Wednesday, February 15, 2012

മാലിന്യത്തിന്‍റെ രാക്ഷ്ട്രീയം .. വിളപ്പില്‍ശാല നല്‍കുന്ന പാഠങ്ങള്‍

മാലിന്യത്തിന്‍റെ രാക്ഷ്ട്രീയം .. വിളപ്പില്‍ശാല നല്‍കുന്ന പാഠങ്ങള്‍ 
ലേഖനം
ടി.സി.വി.സതീശന്‍


                               കേവലം പത്തുദിവസത്തെ മാലിന്യങ്ങള്‍ സ്വന്തം അകത്തളങ്ങളില്‍ ചീഞ്ഞുനാറുമ്പോള്‍ തിരുവനന്തപുരത്തെ നഗരവാസികള്‍ തെരുവിലേക്കിറങ്ങി. മധ്യവര്‍ഗ്ഗമെന്നോ ഉപരിവര്‍ഗ്ഗമെന്നോ ഇല്ലാതെ കക്ഷി രാക്ഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും തോളോട് തോള്‍ ചേര്‍ന്നു. ഭരണകൂടവും കോടതികളും അവര്‍ക്ക് ഓരം ചേര്‍ന്നുനടന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി നഗരത്തിന്‍റെ മാലിന്യങ്ങള്‍ പേറുന്ന വിളപ്പില്‍ശാലയില്‍ , ശുദ്ധജലത്തിനും ശുദ്ധവായുവിനും മലിനരഹിത പരിസ്ഥിതിക്കും വേണ്ടി അവിടുത്തെ ജനങ്ങള്‍ ചെറുത്തുനില്‍ക്കാന്‍ തുടങ്ങിയതാണ്‌ കാരണം.
അഴിഞ്ഞുനാറിയ ചുറ്റുപാടുകളില്‍ ജീവിതം ഉന്തി നില്‍ക്കുന്നവര്‍ മലിനമാകാത്ത വായുവിന് - കുടിവെള്ളത്തിന് വേണ്ടി സമരം നയിച്ചു എന്നതാണ് നഗരവാസികളെ
വിറളി പിടിപ്പിച്ചത്. അഴിമതിയുടെ ലളിത മനശാസ്ത്രം പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി ചില എച്ചിലുകള്‍ അവര്‍ക്ക് നേരെ എറിഞ്ഞുനോക്കിയെങ്കിലും അവരതില്‍ വീണില്ല എന്നതാണ് സന്തോഷം തരുന്നത്.  പുതിയ മാലിന്യ സംസ്കരണ പ്ലാന്‍റ് ... നിലവിലുള്ള പത്തോളം സംസ്കരണ പ്ലാന്‍റുകള്‍ കേവലം നോക്കുകുത്തികളായി വെറും ഡംപിംഗ് യാര്‍ഡുകള്‍ മാത്രമായി തീര്‍ന്നിരിക്കുന്ന വര്‍ത്തമാന യാഥാര്‍ത്യത്തില്‍ അഴിമതിയുടെ പുതിയ വാതായനങ്ങള്‍ക്കായി മനപ്പായസം ഉണ്ടവരുടെ തന്ത്രങ്ങളില്‍ അവര്‍ വീണില്ല എന്നതിന് നാം വിളപ്പില്‍ശാലയിലെ സാധാരണക്കാരനെ അഭിനന്ദിക്കണം.
                         ഒരേ സമയം ആണവവിസര്‍ജ്ജ്യങ്ങള്‍ മുന്നാം ലോകരാജ്യങ്ങളില്‍ ഡംപ് ചെയ്യുന്നതിനെതിരെ കൂട്ടായ്മ സംഘടിപ്പിക്കുകയും സ്വന്തം അടുക്കള
വിസര്‍ജ്ജ്യങ്ങള്‍ അന്യന്‍റെ പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ഇരട്ട മുഖമാണ് സാക്ഷര മലയാളിക്കിന്നുള്ളത്. യുദ്ധങ്ങളും രാക്ഷ്ട്രീയ ഇടപെടലുകളും തുടങ്ങി ചെലവേറിയ പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട ആഗോളീകൃത നവ മുതാളിത്വം നമ്മുടെ അടുക്കളകളെ സമര്‍ത്ഥമായി അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണിയായി മാറ്റിയിരിക്കുന്നു. നമ്മുടെ ഉപഭോഗാസക്തി അതിനു ചൂട്ടു പിടിക്കുകയും ചെയ്യുന്നു.
