ഉടല്‍ദൈവങ്ങള്‍
.............................. .......................
കഥ
ടി.സി.വി.സതീശന്‍
..............................
കഥ
ടി.സി.വി.സതീശന്‍
മകുടിയൂതുന്ന പാമ്പാട്ടിയുടെ മുഖചലനങ്ങള്‍ക്കൊപ്പം നൃത്തമാടു
ചായ തിളപ്പിക്കാന്‍ തീപ്പറ്റിക്കുന്നതിനുള്ള ഓല തെരക്കുകയായിരുന്ന ജാനകി ഗോവിന്ദന്‍ നായരുടെ തന്നത്താന്‍ പറച്ചിലുകളും കൈകാല്‍ കൊണ്ടുള്ള ഗോഷ്ടികളും ഒളിക്കണ്ണിട്ടു നോക്കി . ഇയാള്‍ക്കെന്താ നട്ടപ്പിരാന്തായിപ്പോയോ ?
ഓലയൊഴിഞ്ഞ തെങ്ങിന്‍മടല് ആലയ്ക്ക് ചാരിവെച്ച് അവര്‍ താടിക്ക് കൈകൊടുത്തു . ഏതു ദൈവത്തെ വിളിക്കണമെന്നറിയാതെ അങ്കലാപ്പിലായി .
മനുഷന് വട്ടെളകാന്‍ വല്ല്യ കാലൊന്നും വേണ്ടാ അല്ലേ , എന്നു സമാധാനിച്ചു .
തള്ളവിരല്‍ മറ്റുവിരലുകള്‍ കൊണ്ട് അമര്‍ത്തി ചോര അകത്തേക്ക് വലിച്ചുകൊണ്ട് ജാനകി സ്വയം പറഞ്ഞു .. ഈര്‍ക്കില് കൊണ്ടതായിരിക്കണം .. ചോര പൊടിഞ്ഞതേള്ളൂ .
അല്ല .. ജാനകീ ഈ നാടിന്റെ പോക്കത്ര ശെര്യല്ല , കാണുമ്പോ സങ്കടോം വരുന്നു ദേഷ്യോം വരുന്നൂ , ഗോവിന്ദന്‍ നായര്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു .
പുല്ലരിയാന്‍ പോന്ന വഴിയില്‍ ദെച്ചുമി കൈക്കോട്ടുപണിക്കാരന്‍ രാമനോട് ചോദിച്ചൂ .. എന്തിന്യാ രാമാ ബീഡി വലിക്കാന്‍ വരുമ്പോ നീയ് കൈക്കൊട്ടും കൊണ്ട്വന്നത് ?
രാമന്‍ അടുത്ത ബീഡിക്ക് തീ കൊളുത്തി ആഴത്തില്‍ ചിരിച്ചു . അല്ല , ദെച്ചുമിയമ്മമ്പ്രാളേ .. ഈ പുല്ലര്യുന്നത്രേം എളുപ്പല്ല കൈക്കോട്ടുപണി .
തെങ്ങിന് തടമെടുത്തു കൊണ്ടിരിക്കുന്ന രാമന്‍ ഒന്ന് നടു നീര്‍ത്തിയതാ , അപ്പോഴേക്കും ദെച്ചുമി തെങ്ങോലക്കാറ്റ് പോലെ എങ്ങുന്നൊ പ്രത്യക്ഷപ്പെട്ടത് അയാള്‍ കണ്ടിരുന്നില്ല .മച്ചിലെപ്പോതി ഇറങ്ങിവരുമ്പോലെയാ .. നാക്കില്‍ തീയുമായാണ് പെണ്ണുങ്ങള്‍ടെ വരവ് , രാമന് ഈര്‍ഷ്യ വന്നു .
തേങ്ങേല്ലാം നെന്നപ്പോലന്യല്ലോ രാമാ .. മണ്ടരി പിടിച്ചു മുരടിച്ച തേങ്ങയെ നോക്കി ദെച്ചുമി അടുത്ത നാക്കെറിഞ്ഞു.
അയിനെന്താ അമ്മമ്പ്രാളേ .. തെങ്ങെല്ലാം നെങ്ങളെ മാതിരി തടിച്ചു കൊഴുത്തിട്ടുണ്ടല്ലോ ? രാമന്‍ തിരിച്ചു ചൊറിഞ്ഞു .
