ പെരുമാള്‍പുരത്തെ പേറി നടക്കുന്ന ദിവ്യാനുരാഗമാണ് . സുഖ - വിഷമവൃത്തങ്ങളില്‍ ഒപ്പം നില്‍ക്കുന്ന മനസ്സിന്‍റെ ആന്ദോളനമാണ്. അരുതാത്തതെന്തെങ്കിലും നടക്കുമ്പോള്‍ പുഴ കരയുകയാണ് . ഇത്രയും പൊസ്സസ്സീവ് ആയ മറ്റൊരു പ്രണയത്തെ കാണിച്ചു തരുവാന്‍ തനിക്കാവുമോ ? ക്ഷോഭം വാക്കുകളായി  ശിഖയുടെ നാക്കില്‍ നിന്നും പുറത്തേക്ക് തെറിച്ചു .
ശിവകാമിയുടെ ആകാശത്ത്‌ ഒരുപാട് നക്ഷത്രങ്ങള്‍ ഒന്നിച്ചുദിച്ചു . അതില്‍ ചോതി നക്ഷത്ര മേതെന്നറിയാന്‍ അവളുടെ മനസ്സ് താംബൂലമെറിഞ്ഞു ..കറങ്ങിത്തിരിഞ്ഞ താംബൂലം മലര്‍ന്നു  വീണത്‌ കോന്തുണ്ണി കുറുപ്പിന്‍റെ അനന്തിരവന്‍ കുമാരന്‍റെ കളത്തിലാണ് . ശങ്കരന്‍ നായരെന്ന പഴയ അധികാരിയുടെ കാര്യസ്ഥന്‍ , പ്രമാണി ഗോപാലന്‍റെ പുതിയ കൂട്ടു കച്ചവടക്കാരന്‍ സടകുടഞ്ഞു . ശിവഗംഗയെ ,അവളുടെ കെട്ട്യോനെ വിളിച്ചുവരുത്തി വിസ്താര മൊഴിയെടുത്തു. കാഞ്ഞ കൈല് കാണിക്കാതെ മുറിക്കകത്ത് പൂട്ടിയിടുക ..പ്രമാണി എഴുതി കൊടുത്ത വിധി ശങ്കരന്‍ നായര്‍ വായിച്ചു . ഒത്താശ ചെയ്യുന്ന പാര്‍വ്വതിയെയും അടച്ചു പൂട്ടുക കണ്ണുരുട്ടലില്‍ അതും കൂടി വായിച്ചെടുക്കെണ്ടതാണ്. ഗോപാലന്‍റെ വിടുപണിക്കാര്‍ കുമാരന്‍റെ വരവുപോക്കിനെ നിയന്ത്രിച്ചു . വാല്‍നക്ഷത്രങ്ങള്‍ പലതും ശങ്കരന്‍ നായരുടെ അകക്കൊലായിലേക്ക് എത്തി നോക്കി. കരഞ്ഞു വീര്‍ത്ത കണ്ണുകളില്‍ ചോതിയായി കുമാരന്‍ വന്നു , അങ്ങിനെ ശിവകാമിയുടെ ദിനങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു . പടിഞ്ഞാറേ ജനല്‍ വഴി വന്ന കാറ്റ് അവളുടെ കാതില്‍ പാടിപ്പുഴയുടെ സന്ദേശം കൈമാറി ..' വഴിയുണ്ടാക്കാം . ശിവകാമി കണ്ണ് തുടച്ചു , അവള്‍ക്കു പുഴയെ വിശ്വാസമാണ് .