കോളനിവത്കരണത്തിന്‍റെ കാണാ ചരടുകള്‍ നാം അറിയാതെ തന്നെ നമ്മുടെ കഴുത്തില്‍ കുരുക്കിട്ടു കഴിഞ്ഞു.. ഇതിന്‍റെ രാക്ഷ്ട്രീയം മനസ്സിലാക്കാതെ വലിയവായിട്ടലക്കിയിട്ടു കാര്യമില്ല.
                             നമ്മുടെ അടുക്കളയെ നോണ്‍ ഓര്‍ഗാനിക്കായി മാറ്റുക വഴി നമ്മെ തന്നെ നോണ്‍ ഓര്‍ഗാനിക്കായി തീര്‍ക്കുകയും അതിലൂടെ ശുദ്ധവായുവും ശുദ്ധജലവും കിട്ടാതെ കഷ്ടപ്പെടുന്ന ജനസമൂഹത്തെ ആഗ്രഹിക്കുന്ന ടിപ്പിക്കല്‍ മുതലാളിത്വം..  അതവരുടെ പുതിയ രാക്ഷ്ട്രീയം. അവിടെയാണ് ഒരു ബദല്‍ സംസ്കാരത്തിന്‍റെ - രാക്ഷ്ട്രീയത്തിന്‍റെ പ്രസക്തിയേറുന്നത്. മനുഷ്യന്‍റെ ഉപഭോഗാസക്തി ഉപയോഗപ്പെടുത്തി അവന്റെ അടുക്കളയെ ആദ്യം മലിനപ്പെടുത്തുക അതിലൂടെ അവനെത്തന്നെ ഇല്ലാതാക്കുക, ഇത് തിരിച്ചറിയാതെ പോവരുത്. സാങ്കേതിക വിദ്യകളുടെ പ്രമാണിത്വത്തില്‍ നമ്മുടെ അടുക്കള യഥാര്‍ഥത്തില്‍ ഒരു വെയിസ്റ്റ് ബിന്നായി
ഇന്ന് അധപ്പതിച്ചിരിക്കുന്നു എന്നത് കേവലം സത്യം മാത്രമാണ് .
                          വെയിസ്റ്റ് മാനേജുമെന്റിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു സമൂഹം ,അത് അധികം വിദൂരമല്ല. മാലിന്യത്തൊട്ടികളായി  മാറുന്ന അടുക്കളയില്‍ നിന്നും വളരുന്ന അനാരോഗ്യവാന്മാരായ ഒരു തലമുറ.  നമുക്കത് സംഭവിക്കാതിരിക്കണമെങ്കില്‍ നാം ചിലത് ചെയ്തേ മതിയാകൂ. ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങി നമ്മുടെ അടുക്കള നിറക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക, നോണ്‍ ഓര്‍ഗാനിക്കായ വസ്തുക്കളുടെ ഉപയോഗം  പരമാവധി കുറയ്ക്കുക,അതാതിടത്തെ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്കരിക്കുക,റി സൈക്ലിംഗ് ചെയ്യാന്‍ പറ്റുന്ന ഖരവസ്തുക്കള്‍ ശീലമാക്കുക തുടങ്ങി വ്യക്തിപരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി നമുക്ക് പുതിയ സംസ്കാരം - രാക്ഷ്ട്രീയം -  പാരിസ്ഥികബോധം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കാം.