കണ്ണീര് ചെന്നീരായൊലിപ്പിച്ചിരുന്ന തെങ്ങിന്‍ തായ്ത്തടിയില്‍ പൊത്തുവെച്ചിരുന്ന മരംകൊത്തി പക്ഷി രണ്ടുപേരുടെയും വേണ്ടാവര്‍ത്താനങ്ങള്‍ കേട്ട് അന്തിച്ചു .
രണ്ട്
ഇത്തവണേം തുലാവര്‍ഷം ചതിക്ക്വോ രാമാ ..
തൈത്തടത്തില്‍ ചാണകം ഇട്ടുകൊണ്ടിരുന്ന ഗോവിന്ദന്‍ നായര്‍ തന്റെ ആശങ്ക പങ്കുവെച്ചു .
ഇരുപത്തിനാല് സെന്റ് പുരയിടത്തില്‍ വീടിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കി പതിനാറ് തെങ്ങുകള്‍ .. നാലെണ്ണം ചെന്നീരോലിച്ച് കറചാടി ചാവാന്‍ പരുവത്തില്‍ , ബാക്കിക്ക് മണ്ടരിയും . ഗോവിന്ദന്‍ നായരുടെ മനസ്സിലെ തീ കൊള്ളിയാന്‍ മിന്നി .
മുണ്ടകന്‍ വിളയേണ്ടുന്ന പാടത്ത് ബ്ലോക്കില്‍ നിന്നും കൊണ്ടുവന്ന ജപ്പാന്‍ പയറ് വിതച്ചു . കറചാടുന്ന തെങ്ങില്‍ നിന്നും തോല് ചെത്തിയെടുത്ത് ബോര്‍ഡോ മിശ്രിതം പശയാക്കി തേച്ചുപിടിപ്പിച്ചു , അതിനുമേല്‍ ടാര്‍ തേച്ചു ഉറപ്പിച്ചു .
ചെത്തിയെടുത്ത തോലില്‍ കീടങ്ങളുണ്ടാകും, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയണം .. കൃഷി ആപ്പീസ്സര്‍ ദിനകരന്‍ അത്രയും പറഞ്ഞാണ് പോയത് . സാറാകുമ്പോള്‍ വെവരോം കൂടുതലുണ്ടാകുമല്ലോ ഗോവിന്ദന്‍ നായര്‍ കൃഷി ആപ്പീസര്‍ ദിനകരനെ വിശ്വസിച്ചു .
തുലാവര്‍ഷം അക്കൊല്ലവും പറ്റിച്ചു , ഒരിറ്റ് മഴപോലും പൊടിഞ്ഞില്ല. കെണറും കുളോം വറ്റി . വരണ്ട തൊണ്ടയില്‍ കരിമേഘങ്ങള്‍ ആടിത്തിമര്‍ത്തു . കണ്ടവും പറമ്പും പയറും ഉണങ്ങിക്കരിഞ്ഞു .
റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ വന്ന മാഷ് പണിയേതാ ന്നു ചോദിച്ചപ്പോള്‍ ഒന്ന് കുഴങ്ങി .. കൃഷി, കൃഷീന്നു വിക്കിവിക്കിപ്പറഞ്ഞു .
കുടിക്കാന്‍ കൊടുത്ത കട്ടന്‍ ചായ തോള്ളയിലേക്കിറക്കിയ ശേഷം മാഷ് സംശയം തീര്‍ക്കാനായി ഒന്നുകൂടി ചോദിച്ചു .. എന്ത് ? കൃഷി .. കൃഷിയാണോ ? അയാളുടെ തലയില്‍ അവിശ്വാസത്തിന്റെ പെരുമഴ പെയ്തിരിക്കണം .കൃഷി കൊണ്ട് ഇന്നത്തെ കാലത്ത് എങ്ങിന്യാ കുടുംബം പോറ്റണത് ?
മാഷുടെ കണ്ണുകളിലേക്കു നോക്കി മുറ്റത്തെ തെങ്ങില്‍ കെട്ടിയിരിക്കുന്ന പൈക്കളിലേക്ക് വിരല്‍ചൂണ്ടി .
കുടിച്ചിറക്കിയ കട്ടന്‍ചായ മാഷ്‌ടെ തൊണ്ടയില്‍ ഒക്കാനമായി കുടുങ്ങി . വെരലുകള്‍ കൂട്ടിയെണ്ണി മാഷ് പറഞ്ഞു .. ഒരു മാഷിനുപോലും പെഴച്ചു നിക്കാന്‍ പറ്റണില്ല , എന്നിട്ടെങ്ങിന്യാ ഈ ഗോവിന്ദന്‍ നായര് കുടുംബം പൊറുപ്പിക്കണത് !!