പതിനാറ്
അവര്‍ നാലു പേര്‍ മുഷ്ടികള്‍ ചുരുട്ടി ആകാശത്തേക്ക് എറിഞ്ഞു . കൈത്തറി ഷര്‍ട്ടും കാവിമുണ്ടും ആയിരുന്നു അവരുടെ വേഷം .. ' മരണം ഒരു സാധാരണ സംഭവമാണ് , ജനങ്ങള്‍ക്ക്‌ വേണ്ടി മരിക്കുന്നത് ഹിമാലയത്തെക്കാള്‍ വലുതാണ്‌ '. കാമ്പസ്സ് അവര്‍ക്ക് പിറകെ നടന്നു , എല്ലാവരും അതേറ്റു വിളിച്ചു . ചൂതാട്ടക്കളത്തില്‍ വെട്ടേറ്റു മരിച്ച സഖാവ് രമേശന് വേണ്ടിയായിരുന്നു ആ മുദ്രാവാക്യം . അവര്‍ക്കായി കുന്നിനു മുകളില്‍ നിരനിരയായി തളിര്‍ത്ത ഗുല്‍മോഹറുകള്‍ ആവേശത്തോടെ പൂത്തു .
അശോകന്‍ ജാനുവിന്‍റെ മകനാണ് , ജാനുവിന്‍റെ മകന്‍ എന്നുമാത്രമേ പറയാന്‍ പറ്റൂ . അച്ഛനാരെന്ന ചോദ്യത്തിനു മുന്നില്‍ ജാനു കൈമലര്‍ത്തുകയാണ് ഉണ്ടായത് . കൃത്യമായ ഒരാളെ ചൂണ്ടാന്‍ ആ വിരലുകള്‍ക്ക് ആയില്ല . അത് അധികാരിയിലേക്ക് , ശങ്കരന്‍ നായരിലേക്ക് , ഏറ്റുകാരന്‍ രാമനിലേക്ക് നീണ്ടു . എന്നാല്‍ താഴെയുള്ള മൂന്നു കുട്ട്യോള്‍ടെ കാര്യത്തില്‍ അവള്‍ക്കു ഒരു സംശയവും ബാക്കി നിന്നില്ല . ആചാരപരമായി കെട്ടിയില്ലെങ്കിലും രാമന്‍ കൂടെപ്പാര്‍പ്പ് തുടങ്ങിയതിനു ശേഷം ഉണ്ടായതാണ് അവര്‍ . അത് രാമന്‍റെത് ആണെന്ന് അവള്‍ക്കുറപ്പിച്ച് പറയാന്‍ പറ്റും . നിരാശയില്‍ നിന്നും നിഷേധത്തിന്‍റെ വഴിയിലേക്ക് അശോകന്‍ നടന്നു . ചേയും നെരൂദയും മാവോയും വിപ്ലവത്തിന്‍റെ വസന്തവഴികള്‍ അവനു മുന്നില്‍ തുറന്നു കൊടുത്തു. പുസ്തക കൂമ്പാരങ്ങള്‍ക്ക് മുന്നില്‍ അടയിരുന്നു . പ്രായോഗിക വഴികളെ കുറിച്ച് കുലംകുഷമായി ചിന്തിച്ചു . എരിയുന്ന ബീഡിപ്പുകയില്‍ ആശ്വാസം തേടി . കബനിയെ പോലെ പാടിപ്പുഴയും ചുവക്കുന്നതായി അവന്‍റെ സ്വപ്നങ്ങളില്‍  നിറഞ്ഞു .
