Tuesday, July 10, 2012

വെളുത്ത കുറുക്കന്‍
( കഥ )
ടി.സി.വി.സതീശന്‍
.............................................................................................

കുറുക്കന്‍റെ കൂട്ടിലെ വിശേഷങ്ങള്‍ നാട്ടില്‍ പാട്ടായി , നാട്ടിലെ നല്ലവരായ ആളുകളും കോഴികളും കൂട്ടത്തോടെ കുറുക്കന്‍റെ മാളത്തിലേക്ക് പാഞ്ഞു . കുറുക്കത്തി പെറ്റ അഞ്ചു മക്കളില്‍  മൂന്നെണ്ണം വെളുത്ത കുഞ്ഞുങ്ങള്‍ , വിസ്മയക്കാഴ്ചയോടു പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്കോ സ്ഥലത്തെ കോഴികള്‍ക്കോ ആയില്ല .. നേരിനെ നേരില്‍ കണ്ടിട്ടും അതു സത്യമാണോ എന്നറിയാന്‍ അവര്‍ സ്വന്തം കൈത്തണ്ടകളില്‍ നുള്ളി നോക്കി , മൂക്കത്ത് വിരല്‍ വെച്ച് നെട്ടോട്ടമോടി . കാതായ കാതുകളില്‍ കുശുകുശുത്തു .
കറുത്ത കുറുക്കനും കുറുക്കത്തിക്കും വെളുത്ത കുട്ടികളോ ? നാട്ടു പ്രമാണിമാരുടെ  തലയ്ക്കകത്ത് കടന്നല് കുത്തി , നാട്ടുക്കൂട്ടം കൂടി , ചര്‍ച്ചകള്‍ സജീവം . കുറുക്കത്തി പിഴച്ചവളാണ് , മക്കള്‍ കുറുക്കന്‍റെതല്ല.. വാദം ശക്തമായി . മൂപ്പന്‍ വെറ്റില മുറുക്കി , ചുണ്ണാമ്പു തേച്ച വെറ്റില ചവച്ചരച്ചു തുപ്പിയപ്പോള്‍ തുപ്പലിനു ചുവപ്പ് നിറം .. അതേ , കുറുക്കത്തി പിഴച്ചവളാണ് .. നാട് കടത്തുക .
സ്കൂള്‍ പറമ്പിലെ കുറ്റിക്കാട്ടിലുള്ള കുറുക്കന്‍റെ മാളത്തിലേക്ക് നാട്ടു പട്ടാളം യാത്രയായി .. കയ്യില്‍ പെട്രോള്‍ നിറച്ച കന്നാസുമായി , കുറുവടികളുമായി .. കത്തുന്ന ഓല ചൂട്ട് അവര്‍ക്ക് വഴി കാട്ടിയായി . ആരവങ്ങള്‍ കേട്ട് ഭയന്ന കുറുക്കനും കുറുക്കത്തിയും കുട്ടികളും മാളത്തില്‍ നിന്ന് പുറത്തു വന്നില്ല .. ഇത്തവണ ഒരിയിട്ടത് നാട്ടിലെ കോഴികളായിരുന്നു . വംശമഹിമ പറഞ്ഞു ഞങ്ങളെ ഇരയാക്കിയ ഇവന്‍ കാട്ടുകള്ളനാ , പിഴച്ചുപോയ പെണ്ണൊരുത്തിയുടെ  പേറിന് കാവലിരിക്കുന്ന ഈ കോഴി കള്ളനെ ചുട്ടു കൊല്ലണം .. കോഴികള്‍ നിലവിളിച്ചു .
നാട്ടുകാര്‍ വശം തിരിഞ്ഞു , പുകച്ചു പുറത്തു ചാടിക്കുക .. കുറുക്കത്തിയുടെ ജാരനെ കണ്ടു പിടിക്കണം , മറ്റൊരു പെണ്ണും ഇനി പിഴച്ചു പെറ്റു കൂടാ , ഇത് നാട്ടിന്‍റെ സദാചാര പ്രശ്നമാണ് .
ഒണക്കിലകളും പുല്ലും കൂട്ടി മാളത്തിന്‍റെ വായ്ക്കല്‍ തീയിട്ടു , കുറുക്കനും പരിവാരിങ്ങളും ശാസം കിട്ടാതെ പുറത്തേക്ക് വന്നു . കുറുക്കനെ മരത്തില്‍ കെട്ടിയിട്ടു .. കുറുക്കത്തിയെ വിചാരണ ചെയ്തു .. കേട്ടു ശീലിച്ചിട്ടില്ലാത്ത അശ്ലീല പദങ്ങള്‍ കൊണ്ട് അവളുടെ കാതു നിറച്ചു . മുഖം കുനിച്ചു നിന്ന അവളുടെ താടി ആരോ പിടിച്ചു മേല്‍പ്പോട്ടുയര്‍ത്തി . പറയണം .. നിന്‍റെ ജാരന്‍ ആരാണ് ? പാവനമായ പാതിവൃത്യമാണ് നീ കളഞ്ഞു കുളിച്ചത് , കൂടെ കിടന്നവന്‍റെ പേര് പറയാന്‍ നിനക്ക് മടിയാണെങ്കില്‍ ആളെ ചൂണ്ടി കാണിച്ച് തന്നാലും മതി . സൌമ്യരായ മിതവാദികള്‍ അല്‍പ്പം അയഞ്ഞു .