തൊടിയില്‍ കളിച്ചു നടന്ന കിടാവ് അമ്മിഞ്ഞപ്പാലിനായി തള്ളപ്പശുവിനെ വലം വെച്ചു , കുറേനേരം അകിട് വലിച്ചീമ്പിയശേഷം മടുത്തിട്ടാകണം കരഞ്ഞോണ്ട് അത് തിരികെ പോയി .
പുഞ്ചപ്പാടത്തെ കുതിരുപറമ്പാക്കിയത് നിങ്ങളല്ലേ ഗോവിന്ദായരേ .. പൊത്തിലിരുന്ന മരംകൊത്തി അവന്റെ ഭാഷയില്‍ ചിലച്ചു .
ചാരനിറത്തിലുള്ള ആകാശത്ത് കാക്കപ്പുള്ളികള്‍ പോലെ കറുത്ത മേഘങ്ങള്‍ ഓടുകയാണ് . മരംകൊത്തി പക്ഷിയുടെ ചിലക്കലില്‍ നിന്നും രക്ഷ നേടാനായി , ഇന്ന് മഴപെയ്യ്വോ ..ആവോ , മാനത്തെ ആച്ച് നോക്കി ഗോവിന്ദന്‍ നായര്‍ മനോഗതം പറഞ്ഞു .
മൂന്ന്
പാടവരമ്പില്‍ നിന്നും രാമന്റെ അച്ഛന്‍ കുഞ്ഞാമന്‍ ചെളിവെള്ളത്തില്‍ ഒളിച്ചുകളിക്കുകയായിരുന്ന പുല്ലന്‍ കുഞ്ഞുങ്ങളോട് കൊട്ടമ്പാള മേലോട്ട് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു ...
ആകാശം ചോക്കുന്നത് ങ്ങള് കണ്ട്വോ ..?
ചെളിവെള്ളം ചോപ്പിച്ച അയാളുടെ തോര്‍ത്തുമുണ്ട് നോക്കി പുല്ലന്‍കുഞ്ഞുങ്ങളും പേക്രാന്‍ തവളയുടെ സന്തതിപരമ്പരകളും ചിരിച്ചു .
ചെളിക്കണ്ടത്തില്‍ തറപ്പിച്ചിരുന്ന മുളങ്കമ്പുകളില്‍ കിടന്ന ചുവന്ന കൊടികള്‍ കാറ്റില്‍ പറന്നുകളിച്ചു .കുടികിടപ്പിന്റെ പത്തുസെന്റ് പട്ടയം കുഞ്ഞാമന്റെ സന്തോഷത്തെ ആകാശത്തോളം പറത്തി, പതിയെയാണെങ്കിലും അത് താഴെ ഭൂമിയിലേക്ക് തിരിച്ചുപതിച്ചു . ചുവന്ന കൊടികള്‍ അവശേഷിപ്പിച്ച പ്രതീക്ഷയില്‍ കുഞ്ഞാമന്‍ ആകാശത്തക്ക് തന്റെ കണ്ണുകള്‍ നട്ടു .
സ്ഥലം തന്നു .. ഭൂമിയെന്ത് ചെയ്യണമെന്ന് അവര്‍ പഠിപ്പിച്ചിരുന്നില്ല , തുണ്ടുകള്‍ കിട്ടിയ വെലയ്ക്കു കൊടുത്ത് കോരന്മാര്‍ വീണ്ടും മുണ്ട് മുറുക്കിയുടുത്തു .. കുഞ്ഞാമന്റെ മനസ്സ് ആധിപ്പെട്ടു .പഴയ കീടങ്ങള്‍ ചത്തൊടുങ്ങി പുതിയ കീടങ്ങള്‍ പിറവിയെടുത്തു , പുതുതായി പിറന്നവ പഴയതിനേക്കാള്‍ വലിയവ .നികത്തിയിട്ട നെല്‍വയലുകളില്‍ കോണ്‍ക്രീറ്റ് കമ്പികള്‍ വളയ്ക്കുന്നത് നോക്കി കൊറ്റികള്‍ വെറുതെയിരുന്നു .