               ഫോര്‍ത്ത് സ്റ്റെയിറ്റിലേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമ വര്‍ഗ്ഗവും മധ്യവര്‍ഗ്ഗ വരേണ്യതയും നമ്മുടെ പ്രതീക്ഷകള്‍ക്ക് നിറം കെടുത്തുന്ന ഈ വേളയില്‍ ഓരോ ജനകീയ ബദലും ആശാവഹമാണ്‌. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഒരു ഭരണകൂടത്തിന്‍റെയോ കോടതി വിധികളുടെയോ ഔദാര്യമായിരിക്കരുതെന്നു ഈ ചെറുത്തുനില്‍പ്പിലൂടെ  നമ്മെ കാണിച്ചു തരികയാണ് വിളപ്പില്‍ശാലയിലെ സാധാരണക്കാര്‍. ഈയൊരു അര്‍ത്ഥത്തില്‍ വേണം നാം വിളപ്പില്‍ശാലയിലെ ജനകീയ കൂട്ടായ്മയെയും ചെറുത്തുനില്‍പ്പിനെയും വായിച്ചെടുക്കേണ്ടത്. അതില്‍ നിന്നും കേരളം പഠിക്കേണ്ടത്  നവ കൊളോണിയല്‍.. കാപ്പിറ്റലിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെ പാഠമാണ്.





Sunday, February 12, 2012

കെപ്ലര്‍ 22 ബിയിലേക്കുള്ള പ്രവേശന പരീക്ഷ

കെപ്ലര്‍ 22ബിയിലേക്കുള്ള പ്രവേശന പരീക്ഷ
കഥ
                                     2012 പുതു വര്‍ഷം നഗരത്തിലെ ഫ്ലാറ്റുകളില്‍ ഉണ്ടും ഉടുത്തും ഉറങ്ങിയും കഴിഞ്ഞിരുന്ന മേദസ്സുകള്‍ക്ക് ഏറെ സന്തോഷം പകര്‍ന്നതായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നാസയുടെ പേടകം കണ്ടെത്തിയ ചില പുതിയ വിഷ്വല്‍സ് ഭൂമിയിലെ സകലമാന ബ്രോക്കര്‍മാരെയും സന്തോഷിപ്പിച്ചു എന്നതാണ് നേര്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇടനിലക്കാരനവാത്ത ആരുണ്ടീ ലോകത്ത്, അങ്ങിനെ നോക്കുകയാണെങ്കില്‍ കേപ്ലെര്‍ 22 ബിയുടെ ജനനം ആ മനസ്സുകളില്‍ സന്തോഷം ചൊരിഞ്ഞതിനെ കുറ്റം പറഞ്ഞുകൂടാ. കങ്കാണിപ്പണി ജീവിതചര്യയായി തീര്‍ന്ന ഒരു സമൂഹത്തില്‍ ഭൂമിയെപ്പോലെ വെള്ളവും മണ്ണുമുളള മറ്റൊരു ഗ്രഹം അവരുടെ സാധ്യതകളുടെ സ്വപ്നഭൂമികയായി തീരുന്നതില്‍ എന്ത് തെറ്റാണ്‌ ഉള്ളത്.
                                      ഉച്ചസ്ഥായിയിലായ സൂര്യന്‍ തുറസ്സായ മൈതാനിയിലേക്ക് നേരിട്ട് പതിക്കുന്നതിനാല്‍ കൂടിനിന്ന ആളുകള്‍ വിയര്‍ക്കുകയും പരവേശം കാണിക്കുകയും ചെയ്തു. വരണ്ട അവരുടെ തൊണ്ടയില്‍ നിന്ന് ഒരുവിലാപം പോലെ ശബ്ദധോരണികള്‍ പുറത്തേക്ക് വമിച്ചു. ഒടിഞ്ഞ മരബഞ്ചില്‍ കയറി നിന്ന് ദേവദത്തന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. കൂട്ടരേ, ശാന്തരായിരിക്കുക .. ക്ഷമയാണ് ഏറ്റവും വലുത്. ഇത് വലിയ ഒരു പ്രവേശന പരീക്ഷയാണ്. ഇത് കഴിഞ്ഞു സ്ക്രൂട്ടിനി.. അതും കഴിഞ്ഞു വേണം കെപ്ലര്‍ 22ബിയിലേക്കുള്ള പ്രവേശനം . കെപ്ലര്‍ 22 ബിയുടെ അനന്ത സാധ്യതകളെ കുറിച്ച് ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ . അസഹിഷ്ണുത കാട്ടുന്നവര്‍ മൈതാനം വിട്ടു പോകുന്നതായിരിക്കും നല്ലത് ദേവദത്തന്‍ ഉറപ്പിച്ചു പറഞ്ഞു.