രാത്രിയുടെ യാമങ്ങളില്‍ ആകാശത്തേക്ക് നോക്കി അശോകന്‍ പുഴയോരത്തു കിടന്നു . നക്ഷത്രങ്ങള്‍ അവനോടു പലതും പറഞ്ഞിരിക്കണം , പുഴ ഓളങ്ങള്‍ ഉയര്‍ത്തി അവന്‍റെ ചിന്തകളെ ഉണര്‍ത്തി . ചെറു തെന്നല്‍ വന്നു അവനെ തലോടി . അവര്‍ക്കൊക്കെ പറയാനുണ്ടായത് ഒരേ ഒരു കാര്യമാണ് . പ്രമാണി ഗോപാലന്‍ ശക്തനാണ് , പണവും അധികാരവും നാട്ടിലെ നിയമവും അയാളുടെ കയ്യിലാണ് . ശത്രുവിന്‍റെ വലിപ്പമല്ല പ്രശ്നം ചെറുത്തു നില്‍പ്പിന്‍റെ രീതികളാണ് മാറേണ്ടത് .. അവന്‍ ചേയുടെ പുസ്തകം ഒരാവൃത്തി കൂടി വായിച്ചു . ഗറില്ലാ വഴികളിലേക്കുള്ള  നിതാന്ത ജാഗ്രതയെ നിരീക്ഷിച്ചെടുത്തു .. മാവോവിന്‍റെ സൂക്തങ്ങള്‍ ഉരുവിട്ടു പഠിച്ചു .
ചിരുതേയിയാണ് അശോകനോട് കാരിച്ചിയുടെ കുടിലിലേക്ക് മാറാന്‍ പറഞ്ഞത് . സഖാവ് കരുണന്‍റെ പഴയ കാലൊടിഞ്ഞ മരബെഞ്ച് അവന്‍ ശരിയാക്കിയെടുത്തു .അമാവാസി അശോകന്‍റെ അനുജനും കൂട്ടുകാരനുമായി . വീഞ്ഞ പെട്ടിയില്‍ പുസ്തകങ്ങള്‍ അടുക്കിവെച്ചു അയാളെ സഹായിച്ചു ,  മരയോട്ടി എണ്ണയൊഴിച്ചു കത്തിക്കുന്ന തിരിവിളക്ക് തുടച്ചു വൃത്തിയാക്കി കത്തിച്ചു .അതിന്‍റെ പ്രകാശം  അടിയാക്കോളനിയില്‍ പുതിയ വെളിച്ചം പരത്തി . പുഴകടന്ന് തിരിവിളക്കിന്‍റെ ജ്വാല പെരുമാള്‍പുരത്തെ ഇരുളിനെയും അലോസരപ്പെടുത്തി . കുമാരന്‍ വന്നു , കൂട്ടുകാര്‍ വന്നു .. അങ്ങിനെ കാരിച്ചിയുടെ കുടിലില്‍ ഒരു ബ്രെഹ്റ്റീയന്‍ നാടക സംഘം രൂപം കൊണ്ടു .. അരിസ്റ്റോട്ടലീയന്‍ കഥാര്‍സിസ്സിന്‍റെ കര്‍ട്ടനുകള്‍ താനേ അഴിഞ്ഞുവീണു.
 അങ്ങാടിയില്‍ ഒരു വൈകുന്നേരത്ത് ബേബിയുടെ നാട്ടുഗദ്ധിക അരങ്ങേറി . ചുറ്റും കൂടിയിരുന്ന പെരുമാള്‍പുരത്തെ സാധാരണക്കാരില്‍ നാടകം നൊമ്പരമുണര്‍ത്തി . അവരുടെ മനസ്സും യാഥാര്‍ത്ഥ്യവും നാടകത്തിന്‍റെ ആശയങ്ങളില്‍ കുടുങ്ങി നിന്നു. അത്യാവശ്യം ചില ചെറുപ്പക്കാരും മധ്യവയസ്ക്കരും അശോകന്‍റെ കൂട്ട് ആഗ്രഹിച്ചു .  നേരിന്‍റെ നേര്‍വഴി തേടിയുള്ള ഒരു ചെരുസംഘമായി അത് വളര്‍ന്നു.