മദിയിളകിയ കൊമ്പനെപ്പോലെ മസ്തകം കുലുക്കി , തുമ്പിക്കയ്യുയര്‍ത്തി ജെസിബി തലങ്ങും വിലങ്ങും പാഞ്ഞു . നിരത്തിയ ചെമ്മണ്ണ് ആഴത്തില്‍ മാന്തി മറിച്ചു .പശിമയുള്ള മണ്ണില്‍ ആര്‍ത്തവരക്തം പടര്‍ന്നു . ചോര കണ്ട് വിറളിച്ച കൊറ്റികള്‍ ഭയപ്പാടോടെ ആകാശത്തെ ലക്ഷ്യമാക്കി പറന്നു .
സ്ഥലം റീ സര്‍വ്വേ ചെയ്യാന്‍ വന്ന കഷണ്ടിക്കാരന്റെ തലയില്‍ സൂര്യന്‍ ആഴത്തില്‍ പതിച്ചു , സ്ഥലമുടമയായ കൊഞ്ഞാണന്‍ കരുതിവെച്ച ടര്‍ക്കിടവ്വല്‍ അയാളുടെ തലയിലിട്ട് സൂര്യനെ തോല്‍പ്പിച്ചു .
ങും ..എന്തെങ്കിലുമാവട്ടെ , ഉടുത്തിരുന്ന തോര്‍ത്ത് അല്‍പ്പം കേറ്റി കോണകത്തിന്റെ വാലൊന്ന് അഴിച്ചുകെട്ടി കുഞ്ഞാമന്‍ പുറംതിരിഞ്ഞു നടന്നു .
നാല്
നാരകത്തിന്റെയും കറിവേപ്പിന്റെയും ഇലകള്‍ കാന്താരിമുളകും ചേര്‍ത്തു ഞെലച്ച സംഭാരം ഒറ്റവലിച്ചു കുടിക്കവേ ഗോവിന്ദന്‍ നായര്‍ ജാനകിയമ്മയോടു പറഞ്ഞു .
മകരമാസത്തിലേ ഇത്രേം ചൂടാണെങ്കില്‍ മീനത്തിലും മേടത്തിലും എന്തായിരിക്കും ..? നാട് ചുട്ടു വെണ്ണീര്‍ ആവുന്നാ തോന്നണത് ?
എങ്ങിന്യാ വെന്തു പോവാണ്ടിരിക്ക്വാ ..? മനുഷ്യനെ മറന്ന കളിയല്ലേ എല്ലാരും ചെയ്യുന്നത് . ജാനകി ഉടുത്ത മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുടച്ച് തന്റെ കുണ്ഠിതം രേഖപ്പെടുത്തി .
കലികാലം ല്ലേ ..ന്റെ ജാനകി , അച്ഛനേം അമ്മേനേം മറന്നുള്ള കളി . ഇതും ണ്ടാവും , ഇതിലപ്പുറോം ണ്ടാവും.
എന്തോന്ന് കലികാലം , അതൊക്കെ അവനോന്റെ ചെയ്തീക്കു പറയണ ഓരോ ന്യായങ്ങള് .., കാലത്തിനല്ല ആള്‍ക്കാര്‍ക്കാ കലി വന്നത് . രോഷം പൊകച്ച് അവള്‍ അടുക്കളയിലേക്ക് നൂണിറങ്ങി .
ഇരുളാവുന്നതും കാത്ത് പെരുച്ചാഴികള്‍ മാളങ്ങളില്‍ പതുങ്ങിയിരുന്നു . തായ്ത്തടിയറിയാതെ തായ് വേരുകളറുക്കാന്‍ പകലിനേക്കാള്‍ നല്ലത് ഇരുളാണെന്ന കറ തീര്‍ന്ന വിശ്വാസത്തില്‍ അവര്‍ മയക്കം നടിച്ചു . നിറഞ്ഞ പത്തായപ്പുരകള്‍ സ്വപ്നം കണ്ടുറങ്ങിയ പെരുച്ചാഴികള്‍ കണ്ടത് പത്തായത്തിനകത്തെ ഇരുളില്‍ ഒളിച്ചിരിക്കുന്ന ഗോവിന്ദന്‍നായരെ .
പൂച്ചക്കാലില്‍ നടന്നടുത്ത ഗോവിന്ദന്‍ നായര്‍ വിരലുകള്‍ ചുണ്ടുകളോട് ചേര്‍ത്തുവെച്ച് കണ്ണുകൊണ്ട് പറഞ്ഞു ..