കുറുക്കത്തി ഒന്നും മിണ്ടിയില്ല , ചെയ്യാത്ത കുറ്റം എങ്ങിനെ ഏറ്റെടുക്കാനാണ് , തന്‍റെ കുറുക്കന്‍റെ കൂടെയല്ലാതെ നാളിതു വരെ മറ്റാരുടെയും കൂടെ കിടന്നിട്ടില്ല , സത്യം എങ്ങിനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അറിയാതെ അവള്‍ കരഞ്ഞു . നാട്ടു മൂപ്പന് കലി വന്നു , നാട്ടു കൂട്ടം  ഇളകി .. മുച്ചൂടും കള്ളം പറയുന്ന ഇവളെയും കുട്ടികളെയും ചുട്ടെരിക്കുക തന്നെ .. കന്നാസുകളിലെ പെട്രോള്‍ തൂവി .. ഓല ചൂട്ടില്‍ നിന്നും പൊരി ചിതറി ..
നാട്ടു മൂപ്പന്‍റെ വീട്ടിലെ പോമറെനിയനു ആധിയായി , ഭയമായി .. പിടിക്കപ്പെടുമോ ? മൂപ്പന്‍റെ കെട്ടിയോളുമായി അല്ലറ ചില്ലറ ശ്രുംഗാരങ്ങള്‍ അവനും നടത്തിയിട്ടുണ്ട് . പെട്രോള്‍ നിറച്ച കന്നാസുകള്‍ ഭീതിയായി മുന്നില്‍ നിന്നു, പോമറെനിയന് ആധിയായി . വെളുത്തു കൊഴുത്തു മൃദുലമായ ആയമ്മയുടെ ശരീരഭാഗങ്ങള്‍  അവനെ സ്വാന്ത്വനിപ്പിച്ചു .. പേടിക്കേണ്ടാ , മൂപ്പനെ വിട്ടു നാട്ടുക്കൂട്ടം നിന്നെ ഒന്നും ചെയ്യില്ല .. കൈപ്പത്തിയില്‍ വിരലുകള്‍ മടക്കി കാണിച്ച് അവള്‍ പറഞ്ഞു , മൂപ്പന്‍ .. ദാ, ഇത്രേയുള്ളൂ . പോമറെനിയനു സന്തോഷമായി , അവന്‍റെ ചുണ്ടുകള്‍ ആയമ്മയുടെ മുലക്കണ്ണില്‍ അമര്‍ത്തിയുരുമ്മി . നനുത്ത രോമങ്ങളെ നാക്ക് കൊണ്ട് തുടച്ചു .
ചുട്ടെരിഞ്ഞു ചാമ്പലായ കുറുക്കത്തിയുടെയും കുഞ്ഞുങ്ങളുടെയും ചിതയെരിഞ്ഞ ഭസ്മം വര്‍ണ്ണ ക്കടലാസ്സുകളില്‍ പൊതിഞ്ഞ്,
സദാചാരം കാത്തു സൂക്ഷിച്ച ആത്മവിശ്വാസത്തില്‍ നാട്ടുകുട്ടം പിരിഞ്ഞു . കോഴികള്‍ പിന്നോക്കം പോയില്ല , അവയ്ക്ക് സഹതാപം വന്നു , പിടക്കോഴികള്‍ പൂവന്‍ കോഴിയുടെ കാതില്‍ പറഞ്ഞു,  നമ്മുടെ പാതിവൃത്യം...?  കുറുക്കനില്ലാതെ എന്ത് ജീവിതം , കോഴികള്‍ വേവലാതിപ്പെട്ടു . നീലാകാശത്തില്‍ കറുത്ത പുള്ളികളായി സദാചാരം പടര്‍ന്നു . കറുത്തമേഘങ്ങള്‍ രഥയോട്ടം നടത്തുന്ന ആകാശം കൂടുതല്‍ കറുത്തു .
കെട്ടിത്തൂങ്ങിയ രണ്ടു പെണ്‍കുട്ടികളുടെ ജഡം നോക്കി ആളുകള്‍ സഹതപിച്ചു . പാവം കുട്ടികള്‍ . നരാധരന്മാര്‍ വേട്ടയാടി കെട്ടിത്തൂക്കിയ ഉടുവസ്ത്രം നഷ്ടപ്പെട്ട ജഡത്തിലെ നഗ്നത ആ കണ്ണുകളില്‍ ആനന്ദം ഉണ്ടാക്കി . അറിയാതെ ഉള്ളില്‍ രതി പടര്‍ന്നു , അപ്രതീക്ഷമായി ഉണ്ടായ  സ്ഖലനത്തില്‍ പലരും ജാള്യരായി . ഒളിഞ്ഞും തെളിഞ്ഞും അതാസ്വാദിക്കുമ്പോഴും  അവരുടെ നാക്കുകളില്‍ ഹനിക്കപ്പെടുന്ന സദാചാരത്തെയോര്‍ത്ത് രോഷവും സഹതാപവും ഇണചേര്‍ന്നു .
ആകാശം ഭൂമിയോട് ചോദിച്ചൂ .. നിനക്കെന്തെങ്കിലും പറയാനുണ്ടോ ?
ഭൂമി കൈമലര്‍ത്തി .. കാര്യങ്ങള്‍ എന്നില്‍ നിന്നു വിട്ടിട്ട് കാലമേറെയായി .
വെളുത്തമക്കളെ പെറ്റ കുറുക്കനും കെട്ടിത്തൂങ്ങി ചത്ത പെണ്‍കുട്ടികളും ചോദ്യചിഹ്നങ്ങളായി അന്തരീക്ഷത്തില്‍ കലര്‍ന്നു . സങ്കടങ്ങള്‍ ഏറ്റു വാങ്ങാന്‍ വിശാലമായ കടല്‍ കൈകള്‍ നീട്ടി .. ആകാശവും ഭൂമിയും നിസ്സഹായത കരഞ്ഞു തീര്‍ത്തു .
..............................
..................................................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
..............................
.......................
മൊബൈല്‍ : 9447685185