                                      ദേവദത്തന്റെ വാദത്തോട് ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റൊരംഗമായ ഉത്തമന്‍ ചൊടിച്ചു .. വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കല്ലേ ദേവദത്താ ... ഭൂമിയില്‍ അസംതൃപ്തരും അസഹിഷ്ണുക്കളും ആയവര്‍ക്ക് വേണ്ടിയല്ലേ ഈ ഇന്റര്‍വ്യൂ.അവരുടെ നരകയാതനകള്‍ക്ക് അറുതിയാവേണ്ടത് കെപ്ലര്‍ 22ബിയല്ലേ?
                                      അവിടെ റോഡുണ്ടാവ്വോ, കുഞ്ഞിമൊയ്തീന്‍ മൈക്കിള്‍ കുര്യനോട് ചോദിച്ചു? റോഡു നമുക്ക് വെട്ടിയുണ്ടാക്കാം , ഏക്കറു കണക്കിന് സ്ഥലം കിട്ട്യാ മത്യാരുന്നു അയാള്‍ കുഞ്ഞിമോയ്തീനെ സമാധാനിപ്പിച്ചു .  പലവിധത്തിലുള്ള പിറുപിറുക്കലുകള്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി മൈതാനത്തെ വായുവിനെ മലീമസമാക്കി.
                                      കാലങ്ങളായി എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ നടത്തി വരുന്ന സദാശിവ കൈമളുടെ ചുറ്റും ആള്‍ത്തിരക്ക് കൂടി. ചുളുവില്‍ പ്രവേശനം നേടാനുള്ള വല്ല ഉപായവും , അവര്‍ കണ്ണുകള്‍ കാട്ടി, തല ചൊറിഞ്ഞു , മടിശ്ശീലകള്‍ ഉയര്‍ത്തിക്കാട്ടി. കൈമള്‍ സാര്‍ വാചാലാനായി . സ്‌പീഡാണ് പ്രശ്നം .. 60 ചോദ്യങ്ങള്‍ 60 മിനുട്ടില്‍ ഉത്തരം. നെഗറ്റിവ് മാര്‍ക്കുണ്ട്‌ , അതുകൊണ്ട് വളരെ ശ്രദ്ധയോടെ വേണം ഉത്തരങ്ങള്‍ എഴുതാന്‍. ഒരു ചോദ്യത്തിന്  ഉത്തരം കണ്ടെത്താന്‍ പരമാവധി 40 സെക്കണ്ട്‌. അറിയാത്തത് ഒഴിവാക്കുന്നതായിരിക്കും നല്ലത്... അയാള്‍ തന്റെ കഷണ്ടി തലയില്‍ തടവി നിര്‍ത്തി. മറ്റൊരു കോണില്‍ റിട്ടയര്‍ഡു കേണല്‍ സാംപീറ്റര്‍  ശാരീരിക ക്ഷമതെയെ കുറിച്ച്  വാചാലനായി. പെരുപ്പിച്ച അയാളുടെ മസ്സിലുകള്‍ വാക്കിനെക്കാള്‍ മൂര്‍ച്ചയുള്ള പാഠങ്ങളായി.
                                      ആര്‍ത്തി പണ്ടാരങ്ങള്‍ ...ദേവദത്തന്‍ കെറുവിച്ചു. അങ്ങിനെ പറയാതെ ദേവദത്താ, മനുഷ്യന് ആഗ്രഹങ്ങള്‍ ഉണ്ടാകും അത് ആര്‍ത്തിയായും അത്യാര്‍ത്തിയായും പിന്നീട് അത് അസഹിഷ്ണുതയായും മാറുകയാണ് പതിവ്. അതിനവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യവും ഇല്ല.  ഉത്തമന്‍റെ വാദങ്ങള്‍ അങ്ങിനെയൊക്കെ ആയിരുന്നു.  അയാള്‍ ജനക്കൂട്ടത്തെ നോക്കി പറഞ്ഞൂ, കൂട്ടരേ... കെപ്ലര്‍ 22 ബി ഭൂമിയെപോലെ അല്ലാ . പോയിക്കഴിഞ്ഞു 2 മാസത്തിനകം ആരും പട്ടയം ചോദിച്ചു ബഹളം കൂട്ടുകയും വേണ്ട. രജിസ്ട്ട്രെഷന്‍ വകുപ്പ് എന്നൊരു വകുപ്പേ അവിടെ ഇല്ല. ഉള്ള മണ്ണ് എല്ലാവരുടെതും , ഉള്ള ആകാശം എല്ലാവരുടെതും. അതാണവിടുത്തെ രീതിയും നിയമവും.