ശ് ശ് .. ഒച്ചയാക്കാതെ പൊന്നുമക്കളേ .
ഭയങ്ങളുടെ ലോകത്ത് ജീവിക്കുന്ന, ഇരുട്ടറകള്‍ തേടിപ്പോകുന്ന ആ പേടിത്തൊണ്ടനെ നോക്കി പെരുച്ചാഴികള്‍ സ്വയം മറന്നു ചിരിച്ചു .
ചതിച്ചത് കാലമോ , കാലവര്‍ഷമോ ?
കാലനായി വന്നത് കൂടെയുള്ളവരെന്ന് ജാനകിയ്ക്ക് ഉറപ്പുണ്ടായിരുന്നു . പെരുച്ചാഴികളുടെ ലോകത്ത് പെരുച്ചാഴിയായി ജീവിക്കാന്‍ കഴിയാതെ പോയതാണ് നിങ്ങള്‍ക്ക് ഈ ഗതി വന്നതെന്ന് പത്തായപ്പുരയെ നോക്കി അവര്‍ ഗോവിന്ദന്‍നായര്‍ക്കു നേരെ അസ്ത്രമൊഴിഞ്ഞു .
കരമടച്ച റസീറ്റും കുടിയിടത്തിന്റെ തലയാധാരവും അടിയാധാരവും ബാങ്കുകാരനും വട്ടിയ്ക്കാരനും പങ്കിട്ടെടുത്തു. കടം തന്നവര്‍ കഴുത്തിനു മീതെയുള്ള തലയ്ക്ക് വീതം പറഞ്ഞ് ചുറ്റും കൂടിയിരിക്കുന്നു . അറിയാതെ ഗോവിന്ദന്‍ നായര്‍ മച്ചകത്തെ പരദേവതയെ വിളിച്ചു .
വഴിയാധാരങ്ങളുടെ സങ്കടക്കരച്ചില്‍ ഒരുപാട് കേട്ട നിസ്സംഗയായി നിസ്സഹായതയോടെ ചിരിച്ചു .
വിധി .. വിധിയാണ് ഗോവിന്ദാ എല്ലാം , അത് വിചാരിച്ചു നീ സമാധാനപ്പെടുക.
അലിവുതോന്നിയ മച്ചകത്തെ പരദേവത വിളിച്ചു ഗോയിന്ദാ ...
ഇരുള്‍മൂടിയ പകല്‍ക്കിനാവില്‍ നിന്നും ഗോവിന്ദന്‍ ഞെട്ടിയെഴുന്നേറ്റു .
നീതി വാക്കിലുള്ളോന്‍ ദൈവമാണ് .. പള്ളിയറവാള്‍ ഗോവിന്ദനു നല്‍കിക്കൊണ്ട് പരദേവത മൊഴിഞ്ഞു .
കാലത്തെ മറികടന്നു നീ തുള്ളുക .
ഉടയാഭരണങ്ങള്‍ നോക്കി തൊണ്ടയില്‍ വെള്ളമിറക്കി , കാല്‍ ചിലമ്പുകള്‍ക്കും അണിയലങ്ങള്‍കക്കുമായി അയാള്‍ മച്ചിലെപ്പോതിയ്ക്ക് മുന്നില്‍ കൈനീട്ടി .
തുള്ളുക നീ, നീതിക്കുവേണ്ടി .. അഭിചാരങ്ങള്‍ക്കപ്പുറമുള്ള ലോകത്തേക്ക് നീ നിന്റെ സഹജീവികളെ കൂട്ടിനു കൂട്ടുക .
ശീതം കുത്തിയിരിക്കുന്ന രോമങ്ങളെ നോക്കി ഗോവിന്ദന്‍ ആത്മഹര്‍ഷം പൂണ്ടു .
ഉറക്കത്തില്‍ മണികിലുക്കം കേട്ട് ജാനകി പേടിച്ചുവിറച്ചു . ചിലങ്കകളുടെ താളം രൌദ്രമേളമായി . പട്ടുകോണകമുടുത്ത് കെട്ടിയോന്‍ ഉറഞ്ഞുതുള്ളുന്നു . വെളിപാടുപോലെ പിച്ചുംപേയും വിളിച്ചു പറയുന്നു .
കണിയാര് കവടി നിരത്തി ..
കുടുംബദേവത പിണങ്ങിയിരിക്കുന്നു . പരിഹാര ക്രിയകള്‍ ചെയ്യണം .