മുരളിയുടെ മുഖത്തു ഭീതി പടര്‍ന്നു .. പേടിച്ചരണ്ട ശബ്ദത്തില്‍ അവന്‍ ശിഖയോടു ചോദിച്ചു , അവര്‍ പ്രമാണി ഗോപാലനെ , ശങ്കരന്‍നായരെ കൊല്ലുമോ ? അങ്ങിനെയുള്ളവര്‍ കൊല്ലപ്പെടുന്നതല്ലേ നല്ലത് വര്‍ഷ അതേറ്റെടുത്തു. അപര്‍ണ്ണ ഇടപെട്ടു .. പോടാ , ഒന്നും ഉണ്ടാവില്ല. മൂന്നോ നാലോ മഴക്കാലം കഴിയുമ്പോഴേക്കും ഈ ഉശിരൊക്കെ പോകും .. ചരിത്രം കാട്ടിത്തന്ന വലിയ വലിയ വിപ്ലവങ്ങള്‍ ഒടുവില്‍ നനഞ്ഞ പടക്കമായി തീരുകയല്ലേ ഉണ്ടായത് . ശിഖയ്ക്ക് ആ സംഭാഷണങ്ങള്‍ നീട്ടി കൊണ്ടുപോകുന്നതില്‍ താല്‍പ്പര്യമുണ്ടായില്ല .. അവള്‍ തന്‍റെ ഈര്‍ഷ്യ പ്രകടിപ്പിച്ചു .
ശിവകാമിയുടെ അവസ്ഥ പരമ ദയനീയമാണ് ..കുമാരന്‍ കാര്യങ്ങള്‍ അശോകനെ ധരിപ്പിച്ചു . അമാവാസി പറഞ്ഞു ചേച്ചിയെ നമുക്കിങ്ങോട്ടു കൊണ്ടുവരാം .. വഴികളെ കുറിച്ച് അശോകന്‍ തലപുകച്ചു . എതിരിടേണ്ടത് പണത്തെയും അധികാരത്തെയും ആണ് , അടവുകള്‍ പാളിപ്പോകരുത് . അമാവാസിയുടെ തലയില്‍ നൂറു പൂക്കള്‍ വിരിഞ്ഞു , പിടിച്ചിറക്കി കൊണ്ടുവരണം ചേച്ചിയെ , തടസ്സം നില്‍ക്കുന്നവരെ വെട്ടി മാറ്റണം .. അരിശം തീര്‍ക്കാന്‍ അവന്‍ മുറ്റത്തെ കുലച്ച വാഴയെ വാക്കത്തി കൊണ്ടു വെട്ടി .. ഒന്നല്ല , ഒരു പാട് പ്രാവശ്യം .
പ്രമാണി ഗോപാലന്‍ മടക്കുവടയെ കുറിച്ചു പറഞ്ഞു . അവിലും തേങ്ങയും പഞ്ചസാരയും ചേര്‍ത്തു കുഴച്ചു അരിമാവില്‍ വേവിച്ചെടുക്കുന്ന മടക്കുവടയെ , അതിന്‍റെ സ്വാദിനെ കുറിച്ചു പറഞ്ഞു . ശങ്കരന്‍നായരുടെ , പാര്‍വ്വതിയുടെ , ശിവഗംഗയുടെ , കൂടി നിന്ന പണിക്കാരത്തികളുടെ വായില്‍ രുചിയുടെ വെള്ളമൂറി . പ്രേമഹ രോഗിയായ ഗോപാലന്‍ എന്തിനായിരിക്കും മടക്കുവടയെ കുറിച്ചു , അതിന്‍റെ രുചിയെക്കുറിച്ചു ഇത്രയും ഉച്ചത്തില്‍ പറഞ്ഞത് അപര്‍ണ്ണയുടെ സംശയം അതായിരുന്നു . ആലോചിക്കേണ്ടുന്ന വിഷയമാണത്, ശിഖ നോട്ടുബുക്കില്‍ കുറിച്ചിട്ടു .