                                   മതിലുകള്‍ മാത്രം കെട്ടി ശീലിച്ച നിങ്ങള്‍ക്ക് അതുമായി പൊരുത്തപ്പെടുവാന്‍ ആവുമോ എന്ന് നിങ്ങള്‍ ആദ്യം  നിങ്ങളുടെ മനസ്സിനോട് ചോദിക്കുക.. എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍. ഉത്തമന്‍ അല്‍പ്പം നര്‍മ്മം കലര്‍ത്തി ഈണത്തില്‍ പറഞ്ഞു.
                              അവിടെ കൂന്താലിയും കോടാലിയും കാണില്ല . വെട്ടി നിരത്തിയ മരങ്ങളില്‍ നിന്നും പള്‍പ്പ് ഉണ്ടാക്കാന്‍ പറ്റത്തില്ല ,അതുകൊണ്ട് തന്നെ പള്‍പ്പ് നിറച്ച ഹൃദയങ്ങളും കാണില്ല.. ദേവദത്തന്‍ കൂട്ടിച്ചേര്‍ത്തു.
                              മൈതാനത്തില്‍ നിന്നും ആളുകള്‍ ഒന്നൊന്നായി പിന്‍വലിയാന്‍ തുടങ്ങി .  ചിലര്‍ ബലംപിടിച്ചു തല ഉയര്‍ത്തി കാണിക്കുന്നുണ്ടെങ്കിലും അവരുടെ മുഖത്തെ പേശികള്‍ ഉള്ളിലെ അങ്കലാപ്പിനെ പുറത്തേക്കിട്ടു. വിശാലമായ ഒരു തറവാട്ടു വീട്. അനുയോജ്യമായ സ്ഥലത്ത് ഓരോരുത്തരും പറ്റിക്കൂടുക . ഏല്ലാവര്‍ക്കും ഒരേ തരത്തിലുള്ള ഭക്ഷണം . അവനവനു വേണ്ട വിദ്യ അവനവന്‍ സ്വയമേവ പഠിച്ചുകൊള്ളുക . അത് മറ്റുള്ളവന്‍റെ മുതുകൊടിക്കുന്നത് ആയിരിക്കരുത് എന്നുമാത്രം. തയ്യാറുള്ളവര്‍ മാത്രം മൈതാനിയില്‍ നില്‍ക്കുക, ബാക്കിയുള്ളവര്‍ക്ക് അതാത്‌ ആള്‍ക്കാരുടെ മാളങ്ങളിലേക്ക് പോകാം. ഇന്നലെവരെ ചെയ്തത് തുടര്‍ന്നും ചെയ്തു കൊണ്ടേയിരിക്കുക .. ഭൂമിയുള്ളിടത്തോളം അത് തുടരുകയും ചെയ്യാം.
                                        ഉത്തമന്‍റെ ശബ്ദത്തിന് കനം വെച്ചു. സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചാഞ്ഞു. വെയിലിന്റെ തീക്ഷണത കുറഞ്ഞു . മൈതാനം ശൂന്യം .. പൊടിക്കാറ്റ് വന്നു മരബെഞ്ചിനെ മറിച്ചിട്ടു . പരീക്ഷാര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ പ്രവേശന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ദേവദത്തന്‍ പ്രഖ്യാപിച്ചു. കരുതിവെച്ച ചോദ്യങ്ങളുടെ പട്ടിക പോക്കറ്റില്‍ തിരുകി കയറ്റി ഉത്തമന്‍ കയ്യടിച്ചു .

(കെപ്ലര്‍ 22ബി .. 2011 ഡിസംബര്‍ 5 നു നാസ കണ്ടെത്തിയ പുതിയ ഗ്രഹം)