കരിപ്പൊടിയും മഞ്ഞപ്പൊടിയും ചുവപ്പുപ്പൊടിയും കൊണ്ട് കോലം വരച്ചു . വെട്ടിയരിഞ്ഞ നേന്ത്രവാഴപ്പോളകളില്‍ മുളപ്പന്തങ്ങള്‍ കത്തിയെരിഞ്ഞു . ഓട്ടുരുളിയില്‍ ഗുരുതിക്കായുള്ള വകകള്‍ കൊണ്ടു നിറഞ്ഞു .
ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തെ നോക്കി ഗോവിന്ദന്‍ നായര്‍ ഉള്ളാലെ ചിരിച്ചു .
കടം കൊണ്ട് പൊറുതിമുട്ടിയ ഗോവിന്ദനോട് .. നെനക്കെന്താ കെട്ടിത്തൂങ്ങി ചത്തൂടെ എന്നുചോദിച്ചവര്‍ ആരതികളും അര്‍ച്ചനകളുമായി കൂടെ കൂടിയിരിക്കുന്നു .ചിരിക്കല്വാണ്ട് മറ്റെന്താണ് ചെയ്യേണ്ടത് .
കൂടിവരുന്ന ആള്‍ക്കൂട്ടം ജാനകിയില്‍ അസ്വസ്ഥത ഉളവാക്കി , കൊട്ടിലുമുറി ഒഴിയാന്‍ അവര്‍ ഗോവിന്ദന്‍ നായരോട് കല്‍പ്പിച്ചു . പുരുഷാരം തെക്കിനിയിലെ ചെമ്പകച്ചോട്ടില്‍ ഓലകൊണ്ട് മറച്ച ഷെഡ്ഡില്‍ ഗോവിന്ദന്‍ നായരെ കുടിയിരുത്തി , പാട്ടും ഭജനയുമായി അവര്‍ ആര്‍ഭാടത്തോടെ ജീവിച്ചു .
ബേങ്കുകാര്‍ വല്ലാത്തൊരു പ്രതിസന്ധിയില്‍ അകപ്പെട്ടു , ദൈവത്തിനു കടമോ ..? ഉന്നതങ്ങളിലേക്ക് അവര്‍ എഴുതിച്ചോദിച്ചു , ഗോവിന്ദന്‍ നായരുടെ കടം എഴുതിത്തള്ളണം . അത്യുന്നതങ്ങളില്‍ തീരുമാനമായി ടിയാന്റെ സകലമാന കടങ്ങളും ഈ ബേങ്ക് ഉപേക്ഷിച്ചിരിക്കുന്നു .
അന്യദേശത്തുനിന്നും വയ്യായ്മക്കാര്‍ കേട്ടുകേട്ടറിഞ്ഞു വന്നു .. സങ്കടങ്ങള്‍ കേട്ട് ഗോവിന്ദന്‍ നായര്‍ക്ക് മടുത്തു , കൂടെക്കൂടിയവരിലൊരാള്‍ കാര്യസ്ഥനായി .. പരികര്‍മ്മിയായി .വയ്യായ്മക്കാരുടെ സങ്കടക്കണ്ണീരു കൊണ്ട് കിണറിലെ വെള്ളത്തില്‍ ലവണാംശം കൂടി . ഉപ്പുകലര്‍ന്ന വെള്ളം കൈക്കൂമ്പിളില്‍ കുടിച്ച് അവര്‍ രോഗവിമുക്തി നേടി .
ആ വര്‍ഷം കാര്യമായി മഴപെയ്തു . ഇരിപ്പൂ പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ നിറഞ്ഞു , നാട്ടുകാര്‍ സന്തോഷത്തില്‍ . ദൈവത്തിനുള്ളത് ദൈവത്തിന് ..ആളോഹരി വരുമാനത്തിന്റെ പത്തുശതമാനം ഗോവിന്ദന്‍ നായരുടെ പത്തായപ്പെട്ടിയില്‍ കുമിഞ്ഞു .
താനല്ലാതെ ഇനിയുമൊരു ഉടല്‍ദൈവം നാട്ടില്‍ അവതരിക്കുമോ .. ? ആശങ്ക ഗോവിന്ദനെ അസ്വസ്ഥനാക്കി , പരികര്‍മ്മിയുടെ മേല്‍ ഒരു കണ്ണ് വേണമെന്ന് അയാള്‍ ജാനകിയെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു .
............................................................................................................................................................................