ശിവകാമി ജനലഴികള്‍ പിടിച്ച് പടിഞ്ഞാറോട്ടെക്ക് നോക്കിയിരുന്നു , ഇന്നേക്ക് പതിമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു ഈ ഇരുട്ടുമുറിയില്‍ . പാടിപ്പുഴ എന്തെങ്കിലും ഒരു സമാധാനം ഉണ്ടാക്കിത്തരും എന്ന വിശ്വാസത്തില്‍ ആണ് അവളിപ്പോഴും . പുറത്തു ഗോപാലന്‍റെ മുഴങ്ങുന്ന ചിരി അവളെ കൂടുതല്‍ അസ്വസ്ഥയാക്കി . മടക്കുവടയുടെ ലളിത ശാസ്ത്രം ആ ചിരിയില്‍ അവള്‍ അന്വേഷിച്ചു .
നേരമിരുട്ടിയ നേരത്ത് പത്തോളം വരുന്ന സംഘം ശങ്കരന്‍നായരുടെ വീട്ടുമുറ്റത്തെത്തി , ശങ്കരേട്ടാ ,പുറത്തേക്ക് വിളിച്ച് അവര്‍ കാര്യങ്ങള്‍ ചെവിയില്‍ പറഞ്ഞു , അയാള്‍ വഴങ്ങിയില്ല . കൈകള്‍ പിറകോട്ടു തിരിച്ചു മുഖത്തു ആഞ്ഞൊരടി കൊടുത്തു , അയാള്‍ വഴങ്ങിയില്ല . അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു .. തീരുമാനിച്ചുറച്ചതു പോലെ അയാളെ പിറകിലെ മുരിക്കിന് ചേര്‍ത്തു കെട്ടി .. അമാവാസി ചോണനുറുമ്പിന്‍റെ മുട്ടകള്‍ അടങ്ങിയ നീറ് കൊട്ട അയാളുടെ ദേഹത്ത് കുടഞ്ഞു .  പാര്‍വ്വതി വാതില്‍ തുറന്നു കൊടുത്തു , ശിവഗംഗ നോക്കിനിന്നതെയുള്ളൂ , ശിവകാമി കുമാരന്‍റെ കൂടെയിറങ്ങി . കാരിച്ചിയുടെ വീട്ടിലേക്കു അവര്‍  നടന്നു , ശിവകാമി അങ്ങിനെ കാരിച്ചിയുടെ മകളായി , മരുമകളായി , കുമാരന്‍റെ കേട്ട്യോളായി , അശോകന്‍റെ സഹയാത്രികയായി .. അന്ന് രാത്രിയായിരിക്കണം പാടിപ്പുഴ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരിക്കുക , ശിഖയുടെ മനസ്സ് പറഞ്ഞത് അതാണ്‌ .
ഗോപാലന്‍റെ തേര്‍വാഴ്ച്ചക്കെതിരെ അങ്ങാടിയില്‍ പോസ്റ്റര്‍ പതിഞ്ഞു . നട്ടുച്ചയ്ക്കും വൈകുന്നേരങ്ങളിലും നാലാള്‍ കൂടുന്നെടത്തോക്കെ ചര്‍ച്ചയായി . ഇത് അവസാനിപ്പിക്കണം ഇല്ലെങ്കില്‍ ഗോപാലനെ ഉണ്ടാകൂ , നാടും നാട്ടാരും ബാക്കി കാണില്ല . വെറുപ്പുകള്‍ രൂപപ്പെടുന്നത് അശോകന്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു . കരുക്കളെറിയുമ്പോള്‍ പാളിപ്പോകരുത് , അവസരത്തിനായി അവന്‍ ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടി കാത്തിരുന്നു .
മേഴ്സിഡസ്സ് കാറിന്‍റെ റേഡിയേറ്ററില്‍ നിന്നും പുക പടരുന്നു , ശീതികരിച്ച അകത്ത് താന്‍ ശ്വാസം മുട്ടി മരിക്കുന്നു ..ഗോപാലന്‍ ഉറക്കത്തില്‍ ഞെട്ടി നിലവിളിച്ചു .ചുറ്റും പരതി നോക്കി അടുത്തു കെട്ട്യോളില്ല .. ലൈറ്റ് തെളിച്ചു പുറത്തേക്ക് നീട്ടി വിളിച്ചു , ഇല്ലാ പരിവാരങ്ങള്‍ ആരും വിളി കേട്ടില്ല .
അന്ധകാരവഴിയില്‍ ഒരു പിടിവള്ളിക്കായി കണ്ണുകള്‍ പരതി . കഴുത്തിനു മീതെ തലയുണ്ടോയെന്നു തപ്പി നോക്കി ഉറപ്പുവരുത്തി .
മുന്‍ നിരയിലെ നാല് സ്വര്‍ണ്ണ വെപ്പുപല്ലുകള്‍ മോഷണം പോകുന്നതായും , കണ്ണുകള്‍ പുറത്തേക്ക് തള്ളി , കാതുകളും കൈകളും വെട്ടിയരിയപ്പെട്ടു റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ട അജ്ഞാത ജഡമായും ഉള്ള കാഴ്ചകള്‍ ദുസ്സ്വപ്നങ്ങളായി ഗോപാലന്‍റെ രാത്രികളെ അപഹരിച്ചു . ' വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ല എന്‍റെ ഗോപാലാ ..' മുറ്റത്തെ പ്ലാവിലിരുന്നു ദിവസവും അണ്ണാന്‍ ചിലച്ചു. കല്ലെടുത്തെറിഞ്ഞ്  അയാള്‍ അസഹനീയമായ ആ പരിഹാസത്തെ ആട്ടിയോടിച്ചു, അങ്ങിനെ അരിശം തീര്‍ത്തു . വളരെ കരുതലോടെ അത്യാവശ്യം മാത്രം ഗോപാലന്‍ പുറത്തേക്കിറങ്ങി , ബാക്കിയുള്ള സമയങ്ങളില്‍ പത്തായപ്പുരയിലെ  ചെമ്പു പാത്രങ്ങളെയും ചാക്കുകെട്ടുകളെയും കെട്ടിപ്പിടിച്ചു കിടന്നു .
 പതിനേഴ്‌
വെട്ടിയിട്ട കണ്ടല്‍ക്കാടുകളെ  നോക്കി ദേശാടനപക്ഷികള്‍ തരിച്ചു നിന്നു . ഒരു ആവാസ ഇടം കൂടി നഷ്ടപ്പെട്ടതിലുള്ള നോവ്‌ അവയുടെ മുഖത്ത് .. ഗോപാലനെ അവര്‍ക്കറിയില്ലായിരുന്നു , എങ്കിലും പറഞ്ഞു ..ഇത് ചെയ്തവന്‍റെ തല തീയിട്ടു പോകട്ടെ , ശാപവാക്കുകള്‍ ചൊല്ലി കിളികള്‍ തിരിച്ചുപറന്നു .
സംഹാരത്തിന്‍റെ 
കൂര്‍ത്ത നഖങ്ങള്‍ ഉയര്‍ത്തി ജെസീബികള്‍ പെരുമാള്‍പുരത്തിന്‍റെ നെഞ്ചിലൂടെ തലങ്ങും വിലങ്ങും ഓടി . കൌതുകത്തോടെ , ഭയപ്പാടോടെ
അവര്‍ അതു നോക്കി നെടുവീര്‍പ്പിട്ടു . അതിന്‍റെ മുരള്‍ച്ച അവരുടെ ഉറക്കത്തിന്‍റെ സ്വസ്ഥത നഷ്ടപ്പെടുത്തി, രാത്രികളെ ഇല്ലാതാക്കി . അടയിരിക്കാന്‍ കൂടില്ലാതെ മുട്ടയുമായി പറന്ന കിളികള്‍ പടിപ്പുഴയോട് സങ്കടം പറഞ്ഞു . പുഴ കുമാരനെ വിളിപ്പിച്ചു , അമാവാസിയെ വിളിപ്പിച്ചു .. അശോകനെ കാണണം . 
പുഴ കര കാര്‍ന്നെടുത്തു, വിദഗ്ദ്ധരായ കൂട്ടികൊടുപ്പുകാര്‍ മണലൂറ്റിനു നേതൃത്വം കൊടുത്തു . നിത്യ ബലാത്ക്കാരം പുഴയെ ശോഷിപ്പിച്ചു . കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന ജലം ഒരു നേര്‍ത്ത നീര്‍ച്ചാല് പോലെ ആര്‍ക്കോ വേണ്ടിയെന്നോണം പുഴ ഒഴുകി , വേനല്‍ക്കാലങ്ങളില്‍ തീര്‍ത്തും വറ്റി വരണ്ടു. വാര്‍ധക്യത്തില്‍ മക്കളുടെ കാരുണ്യത്തിനായി കൈനീട്ടുന്ന പെറ്റുപോറ്റിയ അമ്മമാരുടെ ഗതിയാണ് പുഴയ്ക്കും വന്നുപെട്ടത് .. ആ കണ്ണീരു വേദനയുടെതാണ്.പുഴയില്ലാതാവുക എന്ന് പറഞ്ഞാല്‍ എല്ലാം ഇല്ലാതാവുക എന്നാണ് കരുതേണ്ടത് .. ശിഖ തന്‍റെ രോഷം പങ്കുവെച്ചു, അപര്‍ണ്ണയും വര്‍ഷയും മുരളിയും തലയാട്ടി അതുറപ്പിച്ചു.
ചെറുത്തുനില്‍പ്പിന്‍റെ അനിവാര്യതയെ കുറിച്ച് അശോകന്‍ അങ്ങാടി മൈതാനത്ത് പ്രസംഗിച്ചു . വാക്കുകളുടെ കാലം അസ്തമിച്ചു ..ഇനിയും അമാന്തിച്ചുകൂടാ , ഗോപാലന്‍ പെരുമാള്‍പുരത്തിന്‍റെ വിഴുപ്പ് , വിഴുപ്പുകള്‍ നാം അധികം പേറെണ്ടതില്ല . കോന്തുണ്ണികുറുപ്പും കുഞ്ഞമ്പുവും കരുണനും ഒഴുക്കിയ വിയര്‍പ്പുകള്‍ വൃഥാവിലാകരുത് ., ഈ നാട് പ്രമാണി ഗോപാലന്‍റെ തറവാട്ടു സ്വത്തല്ല , നമ്മുടെതാണ്‌ നമ്മള്‍ ഓരോരുത്തരുടെയും .ആള്‍ക്കൂട്ടം കയ്യടിച്ചു , മുദ്രാവാക്യങ്ങള്‍ വിളിച്ചു . ജാഥയായി ഗോപാലന്‍റെ വീട്ടിലേക്കു മാര്‍ച്ച് ചെയ്തു .
അശോകന്‍ പാടിപ്പുഴയുടെ മണല്‍തിട്ടകളിലൂടെ നടന്നു , വിദൂരമായ അതിന്‍റെ ഉല്‍പ്പത്തി തേടണം , വരണ്ട പുഴയും ശൂന്യമായ ആകാശവും അവന്‍റെ മനസ്സിനെ നൊമ്പരപ്പെടുത്തി , മനുഷ്യ കുലത്തിന്‍റെ കാലിക നിസ്സംഗതയെ അതുമായി താരതമ്യം ചെയ്തു .പഴയ പ്രമാണിമാര്‍ക്ക് പകരം പുതിയ പ്രമാണിമാര്‍ വരുന്നു .. പക്ഷെ, എന്തുകൊണ്ട് പുതിയ പുഴ പിറക്കുന്നില്ല ?

 (തുടരും)
..............................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍

No comments:

Post a Comment